Sunday, December 22, 2024
Novel

നീരവം : ഭാഗം 17

എഴുത്തുകാരി: വാസുകി വസു


തുടർക്കഥ…

നീഹാരിക ഏട്ടനും അനിയത്തിക്കുമായി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അകത്തേക്ക് ക്ഷണിച്ചു.

“ഞാൻ ചായ എടുക്കാം”

രണ്ടു പേരോടുമായി നീഹാരിക പറഞ്ഞു. നീരവിന്റെ മിഴികൾ അവളിലായിരുന്നു.കണ്ണെടുക്കാൻ തോന്നുന്നേയില്ല.അത്രയേറെ മനോഹരിയാണ്.

“ചായമാത്രം ആക്കേണ്ടാ..നിന്റെ കൈപ്പുണ്യം കൂടിയറിഞ്ഞിട്ടേ ഞങ്ങൾ മടങ്ങുന്നുള്ളൂ”

“ഓ..അത് മതി”

നീഹാരിക കുലുങ്ങി ചിരിച്ചു.ചിരിക്കുമ്പോൾ കവിളിന് ഇരുവശത്തെയും നുണക്കുഴികൾ വിരിഞ്ഞതവളെ കൂടുതൽ മനോഹരിയാക്കിയിരുന്നു.

“ഏട്ടൻ നിന്റെ ഫാനാണ്.ഞാൻ വർണ്ണിച്ചു കേൾപ്പിച്ചത് മുതൽ ഏട്ടൻ തിരക്കുന്നതാണ് നിന്നെയൊന്ന് നേരിൽ കാണണമെന്ന്. ഒരേ ക്ലാസിലാണെങ്കിലും തമ്മിൽ പരിചയപ്പെടുത്താതിരുന്നത് ഏട്ടനൊരു സർപ്രൈസ് നൽകാനായിരുന്നു”

നീരവിനെ അരികിലെത്തി കൊണ്ട് നീഹാരികക്ക് മുമ്പിൽ അവനെ കളിയാക്കി തുടങ്ങി നീരജ.നീഹാരികയുടെ മുഖത്ത് ചിരിയാണെങ്കിൽ നീരവ് മസിലും പിടിച്ചു ഇരിക്കുവാണ്.

“നിങ്ങൾ സംസാരിക്ക് ഞാൻ ചായ എടുക്കട്ടെ”

നീഹാരിക അകത്തേക്ക് പോയതോടെ നീരവ് അനിയത്തിയുടെ ചെവി പിടിച്ചു നന്നായി തിരുമ്മി.

“എന്തുവാടീ അടുത്തിരുത്തി വധിക്കുന്നത്”

“അത് പിന്നെയൊരു രസമല്ലേ ഏട്ടാ”

നീരജ ചെറു പുഞ്ചിരിയോടെ പറഞ്ഞു. അപ്പോഴാണ് അകത്ത് നിന്ന് പ്രായമുള്ള ദമ്പതികൾ ഇറങ്ങി വന്നത്.

“മോളും ഏട്ടനും വന്നൂന്ന് നീഹാരിക പറഞ്ഞു”

ഏകദേശം അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന മദ്ധ്യവയസ്ക്കൻ പറഞ്ഞു. സ്ത്രീക്കും അമ്പത്തഞ്ച് വയസ്സ് കാണും.

“ഏട്ടാ ഇതാണ്‌ നീഹാരികയുടെ അച്ഛനും അമ്മയും”

നീരജ ഏട്ടന് അവരെ പരിചയപ്പെടുത്തി.. നീരവിനെ പരിചയപ്പെടുത്താനും അവൾ മറന്നില്ല.

” ഒരുപാട് നേർച്ചകളും വഴിപാടുകളും നേർന്നതിന് ശേഷം വളരെയധികം വൈകിയാണ് മോള് ജനിക്കുന്നത് ”

നീരവിന്റെ മുഖത്തെ ആശങ്കക്ക് വിരാമം കുറിച്ച് നീഹാരികയുടെ അമ്മ പറഞ്ഞു. അതോടെ അവന്റെ സംശയങ്ങളെല്ലാം മാറി.

