Wednesday, January 22, 2025
Novel

Mr. കടുവ : ഭാഗം 7

എഴുത്തുകാരി: കീർത്തി


കടുവ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. കണ്ണിൽ നിന്ന് മറയുന്നതുവരെ ഞാൻ അമ്മയെ തിരിഞ്ഞു നോക്കി. ഗേറ്റ് കടക്കുന്നത് വരെ നോർമൽ സ്പീഡിൽ പൊയ്ക്കൊണ്ടിരുന്ന വണ്ടിക്ക് പതുക്കെപ്പതുക്കെ സ്പീഡ് കൂടാൻ തുടങ്ങി.

ഒപ്പം എന്റെ ഹാർട്ട്‌ ബീറ്റും. പതുക്കെ തലചെരിച് കടുവയെ നോക്കി. നേരത്തെ കണ്ട കള്ളച്ചിരി ഇപ്പോഴും മുഖത്തൂന്ന് മാഞ്ഞിട്ടില്ല. രാധൂന് പനി വരാൻ കണ്ടൊരു നേരം.

മനസ്സിൽ ഒരുപാട് തവണ ഞാനാ പനിച്ചിക്കാളി മുത്തിയെ ചീത്തവിളിച്ചു. അങ്ങനെ ആലോചിച്ചു ഇരുന്നപ്പോളാണ് ഒരു കുലുക്കം. ഇതിനിടയിൽ ഭൂമിയും കുലുങ്ങുന്നുണ്ടോ.? 🤔

വണ്ടി പോകുന്ന വഴി നോക്കിയപ്പോളാണ് കാര്യം മനസിലായത്. ബസിൽ പോകുമ്പോൾ കാണാറുള്ള വഴിയല്ല ഇതെന്ന് .

ആകെ കുണ്ടും കുഴിയും പിന്നെ കുറെ പാറക്കല്ലുകളും. വഴിയിലാണെങ്കിൽ ഒരു പൂച്ച കുഞ്ഞിനെപോലും കാണാനില്ല.

ബോഡി പാർട്ട്‌ സൊക്കെ അത്യാവശ്യം നല്ല രീതിയിൽ തന്നെ കുലുങ്ങുന്നുണ്ട്.

ഈ യാത്ര ഇങ്ങനെ തുടർന്നാൽ മിക്കവാറും മെഡിക്കൽ കോളേജിലെ പിള്ളേർക്ക് ഒരു പ്രത്യേകതരം അനാട്ടമിയുള്ള ഡെഡ് ബോഡി പഠിക്കാൻ കിട്ടും.

കുലുങ്ങി കുലുങ്ങി ബോഡി പാർട്ട്‌സ് മൊത്തം സ്ഥാനം തെറ്റീട്ടുണ്ടാവും. ഹാർട്ട്‌ ഇരിക്കേണ്ടിടത്ത് ലിവർ , ലിവർ ഇരിക്കേണ്ടിടത്ത് കിഡ്നി അങ്ങനെ അങ്ങനെ….

കടുവയെ നോക്കിയപ്പോൾ അവിടെ ഒരു കുലുക്കവുമില്ല. അല്ലേലും ‘ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല ‘ എന്നല്ലേ. രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു.

“ഇത് സ്കൂളിലേക്കുള്ള വഴി…… ”

മുഴുപ്പിക്കുന്നതിന് മുന്നേ എന്നെയൊന്നു രൂക്ഷമായി നോക്കി. ആ നോട്ടം കണ്ടപ്പോൾ ബാക്കിയൊന്നും ചോദിക്കാൻ നാവു പൊന്തിയില്ല.

വരുന്നിടത്തു വെച്ച് കാണാമെന്നു ഞാനും വിചാരിച്ചു. എനിക്കെന്തെങ്കിലും പറ്റിയാൽ കുടുങ്ങുന്നത് കടുവ തന്നെയാണ്.

ഇയ്യാളുടെ കൂടെ പോന്നതിനു ദൃക്‌സാക്ഷിയുണ്ടല്ലോ. ഹൃദയമാണെങ്കിൽ മനുഷ്യനെ നാണം കെടുത്താൻ ടംബൊർ കൊട്ടുന്ന പോലെ മിടിക്കുന്നുണ്ട്.

