Saturday, January 18, 2025
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 15

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ഇടവമാസത്തിൽ ഇടവഴിയിലും വെള്ളം നിറയും എന്ന പഴമൊഴിയെ യാഥാർഥ്യമാക്കി കൊണ്ടു തന്നെ തകർത്തുവാരി പെയ്തൊതുക്കി ഇടവപ്പാതി ഒഴിഞ്ഞു പോയി..

പുഴക്കരയിലെ ഓരോ പുൽനാമ്പും പുതിയൊരു പുലരിക്കായി കാത്തിരുന്നു…മിഥുനമാസപുലരിക്കായി…

ലച്ചുവിന്റെ കല്യാണം ഈ മാസമാണ്…പുഴക്കരയിലെ “ശ്രീമാധവം”എന്ന ശ്രീയുടെ വീട് കല്യാണത്തിരക്കിലേക്കു കാൽ വെച്ചു..

ഒരു ശനിയാഴ്ച രാത്രി…

അച്ഛന്റെ മുറിയിലിരുന്നു അച്ഛൻ ലിസ്റ്റ് എഴുതി വെച്ചു വായിക്കുന്ന പേരുകൾ ക്ഷണക്കത്തിലേക്കു പകർത്തുകയാണ് ശ്രീ..

പിറ്റേദിവസം ഞായറാഴ്ച നാട്ടുകാരെ ക്ഷണിച്ചുകൊണ്ടു കല്യാണം വിളിക്കു തുടക്കം കുറിക്കാം എന്നു വിചാരിക്കുന്നു…

മാധവൻ മാഷിന് റെസ്റ്റ് തീർന്നിട്ടില്ലാത്തതിനാൽ ശ്രീയും അമ്മയും കൂടി ക്ഷണിക്കാൻ പോകാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്..

ടൗണിലുള്ളവരെയെല്ലാം നന്ദേട്ടനുമായി പോയി ക്ഷണിക്കാമെന്നും ദൂരെയുള്ളവരെ ഫോണിൽ വിളിക്കാം എന്നും തീരുമാനമായി…

“എടാ..ശ്രീധരനെ വിളിക്കണം..ഒരു കാർഡ് എഴുതിക്കോ…ബാലൻ മാഷുമായി ഇടക്ക് അവിടേക്കയറി ഒരു ചായ കുടിക്കുന്ന പതിവുണ്ടാരുന്നെ..”അച്ഛന്റെ പറച്ചിൽ കേട്ടു ശ്രീയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി…

“അപ്പൊ അവളുടെ വീട്ടിൽ ചെല്ലേണ്ടി വരും..നാളെ ഞായറാഴ്ച ആയതു കൊണ്ട് ശ്രീധരേട്ടൻ ഉച്ചക്ക് ശേഷം കട തുറക്കില്ല..”ശ്രീ മനസ്സിലോർത്തു..

പിറ്റേദിവസം അവർ പതിനൊന്നുമണിയോടെ കല്യാണം ക്ഷണിക്കാനിറങ്ങി…രണ്ടു മണിയോടെ അവരുടെ കരയിൽ വിളിച്ചു തീർത്തു…ഇനി ഊണുകഴിഞ്ഞു അല്പം വിശ്രമിച്ചിട്ടു പുഴക്കു അക്കരെ വിളിക്കാമെന്ന് വെച്ചു…

ഉച്ചതിരിഞ്ഞു നാലുമണിയോടെ അവർ വീണ്ടുമിറങ്ങി..ബാലൻ മാഷിനേയും ഡേവിച്ചനെയും ഒക്കെ വിളിച്ചു കഴിഞ്ഞപ്പോൾ അഞ്ചുമണി ആകാറായി…

ഡേവിച്ചന്റെ വീട്ടിൽ നിന്ന് വരുന്ന വഴി വലിയ കിളിച്ചുണ്ടൻ മാവിന്റെ ഇടത്തോട്ടുള്ള ഇടവഴിയിലേക്കു ബുള്ളറ്റ് തിരിച്ചപ്പോൾ ശ്രീയുടെ നെഞ്ചു പട പട ന്നു മിടിക്കാൻ തുടങ്ങി…

എത്ര ഒളിപ്പിച്ചു വെച്ചാലും തന്റെ ഹൃദയം അതു വൈകാതെ പുറത്തു കാണിക്കും എന്നു അവനു തോന്നിതുടങ്ങിയിരുന്നു…

ഒതുക്കുകല്ലിന്റെ അരികത്തു ബുള്ളറ്റ് വെച്ചു ഇടതൂർന്ന ചെമ്പരത്തികമ്പ് കൊണ്ടുള്ള വേലികൾക്കുള്ളിലുള്ള ആ വീട്ടിലേക്കു അവർ കയറി..

