നിൻ നിഴലായ് : ഭാഗം 13

Spread the love

എഴുത്തുകാരി: ശ്രീകുട്ടി

ഭാഗം 12 വിട്ടുപോയിരുന്നു.. ഭാഗം 12 എന്ന് പറഞ്ഞ് പോസ്റ്റിയത് 13 ആയിരുന്നു. ആയതിനാൽ 12 ഉം 13 ഉം ഒരുമിച്ചു പോസ്റ്റുന്നു…

PART 12………….. അവളെയങ്ങനെ നോക്കിക്കിടന്ന് എപ്പോഴാണുറങ്ങിയതെന്നറിയില്ല. കാലത്ത് ഉണരുമ്പോഴും എന്റെ നെഞ്ചോട് ചേർന്നുതന്നെ അവളുണ്ടായിരുന്നു. വിടർത്തി വച്ച കൈകൾക്കിടയിലൂടെ നെഞ്ചിൽ തല വച്ച് ഒരു കൈ കൊണ്ട് എന്റെ ഷർട്ടിന്റെ ബട്ടനിൽ തെരുപ്പിടിച്ചുകൊണ്ടുള്ള ആ കിടപ്പ് കണ്ട് ഞാനവളുടെ നെറ്റിയിൽ പതിയെ തലോടി. നെറ്റിയിലേക്ക് വീണുകിടന്ന കുഞ്ഞളകങ്ങളൊതുക്കി ആ പാതിമാഞ്ഞ സിന്ദൂരച്ചുവപ്പിൽ പതിയെ ചുണ്ടുകളമർത്തി. അപ്പോഴാണ് എന്താണ് ചെയ്തതെന്നുള്ള ബോധ്യം വന്നത് തന്നെ.

” എന്നേയിങ്ങനെ നിന്നിലേക്ക് വലിച്ചടുപ്പിക്കാൻ മാത്രം എന്താണ് പെണ്ണേ നിന്നിലുള്ളത് ??? അറിയില്ല പക്ഷേ ഒന്നുമാത്രമറിയാം നിന്നിൽ നിന്നിനിയൊരു തിരിച്ചുവരവില്ലെന്ന് മാത്രം ” അവളെയൊന്നുകൂടി നെഞ്ചോടമർത്തുമ്പോൾ എന്റെ മനസ്സ് മന്ത്രിച്ചു. പിന്നെയും കുറേ സമയം കൂടി കഴിഞ്ഞാണ് അവൾ ഉണർന്നത്. ബാത്‌റൂമിലൊക്കെ കൊണ്ടുപോയി തിരിച്ചുകൊണ്ടിരുത്തിയപ്പോഴാണ് അവളുടെ വേഷം ഞാൻ ശ്രദ്ധിച്ചത്. ഇന്നലെ വൈകുന്നേരം അമ്പലത്തിൽ പോകാൻ നേരമുടുത്തിരുന്ന സാരിയിൽ തന്നെയായിരുന്നു അവളപ്പോഴും.

മുഖം കണ്ടാലേയറിയാം കുളിക്കാത്തതിന്റെയും ഡ്രസ്സ്‌ മാറ്റാത്തതിന്റെയുമൊക്കെ അസ്വസ്ഥതകൾ ഉണ്ടെന്ന്. അല്ലെങ്കിൽ അവൾ രാവിലെ എണീറ്റാലുടൻ കുളിയൊക്കെ കഴിയുന്നതാണല്ലോ. ” നിനക്ക് ഫ്രഷാവണ്ടേ ??? ” എന്റെ ചോദ്യത്തിന് തല കുനിച്ചിരുന്നൊരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി. പിന്നീടൊന്നുമാലോചിച്ചില്ല അവളെയുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു. കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സും മാറിയപ്പോൾ തന്നെ അവളുടെ മുഖത്ത് വല്ലാത്തൊരു ആശ്വാസം പടർന്നിരുന്നു. പക്ഷേ കക്ഷി മുഖത്തേക്ക് നോക്കുന്നേയുണ്ടായിരുന്നില്ല.

ബെഡിൽ ഇരുന്നിരുന്ന അവളുടെ തല മുടി തോർത്തിക്കൊടുത്തുകൊണ്ട് ഇരിക്കുമ്പോഴാണ് അവളുടെ നെറുകയിലേക്ക് എന്റെ കണ്ണുകളെത്തിയത്. എപ്പോഴുമൊരു ചുവപ്പ് രാശി കാണാറുള്ള അവിടം ശൂന്യമാണെന്ന് കണ്ടപ്പോൾ ഉള്ളിലെന്തോ ഒരസ്വസ്തത പോലെ. കണ്ണുകൾ ഡ്രസ്സിങ്ങ് ടേബിളിലാകെ പരതിയൊടുവിലവളുടെ കുങ്കുമച്ചെപ്പിലെത്തി നിന്നു. അതിൽ നിന്നും ഒരു നുള്ളെടുത്ത് അവളുടെ സീമന്തരേഖയെ ചുവപ്പിക്കുമ്പോൾ പെട്ടന്ന് എന്നേ നോക്കിയ ആ മിഴികളൊന്ന് പിടഞ്ഞു. പിന്നെ പതിയെ ആ മിഴിക്കോണുകളിലൊരുറവ പൊട്ടി.

അതെന്നിൽ നിന്നും മറയ്ക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ നിന്ന് ഞാനവളുടെ നീണ്ട മുടിയുടെ ഉടക്കറുത്തുകൊണ്ട് നിന്നു. ” ആഹാ ഇവളെ ബാത്‌റൂമിൽ പോകാൻ സഹായിക്കാനൊക്കെയാ അമ്മയെന്നെ ഇങ്ങോട്ട് വിട്ടത്. അപ്പോഴേക്കും ഇവിടെ കുളി വരെക്കഴിഞ്ഞോ ??? ” പെട്ടന്ന് അപ്പൂന്റെ ശബ്ദം കേട്ട് ഞങ്ങളിരുവരും അങ്ങോട്ട്‌ നോക്കി. വാതിൽക്കൽ നിന്നിരുന്ന അവളുടെ മുഖം നിറയെ പുഞ്ചിരിയായിരുന്നു. എന്തുപറയണമെന്നറിയാതെ ഞങ്ങൾ രണ്ടാളും നിന്നു. അത് മനസ്സിലാക്കിയിട്ടെന്നപോലെ അവൾ തിരിഞ്ഞുനടക്കാനൊരുങ്ങി. ” ആഹ് പിന്നേ….

