ശിവപ്രിയ : ഭാഗം 2
നോവൽ
******
എഴുത്തുകാരി: ശിവ എസ് നായർ
അപ്പോഴാണ് അവന്റെ പിന്നിൽ രൂപപെട്ട ചുഴലിയിൽ നിന്നും ഒരു സ്ത്രീ രൂപം പുറത്തേക്കു വന്നത്.
കുപ്പി ചില്ലുകൾ വാരി വിതറും പോലെ അവൾ പൊട്ടിച്ചിരിച്ചു.
വൈശാഖ് ഞെട്ടി പിന്തിരിഞ്ഞു.
ഒരു പുകമറ അല്ലാതെ വേറൊന്നും അവനു കാണാൻ കഴിഞ്ഞില്ല. വൈശാഖ് മുന്നോട്ടു നടന്നു.
ശ്രീമംഗലം തറവാടിനു മുന്നിൽ എത്തിയപ്പോൾ അവനൊന്നു നിന്നു.
ഇരുൾ മൂടി കിടക്കുകയാണ് ശ്രീമംഗലം തറവാട്.
രാത്രിയുടെ ഭീകരതയിൽ ആ നാലുകെട്ടു ഭാർഗവി നിലയം പോലെ തോന്നിച്ചു.
തറവാടിനു ചുറ്റും ഒരാൾ പൊക്കത്തിൽ ചുറ്റുമതിലും പടിപ്പുരയും ഉള്ളതിനാൽ അകത്തെ കാഴ്ചകൾ പുറമേ നിന്ന് നോക്കിയാൽ കാണാൻ കഴിയില്ല.
“സാധാരണ പടിപ്പുര വാതിലിൽ ഒരു വിളക്ക് ഉണ്ടാവേണ്ടതാണല്ലോ… ഇപ്പൊ അതും കണ്ടില്ല.
ശിവയെ അവസാനമായി കണ്ടത് ഈ പടിപ്പുരയുടെ മുന്നിൽ വച്ചാണ്…. നാളെ അവളെ വന്നു കാണണം ഒരു വർഷമായിട്ട് അവളുടെ ഒരു വിവരോം ഇല്ല.
കത്ത് അയച്ചിട്ട് മറുപടിയുമില്ല…. നാളെ രണ്ടിലൊന്ന് അറിയണം… ” വൈശാഖ് മനസ്സിൽ തീരുമാനിച്ചു.
ശ്രീമംഗലം തറവാട്ടിലെ ശ്രീധരന്റെയും ലക്ഷ്മിയുടെയും ഏക മകളാണ് ശിവപ്രിയ.
വൈശാഖും ശിവയും വർഷങ്ങളായി കടുത്ത പ്രണയത്തിലാണ്.
രണ്ടു വീട്ടുകാർക്കും അതേ പറ്റി അറിയില്ല.വൈശാഖിന്റെ അമ്മയ്ക്ക് ചെറിയ സംശയങ്ങൾ ഉണ്ടെങ്കിലും മകനോടു അതിനെപ്പറ്റി ഒന്നും അവർ ചോദിച്ചിട്ടില്ല.
കിള്ളികുറുശ്ശി മംഗലത്തെ പേര് കേട്ട തറവാട് ആണ് ഇളവന്നൂർ മഠം.
ആ പ്രദേശത്തെ മറ്റു തറവാട്ടുകാരെല്ലാം ഭൂസ്വത്ത് ഭാഗം വച്ചു പിരിഞ്ഞു അണു കുടുംബമായി താമസിക്കുന്നെങ്കിലും ഇന്നും എല്ലാവരും ഒത്തൊരുമിച്ചു ഐക്യതയോടെ കഴിയുന്ന ഒരു തറവാട് ആണ് ഇളവന്നൂർ മഠം.
പേരും പ്രശസ്തിയുമുള്ള പഴക്കം ചെന്ന വലിയൊരു എട്ടുകെട്ട്.
നടുകളവും , തുളസി തറയും, കാവും, കുളവും, അമ്പലവും രണ്ടാൾ പൊക്കത്തിലുള്ള പടിപ്പുരയും വലിയ ചുറ്റു മതിലും വിശാലമായ തിരുമുറ്റവും നീണ്ടു പരന്ന തൊടിയും അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഇളവന്നൂർ മഠത്തിന്.
