Thursday, December 19, 2024
Novel

നിവേദ്യം : ഭാഗം 23

എഴുത്തുകാരി: ആഷ ബിനിൽ

“കൊട്ടും കുരവയും ആളുകൾ ഇല്ലേലും പെണ്ണാളേ കെട്ടിയിടാനൊരു താലി ചരടായി…” അപ്പുവിന്റെ ഫോണിൽ നിന്നാണ്. വന്നു വന്ന് ഇവനും എനിക്കിട്ട് കൊട്ടി തുടങ്ങിയോ? കെട്ടിയിടാൻ ഞാനെന്താ പശുവോ? “ഡാ…..” കലിപ്പിൽ ആണ് വിളിച്ചത്. ചെക്കൻ ചാടി പിടഞ്ഞെണീറ്റു. “ചേച്ചീ സത്യമായിട്ടും ഞാൻ വെറുതെ ടിക്ടോക്കിൽ വീഡിയോ കണ്ടതാ. ചേച്ചിക്ക് അറിയില്ലേ എന്നെ. ഞാൻ ഇങ്ങനെ ആരേം വിളിച്ചോണ്ടു വരില്ല. സത്യമായിട്ടും വരില്ല.” ഓഹോ. അത് അവിടുന്നും പോയല്ലേ…

അല്ലെങ്കിലും ഇരുപത്തിയൊന്ന് വയസിലും ചോട്ടാ ബീം കണ്ടു നടക്കുന്ന നീ എന്നെ ട്രോളും എന്നു ഞാൻ വിചാരിക്കാൻ പാടില്ലായിരുന്നു. ഈ ചേച്ചിക്ക് മാപ്പ് തരൂ കുട്ടി. “ആഹ്. ആഹ്.. ശരി ശരി. അന്ത ഭയം ഇരിക്കട്ടും” മുങ്ങുന്നതാണ് ബുദ്ധി, അല്ലെങ്കിൽ ചിലപ്പോ അവന് ശരിക്കും എന്നെ ആക്കാൻ തോന്നാൻ ചാൻസ് ഉണ്ട്. ഞാൻ വേഗം വലിഞ്ഞു. കല്യാണത്തിനിനി രണ്ടേ രണ്ട് നാൾ. അമ്മ കുറച്ചു ഡ്രസ് എടുത്തു വച്ചിരുന്നു. അതെല്ലാം ഷേപ്പ് ചെയ്തുവച്ചു. ഹാരിമോനെയും കൊണ്ട് അപ്പുവിന്റെയും ചിന്നുവിന്റെയും കൂടെ വെറുതെ കുറെ കറങ്ങി.

അച്ഛനോടും അമ്മയോടും ഒപ്പം എത്ര സമയം ചിലവഴിച്ചിട്ടും മതിയാകാത്തത് പോലെ. കല്യാണത്തിന്റെ തലേന്ന് ആയപ്പോഴേക്കും എനിക്ക് ടെൻഷൻ കൊണ്ട് വട്ടാകും എന്ന അവസ്ഥയിൽ എത്തി. ഭക്ഷണം ഒന്നും വായിൽ നിന്ന് ഇറങ്ങുന്നില്ല. ഈ കല്യാണം വേണ്ടെന്ന് വരെ തോന്നി. ആദ്യത്തെ വിവാഹത്തിന് ഇങ്ങനൊന്നും തോന്നിയിരുന്നില്ല. വരുന്നിടത്തുവച്ചു കാണാം എന്ന മൈൻഡ് ആയിരുന്നു. പക്ഷെ ഇപ്പോ അങ്ങനല്ല, സർവത്ര യോഗ്യനായ ഒരു മനുഷ്യന്റെ ജീവിതത്തിലേക്കാണ് രണ്ടാം കെട്ടുകാരിയായ ഞാൻ കടന്നു ചെല്ലുന്നത്.

