Saturday, January 18, 2025
Novel

താദാത്മ്യം : ഭാഗം 12

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


താലി കെട്ടിന് ശേഷം ഇരുവരും അവരുടെ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിച്ചു.
മീനാക്ഷിയുടെ മുഖം തെളിഞ്ഞത് മഹേന്ദ്രനെ കൂടുതൽ സന്തോഷിപ്പിച്ചു.

അപ്പോഴും മിഥുന മുഖം താഴ്ത്തി നിൽക്കുവായിരുന്നു.. മുതിർന്നവർ പറയുന്നതൊക്കെ അതേപടി അനുസരിച്ച് മറ്റ് ചടങ്ങുകളിലും അവൾ സ്വമേധയാ നിന്നുകൊടുത്തു.

വിഭവ സമൃദ്ധമായ സദ്യ പേരിന് കഴിച്ചെന്നു വരുത്തി ഇരുവരും വീട്ടിലേക്ക് മടങ്ങി.. മീനാക്ഷി കൊടുത്ത നിലവിളക്കും പിടിച്ചുകൊണ്ട് അവളാ വീട്ടിലേക്ക് വലത് കാൽ വെച്ച് കയറി..

രാവിലെ കല്യാണത്തിന് ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവളുടെ ചുണ്ടുകളിൽ പുഞ്ചിരിയുണ്ടായിരുന്നു..

എന്നാൽ ഇപ്പോൾ ആ മുഖത്ത് സങ്കടമാണോ സന്തോഷമാണോ എന്ന് ഗ്രഹിച്ചെടുക്കാൻ ആകാത്ത വിധം കാർമേഘങ്ങൾ മറച്ചു നിൽക്കുന്ന ചന്ദ്രനെപോലെ ആ മുഖവും മൂടപ്പെട്ടു കിടക്കുന്നു..

അവളുടെ മുഖത്തെ കാർമേഘങ്ങൾ സിദ്ധുവിന്റെ മനസ്സിലേക്കാണ് ആർത്തുലച്ച് പെയ്തത്. അവളുടെ മുഖത്തെ ഭാവം മാറുന്നുണ്ടോ എന്ന് അവൻ ഇടയ്ക്കിടെ നോക്കി തീർച്ചപ്പെടുത്തി..

അപ്രതീക്ഷിതമായി ജീവിതം തുടങ്ങുകയാണ് അവർ.. ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറിമറിയുന്നത് പുസ്തകത്തിലും സിനിമയിലുമൊക്കെ കണ്ട് രസിക്കാറുണ്ട് മിഥുന..

പക്ഷെ തന്റെ ജീവിതത്തിൽ അങ്ങനെയൊരു മാറ്റം വന്നപ്പോഴാണ് അതിന്റെ സാധ്യതകളെക്കുറിച്ച് അവൾ ചിന്തിച്ചു തുടങ്ങിയത്…

“മിഥൂ… നിനക്ക് ഈ കല്യാണത്തിന് പൂർണ്ണ സമ്മതമായിരുന്നോ.. ”

ചടങ്ങുകൾക്ക് ശേഷം മുറിയിലേക്ക് പോയ മിഥുനയോട് മങ്ങിയ മുഖവുമായി ശോഭ ചോദിച്ചു..

“അതേ അമ്മേ… അമ്മ വിഷമിക്കണ്ട.. ”

അവൾ അമ്മയെ സമാധാനപ്പെടുത്തുവാനെന്നോണം പറഞ്ഞു..എങ്കിലും ആ അമ്മയുടെ മുഖം തെളിഞ്ഞുകണ്ടില്ല..ആരോ വിളിച്ചത് കേട്ട് ശോഭ പുറത്തേക്ക് നടന്നു..

മൃദുല മിഥുനയുടെ കൂടെ തന്നെ ആയിരുന്നു..
അപ്പോഴും മൃദുലയുടെ മുഖത്തെ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു..

“ചേച്ചി… ചേച്ചിയുടെ ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..ചേച്ചിക്ക് സിദ്ധുവേട്ടനെ ഒട്ടും ഇഷ്ടമല്ലെന്ന് എനിക്കറിയാം..എങ്ങനാണ് ഇത്ര നിസാരമായി ഇങ്ങനെ ഒരു തീരുമാനമെടുത്തത്..”

