Wednesday, November 13, 2024
Novel

ശിവപ്രിയ : ഭാഗം 10

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

“അപ്പോൾ ഇനി ആ മാന്ത്രികൻ എത്തില്ലേ നിന്നെ വീണ്ടും ബന്ധിക്കാൻ..” വൈശാഖ് ചോദിച്ചു.

“വരട്ടെ അയാൾ…. അയാളുടെ വരവും കാത്തിരിക്കുകയാണ് ഞാൻ…. ”

“ആ മാന്ത്രികൻ വന്നാൽ നിന്നെ വീണ്ടും ബന്ധനത്തിൽ ആക്കില്ലേ…. അയാളുടെ മാന്ത്രിക ശക്തിയെ എതിർത്തു തോൽപ്പിക്കാൻ നിനക്ക് കഴിയോ ശിവ.”

“ആദ്യം അയാളിങ്ങ് വരട്ടെ എന്നിട്ട് എന്താന്ന് വച്ചാൽ ചെയ്യാം… ”

“അയാൾ ഇവിടെ എത്തുന്നതിനു മുൻപ് തന്നെ അജയനെയും അവന്റെ കൂടെ ഉണ്ടായിരുന്നവന്മാരെയും കൊല്ലണം… ” പകയോടെ വൈശാഖ് പറഞ്ഞു.

“സഞ്ജുവും കിരണും നാളെ എത്തിച്ചേരും. അജയൻ അവരെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.പക്ഷെ മൂവരുടെയും കഴുത്തിൽ ആ നക്ഷത്ര പതക്കം ഉള്ളിടത്തോളം കാലം അവരുടെ രോമത്തിൽ പോലും സ്പർശിക്കാൻ എനിക്ക് കഴിയില്ല…. അത് എങ്ങനെയും നഷ്ടപ്പെടുത്തണം….” നിരാശയോടെ ശിവ അവനോട്‌ പറഞ്ഞു.

“എന്തെങ്കിലും വഴി തെളിഞ്ഞു വരാതിരിക്കില്ല…. എന്തായാലും ഞാൻ നാളെ വൈദ്യരുടെ വീട് വരെ പോയി അജിത്തിനെ കണ്ട് കാര്യം പറയാം…. അതോടൊപ്പം അജയന്റെ പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയാനും ശ്രമിക്കാം…. ”

“വേണ്ട ഏട്ടാ….അത് അപകടമാണ്… മാത്രമല്ല അജിത്തിനെ കണ്ടിട്ടും കാര്യമില്ല….ഏട്ടനെ കണ്ട് തിരിച്ചു പോകും വഴി അജയൻ ഏട്ടനെ ആക്രമിച്ചത് പോലെ അജിത്തിനെയും ആക്രമിച്ചു…. ”

ശിവപ്രിയ പറഞ്ഞത് കേട്ട് വൈശാഖ് അന്തംവിട്ടു.

“അജയൻ എന്തിനാ അജിത്തിനെ അപായപ്പെടുത്തിയത്??? അതും സ്വന്തം ചേട്ടനെ…. അപ്പോൾ അതിനർത്ഥം അജിത്തിന് പലതും അറിയാമെന്നല്ലേ…?? ”

“അതേ അജിത്തിന് സത്യങ്ങൾ അറിയാമായിരുന്നു…. രാവുണ്ണിയെ ഞാൻ കൊല്ലാൻ ശ്രമിച്ചതിനെപ്പറ്റി വൈദ്യരുടെ വീട്ടിൽ വച്ച് അയാൾ അജയനോട്‌ പറയുന്നത് അജിത്ത് കേൾക്കാനിടയായി…. തുടർന്ന് അജയനെ കൊണ്ട് സത്യങ്ങൾ എല്ലാം അവൻ പറയിപ്പിച്ചു…. അക്കാര്യം പുറത്തു ആരോടും പറയാതെ അജിത്ത് മനസ്സിൽ തന്നെ കൊണ്ട് നടന്നു…ഒടുവിൽ ഏട്ടനോട് അജിത്ത് എല്ലാം തുറന്നു പറഞ്ഞാലോയെന്ന് പേടിച്ചിട്ടാ അജയൻ അജിത്തിനെ അടിച്ചു വീഴ്ത്തിയത്…. ”

വൈശാഖിനു എന്തെന്നില്ലാത്ത ദേഷ്യം തോന്നി അജിത്തിനോട്‌.

