Thursday, April 18, 2024
Novel

സുൽത്താൻ : ഭാഗം 10

Spread the love

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Thank you for reading this post, don't forget to subscribe!

അന്ന് ശനിയാഴ്ച ആയതിനാൽ എട്ടുമണിയായിട്ടും ഫിദയും വൈശുവും എഴുന്നേറ്റില്ലായിരുന്നു… നിർത്താതെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഫിദ കണ്ണു തുറന്നത്…. അവൾ കയ്യേത്തിച്ചു ഫോണെടുത്തു… സുലുവാന്റി ആയിരുന്നു…. ഫർദീന്റെ വീട്ടിൽ നിന്നു ആന്റിയെ വിളിച്ചു കാണുമെന്നു അവൾക്കു മനസിലായി… അല്പം പേടിയോടെയാണ് അവൾ ഫോണെടുത്തത്…. പക്ഷെ ആന്റി പ്രസന്നവതിയായാണ് സംസാരിച്ചത്… “ഡി… ഒക്കെ ഞാനറിഞ്ഞു കേട്ടോ… എങ്ങനെയാ ആൾ… മൊഞ്ചനാണോ…

“ആന്റി പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ടു ഫിദക്ക് അല്പം ആശ്വാസം തോന്നി… “അത്‌ പിന്നെ ആന്റി… ആന്റി കണ്ടിട്ടുണ്ട് ആളെ… അന്ന് ഞാൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ന്യൂസ്‌പേപ്പർ വേണോന്നു ചോദിച്ചു വന്നില്ലാരുന്നോ…. ആ ആളാണ്‌… ” “എന്റെ റബ്ബേ… അവനാണോ… മുഖം അത്ര നല്ല ഓർമയില്ല…എങ്കിലും ചുന്ദരനാരുന്നു…അപ്പൊ എങ്ങനാ… ഡാഡി അടുത്താഴ്ച വരുമ്പോൾ ഞാനും അങ്കിളും കൂടി പോയി സംസാരിക്കട്ടെ… കേട്ടിടത്തോളം എനിക്കിഷ്ടമായി….

നിന്റെ കയ്യിൽ ഫോട്ടോ ഉണ്ടെങ്കിൽ എനിക്കൊന്നു സെൻറ് ചെയ്തേക്കു കേട്ടോ… ” “മ്.. സെൻറ് ചെയ്യാം… ” “ഡാഡി സമ്മതിക്കുമോ ആന്റി…? “ഫിദ സംശയത്തോടെ ചോദിച്ചു… “അവൻ സ്‌ട്രെയിട്ട് ഫോർവേഡ് അല്ലേടി… നിന്നോട് അത്രയും ഇഷ്ടമുണ്ടായിട്ടല്ലേ അവൻ വീട്ടിൽ കാര്യം പറഞ്ഞു എല്ലാം റെഡി ആക്കി വെച്ചിട്ട് പോകാനൊരുങ്ങുന്നത്… അത്‌ നമ്മൾ കണ്ടില്ലെന്നു നടിക്കാൻ പാടില്ലല്ലോ… എനിക്കിഷ്ടപെട്ടു അവന്റെ ആ സ്വഭാവം…. നമുക്ക് ഡാഡിയെ സമ്മതിപ്പിക്കാമെടി….

ബിസിനെസ്സ്കാരെ ഡാഡിക്ക് വല്യ ഇഷ്ടമല്ലേ…. ഡാഡിക്ക് ഇനി ലണ്ടനിലും ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാല്ലോ…. “സുലുവാന്റിയുടെ സംസാരം ഫിദയുടെ മനസ്സിൽ തണുപ്പ് നിറച്ചു… കുറച്ചു കൂടി സ്വപ്‌നങ്ങൾ കാണാൻ അവൾ കണ്ണടച്ച് വീണ്ടും കിടക്കയിലേക്ക് കിടന്നു…. …………………………❣️ രണ്ടു ദിവസം കോളേജിൽ ക്ലാസില്ല…. സ്ഥാപകദിനവുമായി ബന്ധപ്പെട്ട് പരിപാടികൾ മാത്രമേ ഉള്ളു… ഓഡിറ്റോറിയത്തിൽ ഒന്ന് തല കാണിച്ചിട്ട് ഫിദയും ഗാങ്ങും വെറുതെ ചുറ്റി നടക്കുകയാണ്….

