Wednesday, December 18, 2024
Novel

സ്ത്രീധനം : ഭാഗം 6

എഴുത്തുകാരൻ: സജി തൈപ്പറമ്പ്

കുളിമുറിയിലെ ഷവറിൽ നിന്ന് വീഴുന്ന തണുത്ത വെള്ളത്തിനടിയിൽ നില്ക്കുമ്പോൾ നീരജിൻ്റെ മനസ്സിലേക്ക്, ഷീജയാൻ്റി പറഞ്ഞ കാര്യങ്ങൾ തികട്ടി വന്നു. സീ നീരജ്… ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ, ഒരു പക്ഷേ നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും അത് കൊണ്ട് ,കുറച്ച് പക്വതയോടെ വേണം നീരജ് കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടത്, എന്തും സഹിക്കാനുള്ള ഒരു ആത്മബലം നീരജിനുണ്ടാവുകയും വേണം എന്താ ആൻ്റീ …

എന്താണെങ്കിലും പറഞ്ഞോളു, ഞാനത് കേൾക്കാൻ തയ്യാറാണ്, നീരജും ,രാധികയും ഇവിടെ വരുന്നതിൻ്റെ തലേ ദിവസം രാജലക്ഷ്മി ചേച്ചി എന്നെ വിളിച്ചിരുന്നു, എന്നിട്ട് നീരജിനോട് യാഥാർത്ഥ്യങ്ങൾ മറച്ച് വയ്ക്കണമെന്ന് പറഞ്ഞപ്പോഴാണ് സത്യത്തിൽ ,നീരജ് ഇത് വരെ ഒന്നുമറിഞ്ഞിരുന്നില്ലെന്ന് ഞാനറിയുന്നത് എന്താ ആൻറീ.. ഈ പറയുന്നത് ഞാനറിയാത്ത എന്ത് കാര്യങ്ങളാണുള്ളത് ? പറയാം നീരജ്, അതിന് മുമ്പ് നീയെനിക്ക് ഒരു ഉറപ്പ് തരണം ഞാൻ പറയുന്നത് നിൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും പുറത്ത് പോകില്ലെന്ന് ,

എനിക്ക് വേണമെങ്കിൽ ,രാജലക്ഷ്മി ചേച്ചി പറഞ്ഞത് പോലെ നീരജിൽ നിന്നും എല്ലാം മറച്ച് വയ്ക്കാം പക്ഷേ ഞാൻ പഠിച്ച എത്തിക്സ് എന്നെ അതിന് സമ്മതിക്കുന്നില്ല ഇല്ല ആൻ്റീ.. ഞാനൊരിക്കലും ആൻറിയെ ഒറ്റ് കൊടുക്കില്ല ധൈര്യമായിപ്പറഞ്ഞാളു രാധികയ്ക്ക് ഒരിക്കലും ഗർഭം ധരിക്കാൻ കഴിയില്ല ,കുറച്ച് നാളുകൾക്ക് മുമ്പ് അർബുദം ബാധിച്ച അവളുടെ യൂട്രസ്, അടിയന്തിരമായി റിമൂവ് ചെയ്യേണ്ടി വന്നു ,നീരജിൻ്റെ ആലോചന വന്ന സമയത്ത് അവൾക്കും വീട്ടുകാർക്കും നിങ്ങളെ ആ കാര്യങ്ങൾ അറിയിക്കണമെന് നിർബന്ധമുണ്ടായിരുന്നു,

നീരജിൻ്റെ അമ്മയും സഹോദരിയും അത് ഉറപ്പ് കൊടുത്തതുമാണ് ,പക്ഷേ വിവാഹം കഴിഞ്ഞ് നീരജിൻ്റെ വീട്ടിലെത്തുമ്പോഴാണ് ,നിങ്ങൾ അതറിഞ്ഞിട്ടില്ലെന്ന് രാധികയോട് ഭവാനിയമ്മ പറയുന്നത് ,ആകെ തകർന്ന് പോയ രാധിക, ആ നിമിഷം മുതൽ ഭവാനിയമ്മയുടെ കയ്യിലെ കളിപ്പാട്ടമായി മാറുകയായിരുന്നു, കുറ്റബോധം കൊണ്ട് രാധിക ,പലപ്പോഴും, നീരജിനോട് സത്യം തുറന്ന് പറയാനൊരുങ്ങിയെങ്കിലും, നിങ്ങളെയവൾക്ക് നഷ്ടപ്പെട്ടു പോകുമെന്ന ഭീതിയിൽ, അവൾ പിന്മാറുകയായിരുന്നു ,