അർഹതയില്ലാത്ത ബന്ധം ആണോ എന്നു പലപ്പോഴും തോന്നി. ഇടയ്ക്ക് ബാഗും പെറുക്കിയെടുത്തു നാട് വിട്ടാലോ എന്നു തോന്നി. അച്ഛന്റെ ആഭിജാത്യത്തിന് കളങ്കം ആകുമല്ലോ എന്നോർത്തപ്പോൾ അത് വേണ്ടെന്ന് വച്ചു. ഉറക്കഗുളിക കഴിച്ചു രണ്ടുദിവസം ബോധമില്ലാതെ കിടക്കാനും ആലോചിച്ചു. പിന്നെ ഉണർന്നില്ലെങ്കിലോ എന്നു വിചാരിച്ച് അതും ഡ്രോപ്പ് ചെയ്തു. കല്യാണ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ചു. വെറുതെ, ഒരു പ്രഹസനം. മേക്കപ്പ് ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നെങ്കിലും ചിന്നുവിനൊക്കെ വല്യ ആഗ്രഹം ആയിരുന്നു.

അങ്ങനെ ഒരു ചേച്ചിയെ വിളിച്ചു. എനിക്ക് സിംപിൾ മേക്കപ്പ് മതിയെന്ന് പറഞ്ഞതുകൊണ്ട് ചേച്ചിയുടെ കഴിവ് മുഴുവനായി പുറത്തെടുക്കാൻ കഴിഞ്ഞില്ല. സെറ്റും മുണ്ടും ഉടുത്തു വന്നപ്പോൾ ഒരു ഐശ്വര്യം ഒക്കെ തോന്നി. സെറ്റ് ഉടുത്തത് അല്പം ഇറങ്ങിപ്പോയി. അതുകൊണ്ട് കഷ്ടപ്പെട്ട് അച്ചടക്കത്തോടെയാണ് നടക്കുന്നത്. മഠത്തിൽ നിന്ന് വരുമ്പോൾ അവിടെനിന്ന് തന്ന സ്വർണം അത്രയും തിരികെ കൊടുത്തിരുന്നു. എന്റെ വീട്ടിൽ നിന്ന് ആദ്യത്തെ വിവാഹത്തിനെടുത്ത ട്രഡീഷണൽ ഡിസൈനിൽ ഉള്ള ഒരു നെക്ലേസും ആറു വളയും ശ്രീദേവിയമ്മ പണ്ട് സമ്മാനമായി തന്ന ജിമിക്കി കമ്മലും ഞാൻ ജോലി ചെയ്തു വാങ്ങിയ പാദസരവും.

അത്രയും ആണ് ആഭരണങ്ങൾ. അമ്പലത്തിലേക്ക് കയറിയപ്പോഴേ കണ്ടു, ശ്രീദേവിയമ്മയും ദേവച്ചനും. കൂടെ ഹരിയേട്ടനും എഡ്വിയും മോനുമുണ്ട്. അവരോട് വർത്തമാനം പറഞ്ഞു തിരിഞ്ഞപ്പോഴേക്കും ദേ കിടക്കുന്നു താഴെ..! സെറ്റിന്റെ അടിഭാഗം തട്ടിയതാണ്. വീണില്ല. അതിന് മുൻപ് ആരൊക്കെയോ ചേർന്നുതാങ്ങിപ്പിടിച്ചു. നരനിലെ ഭാവനയുടെ ചിരി എല്ലാവർക്കും കൊടുത്തിട്ട് ഞാൻ എണീറ്റു. നോക്കുമ്പോൾ ദേ വരുന്നു മണിമാരൻ. ഓരോ കഥകളിൽ ഒക്കെ വീഴാൻ പോകുമ്പോൾ ലോകത്തിന്റെ ഏത് കോണിൽ ആയാലും നായകന്റെ ബലിഷ്ഠമായ കരങ്ങൾ വന്നു താങ്ങും.

