പ്രിയനുരാഗം – ഭാഗം 7
നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്
രാവിലെ എഴുന്നേറ്റ് ജോഗ്ഗിങ്ന് ഇറങ്ങിയതായിരുന്നു ഗൗതം . സ്ഥിരം പോകുന്ന വഴിയിൽ പകുതി വഴി എത്തിയപ്പോൾ ആണ് പ്രിയ തിരിച്ചു ജോഗിങ് കഴിഞ്ഞു വരുന്നത് കണ്ടത് .ഗൗതം പ്രിയയെ കണ്ട ഭാവം നടിച്ചില്ല .
പ്രിയ ഗൗതമിനെ തന്നെ ആയിരുന്നു നോക്കിയിരുന്നത് . ഗൗതം കടന്നു പോയതും പ്രിയ
തിരിഞ്ഞു നോക്കി.
” ഹലോ ഒന്ന് നിന്നെ ” പ്രിയ ഗൗതമിനെ നോക്കി വിളിച്ചു പറഞ്ഞു .
എവിടന്ന് ആശാൻ കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ അതാ പോകുന്നു .
പ്രിയ ഓടി അവന്റെ മുന്നിൽ വന്നു നിന്നു .
“എന്താ ” ഗൗതം ചോദിച്ചു .
“ഞാൻ വിളിച്ചത് കേട്ടില്ലേ .? എന്താ നിൽക്കാതെ പോയെ ?” പ്രിയ ചോദിച്ചു .
“കേട്ടു . എന്നെ ആണെന്ന് തോന്നിയില്ല .അതാ നിൽക്കാഞ്ഞേ .” ഗൗതം പറഞ്ഞു .
“ഇവിടെ അതിനു നമ്മൾ രണ്ടുപേരല്ലാതെ ആരാ ഉള്ളത് ?” പ്രിയ ചുറ്റും ഒന്ന് നോക്കികൊണ്ട് പറഞ്ഞു .
“നീ വല്യ ഡയലോഗ് അടിക്കാതെ എന്തേലും പറയാൻ ഉണ്ടെങ്കിൽ പറ .ഇല്ലെങ്കിൽ മുന്നിൽനിന്നു ഒന്ന് മാറി നിൽക്ക് ഞാൻ പോട്ടെ .” ഗൗതം ദേഷ്യപ്പെട്ടു പറഞ്ഞു .
‘ഇങ്ങേരിത് എന്തോന്ന് .ഒന്ന് മര്യാദക്ക് സംസാരിക്കാം എന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല .വേണ്ട ദേഷ്യപ്പെടണ്ട പ്രിയ .നിന്നെക്കൊണ്ട് പറ്റും പ്രിയ .’ പ്രിയ മനസ്സിൽ പറഞ്ഞു ശ്വാസം എടുത്തു വിട്ടു .
“പറയടി വേഗം ” ഗൗതം ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .
“എടോ എന്നെ എടി പോടി ന്നു വിളിക്കരുതുന്നു ഞാൻ പറഞ്ഞിട്ടില്ലേ ” പ്രിയേടെ കയ്യിൽന്നും പോയി അവളും വിട്ടു കൊടുത്തില്ല .
“ഇത് പറയാനാണോടി നീ ഈ വെളുപ്പാൻ കാലത്ത് എന്നെ ഈ വഴിയിൽ തടഞ്ഞു നിർത്തിയത് ?” ഗൗതം മുഖം കൂർപ്പിച്ചുകൊണ്ട് ചോദിച്ചു .
“അല്ലടോ .തനിക്കു എന്നെ വല്യ പേടിയാണല്ലോ . ഞാൻ തന്റെ വായിനോക്കി സ്വഭാവം ഇവിടെ എല്ലാരോടും പറയുമോന്ന് വിചാരിച്ചു .
ഞാൻ ആരോടും പറയാൻ പോവുന്നില്ല എന്നെ പേടിച്ചു താൻ മുന്നിൽ വരാതെ നടക്കണ്ട എന്ന് പറയാൻ വന്നതാ .പക്ഷെ ഇനി എനിക്കൊന്നു ആലോചിക്കണം .” പ്രിയ പറഞ്ഞു ഗൗതമിനെ നോക്കിയപ്പോൾ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്നുണ്ട് ഗൗതം .
