Saturday, July 13, 2024
Novel

ഈ യാത്രയിൽ : ഭാഗം 4

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

Thank you for reading this post, don't forget to subscribe!

“പിന്നെ ഡോക്ടർ സാറേ… ഇപ്പൊ കിട്ടിയതു എനിക്ക് ഇന്നലേയും ഇന്നും തന്നതിന്റെ കണക്കല്ല… ഇതിനു കുറച്ചു കാലപ്പഴക്കമുണ്ട്… ഒരു രണ്ടു വർഷത്തോളം… ഡോക്ടർ സാറിനു ഓർമയുണ്ടോ” അവളുടെ ചോദ്യത്തിൽ അവൻ കണ്ണു മിഴിഞ്ഞു പോയി… ഇതേതു കണക്കു…അവന്റെ തലയും പുകയാൻ തുടങ്ങി…

“സാറിനു മുൻപ് എന്നെ കണ്ട വല്ല മുഖ പരിചയവും തോന്നുന്നുണ്ടോ…” അവൾ പുരികമുയർത്തി കഥകളിക്കാരെ പോലെ കണ്ണുകൾകൊണ്ടും ചോദ്യമാവർത്തിച്ചു. അവൻ ഒന്നു ആലോചന പൂണ്ടു… ഈ കണ്ണുകൾ… കണ്ണുകൾ കണ്ടപ്പോൾ തന്നെ എവിടെയോ കണ്ട നല്ല പരിചയം തോന്നിയിരുന്നു… പ്രത്യേകിച്ചു ദേഷ്യം വരുമ്പോൾ കണ്ണുകളിൽ പടരുന്ന ആ രക്ത വർണ്ണം… ആ ചുവപ്പു… അതെവിടെയോ മുൻപ് കണ്ടു മനസ്സിൽ പതിഞ്ഞതാണെന്നു തോന്നിയിരുന്നു… പക്ഷെ… ഓർമ കിട്ടുന്നില്ല… എവിടെയാണെന്ന്…. കുറച്ചു നിമിഷങ്ങൾ അറിയാതെ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കിനിന്നു….
ഇയാളോട് ഓർത്തുനോക്കാൻ പറഞ്ഞിട്ടു ഇയാളെന്താ എന്റെ കണ്ണിൽ തന്നെ നോക്കി നിക്കുന്നെ… അവൾ ആത്മഗതം പറഞ്ഞുകൊണ്ട് അവനോട് പുരികമുയർത്തി ചോദ്യമാവർത്തിച്ചു….
അവൻ ഇല്ലായെന്നു ചുമൽ കൂച്ചിയപ്പോൾ അവൾ രൂക്ഷമായ നോട്ടം തൊടുത്തു. അതുകണ്ട് മഹി വാ തുറന്നു പറഞ്ഞു “ഇല്ല”. മഹിയുടെ വാ തുറന്നുള്ള മറുപടിയിൽ അവളുടെ ചുണ്ടിൽ ഒരു ചിരി പൊട്ടിയുതിർന്നു. പരമാവധി അവളതു അടക്കി പിടിക്കുന്നത് കണ്ടു അവൻ ക്രോധം പൂണ്ടു… “ഡി…” അലറി വിളിച്ചു അവൾക്കരികിലേക്കു മഹി പാഞ്ഞു ചെന്നു. അവന്റെ വരവിനെ ദേവി അവളുടെ കൈകൾ കൊണ്ടു തന്നെ തടഞ്ഞു നിർത്തി. മഹി ദേഷ്യം കൊണ്ടു നിന്നു വിറച്ചു…. “ഒരു പീറ പെണ്ണു തന്നെ കൈ വച്ചിരിക്കുന്നു… ഇതിനുള്ളത് തിരിച്ചടി തന്നില്ലെങ്കിൽ മഹിയൊരു ആണല്ല…”
മഹിയുടെ രോക്ഷവും ദേഷ്യവും മനസിലാക്കിയ ദേവി പിന്നെ അവനെ ദേഷ്യം പിടിപ്പിക്കാൻ നിന്നില്ല. തങ്ങൾക്കിടയിലെ മഹി മറന്നുപോയ ആ കഥ അവൾ പറഞ്ഞു തുടങ്ങി.

