നിഴൽ പോലെ : ഭാഗം 17
എഴുത്തുകാരി: അമ്മു അമ്മൂസ്
ദർശൻ അവന്റെ കൈയിൽ ഉള്ള താലിയിലേക്ക് തന്നെ നോക്കി ഇരുന്നു.
“ഇനി അധികം ദിവസമില്ല മാളു. എത്രയും പെട്ടെന്ന് തന്നെ നമ്മുടെ വിവാഹം നടന്നിരിക്കും. പിന്നെ നീ എങ്ങനെ ഗൗതമിന് സ്വന്തമാകും. നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ അതീ ദർശന്റെ കൂടെ മാത്രം ആയിരിക്കും”.
അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ആരെയും ഗൗനിക്കാതെ ഭക്ഷണം കഴിക്കുന്ന മനീഷിനെ മാളു വിഷമത്തോടെ നോക്കി. തന്റെ വിവാഹം ഉറപ്പിച്ച ശേഷം ഏട്ടൻ ഇതുവരെ ഒന്ന് സംസാരിച്ചിട്ടു കൂടിയില്ല.
അവൾ വിഷമത്തോടെ അച്ഛനെ നോക്കി. അച്ഛൻ സംസാരിച്ചോളാം എന്ന് അവളെ കണ്ണടച്ചു കാണിച്ചു.
ഉറക്കം വരാതെ ഉമ്മറത്തു വന്നിരിക്കുകയായിരുന്നു മനീഷ്. തന്റെ വാക്കുകൾക്കും തീരുമാനങ്ങൾക്കും ഇവിടെ വില ഇല്ല എന്നുള്ള ദർശന്റെ വാക്കുകൾ അവന്റെ മനസ്സിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു..
ദക്ഷിണ അവൾ പോലും തന്റെ കൂടെ നിൽക്കാതെ കുറ്റപ്പെടുത്തുകയാണ് ചെയ്തത് . അവൾക്കു വേണ്ടി ആയിരുന്നു എല്ലാം ചെയ്തത്. ദർശന്റെ കൂടെ നിന്ന് ഗൗതമിനെ ചതിച്ചതും അവൾക്ക് വേണ്ടി മാത്രം ആയിരുന്നു. അവളെ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ.
ഗൗതം അവൻ തന്നെ ഒരുപാട് വിശ്വസിച്ചിരുന്നു. പക്ഷേ അതിനും മേലെ ആയിരുന്നു ദച്ചു. പക്ഷേ ഇപ്പോഴും അവൾ തന്നെ മനസ്സിലാക്കിയോ എന്നറിയില്ല. അവൾക്ക് അവളുടെ ഏട്ടൻ മാത്രം ആയിരുന്നു എന്നും വലുത്.
ആലോചനയിൽ മുഴുകി ഇരുന്നതിനാൽ അച്ഛൻ വന്നു അരികിൽ ഇരുന്നതൊന്നും അവൻ അറിഞ്ഞതേ ഇല്ല.
“മാളുവിന് ഏറ്റവും ഇഷ്ടം ആരെയാണെന്നറിയോ മനു നിനക്ക്”.
അച്ഛന്റെ ചോദ്യമാണ് ചിന്തകളിൽ നിന്നും മുക്തൻ ആക്കിയത്. കുറച്ചു സമയത്തേക്ക് അവൻ ഒന്നും മിണ്ടിയില്ല. തന്നെ തള്ളിക്കളഞ്ഞു എല്ലാവരും ഗൗതമിനെ സ്വീകരിച്ചതിന്റെ ദേഷ്യം അവനിൽ ഉണ്ടായിരുന്നു.
“ആ ഗൗതമിനെ ആയിരിക്കും. അതെന്തിനാ എന്നോട് പറയുന്നേ.” അവൻ ഈർഷ്യയോടെ ചോദിച്ചു.
മോഹൻ ഒന്ന് ചിരിച്ചു. “അല്ല മനു. അവൾക്ക് നിന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം. ദക്ഷിണക്കും പണത്തിനും വേണ്ടി നീ ഗൗതമിനെ ചതിച്ചു എന്നറിഞ്ഞപ്പോൾ പോലും അവൾ നിന്നെക്കുറിച്ചു ഒരിക്കൽ പോലും മോശമായി സംസാരിച്ചിട്ടില്ല.
