Saturday, March 8, 2025
Novel

നീരവം : ഭാഗം 19

എഴുത്തുകാരി: വാസുകി വസു


ഋതുക്കളും വസന്തവും ശിശിരവും എല്ലാം പതിയെ പോയി മറഞ്ഞു. നീരവും നീഹാരികയും തമ്മിൽ പിരിയാൻ കഴിയാത്തവിധം അടുത്തു.നീരജിൽ നിന്ന് അവൾക്ക് പിന്നീട് ശല്യമൊന്നും ഉണ്ടായില്ല.

പിജി പാസായി കഴിഞ്ഞു നീരവ് ഒരുജോലിക്ക് ശ്രമിച്ചു. നീഹാരികയുടെ തുടർന്നുള്ള പഠിപ്പിന് നീരവ് സഹായിച്ചെങ്കിലും അവനെ നിരുൽസാഹപ്പെടുത്താൻ അവൾ ശ്രമിച്ചു.പക്ഷേ അവൻ സമ്മതിച്ചില്ല. അവന്റെ നിർബന്ധത്താൽ അവൾക്ക് ഒടുവിൽ സമ്മതിക്കേണ്ടി വന്നു.നൃത്തം ഉപാസനയാക്കിയവൾ പഠിത്തത്തോടൊപ്പം അതും തുടർന്നു.

വീട്ടിൽ ഇട്ടുമൂടാനായി ധാരാളം സ്വത്ത് ഉണ്ടെങ്കിലും സ്വന്തം കാലിൽ നിൽക്കാനൊരു ജോലി വേണമെന്നാണ് നീരവിന്റെ ആഗ്രഹം. അവന്റെ ശ്രമഫലമായി ഒരുപ്രൈവറ്റ് സ്ഥാപനത്തിൽ ജോലി നേടിയെടുത്തു.

“ഇന്നെന്താ ഏട്ടായി പതിവില്ലാത്ത സന്തോഷത്തിലാണല്ലോ?”

അങ്ങനെ ചോദിച്ചു കൊണ്ട് നീഹാരിക നീരവിന്റെ അടുത്തേക്ക് വന്നു. നൃത്തക്ലാസ് കഴിയാനായി കാത്ത് നിൽക്കുകയായിരുന്നു അവൻ.തന്റെ ജീവനെ കണ്ടതോടെ ക്ലാസ് അവസാനിപ്പിച്ച് കുട്ടികളെ പറഞ്ഞു വിട്ടിട്ട് അവനരികിലെത്തി.

വീടിനോട് ചേർന്നൊരു പുതിയ മുറി പണികഴിപ്പിച്ചു നൃത്തക്ലാസ് അങ്ങോട്ട് മാറ്റിയിരുന്നു.നീരവാണ് അതിനുള്ള ചെലവ് മുഴുവനും വഹിച്ചത്.

നീരവും നീഹാരികയും തമ്മിലുള്ള ഇരുവീട്ടുകളിലും അറിയാം.അവളുടെ വീട്ടുകാർക്ക് എതിർപ്പൊന്നുമില്ല.വീട്ടിൽ മീനമ്മയുടെ പ്രതിഷേധം ഉണ്ടാകുമെന്ന് നീരവ് പ്രതീക്ഷിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഉണ്ടായില്ല.

“ഇന്ന് നമ്മുടെ ജീവിതത്തിലെ നിർണ്ണായകമായൊരു ദിവസമാണ് നീഹാരി”

അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു നീഹാരികയുടെ കാതിൽ അവൻ മൊഴിഞ്ഞു.എന്തെന്ന ഭാവത്തിൽ അവൾ തലയുയർത്തി നീരവിനെ നോക്കി.

“എന്താണെന്ന് ഒന്ന് പറയ് ഏട്ടോയി സസ്പെൻസ് ഇടാതെ.അത്രക്കൊന്നും ടെൻഷൻ താങ്ങാനുളള കഴിവെനിക്കില്ല”

നിഷ്ക്കളങ്കമായി അവൾ ചിരിച്ചു.അവനെന്താണ് പറയുന്നതെന്ന് അറിയാനായി ദൃഷ്ടികൾ നീരവിൽ അർപ്പിച്ചു.