ഇതിവിടെ സദ്യ കഴിഞ്ഞപ്പോൾ ആണ് ഇല വെട്ടാൻ വന്നിരിക്കുന്നത്. രാജപ്പൻ, സോറി ഭർത്താവിനെ രാജപ്പൻ എന്നു വിളിക്കുന്നത് മര്യാദയല്ലല്ലോ. പൃത്വി എന്നെ നോക്കിയൊന്ന് ചിരിച്ചു. അതിൽ ഒരു കളിയാക്കൽ ഇല്ലേ എന്നൊരു സംശയം? നോക്കുമ്പോൾ ആഭിജാത്യം മുതൽ ഉണ്ണിക്കുട്ടന്റെ വരെ മുഖത്ത് അതുണ്ട്. പിന്നെ ഞാൻ അധികം എക്‌സ്പ്രഷൻ ഇടാൻ നിന്നില്ല. കല്യാണത്തിന്റെ അന്ന് വീഴുന്ന ലോകത്തെ ആദ്യത്തെ വധു ഒന്നും അല്ലല്ലോ ഞാൻ. അല്ല പിന്നെ. മണ്ഡപവും നിറപറയും താലവും ഒന്നും വേണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്റെ കണ്ണന്റെ മുന്നിൽ വച്ചു ഞാൻ വീണ്ടും സുമംഗലിയായി.

അതുതന്നെ ആയിരുന്നു എന്റെ ആഗ്രഹവും. എല്ലാ ദുഃഖങ്ങളും ഞാൻ കൊണ്ടിറക്കി വച്ചിരുന്നത് ഇവിടെ ആയിരുന്നു. ഇവിടെത്തന്നെ ആകട്ടെ എന്റെ സന്തോഷങ്ങളുടെ തുടക്കവും. എന്റെ സീമന്തരേഖ ഒരിക്കൽ കൂടി ചുവന്നു. ഇത്തവണ മരണം വരെയും അതവിടെ കാണണേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അമ്പലത്തിൽ ചെന്നു നിന്നപ്പോൾ മുതൽ പൃഥ്വിയുടെ കണ്ണുകളിൽ ഞാൻ മാത്രം ആണെന്ന് തോന്നിയിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാകാത്തത് പോലെയാണ് നോട്ടം. ഈയൊരു നോട്ടം ഒരിക്കൽ പോലും ഹരിയേട്ടനിൽ നിന്നെനിക്ക് കിട്ടിയിട്ടില്ല.

അമ്പലത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ചുതന്നെ ആയിരുന്നു സദ്യയും. വേറെ സ്‌പെഷ്യൽ റിസപ്‌ഷൻ ഒന്നും വച്ചിരുന്നില്ല. “ആ കുട്ടിയുടെ കല്യാണം ഒന്ന് കഴിഞ്ഞതാണ് അല്ലെ?” അതിഥികളിൽ ഒരാൾ അവിടുത്തെ അമ്മയോട് ചോദിക്കുന്നത് കേട്ടു. “അതേ. അതിനിപ്പോ രേവതിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?” അമ്മ തിരിച്ചു ചോദിച്ചു. അവർ ചുമൽ കൂച്ചിയിട്ട് ഉണ്ണാൻ പോയി. അമ്മ കൊലമാസ് അല്ല മരണമാസ് ആണമ്മേ… സത്യത്തിൽ ഏതു മാസ് ആണെന്ന് നാളെമുതൽ ആ വീട്ടിൽ താമസിക്കുമ്പോൾ അറിയാം. അമ്മയുടെ പേര് ഞാൻ കല്യാണത്തിനിടെ ആണ് അറിഞ്ഞത്. രോഹിണി.

അച്ഛന്റെ പേര് പിന്നെ കണവന്റെ വാൽ ആയതുകൊണ്ട് അതറിയാം. “തന്റെ വിവാഹം കഴിഞ്ഞല്ലോ.. ഇനി എനിക്കൊന്ന് സമാധാനമായി കണ്ണടച്ചുറങ്ങാം” ഹരിയേട്ടൻ ആണ്. അപ്പോൾ കഴിഞ്ഞ രണ്ടു രണ്ടര വർഷം ഈ മനുഷ്യൻ കണ്ണ് തുറന്നാണോ ഉറങ്ങിയത്? കെട്ടിക്കഴിഞ്ഞു കറക്റ്റ് പത്താം മാസം ഒരു കുട്ടിയുമായി. എന്നിട്ടാണ് സമാധാനക്കേടിന്റെ കാര്യം പറയുന്നത്. എന്ത് പ്രഹസനം ആണ് ശ്രീഹരി? ആൾ പൃഥ്വിയെ വന്നു പരിചയപ്പെട്ടു. പിന്നെ ശ്രീദേവിയമ്മയും അച്ഛനും ഒകെ വന്നു.