ബ്രേക്ക്‌ ഫാസ്റ്റ് റെഡിയായിട്ടുണ്ട് വേഗം വന്നേക്ക് കേട്ടോ രണ്ടാളും. ” പോകുന്നതിനിടയിൽ അവൾ പറഞ്ഞു. അപ്പോഴും ചമ്മിയിരിക്കുകയായിരുന്നു ജാനകി. ഞാൻ അവളുടെ മുടിയൊക്കെ നേരെയാക്കി കാലിനടിയിലൊരു തലയിണയൊക്കെ വച്ചുകൊടുത്തിട്ട് ഫ്രഷാവാൻ വേണ്ടി ബാത്‌റൂമിലേക്ക് നടന്നു. അപർണ തിരികെ അടുക്കളയിലെത്തുമ്പോൾ സിന്ധുവും ശ്രീജയും കൂടി തിരക്കിട്ട ജോലികളിലായിരുന്നു. ” നീയെന്താ പോയപോലെയിങ്ങ് പോന്നത് ??? ” അവളെക്കണ്ട് ശ്രീജ ചോദിച്ചു. ” അവിടിനി എനിക്ക് റോളൊന്നുമില്ല. ജാനി കുളിവരെ കഴിഞ്ഞു. ” അവൾ ചിരിയോടെ പറഞ്ഞു. ” എൻറ്റീശ്വരാ…. ഈ കുട്ടിയാ വയ്യാത്ത കാലും വച്ച് തനിയെ കുളിച്ചോ ??? ” വേവലാതിയോടെ ശ്രീജ ചോദിച്ചു. ” ഒറ്റക്കല്ല ഏട്ടൻ ഹെല്പ് ചെയ്തെന്ന് ”

അവരുടെ വെപ്രാളം കണ്ട് ചിരിയോടെ അപർണ പറഞ്ഞു. ” ഏഹ്… അഭിയോ ??? ” ആശ്വാസത്തോടെ ചോദിക്കുമ്പോഴും അവരുടെ മിഴികളിൽ അമ്പരപ്പും ഒപ്പം സന്തോഷവും നിറഞ്ഞുനിന്നിരുന്നു. ” പിന്നല്ലാതാരാ ??? ഈ അമ്മേടെയൊരു കാര്യം ” അവളത് പറയുമ്പോൾ സിന്ധുവിന്റെയും ശ്രീജയുടെയും മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. കാപ്പികുടിയൊക്കെ കഴിഞ്ഞ് പതിനൊന്നുമണിയോടെയായിരുന്നു എല്ലാവരും തിരിച്ചുപോകാൻ പ്ലാനിട്ടിരുന്നത്. ” നിനക്കിന്ന് പോണോ മോളേ ??? കാല് വയ്യാത്തതല്ലേ ഇതൊക്കെ ഭേദമായിട്ട് പോയാൽ പോരേ ??? ” പത്തരയോടെ എല്ലാവരും പോകാൻ റെഡിയായിക്കഴിഞ്ഞപ്പോൾ മുറിയിൽ നിന്ന് ജാനകിയുടെ മുടി ചീകിക്കെട്ടിക്കൊണ്ട് വിഷമത്തോടെ സിന്ധു ചോദിച്ചു. ”

പോണമമ്മേ. അവിടെല്ലാരുമുണ്ടല്ലോ പിന്നെന്താ പ്രശ്നം ??? പിന്നെ ഞാനവിടില്ലെങ്കിൽ അഭിയേട്ടന്റെ കാര്യമാകെ കുഴഞ്ഞുമറിയും. എല്ലാം ഞാനെടുത്ത് കയ്യിൽ കൊടുക്കണം ” അവളെ വിളിക്കാൻ അകത്തേക്ക് വരികയായിരുന്ന അഭി പെട്ടന്നവിടെ തറഞ്ഞുനിന്നു. അവളുടെ വാക്കുകൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർത്തി. ” എന്താ അമ്മേ ??? ” പുഞ്ചിരിയോടെ തന്നെത്തന്നെ നോക്കി നിൽക്കുന്ന സിന്ധുവിനെ നോക്കി ജാനകി ചോദിച്ചു. ” നിനക്കിപ്പോഴും എന്റെ വിരലിൽ തൂങ്ങി പിച്ചവച്ച ആ പഴയ കുഞ്ഞിന്റെ മുഖമാണെന്റെ മനസ്സിൽ. പക്ഷേ നീയിപ്പോ ഒരുപാട് വളർന്നു. മറ്റൊരു കുടുംബത്തിന്റെ മരുമകളും നല്ലൊരു ഭാര്യയുമായിരിക്കുന്നു. ” അവളുടെ തലമുടിയിൽ പതിയെ തലോടി പുഞ്ചിരിയോടെ അവർ പറഞ്ഞു.

ജാനകി കൈകൾ നീട്ടി അവരെ ചുറ്റിപ്പിടിച്ചാ നെഞ്ചോട് ചേർന്നു. സിന്ധു അവളെ ചേർത്ത് പിടിച്ച് ആ നെറുകയിൽ ചുംബിച്ചു. പെട്ടന്ന് അഭി അകത്തേക്ക് കയറി വന്നു. അവരോട് യാത്ര പറഞ്ഞ് അവളെയുമെടുത്ത് താഴേക്ക് നടന്നു. അതുനോക്കി നിന്ന സിന്ധുവിന്റെ മനസ്സ് നിറഞ്ഞു. മാവിലാലിൽ തറവാടിന്റെ മുറ്റത്തുനിന്നും കാർ മുന്നോട്ട് നീങ്ങുമ്പോൾ ഉമ്മറത്ത് നിന്നിരുന്ന വിലാസിനിക്കും മഹാദേവനും സിന്ധുവിനും നേരെ തിരിഞ്ഞുനോക്കി ജാനകി കൈ വീശിക്കാണിച്ചു. തിരികെ കൈ വീശുമ്പോൾ വിലാസിനിയുടെയും സിന്ധുവിന്റെയും മിഴികൾ നനഞ്ഞിരുന്നു. ”

നിനക്കിനിയെങ്കിലും ഈ പകയൊക്കെയൊന്ന് ഉപേക്ഷിച്ചൂടേ ശ്രദ്ധ ??? ” കോഫി ഷോപ്പിൽ ഒരു ടേബിളിനിരുവശവുമായി ഇരുന്നുകൊണ്ട് ശ്രദ്ധയുടെ മുഖത്തേക്ക് നോക്കിക്കോണ്ട് ദിയ ചോദിച്ചു. ഒന്നും ശ്രദ്ധിക്കാതിരുന്ന് കോഫി കുടിച്ചുകൊണ്ടിരുന്ന ശ്രദ്ധ പതിയെ അത് താഴെ വച്ചു. ” എനിക്കിപ്പോ പക മേനോനോടല്ലെഡീ ” ” പിന്നേ ???? ” അന്താളിപ്പോടെ ദിയ ചോദിച്ചു. ” എനിക്കിപ്പോ പക ഒരേയൊരാളോടാ . അവളോട് ആ ജാനകീമഹാദേവനോട്‌. ” പല്ലുകൾ ഞെരിച്ചമർത്തിക്കോണ്ട് അവൾ പറഞ്ഞു. ” അവളുടെ കഴുത്തിൽ കിടക്കുന്ന അഭി കെട്ടിയ ആ താലി അതെന്നോടുള്ള വെല്ലുവിളിയാണ്.