ഏകദേശം രണ്ടു വർഷം മുൻപ് അടുത്ത വീട്ടിലെ രേഖ ചേച്ചിയുടെ കുട്ടിയെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതായിരുന്നു. അന്ന് കുട്ടികളുടെ ഡോക്ടർ ലക്ഷ്മി നല്ല പേരെടുത്തു തുടങ്ങുന്നതെയുള്ളൂ. രേഖ ചേച്ചിയുടെ മോൾ മാളൂട്ടിക്കു നല്ല പനിയായിരുന്നു. കാഷ്യലിറ്റിയിൽ കാണിച്ചപ്പോൾ ഡോക്ടർ op യിൽ ഉണ്ട് അവിടേക്ക് ചെന്നാൽ മതി വേഗം കാണാമെന്നു പറഞ്ഞു. ഞങ്ങൾ കുട്ടിയെയും കൊണ്ടു ചെല്ലുമ്പോൾ അധികം തിരക്കൊന്നുമില്ല. എന്നാലോ ഡോക്ടറുടെ ക്യാബിനിൽ ഉള്ളിൽ നിൽക്കേണ്ട സിസ്റ്റർ പുറത്തു ഡോർ ഹാൻഡിൽ പിടിച്ചു നിൽക്കുന്നുമുണ്ട്. മാളുവിന് നല്ല ഹൈടെംപേറെച്ചറായിരുന്നു. അതുപോലെ ഒട്ടും വയ്യാതിരിക്കുന്ന കുറച്ചു കുട്ടികൾ അവിടെയുണ്ടായിരുന്നു. ഞങ്ങൾ ഉള്ളിലേക്ക് കയറാൻ തുടങ്ങിയതും സിസ്റ്റർ തടഞ്ഞു നിർത്തി. അകത്തു ഡോക്ടർ മറ്റൊരു ഡോക്ടർ ആയിട്ടു എന്തോ കാര്യമായ ചർച്ചയിലാണ് പോലും. ആരുടെയോ കേസ് നോക്കുകയാണെന്നോ മറ്റോ പറഞ്ഞു. ശരി, കുറച്ചു നേരം ഞങ്ങൾ പുറത്തു കാത്തു നിന്നു. അപ്പോഴേക്കും കുഞ്ഞിന്റെ പനി ചൂടിൽ കുട്ടിയെ പിടിച്ച അമ്മപോലും പൊള്ളി തുടങ്ങിയിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും അകത്തെ ചർച്ച കഴിഞ്ഞിരുന്നില്ല. പുറത്തു കാത്തു നിന്നവരിൽ കുറച്ചു പേര് മുറു മുറുപ്പു തുടങ്ങിയിരുന്നു. പുറത്തു നിന്ന സിസ്റ്റർ ആണെങ്കിലോ ഉള്ളിലേക്ക് കടത്തി വിടുന്നതുമില്ല. ഞാൻ കുറെ ആ സിസ്റ്ററോട് ദേഷ്യപ്പെട്ടു. കാര്യമില്ലെന്ന് മനസിലായപ്പോൾ ഞാൻ ആ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറിയ ഞാൻ കണ്ട കാഴ്ച…. ഹൊ… ഡോക്ടർ ലക്ഷ്മി അവിടെ കൂടെ ഉണ്ടായ ഡോക്ടർ ആയിട്ടു വലിയ ചർച്ച തന്നെയായിരുന്നു…. ചുംബന സമരത്തെ കുറിച്ചായിരുനെന്നു മാത്രം…. ആ ഡോക്ടറെ ഇയാൾ അറിയും…നിങ്ങളുടെ ഹോസ്പിറ്റലിൽ തന്നെയുള്ള കാർഡിയാക് ഡിപ്പാർട്മെന്റിലെ ഡോക്ടർ വിശാൽ….
“വാട്ട്… ലച്ചു…. dr.വിശാൽ ആയിട്ടു… അതും ” മഹി അതിശയം കൊണ്ട് ദേവിയെ മുഴുവൻ പറയിക്കാൻ സമ്മതിച്ചില്ല. “നീ… നീ നുണ പറയുകയാണ്…. അങ്ങനെയൊന്നും… അതും പബ്ലിക് ആയി….” മഹിക്കു ഒട്ടും വിശ്വസിക്കാനായില്ല…
“പബ്ലിക് ആയി…. ആരാ ഈ പറയുന്നേ…. പബ്ലിക് ആയി ഒന്നും ചെയ്യാത്ത ഒരാള്” നിറഞ്ഞ ഒരു പുച്ഛത്തോടെ മഹിയെ നോക്കി കൊണ്ടു അവൾ തുടർന്നു…. “ഞാൻ പറഞ്ഞു കഴിഞ്ഞില്ല…. ആ രംഗം കണ്ടതും എനിക്കങ്ങു പെരുത്തു കയറി. അവിടെ നടന്നത് തികച്ചും അവരുടെ പേർസണൽ കാര്യങ്ങളാണ്. എന്നിരുന്നാലും അതൊരു ഹോസ്പിറ്റൽ അല്ലെ അവിടെ പേർസണൽ കാര്യങ്ങളെക്കാൾ വരുന്ന രോഗികൾക്കല്ലേ മുൻഗണന കൊടുക്കേണ്ടത്…. ഒന്നും നോക്കിയില്ല കൊടുത്തു തനിക്കു ഇപ്പൊ തന്നതുപോലെ അവളുടെ രണ്ടു കരണത്തും ഓരോന്നും… അന്ന് അതവിടെ വലിയ പുകിലായി… ലേബർ റൂമിൽ ആയിരുന്ന താൻ വിവരമറിഞ്ഞു എത്തിയപ്പോൾ കേട്ട കഥയിൽ ഒരു ആവശ്യവുമില്ലാതെ ഞാൻ ലക്ഷ്മിയെ തല്ലിയത് മാത്രേ അറിഞ്ഞുള്ളൂ. കേട്ട പാതി കേൾക്കാത്ത പാതി നിങ്ങൾ ഓടി വന്നു നിങ്ങളുടെ മഹാലക്ഷ്മിയെ വന്നു പൊതിഞ്ഞു പിടിച്ചതും ദേഷ്യം കൊണ്ടു നിങ്ങൾ എന്നെ അടിച്ചതും ഓർക്കുന്നുണ്ടോ” ദേവി പറഞ്ഞു നിർത്തിയ നിമിഷം അവളുടെ കണ്ണുകളിൽ വീണ്ടും രക്ത വർണ്ണം വിതറി കഴിഞ്ഞിരുന്നു. അതു അങ്ങിങ്ങായി ചിതറി വീണിരുന്നു… ആ കണ്ണുകൾ അന്നത്തെ ദിവസത്തെ വീണ്ടും ഓർമിപ്പിച്ചു.
