Wednesday, December 18, 2024
Novel

നീർക്കുമിളകൾ: ഭാഗം 1

നോവൽ
എഴുത്തുകാരി: ശക്തി കല ജി

ഒഴുക്കിനെതിരെ നീന്തി മനസ്സും ശരീരവും ഉറച്ചിരിക്കുന്നു….. ഇനിയും എത്ര കാലം ഇങ്ങനെ ജീവിച്ചു തീർക്കേണ്ടി വരുമോ… പട്ടിണി കൂടാതെ അന്നന്നേക്കുള്ള അന്നത്തിനുള്ള വഴി കിട്ടിയാൽ മതി…. ഞാൻ മാത്രമല്ല എന്നെയും പ്രതീക്ഷിച്ച് മൂന്ന് ജീവനുകൾ വീട്ടിലുണ്ട്….

മേസ്തിരി ആരെയോ ശകാരിക്കുന്ന ശബ്ദം കേട്ടാണ് ശരത്ത് ചിന്തയിൽ നിന്നുണർന്നത്…

വേഗം ഇഷ്ടിക എടുത്ത് വച്ച കൊട്ട തലയിൽ വച്ച് കെട്ടിടത്തിന്റെ പടവുകൾ കയറി തുടങ്ങി..

.. ഇപ്പോൾ ഒരാഴ്ചയായി ഇവിടെയാണ് പണി…. ഇവിടെ എന്നും വൈകുന്നേരം അന്നന്നത്തെ കൂലി കൈയ്യിൽ തരും എന്ന സമാധാനം ഉണ്ട്…

. വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ പെങ്ങളൂട്ടി പറഞ്ഞു വിട്ട സാധനങ്ങൾ വാങ്ങി കൊണ്ടു പോകണം.. അല്ലെൽ അവൾ എന്നെ ശരിയാക്കി കളയും…

.അച്ഛൻ ചോര നീരാക്കി പഠിപ്പിച്ചു… അത്യാവശ്യം സൗകര്യമുള്ള ഒരു കുഞ്ഞ്
വീടും പണിതു….

അങ്ങനെ സന്തോഷമായി ജീവിതം മുൻപോട്ട് പോകുമ്പോഴാണ് കരിനിഴൽ വീഴ്ത്തി കൊണ്ട് അച്ഛൻ ആശുപത്രിയിലാകുന്നത്

അച്ഛനു അസുഖം വന്നത് കൊണ്ട് വിശ്രമം ആവശ്യമാണ് എന്ന് ഡോക്ടർ പറഞ്ഞത് എന്റെ ചെവികളിൽ പതിച്ചപ്പോൾ ഞാൻ തകർന്നു പോയി…

വീടിന്റെ ആധാരം വരെ പണയപ്പെടുത്തി ചികിത്സിച്ചു…. അച്ഛൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നുവെങ്കിലും പഴയ ആരോഗ്യം ഇല്ലാരുന്നു…..

ജോലി അന്വഷിച്ചിറങ്ങി…

. കഷ്ടപ്പെട്ടു പഠിച്ചു നേടിയ ആ കടലാസുകൾക്കൊന്നും വിശപ്പിന്റത്ര വിലയില്ലെന്ന് മനസ്സിലായപ്പോൾ അലമാരയിൽ വച്ചു പൂട്ടി കൂലിവേലയ്ക്കിറങ്ങി….

