Saturday, April 27, 2024
Novel

നിയോഗം: ഭാഗം 30

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

കാർത്തിയുടെ പിന്നിലിരുന്നു പോകുമ്പോൾ പദ്മ നോക്കി കാണുക ആയിരുന്നു ആ ഗ്രാമത്തെ.. ഒരു ചെമ്മൺ പാതയിലൂടെ ആണ് വണ്ടി പോകുന്നത്.. കാർത്തി ആണെങ്കിൽ മെല്ലെ ആണ് ഓടിക്കുന്നതും.. പദ്മ ക്ക് വണ്ടിയിൽ കയറുവാൻ അല്പം പേടി ഉള്ളത് പോലെ അവനു തോന്നിയിരുന്നു.. ഇടയ്ക്ക് ഒരു തവണ അവൾ അവന്റെ തോളിൽ കൈ വെച്ച് എങ്കിലും അല്പം കഴിഞ്ഞതും എടുത്തു മാറ്റി… അമ്പലത്തിലേക്ക് പെട്ടന്ന് എത്തിയിരുന്നു. പച്ചപ്പ് നിറഞ്ഞ പാട ശേഖരങ്ങൾ ഒരു വശത്തായി… ഇടയ്ക്കൊക്കെ പറങ്കി മാവ് നിൽക്കുന്നു.. ഒരു വശത്തായി അമ്പല കുളം ഉണ്ട്…

കുറച്ചു കുട്ടികൾ അവിടെ കുളിക്കുന്നുണ്ട്… ചെറിയ മഞ്ഞും തണുപ്പും ഒക്കെ കൂടി ആ പുലരി വളരെ മനോഹരം ആയിരുന്നു.. പ്രേത്യേകിച്ചു ആ അമ്പല നടയിൽ എത്തുമ്പോൾ… ചെമ്പകവും, തുളസിയും, തെച്ചിയും, ഒക്കെ ധാരാളം വളർന്നു നിൽപ്പുണ്ട് അമ്പല മുറ്റത്തായി… ചെറിയ പുൽ നാമ്പുകളെ ഉമ്മ വെച്ച് എന്ന പോൽ മഞ്ഞുകണങ്ങൾ പറ്റിച്ചേർന്നു കിടക്കുന്നു.. “പദ്മ…. ” കാർത്തി വിളിച്ചപ്പോൾ അവൾ പെട്ടന്ന് അവന്റ പിന്നാലെ ശ്രീകോവിലിന്റെ ഉള്ളിലേക്ക് കയറി.. മഹാദേവനായി ഒരു കൂവളത്തിൻ മാലയും, പാർവതി ദേവിയ്ക്കായി തെച്ചിയും തുളസിയും കോർത്ത ഒരു മാലയും മേടിച്ചു കാർത്തി…

അവന്റ അരികത്തായി പദ്മ ഉണ്ടായിരുന്നു. അവൻ ആദ്യം കൂവള മാല എടുത്തു പദ്മയുടെ കൈയിലേക്ക് കൊടുത്തു. “നടയിൽ വെയ്ക്കരുതേ… അവിടെ ഒരു താലം കാണും.. അതിലേക്ക് നന്നായി പ്രാർത്ഥിച്ചു കൊണ്ട് സമർപ്പിക്കൂ ” അവൻ അത് പറയുമ്പോൾ പദ്മ യുടെ ഉള്ളാകേ സന്തോഷം ആയിരുന്നു.. എത്ര സ്നേഹത്തോടെ ആണ് മാഷ് എല്ലാം പറഞ്ഞു തരുന്നത്… അപ്പോൾ… അപ്പോൾ മാഷ്ക്ക് എന്നോട് സ്നേഹം ഉണ്ടാവും…. “ന്റെ മഹാദേവാ… …. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും ഒന്നും ഇല്ലാ….ഒന്നും വേണ്ടെനിക്ക്… പക്ഷെ എന്റെ മാഷിനെ… ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം ആണ് മാഷ്…

