Tuesday, January 21, 2025
Novel

പ്രണയിനി : ഭാഗം 16

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

എയർപോർട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങിൽ ശിവൻ വളരെ സന്തോഷവാനായിരുന്നു. മങ്ങിയ പ്രതീക്ഷകൾക്ക് ഒരു ജീവൻ വന്നപോലെ പ്രകാശം ജ്വലിക്കുന്നു മനസ്സിൽ. ഇത്രയും നാളുകൾ…. വർഷങ്ങൾ ആയി മനസ്സിൽ ആളികത്തിയിരുന്ന തീ… ആ തീ അണയ്ക്കാൻ ഗൗരിയുടെ ഒരു ചെറു പുഞ്ചിരി മതിയായിരുന്നു എന്ന് തോന്നി പോയി…. അവനു അറിയാം അവളുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ തനിക്കായി ഒരു സ്ഥലം ഉണ്ടെന്ന്… തന്നോടുള്ള സ്നേഹം ഒരു വിത്ത് ആയി പാകാൻ അവളുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ തടസം എന്താണെന്ന് കഴിഞ്ഞ കുറച്ചു നാളുകൾ ആയി എനിക്ക് മനസ്സിലായിരുന്നില്ല…ഒടുവിൽ ഞാൻ അറിഞ്ഞു അതിനു കാരണം അവളുടെ ദേവേട്ടൻ ആയിരുന്നു. അവൻ വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം ആയിരുന്നു. എല്ലാം തിരിച്ചറിയുന്ന നിമിഷം ആ സ്നേഹ വിത്ത് അവളുടെ മനസ്സിൽ പാകുമെന്ന് എനിക്ക് ഉറപ്പുണ്ട്…അത് കിളിർത്തു അതിൽ ഒരു സ്നേഹ വസന്തം തന്നെ തളിർക്കും എന്നുറപ്പുണ്ട്… ഇത്രയും വർഷങ്ങൾ കാത്തിരുനില്ലെ…ഇനി കുറച്ചു കൂടി എന്ന് മനസ്സ് പറയുന്നു…

മുഖത്തെ നീരും പാടുകളും കാരണം രണ്ടു ദിവസം ലീവ് എടുത്തു സ്കൂളിൽ നിന്നും. ശനിയാഴ്ച കളക്ടറെ കാണാൻ നേരിട്ട് കളക്ടറേറ്റിൽ എത്തികൊള്ളം എന്ന് ശ്രീനാഥ് സാറിനോട് പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഭദ്രയ്ക്ക് ഒരു പരിഭ്രമം കാണുന്നുണ്ട്.. എത്രയൊക്കെ ശ്രമിച്ചാലും ഭദ്രയുടെ കണ്ണിൽ അവളുടെ ഏട്ടനെ കാണാനുള്ള സന്തോഷം തിളക്കം കൂട്ടുന്നു…. അവളാണെങ്കിലോ ദേഷ്യത്തിന്റെ മൂടു പടം അണിഞ്ഞു അത് മറയ്ക്കാൻ ശ്രമിക്കുന്നു. അത് കാണുമ്പോൾ ഞാനും കിച്ചുവെട്ടനും അവളെ കളിയാക്കി കളിയാക്കി ഒരു വഴിയാക്കി. എനിക്കും ചെറുതല്ലാത്ത ഒരു പരിഭ്രമം ഉണ്ട്. അത് എന്തുകൊണ്ടാണ് എന്നറിയില്ല…. ഞാൻ ഇപ്പൊ ദേവെട്ടനെ സ്നേഹിക്കുന്നുണ്ടോ… അറിയില്ല എന്നാണോ… അല്ല..ഇല്ല.. ദേവേട്ടൻ മറ്റൊരാളുടെ സ്വന്തം ആണെന്ന് ഊട്ടി ഉറപ്പിച്ചു കഴിഞ്ഞു മനസ്സിനെ…ഇപ്പോഴുള്ള പരിഭ്രമം … അത് സ്വാഭാവികം ആയിരിക്കും… അങ്ങനെ ആശ്വസിച്ചു .

ശനിയാഴ്ച പതിനൊന്നരയോടെ തന്നെ കലക്ട്രേറ്റ് എത്തി. ശ്രീനാഥ് സാറും എത്തിയിരുന്നു. ഞങ്ങൾ വന്നതിനു ശേഷം ഒരുമിച്ച് കയറാം എന്ന് പറഞ്ഞു ഞങ്ങളെ കാത്തു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓഫീസിൽ ചെന്നപ്പോൾ വിസിറ്റിംഗ് ഏരിയയിൽ കാത്തിരിക്കാൻ പറഞ്ഞു. നന്ദു പതുക്കെ എഴുനേറ്റു ഓഫീസ് റൂമിനടുതെക്ക്‌ ചെന്നു. “ദേവദത്തൻ IAS” പേരെഴുതിയ ബോർഡ് കണ്ണിലുടക്കി.