ഫിദ ആലോചനയിൽ ആയിരുന്നു… നാളെ ഡാഡി എത്തും… പിറ്റേദിവസം ഫർദീന്റെ കാര്യം പറയാം എന്നാണ് ആന്റി പറഞ്ഞിരിക്കുന്നത്…. അവൾക്കാകെ ഒരു പരവേശം തോന്നി … അവൾ കൂടെ നടക്കുന്ന വൈശുവിനെ നോക്കി…. ഹർഷനും തനുവും സംസാരിക്കുന്നത് ശ്രദ്ധിച്ചു നടക്കുകയാണവൾ… കുറച്ചകലെ ആദിയും നീരജും നിൽക്കുന്നതവൾ കണ്ടു… ആദിക്കിപ്പോ എന്താണാവോ പഴയ ഉന്മേഷം ഒന്നുമില്ല എന്നവൾ ഓർത്തു… എപ്പോഴും ഒരു വിഷാദ ഭാവമാണ് അവന്….

ഒന്ന് ഒറ്റക്ക് കിട്ടിയിരുന്നെങ്കിൽ അവനോടു ഒന്ന് സംസാരിക്കാമായിരുന്നു…. എല്ലാവരും കൂടി നടന്നു ആദിയുടെയും നീരജിന്റെയും അടുത്തെത്തി.. “ഡാ.. നമുക്ക് തനുവിന്റെ വീട്ടിൽ പോകാം… അതിനടുത്തൊരു പൊളപ്പൻ സ്ഥലമുണ്ട്… ഒരു തടാകം… അടിപൊളി ലുക്ക്‌ ആണ്… പോയാലോ…” ഹർഷൻ ചോദിച്ചത് കേട്ട് ആദി ഒഴിഞ്ഞുമാറി… “ഇല്ലെടാ.. ഞാനില്ല… നിങ്ങൾ പോയിട്ട് വാ.. ” “നിനക്കിത് എന്ത് പറ്റി ആദി… കുറേദിവസമായല്ലോ ഒരു നിരാശ കാമുകന്റെ റോൾ “..ഹർഷൻ അല്പം കാര്യത്തിൽ തന്നെയാണ് ചോദിച്ചത്..

അറിയാതെ ആദിയുടെ കണ്ണുകൾ ഫിദയെ തേടി പോയി… ആദിയുടെ ആ നോട്ടം നീരജ് കാണുകയും ചെയ്തു… അവന് കലശലായ ദേഷ്യമാണ് വന്നത്… “അവന്റെ കുഞ്ഞമ്മ ചത്തു… അല്ല പിന്നെ… കുറേദിവസമായി ഞാനും സഹിക്കുന്നു… എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്… “നീരജ് കലിപ്പിച്ചു ആദിയെ നോക്കി… “ഇന്ന് നിർത്തിക്കോണം നീ.. ഈ വേഷം കെട്ടൊക്കെ .. “നീരജ് അവന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു താൻ വിഷമിച്ചു നടക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് അവൻ ഇങ്ങനൊക്കെ പറയുന്നതെന്ന് ആദിക്ക് അറിയാമായിരുന്നു….

“ശരി… എന്നാൽ തനുവിന്റെ വീട്ടിൽ പോയേക്കാം… “ആദി ചിരിയോടെ ഹർഷന്റെ തോളിൽ തട്ടി… ആൺകുട്ടികൾ മൂന്ന് പേരും കൂടി ഹർഷന്റെ ബൈക്കിലും പെൺകുട്ടികൾ ഒരു ഓട്ടോയിലും തനുവിന്റെ വീട്ടിലേക്കു പോയി… തനു ഓട്ടോയിലിരുന്നു തേജൂട്ടനെ വിളിക്കുന്നുണ്ടായിരുന്നു… ലൈനിൽ കിട്ടിയപ്പോൾ എല്ലാവരും കൂടി വീട്ടിലേക്കു വരുന്ന കാര്യം അവൾ അറിയിച്ചു… താൻ ഉടനെ എത്തിക്കോളാം എന്ന് തേജസും പറഞ്ഞു… വീട്ടിൽ ചെന്ന് തനു ചാരിയിട്ടിരുന്ന ജനൽ തുറന്നു അതിന്റെ സൈഡിൽ വെച്ചിരുന്ന താക്കോൽ എടുത്തു വാതിൽ തുറന്നു…

ആദിയും ഹർഷനും നീരജും അപ്പോഴേക്കും എത്തി…. തനുവും ഫിദയും കൂടി അടുക്കളയിലേക്ക് തണുത്ത വെള്ളം എടുക്കാൻ കയറി… ആൺകുട്ടികൾ മൂന്നുപേരും തൊടിയിലെ മരച്ചുവട്ടിൽ കൂടി… വൈശു വീടൊക്കെ ചുറ്റി നടന്നു കാണുകയായിരുന്നു…. ചെറിയ വീടാണെങ്കിലും ഭംഗിയായും വൃത്തിയായും സൂക്ഷിച്ചിരിക്കുന്നു…. അവളോർത്തു…. രണ്ടു മുറികളുള്ളതിൽ ആദ്യം കണ്ടതിൽ ഒന്നിലേക്ക് അവൾ കയറി…. രണ്ടു കട്ടിലിട്ടിട്ടുണ്ട് അതിൽ… ഒന്ന് തനുവിന്റെയും മറ്റേത് തേജൂട്ടന്റെയുമാണ് എന്നവൾക്ക് തോന്നി…

