Sunday, December 22, 2024
Novel

പ്രണയവിഹാർ: ഭാഗം 26

നോവൽ: ആർദ്ര നവനീത്‎

കുറ്റിച്ചെടികളും മരങ്ങളും തിങ്ങി നിറഞ്ഞുനിൽക്കുന്ന വനം. മഴയുടെ കുളിരിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പുൽക്കൊടിപോലും. ഇലകളിൽ വീണുടയുന്ന മഴത്തുള്ളികൾ. തലപ്പില്ലാത്ത പോടേറിയ മരത്തിന് കീഴിൽ ആ കുളിരിൽ ആലിംഗബദ്ധരായ രണ്ടുപേർ. സ്ത്രീയും പുരുഷനും. കൂമ്പിയടഞ്ഞിരിക്കുന്ന മിഴികളുമായി അവന്റെ ചുംബനം സ്വീകരിക്കുന്ന പെൺകുട്ടി. വിഹാനും അവന്റെ ശ്രീക്കുട്ടിയും !! ചാടിയെഴുന്നേറ്റിരുന്ന് പകപ്പോടെയവൾ ചുറ്റും നോക്കി. മഴയോ കാടോ അല്ല.. നേരിയ തണുപ്പ് അരിച്ചിറങ്ങുന്ന എ സി റൂം. ഇളംനീല കർട്ടനുകളും ബെഡ്ഷീറ്റും. കൈയിൽ ചെറിയ വേദന അനുഭവപ്പെട്ടപ്പോൾ അവളുടെ നോട്ടം അങ്ങോട്ടേക്കായി.

ഡ്രിപ്പ് തുള്ളി തുള്ളിയായി ഇറ്റു വീഴുന്നുണ്ട്. അപ്പോഴാണ് കട്ടിലിനരികെ കസേരയിൽ തന്നെത്തന്നെ സൂക്ഷ്മമായി സൗമ്യതയോടെ പുഞ്ചിരിച്ചുകൊണ്ട് നോക്കിയിരിക്കുന്ന മനുഷ്യനെ അവൾ കണ്ടത്. ഡോക്ടർ അനന്തമൂർത്തി അയ്യർ ! അവൾ അദ്ദേഹത്തെ മിഴിച്ചു നോക്കി. കാറിലിരുന്ന താനെങ്ങനെ ഇവിടെയെത്തി. വിഹാൻ ! അവനെവിടെ.. പരിഭ്രമത്തോടെ അവൾ ചുറ്റിലും നോക്കി. ഒടുവിൽ ആ നോട്ടം അയ്യരിൽ എത്തി നിന്നു. വിഹാൻ.. അവളുടെ സ്വരം ചിലമ്പിച്ചിരുന്നു. പുറത്തുണ്ട് വിഹാൻ.. അദ്ദേഹം ശാന്തമായി പറഞ്ഞു. എന്ത് പറ്റി ശ്രാവണി. എങ്ങനുണ്ട് ഇപ്പോൾ.? അത് എന്തൊക്കെയോ ഓർമ്മകൾ കടന്നു വരുന്നു. അപ്പോഴെല്ലാം തലവേദനയുമുണ്ട്..

എന്നിട്ട് എന്തൊക്കെയാണ് ഓർത്തെടുക്കാൻ സാധിച്ചത്. ആരെയൊക്കെ ഓർത്തെടുക്കാൻ സാധിച്ചു. വിഹാൻ.. അവനെ മാത്രം. ഇപ്പോൾ എന്റെ ഓർമ്മകളിൽ അവൻ മാത്രമേയുള്ളൂ ഡോക്ടർ. അവനുമൊത്തുള്ള നിമിഷങ്ങൾ.. അവന്റെ ചിരി അങ്ങനെയെല്ലാം.. അദ്ദേഹം ചിരിയോടെ കേട്ടിരുന്നു. അവൾ ആ മുഖത്തേക്ക് ഉറ്റുനോക്കി. ശ്രാവണിക്ക് ആദ്യമായി പ്രണയം തോന്നിയ പുരുഷൻ മാത്രമല്ല വിഹാൻ. ലഭിക്കാതെ പോയ വാത്സല്യം ലഭിക്കാനും ഒരു കുടുംബത്തിന്റെ സ്നേഹലാളനകൾ അനുഭവിക്കാനും കാരണക്കാരനായവൻ അയാളാണ്. അവൻ തനിക്ക് നൽകിയത് പ്രണയം മാത്രമായിരുന്നില്ല ശ്രാവണി കരുതലും സുരക്ഷിതത്വവും സ്നേഹവുമൊക്കെയായിരുന്നു.

