Saturday, January 18, 2025
Novel

താദാത്മ്യം : ഭാഗം 11

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

MV


“നിങ്ങള് അത്ര നല്ലവനായിരുന്നെങ്കിൽ നിങ്ങളുടെ മോളെ കെട്ടിച്ചു കൊടുക്കണം… ഒന്നുമില്ലേലും അവന്റെ മുറപ്പെണ്ണായിട്ട് വരില്ലേ..

നിങ്ങളുടെ മകൾക്ക് നല്ല ജോലിയുള്ള ആളെ വേണം… നാട്ടുക്കാരുടെ മക്കള് ഈ പട്ടിക്കാട്ടിൽ വന്നു കഷ്ടപെട്ടട്ടെ..അല്ലെ..

അല്ലേലും സ്വന്തം കാര്യം വരുമ്പോ എല്ലാരും ഇങ്ങനെ തന്നെയാണ്.. സത്യം പറയുമ്പോ.. എന്റെ മോന്റെ ഷർട്ടിനു കുത്തിപിടിക്കുകയല്ല വേണ്ടത്..

ഒന്നുമില്ലെങ്കിൽ ഇവനെ പോലൊരു കൃഷിക്കാരന് ഇത്രയും പഠിച്ച പെൺകുട്ടിയെ നോക്കരുതായിരുന്നു…”

ആശയുടെ വാക്കുകൾ ഒരു കഠാര പോലെ നെഞ്ചിലേക്ക് കുത്തിയിറങ്ങുന്നത് പോലെ മഹേന്ദ്രന് തോന്നി.. തന്റെ സഹോദരിയുടെ നാവിൽ നിന്നും ഇത്തരത്തിലുള്ള വാക്ക്ശരങ്ങൾ അയാൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..

നിറകണ്ണുകളോടെ കുറ്റബോധം നിറഞ്ഞ മനസ്സുമായ് മഹേന്ദ്രൻ നിശ്ചലനായി നിന്നു.ആശ പറഞ്ഞത് ശരിയാണെന്നു അയാൾക്ക് തോന്നി, എന്ത് കൊണ്ട് തനിക്കങ്ങനെ തോന്നിയില്ല എന്ന് അയാൾ സ്വയം ചോദിച്ചു.

മനസ്സിൽ തീരുമാനിച്ചുറപ്പിച്ച് അയാൾ മീനാക്ഷിയുടെ അടുത്തേക്ക് നടന്നു..

“മീനാക്ഷി… ഈ കരച്ചിലൊന്ന് നിർത്ത്.. എല്ലാം ശരിയാവും..”

മീനാക്ഷിയമ്മയുടെ കൈകളിൽ പിടിച്ചുകൊണ്ട് മഹേന്ദ്രൻ പറഞ്ഞു..

“ഏട്ടാ… എന്റെ മോനെ നോക്കിയേ…? ഇതിൽ ഇവൻ എന്ത് തെറ്റാണ് ചെയ്തത്.. ചെറുപ്പത്തിലെ മരിച്ചതാണ് ഇവന്റെ അച്ഛൻ.. അച്ഛന്റെ സ്നേഹവും പരിചരണവും കിട്ടാതെയാണ് എന്റെ മോൻ വളർന്നത്…

അവൻ ആഗ്രഹിച്ചതോന്നും അവന് കിട്ടിയിട്ടില്ല… ഇപ്പോഴിതാ അവന്റെ കല്യാണവും ഇങ്ങനെയായി… ഞാനൊരു നല്ല അമ്മയല്ല… ഏട്ടാ… എന്റെ മോന്റെ കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ…”

കരഞ്ഞു തളർന്ന മീനാക്ഷി ഒരു ഏങ്ങലോടെ കുഴഞ്ഞുവീണു..

“മീനാക്ഷി…. ”

“അമ്മേ…”

മഹേന്ദ്രനും സിദ്ധുവും വിതുമ്പിക്കൊണ്ട് അവരെ തട്ടിവിളിച്ചു… ശോഭ തിടുക്കത്തിൽ പോയി ഒരു പാത്രത്തിൽ വെള്ളം കൊണ്ട് വന്ന്.. മീനാക്ഷിയുടെ മുഖത്ത് തളിച്ചു..

മീനാക്ഷി മെല്ലെ കണ്ണ് തുറന്നു.. അപ്പോഴും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

“നീ ഇങ്ങനെ കിടന്ന് കരയല്ലേ മീനാക്ഷി… നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കില്ല…”

മഹേന്ദ്രൻ വേദനയോടെ പറഞ്ഞു..

