Saturday, April 27, 2024
Novel

നിയോഗം: ഭാഗം 39

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

കാർത്തിയും പദ്മയും കൂടി തിരിച്ചു വിട്ടിൽ എത്തിയപ്പോൾ ഉച്ച തിരിഞ്ഞിരുന്നു. സീത ആണെങ്കിൽ രണ്ടാളെയും കാത്തു ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. “എന്താ മക്കളെ വൈകിയേ…. ” “ഞാൻ കോളേജിൽ ഒന്ന് കയറി അമ്മേ.. അത്കൊണ്ടാണ് താമസിച്ചേ… മീനുട്ടി എന്ത്യേ ” “അവള് തലവേദന ആണെന്ന് പറഞ്ഞു കിടപ്പുണ്ട് ” “അതെന്താ പെട്ടന്ന്… പനി യൊ ജലദോഷമോ ഉണ്ടോ അമ്മേ ” പദ്മ ചെരിപ്പ് ഊരി വെളിയിൽ ഇട്ടിട്ട് കാലു കഴുകി അകത്തേക്ക് കയറി. “ചെറിയതായിട്ട് ഉണ്ടെന്ന് തോന്നുന്നു മോളെ..മഞ്ഞിന്റെ ഒക്കെ ആകും.. അതൊക്കെ പോട്ടെ വിട്ടിൽ എന്തൊക്കെ ഉണ്ട് വിശേഷം..

എല്ലാവരും എന്ത് പറയുന്നു ” “സന്തോഷം ആയിട്ട് ഇരിക്കുന്നമ്മേ…. ഹരിക്കുട്ടന് ഇത്തിരി വിഷമം ഉണ്ടായിരുന്നു… പിന്നെ ഒരു തരത്തിൽ സമാധാനിപ്പിച്ചു….” അമ്മയെ നോക്കി പുഞ്ചിരി യോടെ പറയുന്നവളെ കാർത്തി ഒളികണ്ണാൽ നോക്കി കൊണ്ട് ഗോവണി കയറി മുകളിലേക്ക് പോയി. “അച്ഛനും മുത്തശ്ശിയും ഒക്കെ എവിടെ അമ്മേ ” “എല്ലാവരും ഊണ് കഴിഞ്ഞു മയക്കത്തിൽ ആണ്.. ഇവിടെ പതിവാ…. മോള് എന്തെങ്കിലും കഴിച്ചോ ” “ഇല്ലമ്മേ…. ഞങ്ങൾ ഓരോ ജ്യൂസ്‌ കുടിച്ചതെ ഒള്ളു ” “എങ്കിൽ മോള് പോയി ഡ്രസ്സ്‌ മാറി വാ… അമ്മ കഴിക്കാൻ എടുക്കാം കെട്ടോ ” .

സ്നേഹത്തോടെ തന്നെ നോക്കി പറയുന്ന അമ്മയെ നോക്കി നിന്നു പദ്മ…. “ആഹ്.. ഏടത്തി… ” “മീനുട്ടി… തലവേദന കുറവായൊ ” “ഹമ്… കുറഞ്ഞു…. ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ ഒക്കെ ആയി..” “മോളെ പദ്മേ… ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം… ചെല്ല് മോളെ ” “ഹമ് ശരി അമ്മേ… മീനുട്ടിയെ ഞാൻ ഇപ്പൊ വരാം കേട്ടോ ” പദ്മ മുറിയിലേക്ക് ചെന്നപ്പോൾ കാർത്തി വേഷം ഒക്കെ മാറിയിരുന്നു. പിന്നീട് രണ്ടാളും കൂടി വന്നു ഊണൊക്കെ കഴിച്ചു. ***** ദിവസങ്ങൾ ഓടി ഓടി പോയ്കൊണ്ടേ ഇരുന്നു. പദ്മയും മീനുട്ടിയും കൂടി കാർത്തിയുടെ ഒപ്പം കോളേജിൽപോകും.. തിരികെ യുമവന്റെ ഒപ്പം പോരും. പദ്മ അത്യാവശ്യം പഠിക്കുന്ന കുട്ടി ആയതു കൊണ്ട് അധ്യാപകർ ഒക്കെ അവളെ കുറിച്ചു കാർത്തിയോട് നല്ല അഭിപ്രായം ആയിരുന്നു പറയുന്നത്..