“ജോലി ശരിയായിട്ടുണ്ട്..ഒരുപ്രൈവറ്റ് സ്ഥാപനമാണ്.തെറ്റില്ലാത്ത ശമ്പളമുണ്ട്”

നീഹാരികയുടെ മുഖം പൂർണ്ണ ചന്ദ്രനെപ്പോലെ പ്രകാശിച്ചു. മുല്ലുമൊട്ട് പോലെയുള്ള ദന്തനിരകൾ പുറത്ത് കാട്ടിയവൾ മനോഹരമായി ചിരിച്ചു.അതിനുശേഷം നീരവിന്റെ കവിളിലൊന്ന് ചുംബിച്ചു. അവനവളുടെ മൂർദ്ധാവിൽ ചുണ്ടുകളമർത്തി.

“ഒടുവിൽ ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടൂലോ”

അവൾ നെഞ്ചിൽ കൈവെച്ചു.വലിയൊരു ആശ്വാസം ഉണ്ടായി.നീരവ് വീട്ടിലെ പണം തനിക്കായി ചിലവഴിക്കുന്നതിൽ നീഹാരികയിലൊരു അപകർഷതാ ബോധമുണ്ടായിരുന്നു.അവനു ജോലി ശരിയായെന്ന് അറിഞ്ഞതോടെ അതങ്ങ് മാറി.

“സന്തോഷമായോ നീഹാരി”

“മ്മ്”

മൂളിക്കൊണ്ടവൾ അവനെ ആലിംഗനം ചെയ്തു. കുറച്ചു നേരം കൂടി സംസാരിച്ചിട്ടാണ് നീരവ് അവിടെ നിന്ന് മടങ്ങിയത്‌.

അടുത്ത ദിവസം മുതൽ നീരവ് ജോലിക്ക് കയറി. ആദ്യമൊക്കെ ജോലിയിൽ പ്രയാസം തോന്നിയെങ്കിലും ചിരപരിചിതമായതോടെ എല്ലാം എളുപ്പമായി.അവൻ കൂടുതൽ തിരക്കിലായതോടെ നീഹാരികയുമായുളള കൂടിക്കാഴ്ച ഒഴിവു ദിനങ്ങളിൽ മാത്രമായി ചുരുങ്ങി.അതിനൊരു പരിഹാരമായി നീരവ് പുതിയൊരു മൊബൈൽ ഫോൺ വാങ്ങി അവൾക്ക് സമ്മാനിച്ചു.നിശയിൽ തുടങ്ങിയ ഫോൺ വിളികൾ പുലരി വരേക്കും നീണ്ടു പോയിരുന്നു.

ദിവസങ്ങളും മാസങ്ങളും വളരെ വേഗമാണ് കടന്നു പോയത്.നീരജും നീരജയും നീഹാരികയും പിജിയുടെ ആദ്യപാദത്തിന്റെ പകുതിയിലേക്ക് കടന്നു.ആയിടക്കാണ് നീരജിന് ബൈക്ക് ആക്സിഡന്റ് ഉണ്ടായി ബെഡ് റെസ്റ്റിലാകുന്നത്.ഹെൽമറ്റ് ധരിക്കാഞ്ഞതിനാൽ തലക്ക് പരിക്കേറ്റു.

ഒരുദിവസം നീരവ് വീട്ടിലേക്ക് നീഹാരികയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛനും അമ്മക്കും അവളെ പരിചയപ്പെടുത്തി. മീനമ്മ വളരെ സ്നേഹമായി അവളോട് പെരുമാറിയത് അവനെ അത്ഭുതപ്പെടുത്തി.നീരജിനെ ചെന്നു കണ്ടപ്പോൾ നീഹാരികയോട് അവൻ ക്ഷമ ചോദിച്ചതും അവരെ സന്തോഷിപ്പിച്ചു.