ചുരുക്കം ചില ബന്ധുക്കൾക്ക് മാത്രം ആയിരുന്നു കല്ലുകടി. മറ്റെല്ലാവരും സന്തോഷത്തിൽ ആയിരുന്നു. പ്രത്യേകിച്ചു ഞങ്ങളുടെ രണ്ടാളുടെയും ഫാമിലി. പൃത്വിയുടെയും പാറുവിനെയും കൂട്ടുകാരൊക്കെ വന്നു. അവരാരും ഒരു രണ്ടാംകെട്ടുകാരി എന്ന മട്ടിൽ പെരുമാറിയില്ല. കൂട്ടുകാരുടെ ദ്വയർത്ഥം തുളുമ്പുന്ന തമാശകൾക്കൊക്കെ ആൾ ചിരിച്ചു കൊടുക്കുന്നത് കണ്ടു. ഇതൊക്കെ മനസിലാകുന്നുണ്ടോ എന്തോ. എന്റെ കുറച്ചു കൂട്ടുകാരെയും MBAയ്ക്ക് ഒപ്പം പഠിച്ചവരെയും ഒക്കെ ക്ഷണിച്ചിരുന്നു.

വിവേകിന്റെ കണ്ണുകളിൽ നഷ്ടബോധം തിരക്കിയെങ്കിലും എനിക്കത് കാണാൻ കഴിഞ്ഞില്ല. കോഴിക്കൂട്ടിൽ ആണ് തൂവൽ തപ്പുന്നത് എന്നു അപ്പോൾ ഓര്മവന്നു. ആദ്യ വിവാഹത്തിന് വന്ന ചിലരെല്ലാം ഇത്തവണയും ഉണ്ടായിരുന്നു. എല്ലാവരും അല്ലെങ്കിലും മിക്കവരിലും ഒരുതരം അസൂയ, കുശുമ്പ് ഒക്കെയാണ് കണ്ടത്. വിവാഹമോചിതയായ, യുവതിയായ ഒരു പെണ്കുട്ടിക്ക് ഒരു നല്ല ജീവിതം കിട്ടുന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്? സദ്യയും കഴിഞ്ഞ് പ്രിത്വിയുടെ വീട്ടിലേക്ക് പോകുമ്പോൾ എനിക്ക് കരച്ചിൽ വന്നു.

ആദ്യത്തെ വിവാഹം കഴിഞ്ഞു പോകുമ്പോൾ ഉള്ള അതേ അവസ്ഥതന്നെയായിരുന്നു ഇപ്പോഴും. അപ്പുവിനും ചിന്നുവിനും അന്നത്തെക്കാളും വിഷമം ഉണ്ടെന്ന് തോന്നി. പൃഥ്വി എന്നെ വാരിയെടുത്ത് എന്നപോലെയാണ് വണ്ടിയിലേക്ക് കൊണ്ടുപോയത്. ഹാരിമോനെ ഞാൻ വീട്ടിൽ തന്നെ നിർത്തി. നാലു ദിവസം കഴിഞ്ഞു വരുന്നുണ്ടല്ലോ, അപ്പോ കൂടെ കൂട്ടാം. വണ്ടിയിൽ ഇരിക്കുമ്പോൾ മനസ് വല്ലാതെ കലങ്ങി മറിഞ്ഞു. പുതിയൊരു ജീവിതമാണ്. എനിക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്നൊരു ജീവിതം.