അവനും അത് കേൾക്കുമ്പോൾ ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയിരുന്നു. പദ്മ നല്ലൊരു പെൺകുട്ടി ആയിരുന്നു.. മീനുട്ടിക്ക് ഏടത്തി ആയും, സീതയ്ക്ക് നല്ലൊരു മരുമകളും, അച്ഛമ്മയ്ക്ക് പ്രിയപ്പെട്ട കൊച്ചു മകളും ഒക്കെ ആയിരുന്നു അവള്… കോളേജിൽ നിന്നു വന്നാൽ കുളി ഒക്കെ കഴിഞ്ഞു അവൾ സീതയെ ചുറ്റി പറ്റി നിൽക്കും.. അന്നത്തെ വിശേഷം മുഴുവനും പറഞ്ഞു കേൾപ്പിക്കും.. അടുത്ത ദിവസത്തെ കറികൾക്ക് വേണ്ടി ഉള്ള പച്ചക്കറികൾ ഒക്കെ നുറുക്കി വെയ്ക്കും നാളികേരം ചിരകലും, ഉള്ളി തോല് കളഞ്ഞു വെയ്ക്കലും ഒക്കെ ആയി അവൾ ഒരു 8മണി വരെയും അടുക്കളയിൽ കൂടും.. 6മണി ആകുമ്പോൾ അച്ഛമ്മ സന്ധ്യ വിളക്ക് കൊളുത്തും..

ആ സമയത്തു എല്ലാവരും ഉമ്മറത്തുകൂടും.. ഒരുമിച്ചു നാമം ചൊല്ലുവാൻ.. കാർത്തി മിക്കവാറും അമ്പലത്തിൽ പോകും.. ദീപാരാധന തൊഴാൻ… എന്നിട്ട് മിത്രനുമായി സംസാരിച്ചു ഇരുന്നിട്ട് തിരികെ മടങ്ങൂ…കവലയിൽ നിന്നും അച്ഛനും കാണും അവന്റ ഒപ്പം വീട്ടിലേക്ക്.. പത്തു മണി വരെയും ഇരുന്നു പദ്മ വായിച്ചു പഠിക്കും.. എക്സാം അടുത്ത് വരുന്നത് കാരണം പഠിക്കാൻ ഒരുപാട് ഉണ്ട്.. ചിലപ്പോൾ 11മണി കഴിയും അവൾ പഠിച്ചു കഴിയുമ്പോൾ.. അതിൽ കൂടുതൽ സമയം ഒന്നും അവളെ ഇരുത്താൻ കാർത്തി സമ്മതിക്കില്ല. തലവേദന എടുക്കും എന്ന് പറഞ്ഞു അവൻ പദ്മയെ വഴക്ക് പറയും. ***

അടുത്ത ദിവസം കാലത്തെ രാമകൃഷ്ണൻ മാരർ തൊടിയിലേക്ക് ഇറങ്ങുക ആയിരുന്നു.. കുറച്ചു പാവലും വെണ്ടയും ഒക്കെ വിളവ് ആയി കിടക്കുന്നുണ്ട്.. അത് പറിച്ചു കവലയിൽ കൊണ്ട് പോയി കൊടുക്കാൻ ആണ്.. . പദ്മ മുറ്റം അടിച്ചു വാരുന്നുണ്ട്.. മീനുട്ടി ആണെങ്കിൽ അര ഭിത്തിയിൽ ഇരുന്നു ഹോം വർക്ക് ചെയ്യുക ആണ്. ഒരു സ്കൂട്ടി വന്നു മുറ്റത്തു നിന്നതും പദ്മയും അച്ഛനും ഒരുപോലെ നോക്കി. . ദേവൻ ആയിരുന്നു അത്.. അയാളെ പെട്ടന്ന് പദ്മയ്ക്ക് മനസിലായില്ല…. അവൾ പെട്ടന്ന് ചൂലും എടുത്തു കൊണ്ട് പിന്നാമ്പുറത്തേക്ക് പോയി. “രാമേട്ടൻ തിരക്ക് ആണോ “? ദേവൻ കുശലം ഒക്കെ ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി… മീനുട്ടി ഓടി ചെന്നു സീതയോട് ദേവൻ വന്ന കാര്യം പറഞ്ഞു.

ചായ കുടിച്ചു കൊണ്ട് ഇരുന്ന കാർത്തിയും, അമ്മയുടെ പിന്നാലെ ഇറങ്ങി വന്നു. “ആഹ്…. കാർത്തി ഇവിടെ ഉണ്ടായിരുന്നോ….. ഞാൻ കരുതി അമ്പലത്തിലോ മറ്റൊ പോയെന്നു ” അയാൾ പറഞ്ഞതും കാർത്തി താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി . “ഞാനേ വന്ന കാര്യം പറയാം.. എന്നിട്ട് പെട്ടന്ന് പോയ്കോളാം,, എല്ലാവരും തിരക്ക് അല്ലെ…. ഞാനും ഇത്തിരി തിരക്ക് ആണ് ” അയാൾ ഒരു വിവാഹ ക്ഷണക്കത്തു എടുത്തു.. “എന്റെ മോളുടെ വിവാഹം ആണേ…. ഈ വരുന്ന ഞായറാഴ്ച.. തെക്കേൽ പുരയിടത്തിലേ മാധവൻ നായരുടെ ചെറു മകൻ ആണ് പയ്യൻ…. കാർത്തി അറിയും…. നികേഷിനെ….

