Thursday, December 26, 2024
Novel

ഋതു ചാരുത : ഭാഗം 10

എഴുത്തുകാരി: സേഷ്മ ധനേഷ്‌


ചേതനെ കണ്ടു ക്ഷമ ചോദിക്കാൻ അവനെ അന്വേഷിച്ചിറങ്ങിയതായിരുന്നു ഋതു. അന്വേഷണം ചെന്നു നിന്നത് ചാരുവിന്റെയും ചേതന്റേയും സ്വകാര്യതയിലും…. അവരുടെ പ്രണയനിമിഷങ്ങൾ കാണുംതോറും അവളുടെ കണ്ണുകളിൽ കണ്ണീർ കൊണ്ട് മൂടൽ മഞ്ഞു പതിഞ്ഞു… ആ മഞ്ഞിൽ അവൾ കണ്ടു…. കണ്ണുകളിൽ വ്യക്തമല്ലാത്ത എന്നാൽ മനസിൽ എന്നും മിഴിവോടെ നിൽക്കുന്ന നന്ദനം വീട്ടിലെ ചേതൻ…. ആരും അറിയാതെ മനസിൽ കൊണ്ടു നടന്ന തന്റെ ആദ്യ പ്രണയത്തെ

ചാരുവിന്റെ കഴുത്തിൽ അധരങ്ങൾകൊണ്ടു കവിതയെഴുതുകയായിരുന്നു ചേതൻ. അതിന്റെ നിർവൃതിയിൽ പാതി കൂമ്പിയ മിഴികളുമായി നിൽക്കുമ്പോഴാണ് ഒരു രൂപം തിരിഞ്ഞു നടക്കുന്നത് ചാരു മിഴിവോടെ കണ്ടത്…

“ഋതു…” ചേതനെ പെട്ടന്ന് തട്ടി മാറ്റി ചാരു ഋതുവിനെ വിളിച്ചു. ചേതൻ അപ്പോഴും ചാരുവിന്റെ മേലുള്ള പിടി അയച്ചിരുന്നില്ല. പുറകിലൂടെ തന്നെ അവളെ ചേർത്തു പിടിച്ചിരുന്നു.

ചാരുവിനും ഋതുവിനും തെല്ലൊരു ജാള്യത തോന്നി…

“സോറി മാഡം… സോറി… ഞാൻ ” ഋതു വാക്കുകൾക്ക് വേണ്ടി പരതി കൊണ്ടിരുന്നു… ചില സമയങ്ങളിൽ മനസുപോലും വാക്കുകൾ തരാതെ പ്രതിഷേധിക്കാറുണ്ട്.

“താൻ വന്ന കാര്യം പറയു”

“ഞാൻ… സാറിനെ കാണുവാൻ… ഇന്നലെ… അങ്ങനെയൊക്കെ പറഞ്ഞു പോയതാണ്…. എന്നോട് ക്ഷമിക്കണം സാർ”.

ഋതു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. ചേതന്റെ മുഖത്തേക്ക് നോക്കി.

ആ നിമിഷത്തിലും അവന്റെ കണ്ണുകൾ ചാരുവിലെ ഇന്ദ്രനീല മൂക്കുത്തിയിൽ ആയിരുന്നു… ഋതു പതുക്കെ മിഴികൾ താഴ്ത്തി…

“അതു കുഴപ്പമില്ല… അപ്പോഴത്തെ മാനസികാവസ്ഥയിൽ പറഞ്ഞതല്ലേ എനിക്ക് മനസിലാകും… കുട്ടി പൊക്കോളൂ”

ചേതൻ മറുപടിയായി പറഞ്ഞു കൊണ്ടു ഇന്ദ്രനീലത്തിന്റെ അഴക് ആവഹിക്കാനായി ചാരുവിനെയും ചേർത്തു നടന്നു…

അവർ നടന്നു നീങ്ങുന്നത് ഋതു നോക്കി കണ്ടു. ചേതൻ… കണ്ണിൽ കാന്തികത ഒളിപ്പിച്ചു വച്ച ഒരു മജീഷ്യൻ ആണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.