ഉമ്മറത്തിരുന്നു ശ്രീധരേട്ടൻ പത്രം വായിക്കുന്നുണ്ടായിരുന്നു..

ശ്രീയെ കണ്ടു അദ്ദേഹം എഴുന്നേറ്റു..

സുമംഗലാമ്മക്കു അവരെയൊന്നും വലിയ പരിചയം ഇല്ലായിരുന്നു..

ശ്രീധരൻ അമ്മയെയും മകനെയും ക്ഷണിച്ചു അകത്തിരുത്തി..

ശ്രീ അവിടെയാകെ കണ്ണു കൊണ്ടൊന്നു പരതി…”ആളിവിടില്ലേ..”അവനോർത്തു.

കല്യാണം ക്ഷണിച്ചു കഴിഞ്ഞു സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അപ്പൂട്ടൻ കയറിവന്നത്..

ശ്രീയെ കണ്ടതും ഓടിവന്നു അടുത്തു നിന്നു..പറഞ്ഞു..”ഞാൻ പേരയ്ക്ക പറിക്കാൻ തോട്ടി എടുക്കാൻ വന്നതാ..ഇനിയിപ്പോ വേണ്ടാ..ശ്രീയേട്ടൻ മതി..ശ്രീയേട്ടന് തോട്ടിയേക്കാളും നീളമുണ്ട്‌..

അതുകേട്ട് എല്ലാവരും ചിരിച്ചു..

ശ്രീ അവനോടൊപ്പം വെളിയിലേക്കിറങ്ങി..

ആ സമയത്താണ് പിന്നാമ്പുറത്തു നിന്നും ഒരു ആട്ടിന്കുട്ടിയെയും എടുത്തു കൊണ്ട് സേതു അകത്തേക്ക് വന്നത്…

അച്ഛനൊപ്പം സംസാരിച്ചിരിക്കുന്ന സ്ത്രീയെ അവൾക്കു പരിചയം തോന്നിയില്ല…എവിടെയോ കണ്ടു മറന്ന പോലെ ഒരു തോന്നൽ…

“ഇതാണ് മോൾ.. സേതു..”അച്ഛൻ തന്നെ പരിചയപ്പെടുത്തിയപ്പോൾ തന്നെ നോക്കി ചിരിച്ച ആ ഹൃദ്യമായ ചിരി അവൾക്കു നല്ല പരിചയമുള്ള ഒരാളുടെ ചിരിയായിരുന്നു..

അവളുടെ മുഖം വിടർന്നു..”മഹാദേവ..ശ്രീയേട്ടന്റെ അമ്മ..”

ലച്ചുവിന്റെ കല്യാണം വിളിക്കാൻ വന്നതാണെന്ന് അച്ഛൻ പറഞ്ഞപ്പോൾ “ചായ എടുക്കട്ടേ “എന്നു അവൾ ചോദിച്ചു…

“എടുക്കട്ടേ എന്നു ചോദിക്കാതെ…എടുക്കൂ മോളെ..”ശ്രീധരേട്ടൻ പറഞ്ഞു..

“രണ്ടു ഗ്ലാസ് എടുത്തോ..ശ്രീ അപ്പുറത്തുണ്ട്..”അച്ഛൻ വിളിച്ചു പറഞ്ഞത് കേട്ടു സേതുവിന്റെ കരളിൽ പൂത്തിരി കത്തി..

അവൾ ചായ ഇട്ടപ്പോഴേക്കും ശ്രീ അപ്പൂട്ടന് പേരയ്ക്ക പറിച്ചു കൊടുത്തിട്ട് തിരിച്ചെത്തിയിരുന്നു..

ചായയുമായി വന്നു അവൾ രണ്ടാൾക്കും ചായ കൊടുത്തു..

സുമംഗലാമ്മ ശ്രീയുടെ മുഖത്തേക്ക് നോക്കി…

യാതൊരു ഭാവവുമില്ലാതെ ഇരിക്കുകയായിരുന്നു അവൻ..