“എടി കുരുപ്പേ നീ എന്താ പറഞ്ഞത് ഞാൻ വായിനോക്കി ആണെന്നോ ? എനിക്ക് നിന്നെ പേടിയായിട്ടാണ് ഞാൻ നിന്റെ മുന്നിൽ വരാതെ നടക്കുന്നതെന്നോ .പേടിക്കാൻ നീ ആരടി . ഗൗതം ഇതുവരെ ആരെയും പിടിച്ചിട്ടില്ല .
ആ എനിക്ക് നിന്നെ പേടിയാണ് പോലും .നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നീ എന്റെ ഒരു കൈയ്ക്ക് ഇല്ലെന്ന് .
പിന്നേം പിന്നേം നീ ചൊറിഞ്ഞാൽ എന്റെ കണ്ട്രോൾ പോയാലോന്ന് വിചാരിച്ചിട്ടാണ് അല്ലാണ്ട് നിന്നെ പോലെ ഒന്നിനെ ഒന്നും ഞാൻ പേടിക്കില്ല .നീ പോയി പറയെടി . ആരോടാന്ന് വെച്ചാൽ പറയ് .
വായിനോക്കി നില്ക്കാൻ പറ്റിയ ഒരു സാധനം .നീ ആരാന്നാ നിന്റെ വിചാരം . വിവരം അറിയും നീ .അവളുടെ ഒരു ഭീക്ഷണി .ഗൗതം പെണ്ണുങ്ങളെ തല്ലാറില്ല ഇല്ലേൽ നിന്നെ ഉണ്ടല്ലോ ” ഗൗതം നിന്ന് വിറക്കുവായിരുന്നു .അവൻ ദേഷ്യത്തോടെ കൈ ചുരുട്ടി തിരിഞ്ഞു നിന്നു .
‘ശേ ..ഇത്രേം പറഞ്ഞത് കുറച്ചു കൂടി പോയോ .പെണ്ണിന് വിഷമം ആയോ ?ഒന്നും പറയുന്നത് കേൾക്കുന്നില്ലല്ലോ .
ഇനി കരയുവാണോ ?! അവളിപ്പോ നിന്ന് കരയുന്നത് കണ്ടാൽ ആരെങ്കിലും ചോദിച്ചോണ്ട് വരും .വീട്ടിൽ അറിഞ്ഞാൽ പിന്നെ എല്ലാരും കൂടെ എന്റെ നെഞ്ചത്തോട്ടാവും .’ ഗൗതം മനസ്സിൽ ചിന്തിച്ചു തിരിഞ്ഞു നോക്കി .
പ്രിയ അതാ അവനെ നോക്കി ഇളിക്കുന്നു .ഗൗതമിന്റെ കിളികളൊക്കെ ആ ഇളി കണ്ടപ്പോഴേ പറന്നു പോയി .
“താൻ നിന്ന് വിറക്കുവായിരുന്നല്ലോ .അതൊക്കെ തീർന്നോട്ടെന്നു വിചാരിച്ചു മിണ്ടാതിരുന്നതാണു . എടോ താൻ ഇതുവരെ ആരെയൊക്കെ പേടിച്ചിട്ടുണ്ട് എന്ന് കണക്കെടുക്കാൻ വന്നതല്ല ഞാൻ .
ഞാൻ ആരാന്നെ എനിക്ക് നന്നായിട്ട് അറിയാം .പിന്നെ താൻ വിവരം അറിയിക്കാൻ വരുമ്പോ എന്റെ കൈ മാങ്ങാ പറിക്കാൻ പോകുവല്ലേ ..! താൻ ഒന്ന് പോടോ .
തന്നോട് മര്യാദക്ക് സംസാരിക്കാൻ വന്ന എന്നെ പറഞ്ഞ മതി .ജാഡ പിശാശ് .” അതും പറഞ്ഞ് പ്രിയ തിരിച്ചു കുറച്ചു നടന്നു പിന്നേം തിരിഞ്ഞു നോക്കി .
“പിന്നെ തന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ എടി പോടിന്നു വിളിക്കരുത് എന്ന് . പ്രിയദർശിനി , പ്രിയ അതാണ് എന്റെ പേര് കേട്ടല്ലോ . ” പ്രിയ അതും പറഞ്ഞു ജോഗിങ്ങ് തുടർന്നു .