ആ കണ്ണുകളിലേക്കു ഉറ്റുനോക്കുന്ന തോറും… ഹോ.. തന്റെ ഓർമകളിൽ രണ്ടുഭാഗത്തും മുടി പിന്നിയിട്ടു,

ചിരിക്കുമ്പോൾ ആഴത്തിൽ മുങ്ങി നിവരുന്ന കവിളിലെ നുണകുഴിയുമായി നിഷ്കളങ്ക ചിരിയുമായി കളിച്ചു തുള്ളി നടന്നിരുന്ന ഒൻപതാം ക്ലാസുകാരി ഋതുവിനെ ഓർമിച്ചു….

സ്കൂളിൽ കഥ എഴുത്തിലും കവിത എഴുത്തിലും അതു ഭംഗിയായി പാടുന്നതിലുമെല്ലാം മുൻപന്തിയിൽ നിന്നിരുന്ന ചേതൻ എന്ന സ്കൂൾ ഹീറോയെ ഓർമിച്ചു.

ആരാധനയായിരുന്നു അവന്റെ കവിതകളോട്…

അതു ഏറ്റു ചൊല്ലുന്ന ശബ്ദത്തോട്… അവന്റെ വിരൽ തുമ്പിലൂടെ ഒഴുകിയിറങ്ങിയ വരികളോട്… എല്ലാം… എല്ലാം തന്നെ ഒരു ആവേശവും ആരാധനയുമായിരുന്നു.

ആരാധനയും ആവേശവും ഒരു ചെറിയ പ്രണയത്തിന്റെ വിത്തായി മനസിൽ മുളയ്ക്കാൻ അധികം സമയം വേണ്ടി വന്നില്ല.

എന്നും കണ്ണിന്റെ ദൂരത്തു നിന്ന് മാറി നിന്നിട്ടേയുള്ളൂ… മാറി നിന്നു സ്നേഹിച്ചിട്ടയുള്ളൂ ആ ഹീറോയെ… മാറി നിന്നു പ്രണയിച്ചിട്ടയുള്ളൂ ആ ശബ്ദവും തൂലികയിലെ വരികളുമെല്ലാം…

പേടിയായിരുന്നു കർക്കശക്കാരനായ ചേതന്റെ മുൻപിൽ പോയി നിൽക്കുവാൻ പോലും.

അതുകൊണ്ടാണ് ഒരു കയ്യകലത്തിൽ നിന്നും സ്നേഹിച്ചത്…. പഠനം കഴിഞ്ഞു ചേതൻ സ്കൂൾ വിട്ടു പോയിട്ടും അവന്റെ കവിതകളിലൂടെ വീണ്ടും വീണ്ടും പ്രണയത്തിന്റെ ഓരോരോ വിത്തുകൾ തന്റെ മനസിൽ മുള പൊട്ടിയിരുന്നു.

സ്കൂൾ കാലഘട്ടം കഴിഞ്ഞിട്ടും ആ മുഖവും തൂലികയും മിഴിവോടെ മനസിലുണ്ടായിരുന്നു…..

ജീവിത സാഹചര്യങ്ങൾ മാറി മറിഞ്ഞു… എങ്കിലും ആദ്യ പ്രണയം മനസിൽ തന്നെ നോവായി പേറി….

അരുൺ ഡോക്ടർ ആദ്യമൊക്കെ ആത്മാർത്ഥ പ്രണയം കാഴ്ചവെച്ചിരുന്നു…

പക്ഷെ അതൊക്കെ തന്റെ ശരീരത്തിന്റെ ചൂടിനായിരുന്നുവെന്നു കുറച്ചു വൈകിയാണ് മനസിലായത്… ആത്മാർത്ഥ പ്രണയം…

അവളുടെയുള്ളിൽ ഒരു പുച്ഛ ചിരിയുണർന്നു…. ആത്മാർത്ഥ പ്രണയം… അങ്ങനെയൊന്ന് ഉണ്ടോ ഈ ലോകത്തു….