അവൾ കൊണ്ടു വന്ന ചായ എടുത്തെങ്കിലും അവളുടെ മുഖത്തേക്കവൻ നോക്കിയതെയില്ല…

ആൾക്കാരെ വലിയ പരിചയമൊന്നുമില്ലായിരുന്നെങ്കിലും പാത്തുവിന്റെ നിക്കാഹിന് നന്ദമോൾ പറഞ്ഞ കാര്യം വിദ്യയും ലച്ചുവും കൂടി സുമംഗലാമ്മയെ അറിയിച്ചിരുന്നു..

°°°°”എന്തോ ഉണ്ടമ്മെ..അല്ലെങ്കിൽ നന്ദൂട്ടി മാമന്റെ കൂട്ടുകാരി എന്നൊന്നും പറയില്ല…”ലച്ചു പറഞ്ഞതവരുടെ ഓർമയിൽ വന്നു..°°°°

സുമംഗല സേതുവിന്റെ മുഖത്തേക്ക് നോക്കി..

“നല്ല ഐശ്വര്യമുള്ള കുട്ടി..”അവർ മനസിൽ ഓർത്തു..

“മോളെ..അച്ഛൻ പറഞ്ഞു അമ്മയ്ക്ക് വയ്യാതെ കിടക്കുവാണെന്നു..എവിടെയാ..?അമ്മയ്ക്കൊന്നു കാണാൻ പറ്റ്വോ..?”സുമംഗല സേതുവിനോട് ചോദിച്ചു..

“വാ..”സേതു സന്തോഷത്തോടെ അവരെ അകത്തേക്ക് വിളിച്ചു..

ശ്രീധരേട്ടനും അകത്തേക്ക് നീങ്ങിയതോടെ ശ്രീയും ഒപ്പം ചെന്നു..

ഒരു വിധം വലിയൊരു മുറിയിലായിരുന്നു ഭാനുമതി കിടന്നിരുന്നത്..അവർ കിടക്കുന്നത് കൂടാതെ മറ്റൊരു കട്ടിലും കൂടി അവിടെയുണ്ടായിരുന്നു..നല്ല വെട്ടവും വെളിച്ചവും കയറുന്ന മുറിയായിരുന്നു..അതിനുള്ളിൽ തന്നെ ഒരു തയ്യൽമെഷിനും മേശയും കസേരയും കൂടിയുണ്ടായിരുന്നു…

“മോള് തയ്ക്കുവോ..”തയ്യൽമെഷീൻ നോക്കി കൊണ്ടു സുമംഗല ചോദിച്ചു..

“ഉവ്വ്..”അവൾ മറുപടി നൽകി..

മേശപ്പുറത്തു വായിച്ചു പകുതിയാക്കി അടയാളം വെച്ച ഒരു പുസ്തകം കണ്ടു ശ്രീ എടുത്തു തുറന്നു നോക്കി..”ബെന്യാമിന്റെ ആടുജീവിതം”.പലയാവൃത്തി വായിച്ചിട്ടുള്ളതാണെങ്കിലും ശ്രീ വെറുതെ അത് മറിച്ചു നോക്കി…

സുമംഗലാമ്മയും നോക്കുന്ന കണ്ടപ്പോൾ ശ്രീധരേട്ടൻ പറഞ്ഞു..

“മോള് വായനശാലയിൽ നിന്നു എടുത്തു വായിക്കുന്നതാ..വായിക്കുക മാത്രമല്ല അമ്മയെ വായിച്ചു കേൾപ്പിക്കുകയും ചെയ്യും..”

സുമംഗല വാത്സല്യത്തോടെ അവളെ നോക്കി..

ശ്രീ അവളെയൊന്നു പാളിനോക്കി..

അമ്മയെ നോക്കി നിറചിരിയോടെ നിൽക്കുകയാണവൾ…

തന്ത്രികൾ മീട്ടിയൊരു സംഗീതം ശ്രീയുടെ ഹൃദയത്തിന്റെ ഒരു കോണിൽ ഉടലെടുത്തു…

മുറിയുടെ ജനാലയ്ക്കപ്പുറം മുറ്റത്തെ അയയിൽ ഉണങ്ങാൻ വിരിച്ചിട്ടിരുന്നൊരു മയിൽപ്പീലിപ്പച്ച പട്ടുപാവാട ശ്രീയുടെ കണ്ണിലുടക്കി..

