Friday, November 22, 2024
Novel

നീർക്കുമിളകൾ: ഭാഗം 6

നോവൽ
എഴുത്തുകാരി: ശക്തി കല ജി

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ചുണ്ടുകൾ വിറച്ചു… പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു..

.. ” ഞാൻ തള്ളിയിട്ടില്ലായിരുന്നുവെങ്കിൽ അവർ ശരത്തിനെ വണ്ടിയിടിച്ച് കൊന്നേനെ”

“അങ്ങനെ ഞാൻ സമ്മതിക്കില്ല.”

“.. ശരത്തേട്ടനെ കൊല്ലാൻ സമ്മതിക്കില്ല”…

കരച്ചിലോടെ കണ്ണടച്ച് കിടക്കുന്ന വീണയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു ഇരുന്നു…

. കരഞ്ഞ് കഴിയുന്നവരെ ശബ്ദമുണ്ടാക്കാതെ അവളെ തന്നെ നോക്കിയിരുന്നു…

. കുറച്ച് നേരം കഴിഞ്ഞ് അവൾ കണ്ണ് തുറന്ന് നോക്കി എന്നെ അടുത്ത് കണ്ടതും ഒന്ന് ഞെട്ടി….

“എന്താ വീണ പറയുന്നത്…. എന്നെ ആര് കൊല്ലാൻ ശ്രമിച്ചുന്നാ….എനിക്കിവിടെ ആരാ അതിന് ശത്രു “.. മനസ്സിലെ ഭയം പ്രകടിപ്പിക്കാതെ ശാന്തനായി ചോദിച്ചു..

” അത് പിന്നെ ആ ജീപ്പ് ഇതിന് മുൻപും ഞാൻ കണ്ടിട്ടുണ്ട്… ”

“ഇതിന് മുമ്പ് ജവിടെ ജോലിക്ക് വന്ന സൂരജിനെ ഇടിച്ച് തെറിപ്പിക്കുന്നത് എന്റെ മുൻപിൽ വച്ചാണ് “..

” മുമ്പ് മുന്നാലുപേർ ജോലിക്ക് വന്നിട്ടുണ്ട് അവരെല്ലാം ജീപ്പ് ഇടിച്ചാണ് ആശുപത്രിയിൽ ആയിട്ടുള്ളത്….”

” ഇനി ഇവിടെ നിൽക്കണ്ട പോയ്ക്കോളു… ജീവൻ അപകടത്തിലാണ് “…

“.എത്രയും പെട്ടെന്ന് പോകാൻ പറ്റുമോ അത്രയും പെട്ടെന്ന്…. ” എന്നവൾ പറയുമ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു…

” ഞാൻ വന്നത് തിരിച്ച് പോകാനല്ല…”

“. ഞാൻ ഉദ്ദേശിച്ചത് നടപ്പിലാക്കിയിട്ടെ ഇനിയൊരു തിരിച്ച് പോക്കിനെക്കുറിച്ച് ആലോചിക്കു”

” ഒത്തിരി ആലോചിച്ച് തല പുകയ്ക്കണ്ട…. “. വേദന കൂടും…

” ഉറങ്ങിക്കോളു… ഞാൻ പുറത്തുണ്ടാവും…”

” എന്തെലും ആവശ്യമുണ്ടേൽ വിളിച്ചാ മതി….. ”

” തന്റെ ബാഗൊക്കെ ആരോ എടുത്തു തന്നു… എല്ലാം മേശപ്പുറത്ത് വച്ചിട്ടുണ്ട്.. ”

. എല്ലാം ഉണ്ടോന്ന് നോക്കിക്കോ…. ” ഞാൻ എഴുന്നേറ്റു മേശപ്പുറത്തിരുന്ന ബാഗ് എടുത്ത് കൊടുത്തു…

.. ഇടത് കൈയ്യിലാണ് മുറിവ്…. അവൾ വലത് കൈ കുത്തി പതുക്കെ എഴുന്നേറ്റിരുന്നു..

