Friday, April 19, 2024
Novel

രാജീവം : ഭാഗം 3

Spread the love

എഴുത്തുകാരി: കീർത്തി

Thank you for reading this post, don't forget to subscribe!

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് ആ കാലന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അച്ഛനോടും മറ്റും എത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് രാജീവേട്ടൻ പെരുമാറുന്നത്. ചരിത്രവും പുരാണവുമൊക്കെ എനിക്കും മാളുവിനുമല്ലേ അറിയൂ. എന്നാലും എന്റെ ഭഗവാനെ എത്രയെത്ര ആലോചനകൾ വന്നതാ.

അതെല്ലാം പൊളിച്ചടുക്കി അവസാനം അച്ഛന്റെ സങ്കടത്തിൽ വീണ് സമ്മതിച്ചത് ഇയ്യാളോടുത്തുള്ള വിവാഹത്തിന് ആയിരുന്നെന്ന് അറിഞ്ഞില്ലല്ലോ. ഈ ചതി എന്നോട് വേണ്ടായിരുന്നു. ഇനി ഒരുപക്ഷെ പഴയതൊക്കെ അച്ഛനോട് പറഞ്ഞിട്ടുണ്ടാവുമോ. ഏയ്‌… ഉണ്ടെങ്കിൽ എപ്പോഴേ ചോദ്യം വന്നേനെ. കെട്ടിപിടുത്തവും കൂട്ടക്കരച്ചിലുമെല്ലാം കഴിഞ്ഞു രാജീവേട്ടന്റെ വീട്ടിലെത്തി. യാത്രയിൽ ഉടനീളം മിഴികൾ തോരാതെ പെയ്യുകയായിരുന്നു. എന്തുകൊണ്ടോ രാജീവേട്ടനും ശല്യത്തിനൊന്നും വന്നില്ല.

എന്നെ എന്റെ ലോകത്ത് തനിച്ചു വിട്ടു. രാജീവേട്ടന്റെ അമ്മ തന്ന നിലവിളക്കും പിടിച്ചു വലതുകാൽ വെച്ച് ഞാനാ വീട്ടിലേക്ക് കയറി. ഒത്തിരി ബന്ധുക്കൾ അവിടെയും ഉണ്ടായിരുന്നു. എന്നാൽ രാജീവേട്ടനും അച്ഛനും അമ്മയും അനിയൻ രാഹുലുമടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് അത്. രാത്രിയിലെ റിസപ്ഷൻ കഴിഞ്ഞതും ബന്ധുക്കൾ എല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. പിന്നീട് ആ വീട്ടിൽ ഞങ്ങൾ അഞ്ചു പേരും അച്ഛന്റെ ഒരു പെങ്ങളും ഭർത്താവും അവരുടെ രണ്ടു മക്കളും മാത്രമായി. വീണയും വാണിയും. വാണി ഒരു പാവം കുട്ടിയാണ്. പക്ഷെ വീണ.

അവളിച്ചിരി മോഡേൺ ആണ്. രൂപത്തിലും ഭാവത്തിലും. കൂടാതെ വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുകയാണ് എന്നെ കാണുമ്പോൾ മാത്രം ഏതാണ്ട് ചെകുത്താൻ കുരിശ് കണ്ടത് പോലൊരു നോട്ടം. വല്ലാത്തൊരു ദേഷ്യവും. ഞാൻ അവളോട്‌ എന്തോ വലിയ പാതകം ചെയ്തത് പോലെ. ഇനി ഒരുപക്ഷെ ഈ വിവാഹം അവൾക്ക് ഇഷ്ടപ്പെട്ടില്ലേ ആവോ. ബന്ധം വെച്ച്നോക്കുമ്പോൾ രാജീവേട്ടൻ അവളുടെ മുറച്ചെറുക്കനല്ലേ. അങ്ങനെ എന്തെങ്കിലും ആണെങ്കിൽ അവളെ വിട്ടുകളയരുത്. മുറുകെ പിടിക്കണം. മിക്കവാറും അവൾ എനിക്കുള്ള തുറുപ്പുചീട്ടാവാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഞാൻ ചെയ്യേണ്ട പലതും ഇവള് ചെയ്‌തെന്ന് വരാം. ഞാനോർത്തു.

