നിലാവിനായ് : ഭാഗം 27
എഴുത്തുകാരി: സേഷ്മ ധനേഷ്
ദയവായി മുൻഭാഗവും അതിനു മുൻഭാഗവും വായിച്ചു ഒന്നു ഓർമയിൽ കൊണ്ടുവന്നതിനുശേഷം ഈ ഭാഗം വായിക്കണം. ഇന്നാണ് ഗൗതം തിരികെ വരുന്നത്. കൂട്ടികൊണ്ടുവരാൻ ആരോടും പ്രത്യേകം ചെല്ലരുതെന്നു പറഞ്ഞിരുന്നു. ഗൗതം സ്വയം കാർ ഓടിച്ചു വരുമെന്നു പറഞ്ഞിരുന്നു. ദേവ്നി അതിരാവിലെ തന്നെ അമ്പലത്തിൽ പോയി തൊഴുതു. പ്രസാദവും കൊണ്ടു ഗൗതം വരുന്നതിനും മുന്നേ വീട്ടിലെത്തി.
ആ വീടും വീട്ടുകാരും മനസുകൊണ്ട് അവളെ ആ വീടിന്റെ മരുമകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. സ്വന്തം വീടെന്ന സ്വാതന്ത്ര്യം തന്നെ അവൾക്കുണ്ടായിരുന്നു. മാധവ് മേനോന് ഇപ്പോൾ ഗായത്രിയോട് ഉള്ളതിനേക്കാൾ അടുപ്പവും വാത്സല്യവും ദേവ്നിയോടാണ്. സുഭദ്രയിലും ഉണ്ട് കാര്യമായ മാറ്റങ്ങൾ. മുൻപ് സംസാരിക്കാൻ ഉണ്ടായിരുന്ന സങ്കോചം എല്ലാം മാറി മറിഞ്ഞു.
ഒരു അമ്മ മകൾ പോലെ ആകാൻ കഴിഞ്ഞില്ലെങ്കിലും പരസ്പരം മനസ്സിനുള്ളിൽ ഒരു നിഴൽ മറയിൽ ഇരുന്നുകൊണ്ട് തന്നെ ഇരുന്നു ഇരുവരും. സുഭദ്ര അധികവും കേൾക്കാൻ ആഗ്രഹിച്ചിരുന്നത് ജീവന്റെ വിശേഷങ്ങൾ ആയിരുന്നു. ദേവ്നി അല്ലാതെ വേറെ മാധ്യമം ഇല്ലായിരുന്നു അവർക്ക് ജീവനെ അറിയാൻ. ഗായത്രി സ്വയം തന്നിലേക്ക് ഒതുങ്ങി തന്നെയിരുന്നു. അത്യാവശ്യം കാര്യങ്ങൾ മാത്രം സംസാരിച്ചു.
വല്ലാതെ കൂട്ടുകൂടാനോ അടുപ്പം കാണിക്കാനോ ഒന്നിനും നിന്നിരുന്നില്ല അവൾ. എപ്പോഴും ഒരു വിഷാദ ചായ അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. കണ്ണുകൾ നിറഞ്ഞു നിന്നതു കണ്ണീരിനും അപ്പുറം പരിഭവം ആയിരുന്നു… ആരോടൊക്കെയുള്ള പരിഭവം. ദേവ്നി പതിവ് സംഭാഷണങ്ങൾ സുഭദ്രയോട് ചോദിച്ചുകൊണ്ട് ഗായത്രിയുടെ അടുത്തേക്ക് ചെന്നു. മുകളിലെ ബാൽകണിയോട് ചേർന്നുള്ള ചാരുപടിയിൽ ഇരുന്നുകൊണ്ട് ലാപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഗായത്രി.
ദേവ്നി അടുത്തേക്ക് ചെന്നപ്പോഴാണ് അതു പുതിയ പ്രോജക്ടിന്റെ കൻസ്ട്രുക്ഷൻ ആയി ബന്ധപ്പെട്ട പ്രോഫിറ്റ് കാര്യങ്ങളൊക്കെ നോക്കുകയാണ് കക്ഷി. ആരുടെയോ സമീപനം തനിക്ക് അടുത്തേക്ക് വരുന്നെന്നു തോന്നിയപോലെ ഗായത്രി തലയുയർത്തി നോക്കി. “ദേവ്നി”… ഗായത്രിക്ക് നേരെ ഒരു പുഞ്ചിരിയോടെ വന്നു നിന്നു. കയ്യിൽ കരുതിയിരുന്ന പ്രസാദത്തിന്റെ ചന്ദനം ദേവ്നിയുടെ വിരൽത്തുമ്പിൽ കരുതിയിരുന്നു. ഗായത്രി എന്തെങ്കിലും ചോദിക്കും മുന്നേ അതു അവളുടെ നെറ്റിയിൽ പതിപ്പിച്ചിരുന്നു ദേവ്നി.