ഒരു ഇടവേളക്കു ശേഷം നന്ദനം ഹോസ്പിറ്റലിൽ വരുമ്പോൾ ചേതനെ കാണാൻ അതിയായി കൊതിച്ചിരുന്നു. പക്ഷെ ചാരുവും ചേതനും തമ്മിലുള്ള ബന്ധം കാണുമ്പോൾ…

ആരെയും അസൂയപ്പെടുത്തുന്ന പരസ്പര സ്നേഹവും വിശ്വാസവും കാണുമ്പോൾ തന്റേയുള്ളിലെ വികാരമെന്തെന്നു അറിയുന്നില്ല… ഋതു ഒന്നു നെടുവീർപ്പിട്ടു…

ഇന്നു താൻ ഇവിടെ നിൽക്കുന്നത് പോലും ചേതൻ ഈ വീട്ടിൽ ഉണ്ടെന്നുള്ള ഒറ്റ കാരണം കൊണ്ടാണ്…

ഇനിയൊരിക്കലും ചേതനെ കിട്ടില്ല… പക്ഷെ കുറച്ചു ഓർമകൾ കൂടി മനസിൽ ശേഖരിച്ചു വയ്ക്കണമെന്ന് തോന്നുന്നു…

ഇനി മുന്നോട്ടുള്ള ജീവിതത്തിനു എന്തെങ്കിലും ഓർമിക്കാൻ നല്ലതു വേണമല്ലോ…

തന്നെ നോക്കിയില്ലെങ്കിലും ആ കണ്ണിലെ കാന്തികത ചാരുവിന് നേരെയാണെങ്കിലും…

അകലെ നിന്നെങ്കിലും കാണാമല്ലോ… അതു മാത്രം മതി… അതല്ലാതെ ഒന്നും ആഗ്രഹിക്കുന്നില്ല.

രാത്രിയിൽ ഓഫീസിലെ ഫയലുകൾക്കുള്ളിൽ മുങ്ങി തപ്പുകയായിരുന്നു ചാരുവും രഞ്ജുവും.

അവർക്ക് കൊറിക്കാനുള്ള പുതിയ വിഭവവുമായി ശ്രുതിയും അവർക്കരികിലേക്കു എത്തി. ശ്രുതി ചേതന് നേരെ തന്റെ പുതിയ പരീക്ഷണം നൽകി.

ദയനീയമായി ചേതൻ അവളെയൊന്നു നോക്കി. ചേതന്റെ നോട്ടം കണ്ട രഞ്ജു ചുണ്ടുകൾ കൂട്ടിപിടിച്ചു ചിരിയടക്കാൻ പാട് പെട്ടിരുന്നു. കയ്യിലെ ബൗളിൽ മിസ്ചർ ആയിരുന്നു.

കുറെ അണ്ടിപ്പരിപ്പും മുന്തിരിയും പിസ്തയും പിന്നെ സകലമാന ഡ്രൈ ഫ്രൂട്‌സ് കണ്ട ചേതൻ കണ്ണും തള്ളി ബൗളിലേക്കു നോക്കി.

രഞ്ജു നോക്കുമ്പോൾ അവന്റെ രണ്ടു കണ്ണും ബൗളിൽ വീണുവെന്നു തോന്നി.

രഞ്ജുവിന് നേരെ ബൗൾ നീട്ടിയപ്പോൾ അവൻ രണ്ടു കൈകൾ കൂപ്പി അവളെ തൊഴുതു നിന്നു.

അതുകൂടി കണ്ടതോടെ പിടിച്ചു വച്ച ചിരികൾ ആ ഹാളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.

പെട്ടന്നാണ് സാവിത്രിയമ്മ അവിടേക്കെതിയത്. പുറകെ അമ്മുവും ഋതുവും കൂടെ ഉണ്ടായിരുന്നു.

ചാരുവിനെയൊന്നു രൂക്ഷമായി നോക്കി സാവിത്രിയമ്മ തുടർന്നു.

“ചാരു… എന്തായി ഞാൻ പറഞ്ഞ കാര്യം.. അതിനെ കുറിച്ചു ചിന്തിച്ചുവോ”

ചാരു ഉത്തരം പറയാതെ മൗനത്തിൽ നിന്നു തല താഴ്ത്തി. എല്ലാവരും പെട്ടന്ന് നിശ്ശബ്ദതയിലായി.

“ചാരു… നിന്നോടാണ് ചോദിക്കുന്നത്. എന്റെ മകന്റെ കുഞ്ഞിനെ നിനക്കു ഉദരത്തിൽ പേറാൻ കഴിയില്ലെ”

ചാരുവിന് തന്റെ നെഞ്ചു പൊടിയുന്ന പോലെ തോന്നി… വർഷങ്ങളായി താൻ അനുഭവിക്കുന്ന തന്റെ മാത്രം നോവ്… ഒന്നല്ല ഒരായിരം കുഞ്ഞുങ്ങളെ….