മേശപ്പുറത്തു ഒരു സൈഡിൽ തങ്ങൾ പഠിക്കുന്ന ബുക്സ് അടുക്കി വെച്ചിട്ടുണ്ട്… അപ്പുറത്തെ വശത്തു വേറെ കുറെ പുസ്തകങ്ങൾ…. തേജൂട്ടന്റെയാവും… അപ്പോഴാണ് അതിനു നടുവിൽ തനുവിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന തേജസിന്റെ ഫോട്ടോ അവൾ കണ്ടത്… ലാമിനേറ്റ് ചെയ്തു വെച്ചിരുന്ന ആ ഫോട്ടോ അവൾ കയ്യിലെടുത്തു നോക്കി… ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ മുഖത്തേക്ക് കണ്ണിമാ വെട്ടാതെ നോക്കി നിന്നപ്പോൾ അവളിൽ പ്രണയം പൂത്തുലഞ്ഞു… ആ ഫോട്ടോയിലൂടെ മെല്ലെ വിരലോടിച്ചു കൊണ്ട് അവൾ നിന്നു..

ഈ സമയം പുറത്ത് തേജസ്‌ വന്നിരുന്നു… ആദിയെയും ഹർഷനെയും ഒക്കെ കണ്ടു ഷേക് ഹാൻഡ് കൊടുത്ത ശേഷം ഈ കാക്കി കുപ്പായം ഒന്ന് മാറി വരാം എന്നും പറഞ്ഞു അവൻ അകത്തേക്ക് കയറി… മൂന്നാല് ഗ്ലാസിൽ നാരങ്ങ വെള്ളവുമായി ഫിദയും തനുവും പുറത്തേക്കിറങ്ങുകയായിരുന്നു… തേജസ്‌ മുറിയിലേക്ക് കയറിയപ്പോഴാണ് അവിടെ ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നത് കണ്ടത്… വിതിർത്തിട്ട ഇടതൂർന്ന മുടിയിലെ തുളസിക്കതിര് വാടി തുടങ്ങിയിരുന്നു..

അവൻ അവളുടെ പുറകിൽ ചെന്ന് നിന്നു എത്തി നോക്കി… തന്റെ ഫോട്ടോയിലൂടെ വിരലോടിച്ചു നിൽക്കുന്ന അവളുടെ കണ്ണുകൾ അവൻ പിന്നിൽ നിന്നു പൊത്തി പിടിച്ചു… ഒരു ഞെട്ടലോടെ അവൾ ഫോട്ടോ തിരികെ വെച്ച്‌ അവന്റെ കൈകളിൽ തൊട്ടു… കൈവിടുവിച്ചു കൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു… “ഫോട്ടോയിലെ കവിളിൽ തൊടണ്ട… ദാ നേരിട്ട് തൊട്ടോ… “അവൻ അല്പം കുനിഞ്ഞു കവിൾ അവളുടെ പൊക്കത്തിനു പാകമാക്കി നിന്നു കൊടുത്തു…

വൈശുവിന്റെ മിഴികളിൽ പെട്ടെന്ന് പേടി വന്നണഞ്ഞു… ധൃതിപ്പെട്ടു അവൾ പുറത്തേക്കു പോകാനൊരുങ്ങി… “ഏയ് പേടിക്കണ്ടാ… ഞാൻ നിന്നെ ഒന്നും ചെയ്യില്ല… “തേജസ്‌ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു… വൈശു പേടിയില്ല എന്ന് കണ്ണടച്ച് കാട്ടി… “തനുവിനോ ഫിദക്കോ അറിയുവോ ഊമക്കുയിലിന്റെ ഈ ഇഷ്ടം…? “തേജു അവളോട്‌ വീണ്ടും ചോദിച്ചു… അവൾ അവിടിരുന്ന ഒരു പേപ്പറിൽ എഴുതി കാണിച്ചു… “തനുവിന് ഒന്നും അറിയില്ല.. ഫിദക്ക് അറിയാം…