ദിവസങ്ങൾ ഓരോന്നായി കടന്നു പോയി..രണ്ടു മാസങ്ങൾ കഴിഞ്ഞതോടെ നീരജ് പൂർണ്ണമായും സുഖപ്പെട്ടു.പഴയതുപോലെ ജീവിതത്തിലേക്ക് അവൻ കടന്നുവന്നു.വീട്ടിലിരുന്ന് മടുത്തതും കോളേജ് മിസ് ആയതിന്റെയും നൊമ്പരത്തിൽ നീരജ് വീണ്ടും കോളേജിലേക്ക് പോയി തുടങ്ങി.

പിജി എക്സാം തുടങ്ങുന്നതിന് രണ്ടു നാൾ മുമ്പാണ് നീഹാരിക നീരവിനെ തേടിയെത്തിയത്.പെയ്യുന്ന കനത്തമഴയെ അവഗണിച്ച് മൂന്ന് മണിയോടെ അവൾ അവന്റെ ജോലിസ്ഥലത്തെത്തി.മഴ നനഞ്ഞ് വന്ന അവളെ കണ്ട് അവൻ അമ്പരന്നു.

“എന്താ നീഹാരി മഴയും നനഞ്ഞ്..വിളിച്ചാൽ ഞാനങ്ങോട്ട് വരില്ലായിരുന്നോ”

മുടിയിഴകളിൽ കൂടി നീഹാരിയുടെ മുഖത്ത് നിന്ന് അപ്പോഴും വെളളത്തുള്ളികൾ ഒഴുകിക്കൊണ്ടിരുന്നു.

“വേണ്ടാ…അതിന്റെ ആവശ്യമില്ലെന്ന് തോന്നി”

വാക്കുകൾക്ക് പതിവില്ലാത്തവിധം മൂർച്ചയുള്ളത് പോലെ..അവൾ ദൃഷ്ടികൾ പുറത്ത് പെയ്യുന്ന മഴയിൽ ഉറപ്പിച്ചു.

രണ്ടു ദിവസം മുമ്പ് ഓഫീസ് സ്റ്റാഫ് എല്ലാവരും കൂടിയൊരു ടൂറ് പോയിരുന്നു.സുഹൃത്തുക്കളുടെ കൂടെ ആയതിനാൽ നീഹാരികയുമായി നേരാവണ്ണമൊന്ന് സംസാരിക്കാൻ കൂടി കഴിഞ്ഞില്ല.അവൾക്ക് അതിന്റെ പരിഭവമാണെന്ന് അവൻ കരുതി.

“സോറി മോളേ..പെട്ടെന്ന് അറേഞ്ച് ചെയ്തത് ആയിരുന്നു ടൂറ്..അതിനാൽ പെട്ടെന്ന് പറയാൻ കഴിഞ്ഞില്ല”

“ഞാൻ ഇതൊന്നും പറയാനും കേൾക്കാനും വന്നതല്ല..നമ്മൾ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിച്ചു. അല്ല ഞാൻ അവസാനിപ്പിച്ചു. എനിക്ക് നല്ലൊരു ആലോചന വന്നു.അവരതങ്ങ് ഉറപ്പിച്ചു.. ഞാനങ്ങ് സമ്മതിച്ചു”

കേട്ടതൊക്കെ വിശ്വസിക്കാൻ കഴിയാതെ അവൻ തരിച്ചു നിന്നു.ആദ്യത്തെ ഞെട്ടലിൽ നിന്ന് മുക്തനായതും നീഹാരികയുടെ മുന്നിലേക്ക് നീങ്ങി നിന്നു അവളുടെ തോളിൽ കൈവെച്ചു.പൊള്ളിയടർന്നത് പോലെ അവൾ പെട്ടെന്ന് തെന്നിയകന്നു..

