Sunday, December 22, 2024
Novel

നിനക്കായ്‌ : ഭാഗം 21

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” എന്താടാ ഇതൊക്കെ ? അഭിരാമിക്ക് വേറെ വിവാഹാലോചന വരുന്നു നീയാണെങ്കിൽ എന്തുവേണേൽ സംഭവിക്കട്ടെ എന്ന മട്ടിലുമിരിക്കുന്നു.

എന്താ നിങ്ങൾക്ക് രണ്ടാൾക്കും പറ്റിയത് ? അവളെ നീയെത്ര സ്നേഹിച്ചിരുന്നെന്ന് എനിക്ക് നന്നായറിയാം എന്നിട്ടിപ്പോ അവളെ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും നിനക്കൊരു കുലുക്കവുമില്ലാത്തതെന്താ ? ”

സോഫയിൽ തല കുമ്പിട്ടിരിക്കുന്ന അജിത്തിന്റെ കയ്യിൽ പിടിച്ചുകൊണ്ട് മനു ചോദിച്ചു.

” ഇതുതന്നെയാ മനുവേട്ടാ കുറേ നേരമായിട്ട് ഞാനും ചോദിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ വന്നുകേറിയപ്പോൾ മുതൽ ഒന്നും മിണ്ടാതെ ഈ ഇരുപ്പാ അജിത്തേട്ടൻ ”

രണ്ടുകപ്പ് ചായയുമായി അങ്ങോട്ട് വന്നുകൊണ്ട് അനു പറഞ്ഞു. ചായ കൊണ്ടുവന്ന് അവരിരുവർക്കും കൊടുത്തിട്ട് അവളും മനുവിനരികിലായി ഇരുന്നു.

” നീയെന്തെങ്കിലുമൊന്ന് പറയെടാ നീയിതെന്തിനുള്ള പുറപ്പാടാ വീണ്ടും പഴയപോലെയാകാനുള്ള പോക്കാണോ ? ”

ഒന്നും മിണ്ടാതെയിരുന്ന് ചായ കുടിച്ചുകൊണ്ടിരുന്ന അജിത്തിന്റെ മുഖത്തേക്ക് നോക്കി മനു ചോദിച്ചു.

” അവൾക്ക് വേണ്ടാത്ത ജീവിതം പിന്നെനിക്ക് മാത്രമായിട്ടെന്തിനാടാ ? ”

ഒരുതരം ആത്മ നിന്ദയോടെ അജിത്ത് പറഞ്ഞു.

” അവളങ്ങനെ പറഞ്ഞോ ? ”

അമ്പരപ്പോടെ മനു ചോദിച്ചു.

” എന്റെ ജീവിതത്തിലെ ഒരുപാട് പെണ്ണുങ്ങളുടെ കൂട്ടത്തിൽ ഒരുത്തിയാവാൻ അവൾക്ക് താല്പര്യമില്ലെന്ന് ”

കയ്യിലിരുന്ന കപ്പ്‌ മുന്നിലെ ടേബിളിലേക്ക് വച്ചുകൊണ്ട് അജിത്ത് പതിയെ പറഞ്ഞു. എല്ലാം കേട്ട് അമ്പരന്നിരിക്കുകയായിരുന്നു അപ്പോൾ മനുവും അനുവും.

” അഭിചേച്ചിയെന്താ അങ്ങനെ പറഞ്ഞത് അതിനും വേണ്ടിയിപ്പോ എന്തുണ്ടായി ? ”

എല്ലാം കേട്ടിരുന്നിട്ട് ആലോചനയോടെ അനു ചോദിച്ചു.

” എനിക്കൊന്നുമറിയില്ല എല്ലാമൊരു കരക്കടുത്തെന്ന് സമാധാനിച്ചിരിക്കുമ്പോഴാ അവളിങ്ങനെ ഇനിയിപ്പോ വരുന്നത് പോലെ വരട്ടെ ”

അവന്റെ സംസാരം കേട്ട് മനുവും അനുവും പരസ്പരം നോക്കി. പെട്ടന്നാണ് അജിത്തിന്റെ ഫോൺ ബെല്ലടിച്ചത്.