“ദേവേട്ടാ…എന്റെ ഒരു ആഗ്രഹം ആണ് ”

“നിനക്ക് ഒരു ആഗ്രഹമെയുള്ളോ നന്ദുട്ട”

“ഇപ്പൊ തോന്നിയ ആഗ്രഹം പറയട്ടെ …. കേൾക്കുന്നുണ്ടോ” ദേവദത്തൻ അവളുടെ മുടി ഇഴകളിൽ ചെമ്പകം ഒളിപ്പിക്കുനതിൽ ആയിരുന്നു ശ്രദ്ധ.

“എന്റെ ദേവേട്ടാ…നിങ്ങൾക്ക് ഈ ചെമ്പക പൂവിന്റെ മണം ഇത്ര ഇഷ്ടമാണോ”

“ഇൗ ചെമ്പകതിനു സൗരഭ്യം കൂടുന്നത് നിന്റെ മുടി ഇഴകളിൽ ഇത് ഇങ്ങനെ ഇരിക്കുമ്പോൾ ആണ്… അ സൗരഭ്യം എനിക്ക് ഇങ്ങനെ നുകരണം ” അവളുടെ മുടി ഇഴകളിൾ അവന്റെ മുഖം പൊത്തി..

“ഛെ…അയ്യേ… വിടു ദേവേട്ടാ…”

“ശരി വിട്ടു…ഇനി പറ…”നന്ദുവിന്റെ പിൻ കഴുത്തിൽ താടി ഊന്നി കൊണ്ടു ദേവദത്തൻ ചോദിച്ചു

“എനിക്കീ കളക്ടർ ദേവദത്തൻ IAS എന്നു പേരെഴുതിയ കാറിൽ ഏട്ടന്റെ ചുമലിൽ ചാരി കുറെ ദൂരം യാത്ര ചെയ്യണം ”

“കൊള്ളാലോ…പക്ഷേ ഒരു പ്രശ്നം ഉണ്ടല്ലോ…കളക്ടറുടെ വാഹനം അനൗദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല… ഇപ്പൊ നാല് പാടും ക്യാമറ കണ്ണുകൾ ആണ് മോളെ.. ”

നന്ദു ചുണ്ട് കൂർപ്പിച്ചു ചിണുങ്ങി.

“കൊണ്ടുപോകാം എന്റെ നന്ദുട്ടനെ…പോരെ പിണങ്ങല്ലെ മാഷേ…”ദേവദത്തൻ നന്ദുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു.

“നേര്യമംഗലം സ്കൂളിൽ നിന്നും വന്നിട്ടുള്ള ടീച്ചേഴ്സ് അകത്തേക്ക് കേറികൊള്ളു ” പെട്ടന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് നന്ദു ഞെട്ടി.

ഭദ്ര കണ്ണ് മിഴിച്ചു നന്ദുവിനെ നോക്കി. നന്ദുവിനും ഒരു പരിഭ്രമം ഉണ്ടായിരുന്നു. ദേവേട്ടന്റെ ഓർമകൾ…

ഓഫീസ് റൂമിലേക്ക് നടക്കുംതോറും എന്തോ കാലുകൾക്ക് വല്ലാത്ത ബല കുറവ് തോന്നുന്നു നന്ദുവിന്. ഒരു ധൈര്യത്തിന് എന്നോണം ഭദ്രയുടെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ കൈകൾ ഫ്രിഡ്ജിൽ വച്ചപോലെ തണുത്തു ഇരിക്കുന്നു. നന്ദുവിന്റെ മിഴികളിൽ നീർകണങ്ങൾ ഒത്തു ചേരാൻ വെമ്പും പോലെ… തന്റെ മിഴിനീരിനെ ശാസനയോടെ പിടിച്ചു നിർത്താൻ ശീലിച്ചത് എത്ര നന്നായെന്ന് നന്ദുവിനു തോന്നി. തന്റെ ഹൃദയം അതിന്റെ ഇഷ്ടത്തിന് പെരുമ്പറ കൊട്ടുന്നത് നന്ദു അറിഞ്ഞു… ഭദ്രയുടെ കാര്യവും മറിച്ചല്ല…

