Wednesday, January 22, 2025
Novel

പ്രിയനുരാഗം – ഭാഗം 6

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


രാത്രി ഒരു 1 മണിയോട് അടുത്താണ് ഗൗതം വീട്ടിലേക്ക് വന്നത് .പുറത്തു ബൈക്ക് ന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അത് ഗൗതം ആണെന്ന് പ്രിയക്ക് മനസിലായി .പ്രിയ ഉറങ്ങാതെ കിടക്കുകയായിരുന്നു .

‘ഞാൻ എപ്പോഴും ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കുന്നത് കൊണ്ടായിരിക്കും ഗൗതമിനു ഇത്ര ദേഷ്യം .ഇങ്ങോട്ട് വഴക്കിനു വരുന്നൊണ്ടല്ലേ ഞാനും പോവുന്നെ .

പക്ഷെ ഞാൻ അതൊക്കെ ഒരു തമാശയായേ കണ്ടുള്ളു അന്ന് പാലക്കാട് വെച്ച് കണ്ടിട്ടും ഇവിടെ വെച്ചു അറിയാത്ത ഭാവം അഭിനയിക്കുന്നത് കണ്ടപ്പോൾ ഒരു പരിഭവം തോന്നി .

പിന്നെ കിച്ചു ഗൗതമിനെ കുറിച്ച് പറഞ്ഞു തന്നപ്പോൾ ആണ് ഒരു രസത്തിനു ഓരോന്ന് പറഞ്ഞു ഗൗതമിനെ ചൂടാക്കിയത് .

പക്ഷെ ഇന്ന് രാത്രി ഭക്ഷണം കഴിക്കാൻ പോലും വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ആണ് ഗൗതമിനു എന്നോട് ശെരിക്കും നല്ല ദേഷ്യം ആണെന്ന് തോന്നുന്നത് .ഇനി എന്തായാലും ഒരു പൊടിക്ക് കുറച്ചേക്കാം .’പ്രിയ ചിന്തിച്ചു .

പ്രിയക്ക് കൊടുത്ത റൂമിന്റെ നേരെ എതിർ വശത്തായിരുന്നു ഗൗതമിന്റെ റൂം .
അവൾ റൂമിന്റെ വാതിൽ തുറന്നു നോക്കിയപ്പോൾ ഗൗതം റൂമിലേക്ക് കയറി പോവുന്നത് കണ്ടു .

രാവിലെ ലേറ്റ് ആയാണ് ഗൗതം എഴുന്നേറ്റത് . ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ ആരെയും അവിടെ കണ്ടില്ല .

അവൻ നേരെ അടുക്കളയിലേക്ക് ചെന്നു .സാവിത്രി തകൃതിയായ പാചകത്തിൽ ആണ് .ഗൗതമിനെ കണ്ടതും സാവിത്രി പരിഭവത്തിൽ മുഖം തിരിച്ചു .

ഗൗതം പക്ഷെ അവിടെ പ്രിയയെ തിരയുകയായിരുന്നു .

‘ ഇന്നലെ അവളോട് വീട്ടിലേക്ക് വരേണ്ടെന്ന് പറഞ്ഞത് മോശമായി പോയി .അവളെങ്ങനെ ആ വീട്ടിൽ ഒറ്റക്ക് നിൽക്കാൻ ആണ് .അവളെ ഇവിടെങ്ങും കാണുന്നില്ലാലോ .’ ഗൗതം മനസ്സിൽ ചിന്തിച്ചു .

“അമ്മേ വിശക്കുന്നു ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചേ .” ഗൗതം അതും പറഞ്ഞു ഡൈനിങ്ങ് ഹാളിലേക്ക് പോയി .

സാവിത്രി ഒന്നും മിണ്ടാതെ ബ്രേക്ക് ഫാസ്റ്റ് എടുത്ത് കൊണ്ട് പോയി ഡൈനിങ്ങ് ടേബിളിൽ വെച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ ഗൗതം എഴുന്നേറ്റു വന്നു അവരുടെ മുന്നിൽ നിന്നു .