മൃദുല മിഥുനയുടെ മടിയിൽ കിടന്നുകൊണ്ട് ദുഖത്തോടെ ചോദിച്ചു.

“നിന്നെ വെറുമൊരു അനിയത്തിയായി മാത്രം കണ്ടിരുന്നെങ്കിൽ ഒരിക്കലും ഞാനീ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു..
എന്റെ മകളെ പോലെയാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്.. ആ സമയത്ത് എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല..”

സ്നേഹത്തോടെ തലോടിക്കൊണ്ടുള്ള മിഥുനയുടെ വാക്കുകൾ കേട്ടതും മൃദുലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“കരയല്ലേ മിലു… നീ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം, അത് തന്നെയാണ് എന്റെ സന്തോഷം.. ഇതേക്കുറിച്ചോർത്ത് നീ വിഷമിക്കണ്ട..”

മിഥുനയുടെ വാക്കുകൾ കേട്ട് മൃദുല തലയാട്ടി..

ജീവിതത്തിലെ വളരെ വിലപ്പെട്ട തീരുമാനമായിരുന്നു മിഥുന എടുത്തത്..
അത് തന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നറിയാതെ, തന്റെ സന്തോഷങ്ങളും സ്വപ്നങ്ങളും കാറ്റിൽ പറക്കുമെന്നുമുള്ള ഉറപ്പോടെയാണ് അവളാ തീരുമാനം എടുത്തത് തന്നെ..

മൃദുല തന്റെ അമ്മയെ അന്വേഷിച്ചു അടുത്ത മുറിയിലേക്ക് നടന്നു.. ശോഭ അവിടെ കരഞ്ഞുകൊണ്ടിരിക്കുകയായിയുന്നു..

“അമ്മേ..”

മൃദുല മെല്ലെ വിളിച്ചു..
ശോഭ കണ്ണീർ തുള്ളികൾ തുടച്ചുകൊണ്ട് അവളെ തിരിഞ്ഞു നോക്കി..

“അമ്മേ.. കരയുവാണോ… അമ്മ വിഷമിക്കണ്ട.. ചേച്ചി ഇവിടെ സന്തോഷത്തോടെ ജീവിക്കും.. സിദ്ധുവേട്ടൻ ചേച്ചിയെ പൊന്നു പോലെ നോക്കും.. നോക്കിക്കോ..”

അവൾ സമാധാന സ്വരത്തിൽ പറഞ്ഞു..

ശോഭ അവളെ നോക്കി മെല്ലെ പുഞ്ചിരിച്ചു..

“മോളെ മിലു… പെണ്മക്കളുടെ കല്യാണം കഴിഞ്ഞാൽ എല്ലാ അമ്മമാരുടെയും കണ്ണ് നിറയും.. പക്ഷെ ഇത് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെയുള്ള വിവാഹമാണ്..

അത്കൊണ്ട് എനിക്ക് ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല..സിദ്ധുവിനെ എനിക്ക് ഇഷ്ടമാണ്…

കുഞ്ഞിലെ മുതൽ കാണുന്നതാ ഞാനവനെ.. അവൻ എന്റെ മോളെ പൊന്നു പോലെ നോക്കുമെന്ന് എനിക്കറിയാം..പക്ഷെ മിഥൂ… അവളെ ഓർത്താണ് എനിക്ക് വിഷമം..”

ശോഭ സങ്കടത്തോടെ പറഞ്ഞു.മൃദുല അമ്മയെ സമാധാനിപ്പിച്ച ശേഷം സിദ്ധുവിനെ കാണാൻ പുറത്തേക്ക് നടന്നു.

അവിടെ എല്ലായിടത്തും മൃദുല സിദ്ധുവിനെ തിരക്കി നടന്നു.. പക്ഷെ അവിടെയെങ്ങും അവനെ അവൾക്ക് കാണാനായില്ല. ഏറെ നേരത്തെ തിരച്ചിലിനിടുവിൽ
പിന്നാമ്പുറത്തെ കിണറ്റിൻ ചോട്ടിൽ ഇരിക്കുന്നത് കണ്ട് അവൾ അങ്ങോട്ട് നടന്നു.

അവന്റെ ഉള്ളിലെ വിഷമം അവന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.. ചുവന്ന് കലങ്ങിയ കണ്ണുകൾ അവൻ കരഞ്ഞെന്ന് മനസ്സിലാക്കി.. വിളറിയ മുഖത്തോടെ ഇരിക്കുന്ന അവനെ കണ്ടതും മൃദലയ്ക്ക് കൂടുതൽ വിഷമമായി..

