നീലാഞ്ജനം : ഭാഗം 7
നോവൽ
എഴുത്തുകാരി: പാർവതി പിള്ള
ദേവരാഗം എന്ന് സ്വർണ ലിപിയിൽ
എഴുതിയ ബോഡിലേക്ക് ശ്രീകാന്ത് ഒന്നു നോക്കി.. പിന്നെ കൂറ്റൻഗേറ്റ് തുറന്ന് അകത്തേക്ക് കയറി…
കോളിംഗ് ബെല്ലടിച്ചു. മനസ്സിൽ ഒട്ടൊരു അങ്കലാപ്പോടെ അവൻ നിന്നു..
മേനോൻ സാർ കമ്പനിയിൽ പോയി
കാണും എന്ന് അറിയാം. പിന്നെ ഇവിടെ ദേവികയും രാധമ്മയും മാത്രമേ കാണുകയുള്ളൂ..
തനിക്കും അതാണ് വേണ്ടത്..
ദേവികയോട് മനസ്സുതുറന്ന് ഒന്ന് സംസാരിക്കണം..
അൽപ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു രാധമ്മ പുറത്തേക്കു വന്നു..
അവനെ കണ്ട് പുഞ്ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു…
കയറി വാ മോനേ മോളെ വിളിക്കാം..
അകത്തുണ്ട്..
അവർ വേഗം അകത്തേക്ക് പോയി.. അല്പസമയം കഴിഞ്ഞപ്പോൾ വീൽചെയറും ഉരുട്ടി കൊണ്ട് ദേവിക വന്നു.. അവൾ ശ്രീകാന്തിനെ നോക്കി ഒന്നു പുഞ്ചിരിച്ചു…
ഇരിക്കൂ.. അവൾ സോഫയിലേക്ക് കൈചൂണ്ടി… അവൻ സെറ്റിലേക്ക്
ഇരുന്നു…
രാധമ്മേ കുടിക്കാൻ എന്തെങ്കിലും എടുത്തോ.. ശരി മോളെ ഇപ്പോൾ
എടുക്കാം.. അവർ അകത്തേക്ക് പോയി..
ദേവിക തന്നോട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. എന്താ പറഞ്ഞോളൂ..
അത്.. അവൻ രാധമ്മ പോയ വഴിയെ നോക്കി. വരൂ നമുക്ക് സിറ്റൗട്ടിലേക്ക് ഇരിക്കാം…
ദേവികയുടെ മുൻപിൽ ഇരുന്ന ശ്രീകാന്ത് എങ്ങനെ തുടങ്ങണം എന്നറിയാതെ ഒന്നു പതറി…
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
ഹരിതയുടെ കാര്യം പറയാനാണോ വന്നത്.
അവൻ ഞെട്ടലോടെ അവളുടെ
മുഖത്തേക്ക് നോക്കി..
അവൾ പുഞ്ചിരിയോടെ തുടർന്നു.. എന്നെ ഉണ്ണിമോൾ കാണാൻ വന്നിരുന്നു…
വിവാഹത്തിന് ഡേറ്റ് എടുക്കുന്നതിനു
മുൻപ് എന്നോട് പറയാമായിരുന്നു…
സാരമില്ല അച്ഛനോട് ഞാൻ പറഞ്ഞോളാം..
ആരുടെയും ശാപം ഏറ്റുവാങ്ങി ഉള്ള ഒരു ജീവിതം എനിക്ക് വേണ്ട. അല്ലെങ്കിലും എനിക്ക് അറിയാം എന്നെപ്പോലെ പരിമിതികളുള്ള ഒരു പെണ്ണിനെ ഏറ്റെടുക്കാൻ ആരും തയ്യാറാവില്ല എന്ന്…
ശ്രീകാന്തിന് വല്ലാതെ വിഷമം തോന്നി.. ദേവിക ഞാൻ അങ്ങനെയൊന്നും
ഉദ്ദേശിച്ചില്ല..