. ഒരുപാട് ബിസിനസ്‌ ഒക്കെ ഉണ്ട്.. അങ്ങ് ബാംഗ്ലൂർ ഇൽ..കോടീശ്വരൻ ആണ് കേട്ടോ …” അയാൾ വാചാലൻ ആയി.. “ദേവൂട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു വന്നതാ…. അവളെ കാണാൻ മിടുക്കി അല്ലെന്നേ…….ഇത്രയും സൗന്ദര്യം ഉള്ള ഒരു പെൺകുട്ടി ഈ അടുത്ത കരയിൽ ഒന്നും ഇല്ലാലോ…അതുകൊണ്ട് മാത്രം ആണ് കേട്ടോ ഈ ബന്ധം വന്നത്.. ഇല്ലെങ്കിൽ എനിക്കും എന്റെ മോൾക്കും സ്വപ്നം പോലും കാണാൻ പറ്റില്ലല്ലോ ഇതേ… ഈ കരയുടെ പകുതി ഭാഗം അവരുടെ അല്ലെ ” അയാൾ വർണ്ണിച്ചു കൊണ്ടേ ഇരിക്കുക ആണ്. വന്ന ആളെ മനസിലാകാതെ പദ്മ അയാൾക്ക് കുടിക്കാനായി ചായ കൊണ്ട് വന്നു കൊടുത്തു. “ഇതു ആരാ, പുതിയ വാല്യക്കാരി ആണോ… ” അവളോട് ചായ മേടിച്ചു കൊണ്ട് ദേവൻ കാർത്തിയെ നോക്കി. അതു കേട്ടതും പദ്മ അങ്ങട് വല്ലാതെ ആയി…

“പദ്മേ…..” കാർത്തി ദേഷ്യത്തിൽ അവളെ വിളിച്ചു. എല്ലാവരും ഞെട്ടി പോയി.. കാരണം അത്രയ്ക്ക് വല്ലാത്ത ഒരു ഭാവം അവനിൽ ആദ്യം ആയി കാണുക ആയിരുന്നു എല്ലാവരും. ദേവൻ പോലും. “നിന്നോട് ആരാടി പറഞ്ഞെ കണ്ട വഴിപോക്കരും തെണ്ടികളും ഒക്കെ വരുമ്പോൾ ചായ കൊണ്ട് വന്നു കൊടുക്കാൻ….. ” അത് കേട്ടതും ദേവന്റെ കൈയിൽ ഇരുന്നു ചായ തുളുമ്പി… “മേടിച്ചോണ്ട് പോയി വാഷ് ബേസിനിൽ കളയൂ ആ ചായ… ” അവൻ ഉച്ചത്തിൽ പറഞ്ഞതും പദ്മ ഞെട്ടി വിറച്ചു… ദയനീയം ആയി അവൾ എല്ലാവരെയും നോക്കി. “നിന്നോട് ആ ചായ തിരികെ മേടിക്കാൻ അല്ലേടി പറഞ്ഞത്… സത്കരിക്കാൻ ഇറങ്ങിയേക്കുന്നു…” . അവന്റ ഒച്ച പൊന്തിയതും പദ്മ സങ്കടത്തിൽ ആയി. “മോളെ… കാർത്തി പറയുന്നത് അനുസരിക്കൂ ”

അച്ഛൻ പറഞ്ഞപ്പോൾ പദ്മ അത് ദേവനോട്‌ മേടിച്ചു… “ഇവിടെ ആരൊക്കെ വരുമ്പോൾ ആണ് ചായയും പലഹാരവും ഒക്കെ കൊടുക്കേണ്ടത് എന്ന് അമ്മ ഒന്ന് പഠിപ്പിച്ചു കൊടുക്കണം പദ്മയെ….” . സീതയുടെ നേർക്ക് തിരിഞ്ഞു അവൻ.. ദേവൻ ആണെങ്കിൽ അടി കൊണ്ടത് പോലെ നിൽക്കുക ആണ്. “താൻ വന്ന കാര്യം കഴിഞ്ഞെങ്കിൽ വേഗം ഇറങ്ങി പോകൂ… ഞങ്ങൾക്ക് വേറെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ” ചുവരിലെ ക്ലോക്കിലേക്ക് നോക്കി കൊണ്ട് കാർത്തി ദേവനെ നോക്കി. അയാൾ വിവാഹ കുറി മേശമേൽ വെച്ചിട്ട് പിന്തിരിഞ്ഞു. “ഹെലോ… മിസ്റ്റർ ” കാർത്തി പിന്നിൽ നിന്നു വിളിച്ചതും അയാൾ നിന്നു.. “ഞങ്ങൾക്ക് ഇയാളെ പരിചയം ഇല്ലാത്ത സ്ഥിതിക്ക് ഈ വിവാഹ കുറിയും കൂടി എടുത്തോണ്ട് പൊയ്ക്കോളൂ… ഇതിന്റ ആവശ്യം ഇവിടെ ഇല്ല….” .