അതവളുടെ കഴുത്തിൽ കിടക്കുന്ന ഓരോ നിമിഷവും എനിക്ക് ഭ്രാന്ത് പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയാഭ്രാന്ത് മാറണമെങ്കിൽ എന്നിൽ നിന്നും അവൾ തട്ടിയെടുത്ത ആ താലി അവളുടെ കഴുത്തിൽ നിന്നും എനിക്ക് പൊട്ടിച്ചെടുക്കണം. ” വല്ലാത്തൊരുതരം പകയോടെ അവൾ പറഞ്ഞുനിർത്തി. അപ്പോഴും ദിയ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ” ശ്രദ്ധ നീയൊന്ന് മനസ്സിലാക്ക് അവരുടെ കുടുംബം തകർക്കാൻ നോക്കുന്നതിനൊപ്പം തകരുന്നത് നിന്റെ ജീവിതം കൂടിയാണ്. നിന്റമ്മയ്ക്കിനി ആകെയുള്ളത് നീ മാത്രമാണ്. സ്വന്തം ജീവിതം വച്ച് കളിച്ച് ആ പാവത്തിനെ നീ കരയിക്കരുത് ” ടേബിളിൽ വച്ചിരുന്ന അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ദിയ പറഞ്ഞു. ”

തകരെട്ടെഡീ എല്ലാം തകർന്നടിയട്ടെ. എന്നാലും അവനൊപ്പം ജീവിക്കാൻ അവളെഞാനനുവദിക്കില്ല. ജീവിതം കണ്മുന്നിൽ തകർന്നടിയുന്നത് നോക്കി ഒന്നും ചെയ്യാനില്ലാതെ നിസ്സഹായയായി അവൾ നിൽക്കുന്നത് കണ്ടാലേ എന്റെയുള്ളിലെ പകയൊടുങ്ങു. ” എന്ത്പറഞ്ഞാലും അവളുടെ തലയിൽ കയറില്ലെന്ന് ബോധ്യമായത്കൊണ്ട് ഒന്നും മിണ്ടാതെ വെറുതെ അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു ദിയ. ” ഒരുകാര്യം മാത്രം ചോദിച്ചോട്ടേ ??? ” ” എന്താ ??? ” പുരികമൽപ്പമുയർത്തി അവളെ നോക്കി ശ്രദ്ധ ചോദിച്ചു. ” നീ അഭിജിത്തിനെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ??? ”

പെട്ടന്ന് അവളൊന്ന് പൊട്ടിച്ചിരിച്ചു. ” നിന്നിൽ നിന്നും ഇത്ര സില്ലിയായിട്ടൊരു ചോദ്യം ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ദിയ. അവളോട് ആ ജാനകിയോട് പറഞ്ഞ ഉത്തരം മാത്രമേ നിന്നോടുമെനിക്ക് പറയാനുള്ളൂ. ഞാനവന്റെ കാമുകിയായത് അവൻ അഡ്വക്കേറ്റ് ബാലചന്ദ്രമേനോന്റെ മകനായത് കൊണ്ട് മാത്രമായിരുന്നു. ആ കുടുംബത്തിന്റെ അകത്തളത്തിലേക്കെനിക്കുള്ള വെറുമൊരു ചവിട്ടുപടി മാത്രമാണ് അഭിജിത്ത് ബാലചന്ദ്രമേനോൻ എന്ന അവൻ. ” അവൾ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു. ” ഇവളിലിത്രത്തോളം വിഷം നിറഞ്ഞിരുന്നത് ഞാൻ പോലുമറിഞ്ഞില്ലല്ലോ ദൈവമേ …. ” അവളുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ ഒരുൾക്കിടിലത്തോടെ ദിയ മനസ്സിലോർത്തു. ” എന്താടി ഒരാലോചന ??? ”

” ഏയ് ഞാൻ വെറുതെ…. എന്നാപ്പിന്നെ നമുക്കിറങ്ങാം സമയമൊരുപാടായില്ലേ ” പറഞ്ഞുകൊണ്ട് മടിയിലിരുന്ന ബാഗുമെടുത്ത് ദിയ പോകാനെണിറ്റു. അവൾക്കൊപ്പം പുറത്തേക്ക് നടക്കുമ്പോഴും അഭിയുടെയും ജാനകിയുടെയും ഇടയിലെങ്ങനെ വിള്ളലുകളുണ്ടാക്കാമെന്നത് മാത്രമായിരുന്നു ശ്രദ്ധയുടെ ചിന്ത. ദിവസങ്ങൾ കടന്നുപോയി. അപർണയുടെയും അരുണിന്റെയും വിവാഹനിശ്ചയ ദിനം വന്നെത്തി. രാവിലെ പത്തരയ്ക്കും പതിനൊന്നിനുമിടയിലായിരുന്നു മുഹൂർത്തം. വീട്ടിൽ വച്ചുതന്നെയായത് കൊണ്ട് അടുത്ത കുറച്ച് ബന്ധുക്കളെയൊക്കെയെ ക്ഷണിച്ചിരുന്നുള്ളൂ. മേനോന്റെയും ശ്രീജയുടെയും ബന്ധുക്കളും ജാനകിയുടെ ബന്ധുക്കളുമെല്ലാം കാലത്തേതന്നെ എത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അയൽവക്കങ്ങളിലുള്ളവരോടൊപ്പം ശ്രദ്ധയും അമ്മയുമുണ്ടായിരുന്നു. ”

മോളേ ജാനീ…. ഇങ്ങോട്ടൊന്ന് വന്നേ ” അഥിതികളെ സ്വീകരിച്ചുകൊണ്ടാളുകൾക്കിടയിലൂടെ ഓടി നടന്നിരുന്ന ജാനകിയെ നോക്കി ആരോടോ സംസാരിച്ചുകൊണ്ട് നിന്നിരുന്ന മേനോൻ വിളിച്ചു. ” എന്താ അച്ഛാ ??? ” ഓടി അയാൾക്കരികിലേക്ക് വന്നുകൊണ്ട് ജാനകി ചോദിച്ചു. ” ഇതാണ് ഞങ്ങടെ ജാനിമോള്. അഭിയുടെ ഭാര്യ. ” അവളെ തന്നോട് ചേർത്തുനിർത്തി മുന്നിൽ നിന്നിരുന്നവരോടായി മേനോൻ പറഞ്ഞു. അവൾ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. ” സുന്ദരിയാട്ടോ ചേച്ചി…. ” കൂട്ടത്തിൽ നിന്നിരുന്ന പത്തുപതിനെട്ട് വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ജാനകിയുടെ കവിളിൽ തൊട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു.

അതുശ്രദ്ധിച്ചുകൊണ്ട് സ്റ്റെയർകേസിന് മുകളിൽ നിന്നിരുന്ന അഭിജിത്ത് പതിയെയൊന്ന് പുഞ്ചിരിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് അല്പം മാറി മറ്റൊരാളും കൂടി നിന്നിരുന്നു. ശ്രദ്ധ. അവളുടെ മുഖം വലിഞ്ഞുമുറുകി. ” ജാനിച്ചേച്ചിയെ അകത്ത് വിളിക്കുന്നു ” പെട്ടന്നൊരു ചെറിയ പെൺകുട്ടി വന്ന് ജാനകിയോട് പറഞ്ഞു. അവൾ വേഗത്തിൽ അകത്തേക്ക് ചെന്നു. അവിടെ സാരിയുമായി ഗുസ്തികൂടിക്കൊണ്ടിരിക്കുകയായിരുന്നു അപർണ. ” എന്താഡീ ??? ” അകത്തേക്ക് വന്ന്കൊണ്ട് ജാനകി ചോദിച്ചു. ” ഈ സാധനം ഒന്നുടുത്ത് താടി പട്ടി. ഉടുത്തിട്ടുമുടുത്തിട്ടും തീരുന്നില്ല കുന്തം . ” പാതിയുടുത്ത സാരിയുമായി നിന്നുകൊണ്ട് അവളെ നോക്കി അപർണ പറഞ്ഞു.

