Wednesday, April 2, 2025
Novel

ശിവപ്രിയ : ഭാഗം 5

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

തല പൊട്ടി ചോര ഒലിച്ചു വൈശാഖ് നിലത്തു വീണു കിടന്നു പിടഞ്ഞു.

മുഖം മറച്ച വ്യക്തി അല്പ നേരം അത് നോക്കിനിന്നു.
സാവധാനം അവന്റെ പിടച്ചിൽ നിന്നു.

അയാൾ വന്ന വഴിയേ തിരികെ ഓടി മറഞ്ഞു.

പെട്ടെന്നാണ് അവിടെ ഒരു ചുഴലി കാറ്റ് രൂപപ്പെട്ടത്. അതിൽ നിന്നും ശിവപ്രിയ പുറത്തു വന്നു.

ചോരയിൽ കുളിച്ചു കിടക്കുന്ന വൈശാഖിനെ അവൾ പരിചരിച്ചു.

ശിവ അവനെ അവന്റെ മുറിയിൽ എത്തിച്ചു. വൈശാഖിനെ അവൾ കട്ടിലിൽ കിടത്തി.
തളർന്നു മയങ്ങുന്ന അവനെ സങ്കടത്തോടെ അവൾ നോക്കി നിന്നു.

ഓർമ്മ തെളിയുമ്പോൾ വൈശാഖ് അവന്റെ മുറിയിൽ ആയിരുന്നു.
അവൻ കണ്ണുകൾ ആയാസപ്പെട്ടു തുറന്നു.

വൈശാഖ് താൻ എവിടെയാണെന്ന് നോക്കി.
കഴിഞ്ഞതൊക്കെ അവന്റെ മനസിലേക്ക് വന്നു.

തലയ്ക്ക് പിന്നിൽ അസഹ്യമായ വേദന അവനു അനുഭവപ്പെട്ടു.

“ഞാൻ എങ്ങനെ ഇവിടെ എത്തി…??ആരാ എന്നെ മുറിയിൽ എത്തിച്ചത്…. ആരാകും എന്നെ ആക്രമിച്ച വ്യക്തി… ”

അവന്റെ മനസ്സിൽ സംശയങ്ങൾ നാമ്പിട്ടു.

പതിയെ വൈശാഖ് എഴുന്നേറ്റു ഇരുന്നു.
തുറന്നിട്ട ജാലകത്തിൽ കൂടി സൂര്യ കിരണങ്ങൾ അകത്തേക്ക് വന്നു. നേരം പുലർന്നുവെന്ന് അവനു മനസിലായി.

ചുമരിലെ പഴയ ഘടികാരത്തിൽ അവന്റെ നോട്ടം തറച്ചു.

സമയം എട്ടര കഴിഞ്ഞിരിക്കുന്നു.

ഇത്രയും സമയം താൻ എവിടെ ആയിരുന്നു…?? എങ്ങനെ തന്റെ മുറിയിൽ എത്തിയെന്നോ ആരാണ് തന്നെ കൊല്ലാൻ ശ്രമിച്ചത് എന്നോ അവനു മനസിലായില്ല.

തലയ്ക്കു പിന്നിൽ ശക്തമായ അടി കിട്ടിയത് അവനു നല്ല ഓർമ്മയുണ്ടായിരുന്നു. അടിച്ച ആൾ മുഖം തൂവാല കൊണ്ട് മറച്ചിരുന്നതിനാൽ മുഖം ഏതാണെന്ന് മാത്രം അവനറിയില്ലായിരുന്നു.

ആക്രമിച്ച ആളുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാലയിലെ നക്ഷത്ര പതക്കം മാത്രം അവൻ വ്യക്തമായി കണ്ടിരുന്നു.

“എന്നെ കൊല്ലാൻ ശ്രമിച്ചവനു തീർച്ചയായും ശിവയുടെ കൊലപാതകത്തിലും പങ്കുണ്ടാവും. ശിവേടെ മരണത്തിനു പിന്നിലെ കാരണക്കാരെ ഞാൻ കണ്ടെത്തിയേക്കുമോ എന്ന് ഭയന്നാവണം അയാൾ എന്നെയും വകവരുത്താൻ ശ്രമിച്ചിട്ടുണ്ടാവുക….
ശത്രു അടുത്തുള്ള ആരോ ആണ്….