.. ബാഗിൽ നിന്നും ഫോണെടുത്തു തന്നു നമ്പർ സേവ് ചെയ്തു കൊടുക്കാൻ….

ഫോൺ വാങ്ങി എന്റെ നമ്പർ “ശരത്തേട്ടൻ ” എന്ന് സേവ് ചെയ്തു കൊടുത്തു….

” ശരത്തേട്ടൻ എന്ന് സേവ് ചെയ്തിട്ടുണ്ട്… ”

ഇത്രയൊക്കെ പരിചയം ആയ സ്ഥിതിക്ക് ഇനി ശരത്തേട്ടൻ എന്ന് വിളിച്ചാൽ മതി.. ”

“. പിന്നെ ദോശ വാങ്ങി വച്ചിട്ടുണ്ട്….. കഴിച്ചിട്ട് ഇനി കിടന്നാൽ മതി”… അവൾ വേണ്ടാ എന്ന് പറഞ്ഞിട്ടും ദോശയുടെ പൊതി തുറന്നു ചമ്മന്തിയും സാമ്പാറുo ഒഴിച്ച്… അവിടെയുണ്ടാരുന്ന കുഞ്ഞു മേശയിൽ വച്ചു…

കുഞ്ഞുമേശ കട്ടിലിന്റെ അരികിലേക്ക് നീക്കിയിട്ടു….

ഒരു ദോശ കഴിച്ച് കഴിഞ്ഞപ്പോഴേക്ക് നഴ്സ് വന്നു… ഗുളികയും വെള്ളവും എടുത്ത് കൊടുത്തു….

” ബാത്രൂമിൽ പോണേൽ സിസ്റ്റർ സഹായിക്കും”…

“. വേറെയെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോണിൽ വിളിച്ചാ മതി ഞാൻ വെളിയിൽ കാണും” എന്ന് പറഞ്ഞ് ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങി….

ആരായിരിക്കും കൊല്ലാൻ ശ്രമിച്ചത്…

ദേവൻ അങ്കിൾ ആയിരിക്കുമോ…

മക്കൾ അഭിയെയും റാമിനെയും ഇത് വരെ പരിചയപ്പെട്ടില്ല….

ദേവനങ്കിൾ ഇടയ്ക്ക് ഓഫീസിൽ വരാറുണ്ട്…

. പക്ഷേ ഇഷ്ടക്കേട് ഒന്നും പ്രകടിപ്പിച്ചിട്ടില്ല….

എന്തായാലും വരുന്നത് പോലെ വരട്ടെ….

നേരിടാൻ തയ്യാറായി ഇരിക്കണം….

കസേരയിൽ ചാരിയിരുന്നു..

. ആകെ മൊത്തം ഒരു ക്ഷീണം…

ദേഹത്ത് വേദനയൊക്കെ തോന്നുന്നുണ്ട്… വീണതിന്റെയാവും…

. ഫോൺ റിംഗ് ചെയ്തു…

ഫോൺ എടുത്ത് നോക്കിയപ്പോൾ മുത്തശ്ശനാണ്…

വിവരമറിഞ്ഞ് വിളിക്കുകയാവും…. ഫോണെടുത്തു…

.” എന്ത് പറ്റി വീണയ്ക്ക് …. എങ്ങനെ വീണു…ഏത് ആശുപത്രിയിലാ… ശാരദ ഇവിടെ കിടന്ന് ബഹളം വീണയെ കാണണമെന്ന് പറഞ്ഞ് ” ….

“.. ദാ ശാരദയുടെ കൈയ്യിൽ ഫോൺ കൊടുക്കാം ശരത്ത് ഒന്ന് പറയു”….എന്ന് മുത്തശ്ശൻ പരിഭ്രമത്തോടെ പറഞ്ഞു….