തുലാമാസപ്പുലരിയിലെ ഇളംതണുപ്പത്തെ മഴച്ചാറ്റിൽ മഹാദേവന്റെ അമ്പലപ്പടവിൽ നിന്നും കാൽ വഴുതിയൊരു മയിൽപ്പീലിപച്ച പട്ടുപാവാടകാരി അപ്പോഴും അവന്റെ നെഞ്ചിൽ വന്നു അലച്ചു വീണു…

ശ്രീ കൺചിമ്മി ചുറ്റും നോക്കി..

അവൾ ചിരിയോടെ ഒരു കൈദൂരം അടുത്തു തന്നെയുണ്ട്…

പേരറിയാത്തോരു നൊമ്പരം തന്നെ വന്നു പൊതിയുന്നതവൻ അറിഞ്ഞു..

….മനസ്സിന്റെ പ്രണയത്തിനുമപ്പുറം ശരീരവും എന്തൊക്കെയോ കൊതിക്കുന്ന പോലെ…
….ഒന്നടുത്തു നിൽക്കാൻ….
കൊതി തീരും വരെ മിഴികൾ നോക്കി നിൽക്കാൻ….
….നെഞ്ചിലേക്ക് വലിച്ചിട്ടു കൈക്കുമ്പിളിൽ ആ മുഖമെടുത്തു നെറുകയിൽ ചുംബിക്കാൻ…..
….നെറുകയിൽ നിന്നും അരിച്ചിറങ്ങി ആ കൺകളിലും ..കവിളുകളിലും പിന്നീട് ആ അധരങ്ങളിലേക്കും ആ ചുംബനം ദീർഘിപ്പിക്കാൻ…
….ചൂട് പിടിക്കുന്ന ശരീരത്തിന്റെ ചൂടൊന്നു ശമിപ്പിക്കാൻ വാരിപ്പുണ്ർന്നു ആ മാറോടു ചേർന്നൊന്നു കിടക്കാൻ….

“ഇറങ്ങാം…”അമ്മയുടെ ശബ്ദം അവനെ ഉണർത്തി…

ഒതുക്കു കല്ലിറങ്ങി ബുള്ളറ്റെടുക്കുമ്പോൾ അമ്മ പറഞ്ഞു..

“ഇവിടെ വന്നപ്പോളെന്തോ..ഒരു പെണ്ണ് കാണാൻ വന്ന പ്രതീതി…”

ഞെട്ടലോടെ അമ്മയെ നോക്കുമ്പോൾ ആ മുഖത്തു ഒരു കള്ളച്ചിരി…

“ശ്രീക്കുട്ടാ…ഇതാണോ നിന്റെ മഞ്ച് കൊതിച്ചി..”

കുറച്ചു നേരം അമ്മയെ തന്നെ നോക്കി തറഞ്ഞു നിന്നുപോയി..ശ്രീ..

“അമ്മയ്ക്കിഷ്ടായി കേട്ടോ..”

“‘അമ്മ എന്തൊക്കെയാ ഈ പറയണേ..”വണ്ടിയുടെ മിററിലൂടെ ഒളികണ്ണിട്ട് അമ്മയെ നോക്കി അവൻ…

“കണ്ണാ…മുഖത്തൂന്നു അമ്മ പിടിച്ചൂട്ടോ..ചുവന്നു തുടുത്തിരിക്കുന്നു എന്റെ കുട്ടൻ…”

ശ്രീ ചിരിച്ചു…അമ്മയ്ക്ക് അളവറ്റ് സ്നേഹം കൂടുമ്പോഴാണ് ഈ “കണ്ണാ” വിളി…

“സമയാവട്ടെ…പറയാം..”അവൻ ചമ്മിയ ചിരിയോടെ അമ്മയോട് പറഞ്ഞു…

“ഡീ…എനിക്ക് നല്ല വയറുവേദന..”
ഒരു കൈ വയറിൽ പൊത്തിപ്പിടിച്ചു കൊണ്ടു ചോറുണ്ണാനിരുന്ന ഡെസ്ക്കിലേക്കു തല ചായ്ച്ചു വെച്ചു കിടന്നു സേതു…

“പീരീഡ്സാണോ…നീ കരുതിയിട്ടുണ്ടോ..”