രാത്രിയിൽ അമ്മ ഒരു ഗ്ലാസ്‌ പാൽ കൈയിൽ വെച്ചുതന്നു. അതുമായി ആ ഭൂതത്താൻ കോട്ടയിലേക്ക് കയറിചെന്ന ഞാൻ അന്തം വിട്ടു. ഇതിപ്പോ എന്റെ റൂമാണോ അതോ ആ കാലന്റെ റൂമാണോ. ബെഡിന് നേരെ മുകളിലായി രാജീവേട്ടനും അച്ഛനും അമ്മയും അനിയനും ഉള്ള ഒരു വലിയ ഫോട്ടോ ഒഴിച്ച് ബാക്കി എല്ലായിടത്തും എന്റെ ഫോട്ടോസ് ആണ്. അതെല്ലാം നോക്കി അങ്ങനെ നിൽക്കുമ്പോഴാണ് വാതിലടയുന്ന ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ചുമരിൽ ചാരി കൈകൾ രണ്ടും മാറിൽ പിണച്ചുകെട്ടി നിൽക്കുന്ന രാജീവേട്ടനെയാണ്.

എന്നെത്തന്നെ ഉറ്റുനോക്കുന്ന ആ കണ്ണുകളിൽ വിജയത്തിളക്കവും ചുണ്ടിൽ പുച്ഛഭാവവുമായിരുന്നു. ഉള്ളിൽ ഒരു ചെറിയ പേടിയൊക്കെ തോന്നുന്നുണ്ട്. എന്നാലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ദേഷ്യത്തോടെ തലയനക്കി എന്താണെന്ന് ചോദിച്ചു. ഉടനെ കൈകൾ അയച്ച് മുണ്ടെടുത്ത് മടക്കിചുറ്റി എന്റെ നേർക്ക് നടന്നടുത്തു. രാജീവേട്ടൻ മുന്നോട്ട് വരുന്നതിനനുസരിച്ച് ഞാൻ പുറകോട്ടു പൊയ്ക്കൊണ്ടിരുന്നു. അരുതെന്ന് വിലക്കിയിട്ടും എന്റെ കാലുകൾ എന്നെ ചതിച്ചു. രാജീവേട്ടനാണെങ്കിൽ നടക്കുന്നതോടൊപ്പം മീശയും പിരിച്ചു ഒരുമാതിരി വഷളൻ നോട്ടമായിരുന്നു. സംഭരിച്ചു വെച്ചിരുന്ന ധൈര്യം ചേർന്നുപോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഇനിയും പുറകോട്ടു പോകാൻ പറ്റാതെ ഞാൻ ചുമരിൽ തട്ടിനിന്നു. എന്റെ വീട്ടിലായിരുന്നു എങ്കിൽ ഇച്ചിരികൂടി ധൈര്യമുണ്ട്. ഇതിപ്പോ ഇയ്യാളുടെ താവളത്തിൽ. പോരാത്തതിന് ഭർത്താവെന്ന അധികാരവും. എന്നാലും മുഖത്തെ ദേഷ്യം ഒട്ടും കുറയ്ക്കാതെ ഞാനും ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിന്നു. സൈഡിലൂടെ അവിടുന്ന് മാറാൻ തുനിഞ്ഞതും രാജീവേട്ടൻ കൈകൾരണ്ടും എന്റെ ഇരുവശങ്ങളിലായി ചുമരിൽ വെച്ച് ലോക്ക് ചെയ്തു. ഒപ്പം കുറച്ചുകൂടി എന്നോട് ചേർന്നുനിന്നു. “എങ്ങോട്ടാ ഓടിപോകുന്നെ? ഉണ്ണിയാർച്ചയുടെ ശൗര്യമൊക്കെ ചോർന്നുപോയോ? ” “മാറി നിൽക്ക്. ആണുങ്ങളായാൽ ഇങ്ങനെ ചതിയിലൂടെയല്ല വാക്ക് പാലിക്കേണ്ടത്. “