തന്റെ ചേതന്റെ ജീവനെ ഉദരത്തിൽ വഹിക്കാൻ എത്രമാത്രം കൊതിക്കുന്നുവെന്നു…

പുറമെ ഒരിക്കലും പ്രകടിപ്പിക്കാതെ തന്റെ ആഗ്രഹം… അലമുറയിട്ടു ചാരു നിശബ്ദമായി മനസിൽ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു…

ചേതന്റേയും തന്റെയും ജീവനെ ഒന്നായി ചേർത്തു തന്റെ ഉദരത്തിൽ പേറാൻ എത്രയേറെ ആഗ്രഹിക്കുന്നുവെന്ന്…

ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ തന്റെ മനസിനെ കരയാൻ പഠിപ്പിച്ചത് എത്ര നന്നായെന്നു അവൾക്കാനിമിഷം തോന്നിപ്പോയി.

“നിന്റെ ഉടലഴക് നോക്കിയാണോ കുഞ്ഞിനെ വേണ്ടയെന്നു പറയുന്നത്” ഇത്തവണ സാവിത്രിയമ്മയുടെ ശബ്ദം കനത്തു.

“അമ്മേ” ചേതൻ അമ്മയെ ക്ഷോഭത്തോടെ തടഞ്ഞു.

“ഞങ്ങളുടെ രണ്ടുപേരുടെയും കുഞ്ഞിനെ വേണം എന്നല്ലേയുള്ളൂ അമ്മക്ക്. ഞങ്ങൾ തരും. ഇനി ഇതിനെ കുറിച്ചു ഒരു ചർച്ച ഇവിടെ ഇനി വേണ്ട” ചേതൻ അങ്ങനെയാണ്.

മറ്റുള്ളവരുടെ മുന്നിൽ ചാരുവിനെ വിട്ടു കൊടുക്കില്ല. അതു സ്വന്തം അമ്മയുടെ മുന്നിലായാൽ പോലും.

അവനു അത്രയേറെ പ്രിയപ്പെട്ടതാണ് അവന്റെ ഇന്ദ്രനീലം. ചാരുവിനെ ചേർത്തു പിടിച്ചു തന്നെ അവൻ മുകളിലേക്ക് നടന്നു.

നിലാവിൽ മുങ്ങി താഴ്ന്ന നക്ഷത്രങ്ങളെ കൺ ചിമ്മാതെ നോക്കി കാണുകയായിരുന്നു ചാരു. ജനലിലൂടെ വൃശ്ചിക തണുപ്പും അവളിലേക്ക് അറിച്ചിറങ്ങുന്നുണ്ടായിരുന്നു.

പക്ഷെ അതിനൊന്നും അവളുടെയുള്ളിൽ പുകയുന്ന തീയേ ശമിപ്പിക്കാൻ കഴിയുമായിരുന്നില്ല.

ഉള്ളിലെ താപം കണ്ണുനീർ തുള്ളികളായി നിലം പതിക്കാൻ തുടങ്ങിയിരുന്നു.

“ചാരു… ” ചേതൻ അവളെ കൈകളിൽ കോരിയെടുത്തു ബെഡിലേക്കു കിടത്തി.

അവൾ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് തന്റെ മുഖത്തെ ഒളിപ്പിച്ചു വെച്ചു. പരസ്പരം മൗനം കൊണ്ടുള്ള സംസാരം…

മൗനമായി അവന്റെ നെഞ്ചിൽ കണ്ണുനീർ കൊണ്ടു അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

“ചേതൻ” തെല്ലു നേരം കഴിഞ്ഞു…. കണ്ണുനീരൊഴിഞ്ഞു മാറി അവരുടെ പ്രണയത്തിന് വഴി തെളിച്ചപ്പോൾ അവൾ സ്നേഹപൂർവ്വം വിളിച്ചു.