അർഹതയില്ല എന്നാരോ വീണ്ടും വീണ്ടും ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേടി മനസിലാക്കിയിട്ടാണോ എന്തോ, പൃഥ്വി എന്റെ കയ്യിൽ കൈ ചേർത്തുവച്ചു. ഞാൻ ആ മുഖത്തേക്ക് നോക്കി. സ്ഥായീഭാവമില്ല, മനോഹരമായ ഒരു പുഞ്ചിരിയാണ് ഇത്തവണ അവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. അഞ്ചുതിരിയിട്ട നിലവിളക്ക് കയ്യിലേന്തി ഞാൻ “പൃഥ്വിപാർവണം” എന്നു പേരിട്ട നാലുകെട്ടിന്റെ മരുമകളായി. ഒറ്റ നിലയിൽ നല്ല വലുപ്പമുള്ള, ഭംഗിയുള്ള വീടാണ്. ഹരിയേട്ടന്റെ പോലെ കോടീശ്വരന്മാർ ഒന്നുമല്ല.

ഇടത്തരം കുടുംബം. അച്ഛനും അമ്മയും സർക്കാർ ജോലിക്കാരാണ്. നിലവിളക്ക് ഞാൻ പൂജാമുറിയിൽ കൊണ്ടുപോയി വച്ചു. അമ്മ ഞങ്ങൾക്ക് മധുരം തന്നു. അത് പരസ്പരം പങ്കുവച്ചു കഴിച്ചു. ജീവിതത്തിൽ അങ്ങോളം ഈ പങ്കുവയ്ക്കൽ മനോഭാവം ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. അതല്ലെങ്കിൽ പിന്നെ ഈ ചടങ്ങുകൊണ്ടൊക്കെ എന്തു കാര്യം..? സെറ്റും ആഭരണങ്ങളും അഴിക്കാൻ അധികം പ്രയാസപ്പെടേണ്ടി വന്നില്ല. രണ്ടു വളയും കെട്ടുതാലിയും പാദസരവും ഒഴികെ മറ്റെല്ലാം ഞാൻ ഊരിവച്ചു. അലമാരയിൽ അത്യാവശ്യം വസ്ത്രങ്ങൾ ഉണ്ടായിരുന്നു.

വിവാഹവസ്ത്രങ്ങൾ എടുക്കാൻ പോയ ദിവസം എന്റെ അളവ് മനസിലാക്കി അമ്മ എല്ലാം ഷേപ്പ് ചെയ്തു വച്ചിട്ടുണ്ട്. ഫ്രഷായി വന്ന ഞാൻ കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് ഒന്നു നോക്കി. നെഞ്ചിൽ ചേർന്ന് കിടക്കുന്ന താലി, നിറുകയിൽ ഇനിയും മായാത്ത സിന്ദൂരം. അതേ, ഞാൻ വീണ്ടുമൊരു ഭാര്യ ആയിരിക്കുന്നു. കല്യാണത്തിന്റെ ഓരോ ചടങ്ങിലും ആദ്യത്തെ വിവാഹത്തിന്റെ ഓർമകൾ മനസിന്റെ പടിവാതിൽക്കൽ വന്നു നിന്നെങ്കിലും ഞാൻ വാശിയോടെ അത് കൊട്ടിയടച്ചു. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളും ചില നാട്ടുകാരും ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

ആരൊക്കെയോ വന്നു പരിചയപ്പെട്ടു പോയി. വൈകുന്നേരത്തോടെ അതിഥികൾ എല്ലാം പിരിഞ്ഞു പോയി. ഒരു പൂമ്പാറ്റയെപ്പോലെ പാറു എന്റെ കൂടെത്തന്നെ നിന്നു. രാത്രി മുറിയുടെ മുന്നിൽ എന്നെ കൊണ്ടുചെന്നു വിട്ടശേഷം ആണവൾ പോയത്. എന്റെ ടെൻഷനും ഏറിവന്നു. പൃഥ്വിക്ക് എന്നോടിഷ്ടമുണ്ടോ എന്നുപോലും അറിയാതെയാണ് അയാളുടെ ഭാര്യ ആയത്. വെപ്രാളം കൂടിക്കൂടി വരുന്നത് ഞാനറിഞ്ഞു. വിവാഹത്തിന്റെ ഓരോ ചടങ്ങുകൾക്കിടയിലും എന്നെ നോക്കുന്ന പൃഥ്വിയുടെ മിഴികൾ ഓർമവന്നു. ആ കണ്ണുകളിലെ പ്രണയ സാഗരം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു.