“നാളെ തന്നെ ഞാൻ അവനെ പോയി കാണുന്നുണ്ട്…. എല്ലാം അറിഞ്ഞു വച്ചു കൊണ്ട് എന്റെ മുന്നിൽ ഒന്നുമറിയില്ല എന്ന ഭാവത്തിൽ നടന്നതല്ലേ അവൻ ”

“തല്ക്കാലം അങ്ങോട്ട്‌ പോവണ്ട ഏട്ടൻ… ”

“നീ എന്തൊക്കെ പറഞ്ഞാലും ശരി ഞാൻ പോവും… അവനെ കാണുകയും ചെയ്യും…. ”

വൈശാഖ് ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആർക്കും പറ്റില്ല….

ശിവ അവന്റെ തീരുമാനം മാറ്റാൻ കുറെ ശ്രമിച്ചു നോക്കിയെങ്കിലും അവൻ തന്റെ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിന്നു.
*************************************
പിറ്റേന്ന് രാവിലെ തന്നെ അജയന്റെ രണ്ടു സുഹൃത്തുക്കളും എത്തിച്ചേർന്നു.

ഉമ്മറ കോലായിൽ മൂവരും സംസാരിച്ചു ഇരിക്കുവേയാണ് അജയനെ കാണാനായി കുളക്കാടൻ മാന്ത്രികന്റെ ഭൃത്യൻ വന്നത്.

“രണ്ടു ദിവസം കഴിയുമ്പോൾ അദ്ദേഹം ഇവിടെ എത്തും… അദ്ദേഹം വരുന്ന വരെ ഒന്ന് കരുതി ഇരുന്നോളാൻ പറഞ്ഞിട്ടുണ്ട്…. അവിവേകം ഒന്നും കാട്ടരുത്…. അവളുടെ ശക്തി വർദ്ധിച്ചു നിൽക്കുകയാണ് ഇപ്പോൾ….
അതുകൊണ്ട് വളരെ ജാഗ്രതയോടെ ഇരിക്കാൻ നിർദേശം തന്നിട്ടുണ്ട്.
പിന്നെ ശ്രീമംഗലം തറവാട്ടിൽ തന്നെ പൂജയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറാക്കാൻ പറഞ്ഞിട്ടുണ്ട്…. ഈ ചാർത്തിൽ പൂജാ സാധനങ്ങൾ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്…. ” അയാൾ കയ്യിലിരുന്ന ചാർത്ത്‌ അജയനെ ഏൽപ്പിച്ചു.

“പൂജയുടെ ഒരുക്കങ്ങൾ വേണ്ടത് പോലെ ചെയ്യാം… ”

“എല്ലാം അതീവ രഹസ്യമായിരിക്കണമെന്ന് പ്രത്യേകം പറയാൻ പറഞ്ഞു….
എന്നാ പിന്നെ ഞാൻ ചെല്ലട്ടെ… ” ഭൃത്യൻ വേഗം തന്നെ തിരിച്ചു പോയി.

അവൻ സഞ്ജുവിനോടും കിരണിനോടും കാര്യം പറഞ്ഞു.
*************************************
“അമ്മേ ഞാൻ അജിത്തിനെ ഒന്ന് കണ്ടിട്ട് വരാം…” വൈശാഖ് പാർവതി തമ്പുരാട്ടിയുടെ മുറിയിലേക്ക് കയറി ചെന്നു പറഞ്ഞു.

