Sunday, December 22, 2024
Novel

പ്രിയനുരാഗം – ഭാഗം 16

നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്


സിനിമ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു പോകാൻ തുടങ്ങിയിരുന്നു . അഭി ആദ്യം എഴുന്നേറ്റു നിന്ന് പ്രിയയെ നോക്കുന്നത് ഗൗതം ശ്രദ്ധിച്ചു .

ഗൗതം കിച്ചുവിനോട് വേഗം എഴുന്നേറ്റു നടക്കാൻ പറഞ്ഞു . അഭിക്ക് പിന്നാലെ ആദിയും കിച്ചുവും നടന്നു .അവര് എഴുന്നേറ്റു കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആണ് ഗൗതം എഴുന്നേറ്റത് .

അവര് തിയേറ്ററിൽ നിന്ന് പോകുന്ന ആളുകളുടെ ഇടയിൽ എത്തിയതും ഗൗതം നടത്തം നിർത്തി . പിന്നിലായി പ്രിയയും . അവര് മൂന്ന് പേരും അപ്പോഴേക്കും പുറത്തു എത്തിയിരുന്നു .

“എന്ത് പറ്റി ഗൗതം ?” പ്രിയ ചോദിച്ചു .

“അത് കാറിന്റെ കീ നിലത്തു വീണെന്ന് തോന്നുന്നു . സീറ്റിൽ എങ്ങാനും വീണിട്ടുണ്ടോ ആവോ .” ഗൗതം കീശ തപ്പി കൊണ്ട് പറഞ്ഞു .

“വാ നോക്കാം ” പ്രിയ അതും പറഞ്ഞു അവരിരുന്ന സീറ്റിലേക്ക് നടന്നു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കാലു അടുത്തുള്ള സീറ്റിൽ തട്ടി അവൾ മുന്നോട്ടു വീഴാൻ ആഞ്ഞു .
പെട്ടന്ന് ഗൗതം വീഴാൻ പോയ പ്രിയയെ പുറകിൽ നിന്നും അവളുടെ വയറിലൂടെ കൈ ചുറ്റി താങ്ങി പിടിച്ചു .!

കുറച്ചു നിമിഷത്തേക്ക് രണ്ടു പേരിലും ഒരു അനക്കവും ഉണ്ടായിരുന്നില്ല . ഗൗതം കൈ വിട്ടതും പ്രിയ നേരെ നിന്നു .പ്രിയ തിരിഞ്ഞു ഗൗതമിനെ നോക്കിയില്ല .

പ്രിയക്ക് ഗൗതമിന്റെ മുഖത്തു നോക്കാൻ എന്തോ ഒരു ചമ്മൽ തോന്നി . ഗൗതമിന്റെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു .

“സോറി . നീ വീഴാൻ പോയപ്പോൾ പിടിച്ചതാണ് ” ഗൗതം പറഞ്ഞു .

“ഇറ്റ്സ് ഓക്കേ .താങ്ക്സ് ” പ്രിയ അതും പറഞ്ഞു മുന്നോട്ടു നടന്നു യാന്ത്രികമായി അവിടെ ഒക്കെ കാറിന്റെ കീ തിരഞ്ഞു .

ഗൗതം പ്രിയ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും . കീ പോക്കറ്റിൽ നിന്നും എടുത്തു .! കുനിഞ്ഞു നിന്ന് കീ തിരയുന്ന പോലെ കാണിച്ചു .

“എടോ കീ കിട്ടി വാ പോകാം ” ഗൗതം കീ പ്രിയയെ കാണിച്ചു കൊണ്ട് പറഞ്ഞു . പ്രിയ നടന്നു ഗൗതമിന്റെ അടുത്ത് വന്നു . ഗൗതം ഒന്നും മിണ്ടാതെ പ്രിയയുടെ കൈ പിടിച്ചു . പ്രിയ അവനെ നോക്കിയപ്പോൾ .

“ഇനിയും വീഴണ്ട ..വാ സൂക്ഷിച്ചു നടക്ക് ” അതും പറഞ്ഞു അവൻ പ്രിയയുടെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു .പ്രിയ അവന്റെ പിറകെയും .
പ്രിയ ഒരു സ്വപ്ന ലോകത്തു എന്ന പോലെ അവന്റെ പിന്നാലെ നടന്നു .