“വീണ മോൾക്ക് എന്താ പറ്റിയത്.. ഇവിടെ നിക്ക് ഒരു സമാധാനവുമില്ല”… ഫോണിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സ്വന്തം മുത്തശ്ശിയുടെ ശബ്ദം ശ്രദ്ധയോടെ കേട്ടു…..

”പേടിക്കാനൊന്നുമില്ല.. മഴ പെയ്തപ്പോൾ വേഗത്തിൽ ഓടിയതാണ് .. ”

“. ഒന്ന് തെന്നിവീണു… നെറ്റിക്കും ഇടത് കൈയ്ക്കും ചെറിയ മുറിവ്…. ” കുഴപ്പമില്ല രാവിലെ ആശുപത്രി വിടാം എന്ന് ഡോക്ടർ പറഞ്ഞു.. “.

”രാത്രി വരണ്ട… രാവിലെ വിടും അപ്പോൾ വന്നാൽ മതി.”

“.. വരുമ്പോ ഒരു ഉടുപ്പ് കൊണ്ടു വരണേ…. ഇട്ടിരുന്ന ഉടുപ്പ് ചീത്തയായി…” എന്ന് ഞാൻ പറഞ്ഞപ്പോൾ കുറച്ച് ആശ്വാസമായി എന്ന് തോന്നുന്നു..

” ശരി കുഞ്ഞേ നാളെ വീണയുടെ പിറന്നാളാ… പിറന്നാളിനു ഇടാൻ തയ്ച്ചു വച്ച ബ്ലൗസും സാരിയുമുണ്ട് അത് മതിയോ…”

” പാവം കുട്ടി അവൾക്കാരുമില്ലല്ലോ.. ”

“. ഞാനാണ് എല്ലാ വർഷവും ഓർത്ത് എടുത്ത് കൊടുക്കുന്നത് ” എന്ന് പറയുമ്പോൾ മുത്തശ്ശിയുടെ സ്വരം ഇടറി….

” അത് മതി മുത്തശ്ശി…. നാളെ നേരിട്ട് കാണാം ” എന്ന് പറഞ്ഞ് ഫോൺ വച്ചു…

മനസ്സിൽ കുളിർമഴ പെയ്തു തുടങ്ങി..

ഒരിക്കൽ പോലും കാണാത്ത മുത്തശ്ശിയെ നാളെ നേരിട്ട് കാണാം…

എങ്ങനെയുണ്ടാവും കാണാൻ സുന്ദരിയാവും…

എന്നെ മുത്തശ്ശി ചിലപ്പോൾ തിരിച്ചറിയുമോ..

.. ആവോ മനസ്സിലായിരം വർണ്ണശലഭങ്ങൾ പാറി പറന്നുയർന്നു….

എങ്കിലും ‘ആരോരുമില്ലാത്ത കുട്ടി’ എന്ന് വീണയെ മുത്തശ്ശി പറഞ്ഞത് മനസ്സിൽ ഒരു നോവായ് കിടന്നു…

* * * * * * ** * * * * * * ** * * * * * * *

രാവിലെ ഉണർന്ന് നോക്കുമ്പോൾ ശാരദാമ്മ മുറിയിൽ ഉണ്ടായിരുന്നു…

നെറ്റിയിലും കൈയ്യിലും നല്ല വേദനയുണ്ട്….

ഞാൻ ഉണർന്നത് കണ്ട് ശാരദാമ്മ എന്റെടുക്കലേക്ക് വന്നു….

കണ്ണ് നിറഞ്ഞിരിക്കുന്നു….

എനിക്ക് വേണ്ടിയാണ് ആ കണ്ണീർ മനസ്സിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷം…

നല്ല വേദനയുണ്ടെങ്കിലും ചുണ്ടിൽ പുഞ്ചിരി വരുത്തിച്ചു….