ഇത് വരെ ജീവിച്ച ജീവിതത്തിൽ നിന്ന് മാറ്റം മനസ്സ് ഉൾക്കൊള്ളുന്നത് വരെ ജോലി സ്ഥലങ്ങൾ മാറിക്കൊണ്ടിരുന്നു…

ആറ് മാസം മുന്നേ വരെ കഷ്ടപ്പാട് എന്തെന്ന് അറിഞ്ഞിട്ടില്ല…

. സമയത്തിന് ആഹാരം, വസ്ത്രം, പണം എല്ലാം കിട്ടികൊണ്ടിരുന്നു..
അത് എതു വഴി വരുന്നു എന്ന് ഞാൻ അന്വഷിച്ചിരുന്നില്ല…

അച്ഛൻ ഒരു കഷ്ടപ്പാടും അറിയിക്കാതിരിക്കാൻ ശ്രമിച്ചിരുന്നു… ഇന്നതിൽ ദു:ഖം തോന്നുന്നു…. അന്ന് ഒരു കൈ സഹായിച്ചിരുന്നേൽ അച്ഛനിന്ന് ഒരു രോഗിയായി മാറില്ലായിരുന്നു…

ദൈവം എത്ര ക്രൂരനാണ് എന്ന് തോന്നിയ ദിവസങ്ങൾ..

. അച്ഛന്റെ ചികിത്സയ്ക്ക് പണത്തിന് വേണ്ടി ഓടി നടന്നപ്പോൾ അടുത്ത ബന്ധുക്കൾ എന്ന് പറയാൻ അടുത്ത് ആരും ഉണ്ടാരുന്നില്ല..

. അച്ഛൻ ചെറുപ്പത്തിലെ ജോലി തേടി ഇവിടെ വന്നതാണ്…

പിന്നെ അമ്മയെ കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച് ഇവിടെ തന്നെ കൂടി… അച്ഛന്റെ കുടുംബത്തെ കുറിച്ച് അറിവില്ല….

. അമ്മയുടെ കുടുംബം കുറച്ചടുത്താണെങ്കിലും അമ്മയുടെ ഇഷ്ടത്തിന് അവരു നിലയ്ക്ക് ചേരാത്ത വിവാഹമായത് കൊണ്ട് സഹകരണമൊന്നുമില്ല…

അത് കൊണ്ട് അവിടേയ്ക്ക് പണത്തിന്റെ ആവശ്യം പറഞ്ഞ് പോകാൻ അമ്മ സമ്മതിച്ചില്ല…

അവസാനം അമ്മയാണ് കിടപ്പാടം പണയം വയ്ക്കാൻ പറഞ്ഞത്….

ജീവിതത്തിൽ തോറ്റ് പോയീന്ന് വിചാരിക്കണ്ട….

കിടപ്പാടവും പണവും കഷ്ടപ്പെട്ടു വീണ്ടും ഉണ്ടാക്കാം…

..അഭിമാനത്തേക്കാൾ അച്ഛന്റെ ജീവനാണ് വലുത് :..എന്ന് പറയുമ്പോൾ അമ്മയുടെ ശബ്ദം ഇടറിയിരുന്നില്ല….

കഷ്ടപ്പെട്ട് അച്ഛനുണ്ടാക്കിയതെല്ലാം കൈവിട്ട് പോകാതെ തിരിച്ച് പിടിക്കണമെന്ന് മനസ്സിലുറപ്പിച്ചിട്ടാണ് കിടപ്പാടം പണയം വച്ച് അച്ഛനെ ചികിത്സിച്ചത്…..

ചികിത്സയ്ക്ക് ഫലമുണ്ടായി…

. പണയം വച്ച് കിട്ടിയ പണം തീർന്നു….. മാസം പലിശ കൊടുക്കണമല്ലോ…. പിന്നെ പെങ്ങളുടെ പഠിപ്പ്….. വീട്ടു ചിലവ് എല്ലാം നടക്കണമല്ലോ….