ആ നാട്ടിലെ തന്നെ ഏറ്റവും വലിയ സമ്പന്ന കുടുംബം.
മനുഷ്യത്വമുള്ള നല്ല ആളുകളാണ് തറവാട്ടിൽ ഉള്ളവർ. നാട്ടുകാർക്ക് എല്ലാവർക്കും അവരെ വലിയ ബഹുമാനമാണ്.
നാട്ടിലെ പല തർക്കങ്ങളും പരിഹരിക്കുന്നത് മഠത്തിലെ മുത്തച്ഛനാണ്.
*********************************************
രണ്ടു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ പെട്ട് വൈശാഖിന്റെ അച്ഛൻ കോമയിൽ ആയിപോയി. ആ വിവരം അറിഞ്ഞു ഡൽഹിക്ക് പോയതാണ് വൈശാഖ്. അച്ഛനെ തറവാട്ടിൽ തിരികെ എത്തിച്ചു ആയുർവേദ ചികിത്സ നൽകി.
നാട്ടു വൈദ്യത്തിലൂടെ ഒരുവിധം ഭേദപ്പെട്ടു വരുകയാണ് ഉണ്ണികൃഷ്ണൻ.
ഡൽഹിക്ക് പോയ വൈശാഖ് പിന്നെ രണ്ടു വർഷം കഴിഞ്ഞാണ് നാട്ടിൽ വരുന്നത്.അച്ഛന്റെ ബിസിനസ് എല്ലാം അവസാനിപ്പിച്ചു തിരിച്ചു പോരാൻ രണ്ടു വർഷം വേണ്ടി വന്നു…
ദൂരെയാണെങ്കിലും ശിവയ്ക്ക് അവൻ മുടങ്ങാതെ കത്ത് എഴുതുമായിരുന്നു. പക്ഷെ ഏകദേശം ഒരു വർഷമായി അവന്റെ കത്തുകൾക്ക് അവളുടെ മറുപടി ഒന്നും വരുന്നുണ്ടായിരുന്നില്ല….
ഒരിക്കൽ അമ്മയോട് കുശലം ചോദിക്കുന്നതിനിടയിൽ അവളെ പറ്റി ചോദിച്ചപ്പോൾ ശിവയുടെ അച്ഛനു സുഖമില്ല എന്ന് അമ്മ സൂചിപ്പിച്ചിരുന്നു….
അവളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ബിസിനസ് അത്ര പെട്ടന്ന് മതിയാക്കി അവൻ വേഗം തിരിച്ചു വന്നത്.
ഓരോന്നും ആലോചിച്ചു അവൻ മുന്നോട്ടു നടന്നു.
അപ്പോൾ അവന്റെ പിന്നിൽ വീണ്ടും ആ യുവതി പ്രത്യക്ഷപ്പെട്ടു. മന്ദം മന്ദം അവൾ അവനു പിന്നാലെ നടന്നു.
ശിവപ്രിയയുടെ ഓർമ്മകൾ അവന്റെ മനസിലേക്ക് ഓടിയെത്തി.വല്ലാത്ത സങ്കടം അവനു അനുഭവപ്പെട്ടു. അവളുടെ മൗനത്തിന്റെ കാരണം അവനു എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
സ്നേഹത്തോടെ അവളുടെ ഏട്ടാന്നുള്ള വിളി അവന്റെ കാതുകളിൽ മുഴങ്ങി.
എന്തോ സംശയം തോന്നിയ വൈശാഖ് പെട്ടന്ന് പിന്തിരിഞ്ഞു നോക്കി. അവിടമാകെ മൂടൽ മഞ്ഞു വന്നു മൂടിയിരുന്നു… ഇരുളിന്റെ മറ പറ്റി തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് അവനു തോന്നി.
വൈശാഖ് ടോർച്ചു തെളിച്ചു ചുറ്റും വീക്ഷിച്ചു….