“ഇന്നലെ അല്ലേടാ അവൻ നിന്നെ വന്നു കണ്ടിട്ട് പോയത്… ”

“ഇതിപ്പോ ഒരു അത്യാവശ്യ കാര്യം പറയാനാ വേഗം വരാം ഞാൻ… ”

“അച്ഛനോടും കൂടി ഒന്ന് പറഞ്ഞിട്ട് പൊയ്ക്കോ… ”

“ശരി… ”

അച്ഛനെ കണ്ടു കാര്യം പറഞ്ഞ ശേഷം അവൻ അജിത്തിനെ കാണാനായി പുറപ്പെട്ടു.

അവൻ നാരായണൻ വൈദ്യരുടെ വീട്ടിലേക്ക് ചെന്നു കയറുമ്പോൾ അജയനും കൂട്ടുകാരും അവിടെയില്ലായിരുന്നു.

കുറച്ചു നേരം അജിത്തിന്റെ അമ്മയോടും അച്ഛനോടും വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം അവൻ അജിത്ത് കിടക്കുന്ന മുറിയിലേക്ക് ചെന്നു.

അവന്റെ പെട്ടെന്നുള്ള വരവ് അജിത്തിനെ അമ്പരപ്പിച്ചു.

താടിയെല്ലിനു പൊട്ടൽ ഉള്ളതിനാൽ അജിത്തിന് സംസാരിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു.

അകത്തു കയറി വാതിൽ അടച്ച ശേഷം വൈശാഖ് അജിത്ത് കിടക്കുന്ന കട്ടിലിന്റെ സമീപത്തേക്ക് ചെന്നു.

“നിന്നെ കാണാൻ വേണ്ടിയാ ഞാൻ വന്നത്…. കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ…. എന്തിനാടാ നിന്റെ അനിയനും കൂട്ടുകാരും ചേർന്ന് അതി ക്രൂരമായി എന്റെ ശിവയെ ബലാത്സംഗം ചെയ്തു കൊന്ന കാര്യം എന്നിൽ നിന്നും മറച്ചു വച്ച് ഒന്നുമറിയാത്തവനെ പോലെ അഭിനയിച്ചത്…. നിന്നോട് ഞാൻ എന്ത് ദ്രോഹമാ ചെയ്തത്…. കൂടപ്പിറപ്പിനെ പോലെയല്ലേടാ നിന്നെ ഞാൻ കണ്ടത്…. സത്യങ്ങൾ എല്ലാം അറിയാമായിരുന്നിട്ടും നീ അത് മറച്ചു പിടിച്ചു നിന്റെ അനിയനെ ഇത്രയും നാൾ രക്ഷിക്കാൻ ശ്രമിച്ചില്ലേ….”

വൈശാഖിന്റെ തുറന്നു പറച്ചിൽ അജിത്തിനെ ഞെട്ടിച്ചു. സത്യങ്ങൾ വൈശാഖ് മനസിലാക്കി കഴിഞ്ഞുവെന്ന് അവനു ബോധ്യമായി.

“നീ എങ്ങനെ അറിഞ്ഞു…. ” ആയാസപ്പെട്ട് അജിത്ത് ചോദിച്ചു.

“ശിവ തന്നെ ഇന്നലെ രാത്രി നേരിൽ വന്നു പറഞ്ഞു….ഉണ്ടായ കാര്യങ്ങൾ എല്ലാം അവൾ ഇന്നലെ വിശദീകരിച്ചു.
എന്നാലും ഉറ്റ സുഹൃത്തായ നീ എന്നിൽ നിന്നും സത്യങ്ങൾ മറച്ചു വച്ചത് ശരിയായില്ല…. നിന്റെ അനിയൻ ചെയ്ത നെറികെട്ട പ്രവർത്തിക്കു നീയും കൂട്ട് നിന്നു…. ”