ഒരുപാട് നാളുകൾക്ക് ശേഷം തന്റെ നെറ്റിയിലമർന്ന ഒരു കുഞ്ഞു തണുപ്പ് മനസിന്റെ ആഴങ്ങളിലേക്കും പടരുന്നത് ഗായത്രി അറിഞ്ഞു. കൺ നിറഞ്ഞൊരു പുഞ്ചിരി മാത്രം നൽകി. “ഗൗതം വന്നിട്ടെ ഈ പ്രോജക്ടിന്റെ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യൂ. ഇത്ര വേഗം ചെയ്തു തീർക്കണമായിരുന്നോ” “മറ്റു പണികൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ചെയ്തു നോക്കാമെന്ന് കരുതി. ഏട്ടൻ വരുമ്പോഴേക്കും അത്രയും കുറച്ചു ജോലി ഭാരം കുറയ്ക്കാമല്ലോ”
“ഏട്ടൻ വന്നാലും അത്ര വലിയ ജോലി ഭാരമൊന്നും കാണില്ല ഗായു. നീയും ഞാനുമൊക്കെ ആത്മാർത്ഥമായി പണിയെടുക്കുന്ന കാരണം. ഏട്ടൻ കൂടുതൽ മടിയനാകുമോയെന്ന എന്റെ പേടി” ദേവ്നി പറഞ്ഞു നിർത്തിയപ്പോൾ മനസറിഞ്ഞൊന്നു ചിരിച്ചു ഗായത്രി. “പേർസണൽ കാര്യങ്ങളിൽ ഇടപെടുകയാണെന്നു കരുതരുത്. ഇപ്പൊ പണ്ടത്തെ ഗായത്രിയുടെ നിഴലുപോലും ഇല്ല ഈ മുഖത്തും പിന്നെ സ്വഭാവത്തിലും… എന്തു പറ്റി” അതിനു മറുപടിയായി ഗായത്രി ഒന്നു ചിരിച്ചു. “ഒരാളെ നന്നാകാനും സമ്മതിക്കില്ല അല്ലെ”
ഗായത്രിയുടെ മറു ചോദ്യത്തിൽ ദേവ്നി ഒന്നു ചമ്മി നിന്നു. “അതല്ല… താൻ ഇങ്ങനെ ഒതുങ്ങി കൂടി ഇരിക്കുമ്പോൾ…” വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ ദേവ്നി ഒന്നു നിർത്തി അവളെ നോക്കി. “ഒതുങ്ങി കൂടി ഇരിക്കുമ്പോൾ… അങ്ങനെ ഇരിക്കുമ്പോൾ അണിയറയിൽ ശീതളുമായി പുതിയ എന്തെങ്കിലും പദ്ധതി തയ്യാറാക്കുകയാണെന്നു തോന്നുന്നുണ്ടോ… സംശയം ആണോ ദേവ്നി” “എന്റെ കണ്ണിൽ നോക്കി…
നേർക്കുനേരെ നിന്നു ഈ ചോദ്യം ചോദിക്കുന്നുവെങ്കി എനിക്ക് ഈ നിമിഷം മുതൽ മറ്റാരേക്കാളും പൂർണ്ണ വിശ്വാസമാണ് നിന്നെ. കണ്ണിൽ നനവൂർന്ന പുഞ്ചിരിയോടെ ഗായത്രി നിന്നു. കണ്ണീർ ഒഴുകിയിരുന്നു… “ഞാൻ ശ്രമിക്കുകയാണ് ദേവ്നി… അല്ല ഏട്ടത്തി… എനിക്ക് ഇനി അങ്ങനെ ധൈര്യമായി വിളിക്കാമല്ലോ അല്ലെ… ഞാൻ അങ്ങനെയേ വിളിക്കൂ… അപ്രതീക്ഷിതമായി മനസിന് ഏൽക്കുന്ന ചില വിഷമങ്ങൾ…
കാശിന്റെയും അഹങ്കാരത്തിന്റെയും പുറത്തു കുറച്ചൊന്നുമല്ല ഞാൻ പലരെയും വേദനിപ്പിച്ചിട്ടുള്ളത്… പ്രത്യേകിച്ചു ജീവേട്ടനെ… ഒരേ വയറ്റിൽ നിന്നും വന്നിട്ടുകൂടി ഇവിടെ ഉണ്ടായിരുന്നപ്പോ ഒരു മനുഷ്യ ജീവിയായിട്ടു കൂടി പരിഗണിച്ചിട്ടില്ല ഞാൻ… പലപ്പോഴും ഗൗതം ഏട്ടനോട് കാണിച്ചിരുന്ന സ്നേഹം ഒരു പരിധിവരെ ജീവേട്ടനെ കാണിക്കാനും ഞങ്ങൾ തമ്മിലുള്ള സ്നേഹം കാണുമ്പോൾ ആ മുഖം വാടുന്നത് കാണാനുമുള്ള ഒരു ഇഷ്ടം…. മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം…
ഒരു സൈക്കോ കഥാപാത്രം… വേദനകൾ തിരിച്ചു കിട്ടാൻ തുടങ്ങിയപ്പോ ഒരാളുടെ ഫീലിംഗ്‌സ് എന്താണെന്ന് മനസിലാക്കുന്നുണ്ടു.” “അശ്വിൻ…” ദേവ്നി പാതി മുറിഞ്ഞ സംശയത്തോടെ അവളെ നോക്കി. “ആ കഥാപാത്രത്തെയും ജീവിതത്തിൽ നിന്നും ഓർമയിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിക്കുന്നു. അതിന്റെയാണ് ഈ എന്നിലേക്ക് തന്നെ ഒതുങ്ങിയുള്ള എന്റെ പുതിയ സ്വഭാവം. അവന്റെ സ്വഭാവം അറിഞ്ഞുകൊണ്ടു തന്നെയാണ് ഇഷ്ടപ്പെട്ടത്.
എന്തുകൊണ്ടോ വല്ലാത്ത ഒരിഷ്ടം. പക്ഷെ അവൻ കാണുന്ന അല്ലെങ്കി അവൻ ഉപയോഗിച്ചു വലിച്ചെറിയുന്ന ഒരുപാട് പെണ്കുട്ടികളിൽ ഒരാൾ മാത്രമാണ് ഞാനും. ആ ഒരു തിരിച്ചറിവ്… ഒരുപാട് സ്നേഹിച്ചയാളിൽ നിന്നും കിട്ടുന്ന ചതി… എന്നെ ബലം പ്രയോഗിച്ചോ അല്ലെങ്കി സ്നേഹിച്ചു ചതിച്ചോ ഒന്നും നേടാൻ അവൻ തുനിഞ്ഞില്ല. അത്തരത്തിൽ എന്നെ വെറുതെ വിട്ടതിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് അവനോടു” ദേവ്നി എന്തോ പറയാൻ തുനിഞ്ഞതും ഗായത്രി തടഞ്ഞു.
“എനിക്ക് ആശ്വാസവാക്കുകൾ ഒന്നും വേണ്ട. ഞാൻ ഇപ്പോൾ ഹാപ്പിയാണ്. ഞാൻ കാണാതെയും അറിയാതെയും പോയ സ്നേഹബന്ധങ്ങൾ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. സംഭവിച്ചത് അത്ര വലിയ കാര്യമൊന്നുമല്ലെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു കഴിഞ്ഞു. എനിക്കൊന്നും നഷ്ടമായിട്ടുമില്ല. പിന്നെ എന്തിനാ വെറുതെ വിഷമിച്ചു സമയം കളയുന്നത്… ഇപ്പൊ ഈ തിരക്കും ജോലിയും ഒക്കെ എനിക്ക് നല്ലപോലെ ഇഷ്ടമാകുന്നുണ്ട്” ദേവ്നി വളരെയധികം സന്തോഷത്തോടെ ഗായത്രിയുടെ തോളിൽ തട്ടി ചിരിച്ചു.