“ഇപ്പോൾ പഴയത് പോലെ പണിക്കൊന്നും പോകാൻ ശരീരം അനുവദിക്കുന്നില്ല.കുറച്ചു അസുഖങ്ങളുണ്ട്.മകളുടെ നൃത്തത്തിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ജീവിതമാർഗ്ഗം”

അയാളുടെ സ്വരത്തിൽ നിഴലിച്ചിരുന്ന വേദന നീരവിന് മനസ്സിലായി.അവന് സഹതാപം തോന്നി.നീരവ് അങ്ങനെയാണ് എല്ലാവരെയും സഹായിക്കണമെന്ന് മനസ്സുളള ആളാണ്..

“അച്ഛാ….”

ചായയുമായി വന്ന നീഹാരിക താക്കീതിന്റെ സ്വരത്തിൽ വിളിച്ചു. അത് മനസ്സിലായതോടെ അയാൾ നാവടക്കി.

“സോറി കേട്ടോ..അച്ഛൻ ഇങ്ങനെയാണ്”

ക്ഷമ ചോദിച്ചിട്ട് നീഹാരിക ചായ എടുത്തു കൊടുത്തു. നീരവിനു പേരറിയാത്തൊരു വീർപ്പ് മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അവൻ മെല്ലെ അനിയത്തിയെ തോണ്ടി.അവൾക്ക് കാര്യം മനസ്സിലായി.ഏട്ടൻ മടങ്ങാൻ ആഗ്രഹിക്കുന്നു..

ചായ കുടി കഴിഞ്ഞതും യാത്ര പറഞ്ഞു അവർ അവിടെ നിന്നിറങ്ങി.മടക്കയാത്രയിൽ ഏട്ടനും അനിയത്തിയും പരസ്പരം സംസാരിച്ചതേയില്ല.

അന്ന് രാത്രി പതിവില്ലാതെ നീരവ് അനിയത്തിയുടെ മുറിയിലെത്തി. ഭക്ഷണം കഴിഞ്ഞു കിടക്കാൻ ഒരുങ്ങുകയായിരുന്ന നീരജ ഏട്ടനെ കണ്ട് അമ്പരന്നു.

“എന്ത് പറ്റി ഏട്ടാ ഒരു മൗനം..വല്ല പ്രേമപ്പനിയുമാണോ?

നീരജക്ക് ചെറിയൊരു സംശയം തോന്നിയിരുന്നു.നീഹാരികയെ കുറിച്ച് സംസാരിക്കുമ്പോൾ ഏട്ടൻ വാചാലനകാറുണ്ട്.ആ മിഴികളിൽ നിറയുന്ന കൗതുകം കണ്ടിട്ടുണ്ട്. ആളെ കാണണമെന്നൊരു പരവേശം മനസ്സിലുണ്ടെന്ന് തോന്നിയതിനാലാണ് നീഹാരികയുടെ വീട്ടിലേക്ക് അവനെയും കൂട്ടിയവൾ പോയത്.

നീരജയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നീഹാരിക തങ്ങളുടെ വീട്ടിലേക്ക് ഏട്ടന്റെ വധുവായി വന്നു കയറണമെന്നുളളത്.മനസ്സിലെ ആഗ്രഹം അവളിതുവരെയും ആരോടും പറഞ്ഞിട്ടുമില്ല.

” നമുക്ക് നീഹാരികയെയൊന്ന് സഹായിച്ചാലോ..അവരുടെ അവസ്ഥ അറിഞ്ഞപ്പോൾ മനസ്സിനൊരു വിഷമം”

ആമുഖം ഇടാതെ നീരവ് നേരെ വിഷയത്തിലേക്ക് വന്നു.ഓഹോ അപ്പോൾ അതാണ് മൗനത്തിനു കാരണം..

“ഏട്ടാ നീഹാരിക പാവമാണ്. പക്ഷേ അഭിമാനിയാണ്.ആരുടെയും സഹായം സ്വീകരിക്കില്ല.അങ്ങനെ ആയിരുന്നെങ്കിൽ എന്നേ ഞാനത് ചെയ്യില്ലായിരുന്നോ?”

ചോദ്യഭാവത്തിൽ അവൾ ഏട്ടനെ നോക്കി.അവന്റെ മുഖം മ്ലാനമായി.

“ഏട്ടാ ഏട്ടന് നീഹാരികയെ വിവാഹം കഴിച്ചു കൂടെ”

പെട്ടന്നായിരുന്നു നീരജയുടെ ചോദ്യം. അങ്ങനെയൊരു ചോദ്യം അയാൾ തീരെ പ്രതീക്ഷിച്ചില്ലെന്ന് അവൾക്ക് മനസ്സിലായി.