ശ്രീനാഥ് സാർ ആണ് ആദ്യം കേറിയത്. പുറകെ ഭദ്രയും നന്ദുവും. ആദ്യ കാഴ്ചയിൽ തന്നെ തന്റെ പരിഭ്രമം എവിടെയോ ഓടി ഒളിച്ചെന്ന് തോന്നി പോയി നന്ദുവിനു. ഒരു മാറ്റവുമില്ല ദേവേട്ടന്. ഷേവ് ചെയ്ത താടിയും തിളക്കമാർന്ന കണ്ണുകളും ഒരിത്തിരി തടിച്ചു. പിന്നെയെല്ലാം പഴയത് പോലെ. എല്ലാവരെയും പിടിച്ചു ഇരുത്താൻ കഴിവുള്ള ആ പതിവ് പുഞ്ചിരിഞങ്ങളെ കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്നു. നെറ്റിയിൽ ഒരു ബാൻഡേജ് ഒട്ടിച്ചിട്ടുണ്ട്. എങ്കിലും ആ കണ്ണിലെ കാന്തികത അതില്ലെന്ന് തോന്നിപോയി. ഇനി തന്റേത് അല്ലതത്തുകൊണ്ട് തനിക് തോന്നുനതാണോ അറിയില്ല. നന്ദു ആലോചിച്ചു നിന്നു. ദേവേട്ടന്റെ ടേബിൾ മുന്നിലും ഉണ്ടായിരുന്നു ഒരു ദേവദത്തൻ IAS എന്നൊരു ബോർഡ്. എന്തുകൊണ്ടോ അതുകണ്ടപ്പോൾ ഉള്ളിൽ ഭയങ്കര സന്തോഷം. എത്ര ആശിച്ചു കഷ്ടപ്പെട്ട് നേടിയത് ആണ്.

“വരൂ…വരൂ… ഇരിക്കു ഒരുപാട് നേരം ആയോ കാത്തിരിക്കുന്നത്…അത്യാവശ്യം ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാണ്… സോറി”

ദേവദത്തന്റെ വാക്കുകൾ ചിന്തയിൽ നിന്നു ഉണർത്തി. ഭദ്ര അപ്പോഴാണ് അവന്റെ നെറ്റിയിലെ ബാൻഡേജ് കാണുന്നത്.

“അയ്യോ…ഇത് എന്താ പറ്റിയത് ഏട്ടാ…??” ഒരു സഹോദരിയുടെ എല്ലാ ആകുലതകളോടെയും ആയിരുന്നു ഭദ്ര അത് ചോദിച്ചത്.

അത് കേട്ട് ഒരുനിമിഷം ദേവദത്തൻ ഭദ്രയെ തന്നെ നോക്കി…അവന്റെ കണ്ണ് നിറഞ്ഞു. അപ്പോഴാണ് ഭദ്രക്ക് താൻ എന്താ ചോദിച്ചത് എന്നതിനെ പറ്റി ഒരു സ്വഭോധം ഉണ്ടായത്. “ഞാൻ ഏട്ടനോട് പിണക്കത്തിൽ ആയിരുന്നല്ലോ… ചേ…നാണക്കേട് ആയല്ലോ” അവൾ ആത്മഗതം പറഞ്ഞു.

മറുപടി പറയാതെ അവൻ ചിരിച്ചു കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു. ശ്രീനാഥ് സാർ വന്ന കാര്യം വിശദമായി പറഞ്ഞു കൊടുത്തു. നന്ദുവിന്റെ കണ്ണുകൾ ചുറ്റും പരതി നടന്നു എങ്കിലും ഇടക്ക് ദേവദത്തന്റെ കണ്ണുകളും ആയി കൊരുക്കും. അപ്പോഴും അവൾ‌ തന്നെ തന്റെ മിഴികളെ പിൻവലിക്കും. സംസാരത്തിൽ തന്നെ നല്ല വ്യത്യാസം ഉണ്ട്. പഴയ ദേവദത്തൻ ആണോ എന്നുപോലും തോന്നി. ഒരു കളക്ടറുടെ പവർ ആണ് ആ സംസാരത്തിൽ. ഭദ്ര തന്റെ സാരിയുടെ മുന്താണി എടുത്തു തെരു പിടിപ്പിച്ചു ഇരിക്കുന്നത് നന്ദു ശ്രദ്ധിച്ചു. അവളുടെ വീർപ്പുമുട്ടൽ അവളുടെ മുഖത്തും പ്രകടം ആയിരുന്നു.

“അപ്പോ ശ്രീനാഥ് സാർ പറഞ്ഞതുപോലെ അടുത്ത മാസം പത്താം തീയതി തന്നെ ഫങ്ഷൻ അറ്റൻഡ് ചെയ്യാൻ ഞാൻ എത്തും. എനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല. നിങ്ങളുടെ ആരുടെയെങ്കിലും കോൺടാക്ട് ഡീട്ടെയിൽ ഇവിടെ കൊടുക്കണം. ഞാൻ പഠിച്ചു വളർന്ന സ്കൂൾ അല്ലേ…ഒരുപാട് ഓർമ്മകൾ ഉണ്ട്… അതു മാത്രവുമല്ല എന്റെ സ്വന്തം നാടും .. കുറെ ആയി വന്നിട്ട്… ഞാൻ വരും ” അതും പറഞ്ഞു ശ്രീനാഥ് സാറിന് ഹസ്തദാനം നൽകി ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി.