എനിക്ക് ഹരിയെ ഒരിക്കലും മറക്കാൻ
പറ്റില്ല.. ഓർമ്മ വെച്ച കാലം മുതൽ എന്റെ മനസ്സിൽ കൂടുകൂട്ടിയതാ അവൾ…
സാരമില്ല ഞാൻ അച്ഛനോട് പറഞ്ഞോളാം. കമ്പനിയിൽ എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരട്ടെ ശ്രീകാന്തിന്..
അവൻ അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. ഇത്രയും
നല്ല മനസ്സിന് ഉടമയായ ഈ പെൺകുട്ടിക്ക് എന്തേ ഇങ്ങനെ ഒരു വിധി വന്നു……….
വൈകിട്ട് ഒരുപാട് താമസിച്ചാണ് മേനോൻ എത്തിയത്.
കിടക്കണ്ട സമയം കഴിഞ്ഞിട്ടും തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ദേവികയെ മേനോൻ ചോദ്യഭാവത്തിൽ നോക്കി..
അവൾ സാവധാനം അച്ഛനെ വിവരം ധരിപ്പിച്ചു.. മേനോൻ അമ്പരപ്പോടെ മകളെ നോക്കി..
എന്തൊരു വിധിയാണിത് തന്റെ മകൾക്കു മാത്രം എന്താണ് ഇങ്ങനെ.. അയാൾ വേദനയോടെ ഓർത്തു..
ഈ വിവാഹം നടക്കും എന്നാണ് കരുതിയത്..
ഇന്ന് ഓഡിറ്റോറിയവും ബുക്ക് ചെയ്തു.. ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല.. സഹായിച്ചിട്ടേ ഉള്ളൂ..
എന്നിട്ടും തന്റെ കുടുംബത്തിനു മാത്രം എന്താണ് ഇങ്ങനെ..
തങ്ങളുടെ കുടുംബത്തിന് ചേരാത്ത
ബന്ധം ആയിട്ടും സമ്മതിച്ചത് ദേവികയുടെ കുറവുകൾ ഓർത്തു മാത്രമാണ്..
ആലോചനയോടെ ഇരിക്കുന്ന അച്ഛനെ കണ്ട് ദേവികയുടെ നെഞ്ചു വിങ്ങി.. അവൾ അച്ഛനെ ആശ്വസിപ്പിച്ചു.. എനിക്ക് ഒരു വിഷമവുമില്ല അച്ഛാ..
ആരുടെയും ശാപം വാങ്ങി എനിക്ക് ഒരു ജീവിതം വേണ്ട.. ഇത് മറച്ചുവെച്ചുകൊണ്ട് അവർ വിവാഹം കഴിച്ചിരുന്നു എങ്കിലോ…
അപ്പോൾ നമ്മൾ ആശ്വസിക്കുക അല്ലേ വേണ്ടത്..
സ്വയമുരുകി കൊണ്ട് തന്നെ ആശ്വസിപ്പിക്കുന്ന മകളെ നോക്കി നിന്നു മേനോൻ..
താൻ എന്ത് പറഞ്ഞ് ആശ്വസിപ്പിച്ചാലും അതിന് അച്ഛന്റെ നെഞ്ചിലെ തീ അണയ്ക്കാൻ ആവില്ലെന്ന് ദേവിക്ക് അറിയാമായിരുന്നു..
അവൾ കുറച്ചു നേരം കൂടി അച്ഛന്റെ അരികിൽ ഇരുന്നു..
ഒപ്പം മനു വിളിച്ച വിവരവും അപ്പച്ചിയും കുടുംബവും നാട്ടിലെത്തുന്ന വിവരവും അച്ഛനെ ധരിപ്പിച്ചു..
മേനോന് അത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി… തന്റെ കുഞ്ഞുപെങ്ങൾ ആണ് അംബിക..
ദേവികയുടെ അമ്മ സുജയും അംബികയും കൂട്ടുകാരായിരുന്നു..