അദ്ദേഹത്തിന് സംഭവിച്ച എല്ലാ കാര്യങ്ങളും അങ്ങേക്ക് അറിയാല്ലോ.. അതോണ്ട്, ഇനിയും വിഷമങ്ങൾ ഒന്നും നൽകാതെ ഞങ്ങളെ രണ്ടാളെയും സന്തോഷത്തോടെ ഉള്ള ജീവിതം തന്നു അനുഗ്രഹിക്കണേ…എന്റെ മാഷിനെ വിട്ട് എവിടേക്കും പോകാൻ എനിക്ക് സാധിക്കില്ല…. എന്റെ മരണത്തിലൂടെ അല്ലാതെ… ” അവളുട കണ്ണുകൾ നിറഞ്ഞു.. കാർത്തി അവളുടെ തോളിൽ കൈ വെച്ച്. അപ്പോളാണ് അവൾ കണ്ണുകൾ തുറന്നത്.. “എന്ത് പറ്റി..” പദ്മയുടെ നിറഞ്ഞഒഴുകുന്ന മിഴികൾ കാണെ അവനു വേദന തോന്നി.. “ഒന്നുല്ല…” .. ഞാൻ പ്രാർത്ഥിക്കുക ആയിരുന്നു..

“മ്മ്… ഒരുപാട് അത്ഭുതങ്ങൾ നടത്തിയിട്ടുള്ള ആളാണ്… നന്നായി പ്രാർത്ഥിച്ചോളു…” അതും പറഞ്ഞു കൊണ്ട് അവൻ തെച്ചി പൂവിന്റെ മാല എടുത്തു അവൾക്ക് കൊടുത്തു. “ഭഗവാന്റെ പിന്നിലാണ് പാർവതി ദേവിയുടെ നട…ഇതു അവിടെ വെയ്ക്കാം…” അവൻ നടന്നു കൊണ്ട് പറഞ്ഞു. രണ്ടാളും കൂടി ഒരുമിച്ചു ആണ് നടയ്ക്ക് നിന്നു തൊഴുതത്. സർവ്വഭരണ വിഭൂഷിത ആയ പാർവതി ദേവി… ചുണ്ടിൽ ഒരു മന്തസ്മിതത്തോടെ നില കൊള്ളുക ആണ്.. “രണ്ടാളും കൂടി നന്നായി പ്രാർത്ഥിച്ചിട്ട് സമർപ്പിച്ചോളു…. കല്യാണം കഴിഞ്ഞത് അല്ലെ ഒള്ളു ” .

നാരായണൻ നമ്പൂതിരി കോവിലിന്റ ഉള്ളിൽനിന്നും ഇറങ്ങി വന്നു കൊണ്ട് കാർത്തിയോടായി പറഞ്ഞു. തിരുമേനി പറഞ്ഞതിൻ പ്രകാരം അവർ തട്ടത്തിലേക്ക് മാല സമർപ്പിച്ചു. “ഈ സിന്ദൂരം കുട്ടിയേ അണിയിച്ചോളൂ..” തീർത്ഥം സേവിച്ച ശേഷം തിരുമേനി കൊടുത്ത ഇലച്ചീന്തിൽ നിന്നും ഒരല്പം കുംകുമം എടുത്തു കാർത്തി പദ്മയുടെ നെറുകയിൽ തൊടുവിച്ചു.. അവൾക്ക് ആണെങ്കിൽ സന്തോഷത്തിനു അതിരില്ലായിരുന്നു.. ഈശ്വരാ.. ഇതൊക്കെ സ്വപ്നം ആണോ…. അവൾ കാർത്തിയിടെ മുഖത്തേക്ക് പാളി നോക്കി.. ആകെ ഉള്ള ഒരു സങ്കടം ഇതാണ്..