ലക്ഷ്മിയെ ഒരു പെങ്കൊച്ചു തല്ലിയെന്നു മാത്രേ അറിഞ്ഞുള്ളൂ. ഓടി അവൾക്കരികിലേക്കു ചെല്ലുമ്പോൾ കരഞ്ഞു രണ്ടു കവിളുകളും അഞ്ചു വിരലുകൾ പതിഞ്ഞു തിണർത്തിരിക്കുന്ന ലച്ചുവിന്റെ മുഖം വല്ലാത്ത വേദനയുണ്ടാക്കിയിരുന്നു മനസ്സിൽ. ആ വേദനയും വിങ്ങലും അധികരിച്ച്… പിന്നെ ഹോസ്പിറ്റലിൽ കയറി ഒരു ഡോക്ടറെ തല്ലാൻ മാത്രം അതും ഒരു പീറ പെണ്ണു…. ആ ദേഷ്യത്തിൽ അവളുടെ മുഖം പോലും നോക്കാതെ അവൾക്കും കൊടുത്തു തിരിച്ചു ഒന്നു… അവളുടെയും കരണത്ത് തന്നെ…. അപ്പോഴും ദേഷ്യത്തിൽ ചുവന്ന ആ രണ്ടു ഉണ്ടക്കണ്ണുകൾ എന്തൊക്കെയോ എന്നോട് പറയുന്നുണ്ടായിരുന്നു… പോലീസിൽ അറിയിക്കാമെന്നു പറഞ്ഞപ്പോൾ ലച്ചു ആയിരുന്നു വിലക്കിയത്…. അവൾക്കു കേസും പൊല്ലാപ്പും ഒന്നും പറ്റില്ല പറഞ്ഞിട്ടു…. അതു… അതപ്പോൾ ഒരു അടവായിരുന്നു അല്ലെ… മഹി അന്നത്തെ ദിവസത്തിലേക്ക് ഒരു ഓട്ട പ്രദിക്ഷണം നടത്തി നോക്കി…. എത്ര വലിയ ചതിയായിരുന്നു ലക്ഷ്മി തന്നോട് ചെയ്തതെന്ന് ആലോചിച്ചപ്പോൾ അവനു അവളോട്‌ അറപ്പും വെറുപ്പും തോന്നി… ആ സംഭവം കഴിഞ്ഞും അവൾ തന്നെ പ്രണയിച്ചു പറ്റിക്കുകയായിരുന്നോ… അവൻ ആകെ ചിന്ത ഭാരത്തോടെ പിൻ കഴുത്തിൽ കൈകൾ ചേർത്തു തലയിൽ അള്ളി പിടിച്ചു ദേഷ്യത്തിൽ നിന്നു …..