അപ്പോഴേക്കും ഗൗതമിന്റെ കിളികളൊക്കെ തിരിച്ചു വന്നു .
“എടി നിൽക്കെടി അവിടെ ” ഗൗതം പറഞ്ഞു .
“താൻ പോടോ ” പ്രിയ വിളിച്ചു പറഞ്ഞുകൊണ്ട് പോയി .
അപ്പോഴാണ് ഗൗതമിന്റെ ഫ്രണ്ട് കിരൺ അങ്ങോട്ട് വന്നത് .
“ഡാ അത് ആരാ .നീ ചൂടാവുന്നത് കണ്ടു .” കിരൺ ചോദിച്ചു .
“അതെന്റെ അച്ഛന്റേം അമ്മേടേം ഫ്രണ്ട്സന്റെ മകൾ ആണ് .നീ എന്താ ഇന്ന് ഈ വഴി .റൂട്ട് മാറ്റിയോ ” ഗൗതം വിഷയം മാറ്റാൻ ചോദിച്ചു .
“അത് ചുമ്മാ ഈ വഴി വന്നതാ .അവളുടെ പേരെന്താ ? ” കിരൺ ചോദിച്ചു .
“പ്രിയദർശിനി ” ഗൗതം തീരെ താല്പര്യം ഇല്ലാതെ പറഞ്ഞു .
“പ്രിയദർശിനി ..! എന്ത് ക്യൂട്ട് ആടാ അവള് …! മൊഞ്ചത്തി ! അവളെന്താ ചെയ്യുന്നെ .? വീട് എവിടെയാ ?” കിരൺ ചോദിച്ചു കൊണ്ടിരുന്നു .
“എനിക്ക് അറിയില്ല .നിനക്കു വേറെ വല്ലതും ചോദിക്കാൻ ഉണ്ടോ ” ഗൗതം ദേഷ്യം അടക്കി പിടിച്ചു ചോദിച്ചു .
“നീ എന്തിനാ അവളോട് ചൂടായെ .ഓ നിനക്കു അതിനു പെൺപിള്ളേരോട് ചൂടായല്ലേ ശീലമുള്ളൂ .അതിന് കാരണമൊന്നും വേണ്ടല്ലോ .നിന്റെ ജോഗിങ് കഴിഞ്ഞോ ?” കിരൺ ചോദിച്ചു .
“ആ കഴിഞ്ഞു ഞാൻ തിരിച്ചു പോവാണ് .നാളെ കോളേജ് റീ ഓപ്പണിങ് അല്ലെ കോളേജിൽ വെച്ചു കാണാം .എന്ന ഓക്കേ ബൈ ഡാ .” ഗൗതം പറഞ്ഞു .
കിരണും യാത്ര പറഞ്ഞു പോയി .
‘ ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ ..! അവൾക്ക് വന്നു സംസാരിക്കാൻ കണ്ട സമയം .
അവള് മുന്നിൽ കേറി നിന്നപ്പോൾ ആണ് കിരൺ ഓപ്പോസിറ്റ് സൈഡിൽ ദൂരെ നിന്നും വരുന്നത് കണ്ടത് .അവൻ വരുന്നതിനു മുൻപ് അവളെ അവിടന്ന് പറഞ്ഞു വിടാൻ ആണ് ചെറുതായിട്ട് ഒന്ന് ചൂടായത് .
താൻ എങ്ങാനും ഇവളോട് സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ അവനു സംശയം വരും .താനിതുവരെ ഒരു പെണ്ണിനോടും സംസാരിച്ചു നിൽക്കുന്നത് ആരും കണ്ടിട്ടില്ല . എനിക്ക് തന്നെ ഉറപ്പാവുന്നത് വരെ ഇത് ആരും അറിയാതെ നോക്കിയേ പറ്റു .
ഞാൻ ചൂടായതിനു ഇരട്ടി അല്ലേ അവളിങ്ങോട്ട് തരു .അത് താൻ ഓർക്കണമായിരുന്നു . പിന്നെ അവള് വായിനോക്കിന്നു പറഞ്ഞപ്പോൾ എന്റെ കണ്ട്രോളും പോയി .