“ഇനി എന്തിനാ ഏട്ടാ ഞാൻ ജീവിച്ചിരിക്കുന്നത്..എല്ലാരും എന്റെ മോനെ കളിയാക്കി നടക്കുന്നത് കാണാൻ എനിക്ക് വയ്യാ… ഓർത്തിട്ട് തന്നെ എന്റെ കയ്യും കാലും വിറയ്ക്കുന്നു… ”

മീനാക്ഷി വീണ്ടും കരഞ്ഞുകൊണ്ട് പറഞ്ഞു..

“നീ ഒന്ന് സമാധാനിക്ക്.. നിന്റെ ജേഷ്ഠനായി ഞാൻ നിനക്ക് കാര്യമായൊന്നും ചെയ്തിട്ടില്ല.. പക്ഷെ നീ നിന്റെ മോശം സമയത്ത് പോലും എന്റെ കൂടെ നിന്നിട്ടുണ്ട്..

ഇതുവരെ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല പയ്യനാണ് സിദ്ധു… ഓരോ തവണയും അവനെ കാണുമമ്പോൾ ഞാൻ അതിശയിച്ചിട്ടെ ഉള്ളൂ..ഈ ചെറു പ്രായത്തിൽ തന്നെ ഇത്രയേറെ അറിവും, ഉത്തരവാദിത്തവും ഉള്ള ഒരു പയ്യനെ ഞാൻ കണ്ടിട്ടില്ല..

ദാ ഇപ്പൊ… ഈ നിമിഷം ഞാൻ നിനക്ക് സത്യം ചെയ്തു തരുന്നു.. എന്റെ മകളാണ് നിന്റെ വീട്ടിലെ മരുമകൾ, നീ നിശ്ചയിച്ച പോലെ തന്നെ ഈ കല്ല്യാണം നടക്കും, എന്റെ മകളെ സിദ്ധുവിന് വിവാഹം ചെയ്തു കൊടുക്കുന്നതിൽ എനിക്കു പരിപൂർണ സമ്മതമാണ്.എന്റെ മകളെ മരുമകളായി നീ സ്വീകരിക്കുമോ..? ”

ഒരു സഹോദരന്റെ എല്ലാ സ്നേഹവും അയാളുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നു.. മീനാക്ഷി സമ്മതമെന്നോണം മഹേന്ദ്രന്റെ കൈകൾ തന്റെ നെറ്റിയിൽ വെച്ചുകൊണ്ട് കരഞ്ഞു..

അത് കേട്ട് ശോഭ അല്പം പരിഭ്രാന്തിയോടെ അയാളെ നോക്കി..

“അവരവിടെ…? ”

“അകത്തുണ്ട്…”

മഹേന്ദ്രന്റെ ശബ്ദത്തിന്റെ ഉറപ്പ് മനസ്സിലാക്കിക്കൊണ്ട് ശോഭ അല്പം ഭയത്തോടെ പറഞ്ഞു..അയാൾ മെല്ലെ അവരിരിക്കുന്ന മുറിയിലേക്ക് നടന്നു.. അവിടെ മിഥുനയുടെ തോളിൽ കിടന്ന് കരയുകയാണ് മൃദുല.. മിഥുന അവളെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ പുറത്ത് തലോടി കൊണ്ടിരുന്നു..

“അച്ഛാ… അമ്മായിക്ക് എങ്ങനെ ഉണ്ട്..”

മഹേന്ദ്രനെ കണ്ടതും മിഥുന ചോദിച്ചു..

“കരയുവാണ് പാവം..”

അയാൾ കണ്ണീരോടെ പറഞ്ഞു തീർന്നതും മൃദുല അയാളുടെ അടുത്തേക്ക് ഓടിയെത്തി..

“അമ്മായിയോടും സിദ്ധുവേട്ടനോടും കരയണ്ടന്ന് പറ അച്ഛാ..”

മൃദുല കരഞ്ഞുകൊണ്ട് അയാളെ കെട്ടിപ്പിടിച്ചു..

“മോളെ മിലു… അച്ഛൻ ഒരു കാര്യം പറഞ്ഞാൽ മോള് അനുസരിക്കുമോ..? ”

നിറ കണ്ണോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് അയാൾ ചോദിച്ചു..