“ഒരു ഡോക്ടറുടെ ഉത്തരവാദിത്യം മറന്നതുകൊണ്ടാണ് ആദ്യ അടി അവൾക്കു കൊടുത്ത്… രണ്ടാമത്തെ അടി നിങ്ങളെ ചതിച്ചു നിങ്ങളുടെ കണ്മുന്നിൽ വച്ചു തന്നെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും പൊടികൾ നിങ്ങളുടെ കണ്ണിൽ തൂകി നിങ്ങളുടെ കാഴ്ചയെ മറച്ചു നിങ്ങളുടെ മുന്നിൽ വച്ചു നടത്തിയ ആ പ്രണയ നാടകത്തിനു കൂടിയായിരുന്നു അടുത്ത അടി..” ദേവി പറഞ്ഞു നിർത്തി മഹിയെ നോക്കുമ്പോൾ അവൻ അവിടെ അതിശയം പൂണ്ടു നിൽക്കുകയാണ്. ഇവൾക്കിതു… എങ്ങനെ…. കഴിഞ്ഞ രാത്രിയിൽ ഈ കാര്യം എഴുന്നള്ളിച്ചപ്പോൾ കരുതിയത് അമ്മ പറഞ്ഞതായിരിക്കുമെന്നാണ്… പക്ഷെ ഇതു… അതിക്കു മുന്നേ അവൾക്കു അറിയാമായിരുന്നു…. അവന്റെ തലയിൽ ഒരുപാട് ചോദ്യങ്ങളിൽ ഒരേ സമയം മിന്നി മാഞ്ഞു… അവന്റെ എന്തോ പോയുള്ള നിൽപ്പു കണ്ടു ഉള്ളിലൂറിയ ചിരി മറച്ചു കൊണ്ടു ദേവി അവനെ അറിയിച്ചു. “എനിക്ക് നിങ്ങളുടെ പ്രണയം എങ്ങനെ അറിയമെന്നല്ലേ… ഇതിപ്പോ പറഞ്ഞപോലെ വഴിയേ പറയാം… നമുക്ക് മുന്നിൽ ദിവസങ്ങൾ നീണ്ടു നിവർന്ന് കിടക്കുവല്ലേ… അവളെപോലെ ഒരുത്തിക്കു വേണ്ടി തന്റെ ജീവിതത്തിലെ നല്ല ദിവസങ്ങൾ വെറുതെ കളഞ്ഞതിനും സ്വയം ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്നതിനുമാണ് തനിക്കു ഇപ്പൊ എന്റെ കയ്യിന് കിട്ടിയതു… പിന്നെ ആവശ്യമില്ലാതെ ഇനിയെന്റെ ശരീരത്തു കൈവെച്ചാൽ…. ഇപ്പോ കിട്ടിയ അനുഭവം ഓര്മയിലിരിക്കട്ടെ” അവസാന വാചകം ഒരു താക്കീതോടെ പറഞ്ഞുകൊണ്ട് ദേവി മുറി വിട്ടു പുറത്തേക്കു പോയി.
മഹി അപ്പോഴും ചിന്തമഗ്‌ധനായിരുന്നു. അപ്പൊ താനറിയാതെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ട്. ലക്ഷ്മിയുടെ ചതി. വിശാലിന് അറിയാമായിരുന്നല്ലോ ഞങ്ങളുടെ റിലാഷൻഷിപ്പ്. എന്നിട്ടും.. അപ്പൊ അറിഞ്ഞുകൊണ്ട് തന്നെ ചതിക്കുകയായിരുന്നോ… അവനാകെ ഭ്രാന്തു പിടിക്കുമ്പോലെ തോന്നി… ദേഷ്യത്തിൽ മുറിയിലെ ടേബിളിൽ ഇരുന്ന ഫ്ലവർവെയ്‌സ് എറിഞ്ഞുടച്ചു… കണ്ണിൽ ലക്ഷ്മിയോടുള്ള ദേഷ്യമായിരുന്നു….
മഹി ഹോസ്പിറ്റലിൽ പോയിരുന്നില്ല. സന്ധ്യയോടെ അടുപ്പിച്ചു അവനൊരു എമെർജൻസി കേസ് ഉണ്ടെന്നു ഹോസ്പിറ്റലിൽ നിന്നും വിളി വന്നു. ഗൈനക്കോളജി ഡോക്ടർ എന്ന നിലയിൽ അവന്റെ പ്രൊഫഷനിൽ അവൻ നല്ല കൈപുണ്യമുള്ള ഡോക്ടർ എന്നൊരു നല്ല പേരു സമ്പാദിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രസവ കേസുകൾ ധാരാളം ഉണ്ടാകാറുണ്ട്. അവൻ അപ്പോൾ തന്നെ പോകാൻ റെഡിയായി. അവന്റെ ബാഗുമായി ഇറങ്ങിയ അവൻ അത്യാവശ്യം എന്തോ മറന്നപ്പോലെ തിരികെ കയറി അലമാര തുറന്നു അവന്റെ ഷർട്ടുകൾക്കു ഇടയിൽ നിന്നും കോണ്ടം പാക്കറ്റ് കയ്യിലെടുത്തു… അതിൽ നിന്നും ഒന്നു രണ്ടെണ്ണം കൂടി എടുത്തു പോക്കറ്റിൽ തിരുകി ബാക്കിയുള്ളത് അലക്ഷ്യമായി അലമാരയിൽ വച്ചു അവൻ ദൃതിയിൽ ഇറങ്ങി ഹോസ്പിറ്റലിലേക്ക്.