വേണമെങ്കിൽ ,നീരജിന് ഭാര്യ തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞ്, രാധികയെ ഉപേക്ഷിക്കാം, പക്ഷെ നീരജ് ഒന്നോർക്കണം, രാധിക ശരിക്കും നിരപരാധിയാണ് ,നിങ്ങളിൽ നിന്നുള്ള വേർപാട് അവൾക്ക് സഹിക്കാവുന്നതിലപ്പുറമാണ്, യൂട്രസ് നഷ്ടപ്പെട്ടതോടെ, എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്നിടത്ത് നിന്നാണ്, അവളൊരുപാട് സ്വപ്നം കണ്ട ഒരു ദാമ്പത്യ ജീവിതം നീരജിൽ നിന്ന് രാധികയ്ക്ക് ലഭിച്ചത് ,നിങ്ങളെ ചതിച്ചത് രാധികയല്ല ,നിങ്ങളുടെ അമ്മ തന്നെയാണ്,

ഇനി എന്ത് വേണമെന്ന് നീരജിന് തീരുമാനിക്കാം ഡോക്ടർ പറഞ്ഞത് കേട്ട് സ്തബ്ധനായി നിന്ന നീരജിന്, സ്ഥലകാലബോധം വീണ്ടെടുക്കാൻ, കുറച്ച് സമയം വേണ്ടിവന്നു. ഇല്ല ഡോക്ടർ ,എല്ലാം എനിക്ക് മനസ്സിലായി ,രാധിക എന്നെ ചതിക്കില്ലെന്നെനിക്കറിയാം , അവളുടെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലാകും, അത് മാത്രമല്ല അവളെന്നെ സ്നേഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ഞാനവളെ സ്നേഹിക്കുന്നുണ്ട് ,അത് കൊണ്ട് അവളുടെ കുറവുകൾ ഞാനറിഞ്ഞതായിട്ട് ഒരിക്കലുമവളറിയില്ല,

കുറവുകൾ എനിക്കാണെന്നേ ഞാൻ പറയു ,ഡോക്ടറാൻ്റി എന്നോടങ്ങനെയാണ് പറഞ്ഞിരിക്കുന്നതെന്ന് ഞാൻ രാധികയോട് പറഞ്ഞോളാം ശരി ഡോക്ടർ ഞാനിറങ്ങുന്നു. അല്ലാ .. നീരജിനോട് ഞാൻ ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് ? എന്താ ആൻ്റീ .. ചോദിച്ചോളു നൊന്ത്പെറ്റ ഒരമ്മയ്ക്ക്, സ്വന്തം മകനോട് ഇത്ര ക്രൂരമായി പെരുമാറാൻ കഴിയുമോ? ഹ ഹ ഹ അതിന് ഭവാനിയമ്മയല്ലല്ലോ എന്നെ പ്രസവിച്ചത് ,വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും,

മക്കളുണ്ടാകാതിരുന്നപ്പോൾ ഭവാനിയമ്മയും വിശ്വംഭരനും ചേർന്ന്, എന്നെ ദത്തെടുത്തതാണ് ,എന്നെ സ്വന്തം മകനെപ്പോലെ രണ്ട് പേരും മത്സരിച്ച് സ്നേഹിച്ച് കൊണ്ടിരിക്കുമ്പോഴാണ്, ഭവാനിയമ്മ ഗർഭിണിയാകുന്നത്, അങ്ങനെയവർ, ആദ്യം നിരുപമയ്ക്കും, പിന്നീട് അനുപമയ്ക്കും ജന്മം നല്കി, എങ്കിലും, അവരെന്നെ ഉപേക്ഷിച്ചില്ല ,സ്നേഹം ഇത്തിരി കുറഞ്ഞെങ്കിലും, വളർത്തി വലുതാക്കി പഠിപ്പിച്ച് എന്നെയൊരു ഉദ്യോഗസ്ഥനാക്കി , ഒരു പക്ഷേ, അതിൻ്റെ പ്രതിഫലമായിട്ടായിരിക്കും,

