Thursday, December 19, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 6

നോവൽ
എഴുത്തുകാരി: ശക്തി കല ജി

. കണ്ണേട്ടൻ എന്നെയും ചേർത്ത് പിടിച്ച് തിരിഞ്ഞതും നിറകണ്ണുകളോടെ നിൽക്കുന്ന ശ്വേതയെ കണ്ടു.. എന്നെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകൾ തളരുന്നത് ഞാനറിഞ്ഞു…..

ഒരിക്കലും ആരുടെ മുൻപിലും തളർന്നു പോകാൻ സമ്മതിക്കില്ല എന്ന ഉറപ്പോടെ കണ്ണേട്ടൻ്റെ വിരലുകൾക്കിടയിൽ എൻ്റെ കൈവിരലുകൾ കോർത്തു പിടിച്ചു….

ശ്വേത ദേഷ്യത്തോടെ മുഖം തിരിച്ച് നടന്നു പോയതറിയാതെ അവരിരു പേരും പരിസരo മറന്ന് നിന്നു പോയി…..

കണ്ണേട്ടൻ്റെ നെഞ്ചോരം ചേർന്ന് നിന്ന് ആ ഹൃദയമിടിപ്പ് ഞാൻ കേൾക്കുകയായിരുന്നു.. ഈ ഹൃദയസ്പന്ദനo എനിക്ക് വേണ്ടിയാണ് എന്ന് തോന്നി….

കണ്ണേട്ടൻ്റെ മുഖം എൻ്റെ കഴുത്തിന് നേരെ വരുന്നത് ഞാനറിഞ്ഞു….

ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി….

കണ്ണേട്ടൻ്റെ വിരലുകൾ കഴുത്തിലെ താലിയിലമർന്നതും
എൻ്റെ കൈയ്യിൽ പിടിച്ചിരുന്ന മാമ്പഴം വച്ചിരുന്ന സഞ്ചി കൈവിട്ട് താഴേക്ക് പതിച്ചു….

ഞങ്ങളുടെ കാലിൽ വിണപ്പോഴാണ് പരസ്പരം ഞെട്ടലോടെ മാറിയത് ….. കണ്ണേട്ടൻ്റെ വിരലുകൾ എൻ്റെ കഴുത്തിലെ താലിയിൽ കുരുങ്ങി….

എനിക്കെന്തോ കരയാനാണ് തോന്നിയത്…

കണ്ണീർ തുള്ളികൾ കണ്ണേട്ടൻ്റെ കൈയ്യിലേക്ക് പതിച്ചതും ഞെട്ടലോടെ പിൻവലിച്ചു…..

ഇതിപ്പോ എന്താ സംഭവിച്ചത്.. എന്തിനാണ് കഴുത്തിൽ വിരലോടിച്ചത്…… കണ്ണേട്ടനെ മുഖമുയർത്തി നോക്കാനുള്ള ധൈര്യം വന്നില്ല…. വിയർപ്പുകണകൾ നെറ്റിയിലും ചുണ്ടിന് മേലേയും സ്ഥാനം പിടിച്ചു….

അമ്മായിയപ്പോഴേക്ക് വന്നു.. ഞാൻ വേഗം സാരി തുമ്പ് കൊണ്ട് മുഖം തുടച്ച് തറയിൽ കുനിഞ്ഞ് ഇരുന്ന് ഉരുണ്ടു പോയ മാമ്പഴങ്ങൾ പെറുക്കി സഞ്ചിയിലിട്ടു….

കാലിന് നല്ല വേദനയുണ്ട്…. ഏട്ടൻ്റെ കാലും നല്ലത് പോലെ വേദനിച്ചിട്ടുണ്ടാവും….വികൃതി കാണിക്കാൻ നിന്നിട്ടില്ലെ.. ഇത്തിരി വേദന അനുഭവിക്കട്ടെ…. ഹോ എൻ്റെ നല്ല ജീവൻ പോയി….

