Thursday, September 19, 2024
Novel

കവചം 🔥: ഭാഗം 29

രചന: നിഹ

കുഞ്ഞി കൂടെയില്ലാത്തത് കൊണ്ട് അനന്തനും ആതിരയ്ക്കും ഉറക്കം വന്നില്ല. മനസ്സ് മുഴുവൻ കുഞ്ഞിയെ ചുറ്റി പറ്റിയുള്ള ചിന്തകളായിരുന്നു. സമയമേറെ കഴിഞ്ഞിട്ടും പരസ്പരം ആശ്വസിപ്പിച്ചും സമാധാനിപ്പിച്ചും അവർ ഉറങ്ങാതെ കിടക്കുകയായിരുന്നു. പുറത്ത് നിന്നാരോ ഉറക്കെ അവരെ വിളിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു. പെട്ടെന്ന് അവരുടെ ഉള്ളിൽ ഒരു പിടപ്പാണ് തോന്നിയത് . ഏതു നിമിഷവും എന്തും സംഭവിക്കാം , ഒട്ടും താല്പര്യം ഇല്ലെങ്കിൽ കൂടി സാഹചര്യം കൊണ്ട് മാത്രമാണല്ലോ രണ്ടാളും അവിടെ തന്നെ നിൽക്കുന്നത്.

” ഏട്ടാ… ആരോ വിളിക്കുന്നത് പോലെ തോന്നുന്നില്ലേ…?” ആതിര പേടിയോടെ അവനിലേക്ക് കൂടുതൽ അടുത്ത് കിടന്നു. ” പുറത്ത് നമ്മളെ ആരോ വിളിക്കുന്നുണ്ട് ..” അനന്തനും തറപ്പിച്ചു പറഞ്ഞു. ” ദേവകി ചേച്ചിയുടെ ശബ്ദമല്ലേ?” കേട്ട് പരിചയമുള്ള ആ ശബ്ദം ദേവകിയുടെതാണെന്ന് മനസ്സിലാക്കാൻ ആതിരയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ” അതെ … ഇത് ദേവകി ചേച്ചിയുടെ സൗണ്ടാ ..” ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് അവൻ ആതിരയെ നോക്കി. ” ചേച്ചി എന്താ ഈ രാത്രിയിൽ … ?”

ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ആധി നിറഞ്ഞ അവളുടെ മുഖം അവന് കാണാമായിരുന്നു . ആതിര ഒരു ദിവസം രാത്രിയിൽ പറയാതെ എഴുന്നേറ്റ് നടന്നതിൽ പിന്നെ രാത്രി മുറിയിലെ ബെഡ് ലാമ്പ് ഓഫ് ചെയ്യാറില്ല. ” വാ ആതി.. പോയി നോക്കാം ..” രാത്രി ദേവകി വന്ന് വിളിച്ചാൽ അതിന് എന്തെങ്കിലും കാരണം ഉണ്ടാകുമെന്ന് ഉറപ്പയത് കൊണ്ട് അനന്തൻ വാതിൽ തുറക്കാൻ തീരുമാനിച്ചു. അവൻ എഴുന്നേറ്റു മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴേയ്ക്കും ആതിരയും എഴുന്നേറ്റു.

അവൻ മുറിയിലെ ലോക്ക് മാറ്റി പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ആതിരയും അവൻ്റെ കൂടെയിറങ്ങി. വീടിൻ്റെ അകത്തളത്തിൽ എത്തിയപ്പോഴേക്കും ശബ്ദം വളരെ വ്യക്തമായി കേട്ടു . ” അനന്താ …. ആതിരെ .. വാതിൽ തുറക്ക്….” വീണ്ടും അവരുടെ വിളി കേട്ടപ്പോൾ അത് ദേവകി തന്നെയാണോ എന്നുള്ള സംശയം ആതിരയ്ക്ക് ഉണ്ടായിരുന്നു. അനന്തൻ വാതിൽ തുറക്കുന്നതിന് മുമ്പ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ഉമ്മറത്ത് തെളിച്ചിട്ടിരിക്കുന്ന വെട്ടത്തിൽ ദേവകി നിൽക്കുന്നത് അവർ കണ്ടു.