” കഷ്ടം ഒരു സാരിപോലുമുടുക്കാനറിയാത്ത നിന്നെ കെട്ടിച്ചുവിട്ടിട്ടെന്തെടുക്കാനാണോ എന്തോ ?? ” ചിരിയോടെ പറഞ്ഞുകൊണ്ട് ജാനകിയവളുടെ അടുത്തേക്ക് വന്നു. ” എടുക്കുന്നതൊക്കെ കെട്ട് കഴിഞ്ഞ് നിന്നെ ഞാൻ കാണിച്ചുതരാടി. തല്ക്കാലം നീയിപ്പോ ഇതൊന്ന് ശരിയാക്കെഡീ ഊളെ… ” അപർണ പറഞ്ഞു. വീതിയിൽ കസവുള്ള സെറ്റ് സാരിയായിരുന്നു അപർണയുടെ നിശ്ചയവേഷം. ജാനകി പെട്ടന്ന് തന്നെ അവളെ ഭംഗിയായി സാരിയൊക്കെയുടുപ്പിച്ച് ഒരുക്കി. ” ഇനി ഞാൻ പോയി റെഡിയായിട്ട് വരാം സമയായി. ” പറഞ്ഞുകൊണ്ട് അവൾ ധൃതിയിൽ തന്റെ മുറിയിലേക്ക് പോയി. കുറേ സമയം കൂടി കഴിഞ്ഞപ്പോൾ ജാനകിയെ താഴെയെങ്ങും കാണാതെ അഭി പതിയെ മുകളിലേക്ക് കയറിച്ചെന്നു.

അവൻ ഡോറ് തുറന്ന് അകത്തേക്ക് കയറുമ്പോൾ നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് സാരി ഞൊറിഞ്ഞുടുത്തുകൊണ്ടിരിക്കുകയായിരുന്നു ജാനകി. ഡോർ തുറക്കുന്നത് കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു. അവനെക്കണ്ട് അവളുടെ മുഖം വിളറി. അഭിയുമൊന്ന് വല്ലാതെയായി. മാറിൽ വെറുതെ ചുരുട്ടിയിട്ടിരുന്ന സാരി നേരെയിട്ടുകൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി. ” അതുപിന്നെ …. ഞാൻ…. എന്തോ മറന്നതെടുക്കാൻ …. ” വിക്കിവിക്കി പറഞ്ഞിട്ട് അവൻ വേഗം വാതിൽ തുറന്ന് പുറത്തിറങ്ങി. അവൻ പോയതും ജാനകിയുടെ ചുണ്ടിലൊരു നനുത്ത പുഞ്ചിരി വിടർന്നു. ” ഈ പെണ്ണെന്നേക്കൊണ്ട് വീണ്ടും അക്രമം ചെയ്യിക്കും ” പിറുപിറുത്തുകൊണ്ട് അഭിജിത്ത് താഴേക്ക് പോയി.

അപ്പോഴേക്കും അരുണും വീട്ടുകാരും എത്തിയിരുന്നു. മുഹൂർത്തസമയത്ത് തന്നെ അരുണിന്റെയും അപർണയുടെയും മോതിരംമാറ്റം ഭംഗിയായി നടന്നു. പക്ഷേ അപ്പോഴും അഭിയുടെ കണ്ണുകൾ ജാനകിയെ ചുറ്റിപ്പറ്റിത്തന്നെ നിന്നിരുന്നു. അത് കണ്ടെങ്കിലും അവളത് മൈൻഡ് ചെയ്യാതെ നിന്നു. നിശ്ചയമൊക്കെ കഴിഞ്ഞ് എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ സാരിയിലെന്തോ വീണത് വൃത്തിയാക്കാൻ മുകളിലേക്ക് വന്നതായിരുന്നു ജാനകി. അവൾ ബാത്‌റൂമിൽ കയറി ഡ്രസ്സൊക്കെ വൃത്തിയാക്കി പുറത്തേക്കിറങ്ങുമ്പോഴാണ് ബാൽക്കണിയിലെന്തോ ശബ്ദം കേട്ടത് പോലെ തോന്നിയത്. അവൾ പതിയെ അങ്ങോട്ട് ചെന്നു. പക്ഷേ അവിടെയാരുമുണ്ടായിരുന്നില്ല.

അവിടെയൊക്കെ നോക്കിയിട്ട് തിരികെത്താഴേക്ക് പോകാൻ തുടങ്ങുമ്പോഴാണ് പെട്ടന്ന് പിന്നിൽ നിന്നും അവളുടെ ഇരുകൈകളും ചേർത്ത് ബന്ധിക്കപ്പെട്ടത്. അവൾ ബദ്ധപ്പെട്ട് തിരിയുമ്പോൾ പിന്നിൽ നിന്നിരുന്ന ശ്രദ്ധയെക്കണ്ടവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ” നീയെന്താ ഇവിടെ ??? എന്തിനാ എന്റെ കൈ കെട്ടിയത് ??? ” ജാനകി ചോദിച്ചത് കേട്ട് അവൾ പതിയെയൊന്ന് ചിരിച്ചു. ” എനിക്കീ കളി മടുത്തു ജാനി. ഞാൻ നിന്നെ വെല്ലുവിളിച്ചിടത്തൊക്കെ നീ ജയിച്ചു. പഠിക്കുന്ന കാലത്ത് കോളേജിൽ നീയൊറ്റി എന്നെ പുറത്താക്കിച്ചു. പിന്നെ വർഷങ്ങൾക്ക് ശേഷം മേനോടുള്ള പകയിൽ ഈ കുടുംബം തകർക്കാൻ അഭിയിലൂടെ ശ്രമിച്ച എന്നിൽ നിന്നും അവനെ തട്ടിയെടുത്തുകൊണ്ട് ഇവിടെയും നീയെന്നെ തോൽപ്പിച്ചു.

ഇപ്പൊ നീയന്ന് പറഞ്ഞത് പോലെ ഇനിയെന്നേ വേണ്ട നീ മതിയെന്നവനെക്കൊണ്ട് പറയിക്കാനും നിനക്ക് പറ്റി. ഞാനാലോചിച്ചപ്പോൾ നീ ജീവിച്ചിരുന്നിട്ടല്ലേ എന്റെ പ്ലാനൊക്കെയിങ്ങനെ ഫ്ലോപ്പാകുന്നത്. അതുകൊണ്ട് നിന്നെത്തന്നെയങ്ങവസാനിപ്പിച്ചേക്കാമെന്ന് വിചാരിച്ചു. ” പുഞ്ചിരിയോടെയുള്ള അവളുടെ വാക്കുകൾ ശാന്തമായിരുന്നുവെങ്കിലും ആ മിഴികളിൽ പകയെരിഞ്ഞിരുന്നു. ” നീ…. നീയെന്ത് ചെയ്യാൻ പോകുവാ ??? ” പിന്നിലേക്ക് തിരിഞ്ഞ് അവളുടെ മുഖത്ത് നോക്കി പകപ്പോടെ ജാനകി ചോദിച്ചു. ” ഏയ് ഒന്നുമില്ല നിന്നെയിവിടുന്നങ്ങ് തള്ളിയിടാൻ പോകുവാ. ” മകളുടെ എൻഗേജ്മെന്റ് ദിവസം അഡ്വക്കേറ്റ് ബാലചന്ദ്രമേനോന്റെ മരുമകൾ ആത്മഹത്യ ചെയ്തു. ” ഇതാണ് നാളെയീ നാടറിയാൻ പോകുന്നത്.