“ഉം”

“തനിക്ക് ആഗ്രഹമില്ലേ ചേതൻ ഒരു കുഞ്ഞിനെ വേണമെന്ന്”

“ചാരുന് ആഗ്രഹമുണ്ടോ… എങ്കിൽ എനിക്കും ആഗ്രമുണ്ട്. ഇല്ലെങ്കിൽ എനിക്കും ആഗ്രഹമില്ല”

“ചേതൻ… പ്ളീസ്”

“ചാരു… ഞാൻ അന്നും ഇന്നും നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ… നിന്നെ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ…

നിന്നിൽ നിന്നും എനിക്ക് നിന്റെ പ്രണയം മാത്രമേ ആവശ്യമുള്ളൂ… ഇനി മുന്നോട്ടും അങ്ങനെതന്നെ മതി…. പ്രണയം അതെനിക്ക് ആവോളം …. ഞാൻ തരുന്നതിലും പതിന്മടങ്ങു എന്റെ ചാരു എനിക്ക് തിരിച്ചു തരുന്നുണ്ട്…

അതിനിടയിൽ ഒരു കുഞ്ഞു എന്നുള്ളത് വരുന്നെയില്ല എന്റെ മനസിൽ… എനിക്ക് തന്നെ മതി… തന്നിലൂടെ എന്റെ പ്രണയത്തെ മതി…. അമ്മ പറയുന്നത് കേട്ടു വിഷമിക്കണ്ട…”

“എങ്കിലും ചേതൻ… ഒരിക്കൽ പോലും ഒരു കുഞ്ഞിനെ കുറിച്ചു താൻ …”

“ഞാൻ പറയാത്തത് അങ്ങനെയൊന്ന് എന്റെ മനസിൽ ഇല്ലാത്തതു കൊണ്ടാണ്… പിന്നെ താനും അതു ആഗ്രഹിക്കുന്നില്ലയെന്നു തോന്നി…

നമ്മുടെ സ്നേഹം ഒരു കുഞ്ഞിനും പങ്കു വച്ചു കൊടുക്കാൻ ഞാൻ തയ്യാറല്ല… ഇതെന്റെ സ്വാർത്ഥതയായി കണ്ടോളു”

ചാരു ഒന്നും പറയാതെ ചേതനെ ഇറുകെ പുണർന്നു.

അവന്റെ കൈ വിരലുകൾ അപ്പോഴും അവനെ പുളകം കൊള്ളിക്കുന്ന നീലിമയിൽ ആഴ്ന്നു ഇറങ്ങുകയായിരുന്നു.

സൂര്യയുടെ മുന്നിൽ ഇരിക്കുമ്പോൾ ചാരുവിന് പ്രത്യേകിച്ചു ടെൻഷനും മറ്റും ഉണ്ടായിരുന്നില്ല. കാരണം തന്റെ കാര്യങ്ങൾ സൂര്യയെക്കാളും നന്നായി മറ്റാർക്കും അറിയില്ല എന്നുള്ളത് തന്നെ.

“സൂര്യ… മുഖവുരയില്ലാതെ കാര്യം പറയാം… എനിക്കും ചാരുവിനും ഞങ്ങളുടെ ചോരയിൽ പിറക്കുന്ന ഒരു കുഞ്ഞിനെ വേണം.

പക്ഷെ ചാരുവിനു പ്രസവിക്കാൻ താൽപര്യമില്ല.

എനിക്കും… അതല്ലാത്ത ഒരു ഓപ്ഷൻ…

പിന്നെ അതിനു വേണ്ടുന്ന കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു തരണം” ചേതൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തിയപ്പോൾ ചാരുവും സൂര്യയും അതിശയം പൂണ്ട് ചേതനെ നോക്കി… അതേ ഭാവത്തിൽ തന്നെയായിരുന്നു ഋതുവും.

നന്ദനത്തു നിന്നുകൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിൽ ജോലിക്ക് വരാൻ തുടങ്ങിയിരുന്നു. അന്നും സൂര്യയുടെ കൂടെയായിരുന്നു ഡ്യൂട്ടി.

“ചേതൻ… ഇതൊന്നും അത്ര വേഗം പൊസിബിൾ ആയ കാര്യമല്ല… കുറച്ചു സമയം വേണം… താൻ എന്താണ് ഉദേശിക്കുന്നത്”

“മറ്റെന്തു ഉദേശിക്കാൻ സരോഗസി തന്നെ”

ചേതൻ എല്ലാം തീരുമാനിച്ചു തന്നെയാണെന്ന് ചാരുവിനും സൂര്യക്കും മനസിലായി. ചേതൻ കുറച്ചു നേരം കൂടി അവിടെയിരുന്നു.