കടുവക്ക് സൗണ്ട് കേൾക്കുന്നുണ്ടോ ആവോ? കാറ്റടിച്ചിട്ടാണോ പേടിച്ചിട്ടാണോ എന്നൊന്നും അറിയില്ല കണ്ണിൽന്നൊക്കെ വെള്ളം വരാനും തുടങ്ങി. എങ്ങോട്ടാണാവോ കൊണ്ടുപോകുന്നത്?

എല്ലാം മുകളിലുള്ളവനെ അറിയൂ. no no no കടുവയ്ക്കും. സീറ്റിന്റെ സൈഡിലെ ഹാൻഡിലിൽ മുറുക്കി പിടിച്ചു കണ്ണടച്ചിരുന്നു. ജീപ്പിനാണെങ്കിൽ ഒരു ഡോർ പോലുമില്ല. തെറിച്ചു വീഴണ്ട.

ജീപ്പ് നിന്നപ്പോഴാണ് കണ്ണ് തുറന്നത്. യുറേക്ക.. !സ്കൂളിൽ എത്തിയിരിക്കുന്നു. സ്കൂളും കുട്ടികളെയുമൊക്കെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെവീണത്.

അതിസാഹസികമായി എന്നെ ഇവിടെ എത്തിച്ച ആ മഹാന്റെ തിരുമോന്ത ഒന്ന് കാണാൻ വേണ്ടി ഡ്രൈവിംഗ് സീറ്റിലേക്ക് തല തിരിച്ചു.

ഒരു വിരലിട വ്യത്യാസത്തിൽ കടുവയുടെ മുഖം തൊട്ടടുത്ത്.അതു കണ്ട് പിറകിലേക്ക് ആഞ്ഞ എന്റെ തല പിടിച്ചു വീണ്ടും ആ മുഖത്തോട് അടുപ്പിച്ചു.

മുഖം ഗൗരവമാർന്നതെങ്കിലും ആ കണ്ണുകളിൽ അപ്പോഴും ഒരു കുസൃതിചിരി ഉണ്ടായിരുന്നു. എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് കടുവ പറഞ്ഞു.

“ഇനി എന്നോട് മുട്ടാൻ വരുമ്പോൾ ദാ ഈ കണ്ണീരും ഹൃദയമിടിപ്പും ഓർമയുണ്ടാവണം. ഇത് വെറും സാമ്പിൾ.

ഇനിയും ചൊറിയാൻ വന്നാൽ ഇതായിരിക്കില്ല അവസ്ഥ. കേറി മാന്തും ഞാൻ. കേട്ടോടി ഉണ്ടക്കണ്ണി. ”

ജീവനോടെ വിട്ടതിന്റെ ആശ്വാസത്തിൽ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. ഇത്രേം വലിയൊരു ഡയലോഗ് പറഞ്ഞിട്ട് ഞാനൊരു മറുപടി പറഞ്ഞില്ലെങ്കിൽ മോശമല്ലേ.

അതുകൊണ്ട് വണ്ടിയുടെ അടുത്ത് നിന്ന് ഓരോ അടി പുറകോട്ട് വെച്ചുകൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു.

“ചൊറിച്ചിൽ വന്നാൽ മാന്തുക തന്നെ വേണം. കേട്ടോടൊ കാട്ടുകടുവേ…”

അതു കേട്ട് കടുവ “നിനക്ക് ഈ കിട്ടിയതൊന്നും പോരല്ലെടി “ന്നും ചോദിച്ചു വണ്ടിയിൽ നിന്നിറങ്ങി മുണ്ട് മടക്കിചുറ്റിക്കൊണ്ട് എന്റെ നേർക്ക് വന്നു. ഞാൻ വേഗം തിരിഞ്ഞു നോക്കാതെ ഓടി സ്റ്റാഫ് റൂമിൽ കയറി.

ടീച്ചേർസ് എല്ലാവരും രാധുവിന്റെ പണിയെക്കുറിച്ച് അന്വേഷിച്ചു. അന്നത്തെ ദിവസം പതിവിലും കൂടുതലായി വിനോദ് സാർ എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ഒന്ന് രണ്ടു വട്ടം ഞങ്ങൾ മാത്രമായ സമയത്തു എന്നോട് എന്തോ കാര്യമായി പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ പിന്നെ പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറി.

എന്തോ സ്റ്റാർട്ടിങ് ട്രബ്ൾ. ഇനി ഒരുപക്ഷെ അന്ന് രാധു പറഞ്ഞതുപോലെ എന്തെങ്കിലും ആവുമോ?ഏയ്‌…..