” ഉന്മാദിനിയെപ്പോലെ അവൾ ജാനകിയോടടുത്തു. അവൾ പതിയെ പിന്നിലേക്ക് നീങ്ങിത്തുടങ്ങി. അവസാനം ബാൽക്കാണിയുടെ കൈ വരിയിലിടിച്ചുനിന്നു. ” ശ്രദ്ധ വേണ്ട …. എന്നെ കൊന്നാലും നീ രക്ഷപെടില്ല. ” ഉള്ളിലെ ഭയം പുറത്തുകാണിക്കാതെ ജാനകി പറഞ്ഞു. അപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ ചിരിക്കുകയായിരുന്നു ശ്രദ്ധ ചെയ്തത്. ” ശ്ശെ…. എന്റെ ഏറ്റവും വലിയ എതിരാളിയായ ജാനകീമഹാദേവന് ഭയന്ന് വിറച്ച ഈ മുഖമൊട്ടും ചേരില്ല. ആരെയും കൂസാത്ത നിന്റെയാ തന്റേടം ഇപ്പോഴെവിടെ ??? ” ചോദിച്ചുകൊണ്ട് അവൾ വീണ്ടും ജാനകിയോടടുത്തു.

” ശ്രദ്ധ വേണ്ട… ” നിസ്സഹായതയോടെ അവൾ പറഞ്ഞു. ” വേണമെഡീ… നീ ചത്തുതുലയണം എന്നാലേ എനിക്ക് സമാധാനമാവൂ ” പല്ലുകൾ ഞെരിച്ച് വന്യമായ ഭാവത്തോടെ അവൾ ജാനകിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് പിന്നിലേക്ക് കൊണ്ടുപോയി. ഭയം കൊണ്ട് അവളുടെ നിറഞ്ഞമിഴികൾ പുറത്തേക്ക് തള്ളിവന്നു. ചെന്നിയിൽ വിയർപ്പ് പൊടിഞ്ഞു. അവളുടെ പാദങ്ങൾ നിലത്തുനിന്നും പറിഞ്ഞുതുടങ്ങി. ” അഭിയേട്ടാ….. ” അവസാനമായി ചതഞ്ഞരഞ്ഞത് പോലെ ആ വാക്കവളിൽ നിന്നും പുറത്ത് വന്നു. മരണത്തെ മുന്നിൽ കണ്ട് അവൾ മിഴികളടച്ചു.

PAAART 13…. പെട്ടന്ന് പിന്നിൽ നിന്നും ഒരു കൈ ശ്രദ്ധയുടെ മുടിയിൽ കുത്തിപ്പിടിച്ചു. ഒരു ഞെട്ടലോടെ അവൾ തിരിയുമ്പോൾ പിന്നിൽ അഭിജിത്ത് നിന്നിരുന്നു. ചുവന്നുകലങ്ങിയ ആ മിഴികളിലെ ഭാവം നൊമ്പരമാണോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ അവളുടെ മുഖം വിളറി വെളുത്തു. ” അവളെ വിടെഡീ ….. ” ദേഷ്യമടക്കി ഒരു മുരൾച്ചപോലെ അവൻ പറഞ്ഞു. ആ ശബ്ദം കേട്ട് ജാനകി മിഴികൾ വലിച്ചുതുറന്നു. ” അഭിയേട്ടാ….. ” മുന്നിൽ നിൽക്കുന്ന അവനെക്കണ്ട് നിറമിഴികൾക്കിടയിലും ഹൃദയം തകരുന്ന പുഞ്ചിരിയോടെ അവൾ വിളിച്ചു. ” അഭിയേട്ടാ… ഇവൾ …. ”

പെട്ടന്ന് ജാനകിയുടെ കഴുത്തിൽ നിന്നും പിടിവിട്ടുകൊണ്ട് എന്തോ പറയാനാഞ്ഞു ശ്രദ്ധ. ” ഠപ്പേ…. ” കൈ വീശിയൊരടിയായിരുന്നു അവന്റെ മറുപടി. വീണ്ടും വീണ്ടും അവളുടെ ഇരുകവിളിലുമായി അവന്റെ കൈ പതിഞ്ഞുകൊണ്ടിരുന്നു. ” അഭിയേട്ടാ ഞാനൊന്ന് പറയട്ടെ…. ” അവന്റെ കൈകളിൽ കടന്ന് പിടിച്ചുകൊണ്ട് അവൾ ചോദിച്ചു. ” നീ പറഞ്ഞിടത്തോളം മതിയെഡീ. ഇവളോട് നീ പറഞ്ഞതിനപ്പുറമൊന്നും എനിക്കിനി കേൾക്കെണ്ടെടി. ” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഭിത്തിയിൽ ചേർത്തുകൊണ്ടാണ് അവനത് പറഞ്ഞത്. ശ്രദ്ധയുടെ മിഴികൾ പുറത്തേക്ക് തുറിച്ചുവന്നു. അവന്റെ കയ്യിൽ കിടന്ന് അവൾ ജീവശ്വാസത്തിനായി പിടഞ്ഞു. ” നിന്നെ ഞാനെന്റെ ജീവനേക്കാളേറെ സ്നേഹിച്ചതല്ലേഡീ…. നിനക്ക് വേണ്ടി എന്തുമുപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ലേഡീ…. എന്റെ നിസ്സഹായതകൊണ്ട് നിന്നെയെനിക്ക് ഉപേക്ഷിക്കേണ്ടി വന്നു . പക്ഷേ അപ്പോഴും എല്ലാമറിഞ്ഞിട്ടും എനിക്ക് മുന്നിൽ കഴുത്ത് നീട്ടിത്തന്നവളെ നിനക്ക് വേണ്ടി തറയിലിട്ട് ചവിട്ടിയരക്കുകയായിരുന്നില്ലേഡീ ഞാൻ …. “

അവളുടെ മുഖത്ത് നോക്കി ഓരോ ചോദ്യം ചോദിക്കുമ്പോഴും നെഞ്ച് പൊട്ടുന്ന വേദന കടിച്ചമർത്തുകയായിരുന്നു അവൻ. ” നിനക്കെന്ത് പ്രതികാരമാടി എന്റച്ഛനോടുള്ളത് ??? അതിനും നിന്നെ നെഞ്ചിൽ കൊണ്ടുനടന്ന എന്നേത്തന്നെ ഉപയോഗിക്കുകയായിരുന്നല്ലേഡീ നീ ??? ” ” അതേഡാ ഇനിയെനിക്കൊന്നും മറയ്ക്കാനില്ല നീ കേട്ടതൊക്കെ ശരിയാ നിന്റച്ഛൻ അഡ്വക്കേറ്റ് ബാലചന്ദ്രമേനോൻ തന്നെയായിരുന്നു എന്റെ ലക്ഷ്യം. അയാൾക്ക് നേരെയുള്ള വെറുമൊരായുധം മാത്രമായിരുന്നു അയാളുടെ മകനായ നീയെനിക്ക്. അയാളോടുള്ള എന്റെ പകയുടെ കാരണം നിനക്കറിയണ്ടേ ??? നിന്റച്ഛൻ അഡ്വക്കേറ്റ് ബാലചന്ദ്രമേനോൻ വാദിച്ച ഒരു സമീരാ റേപ്പ് കേസ് നീയൊർക്കുന്നോ ???