ഈ മാഷിന് ഒന്ന് ചിരിച്ചൂടെ… എപ്പോളും ഇങ്ങനെ ഗൗരവത്തിൽ ആണോ ആവോ… ഈ സ്ഥായിഭാവം മാത്രം തന്നെ തളർത്തുന്നുണ്ട്… അവൻ അവളുടെ കൈ തണ്ടയിൽ മെല്ലെ തോണ്ടി.. “എന്താണ് ഇങ്ങനെ ആലോചിച്ചു കൊണ്ട് നിൽക്കുന്നെ…. പോകണ്ടേ ” “മ്മ് ” പരിചയക്കാരോട് ഒക്കെ സംസാരിച്ച ശേഷം കാർത്തി പദ്മ യും ആയിട്ട് കോവിലിന്റ വെളിയിലേക്ക് വന്നു.. “കാർത്തിയേട്ടാ ” പിന്നിൽ നിന്നും ഒരു വിളി.. ആളെ മനസിലായതും കാർത്തി തിരിഞ്ഞു നോക്കി. “ദേവു ” അവൻ മെല്ലെ പറഞ്ഞു.. കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി തങ്ങൾക്ക് അരികിലേക്ക് നടന്നു വരുന്നവളെ കാർത്തി നോക്കി. ആകെ കോലം കെട്ട പോൽ ഉണ്ട്..

കണ്ണൊക്കെ ചുവന്നു കലങ്ങി,മുഖം ഒക്കെ വീർത്തു കെട്ടി ഇരിക്കുന്നു.. “എന്നേ…. എനിക്ക് കഴിയുന്നില്ല ഏട്ടാ… സത്യം ആയിട്ടും… കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല…. എന്നേ.. എന്നേ മറന്നോ ഏട്ടാ ” യാതൊരു മുഖവുരയും കൂടാതെ തന്നോട് പറയുന്നവളെ നോക്കി കാർത്തി പല്ല് ഞെരിച്ചു. പദ്മ അവനെ നോക്കി.. ആ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ പാകത്തിന് ആണ്… “ഇതാണ് ദേവിക ഞാൻ പറഞ്ഞിട്ടില്ലേ ” അവൻ പറഞ്ഞതും പദ്മ ഇപ്പോൾ ബോധം കെട്ടു പോകുന്ന അവസ്ഥയിൽ ആയി.. അവൾ ഒരു ആശ്രയതിനെന്നോണം കാർത്തിയിടെ കൈലേക്ക് ഇരു കൈകൾ കൊണ്ടും മുറുക്കി പിടിച്ചു…

“കുട്ടി… ഞാൻ .. ഞാൻ തന്റെ കാലു പിടിക്കാം.. എനിക്ക് എന്റെ കാർത്തിയേട്ടനെ തിരിച്ചു തന്നൂടെ…” . ദേവു ആണെങ്കിൽ പദ്മയുടെ കാലിൽ പിടിച്ചു പൊട്ടി കരയുക ആണ്.. “നീ ചോദിക്കുന്നത് എന്തും നിനക്ക് ഞാൻ തരും… പക്ഷെ.. പക്ഷെ.. എന്റെ കാർത്തിയേട്ടനെ, എനിക്ക് വേണം… ഏട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല…. ഋതു ആയ നാളിൽ മുതൽ എന്റെ ഉള്ളിൽ കേറിയ ആളാണ് ഇതു..”…… അവൾ പറയുന്ന ഓരോ വരികളും കേൾക്കെ, പദ്മ യുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി..അവളുടെ പിടിത്തതിന്റെ ബലo കുറയുന്നതായി അവനു തോന്നി.. ദേവു അപ്പോളും പദ്മയുടെ കാലിൽ പിടിച്ചു കരയുക ആണ്.. പെട്ടന്ന് കാർത്തി പദ്മയെ പിന്നോട്ട് മാറ്റി..