എന്റെ നീക്കങ്ങൾ എല്ലാം മറഞ്ഞിരുന്നു അവൻ നിരീക്ഷിക്കുന്നുണ്ടാകാം…. ഇനിയുള്ള ഓരോ നീക്കവും വളരെ സൂക്ഷിച്ചു ആവണം….

ശത്രുവിനെ കുറിച്ചു ആകെയുള്ള തെളിവ് ആ നക്ഷത്ര പതക്കം പതിച്ച മാല മാത്രമാണ്….

അത് ധരിച്ചിരിക്കുന്ന വ്യക്തിയെ കണ്ടെത്തിയാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആകും…. ”

വൈശാഖ് കട്ടിലിൽ നിന്നും എഴുന്നേറ്റു ജാലകത്തിനു സമീപത്തേക്ക് ചെന്നു.

“ശിവാ…. ” അവൻ അവളെ വിളിച്ചു.

“വൈശേട്ടാ… ” തൊട്ടു പിന്നിൽ നിന്നും ശിവയുടെ ശബ്ദം കേട്ട് അവൻ പിന്തിരിഞ്ഞു നോക്കി.

തന്നെ നോക്കി ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ശിവയെ നിറകണ്ണുകളോടെ അവൻ നോക്കി.

“നീ ഇവിടെ ഉണ്ടായിരുന്നോ….???
ശിവാ… എന്നെ…. ” വൈശാഖ് തലേന്ന് നടന്ന സംഭവം പറയാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു

“വേണ്ട ഒന്നും പറയണ്ട…. എനിക്ക് എല്ലാം അറിയാം…. ഞാൻ തന്നെയാണ് ഏട്ടനെ ഇങ്ങോട്ട് കൊണ്ട് വന്നത്… ”

“നീയാണോ എന്നെ രക്ഷിച്ചത്…. ”

“അതെ…. രക്തം വാർന്നൊലിച്ചു മരണത്തോട് മല്ലിട്ടു ബോധമില്ലാണ്ട് വഴിയിൽ വീണു കിടക്കുകയായിരുന്നു…
അവിടുന്ന് ഞാനാ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്…. ഇന്നലെ മുഴുവനും ഒരു ബോധവും ഇല്ലാതെ നല്ല മയക്കത്തിൽ ആയിരുന്നു…. ”

“ആണോ…?? അടി കൊണ്ട് ഇന്നലെ വീണത് മാത്രമേ ഓർമ്മയുള്ളൂ…. പിന്നെ ഇപ്പൊ അല്ലെ ബോധം വീഴുന്നത്… ആരാ എന്നെ കൊല്ലാൻ ശ്രമിച്ചത്… നിനക്ക് അറിയില്ലേ അവനെ… ”

“അറിയാം… ”

“ആരാ അത്??? അവനല്ലേ നിന്നെയും കൊന്നത്..??”

“ഏട്ടന്റെ ഊഹം ശരിയാണ്… പക്ഷേ അതാരാണെന്ന് ഞാൻ പറയില്ല… ”

“ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഏട്ടന് വേണ്ടത് വിശ്രമമാണ്…. ഇപ്പൊ ഞാൻ ആളാരാണെന്ന് പറഞ്ഞാൽ ഇപ്പൊ തന്നെ ഏട്ടൻ അവനെ കൊല്ലാൻ പോകും…. അത് ഉണ്ടാവാൻ പാടില്ല…. ”

“ഇതിനേക്കാൾ വലുതൊന്നും എനിക്കിനി വരാനില്ല… അവൻ ആരാണെന്നു നീ പറയ്യ്…. നിന്നെ കൊന്നവനെ വെറുതെ വിടാൻ പറ്റില്ല എനിക്ക്…. ” ദേഷ്യത്തോടെ അവൻ മുഷ്ടി ചുരുട്ടി.

“അവനെ അത്ര വേഗം കൊല്ലാൻ കഴിയില്ല… അവനെ മാത്രം കൊന്നാൽ പോരാ വേറെയും ചിലർ അവന്റെ ഒപ്പമുണ്ട്….

