Wednesday, January 22, 2025
Novel

രുദ്രഭാവം : ഭാഗം 9

നോവൽ
എഴുത്തുകാരി: തമസാ

” ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത് ”

” ഓം തത് പുരുഷായ വിദ്മഹേ
മഹാദേവായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് ”

” ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് ”

” ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് ”

രാവിലെ രുദ്രൻ അമ്പലനടയിലേക്ക് കേറുമ്പോഴേ രുദ്ര ദേവന്റെ കോവിലിൽ നിന്ന് ഉറക്കെ ശ്ലോകം കേൾക്കുന്നുണ്ടായിരുന്നു…

ശബ്ദത്തിന്റെ ഉടമയെ മനസിലായപ്പോൾ നടത്തത്തിനു താനേ വേഗം കൂടി..

കൽവിളക്കും കടന്ന് അകത്തേക്ക് കയറുമ്പോൾ കണ്ട്, കോവിലിലേക്ക് നോക്കി നിന്ന് കണ്ണടച്ച് ചൊല്ലുന്ന ഭാവയാമിയെ… ആഴ്ചൾക്ക് ശേഷം കാണുന്ന പ്രിയസഖിയെ രുദ്രൻ കണ്ണെടുക്കാതെ നോക്കി…..

നീലയും ഓറഞ്ചും നിറമുള്ള പാവാടയും ബ്ലൗസും ആണ് ഇട്ടിരിക്കുന്നത്… മുടിയിൽ നിന്ന് ഇപ്പോഴും വെള്ളം ഇറ്റു വീഴുന്നുണ്ട്…. കുളിപ്പിന്നൽ കെട്ടിയ മുടിയിൽ തുളസിയും തെച്ചിയും സ്ഥാനം പിടിച്ചിരിക്കുന്നു….

പ്രണയം നിന്റെ മുഖത്തോടല്ല….. ബാഹ്യ സൗന്ദര്യത്തോടല്ല…

തൊഴുതു നിൽകുമ്പോൾ വട്ടം കറങ്ങി അടയുന്ന ഈ കണ്ണിനോടും നാമം ജപിക്കുന്ന ചുണ്ടിനോടും കർപ്പൂരം വീണ നെറ്റിയോടും നീണ്ട മുടിയിലെ തുളസിയോട് പോലും രുദ്രന് പ്രണയമാണ്…..

കണ്ണ് തുറക്കുമ്പോഴേക്കും രുദ്രൻ അവളുടെ വലതു വശത്തു വന്ന് നിന്നിരുന്നു…

ചിരിച്ചുകൊണ്ട് അവൾ നോക്കിക്കൊണ്ടിരുന്നു… രുദ്രൻ ചുറ്റും നോക്കി… ഇല്ല… ആരുമില്ല….

എന്താണ് ഭാവ, രാവിലെ തന്നെ വന്നത്…. അതും ശ്ലോകം ഒക്കെ പാടി?

ഇന്ന് ശിവരാത്രി അല്ലേ രുദ്രാ…. രാത്രി വരാൻ പറ്റില്ലല്ലോ…. അതുകൊണ്ട് രാവിലെ വന്നൊന്ന് കണ്ടിട്ട് പോകാമെന്നു കരുതി…..

വരുന്നതൊക്കെ കൊള്ളാം…തലയൊക്കെ തോർത്തിയിട്ട് വന്നുകൂടെ… ദാ ഇപ്പോഴും വെള്ളം വീഴുന്നുണ്ട്…

സമയം കിട്ടിയില്ല….

രാവിലെ നട തുറക്കുമ്പോഴേ എത്താൻ വേണ്ടി പെട്ടെന്ന് കുളിച്ചിട്ടു പോന്നതാ… മുടി വരെ ഇവിടെ എത്തിയിട്ടാ കെട്ടിയത്….

മുടി ചുരുട്ടിക്കെട്ടി വെച്ചിട്ട് വണ്ടിയും എടുത്തിങ്ങു പോന്നു….

വല്ലാത്തൊരു ആരാധനയാണല്ലേ ഭാവ, നിനക്ക് രുദ്രനോട്……. എന്നിട്ടും നിനക്ക് ഈ രുദ്രനെ കിട്ടിയില്ലെങ്കിലോ…..?