വലത് കൈ കുത്തി എഴുന്നേറ്റിരുന്നു…

” ന്റെ കുട്ടിക്ക് പിറന്നാൾ ആശംസകൾ നന്നായി വരട്ടെ”…

“എല്ലാ ഗ്രഹദോഷങ്ങളും ഇതോടെ മാറീന്ന് വിചാരിച്ചാൽ മതി.” … എന്ന് പറഞ്ഞ് ശാരദാമ്മ രണ്ടു കൈകളും കവിളിൽ പിടിച്ചുയർത്തി എന്റെ നെറുകയിൽ ചുംബിച്ചു……..

ആ ചുംബനത്തിൽ എന്നോടു സ്നേഹത്തിന്റെ കരുതലിന്റെ ആഴം അനുഭവിച്ചറിഞ്ഞു…..

മേശയിൽ വച്ചിരുന്ന ഒരു കവർ എടുത്തു കൈയ്യിൽ തന്നു…

. ” വീട്ടിൽ പോകുന്ന വഴി അമ്പലത്തിൽ കയറണം…. പിറന്നാളല്ലെ ഇന്ന് ” ശാരദാമ്മയുടെ വാക്കുകളിൽ സ്നേഹം നിറഞ്ഞു നിന്നു…

” എന്നെ ഒറ്റ ദിവസം കൊണ്ട് അനാഥായാക്കിയ ദൈവത്തെയാണോ ഞാൻ തൊഴേണ്ടത് ”

“എന്റെ ദൈവo എല്ലാം ശാരദാമ്മയും വല്യ സാറുമാണ് “…

” ദാ എന്റെ അടുത്ത് തന്നെയുണ്ട് മനുഷ്യ രൂപത്തിലുള്ള ദൈവങ്ങൾ….”

” അനുഗ്രഹം കിട്ടാൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കണമെന്നില്ല…”…

“മരണത്തിലേക്ക് വിട്ട് കളയാതെ ചേർത്തു പിടിക്കാൻ ശാരദാമ്മയും വല്യ സാറും ഉണ്ട് എനിക്ക് അത് മതി” എന്ന് ഞാൻ പുഞ്ചിരിയോടെ പറയുമ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന ശരത്തേട്ടനെയും വല്യ സാറിനെയും കണ്ടു….

അവർ വന്നത് ശ്രദ്ധിച്ചില്ല…

.. ശ്ശൊ എല്ലാo കേട്ടു കാണുo…

. ഞാൻ ശാരദാമ്മയുടെ മറവിൽ ഇരുന്നു..

“കൊച്ചു വായിൽ വല്യ വർത്താനം പറയാതെ… വേഗം ഒരുങ്ങാൻ നോക്ക്… നമ്മൾ പോകുമ്പോൾ അമ്പലത്തിൽ കയറിയിട്ടേ പോകുന്നുള്ളു. “…..

വല്യ സാർ തീരുമാനിച്ചുറപ്പിച്ചാണ് പറയുന്നതെന്ന് മനസ്സിലായി..

…വല്യ സാറിനെ എതിർക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് തലകുലുക്കി സമ്മതം അറിയിച്ചു……

ശരത്തേട്ടൻ മുറിയിൽ നിന്ന് വല്യ സാറിന്റെ പുറകിലായ് നടന്നു പോകുന്നതിന്റെയിടയിൽ ഒരു വട്ടം തിരിഞ്ഞ് നോക്കിയിട്ട് പോയി…..

ആ കണ്ണുകളിൽ സഹതാപത്തിന്റെ തിരിവെട്ടം തെളിഞ്ഞു നിന്നിരുന്നു….

ആ കണ്ണുകളിലെ സഹതാപം മാത്രo കണ്ടപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ…

“ദാ കുട്ടി ഇത് എടുത്ത് ഉടുത്തോളു… “.. ഞാൻ ആ നഴ്സിനെ കൂടി സഹായത്തിന് വിളിക്കാം… “…എന്ന് പറഞ്ഞ് ശാരദാമ്മ മുറിയിൽ പുറത്തേക്ക് പോയി….