”നാളെ രാവിലെ പറ്റുമെങ്കിൽ ഇങ്ങോട്ടേക്ക് വരണം കേട്ടോ… ഇവിടെ മോളുടെയുണ്ടെങ്കിൽ എല്ലാർക്കും ഒരു സഹായമാകും… ” എന്ന് അമ്മായി പറഞ്ഞു…

” ഞാൻ നാളെ ഉച്ചയ്ക്ക് വരാം അമ്മായി….. ഓഫീസിൽ നാളെ ഒരു അത്യാവശ്യം ഫയൽ നോക്കാനുണ്ട്… നാളെ തന്നെ അയക്കാനുള്ളതാണ്… ആ ജോലി കഴിഞ്ഞ് ഞാൻ ഇങ്ങോട്ടേക്ക് വന്നോളാം” ഞാൻ കുറച്ച് പച്ച മാങ്ങകളും പറിച്ചായിരുന്നു..

ഇതൊക്കെ അച്ചാറിട്ട് ഇവിടേക്കും കുറച്ച് കൊണ്ടു വരാം…”… എന്ന് പറഞ്ഞ് കണ്ണേട്ടൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ എൻ്റെ കഴുത്തിന് നേരെയാണ്….

കുറച്ച് നിമിഷങ്ങൾക്ക് മുൻപ് ചുംബിച്ച ഭാഗമാണ് എന്ന് മനസ്സിലായതും വീണ്ടുo എന്തിനോ കരച്ചില് വന്നു…

പിന്നെയവിടെ നിന്നില്ല കൈയിലുള്ള സഞ്ചിയുമായി വേഗം വീട്ടിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടന്നു…

അവിടെ കാത്തു നിന്നു….. സഞ്ചി നെഞ്ചോട് ചേർത്ത് പിടിച്ച് നിന്നു…

ഹൃദയം തുള്ളി താഴെ പോകുമോ എന്ന് തോന്നി….. ഇനി ആ എഗ്രിമെൻ്റ് പേപ്പർ എവിടെയെന്ന് നോക്കണം…..

മട്ടുപ്പാവിൽ നിന്ന് ശ്വേത താഴേക്ക് നോക്കി നിൽക്കുന്നത് കണ്ടു…

ഒരിക്കൽ തൻ്റെ എല്ലാമായിരുന്ന പ്രണയം കൈവിട്ട് പോയതിൻ്റെ നിരാശയാണോ ആ മുഖത്ത്…. വ്യക്തമല്ല…. ഞാൻ മുഖമുയർത്തി നോക്കിയത് കൊണ്ടാവണം ശ്വേത വേറെ ദിശയിലേക്ക് മുഖം തിരിച്ചു നിന്നു….

കണ്ണേട്ടൻ വന്നു മുൻപിലത്തെ ഡോർ തുറന്നു തന്നിട്ട് ഡ്രൈവിoഗ് സീറ്റിൽ കയറിയിരുന്നു….

മുൻപിൽ കയറണോ വേണ്ടയോ എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ശ്വേതയുടെ നോട്ടം ഞങ്ങളുടെ നേർക്കാണ് എന്ന് മനസ്സിലായതും ഞാൻ മുൻപിലത്തെ സീറ്റിൽ കയറിയിരുന്നു….

. കണ്ണേട്ടൻ്റെ മുഖത്ത് വിജയ ഭാവമായിരുന്നു….. ശ്വേത ദേഷ്യം കൊണ്ടാവണം മട്ടുപ്പാവിൽ അങ്ങോയമിങ്ങോട്ടുo നടക്കുന്നത് കണ്ടു..

കാർ ഗേറ്റ് കടന്നതും അത്രയും നേരം അടക്കി വച്ചിരുന്ന വേദന അനുവാദമില്ലാതെ പുറത്തേക്ക് വന്നു…. ഞാൻ ഒരു പൊട്ടിക്കരച്ചിലോടെ മുഖം താഴ്ത്തി….

“എൻ്റെ അമ്മ നേരത്തെ മരിച്ചത് നന്നായി… എൻ്റെയീ അവസ്ഥ കാണേണ്ടി വന്നില്ലല്ലോ….