ഗായത്രിയുടെ പക്വതയോടെയുള്ള സംസാരത്തിൽ ദേവ്നി ഏറെ സന്തോഷിച്ചു. അവരുടെ സംസാരത്തിനിടയ്ക്കാണ് ഒരു കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടത്. പലപ്പോഴായി ദേവ്നിയുടെ കണ്ണുകൾ ഗേറ്റിലേക്ക് നീണ്ടിരുന്നു. കാർ മുന്നോട്ട് വരുന്നത് കണ്ടതും ദേവ്നിയുടെ കവിളുകളിൽ ചുമപ്പു രാശി പടരാൻ തുടങ്ങിയിരുന്നു. സംസാരം അവസാനിപ്പിച്ചു എങ്ങനെയെങ്കിലും താഴെ പോകാനായി ദൃതി കൂട്ടി ദേവ്നി.
അതു മനസിലാക്കിയെന്നപോലെ ഗായത്രി ഒരു ചിരിയോടെ അവളോട് കണ്ണുകൾക്കൊണ്ടു പോകാൻ പറഞ്ഞു. “ഏട്ടൻ വരുമ്പോൾ മുന്നിൽ തന്നെ കാണണം എന്ന് പറഞ്ഞിരുന്നു” തിരിഞ്ഞു പോകുന്നതിനിടയിൽ ഗായത്രിയോട് പറഞ്ഞു കൊണ്ടിരുന്നു. ഗൗതം കാറിൽ നിന്നും ഇറങ്ങുന്നത് കാത്തു മേനോനും സുഭദ്രയും അവർക്ക് പുറകിലായി ദേവ്നിയും നിന്നിരുന്നു. കടും ചുവപ്പ് നിറത്തിൽ കുർത്തയും വെള്ളിക്കര മുണ്ടും നെറ്റിയിൽ ചന്ദനവും മഞ്ഞളും… പുരികത്തിനടുത്തു വരെ നീണ്ട മുടി വീണു കിടന്നിരുന്നു…
ദേവ്നി അവനെ ആകമാനം നോക്കി കാണുകയായിരുന്നു. വല്ലാത്ത ഒരു മാറ്റം… കുറെ കൂടി സുന്ദരനായിരിക്കുന്നു… കുറെ കൂടി ആരോഗ്യദൃഢമാർന്ന ശരീരം ആയിരിക്കുന്നു… നെഞ്ചു വിരിച്ചുള്ള ആ നടപ്പ് തന്നെ ഒരു ഒറ്റയാന്റെ തലയെടുപ്പ് ഉണ്ടായിരുന്നു. ചുണ്ടിൽ ചിരിയോടെ അവർക്കരികിലേക്ക് നടന്നടുത്ത ഗൗതത്തിന്റെ മിഴികൾ വാതിലിനടുത്തു നിൽക്കുന്ന ദേവ്നിയിൽ എത്തിയപ്പോൾ അതേ പുഞ്ചിരി ഒരു കുസൃതി ചിരിയായി ചുണ്ടിലും കണ്ണിലും തെളിഞ്ഞു നിന്നു. ദേവ്നി ഒന്നുകൂടി ചുമന്നു പോയിരുന്നു.
മേനോൻ മകനെ പൂണ്ടടക്കം തന്നിലേക്ക് ചേർത്തു നിർത്തി. അയാൾ കരഞ്ഞു പോയിരുന്നു. ജീവിതം ഒരു കിടക്കയിൽ കഴിയുമെന്ന് കരുതിയ മകനാണ് ഇപ്പൊ ആരോഗ്യദൃഢനായി മുന്നിൽ രണ്ടു കാലിൽ നിൽക്കുന്നത്. സകലദൈവങ്ങളെയും വിളിച്ചു നന്ദി പറഞ്ഞിരുന്നു അയാൾ. സുഭദ്രയുടെ കയ്യിൽ ആരതി തട്ടു ഉണ്ടായിരുന്നു. അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ജീവൻ കൊടുത്തു പ്രസവിച്ച മകന് കൊടുക്കേണ്ട സ്നേഹമാണ് ജീവിതമായി കണ്ടു ഈ മകന് കൊടുത്തത്… അമ്മ മനസു തന്നെ…
സുഭദ്ര ആരതി ഉഴിഞ്ഞു നെറ്റിയിൽ പ്രസാദം ചാർത്തി… നിറഞ്ഞ മിഴികളോടെ അവന്റെ കവിളുകളിൽ തലോടി… എല്ലാ സ്നേഹവും നിറച്ചു അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു. അവരെ പുണർന്നു അവൻ ആ അമ്മമധുരത്തെ സ്വീകരിച്ചു. ഇതുവരെയുള്ള വിഷമങ്ങളും പരിഭവങ്ങളും മായാൻ സുഭദ്രക്ക് അത്രയും മതിയായിരുന്നു. വാതിലിനടുത്തു എത്തിയ ഗൗതം ദേവ്നിയുടെ കവിളുകളിൽ ഒന്നു തട്ടി ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു നടന്നു.
ഒന്നും സംസാരിച്ചില്ലെങ്കിലും അവന്റെ നെഞ്ചിൽ ചേർത്തായിരുന്നു അവളെ നിർത്തിയത്. അകത്തേക്ക് കടക്കുമ്പോൾ തന്നെ കണ്ടു തന്റെ വരവ് നോക്കി നിൽക്കുന്ന ഗായത്രിയെ. ആ നിമിഷം ഗായത്രിയുടെ മനസിൽ ഓടിയെത്തിയത് അവസാനമായി ഗൗതം വന്നപ്പോൾ തന്നെ എടുത്തുയർത്തി വട്ടം കറക്കിയ നിമിഷങ്ങളായിയുന്നു… “ചിരിച്ചു കൊണ്ട് കരയാൻ നീയെപ്പോഴാ ശീലിച്ചത്…” ഗായത്രിയുടെ ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചുകൊണ്ടു ഗൗതം ചോദിച്ചു അവളെ പുണർന്നു.
