Saturday, January 18, 2025
Novel

ശ്യാമമേഘം : ഭാഗം 6

എഴുത്തുകാരി: പാർവതി പാറു

നാലാമത്തെ ദിവസം പുറത്ത് കോരി ചൊരിയുന്ന മഴയിലേക്ക് കണ്ണും നട്ട് ആ ആശുപത്രി വരാന്തയിൽ അനി നിന്നു … മഴ അവനൊരു വികാരം ആണ്… മഴ പെയ്യുംമ്പോൾ അവന്റെ കണ്ണുകൾ ഭൂമിയിൽ നിന്ന് അങ്ങകലെ ഉള്ള ആകാശത്ത് ആയിരിക്കും.. ….. ഇരുണ്ട മേഘപടലങ്ങളിൽ അവന് അവന്റെ മേഘയെ കാണാം…. അവൾക്കും മഴയോട് വല്ലാത്ത ഭ്രാന്ത് ആണ്…. മഴ നനയാൻ.. മഴയിൽ ബുള്ളറ്റിൽ തന്നെ കെട്ടിപിടിച്ചു പറക്കാൻ… മഴ നനഞ്ഞുകൊണ്ട് ഐസ്ക്രീം നുണയാൻ …. മഴ പെയ്തൊഴിയുമ്പോൾ ആ ഹിൽ സ്റ്റേഷനിലെ ഒൻമ്പതാം വളവിലെ ചായക്കടയിൽ നിന്ന് കട്ടനടിക്കാൻ….

അങ്ങനെ ഓരോ കുഞ്ഞു കുഞ്ഞു വട്ടുകൾ നിറഞ്ഞതായിരുന്നു അവരുടെ എല്ലാ മഴക്കാലവും .. അങ്ങനെ ഉള്ള ചെറിയ ഭ്രാന്തുകൾ അല്ലേ ഓരോ പെണ്ണിനേയും സന്തോഷിപ്പിക്കുന്നത്…. അല്ലെങ്കിൽ അത്തരം കിറുക്കുകൾ അല്ലേ അവളെ പെണ്ണാക്കുന്നത്… ആ കുട്ടിക്ക് ബോധം വരുന്നുണ്ട്… ഡോക്ടർ അകത്തേക്ക് വരാൻ പറഞ്ഞു… സിസ്റ്റർ വന്നു പറഞ്ഞപ്പോൾ പ്രദീക്ഷയോടെ ആണ് അനി അകത്തേക്ക് നടന്നത്… അവൾ കണ്ണ് തുറന്നിട്ടില്ല.. പക്ഷെ ഉണരാൻ എന്ന പോലെ തലയും കൈകാലുകളും ഇളക്കുന്നുണ്ട്….

അബോധാവസ്ഥയിൽ നിന്ന് ബോധത്തിലേക്കുള്ള യാത്രയിൽ ആണ് അവളെന്ന് അവന് തോന്നി… കുട്ടി… കണ്ണ് തുറക്കാൻ നോക്കൂ…. ഡോക്ടർ അവൾക്ക് അരികിൽ നിന്ന് പറഞ്ഞു.. പറ്റുന്നില്ല..കണ്ണിന് വല്ലാത്ത വേദന…. അവൾ തല അങ്ങോട്ട്‌ ഇങ്ങോട്ടും ആട്ടി വിക്കി വിക്കി പറഞ്ഞു.. യൂ ക്യാൻ.. ട്രൈ.. .ഇല്ല.. എനിക്ക് പറ്റുന്നില്ല…. സിസ്റ്റർ അവളുടെ കണ്ണുകളിൽ നനഞ്ഞ കോട്ടൺ തുണികൊണ്ട് ഒപ്പി കൊടുത്തു… സാരമില്ല… മെല്ലെ ശ്രമിച്ചാൽ മതി… ഡോക്ടർ അവളെ സമാധാനിപ്പിച്ചു… ഞാൻ.. ഞാനിത് എവിടെയാ….. അവൾ ചോദിച്ചു.. ഹോസ്പിറ്റലിൽ ആണ്… നാല് ദിവസം ആയി ഇവിടെ വന്നിട്ട്…. എന്നെ..

