Saturday, October 5, 2024
Novel

വേളി: ഭാഗം 15

രചന: നിവേദ്യ ഉല്ലാസ്‌

നാണ്യമ്മുമ്മ പറഞ്ഞ കഥകൾ കേട്ടുകൊണ്ട് നിന്നപ്പോൾ ആണ് നിരഞ്ജന്റെ ഫോൺ ശബ്‌ദിച്ചത്… നോക്കിയപ്പോൾ ‘അമ്മ ആണ്.. അവൻ കാൾ കട്ട് ചെയ്തു… അവനു അവരോട് കലശലായ ദേഷ്യം വന്നു.. ഇവർ കാരണം ആണ് ഈ പാവം പെണ്കുട്ടിക്ക് ഈ ഗതി വന്നത്… ഇവളെ കുറിച്ച് യാതൊന്നും ‘അമ്മ പറഞ്ഞതുമില്ല… എന്തൊരു ദ്രോഹം ആണ് അവളോട് കാട്ടി കൂട്ടിയത്.. . ഇനി പ്രിയേ കുറിച്ചുള്ള കഥകൾ ഒന്നും അമ്മയ്ക്ക് അറിയില്ലേ ആവോ.. അറിഞ്ഞു കൊണ്ട് അമ്മ ഇങ്ങനെ ഒക്കെ…. ഓർത്തുകൊണ്ട് നിന്നപ്പോൾ വീണ്ടും അവന്റെ ഫോൺ ചിലച്ചു.. അവൻ അപ്പോളും ഫോൺ എടുത്തില്ല…

പ്രിയ അവർക്കരികിലേക്ക് നടന്നു വന്നു… കാത്തു നിന്നു മുഷിഞ്ഞോ രണ്ടാളും അവൾ ചോദിച്ചു… അവളുടെ സീമന്ത രേഖയിലെ സിന്ദൂരം വിയർപ്പിൽ അവളുടെ നെറ്റിത്തടത്തിലേക്ക് ഒലിച്ചിറങ്ങിയിരുന്നു… മോളേ ഇന്നു മടങ്ങുവാനോ രണ്ടാളും.. മോൻ പറഞ്ഞു ഇന്ന് തന്നെ തിരിക്കണംന്ന്.. നാണിഅമ്മുമ്മ ചോദിച്ചപ്പോൾ അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി… മടങ്ങണം അമ്മുമ്മേ, രാവിലെ തിരിക്കണം, അത്ര ദൂരം ഡ്രൈവ് ചെയ്തു പോകണ്ടതല്ലേ… അവൻ പറഞ്ഞു. ഇനി എന്ന് കാണും ന്റെ കുട്ടിയെ അവർ ചോദിച്ചു.. അവൾ അതിനു ഉത്തരം പറഞ്ഞില്ല അവരോട്..

നാണിഅമ്മുമ്മയെ അവരുടെ വീട്ടിൽ ആക്കിയിട്ട് അവർ രണ്ടാളും കൂടി നടന്നു. ഇയാൾ എന്റെ കൂടെ വരുന്നില്ല എന്ന കാര്യം വീട്ടിൽ അവതരിപ്പിച്ചോ… അവൻ ചോദിച്ചു.. ഞാൻ അഛനോട്‌ പറഞ്ഞു ഏട്ടാ… അമ്മയോട് ഒന്നും പറഞ്ഞില്ല… കുറച്ചു ദിവസം ഇവിടെ നിന്നിട്ട് ഞാൻ പോകുന്നുള്ളൂ എന്നാണ് തത്കാലം അമ്മയോട് പറയുന്നുള്ളു… അവൾ മറുപടി കൊടുത്തു.. പിന്നെ കൂടുതൽ ഒന്നും അവൻ ചോദിച്ചില്ല.. വീണ്ടും അവന്റെ ഫോൺ ചിലച്ചു.. അമ്മയാണ് വിളിക്കുന്നത്. ഇതാ സംസാരിക്ക്.. ഇനി ഞാൻ പോയാൽ തനിക്ക് അമ്മയോട് ഒരുപക്ഷെ സംസാരിക്കാൻ സാധിച്ചെന്നു വരില്ല..