“ഉം… ”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..

“സിദ്ധുവിനെ നീ കല്യാണം കഴിക്കണം… ”

അത് കേട്ടതും അവൾ ഞെട്ടി.. ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.

ഇതാദ്യമായാണ് അച്ഛൻ കരയുന്നത് അവൾ കാണുന്നത്.. അപ്പോൾ അവളുടെ മനസ്സിൽ ഒരേ ഒരു മുഖമാണ് തെളിഞ്ഞു വന്നത്.. ഋഷി..( അവൾ പ്രണയിക്കുന്നവൻ). അവളുടെ കണ്ണുകളിൽ നിന്ന് മുത്തുകൾ പൊഴിയും പോലെ കണ്ണുനീർ ഒഴുകിയിറങ്ങി.

ഞെട്ടലിൽ അവൾക്ക് വാക്കുകൾ കിട്ടിയില്ല.. സിദ്ധുവിനെ കൂടെ പിറന്ന ഒരു സഹോദരനായാണ് കണ്ടിട്ടുള്ളത്.. ചില സമയത്ത് തന്റെ അച്ഛന്റെ സ്ഥാനവും നൽകാറുണ്ട്..പക്ഷെ ഇന്ന് വരെ ഒരു മുറചെറുക്കന്റെ സ്ഥാനത്ത് കണ്ടിട്ടില്ല..

സിദ്ധുവും അവളെ ഒരു കുഞ്ഞിനെ പോലെയാണ് കണ്ടിട്ടുള്ളത്.. അങ്ങനെയുള്ള ഒരാളെ എങ്ങനെ വിവാഹം ചെയ്യാനാണ്..? അതെല്ലാം അവളുടെ ചിന്തകളിൽ ഓടി നടന്നു.. മറുപടി പറയാനാവാതെ ഒരു ശിലപോലെ അവൾ മൗനമായി നിന്നു..

“ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ മോളെ… നീ അവനെ കല്യാണം കഴിക്കണം.. എന്റെ അനിയത്തിയുടെ മാനം നിന്റെ വാക്കിലാണുള്ളത് ”

അയാൾ വിതുമ്പികൊണ്ട് അവളോട്‌ കെഞ്ചി..അച്ഛന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ സമ്മതം പറയാനായ് മൃദുല വാ തുറന്നതും..

“അച്ഛാ…ഒന്ന് നിർത്തുന്നുണ്ടോ..? ”

മിഥുനയുടെ ശബ്ദം ആ മുറിക്കുള്ളിൽ പ്രതിധ്വനിച്ചു..

“അച്ഛന് എങ്ങനെ മനസ്സ് വന്നച്ഛാ അവളോട്‌ ഇങ്ങനെ ചോദിക്കാൻ… അവള് കുഞ്ഞല്ലേ… ഇതുപോലൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള പക്വത അവൾക്കുണ്ടോ.. പഠിക്കുന്ന കൊച്ചിനോട്…അച്ഛൻ അവളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്.. എനിക്ക് ജീവനുള്ളടത്തോളം ഞാനിതിന് സമ്മതിക്കില്ല…”

മിഥുനയുടെ വാക്കുകളിലെ ഉറപ്പ് മഹേന്ദ്രൻ മനസ്സിലേക്കി..

“മിഥു പറയുന്നതും കാര്യമല്ലേ.. ഏട്ടൻ ഇങ്ങനെ ഒരു തീരുമാനം എടുക്കരുത്…”

ശോഭ കണ്ണീരോടെ പറഞ്ഞു..

“ശോഭേ.. നീയും എന്നെ മനസ്സിലാക്കുന്നില്ലേ..”

അയാൾ ദുഖത്തോടെ ഭാര്യയെ നോക്കി..

“അവൾ ചെറിയ കുട്ടിയല്ലേ.. അവളെ….”

ശോഭ പറഞ്ഞു തുടങ്ങിയതും മഹേന്ദ്രൻ അവരെ തടഞ്ഞു..

“മതി…ആരും ഒന്നും പറയണ്ട.. ഞാൻ എന്റെ മോളോടാണ് ചോദിച്ചത്..അവളുടെ തീരുമാനമാണ് എനിക്ക് അറിയേണ്ടത്.. നിങ്ങളുടെ ഉപദേശം എനിക്ക് വേണ്ട..”

എന്ന് പറഞ്ഞുകൊണ്ട് അയാൾ മൃദുലയുടെ നേരെ തിരിഞ്ഞു..