ഇനി എൻ്റെ അനുവാദമില്ലാൻ്റെ ദേഹത്ത് തൊടാൻ പാടില്ല….

കണ്ണേട്ടൻ്റെ ഭാര്യയായിട്ടായിരുന്നേൽ ഞാൻ സമ്മതിച്ചേനേ…

പക്ഷേ എഗ്രിമെൻ്റ് പ്രകാരം രണ്ട് വർഷം കഴിഞ്ഞ് ഞാനിവിടുന്ന് പടിയിറങ്ങേണ്ടവൾ ആണ്….

ഇവിടെ വന്നത് പോലെ തന്നെ എനിക്ക് തിരിച്ച് പോകണം…

എന്നെ ഇങ്ങനെയൊന്നും മോഹം തരരുത് പ്ലീസ്… എൻ്റെ അപേക്ഷയാണ്…” ഞാൻ കൈ കൂപ്പി തൊഴുത് കൊണ്ട് പറഞ്ഞു….

“സോറി ഇനിയാവർത്തിക്കില്ല… പെട്ടെനെന്തോ ഒരു തോന്നലിൽ ചെയ്തു പോയതാണ് ” … രണ്ടു വർഷം കഴിഞ്ഞും നിനക്ക് പോകാൻ കഴിയില്ല..

പോകേണ്ട സമയമാകുമ്പോൾ ഞാൻ പറയും…. അന്നേരം അതിനേ കുറിച്ച് ചിന്തിച്ചാൽ മതി……എന്ന് ഫോണിലേക്ക് മെസെജ് വന്നു…. കണ്ണേട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു…

.എന്നിട്ടും എന്തോ കരച്ചിലടക്കാനായില്ല…. മൗനമായി തേങ്ങലുകൾ എന്നിൽ നിന്നുയർന്നുകൊണ്ടിരുന്നു…..

സധാരണ കാറിൽ യാത്ര ചെയ്യുമ്പോൾ വാതോരാതെ സംസാരിക്കുന്നതാണ്…

.. വീടെത്തും വരെ മൗനം തുടർന്നു…

വീട് എത്തി കതക് തുറന്ന് അകത്തേക്ക് കയറിയപ്പോൾ അതുവരെ തോന്നാത്ത ഒരു പരിഭ്രമം എന്നെ പൊതിഞ്ഞു.. …

കണ്ണേട്ടന് വേണ്ടതെല്ലാം എടുത്ത് വച്ചിട്ട് പിന്നീട് അങ്ങോട്ട് പോയതേയില്ല..::

മേല് കഴുകി വിളക്ക് വച്ചു നാമം ജപിച്ചു….

നാമം ജപിക്കുമ്പോൾ കണ്ണേട്ടൻ അടുത്ത് പുറകിലായി കസേരയിൽ വന്നിരിക്കുന്നത് അറിഞ്ഞെങ്കിലും തിരിഞ്ഞ് നോക്കിയില്ല……

കരഞ്ഞത് കൊണ്ടാവണം ശബ്ദമടഞ്ഞു പോയി..

ദൈവത്തിന് പോലും ന്നെ വേണ്ട… അങ്ങനിപ്പം മുഴുവൻ കേൾക്കണ്ട….

കുറച്ച് കീർത്തനം കേട്ടാൽ മതി….

അതു കൊണ്ട് കുറെ കീർത്തനം വെട്ടിച്ചുരുക്കി… ഒരു വിധത്തിൽ മംഗളം പാടി നിർത്തി…..

വിളക്ക് എടുത്ത് പൂജാമുറിയിൽ കൊണ്ടുവച്ചു… തിരിച്ച് വന്നു അടുക്കളയിലേക്ക് പോയി ചായ ചൂടാക്കി ഗ്ലാസ്സിലെടുത്തു….

മുറിയിൽ ചെല്ലുമ്പോൾ കണ്ണേട്ടൻ എൻ്റെ ഫോൺ കൈയ്യിൽ തന്ന് ചായ വാങ്ങി മേശമേൽ വച്ചു.

… തിരിച്ച് പോകാൻ ഒരുങ്ങിയപ്പോഴാണ് കണ്ണേട്ടൻ മുൻപിൽ തടസമായി നിന്നത്….