അവളുടെ മറുപടി കാക്കാതെ അവൻ ഫോൺ അറ്റൻഡ് ചെയ്തിട്ട് പ്രിയയുടെ കെയിൽ വെച്ച് കൊടുത്തു.. അവൾക്ക് ഫോൺ മേടിക്കാതെ വേറെ നിവർത്തിയില്ലാരുന്നു.. ഹലോ അമ്മാ… അവൾ വിളിക്കുന്നത് അവൻ കേട്ടു. ഇല്ല ഞങ്ങൾ അമ്പലത്തിൽ പോയിരുന്നു.. അതാ ഏട്ടൻ കട്ട് ആക്കിയത്.. മ്മ് ഇന്ന് തന്നെ വരും.. ആണോ അവർ എപ്പോളെത്തി .. ആഹ… അത് ശരി,ഓക്കേ ‘അമ്മ, ഞാൻ ഏട്ടന് കൊടുക്കാം.. നിരഞ്ജന്റെ കൈയിലേക്ക് അവൾ ഫോൺ കൈമാറി.. അവൻ ഒന്ന് രണ്ട് വാക്ക് സംസാരിച്ചിട്ട് ഫോൺ കട്ട് ചെയ്തിരുന്നു. പദ്മിനി ആന്റ്റി വന്നു, ഇയാളെ കാണാൻ വെയിറ്റ് ചെയുവാ ന്നു പറയുന്നു…

അവർക്കു മരിയേജ്ന് വരാൻ സാധിച്ചില്ല… അവൻ പറഞ്ഞു.. ഞാൻ എന്തായാലും ഇനി വരണില്യ ഏട്ടാ.. ഏട്ടൻ പൊയ്ക്കോളൂ…. ഞാൻ ഇനി എവിടേക്കും വരുന്നില്ല.എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല, അവൾ പറഞ്ഞു… അപ്പോൾ ഈ താലി മാല എപ്പോൾ എനിക് തരുന്നത് ഇയാളു… അവൻ അവളുടെ മുഖത്തേക്ക് നോക്കി.. പെട്ടന്ന് ആ മുഖത്തു ഒരുപാട് ഭാവപ്പകർച്ചകൾ മാറി മാറി വന്നു… ഇയാൾ എന്താ മറുപടി പറയാത്തത്.. ഇത് തന്നിരുന്നു എങ്കിൽ എനിക്ക് താമസിയാതെ മടങ്ങാമായിരുന്നു.. അവൻ വീണ്ടും പ്രിയയെ നോക്കി പറഞ്ഞു. . ഇത്രയും ദിവസത്തെ പരിചയം വെച്ചെങ്കിലും എനിക്ക് തന്നുടെ ഏട്ടാ ഇത്..

വേറൊന്നും വേണ്ടായിരുന്നു,ഇത് മാത്രം അവൾ പതറാതെ അവനോട് ചോദിച്ചു…പക്ഷെ ശബ്‌ദം ഇടറിയിരുന്നത് നിരഞ്ജൻ തിരിച്ചറിഞ്ഞു. അതെങ്ങനെ ശരിയാകും പ്രിയേ.. തനിക്ക്‌ ഇനി ഒരു ജീവിതം വേണ്ടേ.. ഈ മാലയും കഴുത്തിൽ ഇട്ടിരുന്നാൽ എങ്ങനെ ശരിയാകും…. ഇനി ഇതൊരു ബാധ്യത ആവേണ്ടടോ…. അതിങ്ങട് തന്നേക്ക്.. തനിക്കൊരു ജീവിതം…. ഇനിയും പരീക്ഷണം ഏറ്റു വാങ്ങാൻ ഈ പ്രിയ ഇനി ഈ ഭൂമിയിൽ കാണണോന്നു ആണ് ആവൾ അപ്പോൾ ചിന്തിച്ചത്.. അവന്റെ ചോദ്യത്തിനുള്ള മറുപടിയായി അവൾ ഒന്നു പുഞ്ചിരിച്ചു… അത് ഏത് ഭാവം ആണെന്ന് അവനു പക്ഷെ മനസിലായില്ല…. നിരഞ്ജൻ ചോദിച്ചാലും ഇത് കൊടുക്കില്ലെന്ന് അവൾ തീരുമാനിച്ചിരുന്നു…

വീടെത്തിയപ്പോൾ ഹേമയും മക്കളും പോകാൻ തയ്യറായി നിൽക്കുകയാണ്.. ആഹ് ചേച്ചി ഇറങ്ങുവാനോ.. എന്തെ ഇത്ര ദൃതി.. എന്ന് ചോദിച്ചുകൊണ്ട് പ്രിയ അവർക്കരികിലേക്ക് വന്നു… അയ്യോ… ഇറങ്ങുവാ പ്രിയേ ഞങ്ങൾ… അമ്മക്ക് ഇന്നൊരു കല്യാണം ഉണ്ട്. അമ്മ പോകും മുൻപ് അവിടെ എത്തണം ഞങ്ങൾക്ക്… മീര അപ്പോൾ പ്രിയയുടെ അടുത്തേക്ക് ചെല്ലുന്നത് നിരഞ്ജൻ കണ്ടു… പ്രിയേ നിനക്ക് ഒരുപാട് സ്വർണം ഒക്കെ നിന്റെ അമ്മായിമ്മ കരുതിവെച്ചില്ലേ… ദേവേട്ടൻ മേടിച്ച ആ വളകൾ നീ ഹേമക്ക് അങ്ങ് കൊടുത്തേക്ക്.. അവൾക്ക് രാജൻ അമ്മാവന്റെ മോൾടെ കല്യാണത്തിന് പോകണമെന്ന് അടുത്ത ആഴ്ച…