“എന്താ സാവിത്രിക്കുട്ടിക്ക് എന്നോട് ഒരു പിണക്കം .?” ഗൗതം ചോദിച്ചു .

“എനിക്ക് നിന്നോട് എന്ത് പിണക്കം .നിന്റെ സ്വഭാവത്തിന് വളം വെച്ച് തരുന്ന എന്നോട് ആണ് എനിക്ക് ദേഷ്യം .” സാവിത്രി പരിഭവിച്ചു .

“ഞാൻ ഇപ്പൊ എന്ത് ചെയിതുന്നാണ് ..!” ഗൗതം അറിയാത്ത ഭാവത്തിൽ പറഞ്ഞു .

“നീ ഒന്നും ചെയ്തില്ലേ കണ്ണാ .. നീ ഇന്നലെ എന്തിനാ ദേവു മോള് ഇങ്ങോട്ട് വരുവാണെന്ന് പറഞ്ഞപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞു ദേഷ്യപ്പെട്ടത് .? കൂടാതെ ഇവടെ വന്നപ്പോൾ ചവിട്ടി തുള്ളി ഒരു പോക്കും .

അവളെത്ര വിഷമം ആയില്ലെന്നു പറഞ്ഞാലും അവളുടെ മനസ്സിൽ വിഷമം തോന്നാതെ ഇരിക്കുമോ .?” സാവിത്രി ചോദിച്ചു .

“പ്രത്യേകിച്ച് ഒരു കാരണവും ഇല്ല പെട്ടന്ന് അങ്ങനെ പറയാൻ തോന്നി .പറഞ്ഞു .” ഗൗതം പറഞ്ഞു

“ദേവു എനിക്ക് എന്റെ മോൾ തന്നെ ആണ് .

അവളുടെ അച്ഛനോടും അമ്മയും ഉണ്ടായിരുന്നേൽ അവൾക്കിങ്ങനെ ഒറ്റക്ക് ജീവിക്കേണ്ടി വരുമായിരുന്നോ .അത് കൊണ്ട് ഇനി മേലിൽ അവളോട് നീ ഇങ്ങനത്തെ രീതിയിൽ സംസാരിക്കരുത് .

അച്ഛനും അമ്മയും ഇല്ലാതെ അവളൊരുപാട് വേദനിച്ചു കാണും .ഇനി എന്റെ കുട്ടിയെ നീയായിട്ട് ഓരോന്ന് പറഞ്ഞു സങ്കടപെടുത്തരുത് “ സാവിത്രി പറഞ്ഞു .

“സോറി ഇനി അങ്ങനെ പറയില്ല .പോരെ .ഇനിയെങ്കിലും എന്നോടുള്ള പിണക്കം മാറ്റിക്കെ.എന്നിട്ട് എനിക്ക് ഭക്ഷണം വിളമ്പി തായോ .” ഗൗതം പറഞ്ഞു .

സാവിത്രി അവനു വിളമ്പി കൊടുത്തു അടുത്തിരുന്നു .
‘അവളെ ഇവിടെ ഒന്നും കാണുന്നില്ലാലോ .അമ്മയോട് ചോദിച്ചാലോ പക്ഷെ എങ്ങനെ ചോദിക്കും .’ ഭക്ഷണം കഴിച്ചോണ്ട് ചിന്തിക്കുകയായിരുന്നു ഗൗതം .

“എന്നിട്ട് അമ്മേൻറെ ദേവു മോള് തിരിച്ചു പോയോ .” ഗൗതം ഒരു വിധം ചോദിച്ചു .

“ആ പോയി .പിന്നെ നിന്റെ സംസാരവും ദേഷ്യവുമൊക്കെ കണ്ടാൽ അതിനു ഇവിടെ നിൽക്കാൻ തോന്നുമോ .?.” അതും പറഞ്ഞു സാവിത്രി എഴുന്നേറ്റു അടുക്കളയിലേക്ക് പോയി .