“അതിന് ആര് ചതിച്ചു. ഞാൻ നേരായ വഴിയിലൂടെ തന്നെയാണ് നിന്നെ സ്വന്തമാക്കിയത്. വീട്ട്കാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടേയുമൊക്കെ മുന്നിൽ വെച്ച് അന്തസായി നിന്റെ കഴുത്തിൽ താലികെട്ടിയാടി ഞാൻ വാക്ക് പാലിച്ചത്. പിന്നെ… അച്ഛൻ നിന്നോട് ചോദിച്ചതല്ലേ ഫോട്ടോ കാണണോന്ന്. വേണ്ടന്ന് നീ തന്നെയല്ലേ പറഞ്ഞത്. ” “ഓഹ്… അതൊക്കെ അറിഞ്ഞിരുന്നു ലെ. ” “പിന്നല്ലാതെ. പൊന്നുമോള് വിവാഹം മുടക്കാൻ പല വഴികളും നോക്കുംന്ന് അച്ഛൻ പറഞ്ഞപ്പോൾ എല്ലാം സർപ്രൈസായിട്ട് ഒരുക്കാംന്ന് ഞാനാ അവരോട് പറഞ്ഞത്. എന്നാലും ഞാനാണെന്ന് നീ മുന്നേ അറിയുമോന്ന് എനിക്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു. പക്ഷെ കണ്ടോ എന്റെ സ്നേഹം ആത്മാർത്ഥവും സത്യവുമാണ്. അതുകൊണ്ടല്ലേ ഇപ്പോൾ നീ എന്റെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്. “

“എന്റെ കഴുത്തിലൊരു താലി കെട്ടിയെന്ന് വെച്ച് താൻ ജയിച്ചുന്ന് കരുതണ്ട. എന്റെ മനസ്സിൽ ഒരിക്കലും ഒരു ഭർത്താവിന്റെ സ്ഥാനം തനിക്ക് കിട്ടാൻ പോണില്ല. ” “അതൊക്കെ നിന്റെ ഇഷ്ടം. പക്ഷെ എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്. അന്നും ഇന്നും എന്നും. ” അപ്പോൾ രാജീവേട്ടന്റെ വാക്കിലും നോക്കിലും നിറഞ്ഞു നിന്നത് എന്നോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു.എന്നാൽ എന്റെ മനസ്സിൽ അയാളോടുള്ള ദേഷ്യവും. കുറച്ചു നേരത്തേക്ക് ഞങ്ങൾ മൗനം ഭഞ്ജിച്ചു. അണുവിട മാറാതെ ആള് അതെ നിൽപ്പ് തന്നെ.

ഒന്ന് മുന്നിൽന്ന് മാറിയിരുന്നെങ്കിൽ എവിടെലും പോയി തല ചായ്ക്കാമായിരുന്നു. കുത്തബ് മിനാർ പോലെ നിൽക്കല്ലേ സാധനം. ഞാൻ രാജീവേട്ടനിൽ നിന്നും നോട്ടം മാറ്റി നിലത്തേക്ക് നോക്കി നിന്നു. പെട്ടന്നാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞത്. ഞെട്ടി തലയുയർത്തി നോക്കിയ ഞാൻ കാണുന്നത് പ്രണയാർദ്രമായി ഒരു കുസൃതി ചിരിയോടെ എന്നെ നോക്കുന്നതാണ്. “ടോ താനെന്ത് വൃത്തിക്കേടാ ഈ കാണിച്ചത്? ” ഞാൻ ദേഷ്യപ്പെട്ടു. “നമ്മുടെ ഫസ്റ്റ് നൈറ്റായിട്ട് ഇതെങ്കിലും തരണ്ടേ ഞാനെന്റെ ഭാര്യയ്ക്ക്. ” പറഞ്ഞു കഴിഞ്ഞതും ആള് ബെഡിൽ ചെന്ന് മലർന്നുകിടന്നു.

ഞാനാണെങ്കിൽ വായിൽ തോന്നിയ ചീത്തയെല്ലാം വിളിച്ച് നേര്യതിന്റെ തലപ്പുകൊണ്ട് കവിൾ തുടക്കുകയായിരുന്നു. വൃത്തിക്കെട്ടവൻ എന്ത് ധൈര്യത്തിലാണ്…. ഛെ. അലവലാതി. 🎶മധുവിധു രാവുകളെ സുരഭിലയാമങ്ങളെ മടിയിലൊരാൺപ്പൂവിനെ താ…. 🎶 കാലൻ മലർന്നുകിടന്ന് മുകളിലേക്ക് നോക്കി ഗാനമേള നടത്താണ്. വേറൊരു പാട്ടും കിട്ടിയില്ലേ ഈ കൊശവന് പാടാൻ. അയാൾടെ ഒരു മധുവിധു. തന്റെ മധു ഞാൻ വിധുവാക്കി തരാടോ മാക്കാനേ. “ആ കവിള് നുള്ളിപ്പറിക്കാതെ ലൈറ്റ് അണച്ചിട്ട് ഇവിടെ വന്ന് കിടക്കൂ കുട്ടി. “

