Saturday, January 18, 2025
Novel

രാജീവം : ഭാഗം 8

എഴുത്തുകാരി: കീർത്തി

ആശുപത്രിവാസം കഴിഞ്ഞ് ഫ്ലാറ്റിലെത്തി. എപ്പോഴും രാജീവേട്ടൻ കൂടെ തന്നെ ഉണ്ടായിരുന്നു. എല്ലാത്തിനും രാജീവേട്ടൻ തന്നെയായിരുന്നു ഒപ്പം. നാട്ടിൽ നിന്ന് അമ്മയെയോ തുളസി ചേച്ചിയെയോ കൊണ്ടുവരാൻ എത്ര നിർബന്ധിച്ചിട്ടും കൂട്ടാക്കിയില്ല. അതിന്റെ കാരണം പിന്നീടാണ് മനസിലായത്. ഈ സംഭവം അവരോടു ആരോടും പറഞ്ഞിട്ടില്ലായിരുന്നു. . അവരുമൊത്തുള്ള ഫോൺ വിളികളിൽ നിന്നാണ് എനിക്കത് മനസിലായത്. ഒരു കണക്കിന് അത് നന്നായെന്ന് എനിക്കും തോന്നി.

അല്ലെങ്കിൽ എല്ലാവരും ഒത്തിരി വിഷമിച്ചേനെ. കൂടാതെ എല്ലാരും കൂടി തൊട്ടടുത്ത നിമിഷം ഇവിടെ എത്തുമായിരുന്നു. അതുകൊണ്ട് ഞാനും അത് അങ്ങനെ തന്നെ വെച്ചു. അബദ്ധവശാൽ പോലും അതിനെക്കുറിച്ച് പറയാതിരിക്കാൻ പ്രത്യേക ശ്രദ്ധിച്ചു. ഒരു കൊച്ചു കുഞ്ഞിനെ എന്നപോലെയാണ് രാജീവേട്ടൻ എന്നെ പരിചരിച്ചത്. രാജീവേട്ടന്റെ സ്നേഹവും പരിചരണവും ഓരോ നിമിഷവും എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഒപ്പം ഒരുപാട് സംശയങ്ങളും. എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന രാജീവേട്ടൻ പിന്നെന്തിന് എന്നോട് അങ്ങനെയൊക്കെ….?

പലതവണയായി രാജീവേട്ടൻ എന്നോട് പറയാൻ ശ്രമിച്ചിരുന്നത് എന്തായിരിക്കും? ഒരു തവണയെങ്കിലും രാജീവേട്ടനെ കേൾക്കാൻ തയ്യാറാവാത്തതിൽ എനിക്ക് കുറ്റബോധം തോന്നി. നാളെ ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാണ്. കാലിലെയും കൈയിലെയും പ്ലാസ്റ്റർ അഴിക്കാൻ. അപ്പൊ രാജീവേട്ടനും ഞാനും മാത്രമേ ഉണ്ടാവൂ. ആ സമയം ചോദിക്കാമെന്ന് തീരുമാനിച്ചു. രാജീവേട്ടന് പറയാനുള്ളത് കേൾക്കാനും. ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വരുന്ന വഴിക്ക് ധൈര്യം സംഭരിച്ച് ഞാൻ വിളിച്ചു. “രാജീവേട്ടാ… ” “മ്മ്മ്… ” “എന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ? ” “എന്ത്? എപ്പോ?. ” “ഇപ്പോഴല്ല അന്ന്….. ” “അതോ? അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല. ഞാൻ പറയാൻ വന്നപ്പോഴൊന്നും നീ അത് കേൾക്കാൻ തയ്യാറായില്ല. ഇനിയിപ്പോ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. “

“രാജീവേട്ടാ… ഞാൻ…. ” “മിണ്ടാതിരിക്ക് മീനു എന്റെ ഡ്രൈവിംഗ് തെറ്റും. ” സംസാരിക്കാൻ താൽപര്യമില്ലെന്ന് പറയാതെ പറഞ്ഞതാണ് അത്. പെട്ടന്ന് എന്തോ അങ്ങനെ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല. പിന്നെ കുറച്ചു ദിവസം എന്നെ പിച്ചവെക്കാൻ പഠിപ്പിക്കലായിരുന്നു രണ്ടിന്റെയും ജോലി. പലപ്പോഴും ഇടറിവീഴുമ്പോഴൊക്കെ ആ കൈകൾ എന്നെ താങ്ങിയിരുന്നു. ആ സമയങ്ങളിൽ കണ്ണുകൾ പരസ്പരം കോർത്തപ്പോഴെല്ലാം നോട്ടം മാറ്റാൻ രാജീവേട്ടനായിരുന്നു തിടുക്കം. പതുക്കെ തനിച്ച് പിടിച്ചു നടക്കാറായപ്പോൾ രാജീവേട്ടൻ ഓഫീസിൽ പോയി തുടങ്ങി.