“നീയെന്ത് ഭ്രാന്താടീ നീഹാരി പറയുന്നത്”

ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ ചോദിച്ചു. കത്തികൊണ്ട് വരഞ്ഞ മുറിവിൽ മുളക് പൊടി ചീന്തിയതു പോലെ അവൻ പിടഞ്ഞു.ഉള്ളിലൊരു പാട് വികാരക്ഷോഭങ്ങൾ വേലിയേറ്റം സൃഷ്ടിച്ചു.ഒന്ന് കരയാൻ പോലുമാകാതെ വിറങ്ങലിച്ചു അവൻ നിന്നു.

“ഇനിയെന്നെ തിരക്കി വരരുത്…വന്നാൽ ഈ ശരീരത്ത് ജീവന്റെ തുടിപ്പുകൾ കാണില്ല”

നീഹാരികയൊന്ന് തേങ്ങിയോ അറിയില്ല.നീരവിനു മുഖം കൊടുക്കാതെ മഴയത്തേക്ക് ഇറങ്ങി നടന്നു.അസ്ഥികൾ പൊടിഞ്ഞ് നുറുങ്ങുന്ന വേദനയോടെ അവൻ അവൾ പോകുന്നതും നോക്കി നിന്നു.

സമയം കുറെയെടുത്തു നീഹാരിക നൽകിയ ഷോക്കിൽ നിന്ന് അവനുണരാനായിട്ട്.പക്ഷേ പൂർണ്ണമായും അതിൽ നിന്നും മോചിതനാകാൻ കഴിഞ്ഞില്ല.തളർച്ച തോന്നിയതോടെ വിസിറ്റിങ്ങ് റൂമിലെ ചെയറുകളൊന്നിൽ അവനിരുന്നു.

കുറച്ചു സമയം കഴിഞ്ഞതും പതിയെ നീരവ് എഴുന്നേറ്റു ഓഫീസിൽ ചെന്ന് മാനേജരോട് ലീവ് പറഞ്ഞിട്ട് ഇറങ്ങി.അപ്പോഴും ആർക്കോ വേണ്ടിയെന്ന പോലെ ദുശ്ശകുനം പിടിച്ച മഴ വീണ്ടും ശക്തി പ്രാപിച്ചിരുന്നു.

ശക്തമായ മഴയെ വക വെക്കാതെ നീരവ് ബുളളറ്റിൽ കയറി പോയി. വണ്ടിക്ക് വേഗത പോരെന്ന് തോന്നിയ നിമിഷങ്ങളിൽ ആക്സിലേറ്ററിൽ സ്പീഡ് കൂട്ടി.മനസ് പതറിയ ഇടവേളയിൽ എവിടെയോ ബുളളറ്റിന്റെ നിയന്ത്രണം വിട്ട് നീരവ് റോഡിലേക്ക് മറിഞ്ഞു വീണു.

ബോധം വീഴുമ്പോൾ ആശുപത്രി കിടക്കയിൽ ആയിരുന്നു. ആരൊക്കയോ ചേർന്ന് നീരവിനെ ഹോസ്പിറ്റൽ എത്തിച്ചിരുന്നു.

അടുത്ത ദിവസമാണ് നീരവ് ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ആയത്.നേരെ നീഹാരികയെ തിരക്കി അവളുടെ വീട്ടിലേക്ക് ചെന്നു.പൂട്ടി കിടക്കുന്ന വീട് കണ്ട് അവനൊന്ന് ഞെട്ടി.അയൽവക്കത്തെ വീട്ടിൽ തിരക്കിയപ്പോഴാണ് അറിഞ്ഞത് വീട് വിറ്റിട്ട് അവർ ഇവിടെ നിന്ന് പോയെന്ന്.

“പെട്ടെന്ന് ഒരുദിവസം കൊണ്ട് വീട് വിൽക്കാൻ കഴിയുമോ? ”

അവനാകെ അന്ധാളിച്ചു.അയൽപ്പക്കത്തെ ചേട്ടനെ വിശ്വാസം വരാതെ നീരവ് നോക്കി.