ഇപ്പോൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടു പോകാൻ പഠിച്ചു…

രണ്ട് മാസം പലിശയടയ്ക്കാൻ പറ്റാത്തതിന് വീട്ടീന്ന് ഇറങ്ങി കൊടുക്കണമെന്ന് ദാമോദരൻ മുതലാളി വന്ന് പറഞ്ഞിരുന്നൂന്ന് അമ്മ പറഞ്ഞു…

എന്ത് ചെയ്യണമെന്നറിയാതെ വഴിയിലേക്ക് കണ്ണും നട്ടിരുന്നു… വിചാരിച്ചാൽ പോയെടുക്കാൻ ഇവിടെ പണം കായ്ക്കുന്ന മരം ഒന്നുമില്ലല്ലോ…

അവസാനം ദാമോദരൻ മുതലാളി തന്നെ ഒരു വഴി പറഞ്ഞു തന്നു വീട് അയാളുടെ പേരിലെഴുതി കൊടുത്തിട്ട് മാസാമാസം വാടക തന്നാൽ മതീന്ന്.

.. പിന്നെ എതെങ്കിലും ഒരു കാലത്ത് പൈസയാകുമ്പോൾ തിരിച്ച് തരാമെന്ന് ഒരു അലങ്കാര വാക്കും പറഞ്ഞു…..

തൽക്കാലം വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് സമ്മതിക്കേണ്ടി വന്നു…

. എഗ്രിമെന്റ് പേപ്പറെല്ലാം ശരിയാക്കി അച്ഛൻ അതിൽ ഒപ്പിടുമ്പോൾ കൈകൾ വിറച്ചിരുന്നു…

കണ്ണുകളിലെ നനവ് കണ്ടില്ലെന്ന് ഭാവിക്കാതെ എനിക്ക് കഴിഞ്ഞുള്ളു…

എന്റെ ഉള്ളം നീറുകയായിരുന്നു ഒരു മകനെന്ന നിലയിൽ അച്ഛന്റെ സ്വപ്നം വിൽക്കുന്നത് തടയാൻ പറ്റുന്നില്ലല്ലോ എന്നോർത്ത്…

ഒപ്പിട്ട പേപ്പറുകൾ ദാമോധരൻ മുതലാളിക്ക് കൈമാറുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തങ്ങി നിന്നു…… ” എന്റെ സമ്പാദ്യം ഈ സ്വത്തോ പണമോ അല്ലടോ… എന്റെ രണ്ട് മക്കളാ ശരത്തും ശരണ്യയും… അത് കൊണ്ട് ഞങ്ങവിടുന്നു ഇറങ്ങുവാ… ഞാനും മക്കളും തിരിച്ച് വരും ഒരിക്കൽ.. അപ്പോഴും താനിവിടെ തന്നെ കാണണം”

ദാമോധരൻ മുതലാളി കൈയ്യിലെ കുഞ്ഞു പൊതി അമ്മയെ ഏൽപ്പിച്ചു മടങ്ങി.. കുറച്ച് പണമായിരുന്നു..

അച്ഛന്റെ നിർദ്ദേശമനുസരിച്ച് വീട്ടു സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തു… ശരണ്യയുടെ കോളേജിൽ പോയി ടി സി വാങ്ങി…

. കുറച്ച് ദൂരയാത്രയാണ് എന്ന് പറഞ്ഞത് കൊണ്ട് അത്യാവശ്യം ഭക്ഷണം കൈയ്യിൽ കരുതി…

ഒരു ടാക്സിയും ലോറിയും വിളിച്ചു സാധനങ്ങൾ കയറ്റി…

പകലുമൊത്തം ജോലിയായത് കൊണ്ട് എന്നോട് വണ്ടിയിൽ ഉറങ്ങിക്കോളാൻ പറഞ്ഞു…..

അച്ഛന്റെ അധ്വാനം കൊണ്ടുണ്ടാക്കിയ വീട് വിട്ട് ഇറങ്ങുമ്പോൾ ഒന്ന് പൊട്ടി കരയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിറഞ്ഞുപൊങ്ങിയ മനസ്സിന്റെ വേദനയെ ഒരു ചെറുപുഞ്ചിരിയിൽ ഒളിപ്പിച്ചു നിർത്തി…

ശരണ്യ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവളെ ചേർത്ത് പിടിച്ച് വണ്ടിയിൽ കയറ്റി ഇരുത്തി..