“ഏട്ടൻ ആലോചിച്ച് തീരുമാനം എടുത്താൽ മതി.. എന്റെ വലിയൊരു ആഗ്രഹമാണ് അവൾ എന്റെ നാത്തൂനായി നമ്മുടെ വീട്ടിലേക്ക് കയറി വരുന്നത്”

അനിയത്തിയുടെ മനസ്സിലെ ആഗ്രഹം കേട്ടതും നീരവിന് എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു.അനിയത്തിക്ക് അറിയില്ലല്ലോ കൂട്ടുകാരിയോട് ഏട്ടന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയെന്ന്.നീഹാരികയെ കുറിച്ച് അവൾ പറയുമ്പോഴൊക്കെ അവനിലൊരു ചിത്രം തെളിഞ്ഞിരുന്നു.ആ രൂപത്തെ മനസ്സിന്റെ കോണിൽ പ്രതിഷ്ഠിച്ച് പൂജയും അർപ്പിച്ചിരുന്നു.

ഒന്നും പറയാതെ നീരവ് അനിയത്തിയുടെ മുറിവിട്ടിറങ്ങി.. വാതിലിനു അരികിൽ നിന്ന് നീരജ് ധൃതിയിൽ പോകുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

“കഷ്ടം… സംസാരിക്കുന്നത് ഒളിച്ചു കേൾക്കുന്ന ശീലം ഇവനിപ്പോഴും മാറ്റിയട്ടില്ലല്ലോ” അവൻ മനസ്സിലോർത്തു.

മുറിയിലെത്തി ഉറങ്ങും മുമ്പേ മനസ്സാലൊരു തീരുമാനം അവൻ എടുത്തിരുന്നു…

തിങ്കളാഴ്ച രാവിലെ നീരവും നീരജയും കൂടി പതിവുപോലെ ഒരുമിച്ച് ബുളളറ്റിലാണ് പോയത്.ഇരുവരും തമ്മിൽ ഒരുമിച്ചാണ് നടന്നത്. തങ്ങളുടെ ക്ലാസുകളിലേക്ക് തിരിയാനൊരുങ്ങിയ നിമിഷം നീരവ് ശബ്ദിച്ചു.

“നിന്റെ ആഗ്രഹമാണ് എന്റെ സന്തോഷം”

“റിയലി…”

നീരജക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഏട്ടൻ ഇത്രയും പെട്ടെന്ന് സമ്മതിക്കുമെന്ന്.

“യേസ്…നീ നീഹാരികയെ കുറിച്ച് സംസാരിക്കുമ്പോളൊക്കെയും അറിയാതെ ഞാനും അവളെ കുറിച്ച് സ്വപ്നങ്ങൾ നെയ്തിരുന്നു”

ചമ്മലോടെയെങ്കിലും ഉള്ളിലെ രഹസ്യത്തിന്റെ ചുരുളുകൾ അവൻ നിവർത്തി.

“ബാക്കി എനിക്ക് വിട്ടേക്കൂ ഏട്ടാ…നീഹാരികയെ കൊണ്ട് സമ്മതിപ്പിക്കുന്നത് ഞാനേറ്റൂ”

വളരെയധികം ആഹ്ലാദത്തോടെയാണ് നീരജ ക്ലാസിലേക്ക് ചെന്നത്.അവൾ വന്നു കഴിഞ്ഞു കുറച്ചു കഴിഞ്ഞാണ് നീഹാരിക ക്ലാസിലെത്തിയത്.വന്നപാടേ നീരജ ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരിയെയും കൂട്ടി കോളേജ് കാന്റീനിലെത്തി.

“എന്തോന്നാടീ ഇത് രാവിലെ തന്നെ ക്ലാസ് കട്ട് ചെയ്താൽ എക്സാം ആകുമ്പോൾ തലയും ചൊറിഞ്ഞ് ഇരിക്കേണ്ടി വരും”

ക്യാന്റീനിലെ ടേബിളിന് അഭിമുഖമായി കസേരയിൽ ഇരുന്നു കൊണ്ട് നീഹാരിക ഓർമ്മപ്പെടുത്തി.