വീണ്ടും ഒരു അപകടം ക്ഷണിച്ചു വരുത്തരുത് ഏട്ടൻ. ആദ്യം തലയിലെ മുറിവൊക്കെ ഉണങ്ങി സുഖപ്പെടട്ടെ എന്നിട്ടാവാം പ്രതികാരം….

നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ അതെനിക്ക് സഹിക്കാനാവില്ല ഏട്ടാ… ”

“ശിവാ… “ആർദ്രമായി അവൻ വിളിച്ചു.

അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് അവനു തോന്നി.

വൈശാഖ് തെല്ലു ശാന്തനായി.

“നിനക്ക് എന്താ സംഭവിച്ചത് ശിവാ അതെങ്കിലും എന്നോട് പറയ്യ് നീ…. ”

“എനിക്ക് സംഭവിച്ച ദുരന്തം അറിഞ്ഞാൽ ഏട്ടന് അതൊരിക്കലും സഹിക്കാൻ കഴിയില്ല… ” പൊട്ടികരച്ചിലോടെ അവൾ പറഞ്ഞു.

“എന്താണെങ്കിലും എനിക്ക് അറിയണം ശിവാ… ” അവൻ അവളുടെ സമീപത്തേക്ക് ചെന്നു.

“അതെങ്ങനെയാ ഞാൻ ഏട്ടനോട് പറയ്യാ….എനിക്കത് പറയാൻ കഴിയില്ല ” വിതുമ്പലോടെ അവൾ പറഞ്ഞു.

“സാരമില്ല…. എന്താണെങ്കിലും എനിക്ക് അതറിഞ്ഞെ പറ്റു… ” വൈശാഖ് അവളെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു.

പക്ഷേ അവന്റെ കൈകൾ വായുവിൽ തങ്ങി നിന്നു. അവളെ സ്പർശിക്കാൻ അവനു സാധിച്ചില്ല.

അതുകണ്ട് ശിവപ്രിയ പറഞ്ഞു
“ഏട്ടന് എന്നെ സ്പർശിക്കാൻ കഴിയില്ല..
ഞാനിപ്പോൾ വെറുമൊരു ആത്മാവ് മാത്രമാണ്…. ”

അവളെ തന്റെ നെഞ്ചോടു ചേർത്തണയ്ക്കാൻ അവൻ അതിയായി കൊതിച്ചുപോയി.

തളർച്ചയോടെ അവൻ കട്ടിലിൽ ഇരുന്നു. ശിവപ്രിയയും അവന്റെ അരികിലായി ഇരുന്നു.

“ഏട്ടനു കേൾക്കണ്ടേ എനിക്ക് എന്താ സംഭവിച്ചതെന്ന്… ”

“ഉം… പറയ്യ്… ” അവൻ പറഞ്ഞു.

അവൾ അന്ന് നടന്ന കാര്യങ്ങൾ അവനോടു പറയാൻ തുടങ്ങി.

“… രാത്രി എട്ടു മണി കഴിഞ്ഞ സമയം….

അന്ന് ഏട്ടന്റെ കത്ത് കിട്ടിയ ദിവസമായിരുന്നു. ഞാൻ അന്നത്തെ വിശേഷങ്ങൾ എഴുതാൻ ഡയറി എടുത്തു…. എഴുതി കൊണ്ടിരിക്കുന്ന സമയത്താണ് താഴെ നിന്നും അമ്മേടെ ഉറക്കെയുള്ള കരച്ചിൽ കേട്ടത്.

എഴുത്തു നിർത്തി ഡയറി മടക്കി വച്ചു ഞാൻ താഴേക്കു ഓടി.

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച
അച്ഛനെ ചേർത്ത് പിടിച്ചു പൊട്ടി കരയുന്ന അമ്മയെയാണ്.

“എന്താ അമ്മേ അച്ഛനെന്ത് പറ്റി…?? ”

“തൊടിയിൽ വച്ചു.അച്ഛനെ പാമ്പ് കടിച്ചു മോളെ…. ” അതുകേട്ടു അവൾ ഞെട്ടി.

ശ്രീധരൻ തളർന്ന മിഴികളോടെ മകളെ നോക്കി.

അവൾ വേഗം ദാവണിയുടെ തുമ്പ് വലിച്ചു കീറി അച്ഛന്റെ കാലിൽ കെട്ടി.