അതുകൊണ്ടായിരിക്കാം തന്റെ ഓർമ്മകളിലേക്കുള്ള മടക്കത്തിൽ വിഹാൻ നിറഞ്ഞു നിൽക്കുന്നതും. ക്രമേണ തനിക്കെല്ലാവരെയും ഓർത്തെടുക്കുവാൻ സാധിക്കും. തന്റെ തലയിലെ ഞരമ്പുകൾക്കേറ്റ ക്ഷതം അതുകൊണ്ടാണ് ഓർമ്മകൾ നഷ്ടമായത്. അതിനാൽ തന്നെ തലവേദന കാണും. പെയിൻ കില്ലേഴ്സ് തരുവാൻ കഴിയില്ല അതിന്. ഞാൻ അന്ന് പറഞ്ഞതുപോലെ യോഗ കൊണ്ട് മനസ്സിനെ ശാന്തമാക്കുക. ബീ പോസിറ്റീവ് ശ്രാവണി. അദ്ദേഹം അവളുടെ ചുമലിൽ മെല്ലെ തട്ടി. അദ്ദേഹം പകർന്നു നൽകിയത് ആത്മവിശ്വാസത്തിന്റെ ചെറുനാളങ്ങളായിരുന്നു.

അവളിൽ അത് ആളിക്കത്തുവാൻ ഉതകുന്നതുമായിരുന്നു. വിഹാൻ അകത്തേക്ക് വരുമ്പോൾ മുട്ടിന്മേൽ മുഖം ചേർത്ത് കുനിഞ്ഞിരിക്കുകയായിരുന്നു ശ്രാവണി. സാരിയുടെ മുന്താണി അലസമായി ഒഴുകി കിടക്കുന്നുണ്ടായിരുന്നു. മടിയിലേക്ക് അവൾ വീണതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പരിഭ്രമിച്ചതും അവനോർത്തു. ഒടുവിൽ ചീറിപ്പാഞ്ഞ് കാറോടിച്ചെത്തുമ്പോൾ അയ്യർ സാർ എന്തുകൊണ്ടോ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ശ്രീക്കുട്ടീ.. അവൾ തലയുയർത്തി നോക്കി. മനസ്സാകെ തണുപ്പ് പടർന്നതുപോലെ. അവനെക്കുറിച്ചുള്ള ഓർമ്മയിൽ തെളിഞ്ഞവയെല്ലാം മനസ്സിലൂടെ കടന്നുപോയി.

ലജ്ജയാൽ അവളുടെ കവിൾത്തടങ്ങൾ തുടുത്തു. അവളുടെ ഓർമ്മകൾ മടങ്ങി വരികയാണെന്നും അവളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളൊന്നും പാടില്ലെന്നും അൽപ്പം മുൻപ് അയ്യർ പറഞ്ഞത് അവന്റെ മനസ്സിലൂടെ കടന്നുപോയി. ഡിസ്ചാർജ് ആയി. പോകാമോ.. അവൻ മെല്ലെ ചോദിച്ചു. മ്.. അവൾ മെല്ലെ ബെഡിൽ നിന്നുമിറങ്ങി. വീഴാനാഞ്ഞ അവളെയവൻ ചേർത്തു പിടിച്ചു. മെല്ലെയൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ അവനോടൊപ്പം മെല്ലെ നടന്നു. അപ്പോഴും വിഹാൻ അവളെ കരുതലോടെ പിടിച്ചിട്ടുണ്ടായിരുന്നു . വീട്ടിൽ എത്തുമ്പോൾ എല്ലവരും പരിഭ്രാന്തിയോടെ ഓടിയണഞ്ഞു.

നേരത്തെ തന്നെ വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു. ആരും വരേണ്ടെന്നും പറഞ്ഞതിനാൽ എല്ലാവരും വീർപ്പുമുട്ടിയിരുന്നു. എല്ലാവരുടെയും സ്നേഹവും ഉൽഘണ്ഠയും അവളും കാണുകയായിരുന്നു. ഓണത്തിന് ആദ്യമായി ഈ വീട്ടിൽ എത്തിച്ചേർന്ന ഓർമ്മ അവളിൽ മിന്നലൊളി പോലെ കടന്നുവന്നു. കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നു.. അടക്കാനാകാത്ത ആഹ്ലാദം കൊണ്ട്.. ഇപ്രാവശ്യം ആ അമ്മയെ ഇറുകെ പുണരുമ്പോൾ നിർവികാരികത അല്ലായിരുന്നു.. മനസ്സ് നിറയെ സന്തോഷമായിരുന്നു വീണ്ടുമാ വാത്സല്യക്കടലിൽ അലിഞ്ഞു ചേരാനായതിൽ. അച്ഛാ.. എന്ന് വിളിച്ചുകൊണ്ട് അച്ഛന്റെ മാറിലേക്കണയുമ്പോൾ ആ വൃദ്ധഹൃദയം സന്തോഷത്താൽ കുതിച്ചുയർന്നിരുന്നു.. കാരണം അത്രമേൽ ആ പെൺകുട്ടി അയാളിൽ സ്ഥാനം ഉറപ്പിച്ചിരുന്നു.