എല്ലാരെയും കാറിലിരുത്തി വീടുപൂട്ടി താക്കോൽ ദാമോദരൻ മുതലാളിയെ ഏൽപ്പിക്കാൻ അടുത്ത വീട്ടീലേക്ക് നടന്നു…

കോളിംഗ് ബെല്ലിൽ വിരലമർത്തി പുറത്ത് കാത്തുനിന്നു….

കതകു തുറന്നു എന്നെ കണ്ടതും ദാമോദരൻ മുതലാളി ചിരിച്ച് കൊണ്ട് വീടിന്റെ അകത്തേക്ക് ക്ഷണിച്ചു…

ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി കൊണ്ട് പുറത്ത് തന്നെ നിന്നു താക്കോൽ അയാളുടെ നേരെ നീട്ടി….”നിനക്കെന്നോടിപ്പം ദേഷ്യമാണെന്നറിയാം…

എന്നെങ്കിലും ഒരിക്കൽ നിനക്കെന്നോട് സ്നേഹം തോന്നും.. അന്നും ഞാൻ ഇവിടെ തന്നെ കാണും…. തീർച്ചയായും കാണാൻ തോന്നുമ്പോൾ വരണം.. ഞാൻ കാത്തിരിക്കും….. ”

എന്ന് പറഞ്ഞ് താക്കോൽ കൈയ്യിൽ വാങ്ങി അകത്തേക്ക് പോയി..അയാളോട് എന്ത് തോന്നാനാണ്.. ഇപ്പോൾ സ്നേഹം എന്നല്ല ദേഷ്യം എന്ന വികാരവുമില്ല..

.. അച്ഛൻ ജോലി തേടി വന്നപ്പോൾ ആദ്യം സഹായിച്ചത് ഇയാളാണ്…. അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തി കൊടുത്തതും അയാളാണ്.

ആ കടപ്പാട് മനസ്സിൽ ഉള്ളത് കൊണ്ടാണ് കൊടുക്കേണ്ട പണത്തിനേക്കാൾ വീടിന്റെ ആസ്തി ഉണ്ടായിട്ട് കൂടി അച്ഛനെതിരുപറയാതെ എഴുതി കൊടുക്കാൻ തയ്യാറായത്…..

ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പോഴാ രേണു വിളിച്ചത്…

” ശരത്തേട്ടാ.. … ഏട്ടന്റെ മനസ്സിൽ എനിക്ക് അനിയത്തിക്കുട്ടിയുടെ സ്ഥാനമാണെന്നത് ഞാൻ മറന്ന് പെരുമാറിയതിന് മാപ്പ്… എന്നോട് ക്ഷമിക്കണം..

ഇനി അങ്ങനെയൊന്നും പറയില്ല… ഞാൻ കല്ല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞത് കൊണ്ടാണോ നാട് വിട്ട് പോകുന്നത് ” എന്ന് പറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു….

ഞാൻ കണ്ണ് മിഴിച്ചു നിന്ന് പോയ്…

.. രണ്ട് ദിവസം മുന്നേ അമ്പലത്തിൽ വച്ചാണ് രേണു എന്നെ കല്ല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞ് ഓടിയത്…

ഇതു വരെ മറുപടി പറയാൻ സാഹചര്യം കിട്ടിയില്ല.. ഞാനവളെ വിളിച്ച് മുറ്റത്തിറക്കി… അവൾ മുഖം കുനിച്ച് നിപ്പാണ്..

എനിക്ക് ഇരുപത്തിനാല് വയസ്സായിട്ടും ആരേയും പ്രണയിക്കാനുള്ള ധൈര്യം വന്നിട്ടില്ല.