അംബിക യാണ് തന്റെ ഏട്ടന് വേണ്ടി
സുജയെ കണ്ടെത്തിയത്…
രണ്ടാളും നല്ല സ്നേഹത്തിൽ ആയിരുന്നു….
അതെ ആത്മബന്ധമാണ് മനു കുട്ടനും ദേവു കുട്ടിയും തമ്മിൽ..
ഇപ്പോൾ കൂടെ ആരുമില്ല എന്നൊരു തോന്നലാണ്… ഒറ്റപ്പെട്ടതുപോലെ. അവർ എത്തിക്കഴിഞ്ഞാൽ അതിന് ഒരു ആശ്വാസമാകും..
ഉമ്മറത്തിരുന്ന് ശ്രീകാന്ത് പുസ്തകം വായിച്ചു കൊണ്ടിരുന്നപ്പോഴാണ്
പോസ്റ്റുമാൻ സൈക്കിൾ ബെൽ അടിച്ചത്..
ഒരു രജിസ്ട്രേഡ് ഉണ്ട് ശ്രീകാന്തിന്..
അവൻ ഒപ്പിട്ടു അതു വാങ്ങി.
കവർ പൊട്ടിച്ചു നോക്കിയ അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.. എന്തോ
തയ്ക്കുകയായിരുന്ന ശാലിനിയുടെ അടുത്തേക്ക് അവൻ വേഗം ചെന്നു…
ചേച്ചി എനിക്ക് ജോലി ആയി.. ആർടിഒ ഓഫീസിൽ ആണ്.. ശാലിനി സന്തോഷത്തോടെ എഴുന്നേറ്റു..
പിന്നെ അമ്മയെ ഉറക്കെ വിളിച്ചു..
ഉച്ചയൂണും കഴിഞ്ഞ് ഒന്ന് മയക്കത്തിലായിരുന്ന ദേവകിയമ്മ ഉറക്കച്ചടവോടെ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നു.. എന്തിനാടി കിടന്നു തൊള്ള തുറക്കുന്നത്..
എന്റെ അമ്മേ നമ്മുടെ ശ്രീക്കുട്ടന്
ജോലി കിട്ടി..
ദേവകിയമ്മ
സന്തോഷത്തോടെ ശ്രീക്കുട്ടന്റെ
മുഖത്തേക്ക് നോക്കി.
സത്യമാണോ മോനേ..
അവൻ അതെ എന്നർത്ഥത്തിൽ തല ചലിപ്പിച്ചു….
ഈശ്വരാ എന്റെ പ്രാർത്ഥന നീ കേട്ടല്ലോ.. എന്റെ കുഞ്ഞ് ഒരു കരപറ്റി കാണാനുള്ള ആഗ്രഹം കൊണ്ട് നേരാത്ത നേർച്ചകൾ ഇല്ല.
അമ്മേ ഞാൻ വേണു മാമയെ ഒന്ന്
കണ്ടു പറഞ്ഞിട്ട് വരാം..
പറഞ്ഞു കൊണ്ട് അവൻ വേഗം പടിക്കെട്ടുകൾ ഇറങ്ങി.. വേഗത്തിൽ നടന്നു…..
മുറ്റത്ത് ഉണക്കാനിട്ടിരുന്ന കൊപ്ര വാരി എടുക്കുന്നതിനിടയിൽ വേണുമാഷ്
മകളെ ഉറക്കെ വിളിച്ചു.. ഹരികുട്ടാ നല്ല മഴക്കാർ ഉണ്ട് ഈ തുണി ഒന്ന് എടുത്തേ..
ഹരിത പെട്ടന്ന് ഇറങ്ങി തുണി എടുത്തു. അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു.
അപ്പോഴാണ് വേണുമാഷ് കണ്ടത് ചാറ്റൽ മഴ നനഞ്ഞു കൊണ്ട് പടിക്കെട്ടുകൾ ഓടി കയറി വരുന്ന ശ്രീക്കുട്ടനെ..
എന്തിനാ ശ്രീമോനെ ഈ മഴ നനയുന്നത്.