കൈയ്യിൽ പിടിച്ച് അടുത്തിരുത്തി… പെട്ടെന്ന് എനിക്ക് ഓർമ്മ വന്നത് കുറച്ച് മണിക്കുന്നുകൾക്ക് മുൻപേ കഴുത്തിൽ വിരലോടിച്ചതാണ്… ഹൃദയം ടും…ടും…. പിന്നേയും മിടിക്കാൻ തുടങ്ങി ….

ഞാൻ ഞെട്ടലോടെ കണ്ണേട്ടൻ്റെ മുഖത്തേക്ക് നോക്കി…

. ആ കണ്ണുകളിലേനോട്ടം എൻ്റെ കഴുത്തിലേക്കാണ്….

ദൈവമേ ഇനിയെന്ത് ഉദ്ദേശമാണോ….എന്താണെന്ന ഭാവത്തിൽ പുരികമുയർത്തി ചോദിച്ചതും കൈയ്യിലെ പിടിത്തം മുറുകി………
. ഞാൻ കൈയ്യിലെ പിടുത്തം വിടുവിക്കാൻ നോക്കി…

” ദേ ഈ ഇളക്കം എന്തിൻ്റെയാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്……

അമ്മായി ഇവിടില്ലാത്തത് കൊണ്ട് വല്ല കുരുത്തക്കേടും ഒപ്പിക്കാൻ ഉദ്ദേശമുണ്ടേൽ അത് നടക്കില്ല…

അത്രയ്ക്കങ്ങട് ആഗ്രഹമുണ്ടേൽ എന്നെ നിയമപരമായി വിവാഹം കഴിക്ക്… ഇങ്ങനെയൊക്കെ പെരുമാറിയാൽ അമ്മായിയോട് എഗ്രിമെൻറിൻ്റെ കാര്യം പറഞ്ഞ് കൊടുക്കും… :.

“എന്ന് പറഞ്ഞ് കണ്ണേട്ടനെ ഒരു വിധത്തിൽ തള്ളിമാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും ദാ കിടക്കുന്നു ഞാൻ താഴെ….

കൈയ്യിൽ നിന്ന് ഫോൺ തെറിച്ചു പോയി…. ഹോ എൻ്റെ നടുവ് പോയിന്നാ തോന്നുന്നെ…..

കണ്ണേട്ടൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ ദേഷ്യഭാവം കണ്ടപ്പോൾ ചിരി വന്നെങ്കിലും വേദന കൊണ്ട് എൻ്റെ ചിരി എങ്ങോ പോയി…. ഇനി തള്ളിയിട്ടതാന്നോ.. ആ മുഖഭാവം കണ്ടിട്ട് അങ്ങനെയാണ് എന്നാ തോന്നുന്നത്….

വീണ്ടും ഫോൺ എടുത്ത് കൈയ്യിൽ തന്നു…… “താഴെ വീണ് കിടക്കുന്നവളെ എഴുന്നേൽപ്പിക്കണമെന്ന് ഒരു വിചാരമുണ്ടോ ഈ കണ്ണേട്ടന്.. ഫോൺ കൈയ്യിൽ തരാനാ തിടുക്കം.. ” ഞാൻ ദേഷ്യത്തിൽ ചോദിച്ച് പോയി….

…..” താലി കൊളുത്ത് നീങ്ങി കിടക്കുവാ.. ” എന്ന് മെസ്സേജ് ഫോണിൽ വന്നു…….

ഞാൻ കഴുത്തിൽ പരതി നോക്കി…. കൊളുത്തിൻ്റെ ഭാഗം കൈയ്യിൽ കിട്ടി…

ശരിയാണ് കൊളുത്തു നീങ്ങി കിടക്കുകയാണ്…

കണ്ണേട്ടൻ്റെ കൈയ്യിൽ കുരുങ്ങിയപ്പോൾ പറ്റിയ താവും…

. ശ്ശൊ എന്തൊക്കെയാ ഞാൻ വിളിച്ച് പറഞ്ഞത്….