ഫോണെടുക്കുമ്പോൾ പരിചയമില്ലാത്ത ഏതോ ഒരു നമ്പർ കണ്ട് അവൻ സംശയത്തോടെ ഫോണെടുത്ത് കാതിൽ ചേർത്തു.

” ഹലോ ”

മറുപുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടു.

” ഹലോ ഇതാരാണ് ? ” അവൻ ചോദിച്ചു.

” അജിത്തേട്ടാ ഞാൻ വീണയാ ”

” ആഹ് താനായിരുന്നോ പറയെടോ എന്താ വിളിച്ചത് ? ”

” അജിത്തേട്ടാ അഭി അവളെ എല്ലാരും കൂടി ചതിച്ചതാ. ”

അവൾ പറയുന്നത് കേട്ട് അജിത്ത് കാതുകൂർപ്പിച്ചു.

” താനിതെന്തൊക്കെയാ ഈ പറയുന്നത് എന്താ ഉണ്ടായത് ? ”

അങ്കലാപ്പോടെ അവൻ ചോദിച്ചു. അഭിരാമി ഹോസ്പിറ്റലിൽ ആയ ദിവസം ബാങ്കിൽ സംഭവിച്ച കാര്യങ്ങളെല്ലാം വീണ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.

എല്ലാം കേട്ട് ഒരുതരം പകപ്പോടെ ഇരിക്കുകയായിരുന്നു അപ്പോൾ അജിത്ത്.

” ഇത്രയൊക്കെ അവളുടെ ഉള്ളിലിരുന്ന് പുകഞ്ഞിരുന്നുവെന്ന് ഞാനറിഞ്ഞില്ലല്ലോ വീണ. പക്ഷേ ഇതൊക്കെ അപ്പോൾ തന്നെ അവളെന്നോട് പറഞ്ഞിരുന്നുവെങ്കിൽ അവളും ഞാനും ഇത്രക്കൊക്കെ അനുഭവിക്കേണ്ടി വരില്ലായിരുന്നല്ലോ ”
അജിത്ത് പറഞ്ഞു.

” അത് ഞാനും പറഞ്ഞതാണവളോട്. പക്ഷേ അജിത്തേട്ടാ അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവളുടെ അപ്പോഴത്തെ മാനസികാവസ്ഥ അതായിരുന്നു.

ഞങ്ങൾ പെണ്ണുങ്ങൾ എന്തും സഹിക്കും. പക്ഷേ തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്നവന്റെ ജീവിതത്തിൽ തന്നെ കൂടാതെ മറ്റൊരു പെണ്ണുണ്ടെന്നറിഞ്ഞാൽ അതൊരിക്കലും അവളെന്നല്ല ഒരു പെണ്ണും സഹിക്കില്ല.

അഭിക്കും സഹിക്കാൻ കഴിഞ്ഞില്ല. അജിത്തേട്ടനെ അവൾക്കത്ര ജീവനായിരുന്നു. ”

വീണ പറഞ്ഞുനിർത്തുമ്പോൾ അജിത്തിന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

” പക്ഷേ ഞങ്ങളുടെ ഇടയിൽ കടന്ന് ഇത്രയൊക്കെ ചെയ്യാൻ മാത്രം ശത്രുതയുള്ള ആരാ ? ”

സംശയത്തോടെ അവൻ ചോദിച്ചു.

” ഗോകുൽ മേനോനാണ് ഇതിന്റെയെല്ലാം പിന്നിൽ. അഭി ആദ്യമായി ഓഫീസിൽ ജോയിൻ ചെയ്ത ദിവസം മുതൽ അയാൾക്കവളോട് ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു.

അതിന് പക്ഷേ ഇത്രത്തോളം ആഴമുണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.