“എടാ അങ്ങനെ മാത്രം നീ പറയരുത്…. അജയനെ സംരക്ഷിക്കാൻ വേണ്ടിയല്ല ഞാൻ ഇതൊക്കെ നിന്നിൽ നിന്നും മറച്ചു വച്ചത്…. നാല് പേര് ചേർന്ന് പിച്ചി ചീന്തി അവളെ കൊന്നു കളഞ്ഞുവെന്ന് നിന്റെ മുഖത്തു നോക്കി പറയാനുള്ള ധൈര്യം ഇല്ലായിരുന്നു…. അതൊരിക്കലും നിനക്ക് താങ്ങാൻ കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് ഞാൻ സത്യങ്ങൾ മറച്ചു വച്ചത്…. ചെയ്ത തെറ്റുകൾക്ക് ഒരു നാൾ അവനു ശിക്ഷ ലഭിക്കുമെന്ന് എനിക്കറിയാം… ശിവപ്രിയ തന്നെ അത് നടപ്പാക്കുമെന്ന് എന്റെ മനസ്സ് പറഞ്ഞു.” വേദന കടിച്ചമർത്തി അജിത്ത് പറഞ്ഞു.

“അവളെ കൊന്നു കളഞ്ഞ എല്ലാത്തിനെയും അവൾ ഉടനെ തന്നെ തീർക്കും….ഇനി ആർക്കും രക്ഷയില്ല… ശിവ അവളുടെ പ്രതികാരം തീർത്തിരിക്കും…. ”

“അധിക നേരം നീയിവിടെ നിൽക്കണ്ട…. അവൻ വരും മുന്നേ പൊയ്ക്കോ…. സ്വന്തം ചേട്ടനായ എന്നെപ്പോലും കൊല്ലാൻ മടിയില്ലാത്തവനാണ്…. ”

“ഞാൻ ഇറങ്ങുവാ… ” വൈശാഖ് യാത്ര പറഞ്ഞു ഇറങ്ങി.

മുറ്റത്തേക്ക് ഇറങ്ങി ഇടവഴിയിൽ എത്തിയപ്പോഴാണ് വൈശാഖ് എതിരെ വരുന്ന മൂവരെയും കണ്ടത്.

അജയന്റെ കൂടെയുള്ള രണ്ടു പേർ സഞ്ജുവും കിരണും ആയിരിക്കുമെന്ന് അവൻ ഊഹിച്ചു.

വൈശാഖ് കടപ്പല്ലുകൾ ഞെരിച്ചമർത്തി.
അവന്റെ സിരകൾക്ക് ചൂടു പിടിച്ചു. ദേഷ്യം കൊണ്ട് വൈശാഖിന്റെ മുഖം ചുവന്നു. കണ്ണുകൾ കുറുകി.

വൈശാഖിനെ അവരും കണ്ടു.

“ആ വരുന്നതാണ് വൈശാഖ്…. മറ്റവളുടെ കാമുകൻ… ” അജയൻ കൂട്ടുകാരോട് ശബ്ദം താഴ്ത്തി പറഞ്ഞു.

“ഇവനാണല്ലേ അവളുടെ കാമുകൻ…നിന്റെ വീട്ടിൽ നിന്നാണല്ലോ വരുന്നത്… ” കിരൺ ചോദിച്ചു.

“ചേട്ടനെ കാണാൻ വന്നതാവും…”

“പക്ഷെ അവന്റെ വരവ് കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നല്ലോ…?? ” സഞ്ജു നടന്നു വരുന്ന വൈശാഖിനെ നോക്കി പറഞ്ഞു.

“എന്തായാലും നമ്മൾ മൂന്നുപേരില്ലേ… ഇവനെ അങ്ങ് പൊക്കിയേക്കാം…. അവളുടെ കാര്യം എന്തായാലും കുളക്കാട് മാന്ത്രികൻ നോക്കിക്കോളും.
അവളുടെ കൂടെത്തന്നെ ഇവനെയും പറഞ്ഞയച്ചേക്കാം….”

അപ്പോഴേക്കും വൈശാഖ് അവരുടെ അടുത്തെത്തിയിരുന്നു.

തൊട്ടടുത്ത നിമിഷം വൈശാഖ് അജയന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി.

അവനിൽ നിന്നും അത്ര പെട്ടന്ന് ഒരാക്രമണം അവർ പ്രതീക്ഷിച്ചിരുന്നില്ല.
അടി തെറ്റി അജയൻ നിലത്തു വീണു.