“സിദ്ധുവേട്ടാ… ”

അവൾ മെല്ലെ വിളിച്ചു..

ശബ്ദം കേട്ട് തിരഞ്ഞതും മൃദലയെ കണ്ട അവന്റെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു..

“മിലുക്കുട്ടി… എന്താ മുഖം വാടിയിരിക്കുന്നേ… നീ വല്ലതും കഴിച്ചോ.. ”

ഒരു മകളോടെന്നപോലെ അവൻ ചോദിച്ചു..

മൃദലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“എന്ത് പറ്റി എന്റെ കുട്ടിക്ക്…? എന്റെ മിലു കരയരുത്… ”

അവൻ വാത്സല്യത്തോടെ പറഞ്ഞു..

“സിദ്ധുവേട്ടാ… ഏട്ടന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.. ഇപ്പൊ പറയാമോ എന്നെനിക്കറിയില്ല.. പക്ഷെ ഇതിനേക്കാൾ നല്ല സന്ദർഭം ഇനി കിട്ടിയില്ലെങ്കിലോ.. ”

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എന്താ എന്റെ കുട്ടിക്ക് പറയാനുള്ളേ.. മടിക്കാതെ പറഞ്ഞോളൂ..”

അവൻ മറുപടി പറഞ്ഞു..

“സിദ്ധുവേട്ടാ.. ദയവ് ചെയ്ത് ഒരിക്കലും മിഥുവേച്ചിയെ വെറുക്കരുത്.ഏട്ടന് ചേച്ചിയെയും ചേച്ചിക്ക് ഏട്ടനേയും കാണുന്നതേ ഇഷ്ടമല്ലെന്ന് എനിക്കറിയാം..

എങ്കിലും ഏട്ടൻ വിചാരിക്കുന്നത് പോലെ അവളൊരു ചീത്തകുട്ടിയല്ല..ചേച്ചി പാവമാണ്.. ഏട്ടൻ എന്റെ ചേച്ചിയെ നന്നായിട്ട് തന്നെ നോക്കുമെന്ന് എനിക്കറിയാം..

എങ്കിലും ചേച്ചിയുടെ സന്തോഷമാണ് എനിക്ക് പ്രധാനം.. അതുകൊണ്ടാണ് ഇപ്പൊ തന്നെ ഏട്ടനോട് ഇത് പറഞ്ഞത്..”

മൃദുല നിറകണ്ണുകളോടെ പറഞ്ഞു..

“നീ വിഷമിക്കണ്ട മിലു.. നിന്റെ ചേച്ചിയെ ഞാൻ ഒരു വാക്കുകൊണ്ട് പോലും നോവിക്കില്ല..”

അവന്റെ വാക്കുകൾ കേട്ട് മൃദുലയുടെ മുഖം തെളിഞ്ഞു.

– വിവാഹം സ്വർഗത്തിൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.. ദൈവത്തിന്റെ തീരുമാനം കേവലമൊരു മനുഷ്യന് മാറ്റാൻ കഴിയുമോ..? ചേരേണ്ടവർ ചേരണമെന്ന് വിധിയുണ്ടെങ്കിൽ അത് ആരാലും തടുക്കാൻ കഴിയില്ല…, –

അന്ന് രാത്രി..,

സിദ്ധാർഥൻ ഒരു മടിയോട് കൂടി തന്റെ കിടപ്പ് മുറിയിലേക്ക് കയറി. മുറി മുഴുവനും പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു…

“ശ്ശേ.. ഇത് എന്തൊക്കെയാ ഈ കാണിച്ചു വെച്ചിരിക്കുന്നേ.. ഈ സമയത്ത് ഇതിന്റെയൊക്കെ ആവശ്യമുണ്ടോ..? മിഥു ഇത് കണ്ടാൽ എന്ത് കരുതും.”

എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയത്.. കയ്യിൽ ഒരു പാൽ ഗ്ലാസ്സുമായി നിൽക്കുകയാണ് മിഥുന..