അതിനെന്താ ചേച്ചി ഇത് എടുത്തോളൂ, എന്നും പറഞ്ഞു അവൾ ആ വളകൾ ഊരി അപ്പോൾ തന്നെ ഹേമക്ക് കൊടുത്തു….മീരയുടെ മുഖം അപ്പോൾ തെളിഞ്ഞു… ഹേമയുടെ മക്കൾക്ക് കെട്ടിപിടിച്ചു മുത്തം കൊടുത്തു കൊണ്ട് പ്രിയ അവരെ യാത്ര ആക്കിയത്. ഇവൾ എത്ര പാവം ആണെന്ന് നിരഞ്ജൻ ഓർത്തു.. താൻ ഭാഗ്യം ഇല്ലാത്തവൻ ആണ്, അല്ലെങ്കിൽ ഇവളെ തനിക്ക് കിട്ടിയേനെ, നാണി അമ്മൂമ്മ പറഞ്ഞത് പോലെ നന്മകൾ മാത്രം മനസിൽ ഉള്ള ഈ കുട്ടിയേ കിട്ടാൻ തനിക്ക് യോഗം ഇല്ല…എന്ന് അവൻ വിചാരിച്ചു.. ഇവളെ കിട്ടുന്നവൻ ആരായാലും അവൻ ഇവളെ പൊന്നുപോലെ നോക്കുമെന്നു അവനു ഉറപ്പുണ്ടായിരുന്നു…

നിരഞ്ജൻ ഉമ്മറത്തു കിടക്കുന്ന ഒരു കസേരയിൽ ഇരിക്കുകയാണ്…. ദേവൻ അപ്പോൾ അവന്റെ അരികിലേക്ക് വന്നു… ബാക്കി എല്ലാവരും അകത്താണ് അപ്പോൾ… മോനെ….. ന്റെ കുട്ടിയെ തനിച്ചാക്കി ഇവിടുന്നു മോൻ പോകരുത്.. അവൾക്ക് അത് താങ്ങാൻ കഴിയില്ല.. അവളോളം ഒരു പാവം പെൺകുട്ടി ഈ ഭൂമിയിൽ ജനിച്ചിട്ടില്ല… ന്റെ കുട്ടിയെ കൈ വെടിയരുത്… അയാൾ കണ്ണ് നിറഞ്ഞൊഴികിയത് തുടച്ചുകൊണ്ട് പറഞ്ഞു… ഒരു വേള നിരഞ്ജൻ ഒന്നു പതറി.. ഞാൻ എല്ലാ കഥകളും അറിഞ്ഞു.. മോൻ എന്റെ കുട്ടിയെ ഓർത്തു കഴിഞ്ഞതെല്ലാം മറക്കണം… നിങ്ങൾ ജീവിച്ചു തുടങ്ങുമ്പോൾ കഴിഞ്ഞത് എല്ലാം ഒരു ദു സ്വപ്നം ആയി മറക്കും… ഉറപ്പ്.

ഞാന് എന്റെ മോന്റെ കാലു പിടിക്കാം… അയാൾ പറഞ്ഞു നിറുത്തി. നിരന്ജൻ ഒരു വാക്ക് പോലും മറുത്തു പറഞ്ഞില്ല… അവനു അറിയില്ലായിരുന്നു എന്ത് ചെയ്യണമെന്ന് പോലും.. മോനേ…. ആ പെൺകുട്ടിയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കു മോനേ.. വിവാഹത്തിന് മുന്നേ പ്രണയം ഒക്കെ മിക്ക കുട്ടികൾക്കും കാണും.. അത ഒക്കെ പ്രായത്തിന്റെ വെറും ചാപല്യങ്ങൾ ആണെന്ന് കരുതിയാൽ മാത്രം മതി… അപ്പോളേക്കും മീര അങ്ങോട്ട് വന്നു… അവൾ ഒളിഞ്ഞു നിന്ന് കേട്ടിരുന്നു ദേവന്റെ സംഭാഷണം..നിരഞ്ജൻ മറ്റൊരു പെണ്ണിനെ ഇഷ്ടപെടുന്ന കാര്യം ദേവൻ അവനോട് ചോദിച്ചത് എല്ലാം അവൾ കേട്ടിരിക്കുന്നു .