പുറത്തു ഇറങ്ങിയതും ബാക്കി മൂന്ന് പേരേ കണ്ടതും ഗൗതം പ്രിയയുടെ കൈ വിട്ടു . ഗൗതവും പ്രിയയും അടുത്തേക്ക് വന്നതും

“നിങ്ങള് രണ്ടുപേരും ഇതുവരെ എന്ത് ചെയ്യുവായിരുന്നു അവിടെ ?” കിച്ചു പുരികം പൊക്കിക്കൊണ്ട് ചോദിച്ചു .

“കാറിന്റെ കീ നിലത്തു വീണു പോയി അത് തിരയുവായിരുന്നു .”ഗൗതം ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു .

“മ് . അതെങ്ങനെ കാറിന്റെ കീ നിലത്തു വീണു പോയത് ?” കിച്ചു വീണ്ടും സംശയഭാവത്തോടെ ചോദിച്ചു .

“ആ എനിക്ക് എങ്ങനെ അറിയാം . നീ വരുന്നുണ്ടെങ്കിൽ വാ പോകാം .” ഗൗതം അത് പറഞ്ഞു മുന്നിൽ നടന്നു ബാക്കി എല്ലാവരും പുറകെയും .

“പ്രിയ സിനിമ ഇഷ്ടപ്പെട്ടോ ” അഭി നടക്കുന്നതിന്റെ ഇടക്ക് ചോദിച്ചു .

പ്രിയ അഭിയെ നോക്കി ഒന്ന് മൂളി . വേഗം നടന്നു കാറിൽ കയറി ഇരുന്നു . ഗൗതം ചുണ്ടിൽ ഒരു നനുത്ത ചിരിയോടെ ഡ്രൈവ് ചെയിതു .

വീട്ടിൽ എത്തിയതും പ്രിയ വേഗം ഉറക്കം വരുന്നു എന്ന് പറഞ്ഞു റൂമിലേക്ക് പോയി . ബാക്കി എല്ലാവരും മുകളിലെ റൂമിലേക്ക് പോയി . നാല് പേരും ഒരുമിച്ചു കിച്ചുവിന്റെ റൂമിൽ ആയിരുന്നു കിടന്നത് .

പിറ്റേന്ന് രാവിലെ ഗൗതം ജോഗിങ്നു പോയില്ല .അവൻ എഴുന്നേറ്റപ്പോൾ ബാക്കി മൂന്നുപേരേയും വിളിച്ചെങ്കിലും അവരാരും എഴുന്നേറ്റില്ല .ഗൗതം കുറച്ചു നേരം ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയിതു അവന്റെ റൂമിലേക്ക് കുളിക്കാനായി പോയി .

പ്രിയ സാവിത്രിയോടൊപ്പം അടുക്കളയിൽ ആയിരുന്നു .

“മോളൊന്നു പോയി അവരെ വിളിച്ചു എഴുന്നേൽപ്പിച്ചേ . ഒരുമിച്ചു ബ്രേക്ക് ഫാസ്റ്റ് കഴിക്കാമായിരുന്നു . ” സാവിത്രി പ്രിയയോട് പറഞ്ഞു . അതനുസരിച്ചു പ്രിയ മുകളിലേക്ക് നടന്നു .

ഗൗതമിന്റെ റൂമിന്റെ വാതിലിൽ തട്ടാൻ ആയി കൈ ഉയർത്തിയതും അകത്ത് നിന്നും ഗൗതം പാടുന്നത് കേട്ടത് .

പ്രിയ വാതിലിൽ ചാരി നിന്ന് കാതോർത്തു .കേൾക്കുന്ന ശബ്ദത്തിന്റെ തീവ്രത കുറഞ്ഞു വന്നപ്പോൾ പ്രിയ ഡോർ ഹാൻഡിൽ പതുകെ പിടിച്ചു തിരിച്ചു നോക്കി .

വാതിൽ തുറന്നു അകത്തു കയറി . ഗൗതം ബാത്‌റൂമിൽ പാടി തിമർക്കുകയാണ് . പ്രിയ ബാത്റൂമിന്റെ അടുത്ത് ചെന്ന് നിന്നു .

ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ
സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ
നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ്
എൻ മുന്നിൽ നീ പുലർകന്യയായ്…

(ശ്രീരാഗമോ…)

ഗൗതം പാടിക്കൊണ്ടിരുന്നു .