എന്റെ ഏട്ടൻ ദർശന്റെ ചതിയിൽ പെട്ടതാണെന്ന് ഉറച്ചു വിശ്വസിച്ചു. ഇപ്പോഴും ആ സ്നേഹത്തിന് കുറവ് വന്നിട്ടില്ല എന്ന് തന്നെ ആണെന്റെ വിശ്വാസം. ”
മനു ഒന്നും മിണ്ടിയില്ല.
“നീ വിചാരിക്കുന്നുണ്ടാകും പിന്നെന്താ അവൾ നീ പറയുന്നത് കേൾക്കാതെ ഗൗതമിനെ വിവാഹം കഴിക്കാൻ പോകുന്നതെന്ന്. അവൾ അറിഞ്ഞിട്ടില്ലായിരുന്നു വിവാഹം ഉറപ്പിച്ചത്. ഞാൻ ഒറ്റക്ക് പോയിട്ടാണ് എല്ലാം തീരുമാനിച്ചത്”.
മനു അച്ഛനെ നോക്കി. ഒരിക്കലും അച്ഛന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല.
“നീ നോക്കണ്ട. നീ കാരണം തന്നെയാണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തത്. നീ തല്ലിയ അന്ന് വൈകുന്നേരം അവൾ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട് ഏട്ടന് ഇപ്പോൾ എന്നെക്കാളും വലുത് പണമാണ് അല്ലെ എന്ന്. അന്ന് ഞാൻ തീരുമാനിച്ചതാ ഇതെല്ലാം. ദർശനെ കുറിച്ചു എല്ലാ കാര്യങ്ങളും അറിയാവുന്ന നീ തന്നെ ഇങ്ങനെ ചെയ്യും എന്നവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല”.
“അവൻ മാളുവിനെ സ്നേഹിക്കുന്നില്ല. അവനെ സംബന്ധിച്ച് മാളു ഒരു ട്രോഫിയാണ് ഗൗതമിനെ തോൽപ്പിച്ചു നേടാൻ ഉള്ള ഒരു ട്രോഫി. ”
മോഹൻ അവന്റെ തോളിൽ കൈ ഇട്ടു. “നീ പറഞ്ഞത് പോലെ ദർശനുമായി ഉള്ള വിവാഹം നടത്തിയാലുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ മനു.”
“മാളുവിന് ഒരിക്കലും ദർശനെ സ്നേഹിക്കാൻ കഴിയില്ല. ആദ്യത്തെ വിജയത്തിന്റെ ലഹരി അവസാനിക്കുമ്പോൾ ദർശനും എങ്ങനെ ആയിരിക്കും അവളോട് പെരുമാറുക എന്ന് ചിന്തിച്ചു നോക്ക് മനു. അവളുടെ ജീവിതം അല്ലെ നശിക്കുന്നത്.
നിന്റെ വിരലിൽ തൂങ്ങി വളർന്ന കുഞ്ഞാ അവൾ. അവൾ നീറി ജീവിക്കുമ്പോൾ നിനക്ക് സന്തോഷം ആയിട്ടിരിക്കാൻ പറ്റുമോ. കഴിയില്ല മനു.
നീ അവളോട് സംസാരിക്കാത്തതിൽ അവൾക്ക് നല്ല വിഷമം ഉണ്ട്. നീ എല്ലാം ഒന്ന് ചിന്തിച്ചു നോക്ക് മനു”. അത്രയും പറഞ്ഞ ശേഷം മോഹൻ എണീറ്റ് പോയി.
മനു അച്ഛൻ പോയ വഴിയേ നോക്കി ഇരുന്നു. തനിക്ക് തെറ്റ് പറ്റിയോ. എടുത്ത തീരുമാനങ്ങൾ ഒക്കെ തെറ്റായിരുന്നോ. അവന്റെ മനസ്സ് അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു.
ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല അവന്. എത്രയും പെട്ടെന്ന് ദച്ചുവിനെ കണ്ടു സംസാരിക്കാൻ അവൻ തീരുമാനിച്ചു. ഇനിയും ഇങ്ങനെ വെറുതെ ഇരിക്കാൻ കഴിയില്ല. എത്രയും പെട്ടെന്ന് എല്ലാത്തിനും തീരുമാനം ആക്കിയേ പറ്റു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
ബീനയും വാസുദേവനും കൂടിയാണ് ഗൗതമിന്റെയും മാളുവിന്റെയും ജാതകം നോക്കിപ്പിച്ചത്. ഒരു മാസം കൂടിയേ മാളുവിന് വിവാഹ സമയം ഉള്ളൂ എന്ന് ഗൗതമിനോട് കള്ളം പറഞ്ഞതിനാൽ ഒരു മാസത്തിനുള്ളിൽ ഉള്ള മുഹൂർത്തം തന്നെ എടുക്കേണ്ടി വന്നു. അല്ലെങ്കിൽ ഇത് വരെ ചെയ്തതൊക്കെ വൃഥാവിൽ ആകുമെന്ന് ബീനക്ക് അറിയാമായിരുന്നു. ഒടുവിൽ മൂന്ന് ആഴ്ചക്ക് ശേഷം ഉള്ള ഒരു മുഹൂർത്തം കുറിച്ചു കിട്ടി.
മാളുവിന്റെ മനസ്സിൽ സന്തോഷം അടക്കി വെക്കാൻ കഴിയാത്ത സ്ഥിതി ആയിരുന്നു. ഒരിക്കലും ലഭിക്കില്ല എന്ന് കരുതിയ ജീവിതമാണ് മൂന്നാഴ്ചക്ക് ശേഷം നടക്കാൻ പോകുന്നത്.
ഓഫീസിൽ എത്തുമ്പോൾ മറ്റൊരു ദിവസവും ഇല്ലാത്ത ധൃതി ആയിരുന്നു അവൾക്ക്.
ഓടി ഗൗതമിന്റെ മുൻപിൽ എത്തിയെങ്കിലും ജോലിയിൽ മുഴുകി ഇരിക്കുന്ന അവനെ കണ്ടതും ആ ആവേശമൊക്കെ തനിയെ കെട്ടു.
“എത്ര ദിവസത്തെ ലീവിന് കൊടുക്കണം”. അപ്ലിക്കേഷൻ ഫോം കൈയിൽ പിടിച്ചു കൊണ്ട് കുറച്ചു നേരമായി തുടങ്ങിയ ആലോചനയിൽ ആണ് മാളു.
“മൂന്നാഴ്ച്ചയേ ഉള്ളൂ കല്യാണത്തിന്. ഇപ്പോഴേ പാർലറിൽ പോയി തുടങ്ങണം എന്നാലേ കല്യാണത്തിന് ഞെട്ടിക്കാൻ പറ്റു. പിന്നെ ഫ്രണ്ട്സിനെ കല്യാണം വിളിക്കാൻ പോണം. സ്വർണം എടുക്കണം ഡ്രസ്സ് എടുക്കണം അങ്ങനെ മൂന്നാഴ്ച്ച കല്യാണത്തിന് മുൻപുള്ള ലീവ്. കല്യാണം കഴിഞ്ഞു ഒരാഴ്ച വിരുന്നിനു പോകണം. ഹണിമൂൺ എത്ര ദിവസം ആണോ എന്തോ. ഹാ എല്ലാം കൂടി കൂട്ടി ഒരൊന്നര മാസം ലീവിന് കൊടുക്കാം.ഇവിടെ വന്നിരുന്നിട്ടും റൊമാൻസ് ഒന്നും നടക്കുന്നില്ലല്ലോ ബാക്കി ഉള്ള കാര്യങ്ങൾ എങ്കിലും നടക്കട്ടെ”. അവൾ സ്വയം പറഞ്ഞു.
“പെട്ടെന്ന് തന്നെ കൊണ്ട് കൊടുത്തേക്കാം. ലീവ് കിട്ടിയാൽ ഉടനേ ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടതാ”. അവൾ ഗൗതമിന്റെ ക്യാബിനിലേക്ക് നടന്നു.
“സർ” എന്നുള്ള വിളി കേട്ടപ്പോളാണ് ഗൗതം ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി നോക്കിയത്.