‘ങേ ..! പോയോ .!അവൾക്കു വിഷമാവാൻ മാത്രം ഞാൻ പറഞ്ഞോ . ?ഇന്നലെ പക്ഷെ ഞാൻ നോക്കിയപ്പോൾ എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്കുന്നുണ്ടായിരുന്നല്ലോ .

അവളവിടെ എങ്ങനെ ഒറ്റക്ക് നിൽക്കാനാണ് .ഇനി അവളുടെ വീട്ടിൽ ഉള്ള ആ ആന്റി തിരിച്ചു വന്നോ ? ‘ ഗൗതം മനസ്സിൽ ഓർത്തു .

“നീ എന്താ മതിയാക്കിയോ .?” സാവിത്രി അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു .

“മതി .വിശപ്പില്ല്യ . അത് .. പിന്നെ .. അമ്മേ ഞാൻ കാരണം ആണ് അവള് പോയതെങ്കിൽ അമ്മ അവളോട് പറഞ്ഞോളൂ എനിക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് ” മടിച്ചു മടിച്ചാണ് ഗൗതം പറഞ്ഞത് .

“പിന്നേ… അല്ലെങ്കിലും നിനക്കു കുഴപ്പമുണ്ടോന്ന് നോക്കാൻ നിൽക്കുവാണല്ലോ .ദേവു മോള് അവളുടെ ബൈക്ക് എടുക്കാൻ പോയതാ .

അച്ഛൻ രാവിലെ പോവുമ്പോൾ മോളും കൂടെ പോയി .അല്ലാതെ നിന്നെ പേടിച്ചു അവളെ ഞാൻ പറഞ്ഞു വിടും .” അതും പറഞ്ഞു സാവിത്രി ഗൗതം കഴിച്ചോണ്ടിരുന്ന പ്ലേറ്റ് എടുക്കാൻ പോയതും .

“അയ്യോ അമ്മേ കൊണ്ട് പോവല്ലേ കഴിച്ചു തീർന്നില്ല .” പ്ലേറ്റ് പിടിച്ചുകൊണ്ട് ഗൗതം പറഞ്ഞു .

“നീ അല്ലെ മതിയാക്കി .വിശപ്പില്ലെന്ന് പറഞ്ഞത് .” സാവിത്രി ചോദിച്ചു .

“അത് ..അത് പിന്നെ.. അങ്ങനെ പറയുമ്പോഴേക്കും എടുത്ത് കൊണ്ട് പോവാണോ .അമ്മയാണ് പോലും അമ്മ .നിർബന്ധിക്കണം .നിർബന്ധിച്ചു കഴിപ്പിക്കണം .” അതും പറഞ്ഞു ഗൗതം പിന്നെയും കഴിക്കാൻ തുടങ്ങി .സാവിത്രി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി .

അപ്പോഴാണ് കിച്ചു ഉറക്കം എണ്ണീറ്റു വന്നത് .അവനും ഒരു പ്ലേറ്റ് എടുത്ത് ഗൗതമിന്റെ അടുത്തിരുന്നു കഴിക്കാൻ തുടങ്ങി .

‘അപ്പോൾ അവള് പോയിട്ടില്ല അല്ലെ .ഇനി അവളുടെ അടുത്ത ചൂടാവുന്നത് കുറച്ചു കുറക്കണം .അതെങ്ങനെയാ ഞാൻ ഒന്ന് ചൊറിഞ്ഞാൽ അവള് കേറി മാന്തും അതാണ് സ്വഭാവം . ‘ ഗൗതം പ്രിയയെ കുറിച്ച ചിന്തിച്ചു കൊണ്ടിരുന്നു .

കിച്ചു എന്തൊക്കെയോ അവനോട് ചോദിക്കുന്നും പറയുന്നും ഉണ്ട് ഗൗതമിന്റെ ഭാഗത്തു നിന്ന് മൂളൽ അല്ലാതെ വേറെ ഒരു മറുപടിയും കിട്ടാതെ ആയപ്പോൾ അവൻ തന്നെ അത് നിർത്തി .