അവൾക്ക് അറിയില്ലലോ ഗൗതം ഇതുവരെ ഒരു പെണ്ണിനെയെ നോക്കി നിന്നിട്ടുള്ളുന്നു .അപ്പോൾ പിന്നെ ദേഷ്യം വന്നു എന്തൊക്കെയോ പറഞ്ഞും പോയി .
അവള് പിന്നെ എന്റെ കൂടെ കട്ടക്ക് പിടിച്ചു നിന്നല്ലോ .സന്തോഷമായി .!
അതിന്റെ ഇടക്ക് ആ കിരൺ അവളെക്കുറിച്ചു അന്വേഷിക്കാൻ വന്നിരിക്കുന്നു .അവനൊന്നു കൊടുക്കാനാണ് തോന്നിയത് .
പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് ക്ഷമിച്ചതാ .ഇനി വീട്ടിൽ ചെന്നാൽ അവളിനിയും ഇതിന്റെ ബാക്കി ആയിട്ട് വരുവോ ആവോ .
ഇന്ന് പുറത്തേക്ക് പോവാൻ വരുന്നില്ലെന്ന് പറഞ്ഞാലോ വീട്ടിൽ .’ ഓരോന്ന് ആലോചിച്ച ഗൗതം വീട്ടിലേക്ക് പോയി .
ഗൗതം വീട്ടിൽ എത്തിയതും പ്രിയയെ നോക്കി പക്ഷെ കണ്ടില്ല .അവൻ നേരെ ജിമ്മിൽ പോയി വർക്ക് ഔട്ട് കഴിഞ്ഞു കുളിച്ചു റെഡി ആയി താഴേക്ക് വന്നു .
സാവിത്രി ഡൈനിങ്ങ് ടേബിളിൽ ബ്രേക്ക് ഫാസ്റ്റ് കൊണ്ട് വെക്കുവായിരുന്നു .
“അമ്മേ ഞാൻ ടെക്സ്റ്റൈൽസിൽ പോവാണ് .അവിടെ കുറച്ചു വർക്ക് ഉണ്ട് ” ഗൗതം പറഞ്ഞു .
” സൺഡേ നീ പോവാറില്ലല്ലോ ” കിച്ചു ചോദിച്ചു .
“അത് ..പിന്നെ.. ഞാൻ കുറച്ചു ഫയൽസ് പെൻഡിങ് വെച്ചിരുന്നു .അതൊന്നു നോക്കണം .” ഗൗതം പറഞ്ഞു .
“അതേത് ഫയൽസാണ് കണ്ണാ ” കൃഷ്ണൻ ചോദിച്ചു .
“അത് അച്ഛനറിയില്ല .” ഗൗതം പറഞ്ഞു .
“എനിക്ക് അറിയാത്ത ഫയൽസോ !” കൃഷ്ണൻ സംശയത്തോടെ ചോദിച്ചു .
“അപ്പോൾ നീ ഞങ്ങളുടെ കൂടെ വരുന്നില്ലേ ?നീ ഇന്ന് എവിടെയും പോവണ്ട .നമുക്കു ഒരുമിച്ചു പുറത്തു പോകാമെന്ന് ഇന്നലെ പറഞ്ഞതല്ലേ ” സാവിത്രി പറഞ്ഞു .
“ഇതിൽ എന്തോ പന്തിക്കേടുണ്ട് അമ്മേ .ദേവു ചേച്ചി വരുന്നത് കൊണ്ടാണോ നിനക്കു വരാൻ മടി ” കിച്ചു ചോദിച്ചു .
അപ്പോഴാണ് പ്രിയ അങ്ങോട്ട് വന്നത് . ഇവര് സംസാരിക്കുന്നത് ഒക്കെ പ്രിയ നടന്നു വരുമ്പോൾ കേൾക്കുന്നുണ്ടായിരുന്നു .പ്രിയക്ക് ഗൗതമിനെ കണ്ടപ്പോൾ ചിരിയാണ് വന്നത് .
” എനിക്ക് ഒരു കുഴപ്പവുമില്ല ഞാൻ വരാം .” അതും പറഞ്ഞു ഗൗതം ഡൈനിങ്ങ് ടേബിൾ ന്റെ കസേര വലിച്ചിട്ടു ഇരുന്നു .