സഞ്ജുവും കിരണും വൈശാഖിന്റെ നേർക്ക് പാഞ്ഞു.

രണ്ടു പേരെയും അവൻ കറക്കി നിലത്തടിച്ചു.

കൈ കരുത്തിൽ അവന്റെ മുന്നിൽ തങ്ങൾക്ക് പിടിച്ചു നിൽക്കാനാവില്ലെന്ന് വളരെ വേഗം തന്നെ അവർക്ക് ബോധ്യമായി.

മൂന്നുപേരോടും വൈശാഖ് ഒരേ സമയം പൊരുതി. അവനും നല്ല പ്രഹരമേൽക്കുന്നുണ്ടായിരുന്നു. എങ്കിലും അവൻ എതിർത്തു നിന്ന് തിരിച്ചടിച്ചു.

ഒടുവിൽ സഞ്ജു കയ്യിൽ കിട്ടിയൊരു തടി കഷ്ണം എടുത്തു വൈശാഖിന്റെ പിന്നിലൂടെ വന്ന് അടിച്ചു.

അവന്റെ ശ്രദ്ധ മാറിയ നിമിഷം അജയനും കിരണും അവന്റെ മേൽ ചാടി വീണു.

മൂവരും ചേർന്ന് വൈശാഖിനെ പിടിച്ചു കെട്ടി. മുറിവുണങ്ങി വന്ന ഭാഗത്തു തന്നെ വീണ്ടും അടി കിട്ടിയതിനാൽ വൈശാഖിനു ബോധം മറയുന്നതായി തോന്നി.

“ഇവനെ എന്ത് ചെയ്യുമെടാ…?? ” സഞ്ജു അജയനോട് ചോദിച്ചു.

“തല്ക്കാലം ഇവനെ ആരും കാണാതെ പത്തായ പുരയിൽ അടയ്ക്കാം…. നാളെ രാത്രി ശ്രീമംഗലത്തു കൊണ്ട് പോകാം… അവിടെ വച്ച് ഇവനെ തട്ടിക്കളയാം…. നിങ്ങളിൽ ആരെങ്കിലും ഒരാൾ ഇവന്റെ കൂടെ പത്തായ പുരയിൽ ഉണ്ടാവണം…”

മൂവരും ചേർന്ന് വൈശാഖിനെ പൊക്കിയെടുത്തു പത്തായ പുരയിൽ കൊണ്ട് വന്നു.

കിരൺ പത്തായ പുരയിൽ നിന്നോളാമെന്ന് പറഞ്ഞു.
*************************************
അതേസമയം ഇളവന്നൂർ മഠത്തിൽ വൈശാഖിനെ കാണാതെ തിരഞ്ഞു നടക്കുകയായിരുന്നു ദേവി.

“അമ്മേ വൈശേട്ടൻ എവിടെ പോയി… ഇവിടെയെങ്ങും കാണുന്നില്ലല്ലോ…?? ”

“അവൻ അജിത്തിനെ കാണാൻ പോയി… എന്തോ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞാ പോയത്…. ”

“എന്റെ ദേവി… ചതിച്ചോ…”

“എന്താ മോളെ… എന്ത് പറ്റി…?? ” അവളുടെ പരിഭ്രമം കണ്ടു പാർവതി തമ്പുരാട്ടി ചോദിച്ചു.

“അത് പിന്നെ അമ്മേ…. ഏട്ടന് സുഖമായി വരുന്നതല്ലേ ഉള്ളൂ…. പുറത്തു പോയി ഇനി എന്തെങ്കിലും പറ്റിയാലോന്നു പേടിച്ചിട്ടാ… ” ദേവി ഒരുവിധം പറഞ്ഞൊപ്പിച്ചു.