അരണ്ട പ്രകാശത്തിൽ അവിടെ ആരോ നിൽക്കുന്നത് അവൻ കണ്ടു.
“ആരാത്… ” ഉറച്ച ശബ്‌ദത്തിൽ അവൻ ചോദിച്ചു.
അവന്റെ ചോദ്യത്തിന് ഉത്തരം ഒന്നുമില്ലായിരുന്നു.
വീണ്ടും അവൻ ചോദ്യം ആവർത്തിച്ചു.
ചുറ്റും കനത്ത നിശബ്ദത മാത്രം…
വൈശാഖിനു കലശലായ ദേഷ്യം വന്നു.
അവൻ ആ സ്ത്രീ രൂപത്തിനു നേർക്ക് നടന്നടുത്തു.
മൂടൽ മഞ്ഞിനു ശക്തി പ്രാപിച്ചു.
അപ്പോഴാണ് അവന്റെ കയ്യിലിരുന്ന ടോർച് അണഞ്ഞു പോയത്.
“ശേ… അണയാൻ കണ്ട നേരം…. ” വൈശാഖ് ടോർച് കയ്യിലിട്ട് തട്ടി നോക്കി.
എത്ര ശ്രമിച്ചിട്ടും അത് കത്തിയില്ല.
ദേഷ്യം വന്ന് അവൻ ടോർച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു.
പെട്ടെന്നാണ് അവിടെ മുഴുവൻ തണുത്ത കാറ്റ് ആഞ്ഞു വീശാൻ തുടങ്ങിയത്. പാലപ്പൂവിന്റെ സുഗന്ധം അവനു അനുഭവപ്പെട്ടു.
ഇരുട്ടായതിനാൽ അവനു ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഇരുളിൽ നിന്നും ആ സ്ത്രീ രൂപം അവന്റെ തൊട്ടടുത്തു എത്തി.
തന്റെ സമീപം ആരോ ഉണ്ടെന്ന് അവനു തോന്നി.
അവൾ പതിയെ അവന്റെ ചുമലിൽ കൈവച്ചു.
“ആരാത്… ” കൈ തട്ടി മാറ്റി കൊണ്ട് വൈശാഖ് ദേഷ്യത്തിൽ ചോദിച്ചു.
“ഏട്ടന് എന്നെ മനസിലായില്ലേ… “ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
അവളുടെ പൊട്ടിച്ചിരി അവിടമാകെ മാറ്റൊലി കൊണ്ടു.
“ശിവ…. നീ…. നീയാണോ… ” അവൻ അത് ചോദിച്ചതും ആകാശത്ത് ശക്തമായ ഇടി മുഴങ്ങി.
ഒരു മിന്നൽ പിണർ അവന്റെ ശിരസ്സിലേറ്റു.
വൈശാഖ് ബോധ ശൂന്യനായി നിലംപതിച്ചു.
******************************************
രാവിലെ അടിച്ചു തളിക്കാരി അമ്മാളുവാണ് പടിപ്പുരയ്ക്ക് മുന്നിൽ കിടക്കുന്ന വൈശാഖിനെ കണ്ടത്.
“അയ്യോ ആരെങ്കിലും ഓടി വരണേ… ” അവർ ഒച്ച വച്ചു.
“എന്താ അമ്മാളു… എന്ത് പറ്റി?? അങ്ങോട്ടേക്ക് ഓടി വന്ന രാമൻ ചോദിച്ചു.
വൈശാഖിന്റെ വല്യച്ഛന്റെ മകനാണ് രാമൻ.
“വൈശു കുഞ്ഞു വീണു കിടക്കുന്നു ഇവിടെ… ”
“എവിടെ നോക്കട്ടെ… ”
രാമൻ പടിപ്പുരയ്ക്ക് വെളിയിൽ വന്നു നോക്കി.
നിലത്തു കിടക്കുന്ന വൈശാഖിനെ അവൻ കുലുക്കി വിളിച്ചു.
“ഡാ വൈശാ എണീക്കടാ… ” അവൻ പതിയെ കണ്ണുകൾ തുറന്നു.