‘ഇങ്ങേരു പാട്ടു പാടുവോ അതും ഇത്രയും നന്നായിട്ട് . ‘ പ്രിയ മനസ്സിൽ പറഞ്ഞു .പ്രിയ പാട്ടും ആസ്വദിച്ചു ഗൗതമിന്റെ റൂമിൽ നിന്നു .പ്രിയയുടെ മനസ് ഗൗതമിന്റെ പാട്ടിനോടൊപ്പം അവനെ കണ്ട നാൾ മുതലുള്ള കാര്യങ്ങളിൽ ഒരു ഓട്ടപ്രദക്ഷിണം നടത്തി .

കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ നടകളിൽ ഇളവേൽക്കാൻ മോഹം…

(ശ്രീരാഗമോ…)

പ്രിയ ബാത്റൂമിനു മുന്നിൽ പുറംതിരിഞ്ഞു നിൽക്കുവായിരുന്നു . ഗൗതം കുളികഴിഞ്ഞു ഒരു ഹാഫ് ട്രൗസേഴ്‌സ് മാത്രം ഇട്ട് ടവൽ കൊണ്ട് തല തുവർത്തി ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും പ്രിയയെ കണ്ടു ഒന്ന് ഞെട്ടി .

ഗൗതം ഇറങ്ങി വന്നതൊന്നും പ്രിയ അറിഞ്ഞില്ല . അവള് ഏതോ ലോകത്തായിരുന്നു .

ഗൗതം കയ്യിൽ ഉണ്ടായിരുന്ന നനഞ്ഞ ടവൽ അവളുടെ പുറത്തേക്ക് എറിഞ്ഞു . അത് പ്രിയയുടെ ചുമലിൽ തട്ടി നിലത്തു വീണു .

പ്രിയ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ഗൗതം അവളെയും നോക്കി നിൽക്കുന്നു .!

‘എന്റമ്മോ എന്താ ബോഡി . രാവിലെ കിടന്നു കഷ്ട്ടപെടുന്നതിനു കാര്യം ഉണ്ട് .
അയ്യേ പ്രിയ നോക്കി നിൽക്കല്ലേ .വേഗം സ്ഥലം കാലിയാക്കാൻ നോക്ക് .’

പ്രിയ മനസ്സിൽ പറഞ്ഞു വേഗം പുറത്തേക്ക് പോകാനായി തുടങ്ങിയപ്പോഴേക്കും നിലത്തു കിടന്ന ടവ്വലിൽ ചവിട്ടി സ്ലിപ്പായി ഗൗതമിന്റെ നെഞ്ചിലേക്ക് വീണു .

ഗൗതം പെട്ടന്ന് അത് പ്രതീക്ഷിക്കാത്തത് കൊണ്ട് അവനും ബാലൻസ് കിട്ടിയില്ല .

അവൻ അവളേം കൊണ്ട് നിലത്തേക്ക് വീണു .പ്രിയ കണ്ണിറുക്കി അടച്ചു ഗൗതമിൽ പറ്റി പിടിച്ചു നിന്നു .വീഴ്ചയിൽ ഗൗതം പ്രിയയെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു .

പ്രിയയുടെ ചുണ്ടു ഗൗതമിന്റെ നനഞ്ഞു കിടന്ന നെഞ്ചിൽ അമർന്നപ്പോൾ അവനിലെ തണുപ്പ് അവളിലേക്കും പടരുന്നത് അവൾ അറിഞ്ഞു പ്രിയയുടെ ഉള്ളിൽ ഒരു മിന്നൽ പിണർപ്പ് അനുഭവപ്പെട്ടു .

പ്രിയയുടെ ചുണ്ടിലെ ചൂട് തന്റെ നനഞ്ഞ നെഞ്ചിൽ അറിഞ്ഞപ്പോൾ ഗൗതം അവളെ ഒന്നുടെ ചേർത്ത് പിടിച്ചു .

ഗൗതം നിലത്തും പ്രിയ ഗൗതമിന്റെ നെഞ്ചിലും ആയി വീണു കിടന്നു .
പ്രിയ വേഗം ചാടി എഴുന്നേറ്റു . ഗൗതം നടുവിന് കയ്യും കുത്തി എഴുന്നേറ്റു നിന്നു .

“ഡി കുരുപ്പേ നീ എന്റെ നടു പണിയാക്കിയല്ലോ.നിനക്കു ഇത്രേം വെയ്റ്റ് ഉണ്ടോ .എന്റമ്മോ … ” ഗൗതം പ്രിയയെ നോക്കി ചോദിച്ചു .

ഇത്രേം നേരം ചമ്മി നിന്ന പ്രിയ ഗൗതമിന്റെ സംസാരം കേട്ടതും ഫോമിൽ ആയി .