“thank you sir” അതും പറഞ്ഞു ശ്രീനാഥ് സാർ എഴുനേറ്റു. ഒപ്പം ഞങ്ങളും. “സാറിന്റെ കൂടെ വന്നിട്ട് നിങ്ങളൊന്നും മിണ്ടിയില്ല..”

ദേവദത്തൻ തന്റെ കസേരയിൽ നിവർന്നു ഇരുന്നു കൊണ്ട് പറഞ്ഞു. ഞങ്ങൾ അവിടെ തന്നെ തറഞ്ഞു നിന്നു. ശരിയാണ് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ശ്രീനാഥ് സാർ എന്തൊക്കെയോ വിശദീകരിക്കുന്നത് കേട്ടു. മനസ്സ് ഇവിടെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വെറുതെ പേരിനു കൂടെ വന്നു അത്രതന്നെ ഞങ്ങൾ മുഖത്ത് ഒരു ചിരി വരുത്തി നിന്നു. ഭദ്ര ദേവെട്ടനെ നോക്കുന്നു കൂടിയില്ല.

“സാർ അൽപസമയം പുറത്ത് കാത്തിരിക്കൂ. എനിക് ഇവരോട് സംസാരിക്കണം” ശ്രീനാഥ് ചിരിച്ചു കൊണ്ട് തലയാട്ടി പുറത്തേക്ക് ഇറങ്ങി.

ദേവദത്തൻ കുറച്ചു സമയം അവരെ തന്നെ നോക്കി. രണ്ടുപേർക്കും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഭദ്രയുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചിരുന്നു…കാരണവും ദേവദത്തൻ ഊഹിച്ചു…കുട്ടികൾ ആയില്ലല്ലോ… നന്ദുട്ടൻ പഴയതുപോലെ…എങ്കിലും ആ പ്രസരിപ്പ് നഷ്ടപ്പെട്ടതുപോലെ… ഒരു മൗനം അവിടെ തളം കെട്ടി നിന്നു…
“ഭദ്രേ…” അവന്റെ വിളിയിൽ ഭദ്ര മുഖം ഉയർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു. ചുണ്ടുകൾ വിതുമ്പി… അവളുടെ ഉള്ളിലെ സങ്കടത്തിന്റെ തേങ്ങലുകൾ അവളറിയാതെ പുറത്തേയ്ക്ക് വന്നു. എത്ര വർഷമായി ഏട്ടൻ്റെ ഭദ്രേയെന്ന വിളി കേട്ടിട്ടു. അവളുടെ സങ്കടത്തിൻ്റെ അലകൾ കൂടിയപ്പോൾ താൻ ഇനിയും നിന്നാൽ അതൊരു പൊട്ടി കരച്ചിൽ ആയാലോയെന്ന് പേടിച്ചു അവൾ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.

” ഭദ്രേ….” അവളുടെ പോക്കു കണ്ടു ദേവദത്തൻ വിളിച്ചു അലിവോടെ…. ദയനീയമായി.

” ഇത്രയും നാളുകളായി അന്വേഷിക്കാത്തതിൻ്റെ ചെറിയ പരിഭവവും പിണക്കവും ആണ്.” ദേവൻ്റെ കണ്ണിലെ സങ്കടം കണ്ട് നന്ദു പറഞ്ഞു.

” നന്ദൂട്ടാ… അവൾക്ക്…”

ദേവദത്തൻ്റെ വിളിയിൽ നന്ദുവിൻ്റെ കണ്ണുകൾ വിടർന്നു പ്രകാശിച്ചു.
“അവൾക്ക് സുഖം തന്നെയാണ്. ഒരു കുഞ്ഞില്ലാ എന്നൊരു വിഷമം ഒഴിച്ചാൽ.. അവൾ…”

നന്ദു പൂർത്തിയാക്കും മുന്നേ ദേവദത്തൻ പറഞ്ഞു….”അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല എന്നെനിക്ക് അറിയാം. മറ്റെവിടെയും ഉള്ളതിനേക്കാൾ സുരക്ഷിതമായി എന്റെ കിച്ചുവിന്റെ അരികിൽ ഉണ്ടാകുമെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അവളെ കുറിച്ച് ഞങ്ങൾക്ക് ഒരു വേവലാതി ഉണ്ടായിരുന്നില്ല… കാണാൻ കഴിയാതിരുന്ന വിഷമം ഉണ്ടായിരുന്നു. ”

നന്ദു ചിരിച്ചു നിന്നു.