“അവനിപ്പോ വരും….നീ വെറുതെ പേടിക്കണ്ട…. ”

“എപ്പോഴാ പോയത്…?? ”

“വൈകുന്നേരം ആയപ്പോഴാ പോയെ… ”

“ശരി അമ്മേ… ഞാൻ ഉമ്മറത്തേക്ക് ചെല്ലട്ടെ… ”

വൈശാഖിന്റെ കാര്യമാലോചിച്ചപ്പോൾ ദേവിക്ക് ആകെ പേടിയായി.

നേരം ഇരുട്ടി തുടങ്ങിയിട്ടും അവനെ കാണാതായപ്പോൾ ഒന്ന് പോയി നോക്കിയാലോ എന്നവൾ ചിന്തിച്ചു.

വരാനിരിക്കുന്ന ആപത്തറിയാതെ വൈശാഖിനെ തിരഞ്ഞു അവൾ മഠത്തിൽ നിന്നും പുറത്തിറങ്ങി.

വഴിയിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു.
ദേവി ധൃതിയിൽ നാരായണൻ വൈദ്യരുടെ വീട് ലക്ഷ്യമാക്കി നടന്നു.

ദേവി അവിടെയെത്തിയപ്പോഴേക്കും നേരം ഒത്തിരി വൈകിയിരുന്നു.

വൈദ്യരുടെ വീട്ടിലേക്കു പോകുന്ന ഇടവഴി കടന്നപ്പോൾ അവളൊന്നു ശങ്കിച്ചു നിന്നു.

അങ്ങോട്ട്‌ പോണോ വേണ്ടേയെന്ന് അവൾ ആലോചിച്ചു.

അപ്പോഴാണ് സഞ്ജുവും അജയനും അങ്ങോട്ട്‌ വന്നത്. അജയനെ ദേവി തിരിച്ചറിഞ്ഞു.സഞ്ജുവിനെ അവൾക്ക് മനസിലായില്ല.

ശിവപ്രിയയ്ക്ക് ഉണ്ടായ ദുരന്തം ഒരു നിമിഷം അവളുടെ മനസിലൂടെ കടന്നു പോയി.

അവിടേക്ക് വരേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി. പെട്ടന്നുണ്ടായ ആവേശത്തിൽ മഠത്തിൽ നിന്നും ഇറങ്ങി പോരാൻ തോന്നിയ നിമിഷത്തെ അവൾ മനസ്സാൽ ശപിച്ചു.

വൈശാഖിനു എന്തെങ്കിലും ആപത്ത് സംഭവിച്ചു കാണുമോ എന്നോർത്താണ് മറ്റൊന്നും ചിന്തിക്കാതെ ദേവി അവനെ തിരഞ്ഞിറങ്ങിയത്….

എന്ത് ചെയ്യണമെന്നറിയാതെ ദേവി സ്തംഭിച്ചു നിന്നു. പേടി കാരണം ഒരടി ചലിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

“ദേവി എന്താ ഇവിടെ….??? ” ചെറു ചിരിയോടെ അജയൻ അവളോട്‌ ചോദിച്ചു.

“വൈശാഖേട്ടൻ ഇങ്ങോട്ട് വന്നിരുന്നല്ലോ…ഇത്രയും നേരായിട്ട് കണ്ടില്ലല്ലോ…”

ദാവണിയുടെ തുമ്പ് കൊണ്ട് മുഖം അമർത്തി തുടച്ചു അവൾ മറുപടി പറഞ്ഞു.

അജയന്റെ ചുണ്ടിൽ ഒരു കള്ള ചിരി മിന്നി. അവൻ ഇടം കണ്ണിട്ട് സഞ്ജുവിനെ നോക്കി.
സഞ്ജു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.

അജയൻ അവളെ അടിമുടി വീക്ഷിച്ചു.
അവന്റെ ചുഴിഞ്ഞ നോട്ടത്തിൽ ദേവി വെന്തുരുകി.

അവിടെ നിൽക്കുന്നത് അപകടമാണെന്ന് ദേവിക്ക് മനസിലായി.അവൾ പതിയെ പിന്തിരിഞ്ഞു നടക്കാൻ ഭാവിക്കവേ സഞ്ജു അവളെ കടന്നു പിടിച്ചു.

