Wednesday, December 18, 2024
Novel

പ്രണയമഴ : ഭാഗം 11

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ശിവ ജൂനിയർ പെൺകുട്ടിയോട് കൂടുതൽ അടുപ്പം കാണിക്കുന്നത് ഗീതുവിൽ അസ്സൂയയും ദേഷ്യവും നിറച്ചു. അവർക്ക് അരികിലേക്ക് പോകാൻ പിടഞ്ഞു എഴുന്നേക്കാൻ ശ്രെമിക്കുമ്പോൾ ഗീതു മരത്തിന്റെ വേരിൽ തട്ടി നിലത്തു വീണു. ഇടതു കാലു അടുത്ത് കിടന്ന കല്ലിൽ തട്ടി ആഴത്തിൽ മുറിഞ്ഞു.

ശരീരത്തിന്റെ വേദനയെക്കാളും കൂടുതൽ അവളെ വേദനിപ്പിച്ചത് താൻ വീണിട്ടു പോലും ശിവ ഓടി വന്നില്ല എന്നു ഓർത്തു ആയിരുന്നു.

ദൂരെ മാറി നിന്നു സംസാരിക്കുന്ന ശിവ തന്റെ പെണ്ണ് വീണത് കണ്ടില്ല എന്നത് ആയിരുന്നു സത്യം. പക്ഷെ ഗീതു കരുതിയത് ശിവ മനപ്പൂർവം തന്റെ അടുക്കലേക്ക് വന്നില്ല എന്നായിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. ആ കണ്ണുനീർ തുള്ളികളും മനസ്സിലെ ദേഷ്യവും കുശുമ്പും ശിവയോടുള്ള പ്രണയത്തിന്റെ പ്രതീകം ആണെന്ന് മനസിലാക്കാൻ ഇനിയും വൈകിക്കൂടാ.

പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം…. അവൾക്കു ബുക്ക്‌ തിന്നാൻ അല്ലാണ്ട് സ്വന്തം മനസ്സിന്റെ ശബ്ദം കേക്കാൻ അറിയില്ലല്ലോ? ഉള്ളിന്റെ ഉള്ളിൽ എത്ര സ്നേഹം ഉണ്ടെങ്കിലും വെറുപ്പ് ആണെന്നും എനിക്ക് നിന്നെ ഇഷ്ടം അല്ലെന്നും പറഞ്ഞു നടക്കാനും അറിയാം. എന്റെ അല്ലേ നായിക ഇങ്ങനെ ആയില്ല എങ്കിലേ അത്ഭുതം ഉള്ളൂ.

ഗീതു വീണത് കണ്ടു ആദ്യം എല്ലാരും ചിരിച്ചു.പക്ഷേ അവൾക് അവിടെ നിന്നും എണീക്കാൻ പറ്റുന്നില്ല എന്നു കണ്ടപ്പോൾ രാഹുലും കാർത്തിയും ഹിമയും വരുണും ഓടി ചെന്നു.

ഒന്നു ഉറക്കെ കരയാൻ പോലും കഴിയാതെ പിടയുക ആയിരുന്നു ആ പാവം മിണ്ടാപ്രാണി. കാലിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി. അത്രക്ക് ശക്തിയിൽ ആയിരുന്നു കല്ലിൽ ഇടിച്ചത്. ഹിമ അവളെ താങ്ങി എണീപ്പിക്കാൻ ശ്രെമിച്ചു. പക്ഷേ എണീക്കാൻ പോയിട്ട് ഇടതു കാലു ഒന്നു അനക്കാൻ പോലും അവൾക് പറ്റിയില്ല.

ബഹളം കേട്ടു ശിവ തിരിഞ്ഞു നോക്കുമ്പോഴാണ് കാലിൽ നിന്നും ചോര വാർന്നു നിലത്തു വീണു കിടക്കുന്ന ഗീതുവിനെ അവൻ കണ്ടത്. സഹിക്കാൻ കഴിയുന്നതിലും അപ്പുറത്ത് ആയിരുന്നു അവനു ആ കാഴ്ച്ച. അവൻ ഗീതുനു അടുത്തേക്ക് പാഞ്ഞു.

“ഗീതു….എന്താ ടാ നിനക്ക് പറ്റിയത്?? ഇതു എങ്ങനെ ആ കാലു ഇത്രയും മുറിഞ്ഞത്??? ടാ എണീക്കേടാ… നമുക്ക് ഹോസ്പിറ്റലിൽ പോകാം. ടി മോളെ എണീക്കേടി.” ഗീതുവിന്റെ അവസ്ഥ കണ്ടു ശിവ പരിസരം പോലും മറന്നിരുന്നു. അവൾ ആകട്ടെ എണീക്കാൻ ശ്രെമിച്ചു എങ്കിലും ദയനീയമായി പരാജയപ്പെട്ടു.

“ഡാ ഞാൻ അവളെ എണീപ്പിക്കാൻ നോക്കിയതാ. അവൾക് അനങ്ങാൻ പോലും പറ്റുന്നില്ല….ഡാ ടീച്ചറിനോട് പറഞ്ഞു നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാമെടാ ഇവളെ”…. ഹിമ ഗീതുവിന്റെ വേദന കണ്ടു കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു.