മഹിയുടെ കാർ കണ്ണിൽ നിന്നും മറയും വരെ ബാൽക്കണിയിൽ നിന്നും നോക്കി കണ്ടു ദേവി. കണ്ണുകളടച്ചു ഒരു കൈപിഴയും അവനുണ്ടാകരുതെന്നു മൗനമായി പ്രാർത്ഥിച്ചു അവൾ അകത്തേക്ക് കയറി. അപ്പോഴാണ് അലമാര ശരിക്കും അടയ്ക്കാതെ തുറന്നു കിടക്കുന്നത് കണ്ടത്. ദേവി അവിടം ഒതുക്കി വയ്ക്കാൻ തുടങ്ങി. അപ്പോഴാണ് കോണ്ടം പാക്കറ്റുകൾ അവളുടെ കയ്യിൽ തടഞ്ഞത്. ഒരു നിമിഷം അവൾ അതിലേക്കു നോക്കി നിന്നു. എല്ലാ പാക്കറ്റും എടുത്തു ഭദ്രമായി തന്നെ എടുത്തു വയ്‌ക്കുകയും ചെയ്തു. തിരികെ ബെഡിൽ വന്നിരിക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. മഹേഷ് ഡോക്ടറിന്റെ ഒരുപാട് ദുശീലങ്ങളേ കുറിച്ചു കേട്ടിരിക്കുന്നു. അതിലൊന്ന് ഹോസ്പിറ്റലിലെ തന്നെ ചില സ്റ്റാഫ് പെണ്കുട്ടികളുമായി… നാട്ടിൽ പരസ്യമായ രഹസ്യം… ആ സത്യം അഗീകരിച്ചേ മതിയാകൂ… ദേവി താലിയിൽ മുറുകെ പിടിച്ചു… തന്റെ നെഞ്ചോടു ചേർത്തു കണ്ണുനീർ ധാരയായി ഒഴുകിയിരുന്നു… അവളുടെ കണ്ണുനീർ വീണു താലിപോലും പൊള്ളിയുരുകുംപോലെ….
മഹി ലേബർ റൂമിലേക്ക് കേറും മുന്നേ വാതിലിൽ ഹാൻഡിലിൽ പിടിച്ചൊന്നു നിന്നു. കണ്ണുകൾ ഇറുക്കെയടച്ചു ഒരു ദീർഗശ്വസമെടുത്തു വിട്ടു. ശേഷം വാതിൽ തുറന്നു ഉള്ളിലേക്ക് പോകുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. ശാന്തമായിരുന്നു ആ സമയം അവന്റെ മനസും. പ്രസന്നതയുള്ള മുഖഭാവം. അവന്റെ പുഞ്ചിരിയിൽ വേദനയിൽ കിടന്നു പുളഞ്ഞ പെഷ്യൻറ് പോലും കുറച്ചു നിമിഷം വേദന മറന്നു ഒരു ആശ്വാസത്തിന്റെ നെടുവീർപെട്ടു. തികച്ചും മറ്റൊരു വ്യക്തിയായി മാറുകയായിരുന്നു മഹി. ഡോക്ടർ മഹേഷ് എന്ന വ്യക്തിയിലേക്കുള്ള മാറ്റം. മഹിയുടെ വരവ് ആ സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ നഴ്‌സുമാർക്കും സന്തോഷം നൽകി. അവൻ വന്നു പെഷ്യൻറ്നെ പരിശോധിച്ചു. പേടിച്ചും ടെൻഷൻ അടിച്ചും കിടന്ന പെണ്കുട്ടിയുടെ കവിളിൽ പതിയെ തട്ടി അവൻ സമാധാനിപ്പിച്ചു. “പേടിക്കണ്ട… കുട്ടിക്ക് ഒരു കുഴപ്പവുമില്ല. ഹെർട് ബീറ്റ് എല്ലാം നോര്മലാണ്. പൊസിഷനും കൃത്യമാണ്. തിരിഞ്ഞു വരുന്നതുകൊണ്ടാണ് വേദനിക്കുന്നത്….കുറച്ചു ശക്തമായ വേദന കൂടി ഉണ്ടാകും… സാരമില്ല കേട്ടോ… ഒന്നുമില്ല” മഹി ആ പെണ്കുട്ടിയുടെ കരങ്ങൾ പൊതിഞ്ഞു പിടിച്ചു പറയുമ്പോൾ അവളുടെയുള്ളിൽ ആരെല്ലാമോ വേണ്ടപ്പെട്ടവർ കൂടെയുണ്ടെന്ന തോന്നലായിരുന്നു. നല്ല വേദന വരുമ്പോൾ കടിച്ചു പിടിച്ചു സഹിക്കുന്നത് കണ്ട മഹി അവൾക്കരികിലേക്കു ചെന്നു കൊണ്ടു പറഞ്ഞു. “വേദനിക്കുന്നുണ്ടെങ്കിൽ കരയണം. ഇങ്ങനെ കടിച്ചു പിടിച്ചു സഹിക്കരുത്. നമ്മുടെ വികാരങ്ങളേ അതു എന്തു തന്നെയായലും ഒരു പരിധിയിൽ കൂടുതൽ തളച്ചിടരുത്. കുട്ടിക്കു ഉറക്കെ കരയണമെന്നു തോന്നിയാൽ നിലവിളിച്ചു തന്നെ കരയു. ആരും വഴക്കു പറയില്ല കേട്ടോ…” അവന്റെ വാക്കുകൾ ശരിക്കും അവളുടെ വേദനയിൽ ഒരു ആശ്വാസമായി പെയ്തിറങ്ങി. ആ വാക്കുകളുടെ ദ്വയാർത്ഥം മനസിലാക്കിയ പോലെ സിസ്റ്റർ ഡെയ്സി മഹിയെ നോക്കി വശ്യമായി ചിരിച്ചു. അവന്റെ ചുണ്ടിലും അതേ പുഞ്ചിരി തന്നെയുതിർന്നു…. കുറച്ചു സമയങ്ങൾക്കൊടുവിൽ ഒരു ആണ്കുഞ്ഞിനെ പ്രസവിച്ചു…. കുട്ടിയെ അമ്മയുടെ മുഖത്തിനു നേരെ കാണിച്ചു… ആ അമ്മയുടെ മുഖത്തെ അതുവരെയുള്ള… ആ നിമിഷം വരെയുള്ള വേദനയുടെ ഭാവങ്ങളൊക്കെ എവിടെയോ പോയി ഒളിച്ചിരുന്നു… സ്വന്തം കുഞ്ഞിനെ ഒന്നു ഉമ്മ വയ്ക്കാൻ ആ വേദനയിലും മുന്നോട്ടു ആഞ്ഞ ആ അമ്മയെ നോക്കി മഹി പുഞ്ചിരിച്ചു കുട്ടിയെ ഒന്നുകൂടി ചേർത്തു പിടിച്ചു… ഉമ്മ കൊടുത്തു കഴിഞ്ഞപ്പോൾ മഹി തന്നെ കുട്ടിയെ നഴ്സുമാരുടെ കൈകളിൽ കൊടുത്തു വൃത്തിയാക്കി സുന്ദരകുട്ടപ്പനാക്കാൻ… ലേബർ റൂമിലെ വസ്ത്രം മാറി പ്രസവം കഴിഞ്ഞ പെഷ്യന്റിനെ ഒന്നുകൂടി ചെക്ക് ചെയ്തു തിരികെ നടക്കാൻ ആഞ്ഞ അവന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടു”താങ്ക്സ് ഡോക്ടർ” ചിരിച്ചുകൊണ്ടുപറഞ്ഞപ്പോൾ… അവന്റെയുള്ളൂ നിറയാൻ ആ ചിരി മാത്രം മതിയായിരുന്നു…. മറുപടിയായി അവനും ഒരു നിറപുഞ്ചിരി നൽകി കൈകളിൽ മെല്ലെ തട്ടി പുറത്തേക്കു നടന്നു.
ഒരുപാട് രാത്രിയായിരുന്നു. ഹോസ്പിറ്റലിൽ തന്നെ ഏറ്റവും മുകളിൽ വിശാലമായ ഒരു റൂം സജ്ജീകരിച്ചിട്ടുണ്ട്. ഒരു ബെഡും അട്ടച്ചേഡ് ബാത്റൂം അത്യാവശ്യം പാക്കറ്റ് ഫുഡ് വയ്ക്കാൻ ഒരു ഫ്രിഡ്ജ്. അങ്ങനെ. മഹി കീ ഉപയോഗിച്ചു വാതിൽ തുറന്നു. ചാരിയിട്ടു… ആരെയോ പ്രതീക്ഷിച്ച പോലെ… കീയും ഫോണും ബാഗുമെല്ലാം ടേബിളിൽ വച്ചു ജനൽ തുറന്നിട്ടു. ഒരു തണുത്ത കാറ്റു വന്നു പൊതിഞ്ഞു. മഴ ചാറ്റൽ ഉണ്ടായിരുന്നു… തണുത്ത കാറ്റിനൊപ്പം വന്ന മഴ തുള്ളികളിലെ തണുപ്പു അവന്റെ സിരകളിലെ രക്തത്തെ ചൂട് പിടിപ്പിക്കുന്നത് അവനറിഞ്ഞു…. ഒരു സിഗരറ്റ് കയ്യിലെടുത്തു കത്തിച്ചു നീട്ടി വലിച്ചു പൊകച്ചു തള്ളി… കുറച്ചു നിമിഷങ്ങൾ അവൻ കഴിഞ്ഞ ഇന്നലകളിലൂടെ കടന്നുപോയി… ദേവി… അവന്റെ മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു… അവൻ വലിച്ചു വിടുന്ന പുകചുരുളുകൾ പല രൂപങ്ങൾ കണക്കെ ചിത്രങ്ങൾ വരച്ചു വായുവിലുയർന്നു കൊണ്ടിരുന്നു… കുറച്ചു നിമിഷങ്ങൾക്ക് ശേഷം രണ്ടു കൈകൾ വന്നു അവനെ പുറകിലൂടെ ചുറ്റി പിടിച്ചു വയറിൽ കൈകോർത്തു നിന്നു. ആ മുഖം അവന്റെ തോളിൽ അമർന്നു…”ഡെയ്‌സി…” അവളൊന്നു കുറുങ്ങി..മൂളി…
“സാർ കല്യാണം കഴിഞ്ഞതോടെ എന്നെ വിടുമെന്ന ഞാൻ കരുതിയത്…. ശരിക്കും വിഷമിച്ചു പോയി… കഴിഞ്ഞ ദിവസം പോകുമ്പോൾ പോലും എത്ര ആർമാധിച്ചതാണ്… എന്നിട്ടു ഒരു വാക്കു പോലും പറഞ്ഞില്ല കല്യാണമായിരുന്നുവെന്നു” ഡെയ്‌സി പരിഭവത്തിന്റെയും പരാതിയുടെയും കെട്ടുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി.