അതുവരെ ലീവെടുത്ത് എനിക്ക് കൂട്ടിരിക്കുകയായിരുന്നു. രാജീവേട്ടൻ ഓഫീസിൽ പോയി. മുത്തു അടുക്കളയിൽ പണിത്തിരക്കിലാണ്. നടത്തപരിശീലനം കഴിഞ്ഞു ക്ഷീണിച്ച് ഞാനല്പനേരം റൂമിൽ ചെന്നിരുന്നു. അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത്. മുത്തു പോയി നോക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കൂടെ റൂമിലേക്ക് കടന്നുവന്ന ആളെ കണ്ട് എനിക്ക് ദേഷ്യം വന്നു. ഇവളെന്തിനാ ഇടയ്ക്കിടെ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇങ്ങനെ എത്തിനോക്കാൻ വരുന്നത്. നാണമില്ലേ ആവോ? “ഇപ്പൊ എങ്ങനെയുണ്ട് മീനാക്ഷി? ” എന്റെ അടുത്തേക്ക് വന്നുകൊണ്ട് നന്ദന ചോദിച്ചു. “മ്മ്മ്… ഭേദം ണ്ട്. ” അവളോടുള്ള ദേഷ്യം സംസാരത്തിൽ പ്രതിഫലിച്ചിരുന്നു.

താല്പര്യമില്ലാത്ത രീതിയിൽ മറുപടി കൊടുത്തു. “എന്നോട് ഇപ്പോഴും ദേഷ്യമാണല്ലേ? ” “……. ” “കഴിഞ്ഞ ദിവസം രാജീവിനെ കണ്ടിരുന്നു. താൻ ഡിവോഴ്സ് ആവശ്യപ്പെട്ടുന്ന് കേട്ടപ്പോൾ…….. അത് ഞാൻ കാരണം. അവന്റെ മനസ് വളരെയധികം വേദനിക്കുന്നുണ്ട് മീനാക്ഷി. താൻ എല്ലാം അറിയണം. അവനായിട്ട് ഇനി അതൊന്നും തന്നോട് പറയില്ല. അതുകൊണ്ടാണ് ഞങ്ങളിപ്പോൾ ഇങ്ങോട്ട് വന്നത്. ” “ഞങ്ങളോ? ” “അതെ. ഞാനും എന്റെ ഭർത്താവും. ഇച്ചായാ ഇങ്ങ് പോരെ…. ” അവൾ പുറത്തേക്ക് നോക്കി വിളിച്ചു. അപ്പോൾ വാതിൽക്കൽ പ്രത്യക്ഷനായ വ്യക്തിയെ കണ്ട് ഞാൻ അന്തം വിട്ടു.

“ജെറി ചേട്ടൻ !!!” ഞാൻ അത്ഭുതപ്പെട്ടു. “ജെറി തന്നെ. എന്റെ ഭർത്താവ്. എന്റെ കുഞ്ഞിന്റെ അപ്പൻ.” ഒരല്പം വീർത്തു നിൽക്കുന്ന വയറിലേക്ക് നോക്കി അവള് പറഞ്ഞു. എല്ലാം കേട്ട് ഒന്നും മനസിലാവാതെ കുന്തം വിഴുങ്ങിയത് പോലെ ഞാനിരുന്നു. “നിന്നോട് എല്ലാ സത്യങ്ങളും പറയാൻ ജെറിയാണ് എന്ത്കൊണ്ടും നല്ലത്. കാരണം എല്ലാത്തിനും കാരണക്കാരൻ ഇവനാണ്. ” നന്ദന ജെറി ചേട്ടനെ നോക്കികൊണ്ട് പറഞ്ഞു. “മീനാക്ഷി… താൻ എന്നോട് ക്ഷമിക്കണം. എല്ലാത്തിനും കാരണം. എന്റെ സംശയമാണ്. ഫസ്റ്റ് ഇയർ മുതലേ എനിക്ക് ഈ നന്ദനയെ ഇഷ്ടമായിരുന്നു. പക്ഷെ തുറന്നു പറയാനൊരു മടി. ചമ്മൽ. ഞങ്ങൾ മൂന്ന് പേരുമായിരുന്നു കൂട്ട്.