പിന്നീട് തന്റെ ക്യാബിനിലേക്കു പോയി. ഋതു നിൽക്കുന്നത് കൊണ്ട് അവരുടെ സംസാരത്തിനു ഒരു പ്രൈവസി കിട്ടുന്നില്ല കണ്ടു സൂര്യ ഋതുവിനെ എന്തൊക്കെയോ ജോലികൾ ഏൽപ്പിച്ചു.

ഋതുവും പുറത്തുപോയനിമിഷം ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

“എന്താ ചാരു… നിനക്കു എല്ലാം അറിയാമല്ലോ… ഇതു ഇങ്ങനെയൊക്കെ തന്നെ ആകുമെന്ന് അറിയാലോ… നീ… നീയെ ആ കണ്ണു തുടച്ചേ…

ഇങ്ങനെ കരയുന്നത് എനിക്ക് സഹിക്കുന്നില്ല മോളെ”

സൂര്യ എഴുനേറ്റു ചാരുവിനടുത്തേക്കു ചെന്നിരുന്നുകൊണ്ടു പറഞ്ഞു. സൂര്യയുടെ സാമിപ്യത്തിൽ… ചാരു അവളുടെ കൂട്ടുകാരിയുടെ നെഞ്ചിൽ വീണു കരഞ്ഞു….

“ഞാൻ… ഞാൻ ഒന്നു കരയട്ടെ…. ഇപ്പോഴെങ്കിലും” വിതുമ്പലിലും കരച്ചിലിലും വാക്കുകൾ ചിലമ്പിച്ചിരുന്നിരുന്നു.

“ചേതൻ പോലും കരുതുന്നത് ഒരമ്മയാകാൻ എനിക്കും താൽപര്യമില്ലെന്ന് അല്ലെ സൂര്യ… അതു… അതു അങ്ങനെ തന്നെ ഇരിക്കട്ടെ… ഒരു സ്ത്രീയെന്ന പരിപൂര്ണതയിൽ എത്താൻ എനിക്കാക്കില്ലയെന്നു…

അവന്റെ ചാരു അതിനുപോലും കഴിയാത്ത സ്ത്രീയാണെന്നു അവനറിയണ്ട” സൂര്യയുടെ കണ്ണുനീരും ചാരുവിന്റെ മൂർധവിൽ വീണു അവളുടെ പതം പറഞ്ഞുള്ള കരച്ചിൽ കേട്ടിട്ടു.

“ഞാൻ… ഞാൻ വേണ്ടത് ചെയ്യാം മോളെ… നമുക്ക് ഓപ്ഷൻ ഉണ്ടല്ലോ. എന്നായാലും ഈ ഒരു അവസ്ഥ വരുമെന്നു നമ്മൾ മുൻകൂട്ടി കണ്ടതായിരുന്നില്ലേ…..

ഇങ്ങനെയൊരു മാനസികാവസ്ഥയിൽ കൂടി പോകുമെന്ന് അറിയാലോ… അതു മുന്കൂട്ടികണ്ടു മനസിനെ ഒരുക്കണമെന്നു ഞാൻ പറഞ്ഞിരുന്നില്ലേ”

“ഉം… എത്ര മുന്നൊരുക്കം നടത്തിയാലും ആഴത്തിൽ വേരുന്നുന്ന ചില വേദനകൾ ഉണ്ട് സൂര്യ” ചാരുവിന്റ് വാക്കുകൾക്ക് ഒരു മറു വാക് പറഞ്ഞു സമാധാനിപ്പിക്കാൻ സൂര്യക്കായില്ല.

അമ്മു ഋതുവിനേയും കൊണ്ടു വീടിന്റെ ഓരോ മുക്കും മൂലയും പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.

അവസാനമായി ഒരു മുറിയുടെ വാതിൽക്കൽ ചെന്നു നിന്നു….