“ദേവുമോള് റെഡി ആയി വന്നോ .? വേഗം ബ്രേക്ക് ഫാസ്റ്റ് കഴിക്കാം എന്നിട്ട് ഞങ്ങളും റെഡി ആയി വരാം ” സാവിത്രി പറഞ്ഞു.
പ്രിയ അത് കേട്ട് തലയാട്ടി . .അവരൊരുമിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു . ഗൗതം നോക്കുമ്പോൾ എല്ലാം പ്രിയ ഗൗതമിനെ നോക്കി കളിയാക്കി ചിരിച്ചു കാണിക്കും . അത് കാണുമ്പോൾ അവനും പല്ലിറുമും .
പ്രിയയും ഗൗതവും നേരത്തെ റെഡി ആയത് കൊണ്ട് അവര് രണ്ടുപേരും ഒഴികെ ബാക്കി എല്ലാവരും റെഡി ആവാനായി റൂമിലേക്ക് പോയി .
പ്രിയയും ഗൗതവും സിറ്റ് ഔട്ടിൽ നിൽക്കുകയായിരുന്നു . ഗൗതം പ്രിയ അവിടെ നിൽക്കുന്നത് ശ്രദ്ധിക്കുന്നേ ഇല്ല . അവൻ ബാൽക്കണിയിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന ചെടിയെ തൊട്ടും തലോടി നിൽക്കുവാണ് .
‘ഇയാളെന്താ ചെടിയുടെ ഇലയുടെ എണ്ണം എടുക്കുവാണോ ‘ പ്രിയ അവനെ നോക്കി ചിന്തിച്ചു .
“എന്താ ” ഗൗതം ചോദിച്ചു .
“ഒന്നൂല്യ ” എന്ന് പറഞ്ഞു പ്രിയ തിരിഞ്ഞു നിന്നു .
“പിന്നെ നീ ..” ഗൗതം പറയാൻ തുടങ്ങിയതും പ്രിയ തടഞ്ഞു .
“ഇയാളെനോട് മിണ്ടണ്ട .വെറുതെ ഒരു വഴിക്ക് പോവുമ്പോൾ എന്തിനാ വഴക്ക് ” പ്രിയ പറഞ്ഞു .
“നീയും എന്നോട് മിണ്ടണ്ട ” ഗൗതവും വിട്ടു കൊടുത്തില്ല .
രണ്ടുപേരും രണ്ടു വശത്തേക്ക് തിരിഞ്ഞു നിന്നു .
കുറച്ചു കഴിഞ്ഞപ്പോൾ ബാക്കി എല്ലാവരും വന്നു . നേരെ അവരുടെ ടെക്സറ്റൈസിലേക്ക് ആണ് പോയത് .
പ്രിയയും സാവിത്രിയും കൂടി പ്രിയക്ക് ഡ്രസ്സ് എടുക്കാൻ പോയി . കിച്ചുവും ഗൗതവും മെൻസ് സെക്ഷനിലേക്ക് പോയി .
കൃഷ്ണനെ മാനേജർ വന്നപ്പോൾ തന്നെ ഓഫീസിൽ റൂമിലേക്ക് എന്തോ സംസാരിക്കാൻ കൂട്ടി കൊണ്ട് പോയി .
കിച്ചുവും ഗൗതവും ഷോപ്പിംഗ് കഴിഞ്ഞു വന്നപ്പോഴും സാവിത്രിയുടെയും പ്രിയയുടെയും ഷോപ്പിംഗ് തീർന്നിട്ടുണ്ടായിരുന്നില്ല .
സാവിത്രിക്ക് പ്രിയക്ക് എത്ര ഡ്രസ്സ് വാങ്ങികൊടുത്തിട്ടും മതിയാകുന്നുണ്ടായിരുന്നില്ല .അതാണ് ഷോപ്പിംഗ് നീണ്ടു പോവുന്നത് .
“അമ്മക്ക് ഒരു മോള് വേണമെന്നുള്ള ആഗ്രഹം മുഴുവൻ അമ്മ ഇപ്പൊ ദേവു ചേച്ചിയിൽ തീർക്കുകയാണ് .അല്ലേ കണ്ണാ .” കിച്ചു പറഞ്ഞു .
“മ്മ്മ്മ് ..” ഗൗതം ഒന്ന് മൂളുക മാത്രം ചെയിതു .