ഇഷ്ടമുണ്ടാകും. ഉണ്ടാകണമല്ലോ… ആലോചിച്ചിരിക്കുമ്പോൾ ആണ് പൃഥ്വി റൂമിലേക്ക് വന്നത്. ആളുടെ മുഖത്തും നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ പാലെടുത്തു കൊടുത്തപ്പോൾ പാതി കുടിച്ചിട്ട് തന്നു. ഹരിയേട്ടൻ ആദ്യരാത്രി പാൽ മുഴുവൻ വാശിക്ക് കുടിച്ചു തീർത്തത് ഞാൻ ഓർത്തു. “നിവേദ്യാ ഞാൻ.. എനിക്ക്.. എന്താ ഞാനിപ്പോ പറയുക. ഞാൻ….” ആൾ ഇരുന്നു വിക്കാൻ തുടങ്ങി. ഇതിപ്പോ എന്നെക്കാളും നാണം ആണല്ലോ മൂപ്പർക്ക്. എനിക്കാണെങ്കിൽ ചിരിയും വന്നു. “പറഞ്ഞോളൂ സർ” ആളെന്നെ ഞെട്ടി നോക്കി. സർ എന്നുതന്നെ അല്ലെ ഞാൻ പറഞ്ഞത്? അക്ഷരം ഒന്നും മാറിയില്ലല്ലോ ഞെട്ടാൻ? “നിവേദ്യാ താൻ..

താനെന്നെ സർ എന്നു വിളിക്കല്ലേ.. നമ്മളിപ്പോ ഹസ്ബൻഡ് ആൻഡ് വൈഫ് അല്ലെ?” അപ്പോഴാണ് ഞാനും അത് ആലോചിച്ചത്. എന്റെ മനസിൽ ഇപ്പോ തന്നെ രാജപ്പൻ മാറി പൃഥ്വി ആയല്ലോ. “സോറി. ഞാൻ പൃഥ്വി എന്നു വിളിക്കാം” അപ്പോഴും മുഖം അത്ര തെളിഞ്ഞിട്ടില്ല. ഏട്ടാ എന്നു വിളിക്കാത്തത് കൊണ്ടാകും. “നിവേദ്യാ.. എനിക്ക്….” “മകരന്ത മാനേയ മാങ്ങാത്തൊലികൾക്ക് മാമ്പൂ മണക്കുന്ന മഞ്ഞുകാലം പച്ചമാങ്ങായ്ക്കെന്തേ ഷാംപൂമണം, നിന്റെ വൃഷ്ടി മേനിക്കെന്തേ സുഷ്‌കഗന്ധം…” പറഞ്ഞു തുടങ്ങിയപ്പോഴേക്കുമാണ് എന്റെ ഫോൺ അടിച്ചത്. തട്ടീം മുട്ടീമിലെ അർജുനേട്ടന്റെ പാട്ടാണ്.

പൃഥ്വിക്ക് അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. വീട്ടിൽ നിന്നാണ് വിളിച്ചത്. കുറെ നേരം സംസാരിച്ചിരുന്നു. ചിന്നുവിനോടും അപ്പുവിനോടും ഞാൻ കുറേക്കൂടി കമ്പനി ആയത് ഡിവോഴ്സിന് ശേഷമാണ്. അതാകാം ഇത്തവണ അവർക്കെന്നെ വല്ലാതെ മിസ് ചെയ്യുന്നത്. എനിക്ക് അവരെയും. “രാവിലെ മുതൽ നില്കുന്നതല്ലേ. തനിക്ക് ക്ഷീണം ഉണ്ടാകും അല്ലെ. കിടന്നോളൂ” ഫോൺ വച്ചപ്പോഴേക്കും പൃഥ്വി പറഞ്ഞു. ആ പറച്ചിൽ കേട്ടാൽ തോന്നും ആൾ എന്റെ കൂടെ നിൽക്കാതെ രാവിലെ മുതൽ സൈഡിൽ പായ വിരിച്ചു കിടക്കുകയായിരുന്നെന്ന്. ജാടയ്ക്ക് ഒരു കുറവും ഇല്ലല്ലേ.

തുടരും

നിവേദ്യം : ഭാഗം 22