എന്നേക്കാൾ കൂടുതൽ ഇവൾക്ക് കൂട്ട് രാജീവിനോടായിരുന്നു.നല്ലൊരു സൗഹൃദം. ഞാനത് തെറ്റിദ്ധരിച്ചു. പോരാത്തതിന് നിനക്ക് അറിയാലോ കോളേജിൽ കുട്ടികളും ഇവരെ കുറിച്ച് പറഞ്ഞിരുന്നത്. അത് എന്നിൽ സംശയം ജനിപ്പിച്ചു. എന്റെ പ്രണയം അവൻ സ്വന്തമാക്കുമെന്ന് ഞാൻ ഭയന്നു. അതിനിടയിലാണ് അവന് നിന്നോടുള്ള ഇഷ്ടം ഞാൻ മനസിലാക്കുന്നത്. ഞാൻ അനുഭവിച്ച വേദന അവനും അനുഭവിക്കണം. അത്രമേൽ പ്രിയപ്പെട്ടത് നഷ്ടമാകുമ്പോൾ ഉള്ള വിഷമം അവനും അറിയണം. അതുകൊണ്ടാണ് ഇവരെക്കുറിച്ച് ഇല്ലാത്ത ഓരോന്ന് ഞാൻ തന്നോട് പറഞ്ഞത്.

ആ ഫോട്ടോസ് അത് കൃത്രിമമാണ്. മോർഫിംഗ് ചെയ്തതാണ്. അതിലൊന്നും ഒരു സത്യവുമില്ല മീനാക്ഷി. അന്ന് ആ ക്ലാസ്സ്‌ റൂമിൽ വെച്ചുണ്ടായ സംഭവം. അതും ഞാൻ മനപ്പൂർവം ഉണ്ടാക്കിയതാണ്. അവനെ മനസിലാക്കാൻ ഞാൻ വൈകിപ്പോയി. ഇവൾക്കും എന്നെ ഇഷ്ടമായിരുന്നുന്ന് അറിയാനും. അന്നത്തെ സംഭവത്തിന് ശേഷമാണ് ഞാനത് അറിഞ്ഞത്. എന്നെപോലെ ഇവളും പറയാതെ ഉള്ളിൽ കൊണ്ട് നടക്കായിരുന്നു. ഞങ്ങളുടെ വീട്ടുകാർ എതിർത്തിട്ടും ഈ വിവാഹം നടത്താൻ ഓടിനടന്നത് അവനായിരുന്നു. ഞങ്ങൾക്ക് എന്നും തുണയായി. ഒരായിരം തവണ അവനോടും ഞാനെല്ലാം ഏറ്റുപറഞ്ഞു കഴിഞ്ഞു. അന്ന് തന്നെ.

തന്നോട് പറയാൻ പലവട്ടം അവൻ ശ്രമിച്ചു. പക്ഷെ…… ഒരിക്കൽ പോലും മീനാക്ഷി അതിന് കൂട്ടാക്കിയില്ലല്ലോ. അവന്റെ മനസ്സിൽ എന്നും മീനാക്ഷി മാത്രമേയുള്ളൂ. അവന്റെ ഈ മീനുക്കുട്ടി മാത്രം. അവൻ പാവമാണ്. ഇനിയും ആ സ്നേഹം കണ്ടില്ലെന്ന് നടിക്കരുത്. മീനാക്ഷി ഡിവോഴ്സ് ആവശ്യപ്പെട്ടതിൽ ഒരുപാട് വിഷമമുണ്ട്. ആ തീരുമാനം മാറ്റണം. ഒരുപാട് കാലം നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം. ചെയ്തു പോയ എല്ലാ തെറ്റിനും ഞാൻ മാപ്പ് ചോദിക്കാം. എന്നോട് ക്ഷമിക്കണം. ” എല്ലാം കേട്ടപ്പോൾ ജെറി ചേട്ടനിട്ട് രണ്ടു പൊട്ടിക്കാനാണ് ആദ്യം തോന്നിയത്.

ഇയ്യാള് കാരണം ഞാൻ രാജീവേട്ടനെ എത്രമാത്രം വേദനിപ്പിച്ചു. അയാൾടെ ഒടുക്കത്തെ കുറേ തെളിവുകൾ…. പക്ഷെ എല്ലാം ഏറ്റുപറഞ്ഞ് എന്റെ കാലുപിടിക്കാൻ തുടങ്ങിയതുകൊണ്ട് മാത്രം ക്ഷമിച്ചു. എന്നാൽ രാജീവേട്ടനോട് ചെയ്തതിനെല്ലാം ഞാനെങ്ങനെ പ്രായശ്ചിത്തം ചെയ്യും. പിന്നെയും കുറെ നേരം സംസാരിച്ച് ഇരുന്നിട്ടാണ് അവർ പോയത്. അവര് വന്നിരുന്നുവെന്ന് രാജീവേട്ടൻ അറിയരുതെന്ന് പ്രത്യേകം പറഞ്ഞിട്ടാണ് അവർ പോയത്. അവർ പോയതിനു ശേഷം രാജീവേട്ടന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. രാജീവേട്ടന്റെ വിഷമമെല്ലാം ഇന്നത്തോടെ തീരും.