കുറച്ചു നിമിഷങ്ങൾ… ട്രീട്മെന്റ് വിശേഷങ്ങളായി ഇരിക്കുമ്പോഴാണ് ജീവനും അച്ഛനും കടന്നു വന്നത്. അവരെ കണ്ടതും മാധവന്റെ മനസു അസ്വസ്ഥമാകുന്നത് അയാളുടെ മുഖത്തും പ്രകടമായി. ഗൗതം അതു വകവയ്ക്കാതെ അവരെ ഇരുവരെയും സ്വീകരിച്ചിരുത്തി വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ജീവൻ കുറെയേറെ വർഷങ്ങൾ വളർന്ന വീടാണ്. എങ്കിൽ കൂടിയും വല്ലാത്തൊരു പുതുമ അവനു തോന്നി.
ആദ്യമായി വരുന്ന പോലെ… ഒരു അതിഥിയെ പോലെ… മാധവന്റെ ഒഴികെ ബാക്കിയുള്ള മുഖങ്ങളിൽ എല്ലാം തന്നെ തന്നോടുള്ള സ്നേഹം കാണാം. ഗായത്രിയായിരുന്നു ഇരുവർക്കും ചായ കൊടുത്തത്. “സുഖമല്ലേ മോളെ…” ഗായത്രിയിൽ നിന്നും ചായ വാങ്ങുന്നതിനിടയിൽ പ്രകാശ് ചോദിച്ചു. “സുഖമായിരിക്കുന്നു അങ്കിൾ” ചിരിയോടെ ഗായത്രി പറഞ്ഞപ്പോൾ തന്റെ കയ്യിൽ കരുതിയിരുന്ന ചോക്ലേറ്റ് ബോക്സ് അവൾക്ക് നേരെ നീട്ടി.
അതിശയം തോന്നിയവൾക്ക്… ആ വ്യക്തിത്വത്തിനോട് വളരെയേറെ ബഹുമാനം തോന്നി… ജീവന് നേരെയുള്ള തന്റെ അവഗണനയും കുത്തുവാക്കുകളും അദ്ദേഹം എന്തായാലും അറിഞ്ഞിരിക്കും… എന്നിട്ടും ഒരു മകളോടെന്നപോലെ വാത്സല്യമാണ് ആ നോട്ടത്തിലും തരുന്ന പുഞ്ചിരിയിലുമെല്ലാം… ഈ മനുഷ്യന്റെ മകനായത് കൊണ്ടാകാം ഇത്രയും ശാന്തത ജീവന്റെ സ്വഭാവത്തിലും കാണാൻ കഴിയുന്നത്…
ആരോടും പകയോ പ്രതികാരമോ ഇല്ലാതെ ജീവിക്കാൻ കഴിയുന്നത്… അവളുടെ കണ്ണുകൾ നിറഞ്ഞുപോയി…. അറിയാതെ അവൾ കൈകൾ കൂപ്പി നിന്നുപോയി. ദേവ്നി ജീവനെ കണ്ണുകൾ കൂർപ്പിച്ചു നോക്കി. തനിക്ക് കിട്ടാതെ പോയ ചോക്ലേറ്സ്… ഒരു കുശുമ്പും കുസൃതിയും പരിഭവവുമൊക്കെ അവളുടെ കണ്ണുകളിൽ അവൻ കണ്ടു… തിരിച്ചു രണ്ടു കണ്ണുകളും ചിമ്മി ചിരിച്ചു അവൻ. മേനോൻ നിശബ്ദനായി അവരുടെ സംസാരം കേട്ടുകൊണ്ടിരുന്നു. കണ്ണുകൾ ജീവനിലും ആയിരുന്നു.
“ബിസിനെസ്സ് ഒക്കെ എങ്ങനെ പോകുന്നു മേനോനെ” എന്തെങ്കിലും സംസാരിക്കണമല്ലോ എന്നു കരുതി പ്രകാശ് ചോദിച്ചു. “നിങ്ങളുടെ രാജ് ഗ്രൂപ്പ്‌സ്നോളം വരില്ലെങ്കിലും നന്നായി തന്നെ പോകുന്നുണ്ട്. ഒരിടർച്ചയിൽ കൂടെ നിന്നു താങ്ങുമെന്നു കരുതിയവർ തന്നെ ആദ്യ പ്രഹരമേൽപ്പിച്ചപ്പോൾ ഒന്നു പതറിയെങ്കിലും മോൾ… ദേവ്നി… അവൾ മിടുക്കിയാണ്. എത്ര വേഗമാണ് കാര്യങ്ങൾ ചെയ്യുന്നത്… കൃത്യതയോടെ… അവളുടെ സൂഷ്മമായ നിരീക്ഷണങ്ങളും ബുദ്ധിയും കൊണ്ടു നന്നായി തന്നെ പോകുന്നുണ്ട്”
അല്പം ഗർവോടെ തന്നെ മേനോൻ പറഞ്ഞു നിർത്തി. അയാളുടെ വാക്കുകൾ കേൾക്കെ ദേവ്നി ചുണ്ടുകൾ കൂട്ടിപിടിച്ചു ചിരിയടക്കി നിന്നു. അവളുടെയ ചിരിയുടെ കാരണം അറിയുന്നതുകൊണ്ടു ഗായത്രിയിലും എന്തോ തമാശ കേട്ട ഭാവമായിരുന്നു മുഖത്തു. “ഒരുപാട് നന്ദിയുണ്ട് ജീവൻ… എന്റെ അഭാവത്തിലും കമ്പനി മുന്നോട്ട് പോയതു തന്റെ കൃത്യമായ ഇടപെടൽ കൊണ്ടു മാത്രമാണ്. അവളുടെ നിഴലായ് കൂടെ നിന്നു അവളെ ഇങ്ങനെ നല്ലൊരു ബിസിനസ് വുമണ് ആയി മോൾഡ് ചെയ്തെടുത്തതിന്.