കുറച്ചു കഴിഞ്ഞപ്പോൾ പ്രിയ തിരിച്ചു വന്നു . പ്രിയ അകത്തേക്ക് വന്നപ്പോൾ ഗൗതവും കിച്ചുവും ടീവി കാണുകയാണ് .പ്രിയ ഗൗതമിനെ നോക്കിയപ്പോൾ ഗൗതം അതാ അവളെ നോക്കി ചിരിക്കുന്നു .അവൾക്ക് വിശ്വസിക്കാനായില്ല .

അവൾ കണ്ണ് ഒന്ന് അടച്ചു തുറന്നു നോക്കി .അപ്പോഴേക്കും ഗൗതം എഴുന്നേറ്റു മുകളിലേക്ക് നടന്നു .പ്രിയക്ക് സംശയമായി .

‘ഇനി എനിക്ക് തോന്നിയതാണോ .അല്ലാലോ ഞാൻ കണ്ടതല്ലേ .ചിരിച്ചല്ലോ .ഇനി എന്നോട് ചിരിച്ചത് അല്ലായിരിക്ക്യോ ?! ‘ പ്രിയക്ക് സംശയമായി .

“ദേവു ചേച്ചി വന്നോ ബൈക്ക്ന്റെ സൗണ്ട് ഒന്നും കേട്ടില്ല .” കിച്ചുവാണ് ചോദിച്ചത് .

“കാറിൽ ആണ് വന്നത് .” അവനോട് മറുപടി പറയുമ്പോഴും പ്രിയ കൺഫ്യൂഷനിൽ ആയിരുന്നു .

അതിനിടയ്ക്കാണ് സാവിത്രി വന്നത് .
“ദേവു മോള് വന്നോ ? ഞാൻ കുടിക്കാൻ എന്തേലും എടുക്കാം .” സാവിത്രി പറഞ്ഞു .

“ഇപ്പോൾ ഒന്നും വേണ്ട അമ്മേ ..” പ്രിയ പറഞ്ഞു .

“മോളെന്താ ആലോചിച്ചു നിൽക്കുന്നെ .? ” സാവിത്രി ചോദിച്ചു .

“ചേച്ചി ഇങ്ങോട്ട് വന്നതും കണ്ണൻ എഴുന്നേറ്റു പോയി .അത് കണ്ടിട്ടാവും .അവനു പ്രാന്താണ് .വല്ല്യ ജാഡ .” കിച്ചു പറഞ്ഞു .
കിച്ചുവിനോടും കൃഷ്ണനോടും ഇന്നലെ ഗൗതം ദേഷ്യപ്പെട്ട കാര്യം സാവിത്രി പറഞ്ഞിരുന്നു .

“അതാണോ മോളേ .അതിനെ പറ്റി ഇനി ആലോചിക്കേണ്ട .കണ്ണൻ ഇന്ന് എന്നോട് സോറി പറഞ്ഞു അതിനു .അവൻ ചുമ്മാ പറഞ്ഞതാണെന്ന് .

മോളെ ഇവിടെ കാണാഞ്ഞിട്ട് അവൻ അന്വേഷിച്ചപ്പോൾ ഞാൻ ചുമ്മാ പറ്റിക്കാൻ പറഞ്ഞു മോള് തിരിച്ചു പോയെന്ന് .അപ്പോൾ പറയാ മോളെ വിളിച്ചു തിരിച്ചു വരാൻ പറയാൻ .

അതോണ്ട് അവനു മോള് ഇവിടെ നിൽക്കുന്നതിൽ ഇഷ്ടക്കേട് ഉണ്ടെന്ന് ഒന്നും വിചാരിക്കണ്ട .” സാവിത്രി പറഞ്ഞു .

“അല്ലേലും എനിക്ക് കുഴപ്പമൊന്നും ഇല്ല്യ അമ്മേ .ഞാൻ അതൊന്നും കാര്യമാക്കി എടുത്തിട്ടില്യ .” പ്രിയ പറഞ്ഞു .