എന്റെയുള്ളിൽ അടക്കിവെച്ചിരുന്ന രാജീവേട്ടനോടുള്ള പ്രണയം പരിമിതികൾ ഏതുമില്ലാതെ ആ മനുഷ്യന് പകർന്നു നൽകണം. രാജീവേട്ടനെ സ്നേഹിച്ച് കൊല്ലും ഞാൻ. രാജീവേട്ടൻ ആഗ്രഹിക്കുന്ന പോലെ നല്ല ഭാര്യയായി. രാജീവേട്ടന്റേത് മാത്രമായി…. ആ ദിവസത്തിന് ദൈർഘ്യം കൂടുതൽ ഉള്ളത് പോലെ തോന്നി. രാത്രി രാജീവേട്ടൻ ഓഫീസിൽ നിന്നും വരാനായപ്പോൾ ഒരു പ്രത്യേക സന്തോഷം എന്നിൽ നിറയുന്നത് ഞാനറിഞ്ഞു. സമയം മുന്നോട്ട് നീങ്ങാത്തത് പോലെ. അത് ക്ലോക്കിലെ ബാറ്ററി തീർന്നിട്ടാണോന്ന് ഇടയ്ക്കിടെ പോയി നോക്കികൊണ്ടിരുന്നു.

എന്റെ പ്രവർത്തികൾ കണ്ട് മുത്തുവിന് ഭയങ്കര ചുമ ബാധിച്ചു. ഇങ്ങനെ ചുമച്ചു ചുമച്ചു അവന് വല്ല അസുഖവും വരുമെന്ന് ഞാൻ ഭയന്നു. കാത്തിരിപ്പിന്റെ അവസാനം കാളിങ് ബെൽ കരയുന്നത് കേട്ടപ്പോൾ ചുമരിൽ പിടിച്ചു പിച്ചവെച്ച് പിച്ചവെച്ച് ഞാൻ വാതിൽ തുറക്കാൻ ചെന്നു. “ചേച്ചി…. കാൽ…. ഡോർ ഞാൻ തുറക്കാം. ” എന്റെ പോക്ക് കണ്ട് മുത്തു ഓടിവന്നു. “നീ പോടാ ചെക്കാ. എന്റെ കെട്ട്യോന് വാതിൽ തുറന്നു കൊടുക്കനേയ് ഇവിടെ ഞാനുണ്ട്. നീ പോയി നിന്റെ പണി നോക്ക്. ” “ചേച്ചി….. ” “ഇവനോടല്ലേ പറഞ്ഞത്….. എടാ ഞാൻ തന്നെ തുറക്കും. നീ കേട്ടിട്ടുണ്ടോ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യന്ന് …… “

എന്റെ പാട്ട് കേട്ട് അവൻ വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു. അവനെന്ത് പൂമുഖ വാതിലും പൂന്തിങ്കളും…. “എന്താ ചേച്ചി? ” “നിനക്ക് മനസിലായില്ല ലെ. സാരല്ല്യ. അങ്ങനെ ഒരു സംഭവം ണ്ട്. അത് സമയാവുമ്പോൾ നിന്റെ പൊണ്ടാട്ടി പറഞ്ഞു തരും. ഇപ്പൊ മുന്നിൽന്ന് മാറിനിൽക്ക്. ” അവനെ തട്ടിമാറ്റി ഞാൻ ചെന്ന് കതക് തുറന്നു. ചിരിയോടെ വാതിൽ തുറന്ന എന്നെ കണ്ട് ആദ്യം ആ മുഖത്ത് അതിശയം നിറഞ്ഞു. പക്ഷെ ക്ഷണനേരം കൊണ്ട് അതിനെ ഗൗരവമാക്കി മാറ്റി എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ രാജീവേട്ടൻ അകത്തേക്ക് കയറിപോയി. മുത്തുവിനെ തള്ളിമാറ്റി വയ്യാത്ത കാലും വെച്ച് ഞൊണ്ടി ഞൊണ്ടി സ്നേഹത്തോടെ വാതിൽ തുറക്കാൻ നിന്ന ഞാനിപ്പോൾ ആരായി.? മ്മ്മ്… പിണക്കം മാറ്റാൻ കുറച്ചു കഷ്ടപ്പെടേണ്ടി വരും. ഞാൻ മനസ്സിലോർത്തു.

(തുടരും)

രാജീവം : ഭാഗം 7