ഒരിക്കൽ അജിത്തേട്ടനൊപ്പം ഏതോ പെൺകുട്ടിയെ കണ്ടകാര്യം പറഞ്ഞ് നിങ്ങൾ തമ്മിൽ വഴക്കുണ്ടായില്ലേ ആ സംഭവം മുതൽ കീർത്തിയുടെ വരവ് വരെ അയാളുടെ പ്ലാനായിരുന്നു. എല്ലാത്തിന്റെയും തെളിവ് ഞാൻ അജിത്തേട്ടന്റെ വാട്സാപ്പിലേക്ക് അയച്ചിട്ടുണ്ട്.

അവസാനമായി ഒന്നുടെ പറഞ്ഞോട്ടെ അജിത്തേട്ടാ അഭി അവളെ ഉപേക്ഷിക്കരുത്. അജിത്തേട്ടനില്ലാത്തൊരു ജീവിതം അവളെ ചിലപ്പോൾ ഒരു ദുരന്തത്തിലേക്ക് തള്ളി വിട്ടേക്കും ”

ഒറ്റ ശ്വാസത്തിൽ വീണ പറഞ്ഞു.

” ഇല്ലെഡോ അവളെ ഞാൻ സ്നേഹിച്ചത് പാതി വഴിയിൽ ഉപേക്ഷിക്കാനല്ല. ജീവിതകാലം മുഴുവൻ എന്റെ നെഞ്ചോട് ചേർത്തുപിടിക്കാൻ തന്നെയാണ്.

പക്ഷേ അവളുടെ ഇപ്പോഴത്തെ നിലപാട് എന്നെയൊന്ന് തളർത്തിയെന്നുള്ളത് ശരിയാണ്.

പക്ഷേ ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനിയവളെ ഞാനാർക്കും ഒന്നിനും വിട്ടുകൊടുക്കില്ല. ”

പറഞ്ഞുകൊണ്ട് അജിത്ത് ഫോൺ കട്ട്‌ ചെയ്തു.

” എന്താടാ എന്താ പ്രശ്നം ? ”

അവൻ സംസാരിച്ചത് മുഴുവൻ ശ്രദ്ധിച്ചുകൊണ്ടിരുന്ന മനു ആകാംഷയോടെ ചോദിച്ചു. അനുവിന്റെ മുഖത്തും അപ്പോൾ അതേ ചോദ്യം തന്നെയായിരുന്നു.

ഒന്നും മിണ്ടാതെ അവരെ നോക്കിയിട്ട് അജിത്ത് വേഗം ഫോണെടുത്ത് വാട്സാപ്പ് ഓപ്പൺ ചെയ്തു. എന്നിട്ട് വീണ അയച്ച വോയിസ്‌ പ്ലേ ചെയ്തു.

അതിൽ നിന്നും അഭിരാമിയെ പെണ്ണുകാണാൻ വന്നതിന് ശേഷം ഗോകുലും വിവേകും തമ്മിലുണ്ടായ സംഭാഷണം മുഴങ്ങി. അത് കേട്ട് അവർ മൂവരും ഒരുപോലെ ഞെട്ടി.

” ഇനിയെന്താ ചെയ്യുക ? ”

മുഴുവൻ കേട്ട ശേഷം അജിത്തിനോടായി മനു ചോദിച്ചു.

” വേറെന്ത് ചെയ്യാൻ എത്രേം വേഗം ഇത് കൊണ്ടുപോയി അഭിചേച്ചിയേം വീട്ടുകാരേയും കേൾപ്പിച്ച് ഈ കല്യാണം മുടക്കണം അല്ലാണ്ടെന്താ ”

ഉടൻ തന്നെ വീണ പറഞ്ഞു.

” അത് പോരാ ഞങ്ങടെ ഇടയിൽ കയറി ഇത്രയൊക്കെ കളിച്ച അവനെ അങ്ങനങ്ങ് വിടാൻ പറ്റുമോ. അവനുള്ളത് കൊടുത്തുതന്നെ വിടണം.