ദേവൻ അടി കിട്ടിയത് പോലെ നിൽക്കുക ആണ്. എന്ത് ചെയ്യണം എന്നറിയാതെ.. “എനിക്കും എന്റെ കുടുംബത്തിൽ ഉള്ള ആർക്കും തന്നെയും തന്റെ സുന്ദരി ആയ മകളെയും അറിയില്ല… ആ സ്ഥിതിക്ക് ഈ ക്ഷണകത്തിന്റെ ആവശ്യം ഇല്ല… അത് എടുക്കണം ” അവന്റെ ശബ്ദം ഉയർന്നപ്പോൾ ദേവൻ വേഗം തന്നെ കുറി എടുത്തു. “ആഹ് ഒരു കാര്യം കൂടി പറയാൻ ഉണ്ട്….. ഒരു മിനിറ്റ് ” അവൻ അടുക്കളയിൽ ചെന്നു പദ്മയെ കൂട്ടി കൊണ്ട് വന്നു ദേവന്റെ മുന്നിൽ നിറുത്തി. “തനിക്ക് എന്തോ സംശയം ആയിരുന്നല്ലോ, ഇതു ഇവിടുത്തെ വേലക്കാരി ആണെന്ന് അല്ലെ….. എന്നാൽ കേട്ടോളൂ,, കണ്ട ആണുങ്ങളുടെ കൂടെ അഴിഞ്ഞാടി നടക്കുന്ന തന്റെ മകളെ പോലെ ഉള്ള ഒരു പെൺകുട്ടി അല്ല ഇവള്… മനസ്സിൽ നന്മകൾ മാത്രം ഉള്ള, നല്ലൊരു അച്ഛനും അമ്മയ്ക്കും പിറന്ന മകൾ ആണ്,

തന്നെ പോലെ തോന്നിവാസം വളർത്തി വിട്ടത് അല്ല,,, ഈശ്വരൻ എനിക്കായി, എന്റെ കുടുംബത്തിനായി കരുതി വെച്ച പെണ്ണ് ആണ് ഇവള്… തന്റെ മകളെ ദൈവം എന്നിൽ നിന്നും പിരിച്ചു മാറ്റിയത് എന്റെ അച്ഛന്റെയും അമ്മയുടെയും പുണ്യം ആണ്…. അതുകൊണ്ട് ഇവളെ എനിക്ക് എന്റെ ഭാര്യ ആയി കിട്ടിയത്,,, തന്റെ മകൾക്ക് പുതിയ കോടീശ്വരൻ വന്നല്ലോ, എന്ത്യേ പഴയ ആള്… അവന്റെ കാര്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയല്ലേ….. എത്ര കോടീശ്വരനമാർ കൊണ്ട് നടന്നു തന്റെ മകളെ ” . “എടാ……..” ദേവൻ പാഞ്ഞു വന്നു കാർത്തിയുടെ കോളറിൽ കേറി പിടിക്കാൻ തുടങ്ങി.. അവൻ പെട്ടന്ന് കൈ തട്ടി മാറ്റി. “ഇറങ്ങി പോടോ.. എന്നിട്ട് തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ട തന്റെ മകളോട് പറയു, ഒന്നും തുടങ്ങിയിട്ടില്ല എന്ന്…. അവള് അനുഭവിക്കാൻ പോകുന്നെ ഒള്ളു….

താൻ അത് ഒക്കെ കണ്ണ് നിറഞ്ഞു കാണും.. എന്നിട്ടേ തന്റെ അന്ത്യം ഉണ്ടാവൂ…” തന്റെ മുന്നിൽ നിന്നു പുച്ഛത്തോടെ പറയുന്ന കാർത്തിയെ ദേവൻ ആദ്യം കാണും പോലെ നോക്കി. ഇത്രയും നാളും ഒന്ന് മാറി നിൽക്കാൻ തന്നോട് പറഞ്ഞിട്ടില്ല ത്ത പയ്യൻ ആണ്… അവനാണ് ഇപ്പോൾ ഇങ്ങനെ ഒക്കെ…. ദേവൻ ഉമ്മറത്തു എത്തിയതും പിന്നിൽ നിന്നും കാർത്തി വന്നു വാതിൽ ശക്തി ആയി കൊട്ടി അടച്ചു കഴിഞ്ഞിരുന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…