“അപ്പോൾ കിണ്ണന് മര്യാദ ഒക്കെ അറിയാം .ഞാൻ പറഞ്ഞില്ലേ ചേച്ചി അവനു പ്രാന്താണ് .” കിച്ചു പറഞ്ഞു .

“നീ വെറുതെ എന്റെ മോന് പ്രാന്താണെന്നൊന്നും പറയണ്ട ” സാവിത്രി കിച്ചുവിന്റെ കയ്യിൽ അടിച്ചു കൊണ്ട് പറഞ്ഞു .

“ആ ഇപ്പൊ അമ്മേം മോനും ഒന്ന് . അല്ലേലും ഞാൻ എന്നും പുറത്താണല്ലോ .” കിച്ചു പറയുന്നത് കേട്ട് സാവിത്രിയും പ്രിയയും ചിരിച്ചു . സാവിത്രിയും പ്രിയയും അടുക്കളയിലേക്ക് പോയി .

‘അപ്പോൾ അതാണ് ആ ചിരിക്ക് കാരണം .ഇവിടെ നിന്നോളാൻ പറയാതെ പറഞ്ഞതാണ് .എന്നാലും എന്തൊരു ജാടയാ . തല്ലുണ്ടാക്കാൻ അല്ലാതെ എന്നോട് വായ തുറക്കില്ലന്ന് വല്ല ശപഥവും എടുത്തിട്ടുണ്ടോ ആവോ .എന്നാലും ഒന്ന് ചിരിച്ചല്ലോ .! ‘ പ്രിയ സാവിത്രി കൊടുത്ത ജ്യൂസ് കയ്യിൽ പിടിച്ചുകൊണ്ട് ആലോചിക്കുകയാണ് .

“മോള് ജ്യൂസ് കുടിക്കുന്നില്ലേ . എന്താ പിന്നേം ഒരു ആലോചന .” സാവിത്രി ചോദിച്ചു .

“അത് ..അത് ഞാൻ കോളേജിൽ പോകുമ്പോഴേക്കും കുറച്ചു ഡ്രസ്സ് വാങ്ങണം അത് ആലോചിക്കുവായിരുന്നു .” പ്രിയ വായിൽ വന്ന കള്ളം പറഞ്ഞു .

“അതാണോ . അതൊക്കെ നമുക്കു ശെരിയാക്കാം .” സാവിത്രി പറഞ്ഞു .

അപ്പോഴാണ് ഗൗതം റെഡി ആയി താഴേക്ക് വന്നത് .

“അമ്മേ ഞാൻ ഓഫീസിൽ പോവാണ് .” ഗൗതം അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു .

“നീ ലഞ്ച് കഴിക്കാൻ നിൽക്കുന്നില്ലേ കണ്ണാ .?” സാവിത്രി അടുക്കളയിൽ നിന്നും വന്നുകൊണ്ട് ചോദിച്ചു .

“ഓഫീസിൽ നിന്നും കഴിച്ചോളാം .അച്ഛന് ഇന്ന് മീറ്റിംഗ് ഉണ്ട് .എന്നോട് അത് കൊണ്ട് ജ്വല്ലറിയിൽ പോവാൻ പറഞ്ഞു .അവിടെ ഇന്ന് പുതിയ സ്റ്റോക്ക് വരുന്ന ദിവസം ആണ് .” ഗൗതം സാവിത്രിയോട് പറഞ്ഞു പുറത്തേക്ക് നടന്നു .

കാറിൽ കയറുമ്പോൾ വീട്ടിലേക്ക് അവൻ ഒന്ന് നോക്കി .അമ്മയുടെ കൂടെ പ്രിയയെ സിറ്റ് ഔട്ടിൽ കണ്ടപ്പോൾ അവന്റെ കണ്ണുവിടർന്നു .അവൻ വേഗം കാർ എടുത്തു പോയി .

രാത്രി കൃഷ്ണനും സാവിത്രിയും അവരുടെ ഗാർഡനിൽ സംസാരിച്ചിരിക്കുമ്പോൾ പ്രിയയും കിച്ചുവും കൂടി അങ്ങോട്ട് വന്നു .