എന്നെ ഒരു പണക്കാരന് വിറ്റ് മുതലാക്കാൻ ,അവർ ഇങ്ങനെയൊരു കളി കളിച്ചത്, പക്ഷേ, എനിക്കവരോട് തെല്ലും വൈരാഗ്യം തോന്നുന്നില്ല, ചിലപ്പോൾ അന്ന് അവരെന്നെ ദത്തെടുത്തില്ലായിരുന്നെങ്കിൽ, ഞാനൊരിക്കലും ഇങ്ങനെയാവില്ലായിരുന്നു, ഇപ്പോൾ എനിക്ക് അച്ഛനും അമ്മയുമുണ്ട് ,സഹോദരിമാരുണ്ട്, ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യയും, അല്ലലില്ലാതെ ജീവിക്കാൻ നല്ലൊരു ഉദ്യോഗവുമുണ്ട്, എനിക്കത് മതി ,ആരോരുമില്ലാതെ അനാഥനായി ഏതെങ്കിലും തെരുവിൽ അലഞ്ഞ് നടക്കുന്നതിലും ഭേദമല്ലേ?

ഇത്തിരി കുറവുണ്ടെങ്കിലും, എല്ലാവരോടുമൊപ്പം സനാഥനായി സന്തോഷത്തോടെ കഴിയുന്നത്. ഡോക്ടറാൻ്റിയോട് ,അത്രയും പറഞ്ഞ് ക്ളിനിക്കിൽ നിന്നിറങ്ങുമ്പോൾ, മനസ്സ് പിടിപിട്ട് പോകുന്നത് പോലെ തോന്നിയത് കൊണ്ടാണ്, ഒരു ധൈര്യത്തിന് വേണ്ടി, അടുത്ത ബാറിൽ കയറി ലേശം കുടിച്ചത്, ഇനി കുടിക്കില്ല, രാധികയോട് സംസാരിച്ച് കഴിഞ്ഞപ്പോൾ, കുറച്ചാശ്വാസമായി. നീരജേട്ടാ.. കുളി കഴിഞ്ഞില്ലേ ? ദേ ചായ ചൂടാറുന്നതിന് മുൻപ് വന്ന് കുടിക്ക് കെട്ടോ പുറത്ത് നിന്ന് രാധികയുടെ വിളി കേട്ട് ,നീരജ് വേഗം തോർത്തെടുത്ത് തലതുവർത്തി .

മോനേ നീരജേ… നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനാ അമ്മ വന്നത് രാധിക കൊടുത്ത ചൂട് ചായ ,മൊത്തിക്കുടിച്ച് കൊണ്ടിരിക്കുമ്പോൾ, ഭവാനിയമ്മ അവരുടെ മുറിയുടെ വാതില്ക്കൽ വന്ന്, നീരജിനോട് പറഞ്ഞു. എന്താ അമ്മേ … പറയൂ… അനുപമയ്ക്ക് കല്യാണപ്രായമായി, അവൾക്ക് നല്ലൊരു ചെറുക്കനെ നോക്കണ്ടേ ? അതിനെന്താ അമ്മ ,നമ്മുടെ പഴയ ബ്രോക്കറോട് പറയാമായിരുന്നില്ലേ? നല്ല ആലോചന വല്ലതുമുണ്ടെങ്കിൽ കൊണ്ട് വരാൻ ങ്ഹാ, ഞാനയാളോട് സൂചിപ്പിച്ചിരുന്നു ,