വ്യക്തിപരമായ കാര്യങ്ങൾ ബിസിനെസിൽ കൂട്ടി കിഴിക്കാതെ ഒരു പകപോക്കൽനു പോലും ഇട നൽകാതെ ഇങ്ങനെ ചേർത്തു പിടിക്കുന്നതിനു… നന്ദി പറഞ്ഞാൽ അത് തന്നോടു ചെയ്യുന്ന അതിലും വലിയ നന്ദികേടാകും” ഗൗതം പറഞ്ഞു നിർത്തുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… ആത്മാർത്ഥമായ ഗൗതമിന്റെ വാക്കുകൾ ഒരുവേള ജീവന്റെ കണ്ണിലും നോവ് പടർത്തി. “നിങ്ങൾക്കെ ഞാൻ ആരുമല്ലാത്തത്…
എനിക്ക് നിങ്ങളൊക്കെയാണ് എല്ലാം”… അപ്പോഴാണ് മേനോൻ മനസിലാക്കുന്നത് ഇതുവരെയും ജീവന്റെ വാക്കുകളിലൂടെയാണ് ദേവ്നി കമ്പനി മുന്നോട്ടു കൊണ്ടുപോയതെന്നു. ഒരു നിഴൽമറയിൽ നിന്നുകൊണ്ട് എല്ലാം ചെയ്യുന്നുണ്ടായിരുന്നു അവനെന്നു. വീണ്ടും വീണ്ടും അവന്റെ മുന്നിൽ താൻ ചെറുതാകുന്ന പോലെ അയാൾക്ക് തോന്നി. പ്രകാശ് ഒരു കൈ കൊണ്ട് മകനെ ചേർത്തു പിടിച്ചിരുന്നു. “ഗൗതം…
ഇനി വിവാഹത്തിന് അധികം താമസിപ്പിക്കണോ” ജീവൻ ഒരു സംശയത്തോടെയാണ് ഗൗതമിനോട് ചോദിച്ചത്. വിവാഹത്തിന് ആരും എതിർക്കില്ല എന്നുറപ്പായിരുന്നു. പക്ഷെ അത് വേഗം നടത്താൻ സമ്മതിക്കുമോയെന്ന സംശയം മാത്രമായിരുന്നു… “ഞാൻ അതു അങ്ങോട്ടു പറയാൻ തുടങ്ങുവായിരുന്നു. അതിനും കൂടി ഒരു തീരുമാനമെടുക്കാൻ വേണ്ടിയാണ് നിങ്ങളോടു ഇന്ന് തന്നെ വരണമെന്ന് പറഞ്ഞതു. എത്രയും വേഗം ആയാൽ അത്രയും സന്തോഷം…
പിന്നെ ഒരു കാര്യം” പൊതുവിൽ എല്ലാവരോടും കൂടി പറയാനുള്ള കാര്യമായാതിനാൽ ഗൗതം ജീവനിൽ നിന്നും മിഴികളെടുത്തു എല്ലാവരെയും ഉഴിഞ്ഞു ദേവ്നിയിൽ നിർത്തി… “അടുത്ത മൂന്നാഴ്ചക്കുള്ളിൽ തന്നെ കല്യാണം നടത്തണം” “അതെന്താ… മൂന്നാഴ്ചക്കുള്ളിൽ… ഇത്ര വേഗം… കുറച്ചു തയ്യാറെടുപ്പുകൾ വേണ്ടേ മോനെ” “മൂന്നാഴ്ച എന്നു പറയുമ്പോൾ ഇനിയും 21 ദിവസം കൂടിയുണ്ട്. അതൊക്കെ തന്നെ ധാരാളമാണ്.
അഞ്ചു ദിവസം കൊണ്ടുവരെ കല്യാണം നടത്തുന്നു പിന്നെയാണോ 21 ദിവസം… പിന്നെ അത് കഴിഞ്ഞു എനിക്കൊരു പുതിയ പ്രോജക്ട് ചെയ്യണം… ലണ്ടനിൽ ആണ് ഷൂട്ടിംഗ്… പോകാതെ പറ്റില്ല” ഗൗതം വീണ്ടും വെള്ളിത്തിരയിലേക്ക് ഇറങ്ങുകയാണെന്നു കേട്ടപ്പോൾ എല്ലാവർക്കും അതിശയമായി… ദേവ്നി ശരിക്കും ഞെട്ടി പോയിരുന്നു. അവളുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസിലായി മറ്റുള്ളവരെപ്പോലെ അവളും ആ നിമിഷമായിരുന്നു അവന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അറിയുന്നതെന്നു.
“നിങ്ങൾ ഇങ്ങനെ ഞെട്ടി നോക്കുകയൊന്നും വേണ്ട… അന്നേ ഞാൻ പറഞ്ഞിരുന്നു എനിക്ക് നല്ലതെന്ന് തോന്നുന്ന പ്രോജക്ട് വന്നുകഴിഞ്ഞാൽ ഞാൻ ചെയ്യുമെന്ന്. ഇതിപ്പോ ബ്ലെസ്സി സാറിന്റെ സിനിമയാണ്. ഇതുവരെ അഭിനയിച്ചപ്പോലെ ഒരു കഥാപാത്രമല്ല എനിക്ക് കിട്ടിയിരിക്കുന്നത്. ബ്ലെസ്സി സർ നേരിട്ട് വന്നു കഥ പറഞ്ഞതാണ്. എനിക്ക് പോയെ പറ്റു. ബിസിനസിനെ കുറിച്ചു എനിക്ക് ഒരു പേടിയുമില്ല. ദേവ്നിയും ഗായത്രിയും കൂടി അതു എന്നെക്കാൾ നന്നായി നോക്കി നടത്തുമെന്ന് തെളിയിച്ചു കഴിഞ്ഞു…
പിന്നെ ജീവന്റെ പിന്തുണ കൂടി ഉണ്ടാകുമല്ലോ” ഗൗതം ഉറപ്പിച്ചു കഴിഞ്ഞിരുന്നു കാര്യങ്ങൾ. അതവന്റെ വാക്കുകളിൽ ശക്തമായി തെളിഞ്ഞിരുന്നു. പിന്നീട് കല്യാണത്തിനുള്ള ചർച്ചകളായിരുന്നു അവിടെ… ദേവ്നിക്ക് പെട്ടന്ന് എന്തോ ഒരു വല്ലായ്മ തോന്നി… അവൾ ബൽക്കണിയിലേക്ക് ഇറങ്ങി നിന്നു. അസ്വസ്ഥമായ മനസുമായി ദൃഷ്ടി മുന്നിലേക്ക് പായിച്ചു അവൾ നിന്നു. തോളിൽ പതിഞ്ഞ കൈയുടെ സ്പര്ശനമാണ് അവളെ ചിന്തകളിൽ നിന്നുമുണർത്തിയത്.