“നിന്റെ നാടകം ഒക്കെ കഴിഞ്ഞെങ്കിൽ എഴുനേറ്റ് വീട്ടിൽ പോടീ.. വെറുതെ മനുഷ്യനെ ബുദ്ധിമുട്ട് ഉണ്ടാക്കാനായിട്ട്.. ” പദ്മയെ തന്നോട് ചേർത്തു നിറുത്തി കൊണ്ട് അവൻ ആക്രോശിച്ചു “കാർത്തിയേട്ടാ…” .. “ചിലക്കാതെ എഴുന്നേറ്റു വീട്ടിൽ പോടീ….” “ഞാൻ… ഞാൻ ഒന്ന് പറയട്ടെ ഏട്ടാ ” “നീ ഒന്നും പറയേണ്ട.. പറഞ്ഞിടത്തോളം ഒക്കെ ധാരാളം .. ഇനി മേലിൽ നീ ഞങ്ങളുടെ മുന്നിൽ പോലും വരരുത്… എന്റെ ജീവിതത്തിൽ ഒരു പെൺകുട്ടി ഒള്ളു…. അത് പദ്മ ആണ്…. വെറുതെ ഞങ്ങളുടെ ഇടയ്ലേക്ക് നീ വന്നാൽ,ഇന്നലെ വരെ നീ കണ്ട കാർത്തിയുടെ മുഖം ആവില്ല…… ഞാൻ ആരാണെന്ന് നീ അറിയും ” .. ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു കൊണ്ട് അവളോടായ് പറഞ്ഞിട്ട് കാർത്തി പദ്മയുടെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു പോയി.

അവനു നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. ഇടയ്ക്ക് തിരിഞ്ഞു നോക്കിയ പദ്മ കണ്ടു,എല്ലാം നഷ്ടപ്പെട്ടവളെ പോലെ നിലത്തു ഇരുന്നു തേങ്ങുന്ന ദേവൂനെ.. .. എന്തുകൊണ്ടോ… ആ കാഴ്ചയിൽ അവളുടെ ഉള്ളം നീറി.. കുറച്ചു ദൂരം പിന്നിട്ടു കഴിഞ്ഞപ്പോൾ കാർത്തി ബൈക്ക് നിറുത്തി. .. “പദ്മ…. ഇറങ്ങു ” അല്പം സമയം ആയിരിക്കുന്നു ഈ നിൽപ്പ് തുടങ്ങിട്ട്… .. മാഷിന്റെ മനസ്സിൽ എന്താണ് എന്ന് ഒക്കെ ഊഹിക്കുക ആണ് പദ്മ.. അവൻ ഇടയ്ക്കു ഒക്കെ മുഷ്ടി ചുരുട്ടുന്നുണ്ട്.. . “മാഷേ…” അല്പം കഴിഞ്ഞതും അവൾ വിളിച്ചു.. പെട്ടന്ന് അവൻ അവളെ നോക്കി. “മാഷിന് ദേവൂനെ കണ്ടപ്പോൾ സങ്കടം ആയില്ലേ ” ഒരു പ്രകാരത്തിൽ അവൾ ചോദിച്ചു

“എന്തിന്….. അങ്ങനെ ഒരു സങ്കടത്തിന്റെയും സഹതാപത്തിന്റെയും പ്രസക്തി തത്കാലം ഇവിടെ അവൾ അർഹിക്കുന്നില്ല പദ്മ….” ഒട്ടും താമസിയാതെ അവൻ പറഞ്ഞു. “എന്താണ് മാഷേ ആ ദേവു നു പറ്റിയെ…. അയാൾ…” . “അവൾക്ക് എന്ത് സംഭവിച്ചാലും എനിക്ക് ഒന്നും ഇല്ല പദ്മ…. ആ ഒരു അധ്യായം ഞാൻ അവസാനിപ്പിച്ചു കൊണ്ട് ആണ് പുതിയൊരു ജീവിതം തുടങ്ങിയത്…എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കൊണ്ട് അവൾ വന്നാൽ,ഈ കാർത്തിയുടെ മറ്റൊരു മുഖം അവൾക്ക് കാണേണ്ടി വരും….ഇനി ദേവികയുടെ നിഴലിനു പോലും എന്റെ മനസ്സിൽ സ്ഥാനം ഇല്ല….” ഉറച്ച ശബ്ദത്തോടെ പതറാതെ അവളെ നോക്കി പറയുക ആണ് കാർത്തി.. ഈ വാക്കുകൾ കേൾക്കുമ്പോൾ മനം ആകെ കുളിര് അണിയുക ആണ്… പക്ഷെ…