പക്ഷെ എനിക്കിഷ്ടമാണെന്നെ അറിയൂ… തേജൂട്ടന് ഇഷ്ടമാണെന്ന് അറിയില്ല… ” “ഡി.. കാ‍ന്താരി… നീയും എന്നെ തേജൂട്ടൻ എന്നാണോ വിളിക്കുന്നെ… “? “മ്മ്മ്…” അവൾ കുറുമ്പോടെ അവന്റെ താടിയിൽ പിടിച്ചൊന്നു വലിച്ചു കൊണ്ട് പുറത്തേക്കൊടി.. “നിന്നെ കൊണ്ട് ഞാൻ മാറ്റി വിളിപ്പിച്ചോളാമെടി… എന്റെ കയ്യിൽ കിട്ടട്ടെ… “തേജസ്‌ വിളിച്ചു പറഞ്ഞു…. അവൻ ഡ്രസ്സ്‌ മാറി പുറത്തേക്കു വന്നു ഓട്ടോയിൽ നിന്നും ഒരു പൊതിയെടുത്തു… “ദാ ഇന്നാ… ആര്യാസിലെ ഉഴുന്നുവടേം ചമ്മന്തിയുമാ… നല്ല ടെസ്റ്റാ കഴിച്ചോ… ”

ഫിദ അത് തട്ടിപ്പറിച്ചു വാങ്ങി ആദ്യം തന്നെ ഒന്നെടുത്തു ചമ്മന്തിയിൽ മുക്കി വായിൽവെച്ചു… “സൂപ്പർ “എന്നവൾ കൈമുദ്ര കാണിച്ചപ്പോഴേക്കും ബാക്കിയുള്ളവർ ആ പൊതി തട്ടിയെടുത്തു കഴിഞ്ഞിരുന്നു…. ഹർഷൻ തടാകത്തിലേക്കു പോകാം എന്ന് പറഞ്ഞപ്പോൾ എല്ലാവരും അങ്ങോട്ട് പോകാൻ റെഡി ആയി.. തേജസ്‌ പോയി ചൂണ്ടയിടാനുള്ള സാമഗ്രികളുമായി വന്നു… എല്ലാവരും കൂടി നടന്നു തടാകക്കരയിലെത്തി… പെൺകുട്ടികൾ താടാകത്തിന്റെ ഒരു ഓരത്തിരുന്നു… ആണ്പിള്ളേര് എലാവരും കൂടി മീൻ പിടിക്കാനുള്ള തിരക്കിലായിരുന്നു….

ഒരു ചൂണ്ട തേജു ഹർഷന്റെ കയ്യിലേക്ക് കൊടുത്തു… അടുത്തതുമായി അവൻ വെള്ളത്തിലേക്കു ചാഞ്ഞു നിൽക്കുന്ന ഒരു വലിയ മരച്ചില്ലയിലേക്ക് കയറി…ബാലൻസ് ചെയ്തു നടന്നു അവൻ ആ ചില്ലയുടെ അറ്റത്തെത്തി.. പതിയെ ഇരുന്നു കൊണ്ട് ചൂണ്ട വെള്ളത്തിലേക്കിട്ടു… ആദിയും നീരജും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു കൊണ്ട് അടുത്ത് തന്നെയുണ്ടായിരുന്നു…. പെട്ടെന്നാണ് എന്തോ ശബ്ദം കേട്ടു തിരിഞ്ഞ തേജസിന്റെ ബാലൻസ് തെറ്റി അവൻ വെള്ളത്തിലേക്കു വീണത്…

“യ്യോ ഏട്ടൻ…” എന്ന് പറഞ്ഞു കൊണ്ട് തനു എഴുന്നേൽക്കുന്നത് കണ്ടാണ് വൈശു അങ്ങോട്ട്‌ എഴുന്നേറ്റ് നോക്കിയത്… മുങ്ങി താഴുന്ന തേജുവിനെ കണ്ടു “തേജൂട്ടാ… “എന്നൊരു നിലവിളിയോടെ അവൾ പുറകിലേക്ക് മറിഞ്ഞു…. നീന്തൽ നല്ല പോലെ അറിയാവുന്ന തേജസ്‌ പെട്ടെന്ന് തന്നെ കരയിലേക്ക് നീന്തി കയറിയിരുന്നു… ആണ്പിള്ളേര് മൂന്നുപേരും കൂടി അപ്പോഴേക്കും പാതി വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞിരുന്നു…

“ഒന്നും പറ്റിയില്ലല്ലോ തേജസേട്ടാ… “ഹർഷൻ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു… “ഏയ്… നമ്മൾ മുങ്ങാം കുഴിയിട്ട് കളിച്ച സ്ഥലമല്ലേ… ഇതിന്റെ മുക്കും മൂലയും എനിക്കറിയാവുന്ന പോലെ ആർക്കും അറിയില്ല…. “തേജസ്‌ ചിരിച്ചു… അപ്പോഴാണ് ഫിദയും തനുവും കൂടി വീണുകിടക്കുന്ന വൈശുവിനെ കുലുക്കി വിളിക്കുന്നത് കണ്ടത്… അവൻ ഉടനെ അങ്ങോട്ട്‌ കുതിച്ചു…. തുടരും…. ❣️dk…..

കാത്തിരിക്കുമല്ലോ…… ❣️

സുൽത്താൻ : ഭാഗം 9