അവളുടെ തോളിൽ കൈ ചേർത്തു പിടിച്ചു അവനും ദൂരേക്ക് ദൃഷ്ടി പായിച്ചു നിന്നു മൗനമായി… “പറയാത്ത പരിഭവമാണോ അല്ലെങ്കി എല്ലാം മുൻകൂട്ടി ഒറ്റയ്ക്ക് തീരുമാനമെടുത്ത പരിഭവമാണോ..??”” മൗനം അവൻ തന്നെ ആദ്യം ഭേദിച്ചു. “ഈ ബന്ധം തന്നെ വേണോ എന്ന പുനര്ചിന്തയിലാണോ എന്നൊരു ചോദ്യമാണ് ഞാൻ പ്രതീക്ഷിച്ചത്.” ദൂരേക്ക് പായിച്ച അവളുടെ മിഴികൾ പിന്വലിക്കാതെ തന്നെ അവളും ചോദ്യമേറിഞ്ഞു.
“അങ്ങനെയൊരു ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഈ പെണ്ണിന്റെ ഹൃദയത്തിൽ ഒരു ആലില താലി വീഴുനെങ്കി അതീ ഗൗതമിന്റെ ഹൃദയം കൊണ്ട് മാത്രമാകും” “ശെ… കട്ട പൈങ്കിളി സിനിമ ഡയലോഗ്… ബ്ളാ” ദേവ്നി അവന്റെ വാക്കുകളെ പുച്ഛിച്ചു. “എടൊ… പ്രണയം എന്നും ഒരു പൈങ്കിളി തന്നെയാണ്… എനിക്കും ഒരു പൈങ്കിളി റോമൻസിന് വലിയ താത്പര്യമൊന്നുമില്ല മോളെ… നിന്നെ ഒരു നിമിഷം പോലും ഇനി പിരിയാൻ വയ്യ..
അതാണ് ഈ തീരുമാനം” അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു… അവൻറെയാ നോട്ടം തന്റെ കണ്ണുകളിൽ നിന്നും ഹൃദയത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നു അവൾക്കു തോന്നി. “അവിടെ എന്റെ മുഴുവൻ പ്ലാൻ ഞാൻ പറഞ്ഞില്ല… പ്രോജക്ട് തുടങ്ങുന്നത് രണ്ടു മാസം കഴിഞ്ഞാണ്… അടുത്ത മാസം തന്നെ ഞാൻ പോകും. കൂടെ എന്റെ പെണ്ണും… ഒരു ചെറിയ ടൂർ… കുറച്ചേറെ രാജ്യങ്ങളും സ്ഥലങ്ങളും കാണമെന്നെ”… ദേവ്നി അവനെ കൂർപ്പിച്ചു നോക്കി…
അവൻ ചുണ്ടുകൾ കൊണ്ടു ഉമ്മ എന്നു വായുവിൽ കൊടുത്തു രണ്ടു കണ്ണും ചിമ്മി. “നമ്മുടെ ഹണിമൂൺ ട്രിപ്പ് ആണെന് കരുതേണ്ട… നമുക്ക് ശരിക്കും അടിച്ചുപോളിക്കാമെഡോ… കൂട്ടത്തിൽ എന്നെക്കൂടെ പരിഗണിച്ചാൽ മതിയെന്നെ” അവളുടെ ഇടുപ്പിൽ തോണ്ടി കൊണ്ടു തോളിൽ കടിച്ചു പറഞ്ഞു. “പോടാ…” അവൾ അവനെ സ്നേഹത്തോടെ തള്ളി നീക്കി. “പിണക്കവും പരിഭവവും തീർന്നില്ലേ” ജീവൻ അവർക്കരികിലേക്ക് വന്നുകൊണ്ടു ചോദിച്ചു.
അധികം ഒന്നും സംസാരിച്ചില്ലെങ്കിലും ഗായത്രിയും അവന്റെ പുറകെയുണ്ടായിരുന്നു. ജീവനെ കണ്ടതും ദേവ്നി അവന്റെ കൈകളിൽ തൂങ്ങി. “രണ്ടാഴ്ച കഴിഞ്ഞാൽ ഒരു മുഹൂർത്തമുണ്ടെന്നു ജ്യോത്സ്യൻ നിങ്ങളുടെ ഗൃഹനില നോക്കി പറഞ്ഞിട്ടുണ്ട്” “ആഹാ.. കാര്യങ്ങൾക്കൊക്കെ ഇത്ര വേഗം തീരുമാനം ഉണ്ടായോ” “പിന്നല്ലാതെ… കല്യാണം കുടുംബക്ഷേത്രത്തിൽ തന്നെ വേണമെന്ന് മേനോൻ സാറിനു നിർബന്ധം… താലികെട്ടും പിന്നെ അന്ന് തന്നെ കല്യാണം രജിസ്റ്റർ ചെയ്യുകയും ചെയ്യാം…
അതുകഴിഞ്ഞു മൂന്നാം ദിവസം റിസപ്ഷൻ. അതിൽ ബിസിനെസ്സ് ഫ്രണ്ട്‌സ് സിനി ഫീൽഡ് എല്ലാം ഉൾകൊള്ളിച്ചു… അതല്ലെങ്കി നമ്മുടെ ബിസിനസ് ഫ്രണ്ട്സ് അടുത്ത ദിവസമോ അതിനടുത്ത ദിവസമോ വയ്ക്കാം. എന്തായാലും ആരെയും വിട്ടുപോകാൻ പാടില്ല. രണ്ടു വിഭാഗവും കൂടി ഒരുമിച്ചു നടത്തുന്നത് കുറച്ചേറെ ബുദ്ധിമുട്ടാണ്. ഹാ… അതെന്തായാലും നോക്കി ചെയ്യാം. ഇപ്പൊ ദേവയെ ഞാൻ കൊണ്ടുപോകുകയാണ്. കല്യാണം വരെ എന്റെ വീട്ടിൽ നിൽക്കട്ടെ…