“അതൊക്കെ വിട്..എനിക്ക് മറ്റൊരു വിഷയം സംസാരിക്കാനാണ് ഇങ്ങോട്ട് വിളിപ്പിച്ചത്”

“എങ്കിൽ പറയ്” നീരജ പറയുന്നത് കേൾക്കാനായിട്ട് നീഹാരിക ചെവി കൂർപ്പിച്ചു. രാവിലെ ആയതിനാൽ ക്യാന്റീനിൽ തിരക്ക് ഇല്ലായിരുന്നു.

“അതൊക്കെ പറയാം.. നിനക്ക് പതിവ് മതിയല്ലോ”

“മതി”

നീഹാരികക്ക് ഏറ്റവും ഇഷ്ടം ചായയും പരിപ്പ് വടയുമാണ്.നീരജയും അതുതന്നെയാണ് തിരഞ്ഞെടുത്തത്.ചായയും പരിപ്പുവടയും കഴിക്കുന്നതിനിടയിൽ നീരജ തുടക്കമിട്ടു.

“നീ ഇതുവരെ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

നീരജയുടെ ചോദ്യം കേട്ട് നീഹാരികക്ക് ചിരിയാണ് വന്നത്.

“നിനക്ക് വേറെ പണിയൊന്നും ഇല്ലേടീ”

“ഞാൻ കാര്യമായിട്ടാണ്”

കൂട്ടുകാരിയുടെ സ്വരത്തിലെ ഗൗരവം മനസ്സിലാക്കിയതോടെ അവൾ മനസ്സ് തുറന്നു.

“ജീവിതപ്രാരാബ്ദങ്ങൾക്ക് നടുവിൽ വട്ടം തിരിയുന്ന എനിക്കെവിടെ നീരജേ പ്രേമിക്കാൻ സമയം”

അവളുടെ സ്വരത്തിൽ വേദന നിറഞ്ഞു..ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാണ് കുട്ടികൾക്ക് നൃത്തക്ലാസ് എടുക്കുന്നത്.ജീവിതത്തിൽ അറിയാവുന്നത് നൃത്തമാണ്. ഇഷ്ടക്കൂടുതൽ കാരണം തപസ്യയാക്കിയതാണ് നൃത്തം.ഇന്നതൊരു വരുമാനമാർഗ്ഗം കൂടിയാണ്. ഒരിക്കലും ആഗ്രഹിച്ചതല്ല അതൊരു തൊഴിലാക്കാൻ.അവൾക്ക് ആകെയുള്ള സമ്പാദ്യമാണ് ചുവപ്പ് പട്ടിൽ പൊതിഞ്ഞ രണ്ട് ചിലങ്കകൾ…

“ഞാൻ വളച്ചു കെട്ടില്ലാതെ പറയാമെടീ..എന്റെ ഏട്ടന് നിന്നെ ഇഷ്ടമാണ്.. വിവാഹം കഴിക്കാനും താല്പര്യമാണ്.നീ എന്റെ നാത്തൂനായി വരുന്നതാണ് ഞാനും മോഹിച്ചിരുന്നത്”

മനസ്സിൽ കലർപ്പില്ലാതെ നീരജ തുറന്നു പറഞ്ഞു.. നീഹാരികക്ക് സ്തംഭിച്ചു ഇരിക്കാനേ കഴിഞ്ഞുള്ളൂ.

“നീയെന്ത് ഭ്രാന്താടീ പറയുന്നത്.. സമ്പത്തും പ്രതാപം കൊണ്ടും നിങ്ങൾ എവിടെ കിടക്കുന്നു.. ഇതൊന്നും അല്ലാത്ത ഞാനെവിടെ..വേണ്ട..ഈ ബന്ധം ശരിയാകില്ല. ഏട്ടനോട് പറയൂ അരുതത്തത് മോഹിക്കരുതെന്ന്.എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ നീരവേട്ടനു ലഭിക്കും”

നീഹാരിക അറത്ത് മുറിച്ചു പറഞ്ഞതോടെ നീരജയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു..

“ഡീ ഒന്നും കൂടി ആലോചിക്കൂ പ്ലീസ്..നിന്നെ കുറിച്ച് ഞാൻ പറയുമ്പോൾ തന്നെ ഏട്ടന്റെ മനസ്സിൽ നീ കൂടു കിട്ടിയിരുന്നു”

“വേണ്ടാ..അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല.അങ്ങനെ വന്നാൽ അവസാനം കണ്ണുനീരായിരിക്കും ഫലം”

നീഹാരിക കൂട്ടുകാരിയെ നിരുൽസാഹപ്പെടുത്തി..നീരജക്ക് ക്ലാസിൽ കയറണമെന്ന് തോന്നിയില്ല.അവൾ വീട്ടിലേക്ക് പോയി.. നീഹാരിക അവളുടെ വീട്ടിലേക്കും.