“സ്കൂളിൽ വരുമ്പോൾ കാണാം… കഴിയുമെങ്കിൽ കുടുംബമായി തന്നെ വരണം. എല്ലാവരെയും ഒന്നു കാണാമല്ലോ… എല്ലാവരെയും..” നന്ദു പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ ആയതു കൊണ്ട് ദേവദത്തൻ ചിരിച്ചു കൊണ്ട് തലയാട്ടി. നന്ദു പോകാൻ തിരിഞ്ഞു.

“നന്ദുട്ട…എന്നോട്…എന്നോട് അന്നത്തെ ദേഷ്യം ഇപ്പോഴും ഉണ്ടോ ” അവന്റെ വാക്കുകൾ കുരുങ്ങി കിടന്നു…

“ദേഷ്യം…. അന്നുമില്ല….ഇന്നും ഇല്ല” അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. പോകാനായി നടന്നു. അവളെ ഒന്നുകൂടി അവൻ നോക്കി…അവൻ തന്നെ ഉറ്റു നോക്കുന്നത് കണ്ട് ഒരു ചിരിയോടെ അവൾ‌ പറഞ്ഞു.
“മുഖത്തെ നീരും പാടുകളും മാഞ്ഞു… വേദനയും ഇല്ല… മനസ്സിന്റെ വേദനയോളം ശരീരത്തിന് ഒരിക്കലും ഉണ്ടാകില്ല….”

താൻ മനസ്സിൽ ആലോചിച്ചത് നന്ദു പറഞ്ഞതിലെ അൽഭുതം ആയിരുന്നു ദേവദത്തന്റെ മുഖത്ത്. കിച്ചുവും ശിവനും ഒന്നും പറഞ്ഞിട്ടില്ല…പിന്നെ….

“അൽഭുത പെടുന്നത് എന്തിനാ…എനിക്ക് അറിയാമല്ലോ നിങ്ങളെ…ഈ ബാൻഡേജ്… രാഹുലിന്റെ കയ്യാണോ കാലാണോ ദേവേട്ടൻ എടുത്തത് അത് മാത്രം പറഞ്ഞാൽ മതി” നന്ദു ഒരു കുസൃതി ചിരിയോടെ ചോദിചപ്പോ ദേവദത്തൻ ആകെ ചമ്മി നിന്നു. ഒരു ചിരിയോടെ തന്നെ നന്ദു യാത്ര പറഞ്ഞു ഇറങ്ങി.

പിന്നീട് അവിടന്ന് തിരക്ക് പിടിച്ച ദിവസങ്ങൾ ആയിരുന്നു. ഫംഗ്ഷൻ ഏറ്റവും മനോഹരം ആക്കുവാനുള്ള തയ്യാറെടുപ്പ്. ടീച്ചേഴ്സ് സ്റ്റാഫ് കുട്ടികൾ നാട്ടുകാർ എല്ലാവരും ഒത്തൊരുമയോടെ പങ്കെടുത്തു വിജയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് ഭഗവതി കാവിലെ ഉത്സവം പോലെ കൊണ്ടാടും എന്നായിരുന്നു.

സോഷ്യൽ മീഡിയയിൽ കൂടി ഫംഗ്ഷനെ കുറിച്ചുള്ള അറിയിപ്പുകൾ കിച്ചു പലരെയും അറിയിച്ചിരുന്നു. കമ്പ്യൂട്ടർ യുഗം അല്ലേ… അത് അതിന്റെ പരമാവധി ഉപയോഗിക്കാൻ കിച്ചുവിനെ ആണ് ഏൽപ്പിച്ചത്. ഫേസ്ബുക്കിൽ ഗ്രൂപ്പ് ഉണ്ടാക്കുകയും പലരെയും കൂട്ടി ചേർക്കുകയും ഒരു ഇവെന്റ് സെറ്റ് ചെയ്യുകയും അങ്ങനെ അങ്ങനെ അവന്റെ ജോലി ഭംഗിയായി ചെയ്തു പോന്നു. ഹബീബ് കൂട്ടരും നിയമാനുസൃത മായ കാര്യങ്ങളിൽ ഇടപെട്ടു. മറ്റു പല കൂട്ടുകാരും കൂടി സ്കൂൾ പെയിന്റിംഗ് പോലുള്ള പണികൾ ചെയ്തു സഹകരിച്ചു. ഇതിനെല്ലാം ക്രമീകരിച്ചു കൊണ്ട് നടന്നത് നന്ദുവും ഭദ്രയും കൂടി ആയിരുന്നു.