ഏട്ടന്റെ ചൂടിലേക്കും ഏടത്തിയുടെ നെഞ്ചിലേക്കുമവൾ ഒതുങ്ങിയപ്പോൾ ഇപ്രാവശ്യം എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞത് അമിതാഹ്ലാദത്താലായിരുന്നു.. അവരുടെ ശ്രീയുടെ തിരിച്ചു വരവിൽ ഉണർന്നിരുന്നു അപ്പോഴേക്കും “ശ്രാവണവിഹാർ “.. അവളുടെ ഓർമ്മകളിൽ നിറഞ്ഞുനിന്ന നാലുവയസ്സുകാരനിൽ നിന്നുമുള്ള മാറ്റത്തോടെ ഇഷാൻ കുസൃതിച്ചിരിയോടെ അവളെ പുണർന്നു. എല്ലാം കണ്ട് വിഹാൻ നിന്നു. അവന്റെ മനസ്സിൽ അപ്പോൾ പൊന്നിമലയിലെ അമ്മനായിരുന്നു. തന്റെ കണ്ണുനീർ ആ പാദങ്ങളിൽ വീണുടഞ്ഞപ്പോൾ അമ്മ നൽകിയ വരപ്രസാദമായിരുന്നു തന്റെ പെണ്ണ്.. അവളുടെ തിരിച്ചുവരവ്. രാത്രി ഏറെ വൈകിയാണ് ശ്രാവണി റൂമിലേക്ക് എത്തിയത്.

ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോഴേ വിഹാൻ അവിടെയുണ്ടാകുമെന്ന് അവൾക്ക് മനസിലായി. വിഹാൻ ബാൽക്കണിയുടെ കൈവരിയിൽ കൈകളൂന്നി നിൽക്കുകയായിരുന്നു. പിച്ചകത്തിന്റെ നറുമണം അവിടെ പരന്നൊഴുകുന്നുണ്ടായിരുന്നു. ആയിരം കണ്ണുകൾ മിഴി ചിമ്മിയതുപോലെ മുല്ലപ്പൂക്കൾ വിടർന്നു നിൽപ്പുണ്ടായിരുന്നു. പൂക്കളുടെ മാസ്മരികഗന്ധം അവൾ ആഞ്ഞു ശ്വസിച്ചു. മനസ്സിൽ നിറഞ്ഞുനിന്നത് വിഹാനും അവന്റെ പ്രണയവും മാത്രം.. പ്രണയം പങ്കുവച്ച നിമിഷങ്ങളും അവനുമൊരുമിച്ചുള്ള ഓർമ്മശീലുകളിൽ ഉള്ളവയും അവളിൽ നിറഞ്ഞുനിന്നു. സങ്കീർണ്ണതകൾക്കെല്ലാം വിരാമം നൽകിക്കൊണ്ട് അവളുടെ കരങ്ങൾ വല്ലികൾപോലെ വിഹാന്റെ വയറിൽ ചുറ്റി.

പൂവ് പോലെ അവളവനിൽ അമർന്നു. അവളുടെ സാമീപ്യം മനസ്സിലാക്കിയെന്നവണ്ണം അവന്റെ കൈകൾ അവളുടെ കൈകൾക്ക് മേലെ അമർന്നു. നിശ്ശബ്ദമായ നിമിഷങ്ങൾ.. നിലാവ് പോലും അവരുടെ മൗനപ്രണയത്തിന് സാക്ഷ്യം വഹിച്ചു. നക്ഷത്രങ്ങൾ കൺചിമ്മാൻ മറന്ന് മൂകമായി നോക്കിനിന്നു. എന്റെ ഓർമ്മത്താളുകളിൽ നീ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്.. നമ്മുടെ പ്രണയമാണ് ഇപ്പോഴെന്റെ മനസ്സ് നിറയെ. എന്റെ ഹൃദയത്തുടിപ്പ് പോലും നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുകയാണ്. നിന്നിൽ നിന്നും മോചിതയാകുവാനല്ല എന്നും ചേർന്നിരിക്കുവാൻ… വിഹാനോട് ചേർന്നിരിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. നിന്നെ ഞാൻ മറന്നുപോയതിൽ ഞാനെത്ര മാത്രം വേദനിക്കുന്നുവെന്നറിയാമോ.. മരണത്തേക്കാൾ വലിയ വേദനയായിരുന്നില്ലേ ഞാൻ നിനക്ക് നൽകിയത്.