“ഇല്ല…ഡേറ്റ് ഒത്തിരി നേരത്തയാ വന്നേ..”

“എന്തു ചെയ്യും..വാങ്ങാമെന്ന് വെച്ചാൽ എന്റെ കയ്യിൽ ബസ്ഫെയറെ ഉള്ളൂ..പൈസയുണ്ടോ നിന്റെ കയ്യിൽ..”

“ഇല്ല..”

“യ്യോ..രണ്ടു മണിയാവുന്നു..ശ്രീയേട്ടൻ ഇപ്പൊ ക്ലാസ്സിൽ കയറും..ഞാൻ ഓഫിസിലെ ചേച്ചിയുടെ അടുത്തു ചോദിക്കട്ടെ..”ജാൻസി ഓഫിസിലേക്ക് ഓടി…

പോകുന്ന വഴി ശ്രീ ക്ലാസ്സിലേക്ക് കയറുന്നതവൾ കണ്ടു..

എങ്ങോട്ടാണെന്നു ശ്രീ ആംഗ്യം കൊണ്ടു ചോദിച്ചു…

“ഇപ്പൊ വരാം…”അവളും ആംഗ്യം കാട്ടി..

“അയ്യോ മോളെ..ഇന്ന് ഫീസൊന്നും പിരിഞ്ഞു കിട്ടിയില്ല..എന്റെ വീട് ഇവിടുന്നു പത്തു മിനിട്ടേയുള്ളൂ നടക്കാൻ..അതു കൊണ്ടു ഞാൻ പൈസയൊന്നും കയ്യിൽ കരുതാറില്ല..ക്ലാസ്സിൽ ആരോടെങ്കിലും ചോദിക്കാരുന്നില്ലേ…ഓഫിസിലെ ചേച്ചിയുടെ പറച്ചിൽ ജാൻസിയെ സങ്കടത്തിലാക്കി…

“സാർ ക്ലാസിൽ കയറിപ്പോയി ചേച്ചി.. ..ഇനിയിപ്പോ എങ്ങനാ…?”

ജാൻസി നിരാശയോടെ പുറത്തേക്കിറങ്ങിയതും ശ്രീയെ കണ്ടു തറഞ്ഞു നിന്നു…

അവൻ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് അതിൽ നിന്നും പൈസയെടുത് അവൾക്കു നൽകി..

“ദേ റോഡിലൊരു മെഡിക്കൽ സ്റ്റോറുണ്ട്…”പറഞ്ഞു കൊണ്ടവൻ തിരിഞ്ഞു നടന്നു…

സേതുവിനെയും ക്ലാസിൽ കാണാഞ്ഞു തിരക്കി വന്നതായിരുന്നു അവൻ…

കുറച്ചു സമയം കഴിഞ്ഞു ജാൻസി ക്ലാസ്സിൽ വന്നു കയറിയിരുന്നു…

“സേതുവിന് ഒട്ടുംവയ്യ..”ഇരിക്കുന്നതിന് മുൻപ് അവൾ ശ്രീയുടെ അടുത്തു ചെന്നു മെല്ലെ പറഞ്ഞു…

സ്റ്റുഡന്റസിന് പ്രോബ്ലം ചെയ്യാനിട്ടു കൊടുത്തിട്ട് ശ്രീ പതിയെ സേതു കിടക്കുന്ന ക്ലാസ്സിലേക്ക് ചെന്നു…

ഒരു കൈ വയറിൽ അമർത്തിപ്പിടിച്ചു മറുകൈ മടക്കി തല ഡെസ്ക്കിലേക്കു വെച്ചു കണ്ണടച്ചു കിടക്കുകയാണവൾ…

നെറ്റി മുതൽ മൂക്ക് വരെയുള്ള ഭാഗം കാണാം..
വിയർത്തു കുളിച്ചിരിക്കുന്നു..രാവിലെ നെറ്റിയിൽ തൊട്ടിരുന്ന കുങ്കുമക്കുറി പടർന്നു ഒലിച്ചിറങ്ങുന്നുണ്ട്…ഇടക്കിടക്ക് ശരീരം ചുള്ളിപ്പിടിക്കുന്നുമുണ്ട്…

ശ്രീ ആ റൂമിലെ ഫാനിട്ടു കൊടുത്തു…പെട്ടെന്ന് ഒരു തണുപ്പ് വന്നത് കൊണ്ടാണെന്നു തോന്നുന്നു അവൾ കണ്ണു തുറന്നു…

ശ്രീയെ കണ്ടു എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഇരുന്നോളാൻ പറഞ്ഞു അവൻ..