രുദ്രന്റെ ചോദ്യത്തിനവൾ മറുപടി കൊടുത്തില്ല…. അമ്പലക്കുളത്തിലേക്ക് നോക്കി നിന്നു….. ചെറിയൊരു ചിരിയോടെ……

മറുപടി പറഞ്ഞില്ല നീ……

ചില ചോദ്യങ്ങൾ ഉത്തരമർഹിക്കുന്നില്ല രുദ്രാ……

പിന്നേ അതിനെക്കുറിച്ചയാളൊന്നും മിണ്ടിയില്ല…..

ഭാവ…. വൈകിട്ട് നീ പോരുന്നോ ശിവരാത്രി കൂടാൻ… ഞാൻ തിരിച്ചു കൊണ്ട് വിടാം….. ഹോസ്റ്റലിൽ വൈകി കേറുന്നതിനു കുഴപ്പമില്ലെങ്കിൽ വാ…

എങ്ങനെ തിരിച്ചു പോകും ?

ബൈക്ക് എടുക്കാലോ…..

ബൈക്കോ?

എന്താ… ബൈക്ക് എടുത്താൽ….. ബൈക്ക് കുത്തുമോ?

ഏയ്‌… ഒന്നുമില്ല……..
(ഓ….. ഇവളെന്നെ കാളപ്പുറത്തു കേറ്റിയെ അടങ്ങോളൂ…… )

എന്താ രുദ്രാ….

ഒന്നുമില്ല…. നീ വരില്ലേ……

പറ്റിയാൽ വരാം… ദിവ്യയോട് കൂടി ചോദിക്കട്ടെ…..

എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും വലിയ തിരുമേനി വരുന്നത് രുദ്രൻ കണ്ടു….. വൈകിട്ട് കാണാമെന്നു പറഞ്ഞ് രുദ്രൻ മറഞ്ഞു…

☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️☸️

അമ്പലത്തിൽ വരുമോ കൂടേ എന്നവളോട് വീട്ടിൽ എത്തിയപ്പോൾ തന്നെ ചോദിച്ചു….പക്ഷേ അവൾക്ക് മടി ആണെന്ന് പറഞ്ഞു… ഉറക്കമിളച്ചിരിക്കണ്ടേ രാത്രി മുഴുവൻ…….. എനിക്ക് പിന്നേ അതൊന്നും ഒരു പ്രശ്നമല്ലല്ലോ…. എന്റെ രുദ്രന്റെ ദിവസമല്ലേ……

അന്ന് ട്യൂഷൻ വൈകിട്ട് ഉണ്ടായിരുന്നില്ല.. … അവധി ദിവസം ആയത് കൊണ്ട് രാവിലെ പോയി പഠിപ്പിച്ചിട്ടാണ് വീട്ടിലേക്ക് പോയത് …

പച്ചയും സ്വർണനിറവും ചതുരത്തിൽ വേലികെട്ടിയ സെറ്റും മുണ്ടും ആയിരുന്നു ഭാവയാമി ഉടുത്തത്…

രുദ്രൻ കൊണ്ടുവിടാമെന്നു പറഞ്ഞത് കൊണ്ട് വണ്ടിയും എടുത്തില്ല….

വീട്ടിൽ വിളിച്ച് രാത്രി അമ്പലത്തിൽ ആയിരിക്കുമെന്ന് പറഞ്ഞു.. കൂടേ ദിവ്യ ഉണ്ടെന്നും… ഈയിടെയായി കള്ളം പറയുന്നത് കൂടുന്നുണ്ട്….

പൊറുത്തേക്കണേ രുദ്രാ….. നിന്നോട് ചേർന്നിരിക്കാനാണ് ഞാനീ കള്ളം മൊത്തം പറയുന്നത്…

സാരി ഇടത് കൈകൊണ്ട് പതിയെ ഉയർത്തി എല്ലാ കോവിലിലും പോയി തൊഴുതു… ഇന്ന് രുദ്രനെ കാണാൻ വല്ലാത്തൊരു ഭംഗിയാണ്….

ചന്ദനം ചാർത്തിയ മുഖത്തിനു ഭംഗി കൂട്ടാനായി ചുവപ്പ് കൊണ്ട് ഗോപിക്കുറി വരച്ചിരുന്നു…. കണ്ടങ്ങനെ നില്കാൻ തന്നെ വല്ലാത്തൊരു ചന്തമാണ്‌….. സമയം ആറു കഴിഞ്ഞിരുന്നു… തിരക്കായിത്തുടങ്ങി…..