“ഇന്ന് ഈ കല്യാണം നടന്നില്ലെങ്കിൽ എന്റെ അനിയത്തി ജീവനോടെ ഉണ്ടാവില്ല.. അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനും ജീവനോടെ ഉണ്ടാവില്ല..”

“അച്ഛാ..എന്തിനാ ഇങ്ങനൊക്കെ പറയുന്നേ…ഞാൻ… ”

“ഞാൻ സിദ്ധുവേട്ടനെ കല്യാണം കഴിച്ചോളാം..”

മൃദുല പറഞ്ഞു തീരും മുന്നേ മിഥുന പറഞ്ഞവസാനിപ്പിച്ചു.

ആരും പ്രതീക്ഷിക്കാതെയുള്ള മിഥുനയുടെ വാക്കുകൾ, ഏവരെയും ആകാംശയിലാഴ്ത്തി..

“മിഥൂ……..”

“അമ്മേ… ഞാൻ കാര്യമായിട്ട് പറഞ്ഞതാ… സിദ്ധുവേട്ടനെ ഞാൻ കല്യാണം കഴിച്ചോളാം..”

ശോഭ എന്തോ പറയാൻ തുടങ്ങിയതും ഉറച്ച വാക്കുകളോടെ മിഥുന പറഞ്ഞു..

“ഇന്ന് ഈ കല്യാണം മുടങ്ങില്ല.. ആരുടെയും ജീവനും പോകില്ല..പോരെ…”

പറഞ്ഞവസാനിപ്പിച്ചുകൊണ്ട് മിഥുന അവിടെ നിന്നും നടന്നു..മൃദുല അവളുടെ പിന്നാലെ നടന്നു, ശോഭ ഒന്നും മനസിലാവാതെ മൗനമായി നിന്നു.

മഹേന്ദ്രന്റെ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി.മിഥുന ഒരിക്കലും സിദ്ധുവിനെ കല്യാണം കഴിക്കാൻ സമ്മതിക്കില്ല എന്ന് ബോധ്യമുള്ളത് കൊണ്ടാണ് അയാൾ മൃദുലയോട് അപേക്ഷിച്ചത്‌..എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ മിഥുന സമ്മതം മൂളിയത് അയാളെ കൂടുതൽ സന്തോഷത്തിലാഴ്ത്തി.

“ഇന്ന് നീ എന്ത് കൊണ്ടാണ് ഈ തീരുമാനം എടുത്തതെന്ന് എനിക്കറിയാം മിഥൂ.. പക്ഷെ ഭാവിയിൽ ഇതേ കുറിച്ചോർത്ത് നീ കൂടുതൽ സന്തോഷിക്കും..”

മഹേന്ദ്രൻ മനസ്സിൽ പറഞ്ഞുകൊണ്ട് കല്യാണത്തിനുള്ള ഒരുക്കളുടെ തിരക്കിലേക്ക് കടന്നു..പാതിമനസ്സോടെ ആണെങ്കിലും ശോഭയും അയാളെ പിന്തുടർന്നു..

“ചേച്ചി… ചേച്ചി എന്തിനാ കല്യാണത്തിന് സമ്മതിച്ചേ..”

മൃദുല കണ്ണീരോടെ ചോദിച്ചു..

“എനിക്ക് എന്റെ സന്തോഷത്തേക്കാൾ വലുത് നിന്റെ ജീവിതമാണ് മിലു..”

അവളുടെ മറുപടി കേട്ടതും മൃദുല അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു..

“ചേച്ചി.. എനിക്ക് വേണ്ടി ഇഷ്ടമില്ലാത്ത കല്യത്തിന് സമ്മതിച്ചു.. ഇതിന് ഞാൻ എന്ത് പ്രായശ്ചിത്തമാണ് ചെയ്യുക..”

മൃദുല പൊട്ടിക്കരഞ്ഞു..

“മിലു..നീ എപ്പോഴും സന്തോഷത്തോടെ ഇരുന്നാൽ മതി..”

മിഥുന അവളുടെ നെറുകിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു..

സിദ്ധു തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ മണ്ഡപത്തിൽ ഇരുന്നു.. മൃദുല മിഥുനയെ അണിയിച്ചൊരുക്കി മണ്ഡപത്തിലേക്ക് കൊണ്ട് വന്നു.. അത് കണ്ട് മീനാക്ഷിയുടെ മനസ്സ് ശാന്തമായി..