അതേ സമയത്താണ് ഗൗതം ഓഫീസിൽ നിന്നും വന്നത് .കൃഷ്ണൻ ഗൗതമിനോട് അവരുടെ അടുത്തേക്ക് വരാൻ പറഞ്ഞു .

“എന്താണ് ഭാര്യേം ഭർത്താവും കൂടി ഒരു ഗൂഢാലോചന ” കിച്ചു ചോദിച്ചു .

“ഒന്നൂല്യ നാളെ നമുക്ക് ഒന്ന് പുറത്തു പോവാം .ചെറിയൊരു ഔട്ടിങ് സൺ‌ഡേ അല്ലേ .ദേവു മോള് ഇവിടെ ഒന്നും അങ്ങനെ കണ്ടിട്ടില്ലല്ലോ .” കൃഷ്ണൻ പറഞ്ഞു .

ഗൗതം ഒഴികെ ബാക്കി എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു . ഗൗതം മാത്രം ഒന്നും മിണ്ടിയില്ല .

രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും ഗൗതം പ്രിയയെ ശ്രദ്ധിക്കാതിരിക്കാൻ ശ്രമിച്ചു .
പ്രിയ ഗൗതമിനെ തന്നെ ആയിരുന്നു ശ്രദ്ധിച്ചത് .

‘ഇയാൾക്ക് ഇത് എന്താ എന്നോട് ഇത്ര കലിപ്പ് .എന്നെ ഒന്ന് നോക്കിയാൽ എന്താ .മുരടൻ .നാളെ എങ്ങനെ എങ്കിലും ഒന്ന് സംസാരിക്കണം .

ഇനി ഓരോന്ന് പറഞ്ഞു കളിയാക്കില്ലന്ന് പറയണം .ചുമ്മ എന്തിനാ ഒരു വഴക്ക് .’ പ്രിയ ഭക്ഷണം കഴിക്കുന്നതിനിടക്ക് ആലോചിച്ചു .

നാളെ പുറത്തു പോവാനുള്ളത് കൊണ്ട് എല്ലാവരും കിടക്കാൻ പോയി .

ഗൗതം നേരെ റൂമിന്റെ ബാൽക്കണിലേക്ക് പോയി .അവിടെ ഉള്ള ബീൻ ബാഗിൽ കണ്ണടച്ച് കിടന്നു . പ്രിയയെ കുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്ത .

‘അന്നാദ്യമായി അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ മുതൽ മനസ്സിൽ കയറി കൂടിയതാണ് അവളുടെ മുഖം . അതിനു ശേഷമുള്ള ഓരോ കാഴ്ചകളും ഒന്നുടെ ആ മുഖത്തിനു തെളിച്ചം കൂട്ടിയിട്ടേ ഉള്ളു .

പിന്നീട് കണ്ട ഓരോ കാഴ്ചയും അവള് തനിക്കു ഒരത്ഭുതമായി തീരുകയായിരുന്നു .റെസ്റ്റോറന്റിൽ വെച്ച് കണ്ടപ്പോൾ പാട്ടുപാവാടകാരിയിൽ നിന്ന് മോഡേൺ ആൻഡ് ബോൾഡ് ആയ ഒരു പെണ്കുട്ടിയിലേക്കുള്ള മാറ്റം .ഒട്ടും പ്രതീക്ഷിച്ചതല്ല .

അല്ലെങ്കിലും അവളെ കണ്ടതിനു ശേഷം സംഭവിക്കുന്നത് എല്ലാം പ്രതീക്ഷിക്കാത്ത ഓരോന്നാണ് .

എന്നും മനസിലേക്ക് വരുന്ന മുഖം ഇനി ഒരിക്കലും കാണില്ലെന്ന് മനസ്സിൽ ഉറപ്പിച്ചപ്പോൾ കൺമുന്നിൽ വന്നു നിന്നു പിന്നെയും .അതും തന്റെ വീട്ടിൽ .