അവനെന്റെ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടാനൊരുങ്ങി വരട്ടെ അവിടെവച്ചാവാം ബാക്കി ”

പല്ലുകൾ ഞെരിച്ചുകൊണ്ട് അജിത്ത് പറഞ്ഞു. അവന്റെ ഭാവം കണ്ട് അനു ഭയത്തോടെ മനുവിന്റെ കൈത്തണ്ടയിലമർത്തിപ്പിടിച്ചു.

ദിവസങ്ങൾ കടന്നുപോയ്‌ക്കോണ്ടിരുന്നു. അഭിരാമിയും ഗോകുലും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ദിവസമടുത്തു.

ഒന്നുമറിയാതെ വിശ്വനാഥനും വിമലയും മാത്രം ഒരുപാട് സന്തോഷിച്ചു. ദിവസമടുക്കും തോറും അഭിരാമിയുടെ ഉള്ള് പിടഞ്ഞു കൊണ്ടിരുന്നു.

അജിത്തിന്റെ ഓർമകളിൽ ഊണുമുറക്കവും നഷ്ടപ്പെട്ട് അവളൊരു വല്ലാത്ത അവസ്ഥയിലേക്ക് പോയ്‌ക്കോണ്ടിരുന്നു. ദിവസങ്ങൾ കൊണ്ട് അവൾ വല്ലാതെ ഉണങ്ങി മെലിഞ്ഞിരുന്നു.

പക്ഷേ അപ്പോഴും അജിത്തിന്റെ പെരുമാറ്റമാണ് പാലക്കൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടിരുന്നത്.

അവനിൽ ഒരു തരത്തിലുള്ള ടെൻഷനും വിഷമവും കാണാനുണ്ടായിരുന്നില്ല.

അങ്ങനെ നിശ്ചയദിവസം വന്നെത്തി.

വിശ്വനാഥന്റെ കുടുംബക്ഷേത്രമായ ഇലഞ്ഞിക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയിരുന്നു ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്.

മുഹൂർത്തം രാവിലെ പത്ത് മുതൽ പത്തര വരെയായതിനാൽ രാവിലെ തന്നെ എല്ലാവരും ക്ഷേത്രത്തിൽ എത്തിയിരുന്നു.

ഏതാണ്ട് എട്ടരയോടെ ഗോകുലിന്റെ കാർ ക്ഷേത്ര മുറ്റത്തെത്തി. കാറിൽ അവനോടൊപ്പം അമ്മയും വിവേകും മാത്രമാണ് ഉണ്ടായിരുന്നത്.

കസവ് മുണ്ടും സ്വർണനിറത്തിലുള്ള കുർത്തയുമായിരുന്നു അവന്റെ വേഷം. കാറിൽ നിന്നിറങ്ങി ചുറ്റും നോക്കിയ അവൻ ക്ഷേത്രമുറ്റത്തെ ആലിൻ ചുവട്ടിൽ നിന്ന അജിത്തിന്റെ മുഖത്ത് നോക്കി ചിരിച്ചു.

” മോഹിച്ചത് നീ പക്ഷേ അവളെ വിധിച്ചത് എനിക്കാണ് മോനേ ”

അവനെ നോക്കി ചിരിക്കുമ്പോൾ അഹങ്കാരത്തോടെ അവന്റെ മനസ്സ് മന്ത്രിച്ചു. അപ്പോഴേക്കും അഭിരാമി കയറിയ കാറും എത്തി.

കടും നീല നിറത്തിലൊരു സാരിയായിരുന്നു അവളുടെ വേഷം. കാറിൽ നിന്നിറങ്ങുമ്പോൾ ആലിൻ ചുവട്ടിൽ തന്നെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അജിത്തിനെ കണ്ട് അവളുടെ ഉള്ള് പൊള്ളി.