എന്നെ ആരാ ഇവിടെ കൊണ്ടുവന്നേ…. ഞാൻ ആണ്… അനി അവൾക്കരികിലേക്ക് നീങ്ങി നിന്നു കൊണ്ട് ചെവിയോരം പറഞ്ഞു… നിങ്ങൾ… .നിങ്ങളാരാ… അതൊക്കെ പറയാം.. അതിന് മുൻപ് താൻ പറയൂ.. എന്താ തന്റെ പേര്…. ശ്യാമ…. അവൾ പറഞ്ഞു… ശ്യാമയുടെ വീട് എവിടെയാ… വീട്… വീട്.. അവൾ എന്തോ ഓർത്തു… എനിക്ക് വീട് ഇല്ല.. എനിക്ക് ആരും ഇല്ല.. അവൾ പറയുന്നത് നുണ ആണെന്ന് അറിഞ്ഞിട്ടും അനിയും ഡോക്ടറും പിന്നീട് ഒന്നും ചോദിച്ചില്ല…. താൻ മെല്ലെ കണ്ണ് തുറക്കാൻ ശ്രമിക്കൂ… എന്ന് പറഞ്ഞുകൊണ്ട് ഡോക്ടറും അനിയും പുറത്തേക്ക് ഇറങ്ങി.. സി.. അനി ഇത് തനിക്കൊരു പണി ആവും എന്നാ തോന്നുന്നത്….

ആ കുട്ടിയുടെ ഉദ്ദേശം എന്താണെന്ന് പറയാൻ പറ്റില്ല.. എത്രയും പെട്ടന്ന് പോലീസ് ന് ഹാൻഡ് ഓവർ ചെയ്യുന്നതാവും നല്ലത്… വരട്ടെ ഡോക്ടർ.. ആദ്യം അവൾ കണ്ണ് തുറന്ന് ഒന്ന് ഒക്കെ ആവട്ടെ.. അപ്പോഴും ഇങ്ങനെ തന്നെ പറയുകയാണെങ്കിൽ നമുക്ക് അപ്പോൾ നോക്കാം… ഡോക്ടർ ആ കുട്ടി കണ്ണ് തുറന്നു… പക്ഷെ… സിസ്റ്റർ പറയുന്നത് മുഴുവൻ കേൾക്കും മുൻപ് അനി റൂമിലേക്ക് കയറി… ഡോക്ടർ.. ഡോക്ടർ എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല.. ആകെ ഒരു ഇരുട്ട് മാത്രം.. കറുപ്പ്… മുഴുവൻ കറുപ്പ് ആണ് ഡോക്ടർ… ഡോക്ടർ എന്റെ കാഴ്ചശക്തി നഷ്ടമായോ ഡോക്ടർ…. അവൾ അലമുറയിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു…

അനി അവളുടെ കരച്ചിൽ കണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ അനി നിന്നു… ഇക്കാലം അത്രയും കണ്ട കാഴ്ചകളും.. നിറങ്ങളും ഒരു ദിവസം പെട്ടന്ന് കണ്ണിൽ നിന്ന് ഓടി അകലുകയാണെങ്കിൽ… ഉണർന്നിരിക്കുമ്പോൾ പോലും കണ്ണടക്കുമ്പോൾ കാണുന്ന ഇരുട്ടിനെ ഇഷ്ടപ്പെടാത്ത ഒരാൾക്ക് ജീവിതം മുഴുവൻ ആ ഇരുട്ടിനെ പിന്തുടരേണ്ടി വരികയാണെങ്കിൽ…. അസഹ്യം തന്നെ അല്ലേ…. അവൾ അപ്പോഴും അലമുറയിട്ട് കരയുകയാണ്.. അവളുടെ കൃഷ്ണമണികൾക്ക് വല്ലാത്ത തിളക്കം ഉണ്ടായിരുന്നു…

ഒരു പക്ഷെ അവളുടെ ഉൾക്കണ്ണിന്റെ പ്രതിഫലനം പോലെ. ഡോക്ടർ അനിയെ കൂട്ടി പുറത്തേക്കിറങ്ങി…. ഞാൻ ഇത് പ്രദീക്ഷിച്ചതാണ് അനി.. എന്ത് അവളുടെ കാഴ്ച നഷ്ടപ്പെടും എന്നോ.. അതെ…. ഞാൻ പറഞ്ഞിരുന്നില്ലേ.. ശ്യാമക്ക് തലക്ക് കാര്യമായിട്ട് ക്ഷതം സംഭവിച്ചിട്ടുണ്ട്… എവിടെ എങ്കിലും തലയിടിച്ചു വീണതാവാം… ആ സമയത്ത് തലച്ചോറിന്റെ ഓക്‌സിപ്പിറ്റൽ ഭാഗത്ത്‌ അതായത് നമ്മുടെ കാഴ്ചയും കേൾവിയും ഒക്കെ നിയന്ത്രിക്കുന്ന ഭാഗം… അവിടെ ബ്ലീഡിങ് സംഭവിചിരിക്കാം… അതിന്റെ ഫലമായി ആ ഞരമ്പുകൾ പ്രവർത്തിക്കാതെ ആവാം..