സ്റ്റേജ് കെട്ടിയിരിക്കുന്നതിന്റെ ഇടത് വശത്ത് മതിലിനോട് ചേർന്നുള്ള ആദ്യത്തെ നടയിൽ, മതിലിൽ ചാരി ഞാൻ ഇരുന്നു….. ഉള്ളിൽ നിന്ന് ശിവസ്തുതി കേൾക്കുന്നുണ്ടായിരുന്നു…. ആരോ പാടുകയാണ്… നല്ല മധുരിമ…….

ഇടയ്ക്കയുടെ സ്വരവും കേൾക്കാം… എണീറ്റാൽ ഇവിടെ വേറെ ആരെങ്കിലും കേറി ഇരിക്കും… അതുകൊണ്ട് ഞാനവിടെ തന്നെ ഇരുന്നു….

ആദ്യം കുട്ടികളുടെ ഓരോ നൃത്തവും പിന്നെ നാദസ്വരകച്ചേരി ഒക്കെ ആയിരുന്നു…. നല്ല രസമാണതൊക്കെ ആസ്വദിക്കാൻ പറ്റിയൊരു മൂഡുണ്ടെങ്കിൽ… അല്ലെങ്കിൽ ഫുൾ കയ്യീന്ന് പോയി….. ദിവ്യ കൂടി വേണ്ടതായിരുന്നു….. ഒറ്റയ്ക്ക് ആരോടും മിണ്ടാതിവിടെ ഇരുപ്പ് തുടങ്ങിയിട്ട് മണിക്കൂർ രണ്ടായി….

ചെറുതായിട്ട് ചുറ്റും തണുപ്പ് വ്യാപിച്ചു തുടങ്ങി…..

കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ താഴെ റോഡിൽ നിന്നും അമ്പലത്തിലേക്കുള്ള നടയിലൂടെ രുദ്രൻ കയ്യിൽ രണ്ടു ഗ്ലാസും പിടിച്ചു നടന്നു വരുന്നുണ്ട്…. ഞാനിരിക്കുന്നിടത്ത് ഇരുട്ടാണെങ്കിലും റോഡിൽ നല്ല വെളിച്ചമുണ്ട്…

ഓരോ നടയും കയറി കയറി എന്റെ അടുത്തെത്തി.. എന്റെ നേരെ ഒരു ഗ്ലാസ്‌ നീട്ടിക്കൊണ്ട് ഇപ്പുറം വന്നിരുന്നു…

ഇതെന്താ?

ചുക്കുകാപ്പിയാ… കുടിച്ചോ…. തണുപ്പടിച്ചിട്ടസുഖം ഒന്നും വരില്ല ഇത് കുടിച്ചാൽ…..

ഇതൊക്കെ ഇവിടെ കിട്ടുമായിരുന്നോ?

ഇത് ഇവിടത്തെ നാട്ടുകാർ എല്ലാ വർഷവും ശിവരാത്രിക്ക് വരുന്ന ഭക്തർക്ക് വേണ്ടി കൊടുക്കുന്നതാണ്…. കുടിച്ചോ…. എനിക്ക് തിരക്കുണ്ട്….. ഇത്തിരി നേരം കൂടി ഒറ്റയ്ക്ക് ഇരിക്ക് കേട്ടോ… ഞാൻ പെട്ടെന്ന് വരാം…

ബലി ഇടാൻ ആൾകാർ വരുന്നതിനു മുൻപ് കുറച്ചു കാര്യങ്ങളൊക്കെ ചെയ്തു വെക്കണ്ടേ… അത് കഴിഞ്ഞിട്ട് ഓടി വരാം….

ചിരിച്ചുകൊണ്ട് ഭാവയാമിയുടെ നെറുകിൽ ഒന്ന് തഴുകിയിട്ട് രുദ്രൻ ഇറങ്ങിപ്പോയി… കണ്മുന്നിൽ കണ്ടത് കൊണ്ട് പിന്നേ ഭാവയ്ക്ക് മുൻപ് തോന്നിയത്രയും ഒറ്റപ്പെടൽ തോന്നിയില്ല…

സദാ ആ കണ്ണുകൾ അവളുടെ രുദ്രനെ തേടി അലഞ്ഞു കൊണ്ടിരുന്നു…

ഗാനമേളയൊക്കെ നടക്കുന്നുണ്ടെങ്കിലും അവൾ കണ്ണടച്ച് പിടിച്ചുകൊണ്ട് രുദ്രനോട് ചേർന്നുണ്ടായിരുന്ന നിമിഷങ്ങളെ ഓര്മിക്കുകയായിരുന്നു….