നോക്കിയപ്പോൾ കൈയിൽ ഒരു പേപ്പറും പിടിച്ചോണ്ട് നിൽപ്പുണ്ട് മുൻപിൽ.
ലീവ് അപ്ലിക്കേഷൻ ആണെന്ന് അവന് ആദ്യം തന്നെ തോന്നി. അത് വാങ്ങി നോക്കിയ ശേഷം അവളെ തന്നെ നോക്കി.
“ഇതെന്താ ഇത്”.
“ലീവ് അപ്ലിക്കേഷൻ. ”
“അത് മനസ്സിലായി. ഒന്നര മാസത്തെ ലീവ് എന്തിനാ എന്നാ ചോദിച്ചേ”. അവൻ വീണ്ടും ചോദിച്ചു.
ഇയാളെന്താ പൊട്ടനാണോ എന്ന ഭാവത്തിൽ അവൾ അവനെ നോക്കി. “മൂന്നാഴ്ചയെ ഉള്ളൂ എന്റെ കല്യാണത്തിന്. ഇഷ്ടം പോലെ തിരക്കില്ലേ അത് കൊണ്ട്”.
മനപ്പൂർവം പാർലറിൽ പോകുന്ന കാര്യം പറഞ്ഞില്ല. നാച്ചുറൽ ബ്യൂട്ടി ആണെന്ന് വിചാരിച്ചോട്ടെ.
“എന്റേം കല്യാണം ആണല്ലോ. ഞാൻ ലീവ് എടുക്കുന്നില്ലല്ലോ”. ഗൗതം ചെറിയൊരു ചിരിയോടെ പറഞ്ഞു. “അതിരിക്കട്ടെ കല്യാണം കഴിഞ്ഞിട്ട് വീണ്ടും മൂന്നാഴ്ച്ച എന്തിനാ ലീവ്.”
“അത് ഹണിമൂൺ”. അവൾ ഓർക്കാതെ പറഞ്ഞു. കണ്ണും തള്ളി നിൽക്കുന്ന ഗൗതമിനെ കണ്ടപ്പോളാണ് എന്താ പറഞ്ഞതെന്ന് മനസ്സിലായത്.
“അല്ല ഹണിമൂൺ വല്ലതും ഉണ്ടെങ്കിൽ പിന്നെ പ്രത്യേകം ലീവ് എടുക്കണ്ടല്ലോ എന്ന് വിചാരിച്ചാ.” അവൾ ചമ്മിയ ചിരിയോടെ പറഞ്ഞു.
“തൽക്കാലം ലീവും ഇല്ല ഹണിമൂണും ഇല്ല. മര്യാദക്ക് പോയി ജോലി എടുക്കാൻ നോക്ക്. ഒന്നര മാസത്തെ ലീവിന് വന്നേക്കുന്നു. എന്തായാലും ഞാനല്ലേ കെട്ടുന്നത് എനിക്കറിയാം എപ്പോ ലീവ് തരണം എന്ന്. ഇപ്പൊ പോയി തന്നിരിക്കുന്ന ജോലി നോക്കിക്കോ”. അവൻ ഇത്തിരി ഗൗരവത്തിൽ തന്നെ പറഞ്ഞു.
അവൾ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു നോക്കിയപ്പോൾ ചിരി വന്നെങ്കിലും ഒരുവിധം കണ്ട്രോൾ ചെയ്തു.
“ദുഷ്ടൻ….ചെകുത്താൻ എന്ന പേര് തന്നെയാ ചേരുന്നത്. കല്യാണം ഒന്ന് കഴിയട്ടെ ഞാൻ കാണിച്ചു തരാം. മൂക്കു കൊണ്ട് ക്ഷ എന്ന് വരപ്പിച്ചില്ലെങ്കിൽ എന്റെ പേര് മാളവിക എന്നല്ല. ”
അവൾ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞിട്ട് മുഖവും വീർപ്പിച്ചു പുറത്തേക്ക് പോയി. അവളുടെ പോക്ക് നോക്കി ഗൗതം ചിരിയോടെ നിന്നു.
ഗൗതമിന്റെ ക്യാബിനിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങി വരുന്ന മാളുവിനെ കണ്ടതും പ്രിയക്ക് ഇത്തിരി ആശ്വാസം തോന്നി.