ഇടക്കു ശിവനും അവരുടെ കൂട്ടത്തിൽ കൂടി. പരിപാടിക്കും രണ്ടു ദിവസം മുൻപേ അവൻ എത്തിയുള്ളു അതും പറഞ്ഞു കൂട്ടുകാരെല്ലാം അവനെ ഒരു വഴിയാക്കി. പല രാജ്യത്തും ജോലി നോക്കിയിരുന്ന പല പല കൂട്ടുകാരും എത്തിയിരുന്നു. പകൽ മുഴുവൻ ജോലിയും വൈകീട്ട് ഒരുമിച്ച് കുറെ നേരം സൊറ പറഞ്ഞിരിക്കും…അവർ അവരുടെ പോയ കാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു. അല്ലെങ്കിലും ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണല്ലോ നമ്മുടെ സ്കൂൾ ജീവിതം. കരഞ്ഞു കൊണ്ട് പടി കയറുകയും അതെ കരചിലോടെ പടി ഇറങ്ങുന്നതും നമ്മുടെ സ്കൂൾ ജീവിതത്തിൽ നിന്നും മാത്രം ആയിരിക്കും.

പരിപാടിയുടെ തലേ ദിവസം എല്ലാം ക്രമീകരിച്ചു അവർ എല്ലാവരും ഒത്തു കൂടി ഇരുന്നു.

“ഭദ്രേ…എല്ലാം ok അല്ലേ…ഞാൻ ഇനി എന്തെങ്കിലും സഹായികണോ ” ഭദ്രയോട് വശ്യമായി ചിരിച്ചുകൊണ്ട് രഘു ചോദിച്ചു.

“എന്റെ പൊന്നു രഘു നിന്റെ ഒലിപ്പീരിന് ഇപ്പോഴും ഒരു കുറവുമില്ല അല്ലേ…കിച്ചുവെ…നീ ഇതൊന്നും കാണുന്നില്ലേ” ശിവൻ ആണ് മറുപടി നൽകിയത്.

“അവൻ എന്നെ സ്കൂളിൽ പഠിക്കുമ്പോൾ ശരിക്കൊന്ന് കണ്ടത്തിന്റെയ ഒരു അണപല്ല് പോയത്…സ്മരണ നന്നായി ഉണ്ടെ” രഘു കവിളിൽ കൈ തലം വച്ചു പറഞ്ഞു. അത് കണ്ട് കിച്ചു പൊട്ടി ചിരിച്ചു.

“അങ്ങനെ ഒരു സംഭവം ഉണ്ടായോ”ഹബീബിന്റെ സംശയം

“ഇല്ലാതെ പിന്നെ… അന്നും ഈ ഭദ്രയുടെ വായ നോക്കി നടന്നതിനു കിട്ടിയത് ആണ്…ഇപ്പൊ പിന്നേം കണ്ടപ്പോ…കണ്ടപ്പോ”

“കണ്ടപ്പോ…എന്തുവാട നിന്റെ മറ്റെ അണപല്ല് കൂടി എടുകണോ ” ഹബീബിന്റെ മറുപടിയിൽ രഘു പിന്നെ ഒന്നും പറഞ്ഞില്ല.

“എല്ലാം തയ്യാർ ആണല്ലോ…ഗൗരി…അപ്പോ ഇനി നമുക്ക് നാളെ കൂടാം അല്ലോ…ദത്തൻ എപ്പോൾ എത്തുമെന്ന് പറഞ്ഞോ” ശിവൻ നന്ദുവിനോടു ചോദിച്ചു.

“നമുക്ക് ഇനി നാളെ നേരത്തെ എത്താം…ഇതുവരെ എല്ലാം സെറ്റ് ചെയ്തു. ദേവെട്ടൻ പത്ത് മണിയോടെ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്” ശിവനോടായ് പറഞ്ഞു നന്ദു. കുറച്ചു നിമിഷം ശിവൻ അവളെ നോക്കി. അവളുടെ ദേവേട്ടാ എന്ന വിളി…അതാണ് നോട്ടത്തിന്റെ കാരണം എന്ന് അവൾക്കു മനസ്സിലായി.

നമുക്ക് എന്നാൽ ഇന്നത്തേക്ക് പിരിയാം…. നാളെ നേരത്തെ തന്നെ എത്തണം എല്ലാവരും.

രാവിലെ ഒമ്പതര മണി ആയപ്പോളേക്കും ബാൻഡ് സെറ്റും ശിങ്കാരി മേളവും എല്ലാം റെഡി ആയി നിന്നു. എല്ലാം സ്കൂളിലെ കുട്ടികൾ തന്നെ ആയിരുന്നു. ചെറിയ കുട്ടികൾ പട്ടു പാവടയൊക്കെ ഉടുത്ത് താലം പിടിക്കാൻ നിന്നു. അതെല്ലാം ക്രമീകരിക്കാൻ ഭദ്രയും.. ഭദ്രയുടെ വാലുപോലെ രഘുവിനെ കണ്ട കിച്ചു അവനെ നോട്ടം കൊണ്ട് ഓടിച്ചു വിട്ടു. വല്ല കാര്യോം ഉണ്ടായിരുന്നോ എന്ന് ഹബീബ് കൈ മലർത്തി ചിരിച്ചു.

നന്ദു സ്റ്റേജിന്റെ ഭാഗത്ത് നിൽക്കുകയായിരുന്നു. സ്വാഗതം പറയുമ്പോൾ കൊടുക്കുവാനുള്ള പൂ ചെണ്ടും അതിനു വേണ്ടി കുട്ടികളെയും സെറ്റ് ചെയ്തു. ശിവനും അവളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു. അവളുടെ കൂടെ നടക്കാൻ ഒരു കാരണം ആയല്ലോ… എന്തെങ്കിലും ആവശ്യത്തിന് വേണ്ടി അവളുടെ വിളികൾ ഉണ്ടാകുമല്ലോ….. സംസാരിക്കുമല്ലോ…. അതിനായി അവളുടെ നിഴലുപോലെ അവൻ കൂടെ തന്നെ ഉണ്ടായിരുന്നു.

പെട്ടന്ന് ബാൻഡ് സെറ്റിന്റെയും ശിങ്കാരി മേളതിന്റെയും ശബ്ദം കേട്ടു… “ദത്തൻ എത്തിയെന്ന് തോനുന്നു….”ശിവൻ അതും പറഞ്ഞു മുന്നിലേക്ക് എത്തി നോക്കി. ഗസ്റ്റിനേ സ്വാഗതം ചെയ്തു കൊണ്ടുവരാനും മറ്റും വേറെ ടീച്ചേഴ്സ് നേ ആയിരുന്നു ഏൽപ്പിച്ചിരുന്നതു. പരിപാടി തുടങ്ങി. സ്വാഗത പ്രസംഗം തുടങ്ങി…ഓരോ ഗസ്റ്റ്നും സ്വാഗതം പറയുമ്പോൾ പൂച്ചെണ്ട് ആയി കുട്ടികളെ സ്റ്റേജിലേക്ക് വിട്ടു കൊണ്ടിരുന്നു… പിന്നീട് അധ്യക്ഷ പ്രസംഗം ഒക്കെയായി പ്രോഗ്രാം തകർക്കുന്നുടായിരുന്നു.
ഇടയിൽ ശിവനെ ദത്തൻ വിളിക്കുന്നു എന്നും പറഞ്ഞു ആരോ വിളിച്ചു കൊണ്ട് പോയി.

നന്ദു ബാക്ക് സ്റ്റേജിൽ ഇട്ടിരുന്ന ഒരു ടേബിളിൽ ബാക്കി വന്ന പൂവുകൾ അറേഞ്ച് ചെയ്യുകയായിരുന്നു. അപ്പോഴാണ് അവിടേക്ക് ഒരു കുസൃതി കുടുക്ക ചിരിച്ചു കൊണ്ട് ഓടി വന്നതു. നന്ദുവിന്റെ കയ്യിൽ പൂ ഇരിക്കുന്നത് കണ്ടൂ ആ കുട്ടി അവിടെ നിന്നു. നന്ദു ആ കുട്ടിയെ നോക്കി ചിരിച്ചു. ആ കുട്ടിയും കുസൃതി ചിരിയോടെ നിന്നു. ചിരിക്കുമ്പോൾ നുണക്കുഴി തെളിഞ്ഞു വന്നു. പച്ച കളർ പട്ടുപാവാട ഇട്ട് മുടി രണ്ടു ഭാഗത്തും മുടഞ്ഞു കെട്ടി മുല്ലപ്പൂ ചൂടി ചന്ദന കുറിയും തൊട്ട് ഒരു സുന്ദരി വാവ. നന്ദുവിന് ഒരുപാട് വാത്സല്യം തോന്നി ആ കുട്ടിയോട്. നല്ല വെളുത്ത സുന്ദരി കുസൃതി.

” ആൻറീ ….എനിച്ച് ….എനിച്ചും കൂടി ഒരു പൂതരോ??”

കൊഞ്ചി കൊഞ്ചി കുണുങ്ങി കൊണ്ട് ചോദിച്ചു.

” തരാലോ…. എത്ര പൂവ് വേണം”

“എനിച്ച് ഒന്ന് വേണം….. പിന്നില്ലെ ൻ്റെ ഉണ്ണിച്ചും വേണം”

“ആൻ്റി തരാലോ….” രണ്ടു പൂചെണ്ട് ആ കുട്ടിക്ക് നേരെ നീട്ടി. കുഞ്ഞുവേടിക്കാൻ പോയപ്പോൾ നന്ദു ഒരു കുസൃതി ഒപ്പിച്ചു കൈ പിൻവലിച്ചു

അത് കണ്ട് ആ കുഞ്ഞു മുഖം വാടി.