വൈകീട്ട് സ്കൂൾ വിട്ട് തിരിച്ചു പോരുമ്പോൾ രാഗി ഉണ്ടായിരുന്നു കൂട്ടിന്. രാധുവിന് അല്പം ഉഷാറായിട്ടുണ്ട്. എന്നാലും നാളെകൂടി ലീവാക്കി.

ഇനിയും ഒരു കുലുക്കത്തിനുള്ള ശേഷിയില്ലാത്തതു കൊണ്ട് പിറ്റേന്ന് നേരത്തെ എഴുന്നേറ്റു സ്കൂളിൽ പോയി.

ഫ്രീ പീരിയഡിൽ കുട്ടികളുടെ നോട്സ് നോക്കിക്കൊണ്ടിരിക്കുമ്പോൾ വിനോദ് സാർ എന്റെ അടുത്ത് വന്നിരുന്നു.

“പ്രിയ തിരക്കിലാണോ? ”

“കുട്ടികളുടെ നോട്സ് കറക്റ്റ് ചെയ്യായിരുന്നു. സാറിന് ഈ പീരിയഡ് ക്ലാസ്സില്ലേ? ”

“ഇല്ല. ”

“അമ്മ എന്തു പറയുന്നു. സുഖല്ലേ? ഞാൻ അന്വേഷിച്ചുന്ന് പറയണേ. ”

“തന്നെക്കുറിച്ച് എപ്പോഴും ചോദിക്കാറുണ്ട് “.

“ആണോ.? ”

“പ്രിയ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. ”

“അതിനെന്താ സാർ പറഞ്ഞോളൂ. ”

ഈശ്വര രാധൂന്റെ സംശയം ശെരിയാവരുതേ.സാറിന് എന്നോട് പറയാനുള്ളത് അതാവരുതേ.ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

“അത്…. പിന്നെ….. കുറെ നാളായി തന്നോട് പറയാൻ വിചാരിക്കുന്നു. പക്ഷെ…. ”

“സാർ എന്തായാലും പറഞ്ഞോളൂ. ”
കുറച്ചു നേരത്തേക്ക് സാർ ഒന്നും മിണ്ടിയില്ല.

“കൊണ്ടുപൊയ്ക്കോട്ടെ ഈ പ്രിയ ടീച്ചറെ എന്റെ വീട്ടിലേക്ക്. ഈ കഴുത്തിലൊരു താലി കെട്ടി , എന്റേത് മാത്രമായിട്ട്. ”

ചെറിയൊരു സംശയം ഉണ്ടായിരുന്നതുകൊണ്ട് അത് എനിക്കൊരു ഷോക്കായിരുന്നില്ല. പക്ഷെ പ്രതീക്ഷയോടെ എന്നിലേക്ക് നീളുന്ന ആ കണ്ണുകൾ എന്നെ തളർത്തികളഞ്ഞു.

പറയത്തക്ക കുറവുകളൊന്നും സാറിനില്ല. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം. സാറിനെ പോലൊരു ഭർത്താവിനെ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കും.

പക്ഷെ അറിഞ്ഞുകൊണ്ട് ആ മനുഷ്യനെ അപകടത്തിലേക്ക് തള്ളിയിടാൻ എനിക്കാവില്ല. മാത്രവുമല്ല ഒരു വിവാഹത്തെക്കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല .

എന്റെ സാഹചര്യം വെച്ച് ഒരു ഗുണ്ടയെ വിവാഹം കഴിക്കുന്നതായിരിക്കും എനിക്കും അയാൾക്കും നല്ലത്.എങ്ങനെയും സാറിനെ പിന്തിരിപ്പിക്കണം.

“സാർ എനിക്ക്…….. ”

പറഞ്ഞു തുടങ്ങിയതും ടേബിളിലിരുന്ന എന്റെ ഫോൺ റിംഗ് ചെയ്തു. രണ്ടുപേരും ഫോണിലേക്ക് നോക്കി. ഫോണിൽ തെളിഞ്ഞ മുഖം കണ്ട് പുഞ്ചിരിയോടെ ഞാനാ ഫോണെടുത്തു.

“സാർ ഒരു മിനിറ്റ്…. ”

വിനോദ് സാർ എന്റെ ഫോണിലേക്ക് തന്നെ നോക്കി എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു. ഞാൻ ഫോൺ സാറിന്റെ മുഖത്തിനു നേരെപിടിച്ച് വീശി.