ഗ്ലാസ്‌ കട്ടിലിനരികിലെ മേശപ്പുറത്ത് വെച്ചുകൊണ്ട് അവൾ കട്ടിലിൽ വന്നിരുന്നു.. അവളുടെ മുഖം അപ്പോഴും യാതൊരു വിധ വികാരങ്ങളും പ്രതിഫലിക്കാതെ ശൂന്യമായി തോന്നിച്ചു.

മൗനം ആ മുറിക്കുള്ളിൽ കൂടുക്കൂട്ടി.. ഏറെ നേരത്തെ മൗനത്തിനു ശേഷം സിദ്ധു മിണ്ടി തുടങ്ങി..

“മിഥു..”

അവൻ പതറിയ ശബ്ദത്തിൽ വിളിച്ചു.. അവൾ തലയുയർത്തി അവനെ നോക്കി..

“എന്നോട് ക്ഷമിക്കൂ…”

അവൻ പറഞ്ഞത് അവൾ ചെവിക്കൊള്ളാതെ മൗനായ് ഇരുന്നു..

“ഇങ്ങനെ ആയി തീരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..”

അവൻ വീണ്ടും പറഞ്ഞു..

“മതി… എല്ലാം കഴിഞ്ഞില്ലേ ഇനി പറഞ്ഞിട്ട് എന്ത് കാര്യം..നിങ്ങൾ വലിയ മനുഷ്യനാണ്.. നിങ്ങളുടെ അമ്മയുടെ സന്തോഷത്തിന് വേണ്ടി, നിങ്ങളുടെ ഗൗരവം നഷ്ടമാകാതിരിക്കാൻ ഒരു പെണ്ണിന്റെ ജീവിതത്തിന് ഒട്ടും വിലകല്പിക്കാതെ നിങ്ങൾ എല്ലാം ഭംഗിയായി അവസാനിപ്പിച്ചു..യുവാർ ഗ്രേറ്റ്..”

അവൾ പുച്ഛത്തോടെ പറഞ്ഞു..ശേഷം അവൾ തുടർന്നു.

“പക്ഷെ ഞാൻ അത്ര നല്ലതല്ല.. അതുകൊണ്ടാണ് പക്വതയില്ലാത്ത ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ഞാൻ എന്നെ തന്നെ ബലി കൊടുത്തത്..ഏതൊരു സാഹചര്യത്തിലും എന്റെ കടമകൾ ഞാൻ മറക്കില്ല..”

കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുള്ളികൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു..

അവൻ എന്ത് ചിന്തിച്ചുകാണുമെന്ന് അറിയില്ല, പെട്ടെന്ന് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.മിഥുന മെല്ലെ ജനലിനടുത്തേക്ക് നടന്നു.. ജനലിലൂടെ ഇരുട്ട് മൂടിയ ആകാശത്തിലേക്ക് നോക്കിയിരുന്നു.

കണ്ണെത്താ ദൂരത്തോളം ഇരുട്ട് പരന്ന് കിടക്കുകയാണ്.തന്റെ ജീവിതത്തിലും അതുപോലെ ഇരുട്ട് പരന്നിരിക്കുന്നതായി അവൾക്ക് തോന്നി. കുറെ നേരെ ആകാശത്തിലേക്ക് നോക്കിയിരുന്ന് അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

മുറിയിൽ നിന്നും പുറത്ത്‌ വന്ന സിദ്ധു ടെറസ്സിൽ ഉലാത്തികൊണ്ടിരുന്നു.മിഥുനയുടെ വാക്കുകളാണ് അപ്പോൾ അവന്റെ മനസ്സിൽ ഓടിക്കൊണ്ടിരുന്നത്. അവൾ പറഞ്ഞത് ശരിയാണെന്നു അവന് തോന്നി..

ഒരു പെണ്ണ് ചെയ്ത തെറ്റിന് മറ്റൊരു പെണ്ണിനെ ശിക്ഷിക്കുന്നത് ന്യായമായ കാര്യമല്ല എന്ന തോന്നൽ അവന്റെ മനസാക്ഷിയെ ചോദ്യം ചെയ്തു..അതിന് ഉത്തരം പറയാനാവാതെ അവന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു.

താൻ ആ സമയത്ത് വിവാഹത്തിന് സമ്മതിച്ചില്ലായിരുന്നെങ്കിൽ തന്റെ അമ്മയുടെ അവസ്ഥ എന്താകുമെന്നോർത്ത് അവൻ വേദനിച്ചു..