ഒരു ഏട്ടന്റെ എല്ലാ അധികാരത്തോടെയും അവകാശത്തോടെയും അവളെ തന്നോടു ചേർത്തു പിടിച്ചു അവൻ പറഞ്ഞു. ഗൗതം സന്തോഷത്തോടെ പുഞ്ചിരിച്ചു. “ഞങ്ങൾ ഇറങ്ങുകയാണ് ഗൗതം… അപ്പൊ ഇനി കല്യാണ തിരക്ക്… ഒരുപാട് ജോലികൾ ഉണ്ട് ചെയ്തു തീർക്കാൻ…”അവനെ വിഷമിപ്പിക്കാതെ ജീവന്റെ കൈകളിൽ തൂങ്ങി കൊണ്ടു തന്നെ അവളും അവന്റെ കൂടെ നടന്നു. അവൻ ഗായത്രിയുടെ അടുത്തു ചെന്നു നിന്നു. അവനെ നോക്കി ഗായത്രി ഒന്നു ചിരിച്ചെന്നു വരുത്തി…
ആ കണ്ണുകളിൽ ഇപ്പോഴും വിഷാദം നിഴലിച്ചിരിക്കുന്നത് അവൻ കണ്ടു.. “ഞങ്ങളുടെ കൂടെ വരുന്നുണ്ടോ” ജീവന്റെ ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ല എന്നു അവളുടെ വിടർന്ന കണ്ണുകൾ പറഞ്ഞു. അവൾ ഗൗതത്തിനു നേരെ നോക്കി. അവനും സന്തോഷത്തോടെ ചിരിക്കുകയായിരുന്നു. “ഞാൻ… ഞാൻ വരുന്നില്ല” അവളുടെയ മറുപടിയിൽ ജീവന്റെ മുഖം ഒന്നു മങ്ങിയ പോലെ. “ഇപ്പൊ വരുന്നില്ല… ഇവരുടെ കല്യാണം കഴിഞ്ഞു ഞാൻ വരാം… ഇപ്പൊ വന്നാൽ സ്നേഹം പങ്കു വെച്ചു പോകില്ലേ…
അതു വേണ്ട” അല്പം കുറുമ്പോടെയുള്ള അവളുടെ മറുപടി കേട്ടു ജീവന് ചിരി വരുകയും ദേവ്നി അതിശയിക്കുകയും ചെയ്തു. “എന്റെ മനസിൽ നിനക്കുള്ള സ്നേഹവും സ്ഥാനവും ഒന്നും ആർക്കും പങ്കുവച്ചു പോകില്ല. നിനക്കുള്ളത് നിനക്ക് മാത്രമായിരിക്കും” അവളുടെ കവിളിൽ തട്ടി ജീവൻ അതു പറയുമ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. കല്യാണ തീയതി നിഴ്ചയിച്ചു എന്നത് ഓഫീസിലും എല്ലാവരും അറിഞ്ഞു.
ഏറെ അതിശയമായത് ശീതളിൽ ആ ഒരു വാർത്ത ഒരു ഭാവ വ്യത്യാസവും ഉണ്ടാക്കിയില്ല എന്നതാണ്. അവളുടെ ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നു. പക്ഷെ ശീതൾ ദേവ്നി ഗൗതം ബന്ധത്തെ സ്വീകരിക്കുന്ന തരത്തിലായിരുന്നു പെരുമാറിയത്. മാത്രവുമല്ല കല്യാണ തിരക്കിലേക്ക് കടക്കും മുന്നേ ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടായിരുന്നു. വളരെ ആവേശത്തോടെ ശീതൾ ഓരോന്നും കണ്ടറിഞ്ഞു ചെയ്തു പോന്നു.
കോഫി ഷോപ്പിൽ പതിവ് കൂടി കാഴ്ചയിലായിരുന്നു ജീവനും അച്ചുവും ദേവ്നിയും കൂടെ ഗായത്രിയും. ഗൗതം ഒരു ആഡ് ഷൂട് ഉള്ളതുകൊണ്ട് അവരുടെ കൂടെ ഉണ്ടായിരുന്നില്ല. ഗായത്രി സ്വാഭാവികമായി സംസാരിച്ചിരുന്നില്ല എങ്കിൽ കൂടിയും അവരുടെ അടുത്തു നിന്നു മാറി നിന്നിരുന്നില്ല. ചിരിച്ചുകൊണ്ട് തന്നെ അവരുടെ കൂടെ നിൽക്കുമായിരുന്നു. “ഞാൻ ഏറ്റവും പേടിച്ചത് ശീതളിനെ ആയിരുന്നു.. എനിക്ക് തോന്നുന്നു അവൾ ഞങ്ങളുടെ ബന്ധത്തെ അസ്സപ്റ് ചെയ്തെന്നു…
ഇനി എന്തായാലും അവളുടെ ഭാഗത്തു നിന്ന് ഒരു ഒളിയുദ്ധമൊന്നും ഉണ്ടാകില്ല” ദേവ്നി പറഞ്ഞതു ശരി വയ്ക്കും പോലെ ജീവനും അച്ചുവും ചിരിച്ചു. “അങ്ങനെ മുഴുവനായും വിശ്വസിക്കാൻ കഴിയില്ല ശീതളിനെ… കല്യാണം കഴിയും വരെ സൂക്ഷിക്കുക തന്നെ വേണം ഏടത്തി. അവളെ എനിക്ക് അറിയുംപോലെ നിങ്ങൾക്ക് അറിയില്ലലോ… എനിക്ക് ഒരാളോട് ദേഷ്യം തോന്നിയാൽ പക തോന്നിയാൽ മനസിൽ ഇട്ടു പക വീട്ടാൻ സമയം ആകും വരെ കാത്തിരിക്കുന്ന സ്വഭാവമില്ല.