ഇവരുടെ സ്നേഹത്തിന് പകരം വയ്ക്കാൻ എന്റെ കൈയ്യിൽ സ്നേഹം മാത്രമെ നൽകാൻ ഉള്ളു…

.കുറച്ച് കഴിഞ്ഞപ്പോൾ ശാരദാമ്മ നഴ്സിനെ വിളിച്ചു കൊണ്ടുവന്നു….

” ഈ വയ്യാത്ത കൈയ്യുo നെറ്റിയും വച്ച് ഈ കുട്ടി എങ്ങനാ സാരിയുടുക്കുന്നത് അല്ലെ… ”

”എന്തായാലും എന്റെ വക ജന്മദിനാoശസകൾ..”

“.. പുറത്തിരുന്നോ അമ്മേ ഞാൻ സാരി ഉടുപ്പിച്ച് വിട്ടേക്കാം പോരെ ” എന്ന് നഴ്സ് ചേച്ചി ഒരു ചിരിയോടെ പറഞ്ഞു….

സമ്മതമെന്ന ഭാവത്തിൽ ശാരദാമ്മ മുറിയിൽ നിന്ന് പുറത്തേക്ക് പോയി….

സാരിയുപ്പിക്കുന്നതിന്റെയിടയിൽ നഴ്സ് ചേച്ചി ഞാൻ ഇന്നലെ ബോധമില്ലാതെ അമ്മേ.. അച്ഛാ.. ഗീതേച്ചി ശരത്തേട്ടാ എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു എന്ന് പറഞ്ഞ് ചിരിച്ചു….

” ശ്ശൊ ഇതൊന്നും ആരോടും പറയല്ലേ ” എന്ന് നഴ്സ് ചേച്ചിയോ താണുകേണു പറഞ്ഞു….

ഒടുവിൽ ആരോടും പറയില്ലാന്ന് സമ്മതിച്ചു…

മുടിയും വെറുതെ ഒരു കുളി പിന്നൽ പിന്നി അറ്റം കെട്ടിയിട്ടു തന്നു…

എന്നെ റെഡിയാക്കി നിർത്തി..

“രണ്ട് ദിവസം കഴിഞ്ഞ് മുറിവ് മരുന്ന് ചെയ്യാൻ വരണം “.. ഇന്നെന്റെ ഡ്യൂട്ടി കഴിഞ്ഞു… രണ്ടു ദിവസം കഴിഞ്ഞ് കാണാം.. ” എന്ന് പറഞ്ഞ് നഴ്സ് ചേച്ചി മുറിയിൽ നിന്ന് പുറത്തിറങ്ങി…

ഫോൺ റിംഗ് ചെയ്തു… ഗീതേച്ചിയാണ്.. ഫോണെടുത്തു..” ജന്മദിന ആശംസകൾ“ഗീതേച്ചിയുടെ ശബ്ദം കാതിൽ മുഴങ്ങി….

“ഗീതേച്ചി ഉമ്മ… ഇന്ന് അവിടെ വന്നാൽ മതിയാരുന്നു അല്ലേ.. ” ഞാൻ വിഷമത്തോടെ പറഞ്ഞു..

“സാരമില്ല കുട്ടി അടുത്തില്ലെങ്കിലും എന്റെ പ്രാർത്ഥന മുഴുവൻ നിനക്ക് വേണ്ടിയാണ്…” എന്ന് ഗീതേച്ചി പറയുമ്പോൾ പിറന്നാൾ ദിനത്തിൽ അടുത്തെത്താൻ പറ്റാത്തതിന്റെ വിഷമം അറിഞ്ഞു…

” ഇം ഇനിയൊരു ദിവസം വരാം.. അന്ന് അവിടെ പിറന്നാൾ ആഘോഷിക്കാം പോരെ…. ”

” സമയത്തിന് കഴിക്കണം… മരുന്നൊക്കെ കൃത്യമായി കഴിക്കണം”… വൈശാഖേട്ടനെ വിഷമിപ്പിക്കാതെ നല്ല ചേച്ചി കുട്ടിയായിട്ടിരിക്കണം”… എന്നൊക്കെ ഞാൻ പറയുമ്പോൾ ഗീതേച്ചി എല്ലാം മൂളി കേട്ടു…

” എല്ലാം ഞാൻ ശ്രദ്ധിച്ചോളാം വീണക്കുട്ടി എന്നാൽ ശരി പിന്നെ വിളിക്കാം…. ” എന്ന് പറഞ്ഞ് ഗീതേച്ചി ഫോൺ വച്ചു….