അപ്പോൾ ഡോക്ടർ അവൾക്കിനി ഒരിക്കലും കാഴ്ച കിട്ടില്ലേ… അങ്ങനെ ഉള്ള കേസുകൾ സാധാരണ കുറവാണ്.. അതെല്ലാം ബ്ലീഡിങ് എത്രത്തോളം ഉണ്ടായിരിക്കും എന്നതിനെ അനുസരിച്ചു ഇരിക്കും.. ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ എടുത്തു ആ ബ്ലീഡിങ് അബ്സർബ് ആവുന്നതോടെ കാഴ്ച തിരിച്ചു കിട്ടാവുന്നതേ ഉള്ളൂ… അത് ആ കുട്ടിയെ പറഞ്ഞു മനസിലാക്കണം.. തീർച്ചയായും ഇപ്പോൾ ആ കുട്ടിയുടെ മാനസികാവസ്ഥ വളരെ കഷ്ടം ആവും… സമയം എടുത്ത് ക്ഷമയോടെ അവൾ അത് ഉൾക്കൊള്ളണം… അനി തനിക്ക് കഴിയില്ലേ അതിന്… സാർ.. ഞാനോ.. ഞാൻ.. ഞാൻ എങ്ങനെ… തനിക്ക് പറ്റും..

ഒന്നും ഇല്ലെങ്കിലും താനൊരു കൗൺസിലർ അല്ലേ… തന്നെ പോലൊരു മെന്റലിസ്റ്റിനേ ആ കുട്ടിയെ പറഞ്ഞു മനസിലാക്കാൻ ആവൂ… .എത്രയും പെട്ടന്ന് ആ കുട്ടി അത് ആക്‌സെപ്റ്റ് ചെയ്തേ മതിയാവൂ.. ഡോക്ടർ നടന്നകലുന്നതും നോക്കി അനി നിസ്സഹായൻ ആയി നിന്നു.. എത്ര പെട്ടന്നാണ് ഞാനും ശ്യാമയും എന്ന തികച്ചും അപരിചിതരായ രണ്ടുപേർക്കിടയിൽ അദൃശ്യമായ ഒരു കണ്ണി വിലക്കപ്പെട്ടത്… അവൾ കരഞ്ഞപ്പോൾ തന്റെ ഹൃദയം എന്തിന് വേണ്ടി ആണ് പിടഞ്ഞത്… അവന് വല്ലാത്തോരു അസ്വസ്ഥത അനുഭവപ്പെട്ടു.. അവൻ ഫോണെടുത്ത് മേഘയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു നിമിഷം അവൾ മൗനം ആയിരുന്നു… ഒടുവിൽ അവൾ തന്നെ പറഞ്ഞു.. എന്റെ അനി.. നിനക്കിത് എന്തു പറ്റി… നിന്നോളം പോസിറ്റിവിറ്റി ഉള്ള ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. നിന്റെ വാക്കുകളിൽ നിന്ന് കിട്ടുന്ന ആ ഒരു കോൺഫിഡൻസ് എത്രെ ആണെന്നോ.. ഒന്നുമില്ലെങ്കിലും നിന്റെ പ്രഫഷൻ തന്നെ അല്ലേ അത്.. ഇത്രയും വലിയ മോട്ടിവേഷണൽ സൈക്കോളജിസ്റ്റിന് അവളെ ഒക്കെ ആക്കാൻ പറ്റില്ലേ.. ഡോക്ടർ പറഞ്ഞതാണ് ശരി.. നീ ചെല്ല് അവളുടെ അവസ്ഥയെ പറഞ്ഞു മനസിലാക്ക്… മേഘേ അത്… എനിക്ക് അറിയാം നിന്റെ പ്രശ്നം എന്താണെന്ന്…

നിനക്ക് അവളെ നിന്റെ അടുത്ത് കൗണ്സിലിംഗിന് വരുന്ന ഒരാളായി കാണാൻ സാധിക്കുന്നില്ല… ഞാനല്ലാതെ ഒരു പെണ്ണും നിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.. അമ്മ പോലും… തികച്ചും അപരിചിത ആയ അവളോട്‌ എങ്ങനെ സംസാരിക്കണം എന്ന് നിന്നെ വല്ലാതെ അലട്ടുന്നുണ്ട്… ഒപ്പം നിന്റെ എല്ലാം എല്ലാം ആയ ഞാൻ അതിനെ എങ്ങനെ സ്വീകരിക്കും എന്നും.. അല്ലേ… മ്മ്.. അവൻ മൂളി എന്റെ കുട്ടി വല്ലാതെ കാടുകേറി ചിന്തിക്കണ്ട… എനിക്ക് അറിയാം എന്റെ അനിയെ…. നീ ചെല്ല്…. അവളുടെ വാക്കുകൾ തന്ന ശക്തിയിൽ അവൻ മുറിയിലേക്ക് കയറി ചെരിഞ്ഞു കിടന്ന് തലയിണയിൽ മുഖം അമർത്തി കരയുകയാണ് ശ്യാമ.. അല്ലെങ്കിലും പെണ്ണിന്റെ വേദന തലയണയോളം കണ്ട മറ്റാരുണ്ട് ഈ ഭൂമിയിൽ…