“ഞാൻ പോയി ടീച്ചറിനെ വിളിച്ചിട്ട് വരാം” അതും പറഞ്ഞു വരുൺ സ്റ്റാഫ് റൂമിലേക്ക് ഓടി. അവനും നന്നായി പേടിച്ചു പോയിരുന്നു. കാർത്തിയുടെയും രാഹുലിന്റേയും അവസ്ഥയും മറിച്ചു ആയിരുന്നില്ല.

ഗീതുവിന്റെ അവസ്ഥ അവർക്കും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവർക്ക് അവൾ സ്വന്തം പെങ്ങളൂട്ടി തന്നെ ആണ്. ഒന്നു ഉറക്കെ കരയാൻ പോലും കഴിയാതെ സ്വന്തം പെങ്ങൾ പിടയുന്നത് ഏതെങ്കിലും കൂടെപ്പിറപ്പിനു സഹിക്കോ???

കൂടെ പിറപ്പു ആകാൻ ഒരു വയറ്റിൽ ജനിക്കണം എന്നില്ലല്ലോ….. പരസ്പ്പരം സഹോദരങ്ങൾ ആയി കണ്ടാൽ മതിയല്ലോ

ഗീതുവിനു എണീക്കാൻ കഴിയില്ല എന്നു മനസിലാക്കിയ ശിവ അവളെ രണ്ടു കൈ കൊണ്ടും കോരിയെടുത്തു. കണ്ടു നിന്ന എല്ലാവരും ഒരു നിമിഷം ഞെട്ടി.

പക്ഷേ അവളെ നെഞ്ചോട് ചേർത്ത് മുന്നോട്ടു നടക്കുമ്പോൾ അവന്റെ മനസ്സിൽ പ്രണയമെന്ന വികാരത്തെക്കാളേറെ കരുതൽ ആയിരുന്നു… അവൾ വേദന കൊണ്ടു പിടയുന്നത് കൊണ്ടുള്ള സങ്കടം ആയിരുന്നു. അപ്പോഴേക്കും വരുണിനോടൊപ്പം ടീച്ചർമാർ ഓടി എത്തി.

ഇമ്പ്രൂവ്മെന്റ് എക്സാം നടക്കുന്നത് കൊണ്ടു തന്നെ അവിടത്തെ ടീച്ചർമാർ ഒന്ന് രണ്ടു പേർ മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നതു. ബാക്കി എല്ലാരും എക്സാം ഡ്യൂട്ടിക്കു വേണ്ടി പുറത്തു നിന്നു വന്നവർ. ആ ടീച്ചർമാരും ഓടി എത്തിയിരുന്നു.

അവരും ആ സമയം മറ്റൊന്നും ചിന്തിക്കാതെ വേദനകൊണ്ടു പുളയുന്ന ഗീതുവിനെ മാത്രമാണ് ശ്രെദ്ധിച്ചത്‌. സദാചാര ചിന്തകൾക്ക് അവിടെ പ്രസക്തി ഇല്ലായിരുന്നു.

ഫസ്റ്റ് എയ്ഡ് കൊടുത്തിട്ടും വേദന കുറയുന്നില്ല എന്നു കണ്ടത് കൊണ്ടു ടീച്ചർമാർ അപ്പൊ തന്നെ കുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി..രണ്ടു ടീച്ചർമാരോടോപ്പം ശിവയും ഉണ്ടായിരുന്നു ഗീതുവിനു കൂട്ടായി .. പരീക്ഷ പോലും വേണ്ടന്ന് വെച്ച് ബാക്കി 4പേരും ഒപ്പം വരാൻ ഒരുങ്ങിയപ്പോൾ പിടയുന്ന വേദനക്ക് ഇടയിലും അവരെ തടഞ്ഞത് ഗീതു ആയിരുന്നു.

ഹോസ്പിറ്റലിൽ കൊണ്ടു ചെന്നപ്പോൾ തന്നെ ഡോക്ടർമാർ വന്നു നോക്കി എക്സ്‌റേയും മറ്റും എടുപ്പിച്ചു. മുറിവും സ്റ്റിച് ഇട്ടു. വേദന കുറയാൻ ആയി ഒരു ഇൻജെക്ഷനും എടുത്തു.

അതിന്റെ മയക്കത്തിൽ ഗീതു ഉറങ്ങി കഴിഞ്ഞപ്പോഴാണ് അവളുടെ അച്ഛനും അമ്മയും എത്തിയത്. അച്ഛനും അമ്മയും വന്നത് കൊണ്ടു ടീച്ചർമാർ തിരിച്ചു പോയി…. വൈകുന്നേരം പരീക്ഷ എഴുതിക്കഴിഞ്ഞു രാഹുലും കാർത്തിയും വരുണും വീട്ടിൽ പോലും പോകാതെ ഹോസ്പിറ്റലിൽ എത്തിയിരുന്നു.