” അത് ചേച്ചി തന്നെയാ ആതീ .. പേടിക്കണ്ട .. ” ആതിരയുടെ മനസ്സിൽ ആ സംശയം ഉണ്ടെന്നറിഞ്ഞ ആനന്തൻ അവളോട് പറഞ്ഞു. അവൻ വാതിൽ തുറന്നു . അവൻ്റെ പുറകിൽ ആതിരയും ഉണ്ടായിരുന്നു . ” എന്താ ചേച്ചി … ഈ രാത്രിയിൽ ? എന്നാ പറ്റിയേ?” കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ദേവകിയോടെ അവൻ ആർദ്രപൂർവ്വം ചോദിച്ചു. ” രാമേട്ടന് ….രാമേട്ടന് വയ്യ മോനെ…” അവരുടെ ശബ്ദം വളരെ നേർത്തു. പോയി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ” രാമേട്ടൻ എന്താ പറ്റിയെ?” അനന്തന്റെ പുറകിൽ നിന്ന ആതിര വേഗം മുന്നോട്ട് വന്ന് വെപ്രാളത്തോടെ ചോദിച്ചു.

” പെട്ടെന്ന് ബോധം കെട്ട് കുഴഞ്ഞ് വീണു. ഇപ്പോൾ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്..” വൈകുന്നേരം കൂടി ഒരു കുഴപ്പവുമില്ലാതെ കണ്ട മനുഷ്യന് പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന ചിന്തയിലായിരുന്നു രണ്ടുപേരും. ” വാ … നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം … ” അനന്തൻ ആദ്യം മുറ്റത്തേക്ക് ഇറങ്ങി. പിന്നെ എന്തോ ഓർത്ത പോലെ വേഗം അകത്തേക്ക് പോയി. ” മോള് രാത്രി ഞങ്ങളുടെ കൂടെ ഇടവഴിയിലൂടെ നടന്ന് അങ്ങോട്ടേക്ക് വരണ്ട ഇവിടെ ഇരുന്നാൽ മതി.. ” കരയുന്നതിന്റെ ഇടയിൽ ദേവകി ആതിരയെ നോക്കി. ഫോൺ എടുക്കാൻ പോയ അനന്തൻ അത് കേട്ടുകൊണ്ടാണ് വന്നത്.

” ഞാൻ ഒറ്റയ്ക്ക് ഇവിടെ ഈ രാത്രിയിൽ….” ആതിര പേടിയോടെ അവരെ മാറി മാറി നോക്കി . ” അവളെ എങ്ങനെയാ തനിച്ചാക്കി പോകുന്നത് …? അവളും കൂടെ പോന്നോട്ടെ..” അനന്തൻ പറഞ്ഞത് കേട്ടപ്പോൾ ആതിരയ്ക്ക് സമാധാനമായി . താൻ ഒറ്റയ്ക്ക് ഇരിക്കണമെന്ന് കേട്ടപ്പോൾ അവൾ ഭയന്ന് പോയി. ” അല്ല മോനേ … മോള് വന്നാൽ ശേരിയാവില്ല .. അതുകൊണ്ടാ ഞാൻ പറയുന്നത് …. രാമേട്ടന് എന്താ പറ്റിയതെന്ന് നോക്കിയിട്ട് ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയല്ലോ… ആശുപത്രിയിലേയ്ക്ക് കിലോമീറ്റർ ദൂരമുണ്ട് ….” ദേവകി അത് പറഞ്ഞിട്ട് അവരെ നോക്കി ” കുഴപ്പമില്ലെങ്കിൽ രാവിലെ ആശുപത്രിയിൽ പോയാൽ മതിയാകും.