അന്നയാൾ സമീരയ്ക്ക് നീതി വാങ്ങിക്കൊടുത്തപ്പോൾ ശിക്ഷിക്കപ്പെട്ടത് എന്റെ ഏട്ടനാണ്. അബോധാവസ്തയിൽ സംഭവിച്ച ഒരു കയ്യബദ്ധം അതിനെന്ത്‌ പരിഹാരം ചെയ്യാനും ഞങ്ങളൊരുക്കമായിരുന്നു. പക്ഷേ നിന്റച്ഛൻ അതൂതി വീർപ്പിച്ച് ഞങ്ങടെ കുടുംബത്തിന്റെ അടിവേരുവരെ തോണ്ടി. എനിക്കും അമ്മയ്ക്കും അച്ഛനെയും ഏട്ടനെയും ഒരുമിച്ച് നഷ്ടപ്പെട്ടു. ഏട്ടന്റെ വിധിയറിഞ്ഞ് ചങ്കുപൊട്ടിയാ എന്റച്ഛൻ മരിച്ചത്. ഇത്രയൊന്നും പോരേ എനിക്ക് നിന്റെ തന്തയോട് പക തോന്നാൻ. പക്ഷേ എന്റെ പ്രതീക്ഷകളൊക്കെ തകർന്നത് ഇവൾ ശ്രീമംഗലമെന്ന നിന്റെ വീട്ടിൽ കാലുകുത്തിയതോടെയാണ്.

പിന്നീട് എന്റെ എല്ലാപ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ഇവൾ നിന്റെ ഭാര്യയുമായി അതോടെ ഞാൻ വീണ്ടും തോറ്റു. പക്ഷേ അവിടെയും തോൽവി സമ്മതിക്കാൻ എന്റെ മനസ്സെന്നെയനുവധിച്ചില്ല. ഇവളുടെ താലിയറുക്കുമെന്ന് ഞാൻ ശപദമെടുത്തു. പക്ഷേ അവിടെയും എന്റെ വിജയത്തിന് മേൽ ആണിയടിച്ചുകൊണ്ട് നീയിവളേ സ്വന്തമാക്കി. ഇവളുടെ ഈ ശരീരത്തിന് മുന്നിൽ നിനക്ക് ഞാനൊന്നുമല്ലാതായി. അതുകൊണ്ടാണ് എന്റെ വഴിയിലെന്നും തടസ്സമായിരുന്ന ഇവൾ തീരണമെന്ന് ഞാൻ തീരുമാനിച്ചത്. ” പറഞ്ഞുനിർത്തുമ്പോൾ അവൾ വല്ലാതെ കിതച്ചു. എല്ലാം കേട്ടുനിന്ന അഭിയവളെ വെറും പുച്ഛത്തോടെ നോക്കി. “

നിനക്ക് നാണമുണ്ടോഡി ചൂലേ ???? ഏട്ടൻ തൊട്ടിത്തരം കാണിച്ച് ജയിലിൽ പോയതിന് പ്രതികാരം ചെയ്യാൻ നടക്കുന്നു. നീയുമൊരു പെണ്ണല്ലേഡീ ഒരിക്കലെങ്കിലും നിന്റെ ഏട്ടൻ ചവിട്ടിയരച്ചുകളഞ്ഞ ആ പെൺകുട്ടിയെ കുറിച്ച് നീയോർത്തോ ??? എന്റച്ഛൻ ചെയ്തതിൽ എനിക്കൊരു കുറ്റബോധവുമില്ല കാരണം എനിക്കുമുണ്ടൊരു പെങ്ങൾ . അവളുടെ നേരെയാണ് നിന്റെ ചേട്ടനെപ്പോലെയുള്ള പുഴുത്ത പട്ടികളുടെ കണ്ണുകൾ നീണ്ടിരുന്നുവെങ്കിൽ കൊത്തിയരിഞ്ഞേനെ അഭിജിത്ത്. അതുപോലെ ഒരു കൂടപ്പിറപ്പ് ആ പാവം പെൺകുട്ടിക്കില്ലാതെ പോയി. അത്കൊണ്ടാണ് ആ കുടുംബത്തെ നിന്റെയൊക്കെ ഭീഷണിക്ക് വഴങ്ങാനനുവധിക്കാതെ എന്റച്ഛൻ മുന്നിൽ നിന്ന് പോരാടിയത്. ” അവൻ പറഞ്ഞതെല്ലാം കേട്ട് അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ ശ്രദ്ധ. “

ഇപ്പൊ പോലിസിനെ വിളിച്ച് നിന്നെയവർക്കെറിഞ്ഞ് കൊടുക്കേണ്ടതാണ്. പക്ഷേ ഞാനത് ചെയ്യാത്തതെന്താണെന്നറിയാമോ ഇന്നിവിടെയൊരു മംഗളകർമം നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ അനിയത്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണിന്ന്. അതലങ്കോലമാക്കാൻ ഞാനാരെയും അനുവദിക്കില്ല. പിന്നെ…. കുറച്ച് മുൻപ് വരെ ഞാൻ… നിന്നെ സ്നേഹിച്ചും പോയതുകൊണ്ട് മാത്രം അതുകൊണ്ട് മാത്രം നീ പൊക്കോ. ഇനി നിന്റെ നിഴലുപോലും ഈ പടിക്കകത്ത് കാണരുത്. ” അവസാനവാചകങ്ങൾ പറയുമ്പോൾ അവന്റെ തൊണ്ടയിടറിയിരുന്നു. അവൻ പറഞ്ഞത് കേട്ട് ശ്രദ്ധ പതിയെ തിരിഞ്ഞുനടക്കാനൊരുങ്ങി. ” ജാനീ…. ” അപ്പോഴും ഭിത്തിയിൽ ചാരിയിരുന്ന് ചുമച്ചുകൊണ്ടിരുന്ന ജാനകിയെ താങ്ങിപ്പിടിച്ചെണീപ്പിച്ചുകൊണ്ട് അവൻ വിളിച്ചു. ” അഭിയേട്ടാ….. ” ” വാ എണീക്ക്…. “

അവനവളെ പതിയെ എണീപ്പിച്ചു. ഒരു തളർച്ചയോടെ ജാനകിയവന്റെ മാറിലേക്ക് തല ചായ്ച്ചു. ” ഒന്ന് നിന്നേ…. ” അവളെയും ചേർത്ത് പിടിച്ചുകൊണ്ട് താഴേക്ക് പോകാൻ തുടങ്ങിയ ശ്രദ്ധയെ നോക്കി അവൻ വിളിച്ചു. അവന്റെ വിളി കേട്ട് അവൻ തിരിഞ്ഞുനിന്നു. ” ഇവൾ എന്റെ പെണ്ണാണ് ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്. ഇനിയിവളുടെ നേരെ നിന്റെയൊരു നോട്ടമെങ്കിലും നീണ്ടാൽ പിന്നെ ഈ ദയ എന്നിൽ നിന്നും നീ പ്രതീക്ഷിക്കരുത്. വച്ചേക്കില്ല നിന്നെ ഞാൻ . ശ്രീമംഗലത്ത് അഭിജിത്താ പറയുന്നത്. ” ജാനകിയെ ഒന്നുകൂടി തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവനത് പറയുമ്പോൾ ആ മുഖത്ത് തന്നെയായിരുന്നു അവളുടെ മിഴികൾ. ആ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. പിന്നീടൊന്നും പറയാനില്ലാതെ ശ്രദ്ധ താഴേക്ക് നടന്നു. ” സോറിഡീ…. ഞാൻ നിന്നെയൊരുപാട്…. “