അവന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മിഴികൾ അറിയാതെ നിറഞ്ഞു. ഒരാശ്രയത്തിനെന്ന പോലെ അവളുടെ കൈ വിരലുകൾ സാരിത്തുമ്പിലമർന്നു.

താഴെ വീണുപോകുമെന്ന് തോന്നിയ അവൾ വേഗം അരികിൽ നിന്ന അനഘയുടെ കൈത്തണ്ടയിലമർത്തി പിടിച്ചു.

അവളുടെ അപ്പോഴത്തെ അവസ്ഥ കണ്ട് അവളെയൊന്ന് നെഞ്ചോടു ചേർത്ത് പിടിച്ചാശ്വസിപ്പിക്കാൻ അജിത്തിന്റെ ഉള്ള് തുടിച്ചെങ്കിലും പണിപ്പെട്ട് എല്ലാമടക്കി അവൻ നിന്നു.

” വാ മോളെ മുഹൂർത്തമാവാറായി ”

അവിടെത്തന്നെ തറഞ്ഞ് നിന്ന അഭിരാമിയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് വിമല പറഞ്ഞു.

” തൊഴുതോ മോളേ ”

ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോൾ അവളെ നോക്കി അവർ പറഞ്ഞു. ഒരു യന്ത്രം കണക്കെ കൈകൾ കൂപ്പി ഉള്ളിലെ രൂപത്തിലേക്ക് നോക്കി ശിലപോലെ അവൾ നിന്നു.

എന്തിനെന്ന് പോലുമറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകിക്കോണ്ടിരുന്നു.

” മുഹൂർത്തമായി എന്നാപ്പിന്നെ ചടങ്ങ് നടക്കട്ടെ ”

തലമൂത്ത ആരോ വിളിച്ചുപറഞ്ഞു. അത് കേട്ടതും അഭിരാമിയുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.
മോതിരമണിയിക്കാനായി ഗോകുലിന് നേരെ വലത് കരം നീട്ടുമ്പോൾ അവളുടെ വിരലുകൾ വിറപൂണ്ടിരുന്നു.

” അതേ മോതിരമിടാൻ വരട്ടെ ഗോകുൽ സാറിന് വളരെ വേണ്ടപ്പെട്ട രണ്ടുപേര് കൂടി വരാനുണ്ട് അവരൂടെ ഒന്ന് വന്നോട്ടെന്ന് ”

പെട്ടന്ന് അങ്ങോട്ട് വന്ന് പുഞ്ചിരിയോടെ അജിത്ത് പറഞ്ഞു. അതാരാണെന്നുള്ള പിറുപിറുക്കലുകൾ ആളുകളുടെ ഇടയിൽ നിന്നുമുയർന്നു. ഗോകുലിന്റെ മുഖം മങ്ങി.

” കാത്തുനിന്ന് മുഷിഞ്ഞോ എല്ലാരും VIP കളല്ലേ എത്താൻ കുറച്ച് ലേറ്റായി ”

മനുവിന്റെ ശബ്ദം കേട്ട് എല്ലാവരുടെ കണ്ണുകളും അങ്ങോട്ടേക്ക് നീണ്ടു. അവന്റെയൊപ്പം വന്നവരെ കണ്ടതും ഗോകുലിന്റെയുള്ളിൽ അപായമണി മുഴങ്ങി.

അത് കീർത്തിയും നയനയുമായിരുന്നു. എന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ അഭിരാമിയുൾപ്പെടെ എല്ലാവരും ആകാംഷയോടെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ.

” പറയെടീ എന്നേം അഭിയേം തെറ്റിക്കാൻ കള്ളകഥകളും പറഞ്ഞ് നിന്നെയൊക്കെ വിട്ടതാരാ? ”

കീർത്തിക്കും നയനയ്ക്കും മുന്നിലായി നിന്നുകൊണ്ട് അജിത്ത് ചോദിച്ചു.