ഒരു സർക്കാർ ജോലിക്കാരനെ നോക്കാൻ സർക്കാർ ജോലിക്കാരനോ അതിന് നല്ല സ്ത്രീധനം വേണ്ടേ അമ്മേ .. ? ങ്ഹാ, അത് വേണം, നമ്മുടെ കൈയ്യിലിപ്പോൾ, ആവശ്യത്തിന് സ്വർണ്ണമുണ്ടല്ലോ? പിന്നെ നാലഞ്ച് ലക്ഷം രൂപ കൂടി വേണം, അത് മോന് ലോൺ കിട്ടുമല്ലോ ? രാധികയുടെ സ്വർണ്ണം കണ്ടിട്ടാണ് അമ്മയുടെ ഈ ചാട്ടമെന്ന് നീരജിന് മനസ്സിലായി. അല്ലമ്മേ.. രാധികയ്ക്ക് കിട്ടിയ സ്വർണ്ണത്തിൻ്റെ കാര്യമാണോ അമ്മ പറയുന്നത് ,അതിലിനി എത്ര ബാക്കിയുണ്ടാവും, അതിൽ നിന്നെടുത്തല്ലേ?

തോമായുടെ കടം വീട്ടിയതും, നിരുപമയെ സഹായിച്ചതും അത് കുറച്ചല്ലേ എടുത്തുള്ളു ,എന്തായാലും അൻപത് പവനെങ്കിലും ബാക്കിയുണ്ടാവും ഈശ്വരാ ..രാധികയുടെ ദേഹത്ത് കിടക്കുന്ന പത്ത് പവനും കഴിച്ച്, ഇനി അൻപത് പവനെന്ന് പറയുമ്പോൾ, ബാക്കി നാല്പത് പവനും വിറ്റ്തുലച്ചോ? പാവം രാധിക, അവളണിഞ്ഞ് നടക്കേണ്ട സ്വർണ്ണമാണ്, അമ്മയിങ്ങനെ ധൂർത്തടിക്കുന്നത് ,ഇനി അതവനുവദിച്ച് കൂടാ എങ്ങനെയെങ്കിലും, അമ്മയിൽ നിന്നും ആ സ്വർണ്ണം തിരിച്ച് വാങ്ങണമെന്ന്, നീരജ് മനസ്സിൽ കണക്ക് കൂട്ടി.

എൻ്റമ്മേ ..ഈ കാലത്ത് ഒരു സർക്കാർ ജോലിക്കാരനെ കിട്ടണമെങ്കിൽ കുറഞ്ഞത്, നൂറ് പവനും ,പത്ത് ലക്ഷം രൂപയുമെങ്കിലും കൊടുക്കണം, അമ്മയ്ക്ക് സർക്കാർ ജോലിക്കാരനായ മരുമകനെ തന്നെ കിട്ടണമെന്നുണ്ടെങ്കിൽ, ഞാനൊരു വഴി പറയാം എന്താ മോനേ നീ പറ? അതായത് അമ്മേ.. ടൗണിൽ ഇപ്പോൾ പുതിയൊരു ഫിനാൻസ് കമ്പനി വന്നിട്ടുണ്ട്, അവിടെ നമ്മൾ എത്ര രൂപ ഡെപ്പോസിറ്റ് ചെയ്താലും, കൃത്യം ഒരു വർഷം കഴിയുമ്പോൾ, അതിൻ്റെ ഇരട്ടി തിരിച്ച് കിട്ടും ങ്ഹേ നേരാണോ മോനേ? അതെ അമ്മേ.. ഞാൻ പറയുന്നത്,

അമ്മയുടെ കൈയ്യിലുള്ള അൻപത് പവൻ സ്വർണ്ണം ഇങ്ങെടുത്തോണ്ട് വാ, നാളെ ഞാനത് കൊണ്ട് കടയിൽ കൊടുത്തിട്ട്, വിറ്റ് കിട്ടുന്ന കാശ് മുഴുവൻ ,ആ കമ്പനിയിൽ കൊണ്ട് പോയി ഡെപ്പോസിറ്റ് ചെയ്യാം, അടുത്ത വർഷമാകുമ്പോൾ, നൂറ് പവൻ സ്വർണ്ണം വാങ്ങാനുള്ള കാശായി, അത് തിരിച്ച് നമുക്ക് കിട്ടില്ലേ?അപ്പോൾ അമ്മയുടെ ആഗ്രഹം പോലെ, അനുപമയെ നല്ല ഒന്നാന്തരം സർക്കാർ ജോലിക്കാരന് കെട്ടിച്ച് കൊടുക്കുകയും ചെയ്യാം അത് കേട്ട് ഭവാനിയമ്മയുടെ കണ്ണുകൾ തിളങ്ങി.