രാത്രി പന്ത്രണ്ടു മണി ആയപ്പോഴേക്കും ബലി ഇടാനുള്ളവർ പുഴയിലേക്ക് ചെല്ലണമെന്ന് അന്നൗൺസ്‌മെന്റ് വന്നു….

പതിയെ പതിയെ നടയിലിരുന്ന ആളുകൾ എണീറ്റ് ബലിയിടാൻ പോയി… കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ…

ഒറ്റയ്ക്ക് ഇരിക്കുന്ന ഭാവയേ കണ്ട് രണ്ട് ആണുങ്ങൾ അവളെ തന്നെ വീക്ഷിച്ചുകൊണ്ടിരുന്നു…. അവരുടെ നോട്ടം എപ്പോഴോ ശ്രദ്ധിച്ച ഭാവയും അസ്വസ്ഥയായി….

പോകെ പോകെ അവരിലൊരുത്തൻ അവളുടെ അടുത്ത് വന്നിരുന്നിട്ട് അവളുടെ നീളമുള്ള മുടിയിൽ പിടിച്ചു വലിച്ചു…. …

അവൾ ചാടി എണീക്കാൻ തുടങ്ങുന്നതിനു മുൻപേ അയാൾ നടയിലൂടെ ഉരുണ്ടുരുണ്ടു താഴേക്ക് വീണു…. വിറച്ചു നോക്കിയ ഭാവ കണ്ടത് രൗദ്ര ഭാവത്തിൽ നിൽക്കുന്ന രുദ്രനെ ആയിരുന്നു….

കൂടേ ഉണ്ടായിരുന്നവൻ ഓടിപ്പോയി വീണവനെ എണീപ്പിച്ചിരുത്തി…..

മുണ്ടും മടക്കിക്കുത്തി കലിതുള്ളിക്കൊണ്ട് രുദ്രൻ അവളുടെ കയ്യും പിടിച്ച് അവരുടെ മുന്നിൽ ചെന്ന് നിന്നു….

” രുദ്രന്റെ പെണ്ണിനെ തൊട്ടാൽ ഇനി ചവിട്ടായിരിക്കില്ല തരുന്നത്… അമ്പലക്കുളത്തിൽ മുക്കിത്താത്തും…..കേട്ടോടാ…. വിട്ടുപോയ്‌ക്കൊള്ളണം ഇപ്പോൾ തന്നെ… ഇനി കണ്ടുപോകരുത് ഈ ഉത്സവപ്പറമ്പില്… ”

അധികമാരെയും അറിയിക്കാനിടവരുത്താതെ തന്നെ അവൻ അവരോട് മുരണ്ടു…. മുഷ്ഠി ചുരുട്ടി നിൽക്കുന്ന രുദ്രനെ പേടിച്ചാവാം അവരപ്പോൾ തന്നെ പോയി….

പക്ഷേ ഭാവയാമിയുടെ പേടി മാറിയിട്ടുണ്ടായിരുന്നില്ല…

രുദ്രൻ പലതും പറഞ്ഞു സമാധാനിപ്പിച്ചിട്ടും അവൾക്ക് പേടികൂടി….

” എന്നെ ഇവിടെ ഒറ്റയ്ക്ക് ഇരുത്താൻ ആണെങ്കിൽ പിന്നേ എന്തിനാ രുദ്രാ എന്നോട് വരാൻ പറഞ്ഞത്? ”

സമയം കിട്ടാത്തത് കൊണ്ടല്ലേ ഭാവ… നിനക്കറിയില്ലേ അച്ഛൻ…..

അച്ഛനോ?