“അയ്യടാ കൂടെ കിടക്കാൻ പറ്റിയ ഒരാള്. ഞാനിന്ന് ഉറങ്ങുന്നില്ല. എന്തേ? ” “വേണ്ട. അവിടിരുന്നോ. ഞാൻ ധൈര്യായിട്ട് ഉറങ്ങട്ടെ കാവലിന് ആളുണ്ടല്ലോ. ” അതും പറഞ്ഞ് ആ ദുഷ്ടൻ ബെഡിന് ഒരു വശം ചേർന്നുതിരിഞ്ഞു കിടന്നു. ഞാൻ കുറേ നേരം അവിടെ പോസ്റ്റായി നിന്നു. നിന്ന് നിന്ന് മടുത്തപ്പോൾ റൂമിനകത്ത് നൈറ്റ്‌ വാക്കിങ് ആരംഭിച്ചു. അതും മടുത്തപ്പോൾ ഒരു മൂലയ്ക്ക് ഇരിപ്പായി. രാജീവേട്ടൻ ഉറക്കത്തിൽ ഏതൊക്കെയോ ലോകത്തെത്തിയെന്ന് തോന്നുന്നു. ആലോചനകൾക്ക് വിരാമമിട്ട് കണ്ണുകളിൽ നിദ്രദേവി തഴുകി തുടങ്ങി. അങ്ങനെ ഇരുന്ന് എപ്പോഴോ ഉറങ്ങിപോയി.

സൂര്യരശ്‌മികൾ കൺപ്പോളകൾക്കിടയിലൂടെ കണ്ണിലേക്കു അരിച്ചിറങ്ങിയപ്പോഴാണ് കണ്ണ് തുറന്നത്. നോക്കിയപ്പോൾ ഞാൻ കിടക്കുന്നത് ബെഡിലാണ്. പുതപ്പുകൊണ്ട് പുതച്ചിട്ടുമുണ്ട്. അടുത്ത് രാജീവേട്ടനെ കാണുന്നുമില്ല. എവിടെ പോയി ആവോ. പിന്നെ കിടക്കാതെ വേഗം എഴുന്നേറ്റ് കുളിച്ചു താഴേക്ക് ചെന്നു. അടുക്കളയിൽ അമ്മയും അപ്പച്ചിയും പിന്നെ വേറൊരു ചേച്ചിയും ഉണ്ടായിരുന്നു. അമ്മ അവരെ എനിക്ക് പരിചയപ്പെടുത്തി തന്നു. അമ്മയ്ക്ക് സഹായത്തിനു നിർത്തിയിരിക്കുന്ന ചേച്ചിയാണ്. തുളസി. ആരോരുമില്ലാത്ത ഒരു പാവം. അടുക്കളയിൽ അപ്പച്ചിയും ഉണ്ടായിരുന്നു. ഞാൻ കരുതിയത് മകളെ പോലെത്തന്നെ അമ്മയ്ക്കും എന്നോട് ദേഷ്യമായിരിക്കും എന്നാണ്. സാധാരണ അങ്ങനെയാണല്ലോ.

പക്ഷെ നേരെ മറിച്ചാണ് സംഭവിച്ചത്. എന്നോട് വളരെ സ്നേഹത്തോടെയാണ് അപ്പച്ചി പെരുമാറിയത്. അവരോടൊപ്പം ഓരോന്ന് ചെയ്തു ഞാനും അവിടെ കൂടി. കുറച്ചു കഴിഞ്ഞപ്പോൾ വാണി അങ്ങോട്ട്‌ വന്നു. അവളുമായി ഞാൻ പെട്ടന്ന് കൂട്ടായി. മറ്റവളെ പോലെയല്ല. ഒരു വായാടി. ഏത് നേരവും എന്തെങ്കിലുമൊക്കെ കലപില സംസാരിച്ചു കൊണ്ടിരിക്കണം അവൾക്ക്. അങ്ങനെ നിൽക്കുമ്പോഴാണ് ഉമ്മറത്തു നിന്നും അച്ഛന്റെ വക ചായയ്ക്കുള്ള ഓർഡർ വന്നത്. അമ്മ അച്ഛന് ചായ എടുക്കുന്ന കൂട്ടത്തിൽ അങ്കിൾനും പിന്നെ വേറെ രണ്ട് ഗ്ലാസിൽ കൂടി ചായയെടുത്തു. രാജീവേട്ടനും രാഹുൽനുമുള്ളതാണത്രേ. “അമ്മേ ചായ ഞാൻ കൊണ്ടുകൊടുത്തോട്ടെ.? “