അവൻ ഓടിവന്ന് ഉമ്മറത്തേക്ക് കയറി.
വേണുമാഷ് കയ്യിലിരുന്ന തോർത്തുകൊണ്ട് അവന്റെ തല തുവർത്തി കൊടുത്തു….
ശ്രീകാന്ത് പെട്ടെന്ന് വേണു മാമയെ കെട്ടിപ്പിടിച്ചു.. മാമേ എനിക്ക് ജോലി കിട്ടി.. ആർടിഒ ഓഫീസിൽ ആണ്. കൊല്ലത്താണ് ആദ്യത്തെ പോസ്റ്റിങ്ങ്..
വേണു മാമ സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു.. നന്നായി മോനേ നിന്റെ
വിഷമം എല്ലാം ഇനി മാറും..
ഹരിതയുടെ മുഖം സന്തോഷംകൊണ്ട് തിളങ്ങി.. പക്ഷേ ശ്രീകാന്ത് ഒരു നോട്ടം കൊണ്ട് പോലും അവളെ കടാക്ഷിച്ചില്ല…
മാമേ എനിക്ക് ഒന്ന് രണ്ട് ഇടങ്ങളിലും
കൂടി പോകാൻ ഉണ്ടായിരുന്നു..
ഹരിക്കുട്ട
ശ്രീ മോന് ഒരു കുട എടുത്തു കൊടുക്ക്..
നനഞ്ഞു പനി പിടിപ്പിക്കേണ്ട….
ഹരിത അകത്തുനിന്നും വേഗം കുട എടുത്തുകൊണ്ടുവന്ന് ശ്രീക്കുട്ടന്റെ കയ്യിൽ കൊടുത്തു…
അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ വേണു മാഷിനോട് യാത്ര പറഞ്ഞ് അവൻ ഇറങ്ങി….
ഉണ്ണിമോൾ ആകെ സന്തോഷത്തിൽ ആയിരുന്നു.
ഏട്ടന് ജോലി കിട്ടിയത് അവളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്..
വൈകിട്ട് സ്കൂളിൽ നിന്നും വന്നതിനുശേഷമാണ് അവൾ വിവരമറിഞ്ഞത്…
രണ്ട് ദിവസത്തിനുള്ളിൽ ശ്രീകാന്തിന് ജോയിൻ ചെയ്യണം.
മുറിയിൽ നിന്നും തന്റെ ഷർട്ടുകൾ എല്ലാം അടുക്കി ഒരു ബാഗിലേക്ക് ആക്കുകയാണ് ശ്രീകാന്ത്.
ദൂരക്കൂടുതൽ ഉണ്ടായതുകൊണ്ട് ആഴ്ചയിൽ വന്നുപോകാനെ പറ്റുള്ളൂ…
അതോർക്കുമ്പോൾ ഉണ്ണി മോൾക്ക് നല്ല വിഷമം ഉണ്ട്. ഡ്രസ്സ് മടക്കി വെക്കാൻ ഏട്ടനെ സഹായിച്ചുകൊണ്ട് നിന്നപ്പോഴാണ് ഉണ്ണിമോൾ പറഞ്ഞത്.
ഏട്ടാ നമുക്ക്
ദേവിക ഏട്ടത്തിയുടെ അടുത്ത് ഒന്ന് പോകണം.
ഏട്ടത്തിയോട് പറയണം ജോലികിട്ടിയ കാര്യം. പോകാം മോളേ.
അങ്ങനെയാണെങ്കിൽ നാളെ തന്നെ പോകാം ഏട്ടാ..നാളെ എനിക്ക് സ്റ്റഡിലീവ് തുടങ്ങുകയാണ്.. അവൻ പുഞ്ചിരിയോടെ അവളെ സമ്മതം അറിയിച്ചു..