രാമച്ചന്റെയും ജാനകി അമ്മയുടെയും മകളായി . പിന്നീട് അവളെ കുറിച്ച് കൂടുതൽ അറിയുമ്പോഴും അവളോട് ഒരുപാട് അടുക്കുകയായിരുന്നു മനസ് .

അത് വെറും സഹതാപമാണെന്ന് പറഞ്ഞു മനസിനെ പഠിപ്പിക്കുമ്പോഴും അവളെ കാണുമ്പോൾ വീണ്ടും അതെല്ലാം ഞാൻ മറന്നു പോവുന്നത് പോലെ .എത്ര ഒഴിഞ്ഞു മാറിയാലും അവളെന്നിലേക്ക് പഴയതിലും തീവ്രമായി അടുക്കുകയാണ് .

ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്നെ തന്നെ മറന്നു പോവുന്നത് കൊണ്ടാണ് അവളുടെ മുഖത്തേക്ക് പോലും നോക്കാതിരുന്നത് .അവളോട് അടുക്കാതിരിക്കാൻ ആണ് ഓരോന്ന് പറഞ്ഞു വഴക്കിട്ടത് .

പക്ഷെ തന്റെ ഒരു വാക്കിനു മുന്നിലും പതറാതെ താൻ പറയുന്നതിനൊക്കെ അതിലും ഇരട്ടിയിൽ അവൾ മറുപടി പറയുമ്പോൾ അവളിൽ ഞാൻ വീണ്ടും വീണ്ടും വീണുപോവുകയാണ് .

അവള് ഇനി കുറച്ചു ദിവസം വീട്ടിൽ വന്നു നിൽക്കും എന്ന് കൂടി കേട്ടപ്പോൾ ഞാൻ ഈ അണിഞ്ഞു കൊണ്ട് നടക്കുന്ന ദേഷ്യത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുമൊന്നുള്ള ഭയത്തിലാണ് അവളെ ഇങ്ങോട്ട് കൊണ്ട് വരേണ്ട എന്ന് പറഞ്ഞത് .

താൻ എന്തൊരു പൊട്ടനാണ് .അവളെ അവിടെ എങ്ങനെ ഒറ്റക്ക് നിർത്താൻ ആണ് .ഞാൻ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു .

ആലോചിച്ചപ്പോൾ അവളോട് സോറി പറയണം എന്ന് തോന്നി പക്ഷെ എങ്ങനെ എന്നാലോചിച്ചപ്പോൾ കൂടുതൽ ദേഷ്യം വന്നു അത്കൊണ്ടാണ് അവളുടെ കൺമുന്നിൽ നിൽക്കാതെ ബൈക്ക് എടുത്ത് ഒരു റൈഡ് പോയത് .’ ഗൗതം ഒന്ന് നിശ്വസിച്ചു .

‘ഇത്രയും കാലം പ്രണയം , വിവാഹം ഇതിലൊന്നും വിശ്വാസം ഇല്ലന്ന് പറഞ്ഞു നടന്ന തനിക്കു ഒരു പെണ്ണിനോട് എന്തോ വല്ലാത്ത അടുപ്പം തോന്നിയത് തന്നെ ഒരുപാട് അലട്ടി .

ഒരു ഈഗോ തന്നെ ആയിരുന്നു അത് . പക്ഷെ ഇത് പ്രണയം ആണോ .?ഇത്ര പെട്ടന്ന് ഒരാളോട് പ്രണയം തോന്നുമോ ? അവളോട് താൻ വഴക്കിടാൻ അല്ലാതെ സംസാരിച്ചിട്ട് പോലും ഇല്ല .

ഇത് വെറും ഒരു ഇൻഫാറ്റുവേഷൻ ആണെങ്കിൽ ? അവൾക്കു വേറെ റിലേഷൻഷിപ് ഉണ്ടെങ്കിലോ ? അവളെ ഒരിക്കലും വേദനിപ്പിക്കരുത് .