ജാനകിയെ തന്റെ നേരെ നിർത്തി ആ മുഖം കൈക്കുമ്പിളിലെടുത്തുകൊണ്ട് അഭി പറഞ്ഞു. പെട്ടന്ന് അവൾ കയ്യുയർത്തി അവന്റെ വായപൊത്തി. ” ഇല്ല അഭിയേട്ടനൊരു തെറ്റും ചെയ്തിട്ടില്ല. എന്റഭിയേട്ടനോടെനിക്കൊരു ദേഷ്യവുമില്ല. പകരം ഇഷ്ടം കൂടിയിട്ടേയുള്ളൂ. ” അവൾ പറയുമ്പോൾ അഭിയുടെ കണ്ണുകളും ആർദ്രമായി. ” എങ്ങനാടി നിനക്കെന്നെയിങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് ??? ” അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് തലയിൽ തലോടിക്കൊണ്ട് അവൻ ചോദിച്ചു. അതിനൊരു പുഞ്ചിരി മാത്രമായിരുന്നു ജാനകിയുടെ മറുപടി. ” ക്ഷമിച്ചേക്കെഡീ പെണ്ണേ…. ” അവളെ ചുറ്റിപ്പിടിച്ച് ആ കരിയെഴുതിയ മിഴികളിലും നെറുകയിലെ സിന്ദൂരച്ചുവപ്പിലും അവൻ അമർത്തി ചുംബിച്ചു. ” മോളേ ജാനീ…. ” ശ്രീജയുടെ വിളികേട്ട് അവർ പരസ്പരം അകന്ന് മാറി. “

ആഹാ നിങ്ങള് രണ്ടാളും കൂടി ഇവിടെ വന്ന് നിൽക്കുവായിരുന്നോ ??? പെട്ടന്ന് താഴേക്ക് വാ അവരൊക്കെ ഇറങ്ങാൻ തുടങ്ങുവാ ” ധൃതിയിൽ അങ്ങോട്ട് വന്നുകൊണ്ട് ശ്രീജ പറഞ്ഞു. ” ദാ വരുന്നമ്മേ … ” അവരെ നോക്കി ചിരിയോടെ അഭി പറഞ്ഞു. പിന്നെ ജാനകിയുടെ കയ്യും പിടിച്ച് താഴേക്ക് ചെന്നു. ചെറുക്കൻ വീട്ടുകാരൊക്കെ പോയതിന് പിന്നാലെ തന്നെ അഥിതികളും പിരിഞ്ഞുപോയിരുന്നു. ജാനകിയുടെ മുത്തശ്ശി തനിച്ചായത് കൊണ്ട് കുറച്ച് കഴിഞ്ഞപ്പോഴേക്കും മഹാദേവനും സിന്ധുവും പോകാനിറങ്ങി. ” പോട്ടെ മോളേ… ” കാറിൽ കയറാൻ നേരം ജാനകിയെ ചേർത്ത്പിടിച്ച് കവിളിൽ ഉമ്മ വച്ചുകൊണ്ട് സിന്ധു പറഞ്ഞു. ചിരിയോടെ അവളും കൈ വീശിക്കാണിച്ചു. ശ്രീമംഗലത്തെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പ്രത്യേകിച്ച് അപർണയും ജാനകിയും. ” അച്ഛാ…. “

രാത്രി അത്താഴമൊക്കെ കഴിഞ്ഞ് സിറ്റ്ഔട്ടിലിരിക്കുകയായിരുന്ന മേനോന്റെ അരികിലേക്ക് വന്നുകൊണ്ട് അഭി വിളിച്ചു. ” ആഹ് നീയിതുവരെ കിടന്നില്ലേ ??? ” കണ്ണാട തുടച്ച് മുഖത്തേക്ക് വച്ച് അവനെ നോക്കി അയാൾ ചോദിച്ചു. ” ഇല്ല…. ” ” നിനക്കെന്നോടെന്തെങ്കിലും പറയാനുണ്ടോ ??? ” ” അതച്ഛാ…. സോറി….” അവൻ പറഞ്ഞത് കേട്ട് മേനോനൊന്നമ്പരന്നു. ” എന്താ എന്തുപറ്റി നിനക്ക് ???. ” ” അതച്ഛാ… അന്നച്ഛൻ ശ്രദ്ധയെപ്പറ്റി പറഞ്ഞപ്പോൾ ഞാനതൊന്നും വിശ്വസിച്ചില്ല. പക്ഷേ ഇന്ന്…. ” ” ഇന്നെന്തുപറ്റി ??? ” അഭിയേ നോക്കി ഗൗരവത്തോടെ മേനോൻ ചോദിച്ചു. അവനിൽ നിന്നും നടന്നകാര്യങ്ങളൊക്കെ അറിയുമ്പോൾ നിശബ്ദമായിരിക്കുകയായിരുന്നു മേനോൻ. ” സാരമില്ലഭീ… നിന്നെ ഞാൻ കുറ്റം പറയുന്നില്ല. ആരേലും എന്തെങ്കിലും പറയുന്നത് കേട്ട് സ്നേഹിച്ച പെണ്ണിനെ തള്ളിപ്പറയുന്നവനെ ആണെന്ന് പറയാൻ കഴിയില്ല.

ആ കാര്യത്തിൽ എന്റെ മകനെയോർത്ത് എനിക്കഭിമാനമുണ്ട്. നീയൊരു ആണാണ്. പക്ഷേ സ്നേഹിച്ചവളെ മനസ്സിലാക്കുന്ന കാര്യത്തിൽ നീ പരാജയപ്പെട്ടുപോയി. അതൊരിക്കലും നിന്റെ കുറവല്ല മറിച്ച് നിന്റെ മനസ്സിന്റെ നന്മയാണ്. ” അവന്റെ തോളിൽ തട്ടി പുഞ്ചിരിയോടെ അയാൾ പറഞ്ഞു. അഭിയും പതിയെയൊന്ന് പുഞ്ചിരിച്ചു. ” അഭീ… ഇനിയെങ്കിലും ജാനകിയെ നീ വിഷമിപ്പിക്കരുത്. നിനക്കവളെ ഇഷ്ടമല്ലെന്നറിഞ്ഞിട്ടും , നിന്റെ മനസ്സിൽ മറ്റൊരാളുണ്ടെന്നറിഞ്ഞിട്ടും നിന്റെ താലി ഏറ്റുവാങ്ങിയവളാണവൾ. എന്നെങ്കിലുമൊരിക്കൽ നീയവളെ സ്നേഹിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആ പാവത്തിനെ ഇനിയും എന്റെ മോൻ വിഷമിപ്പിക്കരുത്.

മുക്കുപണ്ടത്തെയോർത്ത് കയ്യിലുള്ള വൈഡൂര്യത്തെ ഇനിയുമെന്റെ മോൻ കാണാതെ പോകരുത്. ” അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. അയാൾ പറഞ്ഞതെല്ലാം മൂളിക്കേട്ട് അവൻ പതിയെ അകത്തേക്ക് നടന്നു. അവൻ മുറിയിലെത്തുമ്പോൾ ജാനകി ജനലിനരികിൽ ആകാശം നോക്കി നിൽക്കുകയായിരുന്നു. ” എന്താടോ ഒരാലോചന ???. ” ബെഡിലേക്ക് വന്നിരുന്നുകൊണ്ട് അവളെ നോക്കി അഭി ചോദിച്ചു. ” ഒന്നുല്ലഭിയേട്ടാ…. ” അവൾ പതിയെപ്പറഞ്ഞു. പിന്നെ പതിയെ പിന്തിരിഞ്ഞ് വന്ന് കിടക്കയുടെ താഴ്ഭാഗത്തായി ഇരുന്നു. ” എന്താടോ ഭാര്യേ താനെന്റെയടുത്തിരിക്കൂലേ ??? ” അവളുടെ കണ്ണിലേക്ക് നോക്കി അഭി ചോദിച്ചു. ” അങ്ങനെയൊരു പതിവ് നമുക്കിടയിലിതുവരെ ഉണ്ടായിരുന്നില്ലല്ലോ അഭിയേട്ടാ. ” ” എന്നാൽ ഇന്നുമുതൽ പതിവുകളൊക്കെ ഞാനങ്ങ് തെറ്റിക്കാൻ പോകുവാ. “