മരണത്തിൽ പോലും നിന്നെ മറക്കാനാഗ്രഹിക്കാത്ത ഞാൻ നിന്നെ മറന്നുപോയിരുന്നു വിഹാൻ. അവളുടെ കണ്ണുനീർ അവന്റെ ശരീരത്തെ നനച്ചു കൊണ്ടിരുന്നു. അവൻ തിരിഞ്ഞുനിന്നു. അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു. കണ്ണുനീർ വീണ് നനഞ്ഞ അവളുടെ മുഖത്തേക്ക് അലിവോടെയവൻ നോക്കി. നെറുകയിൽ മൃദുലമായി അവന്റെ അധരം പതിഞ്ഞപ്പോൾ കണ്ണുകളടച്ച് പൂർണ്ണ മനസ്സോടെ അവളത് സ്വീകരിച്ചു. അവളവന്റെ കൈകളിലെ മുറിപ്പാടുകളിലേക്ക് ചുണ്ട് ചേർത്തു. ഒരിക്കലും നീ വേദനിക്കുന്നത് കാണാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ തന്നെ നിന്റെ വേദനകൾക്ക് കാരണമായി. എങ്ങനെയാണ് വിഹാൻ നീയെന്നെ ഇത്രമാത്രം സ്നേഹിക്കുന്നത്. അതിനുമാത്രം യോഗ്യത എനിക്കുണ്ടോ.. അവനവളുടെ ചുണ്ടുകൾക്ക് കുറുകെ വിരൽ വച്ചു.

അരുതെന്ന് അവന്റെ മിഴികൾ അവളോട് മൊഴിഞ്ഞു. മറക്കില്ലെന്ന് വാക്ക് നൽകിയ എനിക്കെങ്ങനെ നിന്നെ മറക്കാനാകും പെണ്ണേ. ഓരോ പ്രാവശ്യം അപരിചിതനെപ്പോലെ നീയെന്നെ നോക്കുമ്പോൾ ഉരുകുമ്പോഴും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു നീ എനിക്ക് നൽകിയിരുന്ന വാക്കിൽ. നിന്റെ ഈ കണ്ണുകൾ നിറയുന്നത് കാണുവാൻ ഇഷ്ടമല്ലാത്തവനാണ് ഞാൻ. നീ എന്നെ മറന്നിട്ടില്ലല്ലോ ശ്രീക്കുട്ടീ. നിന്റെ മനസ്സിന്റെ ആഴക്കടലിനടിയിൽ ഒരു ചെപ്പിൽ ഞാനുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പെണ്ണേ ഓർമ്മയില്ലായ്മ നിന്നിൽ നിറഞ്ഞു നിന്നപ്പോഴും എനിക്കായി ഒരിടം നിന്നിലുണ്ടായിരുന്നത്.

പലപ്പോഴും നീയത് തിരിച്ചറിയാതെ പോയെന്ന് മാത്രം. നീ എന്നിൽനിന്നുമകന്ന കാലത്തേക്കാൾ എനിക്കിഷ്ടം നിന്നെ ആദ്യമായി കണ്ട നിമിഷം ഓർക്കുവാനാണ്. ഒരിക്കലും അകലാതിരിക്കുവാനല്ലേ അമ്മനെ സാക്ഷിയാക്കി അനുഗ്രഹത്തോടെ നിന്റെ കഴുത്തിൽ ഞാനീ താലി ചാർത്തിയത്. ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും നമ്മളിനി അകലില്ല. രണ്ടരവർഷത്തെ മറവി നീയെന്നെ സ്നേഹിച്ച് വീട്ടിയാൽ മതിയെടീ.. അവളുടെ നെറ്റിയിന്മേൽ നെറ്റി മുട്ടിച്ച് അവനത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു. അവരുടെ പൊട്ടിച്ചിരിക്ക് സാക്ഷ്യമെന്നോണം കുളിർക്കാറ്റ് തെന്നിയലച്ചെത്തി.

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 16

പ്രണയവിഹാർ: ഭാഗം 17

പ്രണയവിഹാർ: ഭാഗം 18

പ്രണയവിഹാർ: ഭാഗം 19

പ്രണയവിഹാർ: ഭാഗം 20

പ്രണയവിഹാർ: ഭാഗം 21

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 22

പ്രണയവിഹാർ: ഭാഗം 23

പ്രണയവിഹാർ: ഭാഗം 24

പ്രണയവിഹാർ: ഭാഗം 25