കൃഷ്ണൻ അങ്ങോട്ട് വന്നതും .അവര് മൂന്നുപേരും കൂടെ സാവിത്രിയുടെയും പ്രിയയുടെയും അടുത്തേക്ക് ചെന്നു .
“ഇത്രേം മതിയെന്ന് പറ അച്ഛാ .ഇത് തന്നെ ഒരുപാട് ഉണ്ട് ” പ്രിയ കൃഷ്ണനോട് പറഞ്ഞു .
“എടോ മോൾക്ക് മതിയെങ്കിൽ നിർത്തിക്കോ .പിന്നേം എടുക്കലോ . ” കൃഷ്ണൻ സാവിത്രിയോട് പറഞ്ഞു .
“ഒരു സെറ്റ് മുണ്ടു കൂടെ എടുക്കാം . അതൂടെ കഴിഞ്ഞാൽ നിർത്താം ” സാവിത്രി പറഞ്ഞു .
“അതും കൂടെ വാങ്ങിക്കോ മോളെ ” കൃഷ്ണൻ പറഞ്ഞു .
പിന്നെ പ്രിയ മറുത്തൊന്നും പറയാൻ പോയില്ല
“ഇതെന്താ രണ്ടു സെലെക്ഷൻ ?” രണ്ടു ബാസ്കറ്റിൽ വെച്ചിരിക്കുന്ന ഡ്രസ്സ് നോക്കി കിച്ചു ചോദിച്ചു .
“ഒന്ന് മോള് സെലക്ട് ചെയ്തതും ഒന്ന് ഞാൻ സെലക്ട് ചെയ്തതും ” സാവിത്രി പറഞ്ഞു .
” ചേച്ചി ന്റെ സെലെക്ഷൻ ഫുൾ ബ്ലാക്ക് & വൈറ്റ് ആണല്ലോ .” കിച്ചു ചോദിച്ചു .
“എനിക്ക് അതാ ഇഷ്ട്ടം . എങ്ങനെ നോക്കി വന്നാലും അതിൽ വന്നു നിൽക്കും ” പ്രിയ പറഞ്ഞു .
അത് പറയുമ്പോൾ ഗൗതം പ്രിയയെ തന്നെ നോക്കി നിൽക്കുവായിരുന്നു .
“ഇവിടെ ഇപ്പോൾ ഒരാൾ ഇതേ സെലെക്ഷൻ കഴിഞ്ഞു നിർത്തിയിട്ടേ ഉള്ളു .കണ്ണനും ഇതേ ടേസ്റ്റ് ആണ് .ബ്ലാക്ക് & വൈറ്റ് ആണ് അവനു കൂടുതലും .”
കിച്ചു പറഞ്ഞത് കേട്ട് പ്രിയ ഗൗതമിനെ നോക്കി .അപ്പോൾ ഗൗതം ഫോണിൽ നോക്കി നിൽക്കുവായിരുന്നു .
അവര് നേരെ സെറ്റ് മുണ്ട് സെക്ഷനിലേക്ക് പോയി .സെയിൽസ് ഗേൾ ഒരുപാട് കളക്ഷൻ എടുത്തിട്ടു .
ഗൗതം അതിൽ ബ്ലാക്ക് &സിൽവർ കര ഉള്ള ഒരു സിമ്പിൾ സെറ്റ് മുണ്ടിലേക്ക് നോക്കി .അവനതു ഇഷ്ട്ടപെട്ടു . പ്രിയ അപ്പോഴേക്കും അത് കൈയിൽ എടുത്തു കഴിഞ്ഞിരുന്നു .
“ഇത് മതി അമ്മേ ” പ്രിയ പറഞ്ഞു .
“ദേ പിന്നേം ബ്ലാക്ക് ” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .
പ്രിയ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു .
അവളുടെ കുസൃതി നിറഞ്ഞ ചിരിയിൽ ഗൗതമിനു ചിരി വരുന്നുണ്ടായിരുന്നു അവൻ ഫോൺ എടുത്ത് നോക്കി അതിൽ നോക്കി ചിരിച്ചു . കള്ള കണ്ണൻ ആണല്ലോ !