മഹി അവളുടെ കൈകൾ പിടിച്ചു അവനു അഭിമുഖമായി തിരിച്ചു നിർത്തി. എങ്കിലും അവന്റെ നോട്ടം വിദൂരത്തിൽ ആയിരുന്നു. ജനലിനുള്ളിലൂടെ അവൻ ആഞ്ഞു പെയ്യുന്ന മഴയെ നോക്കിക്കണ്ടു… ശക്തമായി മഴയോടൊപ്പം പ്രതിരോധിക്കുന്ന കാറ്റിനെ നോക്കി കണ്ടു… കുറച്ചു നിമിഷങ്ങൾ ഡെയ്സി അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി…. പക്ഷെ അവന്റെ നോട്ടം തനിക്കു കിട്ടുന്നില്ല കണ്ടു മഹിയുടെ കവിളിൽ പതിയെ തലോടി… അവളുടെ സ്പര്ശനം അറിഞ്ഞപോലെ അവന്റെ കണ്ണുകൾ അവൾക്കു നേരെ നീങ്ങി… സിഗരറ്റ് ഒരു പഫ് കൂടിയെടുത്തു ജനലിലൂടെ പുറത്തേക്കിട്ടു… ശേഷം… വായിലെ പുക അവളുടെ മുഖത്തേക്കു പതിയെ ഊതി വിട്ടു… ആ പുകചുരുളിൽ ലയിച്ചു അവൾ മിഴികൾ പൂട്ടി നിന്നു…. ഒരു നിമിഷത്തിനു ശേഷം.. മിഴികൾ തുറക്കുമ്പോഴും അവന്റെ കണ്ണുകൾ വിദൂരതയിലായിരുന്നു. അവൾ ഒരു പരിഭവമെന്നോണം അവന്റെ താടിയിൽ പിടിച്ചു അവളുടെ മുഖത്തേക്കു തിരിച്ചു പിടിച്ചു. അവൻ കഷ്ടപ്പെട്ടു ഒരു പുഞ്ചിരി വരുത്തി നൽകി അവൾക്കു… ഡെയ്സി അവളുടെ കൈകളെകൊണ്ടു അവന്റെ നെഞ്ചിലെ രോമകാടിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് വല്ലാതെ ചേർന്നു നിന്നു മുറുക്കി ഒന്നു മുരണ്ടു… അവന്റെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു… അപ്പോഴും അവനിൽ ഒരു ഭാവ വ്യത്യാസമില്ലാതെ നിൽപ്പായിരുന്നു… “എനിക്കറിയാമായിരുന്നു എന്നെ തേടി വരുമെന്ന്… ഈ പരാക്രമം സഹിക്കാൻ എനിക്ക് മാത്രമല്ലേ പറ്റു” അവന്റെ കാതോരം മന്ത്രിച്ചു അവന്റെ ചെവിയിൽ പതുക്കെ കടിച്ചു. അവൻ ഒരു വശ്യമായ ചിരിയോടെ അവളെ ഇടുപ്പിൽ ചേർത്തു മുറുക്കെ അടുപ്പിച്ചു ചുണ്ടിൽ ചുംബിച്ചു കൊണ്ടിരുന്നു. ഇടുപ്പിൽ മുറുകിയ കൈകൾ അഴഞ്ഞു അവളുടെ ശരീരത്തെ വലം വയ്ക്കാൻ തുടങ്ങിയപ്പോൾ അവന്റെ മനസിലേക്ക് കണ്ണുകളിൽ രക്ത വർണ്ണം നിറഞ്ഞു ഉണ്ടക്കണ്ണുകൾ തുറപ്പിച്ചു വെളുത്ത കവിളുകളും മൂക്കിന് തുമ്പും താടിയുമെല്ലാം ദേഷ്യത്താൽ ചുവന്നു നിൽക്കുന്ന ഭദ്രകാളിയുടെ… ദേവിയുടെ മുഖം മിന്നൽ പോലെ മനസിലേക്ക് എറിഞ്ഞു… മനസ്സിൽ ആ മുഖം കൂടുതൽ തെളിമയോടെ നിറഞ്ഞു വരാൻ തുടങ്ങിയപ്പോൾ ഡെയിസിയെ പിടിച്ചു അവൻ പുറകിലേക്ക് തള്ളി… പെട്ടന്നുള്ള അവന്റെ പ്രവൃത്തിയിൽ അവൾ ജനലിൽ തട്ടി നിന്നു… അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ഇടിച്ചുകൊണ്ടു ഒരു സിഗരറ്റ് കൂടി പുകച്ചു. അവൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് പുറകിലൂടെ നെഞ്ചിൽ പിടിച്ചപ്പോൾ തന്നെ അവളുടെ കൈകളെ അവൻ വലിച്ചെറിഞ്ഞു. വല്ലാത്തൊരു മുഖഭാവം കണ്ടപ്പോൾ അവളൊന്നു പകച്ചു അവനെ നോക്കി. മഹി വല്ലാത്തൊരു ആവേശത്തോടെ സിഗരറ്റിനെ പുല്കുകയാണ്…