ഇനിയെന്ത് ചെയ്യും കൈയ്യിലെ മുറിവ് കരിയുന്നത് വരെ ഒരാളുടെ ആശ്രയം വേണ്ടിവരും..

.. ഗീതേച്ചിയുടെ അടുത്തേക്ക് പോകാൻ പറ്റില്ല…

ശാരദാമ്മയുടെ അടുത്ത് പോകാൻ എന്നു വച്ചാൽ ബുദ്ധിമുട്ടാകും…

ക്വാട്ടേഴ്സിൽ തന്നെ നിൽക്കാമെന്ന് വച്ചാൽ ശമ്പളം കിട്ടാൻ ഇനി അഞ്ച് ദിവസം കൂടിയുണ്ട്…

അത് വരെ കടയിൽ വാങ്ങി കഴിക്കാനുള്ള പൈസ കൈയ്യിലില്ല…
ഇനിയെന്താവും എന്ന ചിന്തയിൽ ജനൽ കമ്പിയിൽ കൈ പിടിച്ചു കൊണ്ട് റോഡിലൂടെ രണ്ടു ദിശകളിലേക്ക് പായുന്ന വണ്ടികളെ വെറുതെ നോക്കി നിന്നു….
* * * * * * ** * * * * * * ** * * * * * * *

” വീണയ്ക്ക് കൈയ്യിലെ മുറിവ് കരിയുന്നത് വരെ ആരുടെയെങ്കിലും സഹായം വേണ്ടിവരും.”

..” പാവം ആകെ ആശയകുഴപ്പത്തിലാവും ആ കുട്ടി എങ്ങോട്ട് പോകണമെന്നറിയാതെ വിഷമിക്കുകയാവും”..

“.അച്ഛനും അമ്മയും മരിച്ചു.. ചേച്ചി ഒരാളുള്ളതിനെ കെട്ടിച്ചതാ… ”

“അവിടെയും പോയി നിൽക്കാൻ പറ്റാത്ത സാഹചര്യമാണ്… ക്വാട്ടേഴ്സിൽ ഒറ്റയ്ക്ക് പറ്റില്ല… ”

” ശാരദയുടെ അടുത്താന്നെങ്കിൽ അവളെ നോക്കാൻ തന്നെ ഒരാൾ വേണമെന്ന അവസ്ഥയാണ്.. “. മുത്തശ്ശൻ ആരോടെന്നില്ലാതെ തനിയെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്…

പാവം ഈ ചെറുപ്രായത്തിൽ ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുക എന്നത് ഭീകരമായ അവസ്ഥയാണ്…

രണ്ടും കൽപ്പിച്ച് മനസ്സിലുള്ളത് പറയാമെന്ന് തീരുമാനിച്ചു..

“എന്റെ വീട്ടിൽ നിന്നോട്ടെ.. അവിടെ എന്റെ അച്ഛനും അമ്മയും അനിയത്തിയുമേയുള്ളു.. ”

“. ശരണ്യ ഇവിടെ അടുത്തുള്ള കോളേജിലാണ് പഠിക്കുന്നത്…”

” അനിയത്തി ഇന്ന് കോളോജിൽ നിന്ന് തിരിച്ച് പോകുമ്പോൾ കൂടെവിടാം”…ഒരു വണ്ടി ഏർപ്പാടാക്കിയാൽ ഞാൻ കൊണ്ടുവിട്ടിട്ട് വരാം”..