“അമ്മ അച്ഛനെ നോക്കിക്കോ… ഞാൻ വേഗം പോയി നാരായണൻ വൈദ്യരെ കൂട്ടികൊണ്ട് വരാം… ” ശിവപ്രിയ അമ്മയോട് പറഞ്ഞു.

“സൂക്ഷിച്ചു പോണേ മോളേ…. രാത്രിയായി….” ഇടറിയ ശബ്ദത്തിൽ ലക്ഷ്മി മകളോട് പറഞ്ഞു.

“വേഗം വരാം അമ്മേ… ” അതും പറഞ്ഞു കൊണ്ട് അവൾ ഒരു ചൂട്ട് കത്തിച്ചു കയ്യിൽ പിടിച്ചു വേഗം പുറത്തേക്ക് ഇറങ്ങി നടന്നു.

ആകാശത്ത്‌ കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഇടയ്ക്ക് ശക്തമായ ഇടി മുഴക്കവും കേട്ടു.

അതേസമയം ധൃതിയിൽ നാരായണൻ വൈദ്യരുടെ വീട്ടിലേക്ക് പോവുകയായിരുന്നു ശിവപ്രിയ.

ശ്രീമംഗലത്ത് നിന്നും വനത്തിന്റെ സമീപത്തു കൂടിയുള്ള പാതയിൽ കൂടി പോയാൽ വൈദ്യരുടെ വീട്ടിൽ പെട്ടന്ന് എത്താം.

വഴിയിൽ ആകെ കട്ട പിടിച്ച ഇരുട്ട്…. കയ്യിലിരുന്ന ചൂട്ട് ആഞ്ഞു വീശി അവൾ മുന്നോട്ടു നടന്നു.

ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

“അച്ഛന് ഒന്നും വരുത്തരുതേ ഈശ്വരാ..”

അപ്പോഴാണ് കുറച്ചു മുന്നിലായി നാല് പേരുടെ നിഴലുകൾ ചലിക്കുന്നത് മങ്ങിയ ചൂട്ട് വെളിച്ചത്തിൽ അവൾ കണ്ടത്.

മൂന്നുപേർ വഴിയരികിലെ കലുങ്കിൻ മേൽ കയറി ഇരുന്നു. അവൾ നടന്നു വരുന്നത് ദൂരെ നിന്നേ അവർ കണ്ടിരുന്നു.

അവളെ നോക്കി കൈ ചൂണ്ടി അവർ തമ്മിൽ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

ഒടുവിൽ അവരിൽ ഒരാൾ അവൾക്ക് നേരെ നടന്നടുത്തു….” ബാക്കി മൂവരും അവിടെ ഇരുന്നു.

“ആരായിരുന്നു അത്… ” വൈശാഖ് ചോദിച്ചു.

അപ്പോഴാണ് അവന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടിയത്.

രണ്ടുപേരും പരസ്പരം നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

വാതിൽ തുറക്കാൻ അവൾ അവനോടു പറഞ്ഞു.

അരിശത്തോടെ അവൻ വാതിലിനു നേർക്ക് നടന്നു.

ശിവപ്രിയ അവിടെ നിന്നും അപ്രത്യക്ഷമായി.

വാതിൽ തുറന്ന വൈശാഖ് മുന്നിൽ നിൽക്കുന്ന അമ്മയെയും ദേവിയെയും കണ്ടു ഞെട്ടി.

“എന്താ അമ്മേ..?? എന്താ കാര്യം..?? ”

പെട്ടെന്നാണ് പാർവതി തമ്പുരാട്ടി അവന്റെ കരണത്ത്‌ ആഞ്ഞടിച്ചത്.

“അമ്മേ… ”

“ഒച്ച വയ്ക്കണ്ട…. ”

അപ്പോഴാണ് അവർ അവന്റെ തലയിലെ മുറിവ് കണ്ടത്.

“ഇതെന്ത് പറ്റിയതാ…?? ” അവർ ഞെട്ടലോടെ ചോദിച്ചു.

“കല്ലിൽ അടിച്ചു വീണതാ… ” അവൻ കള്ളം പറഞ്ഞു.