” എന്നെയാരുമയച്ചിട്ടില്ല ഞാൻ സത്യമേ പറഞ്ഞിട്ടുള്ളു ”

വീറോടെ കീർത്തി പറഞ്ഞു.

പറഞ്ഞുതീരും മുന്നേ അജിത്തിന്റെ വലത് കരം അവളുടെ കവിളിൽ പതിച്ചു. അവൾ പിന്നിലേക്കൽപ്പം വേച്ചുപോയി. കണ്ട് നിന്ന നയനയും ഭയന്ന് ഒരടി പിന്നിലേക്ക് മാറി.

” സത്യം പറയെടീ ഇല്ലെങ്കിൽ ഇവിടവസാനിക്കും നീ ഒരിക്കൽ എന്നെ തകർത്തെറിഞ്ഞ് പോയവളാണ് നീ. അതിൽ നിന്നൊക്കെ കരകയറി ഞാൻ.

അപ്പോ നീ വീണ്ടും വന്നത് എന്തിനാണെന്നെനിക്കറിയണം പറയെടീ … ”

അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് അലറുകയായിരുന്നു അജിത്ത്.

” ഗോകുൽ സാർ പറഞ്ഞിട്ടാ ”

ഭയത്തോടെ അവൾ പറഞ്ഞു. അത് കേട്ട് നിന്നുരുകുകയായിരുന്നു ഗോകുലപ്പോൾ.

” ഇവളോട് ചോദിച്ചത് പോലെ ചോദിച്ചാലേ ഇനി നീയും പറയത്തുള്ളോ? ”

നയനയുടെ നേർക്കടുത്തുകൊണ്ട് അവൻ ചോദിച്ചു.

” വേണ്ട ഞാൻ പറയാം… ”

അവൾ വിക്കി.

” എന്നാ പറ ” അജിത്ത്.

” ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് അപ്പോ ഒരുമിച്ച് കുറച്ച് പൈസ കിട്ടുമെന്ന് കണ്ടപ്പോൾ ഒന്നുമാലോചിക്കാതെ ചെയ്തുപോയി ”

നിറമിഴികളോടെ ഗോകുലിന്റെ നേർക്ക് നോക്കി അവൾ പറഞ്ഞുനിർത്തി.

എല്ലാവരുടെയും മിഴികൾ ഗോകുലിലേക്ക് നീണ്ടു. അവൻ ആരെയും നേരിടാൻ കഴിയാതെ തല കുനിച്ച് നിൽക്കുകയായിരുന്നു അപ്പോൾ.

” ടപ്പേ…. ”

പാഞ്ഞ് അവന്റെയരികിലേക്ക് വന്ന അഭിരാമി കൈ വീശി അവന്റെ മുഖത്ത് ആഞ്ഞടിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ അവനൊന്നുലഞ്ഞു.

” എന്തിനായിരുന്നു ഇതൊക്കെ ഞാൻ തന്നോടെന്ത് തെറ്റ് ചെയ്തു ? ”

അവന്റെ കോളറിൽ പിടിച്ചുലച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു.

” അതേടീ ഞാൻ തന്നെയാ എല്ലാം ചെയ്തത് നിനക്ക് വേണ്ടി. അത്രക്ക് ഇഷ്ടമായിരുന്നു നിന്നെയെനിക്ക്. വെറുമൊരിഷ്ടമല്ല ഒരുതരം ഭ്രാന്തായിരുന്നു നീയെനിക്ക്.

ആ ഭ്രാന്താണ് എന്നെക്കൊണ്ടിതെല്ലാം ചെയ്യിച്ചത്. നിന്നോടുള്ള എന്റെയിഷ്ടം തുറന്ന് പറയാൻ വന്നപ്പോഴെല്ലാം ഇവന്റെ പേര് പറഞ്ഞ് നീയെന്നെ വീണ്ടും വീണ്ടും ഭ്രാന്ത്‌ പിടിപ്പിച്ചു.