” അവിടെ പേടിക്കാനൊന്നുമില്ല അമ്മ നന്നായി നോക്കിക്കോളും ” ഞാൻ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് “.. അവർക്ക് സമ്മതമാണ് “എന്ന് പറഞ്ഞപ്പോൾ മുത്തശ്ശനും മുത്തശ്ശിയും കുറച്ച് നേരം ഒന്നും പറയാതെ എന്തോ ആലോചിരുന്നു…

” വീണയോട് ശരത്ത് ഒന്നു ചോദിച്ചോളു… ആ കുട്ടിക്ക് വിരോധമൊന്നുമില്ലെങ്കിൽ വീട്ടിലേക്ക് വിടാം “…

“.ശരത്ത് വീണയെ വിളിച്ചു കൊണ്ടു വന്നോളു ഞങ്ങൾ വണ്ടിയിൽ കാത്തിരിക്കാം ” എന്ന് പറഞ്ഞ് മുത്തശ്ശൻ മുത്തശ്ശിയേയും കൂട്ടി നടന്നു…

ഞാൻ മുറിയിലെത്തിയിട്ടു പോലും അറിയാതെ പുറം കാഴ്ചകൾ കണ്ട് നിൽക്കുകയാണ് വീണ..

സാരിയുടുത്തപ്പോഴേക്ക് വല്യ പെണ്ണായത് പോലെ തോന്നി…

. പുറം തിരിഞ്ഞ് നിൽക്കുകയാണ്…. മുഖം കാണാൻ പറ്റുന്നില്ല….

“വീണ പിറന്നാൾ ആശംസകൾ“…. തനിക്ക് വേറെവിടെയും പോകാനില്ലെങ്കിൽ ഇന്ന് എന്റെ വീട്ടിലേക്ക് പോയ്ക്കോളു”

“…. വൈകിട്ട് ശരണ്യയെ വരാൻ പറഞ്ഞിട്ടുണ്ട്…. വല്യ സാർ വണ്ടി ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞു… ”

“ഞാനും കൂടെ വന്ന് കൊണ്ടു വിടാം… ” മുറിവ് കരിയുന്നത് വരെ എന്റെ അമ്മ തന്നെ പൊന്നുപോലെ നോക്കിക്കോളുo “…

” താൻ വരുന്നോ… കൊണ്ടു പോകട്ടെ വീട്ടിലേക്ക്… ” എന്ന് പറഞ്ഞിട്ട് അവളുടെ മറുപടിക്കായി കാത്തു നിന്നു…

. അവൾ കരയുകയാണെന്ന് തോന്നി…

“വീണ” എന്ന് വിളിച്ച് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നതും അവൾ തിരിഞ്ഞതും ഒരുമിച്ചായിരുന്നു…..മുഖം കുനിച്ച് …. കരഞ്ഞുകൊണ്ട് നിന്നു….

“വിഷമിക്കാതെ… ഇപ്പോൾ മറ്റൊന്നും ചിന്തിക്കണ്ട…”

“. ക്വാട്ടേഴ്സിൽ പോയി വേണ്ടതെല്ലാം എടുത്തിട്ട് വല്യ സാറിന്റെ വീട്ടിലേക്ക് പോകാം”….. എന്ന് ഞാൻ പറഞ്ഞ് തീരുമ്പോഴേക്ക് എന്റെ നെഞ്ചിൽ മുഖം ചേർത്തവൾ പൊട്ടി കരഞ്ഞിരുന്നു….

ഞാൻ അവളെ ചേർത്ത് പിടിക്കണോ വേണ്ടയോന്നറിയാതെ നിന്നു…

. ഒന്ന് നോക്കിയാൽ പിഡിപ്പിച്ചു എന്ന് പറയുന്ന കാലമാണേ..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നീർക്കുമിളകൾ: ഭാഗം 1

നീർക്കുമിളകൾ: ഭാഗം 2

നീർക്കുമിളകൾ: ഭാഗം 3

നീർക്കുമിളകൾ: ഭാഗം 4

നീർക്കുമിളകൾ: ഭാഗം 5