അപ്പോഴാണ് താൻ പറയാൻ വന്നതെന്താണെന്ന് രുദ്രന് മനസിലായത്…

അതൊന്നുമില്ല…. തിരക്കുണ്ടായിരുന്നെന്ന് പറഞ്ഞതാ…

ബലി ഇടാനുള്ളതൊക്കെ ഒരുക്കി… ഇത്തിരി നേരം നിന്റെ കൂടെ ഇരിക്കാമെന്ന് കരുതി വന്നപ്പോഴല്ലേ ഇവിടെ അതിലും വലിയ ശിവരാത്രി നടന്നത്…..

രുദ്രാ………

മ്മ്….. പറയ്‌……

അവൾ പതിയെ രുദ്രന്റെ ചുമലിലേക്ക് ചാഞ്ഞു…. ചുറ്റും അറിയുന്നവർ ഇല്ലെന്ന വിശ്വാസത്തിൽ രുദ്രനും അവളെ ചേർത്ത് പിടിച്ചു……ഇലച്ചീന്തിലെ പ്രസാദം പോലെ രുദ്രന്റെ നെഞ്ചിലേക്ക് ഭാവയെ അവൻ കൈകളാൽ പൊതിഞ്ഞു….

എന്താ രുദ്രാ ശിവരാത്രി എന്ന് പറഞ്ഞാൽ….?

രുദ്രന്റെ ഭാവയ്ക്ക് അതറിയില്ലേ…..

അറിയാം.. എങ്കിലും രുദ്രൻ പറഞ്ഞു കേൾക്കണം…..

മ്മ്മ്മ്…. പണ്ട് പാലാഴി കടഞ്ഞപ്പോൾ അമൃതിന്റെ കൂടേ കാളകൂടം എന്നൊരു വിഷം കൂടി വന്നു… വിഷം എന്ത് ചെയ്യുമെന്ന് ദേവന്മാർക്കൊക്കെ സംശയമായി…

അവസാനം ലോക നന്മയ്ക്കായി ശിവൻ അതെടുത്തു കുടിച്ചു…

വർഷങ്ങളോളം തപസ്സു ചെയ്ത് കിട്ടിയ പരമശിവൻ വിഷം കുടിച്ചാൽ പാർവതീ ദേവിയ്ക്ക് സഹിക്കുമോ…

അങ്ങനെ പാർവതി ഓടി വന്നു ശിവന്റെ കഴുത്തിൽ മുറുകെ പിടിച്ചു.. അതുകൊണ്ട് വയറ്റിലെത്താതെ ആ വിഷം മഹാദേവന്റെ കഴുത്തിൽ തങ്ങിനിന്നു…

വിഷത്തിന്റെ കാഠിന്യം കൊണ്ട് ശിവന്റെ കഴുത്തു നീലനിറത്തിലായി… അങ്ങനെ നീല നിറമുള്ള കണ്ഠമായതിനാൽ പരമശിവൻ പിന്നേ നീലകണ്ഠൻ എന്നും അറിയപ്പെട്ടു..

മറ്റുള്ളവർക്ക് ഒന്നും വരാതിരിക്കാൻ അല്ലേ ഭഗവാൻ വിഷം കഴിച്ചത്.. അപ്പോൾ ഭഗവാന് മറ്റൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി ദേവന്മാർ പുലരുവോളം പ്രാർത്ഥനയോടെ ഉറങ്ങാതിരുന്നു .. ആ ദിവസത്തെ ഓർത്താണ് ശിവരാത്രി എന്നാണ് പുരാണത്തിൽ പറയുന്നത്….

മ്മ്…………. രുദ്രൻ കഥ പറയുന്നത് കേൾക്കാൻ നല്ല രസാ……

ഉവ്വോ….. എങ്കിൽ രുദ്രൻ വേറൊരു കാര്യം കൂടി പറയട്ടെ….?

ആം…. പറയ്‌….

ശിവൻ അന്ന് താണ്ഡവമാടി എന്നും കഥയുണ്ട്…..

ഓഹോ… അപ്പോൾ അതിന്റെ ഓർമയ്ക്കാണോ രുദ്രൻ കുറച്ചു മുൻപ് ആടിത്തിമിർത്തത്…?

ഡീ പെണ്ണേ……

മീശ പിരിച്ചുകൊണ്ട് രുദ്രൻ അവളെ തന്നോട് ചേർത്തിരുത്തി…. വാ പൊത്തി ചിരിച്ചുകൊണ്ട് അവളവനെ നോക്കി കണ്ണിറുക്കി..

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8