“തന്നോട് ഞാൻ പറഞ്ഞോ എന്നേം കൊണ്ട് വീഴാൻ . കണക്കായി പോയി .” പ്രിയ ഗൗതമിനെ നോക്കി പുച്ഛിച്ചു പറഞ്ഞു .

“ഞാൻ നിന്നേം കൊണ്ട് വീണേന്നോ . നീ അല്ലേടി എന്റെ മേലേക്ക് വന്നു വീണത് . ” ഗൗതം ചോദിച്ചു .

“അത് താൻ ആ ടവൽ നിലത്തു ഇട്ടിട്ടല്ലേ . ഞാൻ അത് ചവിട്ടി വീണതാണ് . ” പ്രിയ പറഞ്ഞു .

“എന്റെ റൂമിൽ ഞാൻ അങ്ങനെ പലതും ചെയ്‌യും . അല്ല നീ എന്തിനാ എന്റെ റൂമിൽ വന്നത് . ഒരു പുരുഷന്റെ മുറിയിൽ ഇങ്ങനെ പെമ്പിള്ളാരു ചോദിക്കാതെ കേറി വരുവോടി ” ഗൗതം ചോദിച്ചു .

“പിന്നെ ഒരു പുരുഷൻ വന്നിരിക്കുന്നു ! ഞാൻ അമ്മ വിളിക്കുന്നു എന്ന് പറയാൻ വന്നതാ .അല്ലാതെ ഇവിടെ താമസിക്കാൻ വന്നതൊന്നും അല്ല ” അതും പറഞ്ഞു പ്രിയ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഗൗതം അവളുടെ കൈ പിടിച്ചു അവന്റെ ഞെഞ്ചിലേക്ക് വലിച്ചിട്ടു .

ഗൗതം അവന്റെ മുഖം പ്രിയയുടെ മുഖത്തിനടുത്തേക്ക് കൊണ്ട് വന്നു .

“എന്താ നിനക്കു സംശയം ഉണ്ടോ ഞാൻ പുരുഷൻ ആണോന്ന് ” ഗൗതം ഒരു പ്രത്യേക ടോണിൽ ചോദിച്ചു . പ്രിയയുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു . ഗൗതം അത് അവന്റെ വിരല് കൊണ്ട് തട്ടി അവളെ നോക്കി ആക്കി ചിരിച്ചു .
പ്രിയ അവനെ തള്ളി മാറ്റി വാതിലിന്റെ അടുത്തേക്ക് ഓടി . എന്നിട്ട് തിരിഞ്ഞു നിന്ന്

“ആ എനിക്ക് നല്ല സംശയം ഉണ്ട് . ഒന്ന് പോടോ അവിടന്ന് ” പ്രിയ അവനെ നോക്കി കൊഞ്ഞനം കുത്തി താഴേക്ക് ഓടി . പ്രിയ പോയതും ഗൗതമിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു . അവന്റെ വലതു കൈ പ്രിയയുടെ അധരം പതിഞ്ഞ നെഞ്ചിൽ തടവി .

ഗൗതം ബാക്കി മൂന്ന് പേരെയും വിളിച്ചു എഴുന്നേൽപ്പിച്ചു താഴേക്ക് ചെന്നു . പ്രിയ സാവിത്രിയുടെ കൂടെ അടുക്കളയിൽ ആയിരുന്നു . ഗൗതം അങ്ങോട്ട് വന്നപ്പോൾ അവനെ കണ്ടു പ്രിയ തിരിഞ്ഞു നിന്നു .

“ബാക്കി എല്ലാരും എവിടെ കണ്ണാ ” സാവിത്രി ഗൗതമിനെ കണ്ട്‌ ചോദിച്ചു .

“ഇപ്പോൾ വരും അമ്മേ . അച്ഛൻ വിളിച്ചിരുന്നോ ?അവിടെ എത്തിയില്ലേ ?” ഗൗതം ചോദിച്ചു .

“ആ വിളിച്ചിരുന്നു . അവിടെ എത്തി ഉച്ചക്ക് അവിടന്ന് തിരിക്കും എന്നാണ് പറഞ്ഞത് ” സാവിത്രി പറഞ്ഞു .

ഗൗതം സാവിത്രിയോട് ഓരോന്ന് പറഞ്ഞു അടുക്കളയിൽ തന്നെ നിന്നു പ്രിയ ഗൗതമിനെ നോക്കിയതേ ഇല്ല . ഗൗതം ഒരു കോൾ വന്നപ്പോൾ ഫോൺ എടുത്ത് അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു .

ബാക്കി എല്ലാവരും താഴേക്ക് വന്നതും സാവിത്രിയും പ്രിയയും കൂടി ബ്രേക്ക് ഫാസ്റ്റ് ഡൈനിങ്ങ് ടേബിളിൽ വെച്ചു .

പ്രിയ ഇരുന്നതും അഭി വന്നു പ്രിയക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നു . ഫോൺ വെച്ച് തിരിച്ചു വന്ന ഗൗതമിനു അത് കണ്ടിട്ട് ഒട്ടും പിടിച്ചില്ല . അവൻ പ്രിയക്ക് നേരെ എതിർ വശത്തു വന്നിരുന്നു . അഭി പ്രിയയോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് പ്രിയ എല്ലാം മൂളി കേൾക്കുന്നുണ്ട് .

ബ്രേക്ക് ഫാസ്റ്റ് കഴിച്ചതും സാവിത്രിയും പ്രിയയും അടുക്കളയിലേക്ക് പോയി .

ബാക്കി നാലുപേരും കൂടെ സഹായിക്കാം എന്ന് പറഞ്ഞു വന്നതും അവര് സഹായിച്ചാൽ ഇരട്ടി പണി എടുക്കേണ്ടി വരും എന്ന് പറഞ്ഞു സാവിത്രി അവരെ ഒക്കെ തിരിച്ചയച്ചു .

ഗൗതമിനു അന്ന് പിന്നീട്‌ പ്രിയയോട് ഒറ്റക്ക് സംസാരിക്കാൻ പറ്റിയില്ല . കൃഷ്ണൻ ഇല്ലാത്തത് കൊണ്ട് പ്രിയ സാവിത്രിയുടെ പിറകെ തന്നെ ആയിരുന്നു .

ഇടക്ക് കിട്ടുന്ന ടൈമിൽ അഭി ഓരോന്ന് പറഞ്ഞു പ്രിയയുടെ പിറകെ കൂടും .ഗൗതം നോക്കുമ്പോൾ ഒക്കെ പ്രിയ ആരും കാണാതെ അവനെ നോക്കി കൊഞ്ഞനം കുത്തും .

അവനും “പോടീ .നിനക്കു ഞാൻ വെച്ചിട്ടുണ്ട് ” എന്ന് ശബ്ദമില്ലാതെ ചുണ്ടനക്കും .അത് അന്ന് മുഴുവൻ തുടർന്നു .

രാത്രി ആണ് ആദിയും അഭിയും പോയത് . അഭി പ്രിയയോട് കാര്യമായി യാത്ര പറയുന്നുണ്ടായിരുന്നു .

അതൊക്കെ കാണുമ്പോൾ ഗൗതമിന്റെ മുഖം വീർത്തു വന്നു .
കുറച്ചു നേരം കൂടെ കഴിഞ്ഞാണ് കൃഷ്ണൻ വന്നത് .

കൃഷ്ണനും ഗൗതവും ഇന്ന് സൈറ്റിൽ പോയ കാര്യത്തിന്റെ ചർച്ചയിൽ മുഴുകി . പ്രിയ അപ്പോഴേക്കും കിടക്കാൻ പോയിരുന്നു .

അന്ന് രാത്രി ഉറങ്ങുമ്പോൾ ഓർക്കാൻ പ്രിയക്കും ഗൗതമിനും സുഖമുള്ള ഒരു ഓർമയുണ്ടായിരുന്നു .

രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞപ്പോൾ കിച്ചു പമ്മി പമ്മി പുറത്തേക്ക് ഇറങ്ങി കാർ പോർച്ചിലേക്ക് നടന്നു .പ്രിയയുടെ കാറിന്റെ അടുത്തേക്ക് ചെന്നു .

വെള്ളം കുടിക്കാനായി റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ കൃഷ്ണൻ ശബ്ദം കേട്ട് ലിവിങ് റൂമിലേക്ക് വന്നു നോക്കി . അപ്പോഴാണ് ഡോർ ലോക്ക് ചെയിതു തിരിയുന്ന കിച്ചുവിനെ കണ്ടത് .
കിച്ചു കൃഷ്ണനെ പെട്ടന്ന് കണ്ടത് കൊണ്ട് ഒന്ന് ഞെട്ടി .

“നീ ഈ രാത്രി എവിടെന്നു വരുവാടാ ” കൃഷ്ണൻ സംശയത്തോടെ ചോദിച്ചു .