തിരികെ പോകാൻ തുടങ്ങിയ ഉണ്ണിമോളെ അവൻ വിളിച്ചു. മോൾ ദേവികയെ
കാണാൻ പോയിരുന്നോ…
അവൾ ഭയത്തോടെ ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി…
ഏട്ടാ അത് ഞാൻ… ഭയത്തോടെ ഉള്ള അവളുടെ നിൽപ്പ് കണ്ട് അവന് ചിരിവന്നു…
അവൻ രണ്ടു കണ്ണും ചിമ്മി അടച്ചു
കാണിച്ചു അവളെ… ഉണ്ണിമോൾ ആശ്വാസത്തോടെ ചിരിച്ചു. ഏട്ടൻ പോയിരുന്നോ ഏട്ടത്തിയെ കാണാൻ..
പോയിരുന്നു മോളെ… അതിനു മുൻപേ ഏട്ടന്റെ ഝാൻസിറാണി അവിടെ
ചെന്നു എന്ന് പറഞ്ഞു…
അവൻ വാത്സല്യത്തോടെ അവളെ
ചേർത്തു പിടിച്ചു…
പിറ്റേന്ന് ഉണ്ണി മോളും ശ്രീകാന്തും അവിടെ ചെല്ലുമ്പോൾ മേനോൻ കമ്പനിയിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
അവരെ കണ്ട ഉടൻ മുഷിവൊന്നും കാണിക്കാതെ അകത്തേക്ക് സ്വീകരിച്ചിരുത്തി…
ജോലി കിട്ടിയ വിവരം അറിഞ്ഞപ്പോൾ ദേവികയ്ക്ക് വളരെയധികം സന്തോഷം തോന്നി…
ശ്രീകാന്ത് മേനോന്റെ മുൻപിൽ രണ്ടു കൈയും കൂപ്പി.. സർ എന്നോട് ക്ഷമിക്കണം.
മേനോൻ അവന്റെ കൈ പിടിച്ചു മാറ്റി.
എന്താ ശ്രീകാന്ത് താൻ അതിനുമാത്രം വലിയ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ… തുറന്നുപറയാൻ കാണിച്ച നല്ല മനസ്സിനു തന്നെ നന്ദിയുണ്ട്…
ഇറങ്ങാൻ നേരം ഉണ്ണിമോൾ ദേവികയുടെ നമ്പറും വാങ്ങിയാണ് ഇറങ്ങിയത്…
അന്നു വൈകിട്ട് മനു വിളിച്ചപ്പോൾ ദേവികയ്ക്ക് ഉണ്ണിമോളുടെ കാര്യം പറയാനെ നേരം ഉണ്ടായിരുന്നുള്ളൂ..
സന്തോഷത്തോടെ നിർത്താതെയുള്ള അവളുടെ സംസാരം കേട്ട് മനു ഒന്നും മിണ്ടാതെ ഇരുന്നു..
കുറച്ചു നേരം ആയിട്ടും അവിടുന്ന് അനക്കമൊന്നും ഇല്ലാതായപ്പോൾ ദേവിക വിളിച്ചു മനുവേട്ടാ വെച്ചിട്ടു പോയോ…
ഇല്ല എന്റെ ദേവികകുട്ടി…
എന്റെ ദേവു കുട്ടിയുടെ സന്തോഷത്തിന് കാരണമായ ഉണ്ണി മോളെ എനിക്കും ഒന്ന് കാണണം.. അതെന്തിനാ മനുവേട്ടൻ കാണുന്നത് അവൾ കുറുമ്പോടെ ചോദിച്ചു..
ചുമ്മാ ഒന്നു കണ്ടിരിക്കാമെന്നേ…
അവൻ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു.
ദേ മനുവേട്ടാ മനുവേട്ടന്റെ കോഴിത്തരം ഒന്നും അവളോട് വേണ്ട കേട്ടോ അത് ഒരു കൊച്ചുകുട്ടിയാ..
അവൾ പ്രായപൂർത്തിയാകുന്നത് വരെ ഞാൻ കാത്തിരുന്നോളാം ദേവു കുട്ടാ..
പറഞ്ഞുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചു..
(തുടരും )