“ഡെയ്സി… ലച്ചു…അല്ല ലക്ഷ്മിക്ക് ഡോക്ടർ വിശാലുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ…” ജനലിനു അരികിലേക്ക് വീണ്ടും നടന്നുകൊണ്ടു അവൻ ചോദ്യമെറിഞ്ഞു.”അവന്റെ ശബ്ദത്തിലെ കടുപ്പം മനസിലാക്കിയത് കൊണ്ടു ഡെയ്‌സി മറച്ചു വച്ചില്ല. “അറിയാം…എനിക്കറിയായിരുന്നു…. കുറച്ചൊക്കെ എനിക്ക് കണ്ണടക്കേണ്ടി വന്നിട്ടുണ്ട്..”ഒരു ക്ഷമാപണം പോലെ അവൾ പറഞ്ഞുകൊണ്ട് തല കുമ്പിട്ടു. അവൻ കയ്യിലെ സിഗരറ്റ് ഒന്നുകൂടി പുകച്ചു പുറത്തേക്കെറിഞ്ഞു. മഴത്തുള്ളികളിൽ ആ തീപ്പൊരി ചേർന്നപ്പോൾ ഒരു നനുത്ത ശബ്‌ദം കേട്ടു… മഹി വാലേറ്റിൽ നിന്നും രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകളെടുത്തു അവളെ ഒരു കൈ പിടിച്ചു വലിച്ചു. ഡെയ്‌സി അവന്റെ നെഞ്ചിൽ തട്ടി നിന്നു….ആ നോട്ടുകൾ ചുരിദാറിന്റെ കഴുത്തിലൂടെ ഇഴച്ചു അവളുടെ മാറിലേക്ക് തള്ളി വച്ചു….”വിയർപ്പൊഴുക്കാതെ ഇന്ന് നീ ഇതു കൊണ്ടുപോക്കോ…ഇനി മേലിൽ ഈ മുറിയിലേക്ക് നിന്നെ കണ്ടു പോകരുത്….ok” അവന്റെ കത്തുന്ന കണ്ണുകളിൽ നോക്കാൻ ഡെയ്‌സി ഒന്നു ഭയപ്പെട്ടു. അത്രയും ദേഷ്യത്തിൽ അവനെ ഇതുവരെ അവൾ കണ്ടിരുന്നില്ല…. സ്ഥാനം തെറ്റിയ ചുരിദാർ നേരെയാക്കി അവൾ മുറി വിട്ടു ഇറങ്ങുമ്പോഴും അവസാനമായി ഒന്നു തിരിഞ്ഞു നോക്കി… മഹി അപ്പോഴും ജനലിനു സമീപം നിന്നു പുറത്തെ കോരി ചൊരിയുന്ന മഴയെ നോക്കി കാണുകയായിരുന്നു….. ആ നിമിഷത്തിൽ അവന്റെയുള്ളിൽ രണ്ടു ഉണ്ടക്കണ്ണുകൾ മാത്രം ജ്വലിച്ചു നിന്നു.
ചെയ്യാൻ ജോലികൾ ഒന്നുമില്ലാത്തതുകൊണ്ടു അമ്മയുടെ റൂമിലേക്ക് വെറുതെ കേറിയതായിരുന്നു ദേവി. അമ്മ അവൾക്കു കാണുവാൻ വേണ്ടി പഴയ ആൽബം എല്ലാം എടുത്തു വയ്ക്കുകയായിരുന്നു. അവൾ ചിരിയോടെ അടുത്തു ചെന്നിരുന്നു. കുറെ നേരത്തെ മനസിന്റെ ഭാരത്തെ ആ കുഞ്ഞു ചിരിയിൽ അവൾ ഇറക്കി വച്ചു. പതിയെ ആൽബം ഓരോന്നും മറച്ചു നോക്കാൻ തുടങ്ങി. പഴയ മഹിയേട്ടനെ അവൾ നോക്കി കണ്ടു. ആ കുസൃതി നിറഞ്ഞ കണ്ണുകൾ കണ്ടു അവളുടെ ചുണ്ടിലും ചിരി വിരിഞ്ഞു… അടുത്ത പേജ് മറച്ചപ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടി ഒഴുകാൻ വെമ്പി നിന്നു… ആ ഫോട്ടോയിലൂടെ വിരലോടിച്ചു അവൾ മനസിൽ മന്ത്രിച്ചു…”വിഷ്ണു…. എന്റെ വിച്ചു”

ഫോട്ടോയിൽ അവളുടെ നോട്ടം കണ്ടു സുഭദ്ര അമ്മ പറഞ്ഞു …”ഇതാണ് വിഷ്ണു … ഞങ്ങളുടെ വിച്ചു… മഹിയുടെ അനിയൻ”

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഈ യാത്രയിൽ : PART 1

ഈ യാത്രയിൽ : PART 2

ഈ യാത്രയിൽ : PART 3