“ശ് … മിണ്ടല്ലേ ” കിച്ചു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .

“എന്താടാ ഒരു കള്ള ലക്ഷണം ” കൃഷ്ണൻ വീണ്ടും ചോദിച്ചു .

കിച്ചു കൃഷ്ണനെയും വലിച്ചു കൃഷ്ണന്റെ റൂമിലേക്ക് പോയി ഡോർ അടച്ചു . ശബ്ദം കേട്ട് സാവിത്രി എഴുന്നേറ്റു .

“എന്താ കിച്ചൂട്ടാ .എന്താ ഈ നേരത്തു ” സാവിത്രി കിച്ചുവിനെ കണ്ടു വെപ്രാളത്തോടെ ചോദിച്ചു .

“ഒന്നും ഇല്ല അമ്മേ .ഞാൻ പറയുന്നത് രണ്ടാളും ഒന്ന് കേട്ടാൽ മതി ” കിച്ചു പറഞ്ഞു .

“നാളെ നമ്മുടെ വീട്ടിൽ ഒരു സംഭവം നടക്കാൻ പോകുവാണ് . ഇതുവരെ ഇവിടെ നടക്കാത്ത ഒന്ന് . ” കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു .

“എന്ത് സംഭവം ?!” സാവിത്രി ചോദിച്ചു .

“പെൺകുട്ടികളെ ബൈക്കിൽ കയറ്റാത്ത കണ്ണൻ നാളെ ദേവു ചേച്ചിയെയും കൊണ്ട് അവന്റെ ബൈക്കിൽ കോളേജിൽ പോവും !” കിച്ചു പറഞ്ഞു .

“അതെന്താ നിനക്കു ഇത്ര ഉറപ്പ് ” കൃഷ്ണൻ ചോദിച്ചു .

“എനിക്ക് ഉറപ്പാണ് . നിങ്ങളും കൂടെ കട്ടക്ക് നിന്നാൽ മതി . അവനു നല്ല ആട്ടം ഉണ്ട് . നമുക്ക് അതൊന്ന് കൂട്ടാമെന്നേ .അതിനുള്ള പണി ഞാൻ എടുത്തിട്ടുണ്ട് !” കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു .

“എന്ത് പണി ?” സാവിത്രി സംശയത്തോടെ ചോദിച്ചു .

“ദേവു ചേച്ചിന്റെ കാറിലെ ഒരു ടയറിന്റെ കാറ്റു പോയി ! ” കിച്ചു കണ്ണിറുക്കി പറഞ്ഞു .

“എടാ ഭീകരാ .അതിനാണോ നീ ഈ നട്ട പാതിരക്ക് എഴുന്നേറ്റു പോയത് ” കൃഷ്ണൻ ചോദിച്ചു .

“ഹിഹിഹി .. ചേച്ചിന്റെ ബൈക്ക് ഞാൻ നാളെ കോളേജിൽ കൊണ്ട് പോവും എന്റെ ബൈക്ക് വർക്ക് ഷോപ്പിൽ ആണല്ലോ .അപ്പോൾ ചേച്ചിക്ക് പോകാൻ വേറെ വഴി ഉണ്ടാവില്ല .

അമ്മ അപ്പോൾ പറയണം കണ്ണനോട് ചേച്ചിയെയും കൊണ്ട് പോകാൻ .” കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു .

സാവിത്രിയും കൃഷ്ണനും കിച്ചുവിനെ കണ്ണും തള്ളി നോക്കി നിന്നു .

തുടരും

പ്രിയനുരാഗം – ഭാഗം 1

പ്രിയനുരാഗം – ഭാഗം 2

പ്രിയനുരാഗം – ഭാഗം 3

പ്രിയനുരാഗം – ഭാഗം 4

പ്രിയനുരാഗം – ഭാഗം 5

പ്രിയനുരാഗം – ഭാഗം 6

പ്രിയനുരാഗം – ഭാഗം 7

പ്രിയനുരാഗം – ഭാഗം 8

പ്രിയനുരാഗം – ഭാഗം 9

പ്രിയനുരാഗം – ഭാഗം 10

പ്രിയനുരാഗം – ഭാഗം 11

പ്രിയനുരാഗം – ഭാഗം 12

പ്രിയനുരാഗം – ഭാഗം 13

പ്രിയനുരാഗം – ഭാഗം 14

പ്രിയനുരാഗം – ഭാഗം 15