അപ്പോഴാ വെറും പതിനാലു വയസ്സുള്ള രേണുവിന് എന്നോട് പ്രണയം എന്ന് പറയുന്നത്…

വീട്ടിന്ന് രണ്ടെണ്ണം കിട്ടാത്തതിന്റെ കുഴപ്പമാ… എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സാഹചര്യം മോശമായത് കൊണ്ട് വേണ്ടാന്ന് വച്ചു…

“രേണുവിനെ ഞാൻ തോളത്ത് എടുത്തോണ്ട് നടന്നിട്ട് ഉണ്ട്..

നിന്നെ ഞങ്ങടെ ആ കുഞ്ഞു വാവയായിട്ടാ മനസ്സിൽ കൊണ്ടു നടക്കുന്നത്. ”

“.. ഈ പ്രായത്തിൽ ഓരോ നിറമുള്ള സ്വപ്നങ്ങൾ കാണും അതിൽ നമ്മുക്ക് ഇഷ്ടമുള്ളവർ സ്വപ്നത്തിലെ നായകാനായിട്ടും നായികയായിട്ടുമൊക്കെ തോന്നുo…

അതൊക്കെ വെറും തോന്നലുകളാണ്……” ഇതൊന്നും മനസ്സിലിട്ട് കുഴപ്പിക്കാതെ നന്നായി പഠിക്ക്… പഠിക്കേണ്ട പ്രായത്തിൽ പഠിക്കണം…

ഒരു ആറേഴു വർഷം കഴിയുമ്പോൾ മനസ്സിലാകും ഞാനിപ്പോൾ പറഞ്ഞതെന്താണ് എന്ന്.. കേട്ടോ.” എന്ന് ഞാൻ പറയുമ്പോൾ അവൾ തലകുനിച്ച് നിന്നു..

“പത്തിലെ വിവേകിന് എന്നെ ഇഷ്ടമാന്നെന്ന് പറഞ്ഞതുo പ്രായത്തിന്റെ കുഴപ്പമാ അല്ലെ “.. ഞാനെന്നാ അവനെ ആദ്യം ഒന്നു പറഞ്ഞു മനസ്സിലാക്കട്ടെ..

അവനെന്നോട് ഇഷ്ടാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ശരത്തേട്ടനെയാ ഇഷ്ടം എന്ന് പറഞ്ഞാ അവനെ പറ്റിച്ചത്..” എന്ന് പറഞ്ഞു അവൾ ചിരിച്ചു…..

“ഇം മിടുക്കി.. അവനോടാദ്യം നന്നായി പഠിച്ച് നല്ല ജോലിയൊക്കെ വാങ്ങിയിട്ട് വരാൻ പറ”.. ഞാനിപ്പോൾ പോട്ടെ.. ഇടയ്ക്ക് നിങ്ങളെയെല്ലാരെയും കാണാൻ വരാം…

ഈ ഏട്ടന് വേണ്ടി പ്രാർത്ഥിക്കണം… ” എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി… എന്തോ വീടിന്റെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാൻ തോന്നിയില്ല…

അച്ഛൻ ഡ്രൈവറിന്റെ കൂടെ മുൻ സീറ്റിൽ ഇരുന്നു.. .

ഞാനും ശരണ്യയും അമ്മയുടെ മടിയിൽ തലവച്ചു കിടന്നു….

അമ്മയുടെ കൈവിരലുകൾ മുടിക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ ഭാഗ്യവാനാണെന്ന് എന്റെ മനസ്സ് പറഞ്ഞു….. പണമോ സ്വത്തോ അല്ല ജീവിതത്തിലെ സന്തോഷം…

.. പിശുക്കില്ലാതെ സ്നേഹം വാരിക്കോരി തരുന്ന അച്ഛനമ്മമാരാണ് എന്റെ ഭാഗ്യം….

കാറിന്റെ ചക്രം ഉരുണ്ടു തുടങ്ങിയതും നിറമുള്ള സ്വപ്നങ്ങൾ മനസ്സിലേക്ക് ഒഴുകിയെത്തി തുടങ്ങിയിരുന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