“ഞാൻ എവിടെയാ… ”
“നീ ഇവിടെ നിലത്തു കിടക്കുവാ…എണീറ്റു വാടാ…ഇന്നലെ ഇവിടെയാണോ കിടന്നു ഉറങ്ങിയത്… ”
വൈശാഖ് ചാടി എണീറ്റു…
“അത് പിന്നെ ഏട്ടാ രാത്രി വന്നപ്പോ ഒത്തിരി വൈകി… ഇവിടെ എത്തിയതൊന്നും ഓർമയില്ല… ചിലപ്പോൾ ക്ഷീണം കൊണ്ട് ഇവിടെ ഇരുന്നു മയങ്ങി പോയതാകും… ”
“അകത്തോട്ടു വാ… നിനക്ക് നേരം വെളുത്തിട്ട് വരാമായിരുന്നില്ലേ… രാത്രി ഇവിടെ വന്നു കിടക്കേണ്ട വല്ല കാര്യവുമുണ്ടോ…?? ” രാമൻ അവനെ ശാസിച്ചു.
രാമൻ അവന്റെ കയ്യിൽ നിന്നും ലഗേജ് വാങ്ങി.
ദേഹത്തു പറ്റിയ പൊടി അവൻ തൂത്തു കളഞ്ഞു.
“യാത്ര കഴിഞ്ഞു വന്നതല്ലേ പോയി കുളിച്ചു റെഡി ആയി വാ… എന്നിട്ടാവാം വിശേഷം പറച്ചിൽ…. ”
“ഞാനീ ലഗേജും ബാഗുമൊക്കെ കൊണ്ട് മുറിയിൽ വെയ്ക്കാം നീ കുളത്തിൽ പോയി മുങ്ങി കുളിച്ചു വാ…എണ്ണയും സോപ്പും തോർത്തും മുണ്ടും ഞാൻ അങ്ങോട്ട് കൊണ്ട് വരാം…
കുളിക്കാതെ അകത്തു കയറി മുത്തശ്ശന്റെ കയ്യിന്ന് രാവിലെ തന്നെ ചീത്ത കേൾക്കണ്ട… ” രാമൻ അവനെ കുളിക്കാൻ പറഞ്ഞു വിട്ടു.
“ശരി ഏട്ടാ… രാവിലെ തന്നെ ചീത്ത കേൾക്കാൻ നിക്കുന്നില്ല… എണ്ണയും സോപ്പും അങ്ങോട്ട് കൊണ്ട് വന്നേക്ക്… ”
മൂളിപ്പാട്ടും പാടി വൈശാഖ് കുളകടവിലേക്ക് നടന്നു.
രാമൻ അവന്റെ സാധനങ്ങളുമായി അകത്തേക്ക് പോയി.
“വൈശു വന്നോ രാമാ… “ബാഗും തൂക്കി പിടിച്ചു കയറി വരുന്ന രാമനെ കണ്ടു ഉമ്മറത്തേക്ക് വന്ന പാർവതി തമ്പുരാട്ടി ചോദിച്ചു.
“വന്നു അമ്മായി… ”
“എന്നിട്ട് അവൻ എവിടെ… ”
“അവനെ ഞാൻ കുളിക്കാൻ പറഞ്ഞു വിട്ടു..”
“അതേതായാലും നന്നായി… യാത്ര കഴിഞ്ഞു വന്നതല്ലേ… ” സംഭാഷണം കേട്ടു കൊണ്ട് വന്ന മുത്തശ്ശൻ പറഞ്ഞു.
“എന്നാ നീ ഈ സാധനങ്ങൾ കൊണ്ട് പോയി അവന്റെ മുറിയിൽ വച്ചേക്കു…അവൻ കുളിച്ചു വരുമ്പോഴേക്കും ഞാൻ പ്രാതൽ ഒരുക്കാം… ” പാർവതി തമ്പുരാട്ടി പറഞ്ഞു.
രാമൻ അതുമായി കോണിപ്പടി കയറി പോയി.
********************************************
“എന്നാലും ഞാൻ എങ്ങനെ പടിപ്പുരയ്ക്ക് മുന്നിൽ വന്നു കിടന്നു…. ”
ടോർച്ചു തെളിച്ചു നടന്നു വരുന്നതും ശിവയുടെ വീടിനു മുന്നിൽ എത്തിയത് വരെയുള്ള കാര്യങ്ങൾ മാത്രമേ അവന്റെ ഓർമയിൽ തെളിഞ്ഞുള്ളു.