“എന്നെ വിടൂ… ” ദേവി അവന്റെ പിടി വിടുവിക്കാൻ നോക്കി.

അവൻ അവളെ മുറുക്കി കെട്ടിപ്പിടിച്ചു.

സർവ്വ ശക്തിയുമെടുത്തു അവനെ തള്ളി മാറ്റി ദേവി മുന്നോട്ട് ഓടി.

അജയൻ കയ്യെത്തി ദേവിയുടെ ദാവണി തുമ്പിൽ പിടിച്ചു വലിച്ചു.

അവളുടെ ദേഹത്തു നിന്നും ദാവണി പറിഞ്ഞു പോയി. മുന്നിൽ കണ്ട വഴിയിലൂടെ അവൾ ജീവനും കൊണ്ട് ഓടി.

ദാവണി കയ്യിൽ ചുരുട്ടി പിടിച്ചു അജയനും സഞ്ജുവും അവൾക്ക് പിന്നാലെ പാഞ്ഞു.

അവരിൽ നിന്നും ഓടി രക്ഷപെടാൻ ദേവിക്ക് കഴിഞ്ഞില്ല. ദേവിയെ അവർ പിടികൂടി.

അവൾ ഒച്ച വെയ്ക്കാതിരിക്കാൻ അജയൻ ദാവണി കൊണ്ട് അവളുടെ വായ മൂടി കെട്ടി.

“ഡാ ഇവളെ എടുത്തോ… ” അജയൻ പറഞ്ഞു.

സഞ്ജു അവളെ പൊക്കിയെടുത്തു തോളിലിട്ടു കൊണ്ട് അജയന്റെ പിന്നാലെ നടന്നു.

ആ കാഴ്ച നിസ്സഹായയായി നോക്കി നിൽക്കാനേ ശിവപ്രിയയ്ക്ക് കഴിഞ്ഞുള്ളു. അവരുടെ കഴുത്തിൽ ആ മാല ഉള്ളതിനാൽ ശിവയ്ക്ക് അവരുടെ സമീപത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല.

തനിക്ക് സംഭവിച്ച ദുരന്തം ദേവിക്ക് സംഭവിക്കരുതെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

പക്ഷെ ദേവിയെ രക്ഷിക്കാൻ ആരുമില്ലായിരുന്നു. സഞ്ജുവിന്റെ ചുമലിൽ കിടന്നു അവൾ കുതറി. അവളെയും കൊണ്ട് അവർ മുന്നോട്ടു നടന്നു.

കരയാൻ മാത്രമേ ദേവിക്ക് കഴിഞ്ഞുള്ളു.

ദേവിയെയും കൊണ്ട് സഞ്ജുവും അജയനും പോയത് ശിവപ്രിയയുടെ തറവാട്ടിലേക്കാണ്.

“ഇതാണ് പറ്റിയ സ്ഥലം…. ആരും ഒന്നുമറിയില്ല…. ” അജയൻ സഞ്ജുവിനോട് പറഞ്ഞു.

“അതെ…. പേടിച്ചിട്ട് ആരും ഇതുവഴി വരികയുമില്ല…. നമ്മുടെ ആവശ്യം കഴിഞ്ഞാൽ ഇവിടെ വച്ച് തന്നെ ഇവളെ തീർത്തു കളയാം… ” സഞ്ജു പറഞ്ഞു.

അവളെയും കൊണ്ട് അവർ ശ്രീമംഗലത്തിന്റെ പടിപ്പുര കടന്നു അകത്തു കയറി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശിവപ്രിയ : ഭാഗം 1

ശിവപ്രിയ : ഭാഗം 2

ശിവപ്രിയ : ഭാഗം 3

ശിവപ്രിയ : ഭാഗം 4

ശിവപ്രിയ : ഭാഗം 5

ശിവപ്രിയ : ഭാഗം 6

ശിവപ്രിയ : ഭാഗം 7

ശിവപ്രിയ : ഭാഗം 8

ശിവപ്രിയ : ഭാഗം 9