എന്താ ദേവേട്ടാ ഈ പറയുന്നത് നിങ്ങള് .. ഇവളെ ഉപേക്ഷിക്കരുതെന്നോ… ഇവൻ പിന്നെ അവളെ കെട്ടിയെടുത്തോണ്ട് പോയത് എന്തിനാ പിന്നെ… ഇത്രയും നേരം മോനെ എന്ന് വിളിച്ച ഈ സ്ത്രീയുടെ വായിൽ നിന്ന് വീണത് കേടട്ട് കൊണ്ട് . നിരഞ്ജൻ തറഞ്ഞ് ഇരുന്നു നീ മിണ്ടാതിരിക്ക് മീര… വെറുതെ ഒച്ച ഉണ്ടാക്കല്ലേ…ദേവൻ മയത്തിൽ പറഞ്ഞു… നിങ്ങളുമിണ്ടരുത്… അങ്ങോട്ട് ചെന്ന് ഇവന്റെ തള്ളേടെ പത്രാസ് കണ്ടപ്പോൾ മയങ്ങി പോയോ നിങ്ങൾ… ഒന്നും ആലോചിക്കത്തെ കെട്ടിച്ചു വിട്ടിട്ട്… 4ദിവസം ഇവന്റെ കൂടെ പൊറുത്തിട്ടു വന്നവൾ ഇനി ഇവിടെ കെട്ടിലമ്മയായിട്ട് വാഴാൻ അന്നോ… നടക്കില്ല കെട്ടോ..

മീരക്ക് ഭ്രാന്ത് കയറിയത് പോലെ ആണ്‌ പെരുമാറിയത്.. നീ നിർത്തു മീര.. ഈ തവണ ദേവന്റെ മുഖം കനത്തു.. ഓഹ് നിങ്ങൾ എന്നെ പേടിപ്പിക്കണ്ട കെട്ടോ.. പുന്നാര മോൾ തള്ളയെ പോലെ പിഴച്ചു പെറ്റാലും നിങ്ങൾക്ക് കൊഴപ്പമില്ലലെ… എടി എന്നലറി വിളിച്ചോണ്ട് ദേവൻ മീരയുടെ കരണകുറ്റി നോക്കി ഒന്നു പൊട്ടിച്ചു… മീര തലകറങ്ങി പോയി… അവൾക്കാദ്യമായിട്ടാണ് അങ്ങനെ ഒരു അനുഭവം ഉണ്ടായത്.. അയ്യോ ചെറിയച്ഛ… എന്ന് വിളിച്ചുകൊണ്ട് പ്രിയ ഓടിവന്നു… മീര അപ്പോൾ കലിപൂണ്ടു മുറ്റത്തേക്ക് ഇറങ്ങി.. അവിടെ നിന്ന പേര മരത്തിന്റെ ചാഞ്ഞു കിടന്ന ഒരു ശിഖരം ഓടിച്ചെടുത്തു ഉമ്മറത്തേക്ക് വന്നു…

എടി… ഇവിടെ വാടി ഒരുമ്പെട്ടോളെ എന്നും പറഞ്ഞു പാഞ്ഞു വന്നു പ്രിയ്കിട്ടു തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.. പിന്തിരിഞ്ഞു നിന്നത്കൊണ്ട് എല്ലാ അടിയും അവളുടെ പുറത്താണ് പതിഞ്ഞത്.. നിരഞ്ജൻ മീരയെ പിടിച്ചു മറ്റും മുൻപ് ദേവനും ആര്യയും കൂടി അവളെ കൂട്ടികൊണ്ട് പോയി… പ്രിയ വേദന കൊണ്ട് പുളഞ്ഞെങ്കിലും കരഞ്ഞില്ല.. ഒരു തുള്ളി കണ്ണീരുപോലും വന്നില്ല.. നിരഞ്ജൻ എന്ത് ചെയ്യണം ന്നറിയാതെ നോക്കി നിൽക്കുകയാണ്.. എല്ലാ മുഖത്തും വിഷമം ആണ്, കിരൺ ഒഴികെ.. പ്രിയ പതിയെ നിരഞ്ജന്റെ അടുത്തേക്ക് വന്നു.. മതിയായില്ലേ നിങ്ങൾക്ക്.. ഇറങ്ങി പൊയ്ക്കൂടേ ഇനിയെങ്കിലും….……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…