“മുഖം തുടക്കു..”എന്നു അവൻ പറഞ്ഞപ്പോൾ ഷോളുയർത്തി അവൾ മുഖം തുടച്ചു…

“വെള്ളം പിടിക്കാത്ത ഒരു തരം സാറ്റിൻ തുണിയുടെ ഷോളായതിനാൽ എത്ര തുടച്ചിട്ടും ആ വിയർപ്പു കണങ്ങൾ അതുപോലെ തന്നെയിരുന്നു…

മടിയിൽ മടക്കി കുത്തിവെച്ചിരുന്ന തന്റെ തൂവെള്ള കർച്ചീഫ് ശ്രീ അവളുടെ നേരെ നീട്ടി…

നേരിയ ഒരു ശങ്കയോടെ അവളത് കൈനീട്ടി വാങ്ങി മുഖം തുടച്ചു…

“ശ്രീയേട്ടൻ അടുത്തു വരുമ്പോഴുള്ള ഒരു പെർഫ്യൂമിന്റെ ഗന്ധം..അല്ല…ശ്രീയേട്ടന്റെ ഗന്ധം..”അവൾ ഓർത്തു..

ഒരു മണിക്കൂർ കഴിഞ്ഞു ശ്രീ വീണ്ടും വന്നു നോക്കി….

വയറുവേദന കൊണ്ടു തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സേതുവിനെയാണ് അവൻ കണ്ടത്..

“ടാബ്‌ലറ്റ് എന്തെങ്കിലും വേണോ..”അവൻ ചോദിച്ചു..

“വേണ്ടാ” എന്നവൾ തലയാട്ടികാണിച്ചു..

ലച്ചുവിന് വയ്യാതാകുമ്പോൾ അമ്മ അവൾക്കു ഇഞ്ചിനീരിൽ ജീരകം വറുത്ത വെള്ളം ചേർത്തു നല്കുന്നതവൻ കണ്ടിട്ടുണ്ട്…

അവൻ പുറകിലൂടെ പോയി അടുത്തൊരു കടയിൽ നിന്നും ജീരകസോഡ വാങ്ങിക്കൊണ്ടു വന്നു അവൾക്കു നൽകി…

അത്ഭുതത്തോടെ അവൾ അത് വാങ്ങിക്കൂടിച്ചു…

അതിനുശേഷം അവൾക്കു അല്പം ആശ്വാസം തോന്നി…

ക്ലാസ്സ് വിട്ടപ്പോൾ ജാൻസി അവളുടെ അടുത്തെത്തി…

ബാഗുമെടുത്തു ആ ക്ലാസ്സ്ൽ നിന്നിറങ്ങുമ്പോൾ ആ തൂവെള്ള കർച്ചീഫ് ഭദ്രമായി അവൾ തന്റെ ബാഗിലോളിപ്പിച്ചു..

ഗേറ്റ് കടന്നപ്പോൾ ശ്രീ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു…

പരിചയമുള്ളൊരു ഓട്ടോക്കാരന്റെ അടുത്തു പുഴക്കരപ്പാലത്തിനപ്പുറം ഇറക്കണം എന്നു പറഞ്ഞു… ബസിൽ പോകണ്ട.. ഓട്ടോയിലേക്കു കയറാൻ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതിരിക്കാൻ സേതുവിനായില്ല…

ഓട്ടോയിലിരുന്നു ഓട്ടോക്കാരന് പൈസ കൊടുത്തിട്ട് തിരിഞ്ഞു മുഖത്തേക്ക് നോക്കിയ ശ്രീയുടെ കണ്ണുകളിൽ പ്രണയത്തിനുമപ്പുറം കരുതലും സ്നേഹവും വാത്സല്യവും ഭ്രാന്തും മറ്റെന്തൊക്കെയുമോ ചേർന്നൊരു ഭാവം സേതുവിന് കാണാനായി….🌹

കാത്തിരിക്കുമല്ലോ…💝 DK💝

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14