അവൻ ഓർത്തു… അവൻ അവളുടെ അരികിലെ കസേരയിൽ ചെന്നിരുന്നു.. അവന്റെ സാമിഭ്യം അറിഞ്ഞ പോലെ അവളുടെ തല ചെറുതായൊന്ന് ഉയർത്തി… കണ്ണീർ തുടച്ചു.. അരികിൽ ഞാൻ ഉണ്ടെന്ന് ശ്യാമ എങ്ങനെ അറിഞ്ഞു.. അവൻ സൗമ്യമായി ചോദിച്ചു… എനിക്ക് മനസിലായി.. ആ മണം… ഒരിക്കലും പരിചിതം അല്ലാത്ത ആ മണം… അവളുടെ വാക്കുകളിൽ വേദന ഉണ്ടായിരുന്നു… നല്ല മണം ആണോ അതോ മോശമാണോ… അത് ഓരോരുത്തരുടെയും ഇഷ്ടങ്ങൾക്കനുസരിച്ചല്ലേ… മീൻ വിൽക്കുന്നവന് അവനാസ്വദിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ സുഗന്ധം മൽസ്യങ്ങളുടേതെന്ന പോലെ…

അവളുടെ വാക്കുകൾക്ക് എന്തൊക്കെയോ പ്രത്യേകതകൾ അവന് തോന്നി… ശ്യാമക്ക് ഏറ്റവും ഇഷ്ടം എന്ത് മണം ആണ്… എനിക്ക്.. എനിക്കേറ്റവും ഇഷ്ടം വിയർപ്പിന്റെ ഗന്ധം ആണ്… ഞാൻ കഴിക്കുന്ന ഒരു പിടി ചോറ് മുതൽ ധരിച്ചിരിക്കുന്ന ഈ വസ്ത്രത്തിൽ വരെ എനിക്ക് ആ മണം ആസ്വദിക്കാൻ ആവുന്നുണ്ട്.. ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ ഗന്ധം… നന്നായി സംസാരിക്കുന്നുണ്ടോല്ലോ ശ്യാമ… കാഴ്ച നഷ്ടപെട്ട തന്നെ അത് പറഞ്ഞു മനസിലാക്കാൻ ഡോക്ടർ പറഞ്ഞയച്ചതാണ് എന്നെ… ആ എനിക്ക് താൻ അതിലും വലിയ തത്വങ്ങൾ പറഞ്ഞു തരികയാണോ…

കാഴ്ച നഷ്ടപ്പെട്ടു എന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞല്ലോ.. ഇനി അതിൽ കൂടുതൽ അതിലെന്തു പറയാൻ… എല്ലാ ചുറ്റുപാടുകളോടും പെട്ടന്ന് ഇഴുകി ചേരാൻ ശ്രമിക്കുന്നവൾ ആണ് ഞാൻ… ഈ അന്ധതയോടും അങ്ങനെ തന്നെ… വിഷമം ഇല്ലേ..? അനി കരുണയോടെ ചോദിച്ചു… വിഷമങ്ങൾ എല്ലാം ഈ സമയം കൊണ്ട് കരഞ്ഞു തീർത്തല്ലോ… എനിക്ക് ഇത് ശീലം ആണ്.. എന്റെ കുറവുകളെ കുറിച്ച് ഞാൻ ബോധവതി ആണ്… അനിക്ക് അവളോട് വല്ലാത്ത ബഹുമാനം തോന്നി..

എത്ര പെട്ടന്നാണ് അവൾ സ്വയം തന്നെ ആ ധൈര്യം നേടി എടുത്തത്… കുറച്ചു മുൻപ് അലമുറയിട്ട് കരഞ്ഞവൾ ആണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് വിശ്വസിക്കാൻ അനിക്ക് ബുദ്ധിമുട്ട് തോന്നി… ആയിരം കൈവഴികളായ് വികാരങ്ങളെ ഒഴുക്കി കളയാൻ കഴിയുന്ന ഒരു തെളിനീർ ഉറവ പോലെ ആണ് ഓരോ പെണ്ണിന്റെയും മനസ്.. അവൻ ഓർത്തു..

തുടരും..

ശ്യാമമേഘം : ഭാഗം 5