“എവിടെ നോക്കട്ടെ… ” ദേവി ഉടനെ അവന്റെ മുറിവ് പരിശോധിക്കാൻ തുനിഞ്ഞു.

“അങ്ങോട്ട്‌ മാറി നിക്കടി…. നിനക്കെന്താ ഇവിടെ കാര്യം?? പോടീ എന്റെ മുന്നീന്ന് ” വൈശാഖ് അവളോട്‌ ദേഷ്യപ്പെട്ടു.

അവൾ പാർവതി തമ്പുരാട്ടിയെ ഒന്ന് നോക്കിയ ശേഷം നിറ കണ്ണുകളോടെ അവിടെ നിന്ന് പോയി.

മകനെയും കൂട്ടി അവർ മുറിക്കുള്ളിൽ കയറി.

“എന്ത് വല്യ മുറിവാ മോനെ ഇത്… ചോര കുറെ പോയിട്ടുണ്ടാവുമല്ലോ… ” അവന്റെ തലയിലെ മുറിവ് നോക്കി കൊണ്ട് അവർ പറഞ്ഞു.

“അമ്മ എന്തിനാ എന്നെ അടിച്ചത്…?? അതും അവളുടെ മുന്നിൽ വച്ചു തന്നെ… ഞാൻ എന്ത് തെറ്റാ ചെയ്തേ…. ”

“എന്ത് ചെയ്‌തെന്നോ….?? ഇന്നലെ ആരോടും പറയാതെ രാവിലെ ഇവിടുന്നു ഇറങ്ങി പോയി… തിരിച്ചു വന്നപ്പോ തൊട്ട് കതകടച്ചു ഇതിനകത്ത്‌ ഇരിപ്പ് ആയിരുന്നല്ലോ….

ഊണ് കഴിക്കാനും അത്താഴം കഴിക്കാനും ദേവി ഇന്നലെ എത്ര പ്രാവശ്യം നിന്നെ വന്നു കതകിൽ തട്ടി വിളിച്ചു. നീ തുറന്നതേയില്ല….രാത്രി ഞാനും നിന്നെ വന്നു കുറെ വിളിച്ചു നോക്കി….

ഇപ്പഴും നീ തുറന്നില്ലെങ്കിൽ രാമനെ കൊണ്ട് ഞാൻ ചവുട്ടി പൊളിച്ചേനെ…. ദേഷ്യം വന്നിട്ടാ തല്ലിയത്…. ”

“ഇന്നലെ വീണു തല പൊട്ടിയിട്ട് വൈദ്യരുടെ അടുത്ത് പോയി മരുന്ന് വച്ചു കെട്ടി നേരെ വന്നു കിടന്നു…. ഞാൻ വന്നപ്പോ ഉമ്മറത്തു ആരെയും കണ്ടില്ല….

ക്ഷീണം കാരണം വന്നു കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി… വാതിൽ മുട്ടിയതൊന്നും ഞാൻ കേട്ടില്ല.”

“നിന്റെ തലയ്ക്ക് അടി പറ്റിയതൊന്നും ഇവിടെ ആർക്കും അറിയില്ലല്ലോ…. ഇന്നലെ മുത്തശ്ശനു നല്ല ദേഷ്യം വന്നു… ഞാൻ ഏതായാലും പോയി കാര്യം പറയാം….

മോൻ ഏതായാലും ദേഹം അധികം അനക്കണ്ട…. കിടന്നോ അമ്മ ആഹാരം ഇങ്ങോട്ട് കൊണ്ട് വരാം… ”

“തല നല്ല വേദനയുണ്ട്….”

“ഇതെങ്ങനെയാ ഇത്ര വലിയ മുറിവ്…. ”

“കാല് തെന്നി പുറം തല അടിച്ചു വീണിട്ടാ… കടവത്തു വച്ച്…. അപ്പോ തന്നെ വേഗം വൈദ്യരെ അവിടേക്ക് പോയി… ”

“എന്തായാലും ഇനി ഇത് ഭേദം ആകും വരെ എങ്ങട്ടും പോണ്ട…. ”

“എങ്ങും പോണില്ല അമ്മേ… എനിക്ക് കഴിക്കാൻ എന്തെങ്കിലും കൊണ്ട് വാ… ”

“ഞാൻ എടുത്തിട്ട് വരാം… അപ്പോഴേക്കും മോൻ പല്ല് ഒക്കെ തേച്ചു മുഖം കഴുകു…. പിന്നെ വാതിലു അടച്ചു പൂട്ടി ഇരിക്കണ്ട…” അതും പറഞ്ഞു പാർവതി തമ്പുരാട്ടി അവനുള്ള ആഹാരം എടുക്കാൻ താഴേക്കു പോയി.