എത്ര ആലോചിച്ചിട്ടും പിന്നീട് നടന്ന കാര്യങ്ങൾ ഒന്നും അവനു ഓർത്തെടുക്കാനായില്ല.
വൈശാഖ് കുളത്തിലേക്ക് എടുത്തു ചാടി.
നന്നായി വിസ്തരിച്ചു മുങ്ങി കുളിച്ചു.
അപ്പോഴാണ് തോർത്തും സോപ്പുമായിട്ട് ദേവി അങ്ങോട്ട് വന്നത്.
വൈശാഖിന്റെ മുറപ്പെണ്ണാണ് ദേവി.
“നിന്നോടാരാ ഇപ്പൊ ഇതും കൊണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞത്… രാമേട്ടൻ എവിടെ…” ഈർഷ്യയോടെ അവൻ ചോദിച്ചു.
“രാമേട്ടൻ തന്നെയാ ഇത് കൊണ്ട് ഇവിടെ തരാൻ എന്നെ പറഞ്ഞു വിട്ടത്… ”
“ആ അതവിടെ വച്ചിട്ട് പൊക്കോ… ”
“എന്തൊരു ദേഷ്യ ഇത്…. എപ്പഴാ ഏട്ടൻ വന്നേ..”
“നിന്ന് കിന്നാരം പറയാതെ പോടീ അപ്പുറത്ത്… ”
“ഓ നമ്മള് പോയേക്കാം… ഇപ്പഴും അവളെ സ്വപ്നം കണ്ടു നടക്കുകയാവും… എനിക്കറിയാം എല്ലാം… ”
“എന്ത് അറിയാന്നാ നിനക്ക്… ”
“ഒന്നുമില്ലേ… ” തോർത്തും സോപ്പും പടിയിൽ വച്ചിട്ട് അവൾ പടികെട്ടുകൾ ഓടി കയറി പോയി.
ദേവിക്ക് അവനെ ഭയങ്കര ഇഷ്ടമാണ്. അവനു ശിവയെ ഇഷ്ടമാണ് എന്ന കാര്യം അവൾക്ക് അറിയാം പക്ഷേ ശിവയ്ക്കും ഇഷ്ടമുള്ളത് അറിയില്ല.
ആർക്കും സംശയത്തിനു അവർ അവസരം കൊടുത്തിട്ടില്ല ഇതുവരെയും…
കുളി കഴിഞ്ഞു വൈശാഖ് പ്രാതൽ കഴിക്കാനായി വന്നു.
നല്ല ചൂട് ദോശയും സാമ്പാറും ചമ്മന്തിയും വടയും എല്ലാം പാർവതി തമ്പുരാട്ടി അവനു ഒരുക്കി വച്ചിരുന്നു.
“രാമേട്ടൻ കഴിച്ചോ… ”
“ഇല്ലെടാ നീ കൂടി വന്നിട്ട് കഴിക്കാം എന്ന് കരുതി.. ”
“എന്നാൽ വാ കഴിക്കാം… നല്ല വിശപ്പുണ്ട് എനിക്ക്… ”
പാർവതി രണ്ടുപേർക്കും ആഹാരം വിളമ്പി.
“അച്ഛൻ എവിടെ അമ്മേ… ”
“വൈദ്യർ എണ്ണയിട്ട് ഉഴിച്ചിൽ നടത്താൻ വന്നിട്ടുണ്ട്…കഴിഞ്ഞിട്ടില്ല്യ ഇതുവരെ…. നിങ്ങള് കഴിക്ക്… ”
രണ്ടുപേരും കഴിക്കാൻ ഇരുന്നു.
********************************************
പ്രാതൽ കഴിഞ്ഞു വൈശാഖ് ഉമ്മറത്തേക്ക് വന്നപ്പോൾ അവിടെ മുത്തശ്ശിയും മുത്തശ്ശനും ഉണ്ടായിരുന്നു.