അത് ശരിയാ മോനേ … അമ്മ ഇപ്പോൾ തന്നെ പോയി സ്വർണ്ണമെടുത്തോണ്ട് വരാം നീരജേട്ടാ… അമ്മയോട് പറഞ്ഞത് സത്യമാണോ? അമ്മ സ്വർണ്ണമെടുക്കാനായി തിരിച്ച് പോയപ്പോൾ, രാധിക നീരജിനോട് ചോദിച്ചു. ഒരിക്കലുമല്ല ,എങ്ങനെയെങ്കിലും അമ്മയുടെ കൈയ്യിൽ നിന്ന് ബാക്കി സ്വർണ്ണമെങ്കിലും തിരിച്ച് വാങ്ങിയില്ലെങ്കിൽ, അത് കൂടി നിനക്ക് നഷ്ടപ്പെടും ,അതുണ്ടാവാതിരിക്കാൻ ഞാനത് വാങ്ങി ബാങ്ക് ലോക്കറിൽ വയ്ക്കാൻ പോകുവാ, ഇനി അതിനെക്കുറിച്ച് അമ്മ അടുത്ത വർഷമേ അന്വേഷിക്കുകയുള്ളു,

ആ സമയത്ത്, നമുക്ക് എന്തെങ്കിലും കളവ് പറയാം, ഇപ്പോൾ തന്നെ പത്ത് നാല്പത് പവൻ സ്വർണ്ണവും നാലഞ്ച് ലക്ഷം രൂപയും അമ്മ, സ്വന്തം ഇഷ്ടപ്രകാരം ചിലവാക്കി തീർത്തു ,ഇനിയതാവർത്തിക്കാൻ പാടില്ല ,മരുമകളുടെ മുതല് കൊണ്ട്, പെൺമക്കളുടെ ഭാവി ഭദ്രമാക്കാൻ നോക്കുന്ന അമ്മയുടെ സ്വഭാവം, ഒരിക്കലും അംഗീകരിച്ച് കൊടുക്കാൻ കഴിയില്ല രാധികയ്ക്ക് നീരജിനോട് ബഹുമാനം തോന്നി. വൈകിയാണെങ്കിലും ,തൻ്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കി തന്ന മുതല് ,ഇനിയെങ്കിലും സംരക്ഷിക്കണമെന്ന് അദ്ദേഹത്തിന് തോന്നിയല്ലോ?

പിറ്റേന്ന്, രാധികയ്ക്കൊരു സന്തോഷവാർത്തയുമായിട്ടാണ് നീരജ് ഓഫീസിൽ നിന്ന് വന്നത്. രാധികേ.. എനിക്ക് വയനാട്ടിലേക്ക് ട്രാൻസ്ഫറായി അത് കേട്ട് രാധികയുടെ മുഖം വാടി. അപ്പോൾ എന്നെ തനിച്ചാക്കി പോകുവാണോ? ഹേയ്, എന്നാര് പറഞ്ഞു ,എൻ്റെയൊപ്പം നീയുമുണ്ടാവും ,ഇനി കുറച്ച് നാളത്തേയ്ക്ക് ഞാനും നീയും മാത്രമുള്ള ഒരു കുഞ്ഞ് ലോകത്തേയ്ക്കാണ് നമ്മൾ പോകുന്നത് ,അവിടെ നിന്നെ ശകാരിക്കാനും, കഷ്ടപ്പെടുത്താനും ആരും വരില്ല അത് കേട്ട് സന്തോഷാതിരേകത്താൽ, പരിസരം മറന്ന് രാധിക അവനെ കെട്ടിപ്പുണർന്നു.

തുടരും

സ്ത്രീധനം : ഭാഗം 5