മുറിയിൽ വൈശാഖ് മാത്രമായി….ശിവ വരുമെന്ന് അവൻ പ്രതീക്ഷിച്ചുവെങ്കിലും അവൾ വന്നില്ല.

അവൾക്ക് പിന്നീട് എന്ത് സംഭവിച്ചു ആ നാലു പേര് ആരാകും അവർ ആണോ അവളെ കൊന്നത് എന്നൊക്കെ ആലോചിച്ചു അവന്റെ തല പെരുത്തു.

കുറച്ചു കഴിഞ്ഞു അവനുള്ള ആഹാരവുമായി അവർ വന്നു.

വൈശാഖിനു അമ്മ തന്നെ ഭക്ഷണം വാരി കൊടുത്തു.

“അമ്മ ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടോ…?? ”

“എന്താ കാര്യം അമ്മ പറയ്യ്… ”

“ഇന്നലെ ഇവിടെ എല്ലാവരും നിന്റെ വിവാഹ കാര്യത്തെ പറ്റി പറഞ്ഞു…”

“എന്നിട്ട്…?? ” അവൻ പകപ്പോടെ അമ്മയെ നോക്കി.

“നിന്റെയും ദേവിയുടെയും വിവാഹം നടന്നു കാണാനാ ഇവിടെ എല്ലാവർക്കും ആഗ്രഹം… ”

“എന്റെ സമ്മതം പോലും ചോദിക്കാതെ എല്ലാവരും കൂടി എന്റെ വിവാഹ കാര്യം തീരുമാനിച്ചോ…?? എല്ലാം അറിയുന്ന അമ്മ തന്നെ ഇതിനു അനുവാദം കൊടുത്തോ…?? ”

“എടാ മോനെ എത്ര നാൾ നീ അവളെ ഓർത്ത് നടക്കും…. ശിവ മരിച്ചു പോയില്ലേ. ഈ ജന്മം അവളെയും മനസിലിട്ട് നീറി നീറി കഴിയാൻ ആണോ നിന്റെ ഭാവം….

അതിനു ഞാൻ സമ്മതിക്കില്ല. എല്ലാം കൊണ്ടും നിനക്ക് നന്നായി ചേരുന്ന പെണ്ണാ ദേവി. അവൾക്കും നിന്നെ ഭയങ്കര ഇഷ്ടമാണ്… ”

“അമ്മ എന്തൊക്കെ പറഞ്ഞാലും ഈ വിവാഹം നടക്കില്ല…. ശിവയുടെ സ്ഥാനത്തു അവളെ കാണാൻ എനിക്ക് കഴിയില്ല….

ദേവിയുടെ മുഖം കാണുമ്പോൾ തന്നെ എനിക്ക് വെറുപ്പാണ് തോന്നുന്നത്….ശിവപ്രിയ സ്നേഹിച്ച പോലെ മറ്റാർക്കും എന്നെ സ്നേഹിക്കാൻ കഴിയില്ല അമ്മേ….

ഇനി ഇക്കാര്യം പറഞ്ഞു അമ്മ എന്റെയടുത്തേക്ക് വരണ്ട…. ”

അവരുടെ സംഭാഷണമെല്ലാം കേട്ടു കൊണ്ട് പുറത്തു ദേവി നിൽപ്പുണ്ടായിരുന്നു.

ഭിത്തിയിൽ ചാരി അവൾ തേങ്ങൽ അടക്കാൻ പാടുപെട്ടു.

പാത്രവുമായി പുറത്തേക്കു വന്ന പാർവതി അവളെ കണ്ടു ഞെട്ടി.