പക്ഷെ ശീതൾ… അവൾ കണക്കു കൂട്ടലുകൾ നടത്തി കാത്തിരുന്നു പക വീട്ടും… അവൾ മുച്ചൂടും നശിപ്പിച്ചയിരിക്കും പ്രതികരിക്കുന്നത്… സൂക്ഷിക്കണം” ഒരു ഭയപ്പാടോടെ ഗായത്രി പറഞ്ഞു നിർത്തി. മറ്റുള്ളവരുടെ മനസിലും നേരിയ ഭയം തോന്നാതിരുന്നില്ല. ശീതൾ ഒരു ഭയമായി ആദ്യം തോന്നിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിലും അവളുടെ സ്വഭാവത്തിനൊന്നും ഒരു വ്യത്യാസവും തോന്നതിരുന്നത് കൊണ്ട് ഉള്ളിലെ ഭയം പതുക്കെ മായാൻ തുടങ്ങിയിരുന്നു.
കല്യാണത്തിനുള്ള ഡ്രെസ്സും ആഭരണങ്ങളും എല്ലാം സെലക്ട് ചെയ്തത് അച്ചുവും ഗായത്രിയും കൂടിയായിരുന്നു. ദേവ്നി വളരെ സിംപിൾ ആയാണ് ആഭരണങ്ങൾ ധരിക്കൂ എന്നറിയാവുന്നത് കൊണ്ട് മിതമായ ആഭരണങ്ങൾ മാത്രമാണ് അവരെടുത്തത്. എല്ലാം ജീവൻ തന്നെയാണ് അവൾക്ക് വാങ്ങി നൽകിയത്. പക്ഷെ കല്യാണ പുടവയും റിസപ്ഷൻ ദിവസങ്ങളിൽ അണിയാണുള്ള സിംപിൾ ഡയമൻഡ് ആഭരണങ്ങൾ ഗൗതം തന്നെ വാങ്ങി. അതും അവന്റെ ഇഷ്ടത്തിന്.
താലിയും മാലയും ഗായത്രിയാണ് തിരഞ്ഞെടുത്തതും വാങ്ങിയതും. ഒരു സഹോദരിയുടെ സ്ഥാനം… അവൾ ജോലി ചെയ്ത പൈസ കൊണ്ടു തന്നെ… ഗൗതത്തിനും ദേവ്നിക്കും ഒത്തിരി സന്തോഷമായി…. ദേവ്നിക്ക് വേണ്ടി താലി സെലക്ട് ചെയ്തതിനു ശേഷമാണ് അവൾ മറ്റൊരു താലി കണ്ടത്… ആലില താലിയുടെ ഉള്ളിൽ വജ്രക്കല്ലിൽ ഓം ചിഹ്നം. അതേ താലിയിൽ നോക്കി കൊണ്ടു അവളുടെ അടുത്തു തന്നെ അച്ചുവും നിന്നിരുന്നു.
അച്ചുവിന്റെ തിളക്കമാർന്ന കണ്ണുകൾ കണ്ടപ്പോൾ തന്നെ ഗായത്രിക്ക് മനസിലായി ആ താലി ഒത്തിരി ഇഷ്ടമായെന്നു. അതുകൂടി ബില്ലിംഗ് എടുക്കാൻ പറഞ്ഞു ഗായത്രി. “ഗായു… രണ്ടു താലി എന്തിനാ… മാല മാറ്റിയിടാം പക്ഷെ താലി ആരും മാറ്റില്ല… ഒന്നു മതിയല്ലോ” രണ്ടാമതും ഒരു താലി എടുക്കുന്നത് കണ്ടു ഗൗതം പറഞ്ഞു. “എനിക്ക് രണ്ടേട്ടന്മാർ ഉണ്ട്” ജീവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു കൊണ്ട് ഗായത്രി മുന്നോട്ട് നടന്നു.
അടുത്ത ദിവസം കല്യാണത്തിന് മുന്നേയുള്ള ഒരു സേവ് ഡേറ്റ് ഫോട്ടോഷൂട് തീരുമാനിച്ചിരുന്നു. അന്നും ഗൗതമിനു ഒരു ആഡ് ഷൂട് ഉള്ളതിനാൽ പകൽ ഓഫീസിൽ വന്നിരുന്നില്ല. ഉച്ചക്ക് ശേഷം ഗൗതം തന്നെ കമ്പനിയിൽ വന്നു എല്ലാ സ്റ്റാഫിനെയും ക്ഷണിക്കുകയും ദേവ്നിയെകൊണ്ടു പോകുകയും ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. രാവിലെ തന്നെ ഒരു ക്ലയന്റ് മീറ്റിങ് ഉണ്ടായിരുന്നു. ഗായത്രിക്ക് മറ്റു ജോലി നൽകി കൊണ്ടു ശീതളിനെയും കൂട്ടിയാണ് ദേവ്നി പോയത്.
ഗൗതം ഓഫീസിലേക്ക് വരും മുന്നേ എത്താമെന്നും കരുതിയിരുന്നു. ശീതൾ ഒപ്പം പോകുന്നതിനോട് ഗായത്രിക്ക് അത്ര വിശ്വാസം പോരായിരുന്നു. പക്ഷെ ദേവ്നി നല്ല വിശ്വാസത്തിൽ തന്നെയായിരുന്നു. മാത്രവുമല്ല എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കുകയും ചെയ്യാമെന്നും പറഞ്ഞു. കയ്യിലെ വാച്ചിൽ ഉള്ള ജിപിസ് ട്രാക്കർ ഗായത്രിക്ക് കാണിച്ചു കൊടുക്കുകയും ചെയ്‌തു.
ജീവന്റെ ഫോണുമായി കണ്ണേക്ടഡ് ആണെന്നും പറഞ്ഞു. പിന്നെ അത് മാത്രമല്ല എന്നെ എന്തെങ്കിലും ചെയ്യണമെങ്കിൽ ആളുകളെ വാടകയ്ക്ക് എടുക്കണം ഇപ്പൊ അതിനുപോലും കഴിയുന്ന അവസ്ഥയിൽ അല്ലലോ അവർ. അതുകൊണ്ട് അങ്ങനെയൊരു ഭയം ഇല്ല എന്നു കൂടി പറഞ്ഞു അവൾ ഗായത്രിയെ സമാധാനിപ്പിച്ചു. ശീതളിനൊപ്പം ദേവ്നി പോകുന്നത് തെല്ലൊരു വേവലാതിയോടെ തന്നെ ഗായത്രി നോക്കി കണ്ടു. (തുടരും… സത്യമായും അധികം വൈകില്ല)