“ഇതാരുടെ മുറിയാണ് അമ്മു”

“ഇതോ… ഇതു നമ്മുടെ മഹാകവിയുടെ”

“മഹാകവിയോ…”

“അതെന്നെ… കുഞ്ഞേട്ടന്റെ മുറിയാണ്. ഇവിടെ ഏട്ടനും ഏടത്തിക്കും മാത്രമേ പ്രേവേശനമുള്ളു…

ഞാൻ ഇടക്ക് കുറുമ്പ് കാണിക്കാൻ കേറാറുണ്ട്” അവൾ ഒരു കണ്ണിറുക്കി കുസൃതിയോടെ പറഞ്ഞു കൊണ്ട് വാതിൽ തുറന്നു അകത്തേക്ക് കയറി.

ഋതു ശരിക്കും അത്ഭുതപ്പെട്ടുപോയി… കണ്ടാൽ തന്നെ അറിയാം… ചേതന്റെ എഴുത്തുപുരയാണെന്നു…. ഒരുപാട് പുസ്തകങ്ങൾ റാക്കിൽ ഭംഗിയായി വച്ചിട്ടുണ്ട്. ഒരു ടേബിലും രണ്ടു മൂന്നു ചെയറുമുണ്ട്.

ടേബിളിൽ കുറച്ചു പുസ്തകങ്ങൾ വച്ചിട്ടുണ്ട്. ഭംഗിയായി അടുക്കിവച്ചിട്ടുണ്ട്.

ഒരു ഡയറി പോലുള്ള പുസ്തകത്തിൽ പഴയ മഷി പേനയും ഒരു ബോട്ടിൽ ഇങ്ക് ഇരിക്കുന്നതും കണ്ടു.

ബിസിനെസ്സ് ഫാമിലിയിൽ ഇങ്ങനെയൊരു ലോകം കൂടി ഉണ്ടാകുമെന്നു ഋതു കരുതിയില്ല.

ചേതൻ തന്റേയുള്ളിലെ കഴിവുകൾ എല്ലാം തന്നെ പൊടി പിടിപ്പിച്ചു കിടത്തിയിരിക്കുകയാണെന്നു കരുതി… പക്ഷെ തനിക്കാണ് തെറ്റിയത്….

ഋതു പതുക്കെ ഓരോ പുസ്തകങ്ങളും നോക്കി നടന്നു… ചേതൻ ശരിക്കുമൊരു പുസ്തകപുഴു തന്നെ… എത്രയേറെ പുസ്തകങ്ങളാണ് ഇരിക്കുന്നത്…

പെട്ടന്നാണ് ടേബിളിൽ ഇരുന്ന ഒരു മാഗസിൻ അവളുടെ കണ്ണുകളിൽ ഉടക്കിയത്…. അവൾ അതു കയ്യിലേക്ക് എടുത്തതും മിഴികൾ നിറഞ്ഞു തൂവി…

അവൾ അതിൽ മാർക് ചെയ്തു വച്ചിരിക്കുന്ന കവിതയെ വിരലുകൾ കൊണ്ടു തഴുകി… അതിനൊരു മറു കുറിപ്പ് എഴുതിയിരുന്നു അതിൽ…

“എവിടെയാണ് സഖി നീ… എന്നിലെ പ്രണയത്തെ ചുംബിച്ചുണർത്തി അറിയാത്ത ശിഖരങ്ങളിൽ ചേക്കേറി എവിടേക്ക് പറന്നകലുന്നു നീ…

ഋതുക്കൾ മാറി മറിയുംപോലെ വർഷങ്ങൾ എന്നിൽ വന്നു മാറി മറയുമ്പോഴും എന്നിലെ നിന്നെ തേടി ഇന്നുമലയുന്നു”

ഋതുവിന്റെ ഭാവമാറ്റത്തെ മാറിൽ കൈകൾ പിണച്ചു കെട്ടി നിന്നു സാകൂതം വീക്ഷിക്കുകായിരുന്നു ചാരു… ആ മാഗസിനും അതിലെ വരികളും ….. ഋതുവിന്റ് കണ്ണുനീരും….!!

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഋതു ചാരുത : ഭാഗം 1

ഋതു ചാരുത : ഭാഗം 2

ഋതു ചാരുത : ഭാഗം 3

ഋതു ചാരുത : ഭാഗം 4

ഋതു ചാരുത : ഭാഗം 5

ഋതു ചാരുത : ഭാഗം 6

ഋതു ചാരുത : ഭാഗം 7

ഋതു ചാരുത : ഭാഗം 8

ഋതു ചാരുത : ഭാഗം 9