“ആൻ്റിക്ക് പകരം എന്താ തരാ… ഒരു ചക്കരയുമ്മ തരുമോ” നന്ദു ചിരിച്ചു കൊണ്ട് ചോദിച്ചു.
” തരാലോ”

നന്ദു കുട്ടിയുടെ മുമ്പിൽ മുട്ടുകുത്തി നിന്നു രണ്ട് പൂചെണ്ട് കയ്യിൽ കൊടുത്തു. നന്ദുവിൻ്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു ആ കുരുന്നു രണ്ട്‌ കവിളിലും ഉമ്മ വച്ചു.

“ആൻ്റി രണ്ടു പൂതന്നില്ലേ…. അതോണ്ട് രണ്ട് ചക്കരയുമ്മ”അതും പറഞ്ഞു ആ സുന്ദരി വാവ കുണുങ്ങി ചിരിക്കാൻ തുടങ്ങി.”അമ്പടി കള്ളി…നീ ആളു കൊള്ളാമല്ലോ” നന്ദുവിനേ നോക്കി കണ്ണിറുക്കി ആ കുറുംബി.

“മോളെ.. എന്തെടുക്കുവാ നീയവിടെ” ശബ്ദം കേട്ട ഭാഗത്തേക്ക് നന്ദു നോക്കി. നല്ല ആഢ്യത്വം ഉള്ള ഒരു പെൺകുട്ടി…. എന്ത് ഭംഗിയാണ് കാണാൻ തന്നെ. ഇത്രയും ഭംഗിയുള്ള കുട്ടി നമ്മുടെ നാട്ടിൽ തന്നെയില്ല എന്ന് തോന്നി. അത്രയും ഉണ്ട് ഐശ്വര്യം. മുൻപ് ഇവിടെ പഠിച്ചിരുന്ന ആരുടെയെങ്കിലും ഭാര്യ ആയിരിക്കും ചിലപ്പോ…ഈ കുട്ടിയുടെ നല്ല മുഖ ചായ …അമ്മ ആയിരിക്കും കുട്ടിയുടെ…

“മോളു…അമ്മ എവിടെയൊക്കെ നോക്കി എന്നറിയുമോ…കുറുമ്പ് കുറച്ചു കൂടുന്നു..”

ആ കുട്ടിയെ നോക്കി പറഞ്ഞു. പിന്നെ നന്ദുവിനെ നോക്കി ചിരിച്ചു മനോഹരമായി. നന്ദുവിനും ആ ചിരി കണ്ട് തിരിച്ചു ചിരികാതിരിക്കൻ ആയില്ല…എവിടെയോ കണ്ട പോലെ…

“സോറി…ഇവൾ ബുദ്ധിമുട്ടിച്ചോ … കുറുംബ കുറച്ചു…”

“ഹേയ് …ഇല്ല… പൂ വെടിക്കൻ വന്നതാ”

“മാഡം ഇവിടെ നിൽക്കുകയാണോ അവിടെ അന്വേഷിക്കുന്നു”…ശ്രീനാഥ് സാർ അവരോട് പറഞ്ഞപ്പോൾ അവർ നന്ദുവിനെ ഒന്നു കൂടി നോക്കി ചിരിച്ചു കൊണ്ട് കുട്ടിയെ എടുത്തു കൊണ്ട് പോയി

പോകും മുന്നേ നന്ദുവിന് ടാറ്റ കൊടുക്കാനും ആ കുറുംബി മറന്നില്ല…നന്ദു ചിരിച്ചു കൊണ്ട് തിരിച്ചും കൊടുത്തു.

“ശ്രീനാഥ് സാറേ അത് ആരാ”… അവർ പോകുന്നത് നോക്കി നന്ദു ചോദിച്ചു. കാരണം അവർ നന്ദുവിനെ തിരിഞ്ഞു നോക്കി പോകുന്നുണ്ടായിരുന്നു.

“അതറിയില്ലെ നന്ദ ടീച്ചർക്ക്…അത കളക്ടർ ദേവദത്തൻ സാറിന്റെ ഭാര്യ ദേവിക…ദേവിക ദേവദത്തൻ”

“ദേവിക…” നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9

പ്രണയിനി : ഭാഗം 10

പ്രണയിനി : ഭാഗം 11

പ്രണയിനി : ഭാഗം 12

പ്രണയിനി : ഭാഗം 13

പ്രണയിനി : ഭാഗം 14

പ്രണയിനി : ഭാഗം 15