പറഞ്ഞതും അവൻ തിരിഞ്ഞവളുടെ മടിയിലേക്ക് കിടന്നതും ഒരുമിച്ചായിരുന്നു. ആദ്യത്തെ ഒരമ്പരപ്പിന് ശേഷം പതിയെ അവളുടെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞു. ” എന്താഡീ മണ്ടൂസേ നോക്കുന്നേ ??? ” അവളെ നോക്കി ഒരു കുസൃതിച്ചിരിയോടെ അഭി ചോദിച്ചു. ” അല്ല പെട്ടെന്നിതെന്ത്‌ പറ്റിയെന്നാലോചിക്കുവായിരുന്നു. ” ” പെട്ടന്നല്ലെഡീ പെണ്ണേ…. കുറേ മുന്നേ തന്നെ കൃത്യമായി പറഞ്ഞാൽ ആ ദിവസത്തിന് ശേഷം ഞാൻ പോലുമറിയാതെ നിന്നെ ഞാൻ സ്നേഹിച്ചുതുടങ്ങിയിരുന്നു. പക്ഷേ നിന്നോടാ സ്നേഹം പ്രകടിപ്പിക്കാതിരുന്നത് ശ്രദ്ധയോട് ചെയ്യുന്നത് തെറ്റാണെന്നുള്ള കുറ്റബോധം ഉള്ളിലുണ്ടായിരുന്നത് കൊണ്ടാണ്. ” അപ്പോഴുമൊരു പുഞ്ചിരിയോടെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടിരിക്കുകയായിരുന്നു ജാനകി. ” അപ്പൊ ഇപ്പോ ആ കുറ്റബോധമില്ലേ ??? “

അവൾ പതിയെ ചോദിച്ചു. ” ഉണ്ട് … അതുപക്ഷേ അവളെയോർത്തല്ല. എത്ര ചവിട്ടിത്തേച്ചിട്ടും എന്നെ വെറുക്കാതിരുന്ന , ഞാൻ തിരിച്ചറിയാതെ പോയ എന്റെയീ പെണ്ണിനേയോർത്ത്. ” പിന്നിലൂടെ കയ്യിട്ട് അവളുടെ അരക്കെട്ടിൽ ചുറ്റിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു. ” അപ്പോ ശ്രദ്ധയോടിപ്പോ ഒട്ടും സ്നേഹമില്ലേ ??? ” ” അവളെ ഞാനെന്റെ ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു. പക്ഷേ ഞാനവൾക്ക് വെറുമൊരു തുറുപ്പുചീട്ട് മാത്രമായിരുന്നു. ” അവൻ വേദനയോടെ പറഞ്ഞു. അതുകേട്ട് ജാനകിയുടെ മുഖം വല്ലാതെയായി. ” പോട്ടഭിയേട്ടാ അതൊക്കെ മറന്നുകള ഇപ്പോഴെല്ലാം കലങ്ങിത്തെളിഞ്ഞല്ലോ. ” അവന്റെ നെറ്റിയിൽ തലോടിക്കോണ്ട് ജാനകി പറഞ്ഞു. ” വേറൊരുത്തിയെ മനസ്സിലിട്ടോണ്ട് നടക്കുകയാണെന്നറിഞ്ഞിട്ടും എന്തുകണ്ടിട്ടാഡീ പെണ്ണേ ഈ താലിക്ക് മുന്നിൽ തല കുനിച്ചുതന്നത് ??? “

ജാനകിയുടെ മാറിൽ ചേർന്നുകിടക്കുന്ന താലിമാലയിൽ പിടിച്ചുകൊണ്ട് അഭി പതിയെ ചോദിച്ചു. അതുകേട്ട് ജാനകി പതിയെ ഒന്ന് ചിരിച്ചു. ” പതിനഞ്ചാം വയസ് മുതൽ ഞാൻ . നെഞ്ചോട് ചേർത്ത് താലോലിച്ചിരുന്ന , ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയ ജീവിതം കൈവെള്ളയിലേക്ക് കിട്ടുമ്പോൾ തട്ടിത്തെറിപ്പിക്കാൻ എനിക്കെങ്ങനെ കഴിയും അഭിയേട്ടാ ??? ” അത് പറയുമ്പോൾ ജാനകിയുടെ മിഴികൾ നിറഞ്ഞിരുന്നു. അവളുടെ ആ വാക്കുകൾ അത്ഭുതത്തോടെയാണ് അഭി കേട്ടത്. അതവനൊരു പുതിയ അറിവായിരുന്നു. അവളോടെന്ത്‌ പറയണമെന്നറിയാതെ അവനൽപ്പനേരം മൗനമായിക്കിടുന്നു. ” എന്തുപറ്റി പെട്ടന്ന് വോൾട്ടേജങ്ങ് കുറഞ്ഞല്ലോ ??? ” അവന്റെ മൂക്കിൽ പിടിച്ചുവലിച്ചുകൊണ്ട് അവൾ ചോദിച്ചു. ” ഒന്നുല്ലഡീ….. “

പറഞ്ഞുകൊണ്ട് അവൻ തല തിരിച്ചവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി. പൊട്ടിച്ചിരിച്ചുകൊണ്ട് അവളവനെ തട്ടി മാറ്റി. ” ഇവിടെ വാടീ മത്തങ്ങാക്കണ്ണീ…. ” പെട്ടന്നവളെ കെട്ടിപിടിച്ചുകൊണ്ട് അവൻ ബെഡിലേക്ക് മറിഞ്ഞു. ” വീണ്ടുമെതെന്തിനുള്ള പുറപ്പാടാ ??? ” ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു. ” നീയിതെന്തോന്ന് ഭാര്യയാഡീ???? മനസ്സുകൊണ്ടും നമ്മളൊന്നായ ദിവസമല്ലേ ഇന്ന് . ഇനിയെനിക്ക് ഒരു ബന്ധനങ്ങളുമില്ലാതെ എന്റെയീ കാന്താരിപ്പെണ്ണിനെ സ്നേഹിക്കണം എന്റേത് മാത്രമായി…” നെറ്റിയിലേക്ക് വീണുകിടന്ന അവളുടെ മുടിയിഴകളൊതുക്കി അവനാ നെറ്റിയിൽ ചുംബിച്ചു. ജാനകിയുടെ കവിൾത്തടങ്ങൾ തുടുത്തു. മിഴികൾ കൂമ്പിയടഞ്ഞു. അവന്റെ ചുണ്ടുകളും വിരലുകളും അവളുടെ ശരീരത്തിലൂടൊഴുകി നടന്നു. തുറന്നിട്ട ജാലകത്തിലൂടെ നിലാവെളിച്ചം അകത്തേക്കരിച്ച് വന്നു. ആകാശത്തിൽ നിന്നുമൊരുതാരകം നാണിച്ച് കണ്ണുചിമ്മി.

തുടരും…..

നിൻ നിഴലായ് : ഭാഗം 11

-

-

-

-

-