ഗൗതമിന്റെ കൈയിൽ നിന്നും വഴക്കും വാങ്ങിയാണ് ആ വരവെന്നവൾക്ക് തോന്നി.
“എന്താണ് മാളവിക ഗൗതമിന്റെ കൈയിൽ നിന്നും കണക്കിന് കിട്ടി എന്ന് തോന്നുന്നല്ലോ.” പ്രിയ പുച്ഛത്തോടെ പറഞ്ഞു.
എന്തോ പ്രിയയുടെ ആ ചോദ്യം കേട്ടപ്പോൾ മാളുവിന് ഒരു കുസൃതി തോന്നി. അവൾ പെട്ടെന്ന് തന്നെ മുഖത്ത് വിഷമം വരുത്തി.
” ഇതിൽ കൂടുതൽ ഇനി എന്ത് കിട്ടാനാ മാഡം. ഗൗതം സാറിന്റെ കല്യാണം ഉറപ്പിച്ചു. ”
പ്രിയ ഞെട്ടലോടെ അവളെ നോക്കി.” എന്താ… ”
“ഹ്മ്മ്… സത്യമാണ് മാഡം. ഞാൻ ഇത്രയും വർഷം കാത്തിരുന്നത് വെറുതെ ആയല്ലോ എന്നോർക്കുമ്പോളാ”. അവൾ കണ്ണ് തുടയ്ക്കും പോലെ കാണിച്ചു.
“ലവ് മാര്യേജ് ആണത്രേ. സർ അങ്ങോട്ട് ചെന്നു ആലോചിച്ചതാ പെണ്ണിന്റെ വീട്ടിൽ. ആരാണോ എന്തോ ആ ഭാഗ്യവതി”.
പെട്ടെന്നാണ് പ്രിയക്ക് അവളുടെ ഡാഡി വിളിച്ചത് ഓർമ വന്നത്. ഇന്ന് രാവിലെ വിളിച്ചപ്പോ ഡാഡി പറഞ്ഞിരുന്നു മോൾക്ക് ഏറ്റവും സന്തോഷം നല്കുന്ന ഒരു സർപ്രൈസ് നാളെ തരും എന്ന്.
“ഇതായിരുന്നോ ഡാഡി ആ സർപ്രൈസ്. “പ്രിയ മനസ്സിൽ പറഞ്ഞു. “എന്നാലും ഗൗതം എന്നോടിഷ്ടമുള്ളതായി ഒരു സൂചന പോലും നൽകിയില്ലല്ലോ”.
അവൾ മാളുവിനെ നോക്കിയപ്പോൾ കണ്ണുകൾ തുടച്ചു നിൽക്കുകയാണ്.
“പെണ്ണിനെ ആലോചിച്ചു നീ കൂടുതൽ തല പുകയ്ക്കണ്ട അത് ഞാനാ”. പ്രിയ പുച്ഛത്തോടെ പറഞ്ഞു.
ഇത്തവണ ഞെട്ടിയത് മാളു ആയിരുന്നു. പക്ഷേ അത് സമർത്ഥമായി മറച്ചു.
“നാളത്തെ പാർട്ടിയിൽ ഡാഡി ഒഫീഷ്യൽ ആയി announce ചെയ്യും എന്ന് എന്നോട് പറഞ്ഞിരുന്നു. നീയും വരണം കേട്ടോ. ”
പ്രിയക്ക് എന്തോ തെറ്റിദ്ധാരണ ഉണ്ടെന്ന് മാളുവിന് മനസ്സിലായി. പക്ഷേ അത് തിരുത്താൻ പോയില്ല.
നാളത്തെ പാർട്ടിയിൽ സത്യം അറിയുമ്പോൾ ഉള്ള അവളുടെ അവസ്ഥ ഓർത്തു മാളുവിന് ചിരി വന്നെങ്കിലും അതൊന്നും കാണിക്കാതെ പരമാവധി ദുഃഖം അഭിനയിച്ചു അവൾ അവിടെ നിന്നും പോയി.
നടന്നകലുന്ന മാളുവിനെ നോക്കി ഒരു വിജയ ചിരിയോടെ പ്രിയ നിന്നു.
തുടരും…