“അതേ മോനേ..ഞങ്ങളോട് നീഹാരികയും കുടുംബവും പറഞ്ഞത് ആ സ്ത്രീക്ക് വീട് വിറ്റെന്നാണ്.എന്നിട്ട് മകളെയും കൂട്ടി ദൂരേക്ക് പോവുകയാണെന്ന്”

“എവിടേക്കാണെന്ന് പറഞ്ഞോ ചേട്ടാ”

“ബന്ധുവീട്ടിലേക്കെന്ന് മാത്രമേ പറഞ്ഞുള്ളൂ”

അയാളിൽ നിന്ന് കൂടുതലൊന്നും കിട്ടില്ലെന്ന് മനസിലായതോടെ മറ്റ് രണ്ടു മൂന്നു വീടുകളിലും കയറി. എല്ലാവർക്കും ഒരേയൊരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു. അതോടെ അവൻ നിരാശനായി വീട്ടിലേക്ക് മടങ്ങി.

പിന്നീടുള്ള നീരവിന്റെ ജീവിതം താളം തെറ്റിയത് പോലെയായിരുന്നു.ജോലിക്ക് പോകുന്നത് നിർത്തി..പതിയെ മദ്യത്തിന് അടിമയായി മാറി.അതിനിടയിൽ അറിയാവുന്ന സ്ഥലങ്ങളിലെല്ലാം അവരെ അൻവേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഇടക്ക് എപ്പോഴോ മദ്യാസക്തിയോട് വിരക്തി തോന്നി തുടങ്ങി.. അതോടെ അവൻ സ്വയം ഉൾവലിഞ്ഞു മുറിയിൽ ഒതുങ്ങിക്കൂടി.മീനമ്മയും നീരജും ഭ്രാന്തനെന്ന് മുദ്ര കുത്തിയതോടെ ആ ആവരണം അവൻ സ്വയം അണിഞ്ഞു.

“നീരജ്..”

നീരവ് അലർച്ചയോടെ വിളിച്ചു.അവന്റെ ഭാവപ്പകർച്ചയിൽ എല്ലാവരുമൊന്ന് നടുങ്ങി.

“എന്നും സ്നേഹിച്ചട്ടെയുള്ളൂ എന്റെ കൂടപ്പിറപ്പുകളെ..ആഗ്രഹിച്ചതൊക്കെ നിനക്ക് ഞാൻ വിട്ടു തന്നിട്ടെയുള്ളൂ..എനിക്ക് നീഹാരികയെ നഷ്ടപ്പെടുത്തി നിങ്ങൾ.. മീരയെ കൂടി എന്നിൽ നിന്ന് അകറ്റിയാൻ ഞാൻ ക്ഷമിക്കില്ല”

ഭ്രാന്തനെപ്പോലെ നീരവ് അനിയന്റെ കഴുത്തിൽ കുത്തി പ് പിടിച്ചു.ശ്വാസം കിട്ടാതെ അവൻ പിടഞ്ഞതോടെ മീനമ്മ അവർക്കിടയിലേക്ക് കയറി നീരവിനെ തള്ളിയകറ്റാൻ ശ്രമിച്ചു.

“നീഹാരികയെയും മീരയെയും കാണാനില്ലെന്ന് കരുതി എന്റെ മോനെന്ത് വേണമെടാ ഭ്രാന്താ”

മീനമ്മ ഉറക്കെ അലറി വിളിച്ചു കൊണ്ട് നീരവിനെ തള്ളിമാറ്റി.

“കൊന്നതാണ്‌ നിങ്ങൾ…” നീരവ് അവർക്ക് നേരെ വിരൽ ചൂണ്ടി..

“അല്ലെങ്കിൽ നിങ്ങൾ പറയ് നീഹാരികയുടെ വീട്ടിൽ നിങ്ങളും നീരജും കൂടി എന്തിനാണ് പോയതെന്ന്?.അവരുടെ വീട് വാങ്ങിയത് എന്താവശ്യത്തിനെന്ന്?