അവർക്ക് അരികിൽ ഇരുന്നു അവൻ കുശലാന്വേഷണം നടത്തി.
അപ്പോഴേക്കും പാർവതി തമ്പുരാട്ടിയും അങ്ങോട്ട് വന്നു.
“ഇനി ഡൽഹിക്ക് പോണോ മോനെ… അവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞില്ലേ… ”
“കഴിഞ്ഞു അമ്മേ… ഇനി പോണ്ട… ”
“അല്ലെങ്കിൽ തന്നെ ബിസിനസിന്റെ ആവശ്യം ഒന്നുമില്ലല്ലോ… ഇവിടെ ഇപ്പൊ ഏഴെട്ട് തലമുറകൾക്ക് കഴിഞ്ഞു കൂടാനുള്ളതുണ്ട്…” മുത്തശ്ശൻ പറഞ്ഞു.
“ഉണ്ണിക്ക് അല്ലായിരുന്നോ ഒരേ വാശി… ” മുത്തശ്ശി പറഞ്ഞു.
“ആ ഇനിയിപ്പോ എന്തായാലും അതൊക്കെ കഴിഞ്ഞല്ലോ… ” പാർവതി ആ ചർച്ച അവിടെ അവസാനിപ്പിച്ചു.
“ആ മുത്തശ്ശി ഞാൻ ഇന്നലെ തൃശ്ശൂർ സ്റ്റാൻഡിൽ വച്ച് നമ്മടെ പഴയ കാര്യസ്ഥൻ രാവുണ്ണിയെ കണ്ടിരുന്നു. മുത്തശ്ശി പറഞ്ഞ അടയാളം വച്ചു അതു തന്നെയാ ആൾ… ”
വൈശാഖ് പറഞ്ഞത് കേട്ട് മുത്തശ്ശി ഞെട്ടി.
“രാവുണ്ണിയെ മോൻ കണ്ടെന്നോ ഇന്നലെ….നീ കണ്ടത് രാവുണ്ണിയെ ആവില്ല…അയാളെ നീ കണ്ടിട്ടില്ലല്ലോ… ” മുത്തശ്ശി തറപ്പിച്ചു പറഞ്ഞു.
“അയാൾ പറഞ്ഞല്ലോ അയാൾ രാവുണ്ണി ആണെന്ന്… ” അവൻ അയാളുടെ ലക്ഷണങ്ങൾ പറഞ്ഞു കൊടുത്തു.
എന്നിട്ടും അവരാരും വിശ്വസിക്കുന്നില്ല എന്ന് കണ്ട് അവൻ പോയി ഒരു പേപ്പർ എടുത്തു കൊണ്ട് വന്നു അയാളെ വരച്ചു…
വൈശാഖ് നന്നായി ചിത്രങ്ങൾ വരയ്ക്കുന്നതിൽ സമർത്ഥനാണ്.
രാവുണ്ണിയെ മനസ്സിൽ ഓർത്തെടുത്ത് അവൻ കടലാസ്സിൽ വരച്ചു.
“ദേ നോക്കിയേ ഇതല്ലേ രാവുണ്ണി… ”
“അവൻ വരച്ച ചിത്രത്തിൽ നോക്കി ഏവരും ഞെട്ടി… ”
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രാവുണ്ണിയെ അവൻ ഇന്നലെ കണ്ട ഓർമയിൽ വരച്ചതാണ്.
ഒരാളെ ഒരിക്കൽ കണ്ടാൽ മതി അവനു വരയ്ക്കാൻ.
വിറകൈകളോടെ മുത്തശ്ശി അവന്റെ കയ്യിൽ നിന്നും കടലാസ് വാങ്ങി നോക്കി.
“അതേ ഇത് രാവുണ്ണി തന്നെ… പക്ഷേ മോനെ അയാൾ രണ്ടു ദിവസം മുൻപ് മരിച്ചു പോയി…”
ഇടറിയ സ്വരത്തിൽ മുത്തശ്ശി പറഞ്ഞു.
“ഹെന്ത്.. ”
ഇത്തവണ ഞെട്ടിയത് വൈശാഖ് ആണ്.
തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