പ്രിയ നോക്കിയപ്പോൾ അവിടെ നിൽക്കുന്ന സെയിൽസ് ഗേൾസ് എല്ലാം ഗൗതമിനെ നോക്കി നിൽക്കുന്നു .
അവൻ ഫോണിൽ തുഴച്ചിലോട് തുഴച്ചിൽ ആണ് .അത്കൊണ്ട് അതൊന്നും അറിയുന്നില്ല .അവൾക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല .
‘ഇവരെ പറഞ്ഞിട്ട് എന്താ കാര്യം . മുരടൻ സ്വഭാവം ആണെങ്കിലും എന്താ മുടിഞ്ഞ ഗ്ലാമർ അല്ലേ .
രാവിലെ ഈ ബ്ലാക്ക് ഷർട്ടും ഡാർക്ക് ബ്ലൂ ജീനും ഇട്ടു വന്നത് കണ്ടപ്പോഴേ ഞാനും ഒന്ന് നോക്കിയതാണ് .! ഇവരൊന്നും അങ്ങനെ ഇപ്പൊ നോക്കണ്ട .ഒരു പണിയുണ്ട് ! ‘ പ്രിയ മനസ്സിൽ പറഞ്ഞു കൊണ്ട് ഗൗതമിന്റെ അടുത്തേക്ക് നടന്നു .
ബാക്കി എല്ലാവരും മുന്നേ നടന്നിരുന്നു .ഗൗതം ഫോണിൽ തുഴയൽ ആയിരുന്നത് കൊണ്ട് അവര് നടന്നത് കണ്ടില്ല .
“തനിക്കു എവിടെ പോയാലും .വായിനോക്കി പെൺപിള്ളേരെ വീഴ്ത്തലാണല്ലേ പണി .” പ്രിയ ഗൗതമിനു മാത്രം കേൾക്കാൻ പാകത്തിന് പതുക്കെ പറഞ്ഞു .
ഗൗതം എന്ത് എന്ന ഭാവത്തോടെ പ്രിയയെ നോക്കിയതും അവള് അവിടെ നിൽക്കുന്ന സെയിൽസ് ഗേൾസ്നെ നോക്കി .ഗൗതം നോക്കുമ്പോൾ അവരൊക്കെ അവനെ നോക്കി നിൽക്കുവാണ് . ഗൗതം അവരെ കടുപ്പിച്ചൊന്നു നോക്കി .
‘ആഹാ ..ഇനി ഈ സാധനത്തിന്റെ മുഖത്തു ജന്മത്ത് ഇവരൊന്നും നോക്കുല . നോക്കി ദഹിപ്പിക്കുവല്ലേ ..! ‘ പ്രിയ മനസ്സിൽ പറഞ്ഞു കൊണ്ട് സാവിത്രിയുടെ അടുത്തേക്ക് നടന്നു .
ഗൗതം നോക്കുമ്പോൾ പ്രിയ നടന്നു പോവുന്നതാണ് കാണുന്നത് .അവനും ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു .
അവിടന്ന് ലഞ്ച് കഴിക്കാൻ അവര് റഹ്മത്ത് ഹോട്ടലിൽ പോയി . അത് കഴിഞ്ഞു ഒരു സിനിമ ക്ക് കയറി .
വൈകീട്ട് കോഴിക്കോട് ബീച്ചിലേക്ക് പോയി .പ്രിയ സാവിത്രിയുടെ കൂടെ തന്നെ ആയിരുന്നു നടന്നത് .
അത് കൊണ്ട് ഗൗതമിനും പ്രിയക്കും തല്ലുണ്ടാക്കാൻ അങ്ങനെ കഴിഞ്ഞില്ല .എന്നാൽ തമ്മിൽ നോക്കുമ്പോൾ രണ്ടാളും മുഖത്തു പുച്ഛം വാരി വിതറും .
കോഴിക്കോട് ബീച്ച് കോഴിക്കോട്ടുകാരുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആണ് .സങ്കടായാലും സന്തോഷായാലും പങ്കിടാൻ ഒട്ടു മിക്ക കോഴിക്കോട്ടുകാരും ബീച്ചിൽ വരും .
ബീച്ചിലെ ഐസ് ഒരതിയും ഉപ്പിലിട്ടതും തട്ടുകടയിലെ പലവിധ ചെറു വിഭവങ്ങളും ബീച്ചിന്റെ മൊഞ്ചു കൂട്ടാറെ ഉള്ളു .