ഇപ്പോൾ നമുക്ക് പോയി നോക്കാം ആതിര ഇവിടെ ഇരുന്നോട്ടെ ആശുപത്രിയിൽ പോകണമെങ്കിൽ തിരികെ വരുമ്പോൾ ആതിരയും കൂട്ടാം..” ആതിര വരണ്ടെന്ന് ദേവകി ശാഠ്യം പിടിക്കുന്നത് എന്തിനാണെന്ന് അനന്തൻ മനസ്സിൽ ഓർത്തു. ” ചേച്ചി എന്താ ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ കൂടെ വരുന്നതിൽ എന്താ പ്രശ്നം? എത്രയും പെട്ടെന്ന് രാമേട്ടനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം രണ്ടുവട്ടം ഇങ്ങോട്ടേക്ക് വരേണ്ട ആവശ്യമുണ്ടോ? ഇനി ചേച്ചിയുടെ മാനസിക സമ്മർദ്ദം മൂലം വെളിവ് നശിച്ചു പറയുന്നതാണോ..?” ആതിര മനസ്സിൽ ഓർത്തു.

” സമയം കളയാതെ വാ നമുക്ക് പോകാം.. നമ്മുടെ കൂടെ ഈ രാത്രി അവൾ വരുന്നതിനും സുരക്ഷിതമായിരിക്കും ഈ മനയ്ക്കുള്ളിൽ… ഇവിടെ മന്ത്രതകിടുള്ളത് കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല പക്ഷേ നമ്മുടെ കൂടെ പുറത്തേക്ക് വന്നാൽ അത് അങ്ങനെ ആവില്ല…” ദേവകി അത്രയും ഉറപ്പോടെ പറഞ്ഞതുകൊണ്ട് ആതിരയും അനന്തനും അവരെ എതിർക്കാൻ പോയില്ല. അവർ പറയുന്ന കാര്യങ്ങളൊക്കെ വളരെ സത്യമായിട്ടാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. ” ഇനി സമയം കളയണ്ട നമുക്ക് ഇറങ്ങാം….” രാമേട്ടന്റെ കാര്യം ഓർത്ത് അനന്തൻ ധൃതി പിടിച്ചു.

” ആതീ …ദേവകി ചേച്ചി പറഞ്ഞത് സത്യമാണ് .നീ ഇവിടെ സുരക്ഷിതമായിരിക്കും ഞങ്ങൾ പോയിട്ട് വേഗം വരാം എന്തെങ്കിലുമുണ്ടെങ്കിൽ വിളിക്കണം കേട്ടോ…” ആതിരയുടെ കാര്യം ഓർത്ത് അനന്തന് നല്ലപോലെ ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും അവളെ സമാധാനിപ്പിച്ച് ധൈര്യം പകർന്ന അനന്തനും ദേവകിയും രാമേട്ടന്റെ അടുത്തേക്ക് പോകാൻ തയ്യാറായി. ” മോളേ ഇത് വച്ചോ..” ദേവകി ആതിരയ്ക്ക് ഒരു രുദ്രാക്ഷ മാല നൽകി . ആതിര അത് ഭക്തിപൂർവ്വം കൈകളിൽ വാങ്ങി.

” ആതീ… എന്നാൽ ഇറങ്ങുവ..” ആതിരയെ തിരിഞ്ഞുനോക്കി അവർ നടന്നു. അവർ പോയതും ആതിര കതക് അടച്ച് കുറ്റിയിട്ടു. എന്നിട്ട് മുറിയിലേക്ക് പോയി. അനന്തനും ദേവകിയും ഓരോന്നും സംസാരിച്ചുകൊണ്ട് മുന്നോട്ടു നടന്നു. പുറകിൽ ഒരു ശബ്ദം കേട്ടാണ് അനന്തൻ തിരിഞ്ഞു നോക്കിയത്. ഒരു നിമിഷം അവൻ പകച്ചു പോയി..… തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…