ഞാൻ ചമ്മലോടെ ഒരു ചിരി ചിരിച്ചു… “ഹോ ഇതായിരുന്നോ കാര്യം..

. അത് കഴുത്തിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം കണക്കാ..

.. എഗ്രിമെൻ്റ് തീർന്ന് കഴിഞ്ഞാൽ ഇത് വെറും മാല മാത്രം..

ഇതിപ്പോ അഞ്ചു പവൻ്റെ സ്വർണ്ണമാല താഴെ കളഞ്ഞു പോകുവോ എന്ന പേടിയാവും…. അങ്ങനാന്നേൽ ദാ ഞാൻ ഊരി തന്നേക്കാം…. ” ഞാൻ പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ട് ഞാൻ മാല അഴിക്കുന്നത് പോലെ കാണിച്ചു…..

കണ്ണേട്ടൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു… എനിക്ക് നേരെ പാഞ്ഞടുത്തു…. ഞാൻ കണ്ണു മുറുക്കിയങ്ങ് അടച്ചു…

കണ്ണ് തുറന്ന് നോക്കിയാലല്ലേ പേടി വരു… എൻ്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…. കണ്ണേട്ടൻ തന്നെ താലിമാലയിലെ കൊളുത്ത് ശരിയാക്കിയിട്ട് തന്നു..

. ഫോണിൽ മെസ്സെജ് വരുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്… കണ്ണേട്ടനെ മുറിയിൽ കണ്ടില്ല….. ” അമ്മയ്ക്കും എഗ്രിമെൻ്റിൻ്റെ കാര്യം അറിയാം.. വെറുതെ ആളാവാൻ നോക്കണ്ട ” കണ്ണേട്ടൻ്റെ സന്ദേശം ….

അതൂടെ കണ്ടപ്പോൾ ആകെയുള്ള പ്രതീക്ഷയും അവസാനിച്ചൂ എന്ന് ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു……

അപ്പോൾ വെറുതെയല്ല അവിടുത്തെ ബന്ധുക്കളുടെയടുത്ത് ഞാൻ ആരാണ് എന്ന് പരിചയപ്പെടുത്താഞ്ഞത്…..

അപ്പോൾ അമ്മായിയും അറിഞ്ഞ് കൊണ്ടായിരുന്നു അല്ലേ..

അതുകൊണ്ടാണ് ശ്വേതയെ കണ്ടപ്പോൾ ഭാവം മാറിയത്….. ആർക്കും ഒരു ശല്യമില്ലാതെ എങ്ങോട്ടേലും പോകണം എന്നാണ് തീരുമാനിച്ചിരുന്നത്….

ഇനിയിപ്പോ പോവുന്നതിന് മുന്നേ ചതിച്ചവർക്ക് മറുപടി കൊടുത്തിട്ടേ പോകാവു … മനസ്സിൽ തീരുമാനിച്ചു….

അടുക്കളയിൽ ചെന്നപ്പോൾ കണ്ണേട്ടൻ സഞ്ചിയിൽ നിന്നും മാമ്പഴം എടുത്ത് കഴുകുന്നത് കണ്ടു….

” ഞാൻ മുറിച്ച് തരാം “എന്ന് പറഞ്ഞ് മാമ്പഴം കൈയ്യിൽ നിന്ന് വാങ്ങി…’
ഒരു പ്ലേറ്റിൽ മുറിച്ചിട്ട് കൈയ്യിൽ കൊടുത്തു..

പതിവില്ലാതെ അടുക്കള മേശയിൽ ചാരി നിന്ന് കൊണ്ട് മാമ്പഴം ഓരോ കഷണമായി കഴിക്കുകയാണ്….

” പിന്നേയ് നീരജ ഡോക്ടറിനെ ഞാൻ വിളിച്ചിരുന്നു… അടുത്ത ഓപ്പറേഷനുള്ള സമയമായി…

ഈ ഓപ്പറേഷൻ കൂടി കഴിഞ്ഞാൽ സംസാരശേഷി ഉറപ്പായും കിട്ടും…

ഒരാഴ്ച ആശുപത്രിയിൽ കിടക്കേണ്ടി വരും…. വീട്ടിൽ വന്ന് കഴിഞ്ഞാൽ രണ്ടാഴ്ച റെസ്റ്റ് എടുത്താൽ മതിയാവും…..