അസ്തമയം കഴിഞ്ഞു രാത്രി പാരഗൺ റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിച്ചിട്ടാണ് അവര് തിരിച്ചു വീട്ടിലേക്ക് പോയത് .
എല്ലാവരും വേഗം കിടക്കാൻ പോയി .പിറ്റേന്ന് മുതൽ ഗൗതമിനും കിച്ചുവിനും ക്ലാസ് തുടങ്ങുമായിരുന്നു .ഒരാഴ്ച കഴിഞ്ഞാൽ പ്രിയയ്ക്കും .
രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോഴും ഗൗതവും പ്രിയയും തമ്മിൽ നോക്കുമ്പോൾ പുച്ഛം വാരി വിതറും .ഇതൊന്നും പക്ഷെ ബാക്കി ആരും ശ്രദ്ധിച്ചില്ല . ഗൗതവും കിച്ചുവും കോളേജിൽ പോയി .
പ്രിയയും സാവിത്രിയും കിച്ചണിൽ ലക്ഷ്മിയോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് പ്രിയക്ക് രാധികയുടെ കോൾ വരുന്നത് .
പ്രിയ എന്നും രാധികയെ വിളിച്ചു അവിടത്തെ കാര്യങ്ങൾ അന്വേക്ഷിക്കുമായിരുന്നു .അവരുടെ ആവിശ്യത്തിനുള്ള പണവും അയച്ചു കൊടുത്തു .
“രാധു ആന്റി ഇന്ന് വൈകീട്ട് വരും അമ്മേ .ആന്റിടെ അമ്മക്ക് സുഖം ആയി .അത് പറയാൻ വിളിച്ചതാണ് .” പ്രിയ പറഞ്ഞത് കേട്ടപ്പോൾ സാവിത്രിയുടെ മുഖം വാടി .
“ഞാൻ പോയാലും എന്നും വരില്ലേ സാവിത്രികുട്ടി ” പ്രിയ അവരുടെ തടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു .
വൈകീട്ട് വീട്ടിൽ വന്ന ഗൗതം പ്രിയയെ നോക്കി എങ്കിലും കണ്ടില്ല .
‘സാധാരണ അവളുടെ സംസാരം വീട് മൊത്തം കേൾക്കുന്നതാണല്ലോ പെണ്ണിത് എവിടെ പോയി.
അമ്മേനോട് എങ്ങനെ ചോദിക്കും .പുറത്തേക്ക് എങ്ങാനും പോയതായിരിക്കും ‘ ഗൗതം മനസ്സിൽ ചിന്തിച്ചു .
ഫ്രഷായി താഴേക്ക് വന്ന ഗൗതം കണ്ടത് മൂഡ് ഔട്ട് ആയി ഇരിക്കുന്ന അമ്മയെയും അടുത്തിരിക്കുന്ന കിച്ചുവിനെയും ആണ് .
“അമ്മക്ക് എന്ത് പറ്റി ” ഗൗതം ചോദിച്ചു .
“ദേവു ചേച്ചി തിരിച്ചു വീട്ടിൽ പോയി .അവിടത്തെ ആന്റി തിരിച്ചു വന്നു .” കിച്ചു അത് പറഞ്ഞപ്പോൾ ഗൗതമിന്റെ മുഖത്തും വിഷമം വന്നു പക്ഷെ അവൻ അത് വേഗം മറച്ചു പിടിച്ചു .
“ഓ അതിനാണോ ” ഗൗതം വല്യ താല്പര്യം ഇല്ല്യാത്ത പോലെ പറഞ്ഞു .
പിന്നീടുള്ള ദിവസങ്ങളിൽ ഗൗതവും പ്രിയയും അങ്ങനെ കാണാറില്ലായിരുന്നു .ഗൗതം കോളേജ് കഴിഞ്ഞു ഓഫീസിൽ പോയിട്ടാണ് വീട്ടിൽ വരാറ് മിക്കവാറും ദിവസം .ഗൗതം വരുമ്പോഴേക്കും പ്രിയ വീട്ടിൽ തിരിച്ചു പോയിട്ടുണ്ടാവും .
തുടരും