“സാർ ഒരു മിനിറ്റ്. ഇപ്പൊ വരാം. ”

കാൾ അറ്റൻഡ് ചെയ്തുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു. രേവതിയായിരുന്നു. കുറച്ചു ദിവസമായി വിളിച്ചിട്ട്. വിശേഷങ്ങളൊക്കെ പറഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വന്നപ്പോൾ വിനോദ് സാറിനെ കാണാനില്ല.

സാറിനോട് ഒന്നും പറയാൻ പറ്റിയില്ല. എന്റെ മറുപടി പോസിറ്റീവാണെന്ന് കരുതി ഇരിക്കുമോ? സാറിന്റെ ഈ ആഗ്രഹം ഇനിയും വളർത്തികൊണ്ടുപോകാൻ പാടില്ല. കുറച്ചു വിഷമിച്ചാലും സാരമില്ല.

എനിക്കൊരിക്കലും അതിനു കഴിയില്ലെന്ന് പറയണം.

എല്ലാംകൊണ്ടും രാധുവിലാത്ത ഈ രണ്ടു ദിവസവും ഭയങ്കര ബോറായിരുന്നു.

ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്തും വിനോദ് സാറിനെ കണ്ടില്ല. ഇന്നലെ ഈ നേരത്തൊക്കെ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്ന ആളാണ്.

ഇങ്ങനെ മാറിനടക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ. പിന്നെന്തുപറ്റി ആവോ. ഇന്റർവെല്ലിന് രാഗി വന്നുപറഞ്ഞു സ്പെഷ്യൽ ക്ലാസുണ്ടെന്ന്.

അവളെ കാത്തുനിക്കണ്ടാന്ന്. സ്കൂൾ വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുംമ്പോൾ ഒരു ബൈക്ക് വന്നു മുന്നിൽ നിന്നു. വിനോദ് സാറായിരുന്നു.

“വീട്ടിലേക്കല്ലേ ഞാൻ ഡ്രോപ്പ് ചെയ്യാം. ”

“അതൊന്നും വേണ്ട സാർ. ഞാൻ ബസിൽ പൊക്കോളാം. ”

“താൻ കേറടോ. ഞാനും ആ വഴിക്ക. അസുഖക്കാരിയെ ഒന്ന് കാണണം. ”

“എന്നാലും.. ”

“രാവിലെ പറഞ്ഞത് ഓർത്താണെങ്കിൽ താനത് മറന്നേക്ക്. തനിക്കൊരിക്കലും എന്നെ അങ്ങനൊന്നും കാണാൻ പറ്റില്ലെന്ന് എനിക്ക് അറിയാം. എന്നാലും പറയാൻ വൈകിയതുകൊണ്ട് നഷ്ടപെടരുതെന്ന് തോന്നി.

അതുകൊണ്ടാണ് പറഞ്ഞത്. നമ്മൾ എന്നും നല്ല സുഹൃത്തുക്കളായിരിക്കും. പോരെ. ”

പിന്നെ കുറച്ചു നേരത്തേക്ക് സാറൊന്നും പറഞ്ഞില്ല.

“ഇങ്ങനെ നടുറോഡിൽ നിക്കാനാണോ ഉദ്ദേശം. എനിക്ക് രാധിക ടീച്ചറുടെ വീടറിയില്ല. നമ്മളൊക്കെ ഫ്രണ്ട്സല്ലേടോ കൂട്ടുകാരിക്ക് അസുഖയാൽ ഒന്ന് പോയികാണണ്ടെ. കേറടോ.വഴി അറിയതോണ്ടാടോ. ”

ഇപ്പോളാണ് സമാധാനമായത്. സന്തോഷത്തോടെ ഞാൻ സാറിന്റെ കൂടെ ബൈക്കിൽ കയറി. പഴയത് പോലെ ഓരോന്ന് പറഞ്ഞു ഞങ്ങൾ രാധൂന്റെ വീട്ടിലെത്തി.

ബൈക്കിന്റെ ശബ്ദം കേട്ട് രാധു വീടിന്റെ പിറകിൽനിന്നും ഓടിവന്നു.

എന്തോ പണിയിലായിരുന്നെന്ന് അവളുടെ രൂപം കണ്ടിട്ട് തോന്നി. എന്റെ കൂടെ വിനോദ് സാറിനെ കണ്ട് അവൾ അന്തം വിട്ട് നിന്നു. സാർ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.