അവസാനം എല്ലാം ഞാനിവിടം വരെ കൊണ്ടെത്തിച്ചു പക്ഷേ ഞാൻ തോറ്റു. ”

അജിത്തിനെയും അഭിരാമിയേയും നോക്കി ഒരു ഭ്രാന്തനെപ്പോലെ അവനലറി. അവന്റെ ഭാവം കണ്ട് തെല്ല് ഭയത്തോടെ അഭിരാമി വിശ്വന്റെ പിന്നിലേക്ക് മാറി.

” എടീ … ”

വിളിച്ചുകൊണ്ട് ഗോകുൽ അവളുടെ നേരെ നീങ്ങി.

” തൊട്ട് പോകരുതവളെ … അവളെയൊന്ന് തൊടുന്നത് പോയിട്ട് നിന്റെയീ വൃത്തികെട്ട നോട്ടം പോലും എന്റെ മോൾടെ മേൽ വീഴരുത്. ”

അവന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് വിശ്വനാഥൻ പറഞ്ഞു.

” എടോ താനെന്റെ നേരെ വിരൽ ചൂണ്ടുന്നോ ”

ചോദിച്ചതും അവന്റെ കൈ അയാളുടെ കഴുത്തിലമർന്നു. പെട്ടന്ന് അവന്റെ കോളറിൽ കുത്തിപ്പിടിച്ച് പിന്നിലേക്ക് തിരിച്ച അജിത്തിന്റെ വലത് കരം അവന്റെ ഇരുകരണത്തും ആഞ്ഞാഞ്ഞ് പതിഞ്ഞു.

മനുവും അജയ്യും കൂടി ചേർന്നപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ അവൻ നിലത്തേക്ക് വീണു.

” നിങ്ങൾക്കിടയിൽ ഇങ്ങനെയൊരു ബന്ധം വളർന്നത് ഞങ്ങളാരുമറിഞ്ഞില്ലല്ലോ മക്കളെ. നിങ്ങടെ സന്തോഷത്തിൽ കവിഞ്ഞ് വേറെന്താ ഞങ്ങൾക്കുള്ളത് .

എന്റെ മോള് നിന്റെ കയ്യിൽ സുരക്ഷിതയായിരിക്കുമെന്ന് എനിക്കുറപ്പുണ്ടജീ ”

അഭിരാമിയെ ചേർത്ത് പിടിച്ചുകൊണ്ട് അജിത്തിനെ നോക്കി വിശ്വനാഥൻ പറഞ്ഞു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിടർന്നു.

പെട്ടന്ന് താഴെ കിടന്നിരുന്ന ഗോകുൽ പതിയെ എണീറ്റ് കത്തി നിന്നിരുന്ന നിലവിളക്കുമെടുത്ത് മുന്നോട്ട് കുതിച്ചു.

” നിന്നെ കൊല്ലാതെ വിട്ടതാടാ എന്റെ തെറ്റ്. ഇന്നാ തെറ്റ് ഞാനങ്ങ് തിരുത്തുവാ ”

അലറിക്കൊണ്ടവൻ അജിത്തിനരികിലേക്ക് കുതിച്ചു.

” അജിത്തേട്ടാ……. .”

ഒരു നിലവിളിയോടെ അഭിരാമി ഓടി വന്ന് അജിത്തിനെ ചുറ്റിപ്പിടിച്ചു. ഗോകുലിന്റെ കയ്യിലെ വിളക്ക് പച്ച മാംസത്തിൽ തുളഞ്ഞിറങ്ങി. ക്ഷേത്രമുറ്റത്ത്‌ കൂട്ട നിലവിളി ഉയർന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 15

നിനക്കായ്‌ : ഭാഗം 16

നിനക്കായ്‌ : ഭാഗം 17

നിനക്കായ്‌ : ഭാഗം 18

നിനക്കായ്‌ : ഭാഗം 19

നിനക്കായ്‌ : ഭാഗം 20