ഞാൻ നമ്മുക്ക് സൗകര്യമുള്ള ദിവസം കണ്ണേട്ടനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞിട്ടുണ്ട്…. ” എന്നാ ഡേറ്റ് പറയണ്ടത് എന്ന് പറഞ്ഞാൽ ഞാൻ ഡോക്ടറിനോട് പറഞ്ഞേക്കാം ” എന്ന് ഫോണിൽ മെസ്സെജ് ചെയ്തു….

കണ്ണേട്ടൻ പോയി കൈകഴുകി…. ഫോണെടുത്തു.. “എനിക്കല്ലെ സംസാരിക്കാൻ പറ്റാത്തത്.. നിനക്ക് നാക്കില്ലെ സംസാരിക്കാൻ.. അമ്മയിവിടെ ഇല്ലല്ലോ.. സംസാരിച്ചാൽ മതി…. എനിക്ക് കേൾവി കുറവൊന്നുമില്ല….” കണ്ണേട്ടൻ്റെ മെസ്സേജ് വന്നു…

“ശരി ഞാൻ സംസാരിക്കാം. തല്ലില്ലെന്ന് ഉറപ്പ് പറയണം…… ഞാൻ ഒരിക്കൽ സംസാരിച്ചപ്പോൾ കണ്ണേട്ടന് സംസാരിക്കാൻ പറ്റാത്തതിൻ്റെ ദേഷ്യത്തിൽ എന്നെ തല്ലിയത് ഞാൻ മറന്നിട്ടില്ല… കേട്ടോ ” എന്ന് പറഞ്ഞ് ചപ്പാത്തിക്ക് മാവ് കുഴക്കാൻ തുടങ്ങി…

“തല്ലില്ല.. ആശുപത്രിയിൽ നാളെ തന്നെ അഡ്മിറ്റാകാം.. വേഗം ഓപ്പറേഷൻ ചെയ്യണം.”കണ്ണേട്ടൻ്റെ മെസ്സേജ്..

” പക്ഷേ അമ്മായി ഇവിടെയില്ലല്ലോ… അതുമല്ലശ്വേതയുടെ അനിയൻ അശ്വിൻ്റെ വിവാഹം അടുത്താഴ്ചയല്ലേ പിന്നെങ്ങനെയാ…. “വിവാഹത്തിന് പോകണ്ടേ… ” ഞാൻ പച്ചക്കറിയെടുക്കുന്നതിനിടയിൽ പറഞ്ഞു….

മുഖത്തേക്ക് നോക്കാതിരിക്കാൻ തിരിഞ്ഞിരുന്ന് കുറുമയ്ക്ക് അരിഞ്ഞു…

” ഞാൻ അല്ലേലും വിവാഹത്തിന് വരുന്നില്ല…. എനിക്കില്ലാത്ത ബന്ധം നിനക്കെന്തിനാ “ദേഷ്യത്തോടെയുള്ള ചൂടൻ മെസ്സെജ് ഉടനെ കിട്ടി…..

”ഓ പൂർവ്വ കാമുകിയെ വീണ്ടും കാണാൻ വയ്യാത്തത് കൊണ്ടാണോ… അവൾ കെട്ടി ഒരു കൊച്ചുമായി ഇപ്പോഴും അവളോട് പകയും വച്ചോണ്ട് നടക്കുകയാണല്ലോ കഷ്ട്ടം..”

തർക്കുത്തരം പറയരുത് എന്ന് വിചാരിച്ചാലും എൻ്റെ നാവ് അടങ്ങിയിരിക്കുന്നില്ലല്ലോ ൻ്റ ദേവി…

ഇപ്പോൾ കിട്ടും തർക്കുത്തരത്തിന് മറുപടി…. എന്ത് തന്നെയായാലും സ്വീകരിക്കാൻ റെഡിയായിരുന്നു….