“മോളേ… നീ…. നീ ഇവിടെ ഉണ്ടായിരുന്നോ… ”

“ഞാൻ എല്ലാം കേട്ടു അമ്മേ…. ഏട്ടന് എന്നോട് ഇത്ര വെറുപ്പാണെന്ന് ഞാൻ അറിഞ്ഞില്ല… ” അവരെ കെട്ടിപിടിച്ചു ദേവി പൊട്ടിക്കരഞ്ഞു.

“ഇക്കാര്യത്തിൽ അവനെ നിര്ബന്ധിക്കാൻ എനിക്ക് കഴിയില്ല മോളേ…. ശിവയുടെയും അവന്റെയും ആത്മബന്ധം അത്ര തീവ്രമാണ് അതുകൊണ്ടാവും അവളുടെ വേർപാട് അവനു സഹിക്കാൻ കഴിയാത്തത്…. ”

അവനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ പാർവതി തമ്പുരാട്ടി ദേവിയോട് പറഞ്ഞു.

ഒരു ഞെട്ടലോടെയാണ് അവൾ എല്ലാം കേട്ടത്. കൊല്ലപ്പെട്ട ശിവപ്രിയയുടെ ആത്മാവ് അവന്റെ കൂടെ അപ്പോഴും ഉണ്ടെന്നുള്ള സത്യം അവൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.

ദേവി തന്റെ മുറിയിലേക്ക് ഓടി. തലയിണയിൽ മുഖം പൂഴ്ത്തി അവൾ കുറെ നേരം കരഞ്ഞു.

അവളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ശിവയുടെ മരണ വാർത്തയാണ്. അവർ തമ്മിൽ അത്രമേൽ ആഴത്തിൽ ഒരു ബന്ധം ഉണ്ടാകുമെന്നു അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല.
*************************************
രാത്രി

തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്കു നോക്കി ശിവയുടെ വരവും കാത്തു കിടക്കുകയാണ് വൈശാഖ്.

പക്ഷേ അവളുടെ സാമീപ്യം അവിടെയെങ്ങും ഉണ്ടായിരുന്നില്ല.

അതേസമയം ഒരാൾ ഇരുളിന്റെ മറവ് പറ്റി ശ്രീമംഗലം തറവാടിന് അടുത്തെത്തി.

പരിസരം ഒന്ന് വീക്ഷിച്ച ശേഷം ഒരു മാർജാരനെ പോലെ പമ്മി പതുങ്ങി ആരെയും കണ്ണിൽ പെടാതെ അയാൾ ഉള്ളിൽ കടന്നു.

ആപത്തിലേക്കാണ് തന്റെ പോക്ക് എന്നറിയാതെ അയാൾ മുന്നോട്ടു നടന്നു.

ഭയാനകമായ എന്തോ ദുരന്തം വരാനിരിക്കുന്ന പോലെ അകലെ മരകൊമ്പിൽ ഇരുന്ന കൂമൻ നീട്ടി മൂളി.

ആരുടെയോ വരവ് കണ്ടു ഭയന്ന നായ്ക്കൾ ഉച്ചത്തിൽ ഓരിയിട്ടു.

കട്ട പിടിച്ച ഇരുട്ടിൽ രണ്ടു ചുവന്ന കണ്ണുകൾ തിളങ്ങി.

ഒരു കരിമ്പൂച്ച അയാളുടെ ദേഹത്തേക്ക് എടുത്തു ചാടി.

“അയ്യോ… ” അയാൾ പെട്ടന്ന് പേടിച്ചു പിന്നോട്ട് മാറി.

“നാശം മനുഷ്യനെ പേടിപ്പിക്കിനായിട്ട് ഓരോ ജന്തുക്കൾ… ” കാലു കൊണ്ട് അയാൾ അതിനെ തൊഴിച്ചെറിഞ്ഞു.

ശേഷം അയാൾ ഉമ്മറത്തേക്കു കയറി.
അപ്പോൾ അയാൾക്ക് പിന്നിൽ ഒരു ചുഴലി കാറ്റ് രൂപപ്പെട്ടു. അതിൽ നിന്നും ശിവപ്രിയ പുറത്തേക്കു വന്നു.

ഇരയെ കണ്ട വേട്ട മൃഗത്തെ പോലെ അവളുടെ കണ്ണുകൾ വന്യമായി തിളങ്ങി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3

ശിവപ്രിയ : ഭാഗം 4