മനോഹരമായ ഇളം ചുവപ്പ് നിറമുള്ള പട്ട് സാരിയും, സിദ്ധു വാങ്ങിയ ആഭരണങ്ങളും അണിഞ്ഞുകൊണ്ട് സുന്ദരിയായ ദേവിയെപോലെ വന്നു നിൽക്കുന്ന മിഥുനയെ കണ്ടതും എല്ലാവരുടെയും മനസിൽ സന്തോഷം കൂട് കൂട്ടി.

അവളോ ഒരു കൽപ്രതിമ പോലെ യാതൊരു വിധ വികാരങ്ങളും മുഖത്ത് പ്രകടമാക്കാതെ അവനരികിൽ വന്നിരിന്നു.. മനോഹരമായ വസ്ത്രവും ആഭരണങ്ങളും അവളെ കൂടുതൽ സുന്ദരിയാക്കിയെങ്കിലും അവളുടെ വാടിയ മുഖം സിദ്ധുവിന്റെ ശ്രദ്ധയിൽ പതിഞ്ഞു.

പൂജാരി പറയുന്ന മന്ത്രങ്ങൾ ഇരുവരും മനസിൽ യാതൊരുവിധ സന്തോഷവുമില്ലാതെ ഏറ്റ് ചൊല്ലി…

“മുഹൂർത്തം ആയി താലി ചാർത്തിക്കോളൂ..”

മംഗല്യം തന്തുനാനേന
മമ ജീവിത ഹേതുനാ
കണ്ഠേ ബന്ധാമി സുഭഗേ
ത്വം ജീവ ശാശ്വതം ശതം

പൂജാരി നീട്ടിയ താലിമാല ഒരു മടിയോടെ വാങ്ങിക്കൊണ്ട് വാടിയ അവളുടെ മുഖത്തേക്ക് അവൻ വിഷമത്തോടെ നോക്കി..

“മിഥൂ… എന്നോട് ക്ഷമിക്ക്.. എനിക്കിപ്പോ വേറെ വഴിയില്ല… അമ്മയുടെ സങ്കടം കാണാൻ എനിക്ക് കഴിയില്ല..നിനക്ക് ഒരു കുറവും വരാതെ സന്തോഷത്തോടെ നോക്കേണ്ടത് എന്റെ കടമയാണ്..നിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഉറപ്പായും ഞാൻ പരിശ്രമിക്കും..”

മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവൻ ആ താലിമാല അവളുടെ കഴുത്തിൽ ചാർത്തി..

മീനാക്ഷിയും മഹേന്ദ്രനും വിടർന്ന മുഖത്തോടെ പൂവിതളുകൾ തൂവികൊണ്ട് അവരെ ആശീർവദിച്ചു.

തന്റെ എല്ലാ സ്വപ്നങ്ങളും ആ ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചത് പോലെ മിഥുനയ്ക്ക് തോന്നി. കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികൾ തുടയ്ക്കാൻ പോലുമാവാതെ അവൾ അവനരുകിൽ ഇരുന്നു.

അവിടെ കൂടിയ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.. എല്ലാവരും അവർക്ക് ആശംസകൾ നേർന്നു..ആ ആശംസകളെല്ലാം തനിക്ക് മേൽ പതിയുന്ന ശാപ വാക്കുകളായി മിഥുനയ്ക്ക് തോന്നി.
ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതം കീഴ്മേൽ മറിയുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

പെട്ടെന്നുള്ള വിവാഹം, തനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ആളുടെ കൂടെ.. അതും അവളുടെ സമ്മതത്തോടെ തന്നെ… എല്ലാം ഒറ്റ നിമിഷം കൊണ്ട് അവസാനിച്ചു..
ഇത് വിധിയാണോ? അതൊ ഇതാണോ എന്റെ ജീവിതം..? എന്റെ സ്വപ്‌നങ്ങളെല്ലാം ഇനി ഇവിടുത്തെ അടുക്കളയിലും പാടത്തെ വെയിലിലും അവസാനിക്കുമോ..? അവളുടെ മനസ്സ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമറിയാതെ അവൾ പകച്ചു നിന്നു..

“ആര് ആരുടെ ഇണയാകണമെന്ന് ദൈവം പണ്ടേ എഴുതി വെച്ചിട്ടുണ്ട്..”

തുടരും..

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10