ഹിമക്കും ഒപ്പം വരണം എന്നു ഉണ്ടായിരുന്നു. പക്ഷേ വീട്ടിലേക്ക് കുറച്ചു അധികം ദൂരം ഉള്ളതു കൊണ്ടു അവൾക് പോകാതെ മറ്റു വഴി ഇല്ലായിരുന്നു.

എല്ലാരും എത്തുമ്പോഴേക്കും ഗീതു ഉണർന്നിരുന്നു. ഇൻജെക്ഷൻ ഓക്കേ എടുത്തു വേദന മാറിയത് കൊണ്ടു തന്നെ ആളുടെ മുഖത്ത് പഴയ കുസൃതിയും ചിരിയും ഓക്കേ തിരിച്ചു വന്നിരുന്നു. അച്ഛനും അമ്മയും നന്നായി പേടിച്ചു എന്നു അവരുടെ മുഖത്തു നിന്നു തന്നെ മനസിലാക്കാം. ഡോക്ടർ ചെക്ക് ചെയ്യാൻ വന്നപ്പോഴും ഗീതു പുഞ്ചിരിയോടെ കിടന്നു.

“ആഹാ….ഇപ്പോൾ ആളു അങ്ങു ഉഷാർ ആയല്ലോ? കൊണ്ടു വന്നപ്പോൾ എന്തു കരച്ചിൽ ആയിരുന്നു…. മോളു ചിരിക്കുമ്പോഴാ കാണാൻ ആണ് കൂടുതൽ ഭംഗി. എപ്പോഴും പുഞ്ചിരിയോടെ ഇരിക്കണം കേട്ടോ.” ഡോക്ടർ അങ്കിൾ പറഞ്ഞത് കേട്ടപ്പോഴും അവളുടെ മുഖത്ത് ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.

“കാലിൽ പൊട്ടൽ ഒന്നും ഇല്ല…. വീഴുമ്പോൾ കല്ലുകൊണ്ടു നന്നായി മുറിഞ്ഞിട്ട് ഉണ്ട്. ചെലപ്പോൾ അതിന്റെ വേദന ആയിരുന്നിരിക്കണം.

പിന്നെ ഈ കുട്ടീടെ കാലിൽ കുറച്ചു കാലത്തിനു ഇടക്ക് എന്തെങ്കിലും ഓപ്പറേഷൻ നടന്നിട്ട് ഉണ്ടോ?? ” ഡോക്ടർ ഗീതുവിന്റെ പേരന്റ്സിനോട് ചോദിച്ചു.

“നടന്നിട്ട് ഉണ്ട്…. ഒരു ഒന്നര വർഷത്തിനു മുൻപ്. ഒരു ആക്‌സിഡന്റ് നടന്നിരുന്നു. അന്നു മോൾടെ കാലിനും തലയ്ക്കു സാരമായ പരിക്ക് ഉണ്ടായിരുന്നു. അന്നു ഓപ്പറേഷൻ നടത്തിയിരുന്നു. ആ ആക്‌സിഡന്റിൽ ആണ് മോൾടെ ശബ്ദവും പോയത്.”

അമ്മ കണ്ണീരോടെ പറഞ്ഞു. അതിനെ കുറച്ചു കേട്ടപ്പോൾ ഗീതുവിന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുമന്നു. പകയുടെ കനലുകൾ പൂർവ്വധികം ശക്തിയോടെ ആളിക്കത്താൻ തുടങ്ങി…സർവ്വവും നശിപ്പിക്കാനുള്ള വെമ്പലോടെ!!!

“ഓക്കേ….. അപ്പൊ ആ ഓപ്പറേഷൻ നടന്ന കാലിൽ പെട്ടന്ന് ഒരു ക്ഷതം ഏറ്റപ്പോൾ ഉള്ള പ്രശ്നം ആണ്. പേടിക്കാൻ ഒന്നും ഇല്ല. ഒരാഴ്ച റസ്റ്റ്‌ എടുക്കണ്ണം. എല്ലാം ശെരി ആകും. ” അതും പറഞ്ഞു ഡോക്ടർ പോയി.

അന്നു വൈകുന്നേരം തന്നെ ഗീതുവിനെ ഡിസ്ചാർജ് ചെയ്തു. പയ്യന്മാർ നാലു പേരും അതുവരെയും അവളോടൊപ്പം ഉണ്ടായിരുന്നു.

ഒടുവിൽ എല്ലാവരും പിരിയുന്ന സമയത്തും നമ്മുടെ കാന്താരിയുടെ മനസ്സിൽ ആ പെൺകുട്ടി ശിവയോടു എന്താ പറഞ്ഞത് എന്നു അറിയാൻ ഉള്ള ആകാംഷ ആയിരുന്നു.

അവൾക്കു ശിവയോടു പ്രണയം ആയിരിക്കുമോ എന്ന ചിന്ത പോലും ഗീതുവിനെ ഭ്രാന്ത് പിടിച്ചു.

എങ്കിലും എന്തായിരുന്നു ആ കുട്ടി ശിവയോടു പറഞ്ഞത്. സത്യത്തിൽ അവൾ ഗീതുവിന്റെ ജീവിതത്തിൽ കണ്ണീരു സമ്മാനിക്കാൻ വന്നവൾ ആയിരിക്കുമോ?

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10