അവന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാതെ മീനമ്മ നടുങ്ങി.നീഹാരികയെ തിരക്കി അവിടെ ചെന്നപ്പോൾ അയൽക്കാർ നൽകിയ അടയാളങ്ങളിൽ അത് മീനമ്മയും നീരജും ആണെന്ന് അവനു മനസ്സിലായത്.അവരെ ചോദ്യം ചെയ്തപ്പോൾ ഭ്രാന്തനെന്ന് അവനെ മുദ്രകുത്തി.സത്യങ്ങളെല്ലാം നീരവ് അറിഞ്ഞെന്ന് മനസ്സിലായി.

മീനമ്മയും നീരജും നീഹാരികയെ കൊലപ്പെടുത്തി എന്ന് നീരവ് സ്വയം വിശ്വസിച്ചു.. പിന്നീട് അവർ ചാർത്തിയ പട്ടം സ്വീകരിച്ചു ഭ്രാന്തനായി അഭിനയിച്ചു.

ഒരിക്കലും തിരിച്ച് വരരുതെന്ന് കരുതിയതാണ്.പക്ഷേ നീഹാരികയുടെ രൂപസാദൃശ്യമുളള മീരയുടെ വരവ് കാര്യങ്ങൾ തകിടം മറിച്ചു. മീരയുടെ സ്നേഹം ആദ്യമെല്ലാം കണ്ടില്ലെന്ന് നടിച്ചു അവളെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എത്രയൊക്കെ തള്ളിയകറ്റാൻ ശ്രമിച്ചെങ്കിലും അത്രയും ശക്തിയോടെ അവൾ മനസ്സിൽ ഇടം നേടി.നീഹാരികയെ പോലെ അവളെയും നഷ്ടമാകരുതെന്ന് ആഗ്രഹിച്ചാണ് മീരയുടെ മനസ്സിനൊപ്പം ശരീരം കൂടി സ്വന്തമാക്കിയത്..

എത്രശ്രമിച്ചിട്ടും മീനമ്മയും നീരജും സത്യങ്ങൾ പറയില്ലെന്ന് നീരവിനു മനസ്സിലായി.മാധവും നീരജയും ആകെ പതറി നിൽക്കുകയാണ്.നീരവ് വേഗം അരയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് നീരജിന്റെ കഴുത്തിൽ വെച്ചു.

“പറയെടാ സത്യങ്ങൾ… ആരുമൊന്നും അറിയരുതെന്ന് കരുതി ഞാൻ സഹിച്ചു..ഇനി വയ്യ..നീഹാരികയെ എന്തിന് കൊന്നു..മീരയെ എങ്കിലും എനിക്ക് വേണം”

നീരവ് അലർച്ചയോടെ കത്തി നീരജിന്റെ കഴുത്തിനോട് ചേർത്തു. കത്തി അമർന്നതിന്റെ നീറ്റൽ അവനു ബോദ്ധ്യപ്പെട്ടു.നീരവ് കൊല്ലാൻ പോലും മടിക്കില്ലെന്ന് അവന്റെ ഭാവത്തിൽ നിന്ന് മനസ്സിലായി.

“ഞാൻ പറയാം..”

മകനെ കൊല്ലുമെന്ന് ഉറപ്പായതോടെ മീനമ്മ ഉറക്കെ പറഞ്ഞു.. എല്ലാവരുടേയും ശ്രദ്ധ അവരിലേക്കായി..

“നീഹാരിക മരിച്ചട്ടില്ല…അവൾ ജീവനോടെയുണ്ട്”

ഒരുനിമിഷത്തിന്റെ പത്തിലൊന്ന് സെക്കന്റ് സമയം.. മനസ്സിൽ ഉഗ്രമായൊരു വിസ്ഫോടനം.. നീരവ് പല കക്ഷണങ്ങളായി ചിതറി തെറിച്ചു.

“നീഹാരിക ജീവിച്ചിരിക്കൂന്ന്…..

” എവിടെ… എവിടെ.. ”

നീരജ് ആവേശത്തോടെ ചോദിച്ചു… അതിനിടയിൽ നീഹാരികയുടെ ഓർമ്മകളിൽ മീരയെ അവൻ മറന്നു പോയി…

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15

നീരവം : ഭാഗം 16

നീരവം : ഭാഗം 17

നീരവം : ഭാഗം 18