” അത് എൻ്റെ വ്യക്തിപരമായ കാര്യമാണ് നീ ഇടപടേണ്ട…. പിന്നെ നാളെ തൊട്ട് നീ അവിടെ പോകരുത്…. ഞാൻ പറഞ്ഞൂന്ന് അമ്മയോട് പറഞ്ഞാൽ മതി….” എന്ന് മെസെജും വന്നു…

“ശരി പറഞ്ഞേക്കാം….. അല്ലേലും എനിക്കങ്ങോട്ടേക്ക് പോകാൻ ഇഷ്ട്ടമല്ല… ശ്വേതയെ കാണുമ്പോൾ എന്തോ ഒരു വല്ലാത്ത അവസ്ഥ..

അത് പറഞ്ഞറിയിക്കാൻ പറ്റില്ല…. ” എന്ന് പറയുമ്പോൾ എൻ്റെ ശബ്ദമിടറി….

കുറച്ച് നേരമായിട്ടും മെസ്സെജ് ഒന്നും വരാഞ്ഞിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ആൾ അവിടെയില്ല…

. ആഹാ ഞാൻ തന്നെയിരുന്നു സംസാരിക്കുകയായിരുന്നോ…

ഹാളിൽ ടി വി യുടെ ശബ്ദം കേട്ടു…..

ഏതോ വിരഹ പ്രണയ ഗാനം ഒഴുകിയെത്തി….. കൊള്ളാം ഈ സമയത്ത് കേൾക്കാൻ പറ്റിയ പാട്ട്…

മാങ്ങാ അരിഞ്ഞ് അച്ചാറിട്ട് വച്ചു..

രാത്രി അത്താഴം കഴിച്ച് കിടക്കുന്നത് വരെ ഒന്നും സംസാരിച്ചില്ല…

കണ്ണേട്ടൻ ഉറങ്ങിയെന്ന് ഉറപ്പായതും പതുക്കെ എഴുന്നേറ്റു…

. ഫോൺ എടുത്തു അമ്മായിയെ വിളിച്ച് നാളെ ആശുപത്രിയിൽ പോകുന്നത് കൊണ്ട് അങ്ങോട്ടേക്ക് വരുന്നില്ല എന്ന് പറഞ്ഞു….

എന്നിട്ട് അമ്മായിയുടെ മുറിയിൽ പോയി കിടന്നു… കണ്ണേട്ടൻ സംസാരിക്കുന്നതും സ്വപ്നം കണ്ട് എപ്പോഴോ ഉറങ്ങിപ്പോയി….

രാവിലെ എല്ലാ ജോലിയും തീർത്ത് ഓഫീസിലേക്ക് പോവുമ്പോൾ എഗ്രിമെൻറ് ഫയൽ എവിടാവും സൂക്ഷിരിക്കുന്നത് എന്നായിരുന്നു ചിന്ത..

ഇന്ന് വൈകിട്ട് കണ്ണേട്ടനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയിട്ട് വേണം ഫയൽ എവിടെയാണെന്ന് തപ്പാൻ…

. എൻ്റെ ഇരിപ്പ് കണ്ടിട്ട് കണ്ണേട്ടൻ ഇടയ്ക്ക് നോക്കുന്നു… ഞാൻ ഗൗരവത്തിൽ തന്നെയിരിന്നു…

ഓഫിസിലെ തിരക്ക് കാരണം ഉച്ചയായത് പോലും അറിഞ്ഞില്ല….

വിശപ്പിൻ്റെ വിളി വന്നപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്…

എഴുന്നേറ്റ് കൈ കഴുകി വന്നു… കഴിക്കാനായി വിളമ്പിവച്ചതും കണ്ണേട്ടൻ കഴിക്കാനായി വന്നു…

കണ്ണേട്ടൻ കഴിക്കുന്നതും നോക്കിയിരുന്നു… പാവം ഇനി ഓപ്പറേഷൻ കഴിഞ്ഞാൽ കുറച്ച് ദിവസം ആഹാരം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കുo….