അവർ ഒരു ഹൃദ്രോഗിയാണെന്നുള്ളത് അവന് മാത്രമേ അറിയൂ..ആ സത്യം ആരോടും പറയാതെ തന്റെ അമ്മയുടെ ആഗ്രഹങ്ങളെല്ലാം നിറവേറ്റി അവരെ സന്തോഷത്തോടെ പരിപാലിച്ചു പോരുകയാണ്..

എന്നാൽ ഇന്ന് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..

നിലാവിനെ മറച്ച് നിൽക്കുന്ന ഇരുണ്ട വാനം
അവന്റെ ചിന്തകൾക്ക് കൂടുതൽ ആക്കം കൂട്ടി..ആ ഏകാന്തത അവനാവശ്യമായിരുന്നു.. ചിന്തകൾ അവന്റെ ഉറക്കം കെടുത്തി. കൈകൾ തലയ്ക്ക് പിന്നിലേക്ക് വെച്ചുകൊണ്ട് അവനാ കരിമേഘങ്ങളേയും നോക്കി കിടന്നു.

***********

“അച്ഛാ… ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ..”

മൃദുല അപേക്ഷയോടെ പറഞ്ഞു…

“ഇല്ല മോളെ.. അച്ഛന് അധികം ലീവ് ഇല്ലടാ… മാത്രമല്ല… മിഥുവിനേയും സിദ്ധുവിനെയും അങ്ങോട്ട് വിരുന്നിനു വിളിക്കണ്ടേ… ”

ശോഭയാണ് അവൾക്കുള്ള മറുപടി നൽകിയത്.അത് കേട്ട് അവൾ സങ്കടത്തോടെ തലയാട്ടി..ഓർമ്മവെച്ച നാൾ മുതൽ അവൾ മിഥുനയെ പിരിഞ്ഞിരുന്നിട്ടില്ല. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞു..അമ്മ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകാം എന്ന് പറഞ്ഞപ്പോൾ മിഥുനയെ പിരിയാൻ പോകുന്നു എന്ന ചിന്ത അവളെ വേദനിപ്പിച്ചു..

മിഥുനയുടെ അവസ്ഥയും മറിച്ചായിരുന്നില്ല..
ഇഷ്ടമല്ലാത്ത ഒരു സന്ദർഭത്തിൽ തനിക്ക് ആകെ ഉണ്ടായിരുന്ന ആശ്വാസം തന്റെ അച്ഛനും അമ്മയും അനുജത്തിയും കൂടെ ഉണ്ട് എന്നതാണ്..

എന്നാൽ നാളെ അവർ മടങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും, ആരും കാണാതെ ആ കിണറിന്റെ ചോട്ടിൽ കാൽ മുട്ടുകളിൽ മുഖം അമർത്തിയിരുന്ന് അവൾ കരഞ്ഞു.

അടുത്ത ദിവസം രാവിലെ തന്നെ അവർ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി..

“മിലു…പോയി മിഥൂനെ വിളിച്ചിട്ട് വാ.. യാത്ര പറഞ്ഞിട്ട് ഇറങ്ങാം..”

ശോഭ പറഞ്ഞു തീർത്തതും മൃദുല മിഥുനയെ വിളിച്ചുകൊണ്ട് വന്നു.ശോഭ അവളുടെ നെറ്റിയിൽ മുത്തികൊണ്ട് യാത്ര പറഞ്ഞു.. മൃദുലയും കണ്ണീരോടെ അവളെ കെട്ടിപിടിച്ചു.. കരയാതിരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിഴുകി.. അവൾ തന്റെ മുറിയിലേക്ക് പോയി പൊട്ടിക്കരഞ്ഞു..

“അമ്മാവാ..”

അവർ ഇറങ്ങാൻ തുടങ്ങിയതും സിദ്ധു അവരെ വിളിച്ചു..

“എന്താ മോനെ..”

മഹേന്ദ്രൻ സംശയത്തോടെ അവനെ നോക്കി..

“ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..”

സിദ്ധു പറഞ്ഞു..

മാഹേന്ദ്രൻ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി..

“അമ്മയും കൂടി വേണം..”

അവൻ മീനാക്ഷിയെ അടുത്തേക്ക് വിളിച്ചു..

സിദ്ധു പറയാൻ പോകുന്നത് എന്താണ് എന്ന ആകാംഷയോടെ എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി നിന്നു.

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11