“പ്രിയ ഇവിടെ ആർക്കാ പനിയാണെന്ന് പറഞ്ഞത്.? ”

“പണിയൊക്കെ ഭേദമായി. ഞാൻ സ്കൂളിലേക്ക് വരാനിരുന്നതാ ഇവളും അമ്മയും കൂടി പിടിച്ചിരുത്തിയതാണ്.സാർ വരൂ. ”

ഞങ്ങൾ വീട്ടിലേക്ക് കയറി. സാർ വേഗം ഉമ്മറത്തെ തിണ്ണയിൽ സ്ഥലം പിടിച്ചു. രാധുവിനെ സാറിനോട് സംസാരിക്കാൻ ഏൽപ്പിച്ച് ഞാൻ അകത്തേക്കു പോന്നു.

അമ്മ അടുക്കളയിൽ അവിൽ നനക്കുകയായിരുന്നു. രാഗിയും രഘുവും വരുമ്പോൾ കൊടുക്കാൻ. വിനോദ് സാർ വന്ന കാര്യം അമ്മയോട് പറഞ്ഞു കുറച്ചു ചായയുണ്ടാക്കി.

ഒരു ഗ്ലാസിൽ ചായ പകർന്നു എടുത്തപ്പോൾ അമ്മ ഒരു പ്ലേറ്റിൽ കുറച്ചു അവിലും എടുത്തുവെച്ചിരുന്നു.

ഞങ്ങൾ അതുംകൊണ്ട് ഉമ്മറത്തേക്ക് നടന്നു. പനിക്കാരി സാറുമായി നല്ല കത്തിയിലാണ്.

“ഇനി എന്തെങ്കിലും കുടിച്ചിട്ടാവാം. ”
ഞാൻ പറഞ്ഞു.

“ആഹാ… ഇതെന്താ അവിൽ നനച്ചതോ. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഐറ്റമാണ്. ഇങ്ങു തന്നേ. ”

സാറിന് ഇഷ്ടവുമോ എന്നു സംശയിച്ചാണ് അത് കൊണ്ടുപോയത്. സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സാർ അത് ആസ്വദിച്ചു കഴിച്ചു.

അമ്മയോടും ഒരുപാട് സംസാരിച്ചു. കുറച്ചു കഴിഞ്ഞു ഞങ്ങൾ അവിടുന്നു പോന്നു.

എനിക്ക് അവിടുന്ന് നടക്കാനുള്ള ദൂരമേയുള്ളൂ വീട്ടിലേക്ക്. അതുകൊണ്ട് എന്നെ ഞങ്ങളുടെ ബസ് സ്റ്റോപ്പിൽ ഇറക്കിതന്നു.

“അപ്പൊ ശരി സാർ. നാളെ കാണാം. ”

“ശരി. പിന്നെ പ്രിയ…. ”

“എന്താ സാർ? ”

“രാവിലെ ആരായിരുന്നു ഫോണിൽ…. ”

ഞാൻ സാറിനെയൊന്ന് കൂർപ്പിച്ചു നോക്കി. അപ്പോൾ സാർ പറഞ്ഞു.

“ഭയങ്കര സന്തോഷത്തിൽ സംസാരിക്കുന്നത് കണ്ടു. ”

“അതെന്റെ ഫ്രണ്ടാണ്. ഫ്രണ്ട് എന്ന് പറഞ്ഞാൽ കുഞ്ഞിലേ മുതലുള്ള കൂട്ടുകാരി. പഠിച്ചതും വളർന്നതുമൊക്കെ ഒരുമിച്ചാണ്. B.ed ന് മാത്രം വേർപിരിഞ്ഞു. പിന്നെ ദാ ഇപ്പോഴും.”

“ആൾടെ പേര്? ”

“രേവതി. സാറിന് അറിയുമോ? ”

“ഏയ്‌….. ഇല്ല. എവിടെയോ കണ്ടതുപോലെ തോന്നി അതാ ചോദിച്ചത്. ഞാനുദ്ദേശിച്ച ആളല്ല. ”

“മ്മ്മ്…. ”

“എന്നാ ശരി. ബൈ. ”

സാറിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് കടുവയുടെ ജീപ്പ് അതിലൂടെ വന്നത്. കടുവ വിനോദ് സാറിനെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.

വണ്ടി ഞങ്ങളെ കടന്നുപോയെങ്കിലും സൈഡ് മിററിലൂടെയുള്ള കടുവയുടെ നോട്ടം ഞങ്ങളിൽ തന്നെയായിരുന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6