ദിവസങ്ങൾ മെല്ലെ കൊഴിഞ്ഞു വീണു.. നീരവിന് ഇപ്പോൾ പഴയത് പോലെ വലിയ ഉത്സാഹമൊന്നും ഇല്ല.ഏട്ടന്റെ മാറ്റം നീരജും ശ്രദ്ധിക്കുന്നുണ്ട്.

“എല്ലാം തന്റെ തെറ്റാണ്.. ഏട്ടനെ മോഹിപ്പിച്ചത് താനാണ്”

നീരജയിൽ നിന്ന് നീഹാരിക പറഞ്ഞതത്രയും നീരവ് അറിഞ്ഞിരുന്നു..ആദ്യമൊക്കെ പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും പതിയെ അതിനായി ശ്രമിച്ചു നോക്കി. കഴിഞ്ഞില്ല.

രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞതോടെ നീരവിനൊരു കാര്യം ബോദ്ധ്യപ്പെട്ടു.നീഹാരികയെ വെറുക്കാൻ കഴിയുന്നില്ല.ഓർക്കാതിരിക്കാനായിട്ട് എത്രമാത്രം ശ്രമിക്കുന്നുവോ അതിനിരട്ടിയായി അവളുടെ മുഖം മനസ്സിലേക്ക് കടന്നു വരുന്നു..

ചിന്തകൾക്ക് ഭ്രാന്ത് പിടിച്ചു തുടങ്ങിയതോടെ ഒരുദിവസം ക്ലാസ് കഴിഞ്ഞു ഇറങ്ങിയ നീഹാരികക്കായി നീരവ് കാത്തു നിന്നു.അന്നത്തെ ദിവസം കോളേജിലേക്ക് വരണ്ടെന്ന് അനിയത്തിയോട് അവൻ പറഞ്ഞിരുന്നു. നീഹാരികയുമായി സംസാരിക്കാൻ വേണ്ടിയായിരുന്നത്..

ക്ലാസ് കഴിഞ്ഞു ഇറങ്ങിയ നീഹാരിക നീരവിനെ മുന്നിൽ കണ്ടതും തീയിൽ ചവിട്ടിയത് പോലെയായി.അവൾ ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചതും മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ട് അവൻ വഴി വിലങ്ങി നിന്നു.

“മറ്റുള്ള കോളേജ് അഫയറിനെ പോലെയല്ല എന്റെ ജീവിതത്തിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്.അതിനായിട്ട് എത്രനാള് വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്.എന്റെ സ്നേഹം സത്യമായിരുന്നൂന്ന് എന്നെങ്കിലും നീ തിരിച്ചറിയുന്ന നിമിഷം വരും. അതുവരെ നിനക്കായി വെയ്റ്റിങ്ങ്”

മറുപടിക്കായി കാത്ത് നിൽക്കാതെ നീരവ് പിന്തിരിഞ്ഞ് നടന്നു..അവനറിഞ്ഞിരുന്നില്ല അല്ലെങ്കിൽ കണ്ടില്ല അവളുടെ പിടയുന്ന മനസ്സ്..അവനായി മാത്രം തന്നെയെവൾ സ്വയം നീക്കിവെച്ചെന്ന്..

പക്ഷേ അതിനായി തടസ്സമായി അവൾ കണ്ടത് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരമായിരുന്നു.അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ലെന്നുളള ചിന്തമാത്രമായിരുന്നു..

(തുടരും)

നീരവം : ഭാഗം 1

നീരവം : ഭാഗം 2

നീരവം : ഭാഗം 3

നീരവം : ഭാഗം 4

നീരവം : ഭാഗം 5

നീരവം : ഭാഗം 6

നീരവം : ഭാഗം 7

നീരവം : ഭാഗം 8

നീരവം : ഭാഗം 9

നീരവം : ഭാഗം 10

നീരവം : ഭാഗം 11

നീരവം : ഭാഗം 12

നീരവം : ഭാഗം 13

നീരവം : ഭാഗം 14

നീരവം : ഭാഗം 15

നീരവം : ഭാഗം 16