.മേശമേൽ കൊട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്ന് ഉണർന്നത്….

കഴിക്കാനുള്ള പാത്രത്തിലേക്ക് കൈ ചൂണ്ടി കാണിച്ചു എന്നിട്ട് വാച്ചിലും തൊട്ടു കാണിച്ചു….

ഓ ആശുപത്രിയിലേക്ക് പോകാൻ സമയമായി എന്നാവും….

പിന്നെ ഒന്നും നോക്കിയില്ല വേഗം കഴിച്ചു…..

ആശുപത്രിയിൽ ഡോക്ടർ നീരജയുടെ മുറിയുടെ മുൻപിൽ വർദ്ധിച്ച ഹൃദയമിടിപ്പോടെ കാത്തിരുന്നു…

അകത്ത് നിന്ന് വിളി വന്നതും ഞങ്ങൾ രണ്ടു പേരും അകത്തേക്ക് കയറി….

ഡോക്ടർ നീരജ ഞങ്ങളെ കണ്ടതും മനോഹരമായി പുഞ്ചിരിച്ചു….

ആ ചിരിയാണ് അവരുടെ സൗന്ദര്യം കൂട്ടുന്നത്… എപ്പോൾ വന്നാലും നിറഞ്ഞ പുഞ്ചിരിയോടെയാണ് ഞങ്ങളെ സ്വീകരിക്കുന്നത്…..

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം കണ്ണേട്ടനേയും കൂട്ടി ഇവിടെ വന്നിരുന്നത് ഓർമ്മ വന്നു…. തകർന്ന മനസ്സുമായി വന്ന എനിക്ക് പുതുജീവൻ നൽകിയത് ഡോക്ടറാണ്.. ഭർത്താവും ഈ ആശുപത്രിയിലെ തന്നെ ഡോക്ടർ ആണ്…

. ഡോക്ടറിന് മക്കൾ ഇല്ല… പലപ്പോഴും തമാശയായി പറയാറുണ്ട് എന്നെ മകളായ് ദത്തെടുക്കട്ടെന്ന്….. എന്നിട്ട് പൊട്ടി ചിരിക്കും…

വിടർന്ന കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ ചിരിയുടെ മറവിൽ അടർന്ന് വീഴും….

ഓപ്പറേഷൻ്റെ കാര്യങ്ങൾ സംസാരിച്ച് തീരുമാനിച്ചു… “ഇന്ന് ടെസ്റ്റുകൾ എടുത്തിട്ട് നാളെ വൈകിട്ട് ഓപ്പറേഷൻ ചെയ്യാം “… എനിക്ക് നുറുശതമാനം ഉറപ്പുണ്ട് പഴയ കണ്ണനായി വാതോരാതെ സംസാരിക്കും എന്ന് ” ഡോക്ടർ ആത്മവിശ്വാസത്തോടെ പറഞ്ഞു..

.. അവരുടെ വാക്കുകൾ കേട്ട് അറിയാതെ കൈകൂപ്പി തൊഴുതു പോയി….

ഇതാണ് എൻ്റെ ദൈവം..

. കണ്ണേട്ടൻ ഇന്ന് ഈ വിധം സുഖം പ്രാപിക്കാൻ കാരണം ഡോക്ടറിൻ്റെ ആത്മാർത്ഥതയോടെയുള്ള ചികിത്സകൊണ്ടാണ്..

“കണ്ണനെ മുറിയിലാക്കിയിട്ട് ഇങ്ങോട്ടേക്ക് വരണം.. കുറച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ സ്വാതിയോട് മാത്രമായി സംസാരിക്കാനുണ്ട് ” ഡോക്ടർ നീരജ പറഞ്ഞപ്പോൾ കണ്ണേട്ടൻ എന്നെ സംശയഭാവത്തിൽ നോക്കി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1

സ്വാതിയുടെ സ്വന്തം : ഭാഗം 2

സ്വാതിയുടെ സ്വന്തം : ഭാഗം 3

സ്വാതിയുടെ സ്വന്തം : ഭാഗം 4

സ്വാതിയുടെ സ്വന്തം : ഭാഗം 5