അത്രേം സ്നേഹം കിട്ടി ജീവിച്ചിട്ട് പെട്ടന്ന് ഒറ്റപെട്ടു പോയവൾ ആണ് .ഒരുപാട് കഷ്ട്ടപെട്ടിട്ടായിരിക്കും അവൾ ഇന്ന് സന്തോഷിക്കാൻ പഠിച്ചത് .

അങ്ങനെ ഉള്ള അവളോട് തനിക്ക് തോന്നുന്നത് വെറും ഇൻഫാറ്റുവേഷൻ ആണെകിൽ അവളും തന്നെ സ്നേഹിച്ചു തുടങ്ങിയാൽ അവളെ താൻ വീണ്ടും ആ പഴയ ഒറ്റപെടലിലേക്ക് കൊണ്ട് വിട്ട പോലെ ആകും .അതൊരിക്കലും സംഭവിക്കാൻ പാടില്ല .

പ്രണയത്തെ ഇത്രയും നാൾ ആഗ്രഹിക്കാതെ നടന്ന ഒരാളാണ് ഞാൻ ആ തനിക്കു അവളാഗ്രഹിക്കുന്ന പോലെ പ്രണയിക്കാൻ കഴിഞ്ഞില്ലെങ്കിലോ .?

അവൾക്ക് ഇനി വേണ്ടത് അവളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളുടെ കരുതലാണ് . അവളെ ഒറ്റപ്പെടലിൽ നിന്നും രക്ഷിക്കാൻ കഴിയുന്ന ഒരാൾ .

ആ ഒരാളാവാൻ തനിക്കു കഴിയുമോ ? ‘ ഗൗതമിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു .പലതിനും അവനു വ്യക്തമായ ഉത്തരമില്ലായിരുന്നു .

ഗൗതം എഴുന്നേറ്റു റൂമിൽ വന്നു .ലാപ്ടോപ്പ് എടുത്ത് ഓൺ ചെയിതു .പ്രൈവറ്റ് ഫോൾഡറിൽ വെച്ചിരുന്ന പ്രിയയുടെ ആ വീഡിയോ തുറന്നു അത് പോസ് ചെയ്ത് വെച്ചുകൊണ്ട്

“ഈ ചോദ്യങ്ങൾക്കെല്ലാം എന്റെ കയ്യിൽ ഉത്തരങ്ങൾ ഉണ്ടാകുന്ന സമയത്ത് .

നിന്നോട് എനിക്ക് തോന്നുന്നത് പ്രണയമാണെന്ന് ഞാൻ മനസിലാക്കുന്ന ദിവസം .നിന്നോട് ഞാൻ ചോദിക്കും എന്റെ മാത്രം ദേവൂട്ടി ആയി പോരുന്നോ എന്ന് .

അതിനു നിനക്കു സമ്മതമാണേൽ പിന്നീട് നിനക്കു എന്നിൽ നിന്നും ഒരു മടങ്ങി പോക്ക് ഉണ്ടാക്കില്ല ദേവൂട്ടി.അത് വരെ ഈ ഗൗതം നിന്നോട് ഇങ്ങനെ തന്നെ ആയിരിക്കും .

ഇല്ലെങ്കിൽ എന്റെ മനസ് നിന്റെ മുന്നിൽ തുറന്നു പോകും ഞാൻ .കണ്ടുപിടിക്കട്ടെ ദേവൂട്ടി ഞാൻ എന്നിൽ നിറഞ്ഞു നിൽക്കുന്നത് നിന്നോട് ഉള്ള പ്രണയം ആണോന്ന് .

ആണെങ്കിൽ ആ പ്രണയം നിനക്കും എന്നോട് ഉണ്ടോന്ന് .നീ ഒരു അത്ഭുതമാണ് .ഞാൻ പോലും ഇതുവരെ കാണാത്ത എന്നെ നീ ആണ് എനിക്ക് കാണിച്ചു തരുന്നത് .”

ഗൗതം സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന പ്രിയയെ നോക്കി പറഞ്ഞു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5