“അതിനെന്താ മോള് കൊടുത്തോ. രാജീവ്‌ എണീച്ചുവോ? ” “റൂമിൽ ഇല്ലല്ലോ അമ്മേ. ” “എന്നാ മുകളിൽ അറ്റത്തുള്ള മുറിയിൽ കാണും. രാവിലെ എണീച്ചാൽ രാഹുൽനേം കുത്തിപ്പൊക്കി അതിനകത്തു കയറും. പിന്നെ കുറേ നേരം അതിനകത്താണ്. എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ രാഹുൽന്റെ മുഖമൊന്ന് കാണണം. ” അമ്മ ചിരിയോടെ പറഞ്ഞു. ഞാൻ ട്രേയുമെടുത്ത് പുറത്തേക്കും. അച്ഛനും അങ്കിൾനും കൊടുത്തു കഴിഞ്ഞ് ഞാനെന്റെ പ്രാണേശ്വരനെ തപ്പി മുകളിലേക്ക് കയറി. അമ്മ പറഞ്ഞ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോഴേ കൾക്കുന്നുണ്ട് അകത്തെ ബഹളം.

“ഏത് നേരവും മേലനങ്ങാതെ ഇരുന്ന് വെട്ടിവിഴുങ്ങീട്ട് കണ്ടില്ലേ വല്ല വീപ്പക്കുറ്റി പോലെയായിട്ടുണ്ട്. എന്നാ അതിനനുസരിച്ചു വർക്ക്ഔട്ട് ചെയ്യാൻ പറഞ്ഞാൽ അപ്പൊ തുടങ്ങും വെള്ളം കുടിക്കണം ബാത്‌റൂമിൽ പോണം അമ്മേ കാണണം അച്ഛൻ വിളിക്കുന്നുന്നും പറഞ്ഞ്. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. മര്യാദക്ക് ചെയ്യടാ അങ്ങോട്ട്‌. ” പാവം രാഹുലെന്ന മാടപ്രാവിനെ നിർത്തി പൊരിക്കുന്നുണ്ട് ദുഷ്ടൻ. രാഹുൽ രാജീവേട്ടനെ പോലെയല്ല. അല്പം തടിച്ച് ഒരു ഗുണ്ടുമണിയാണ്. ഓരോരുത്തരും ഓരോ ശരീരപ്രകൃതിയല്ലേ. എല്ലാരും ഇയ്യാളെ പോലെയാവുമോ കഷ്ടം. ഞാൻ ഡോർ തുറന്നു അകത്തു കയറി. മാടപ്രാവ് സൈക്കിൾ ഓടിക്കാൻ പഠിക്കുകയായിരുന്നു.

ഇടയ്ക്കിടെ ഉറക്കം തൂങ്ങി ഡ്രൈവിംഗ് തെറ്റുന്നുമുണ്ട്. അതിന്റെ അവസ്ഥയോർത്ത് സങ്കടം തോന്നി. ഞാൻ അവനെ തട്ടിവിളിച്ച് ചായ കൊടുത്തു. രാജീവേട്ടനെ നോക്കി പേടിച്ചു പേടിച്ചാണ് അവൻ ചായ കുടിച്ചത്. ഇടയിൽ എന്നെനോക്കി എന്തൊക്കെയോ കഥകളിയും കാണിക്കുന്നുണ്ടായിരുന്നു. “എങ്ങനെലുമൊന്ന് രക്ഷിക്ക് ” ന്നുള്ളതിന്റെ പുതിയ ഓരോ മുദ്രകളും ഭാവങ്ങളുമാണ് അതെന്ന് മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. പെട്ടന്ന് തോന്നിയ ബുദ്ധിയിൽ “നിന്നെ താഴെ അച്ഛൻ അന്വേഷിച്ചിരുന്നു ” ന്ന് പറഞ്ഞതും “എന്താ അച്ഛാ ” ന്നും വിളിച്ചോണ്ട് അവൻ താഴേക്കോടി.