ദേവൂന്റെ കരയുന്ന മുഖം എത്ര ഒക്കെ ശ്രമിച്ചിട്ടും പറിച്ചു മാറ്റാൻ പറ്റാതെ പദ്മ നിന്നു പോയ്.. “നേരം ഒരുപാട് ആയി.. നമ്മൾക്ക് പോകാം ” കാർത്തി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. തിരികെ വീട്ടിൽ എത്തിയപ്പോൾ സീത ഇഡലി യും സാമ്പാറും ഒക്കെ എടുത്തു മേശമേൽ വെച്ചിട്ടുണ്ട്.. “എന്താ മക്കളെ താമസിച്ചേ… നേദ്യം ആയിരുന്നോ ” അച്ഛമ്മ ആണ്.. കാർത്തി ഒന്ന് മൂളി കൊണ്ട് മുറിയിലേക്ക് പോയി “തൊഴുതോ നന്നായിട്ട് ” “ഉവ്വ് അച്ഛമ്മേ..” .. “മോള് പോയി ഈ വേഷം ഒക്കെ മാറി വരു… വിശക്കുന്നുണ്ടാവും ” “ശരി അച്ഛമ്മേ… ഇപ്പോൾ തന്നെ വരാം ട്ടോ ” പദ്മ മുറിയിലേക്ക് ചെന്നപ്പോൾ കാർത്തി ഫോൺ എടുത്തു ആരെയോ വിളിക്കുക ആണ് സ്കൂളിലേക്ക് ആണെന്ന് അവൾക്ക് മനസിലായി.

അവൾ മാറാൻ ഉള്ള ഡ്രസ്സ്‌ എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് പോയി. ന്റെ മഹാദേവാ.. എത്ര സന്തോഷത്തോടെ ആയിരുന്നു അങ്ങയുടെ അടുത്ത് തൊഴുതതു.എല്ലാ സന്തോഷവും എത്ര പെട്ടന്ന് കെട്ടടങ്ങി… അവൾക്ക് നെഞ്ചിൽ ഒരു വിങ്ങൽ പോലെ തോന്നി.. “പദ്മ…..” “ദാ വരുന്നു…” “തന്റെ അച്ഛൻ ആണ്…” . അവൻ ഫോൺ നീട്ടി. പദ്മ ഫോൺ മേടിച്ചു കാതോട് ചേർത്തു… “ഹെലോ.. അച്ഛാ… ഞാൻ അമ്പലത്തിൽ പോയതായിരുന്നു.. ഇപ്പോളാ എത്തിയെ… ഉവ്വ്… ഹരിക്കുട്ടൻ എവിടെ… ”

ആദ്യം ചോദിച്ചത് അവൾ അവനെ ക്കുറിച്ചു ആയിരുന്നു.. ഹരിക്കുട്ടനും അമ്മയും ഭാവ്യയും ഒക്കെ അവളോട് മാറി മാറി സംസാരിച്ചു. അവളുട മുഖത്ത് വിരിയുന്ന നുണക്കുഴിയിലേക്കും, താടിയ്ക്ക് താഴെ കാണുന്ന ചെറിയ ചുഴിയിലേക്കും,ഇടയ്ക്ക് ഒക്കെ കാർത്തിയുടെ നോട്ടം പാളുന്നുണ്ട്…. ഫോൺ സംഭാഷണം അവസാനിപ്പിച്ചു കഴിഞ്ഞു അവൾ ഫോൺ അവനു തിരികെ കൊടുത്തു. അമ്മ വിളിച്ചപ്പോൾ രണ്ടാളും കൂടി ഭക്ഷണം കഴിക്കാനായി ഇറങ്ങി താഴേക്ക് പോയി.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…