രാജീവേട്ടൻ എന്നെനോക്കി ഒന്ന് അമർത്തി മൂളിയിട്ട് വീണ്ടും ചെയ്തുകൊണ്ടിരുന്ന കസർത്തിലേക്ക് തിരിഞ്ഞു. ദുഷ്ടൻ ഞാൻ ചായ കൊണ്ടുവന്നത് കണ്ടിട്ടും ഒരു മൈൻഡുമില്ല. ഞാനെന്താ ഇതെടുത്ത് അണ്ണാക്കിൽ ഒഴിച്ച്കൊടുക്കണോ ആവോ. കുറച്ചു നേരം രാജീവേട്ടന്റെ പ്രവൃത്തി നോക്കിനിന്ന എനിക്ക് പെട്ടന്ന് ഓർമ വന്നത് ബോയിങ് ബോയിങ് സിനിമയിലെ മോഹൻലാലിനേയും ആ പാവം കോഴിയെയുമാണ്. അതോർത്തു നിന്ന് അറിയാതെ ഞാൻ ചിരിച്ചുപോയി. ഉടനെ കാലൻ തിരിഞ്ഞു നോക്കിയതും സ്വിച്ച് ഇട്ടപ്പോലെ എന്റെ ചിരി നിന്നു. “എന്താടി വായിനോക്കി നിന്ന് ഇളിക്കുന്നെ? “

“അയ്യടാ വായിനോക്കാൻ പറ്റിയൊരു മൊതല്. ഹും… സൽമാൻ ഖാനാണെന്നാ വിചാരം. കണ്ടാലും മതി. കാറ്റ് നിറച്ച് വെച്ചതാണോന്ന് ആർക്കറിയാം. ” “ദേ പെണ്ണെ ഞാൻ കഷ്ടപ്പെട്ട് മെയിന്റൈൻ ചെയ്തു കൊണ്ടുനടക്കുന്ന എന്റെ ബോഡിയെ പറഞ്ഞാലുണ്ടല്ലോ… ” “അതിന് പറയാൻ എന്തേലും ഉണ്ടായിട്ട് വേണ്ടേ. ഈ കാണുന്ന മസിലും വയറ്റിലെ പാക്കുകളും ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. നിവിൻ ചേട്ടൻ പറഞ്ഞപോലെ കേരളത്തിലെ ആമ്പിള്ളേർക്ക് എന്തിനാ സിക്സ്പാക്ക്. അവരൊരു ഷർട്ടും മുണ്ടുമുടുത്ത് നെറ്റിയിലൊരു ചന്ദനകുറിയും തൊട്ട് ഇറങ്ങിയാലുണ്ടല്ലോ നിങ്ങടെ ഈ സിക്സ്പാക്കൊക്കെ വല്ല തോട്ടിലും പോയികിടക്കും. “

“നീ കുറെ നേരായല്ലോ തുടങ്ങീട്ട്. ചായ തരാൻ വന്നാൽ തന്നിട്ട് പോ. അല്ലാതെ ഇവിടെ കിടന്നു വാചകമടിച്ചാലുണ്ടല്ലോ എന്റെ ഭാര്യയ്ക്ക് ഇന്നലെ കവിളത്തു കിട്ടിയത് വേറൊരിടത്ത് കിട്ടും. ” രാജീവേട്ടൻ തന്റെ തന്നെ ചുണ്ടിൽ തടവിക്കൊണ്ട് അവലക്ഷണം കെട്ട ഒരു ചിരിയോടെ പറഞ്ഞു. “വൃത്തിക്കെട്ടവനെ ഞാനെന്റെ അച്ഛനോട് പറഞ്ഞു കൊടുക്കുംടോ നോക്കിക്കോ. ” “ആഹ്… ബെസ്റ്റ്. എന്നാ ചെല്ല്. പോയി ഇപ്പൊ തന്നെ പറഞ്ഞിട്ട് വാ. നാണമുണ്ടോടി നിനക്ക്. ഇതൊക്കെ അച്ഛനോട് പോയി പറയുന്നു. കഷ്ടം. ” “താൻ പോടോ അലവലാതി, ദുഷ്ട, വൃത്തിക്കെട്ടവനെ, കോഴി…. ” “എടി നിന്നെ ഞാൻ…. “

പറയുന്നതോടൊപ്പം എന്റെ നേരെ പാഞ്ഞതും കൈയിലെ ട്രേ കണ്ടൊരിടത്ത് വെച്ച് ഞാൻ പുറത്തേക്കോടി. കാലന്റെ കൈയിൽന്ന് രക്ഷപെട്ട സന്തോഷത്തിൽ ചിരിച്ചു കൊണ്ട് ഓടിവന്നപ്പോൾ ആരുമായോ കൂട്ടിയിടിച്ചു. തലയുയർത്തി നോക്കിയ ഞാൻ കണ്ടത് എന്നെനോക്കി ദഹിപ്പിക്കുന്ന രണ്ട് ചോരക്കണ്ണുകളാണ്.

(തുടരും)

രാജീവം : ഭാഗം 1

രാജീവം : ഭാഗം 2