Tuesday, January 21, 2025
Novel

മിഴിനിറയാതെ : ഭാഗം 28

എഴുത്തുകാരി: റിൻസി പ്രിൻസ്

സാറിന് എന്താ ഡോക്ടറോട് ഇത്ര കലിപ്പ്? “അതൊരു പഴയ കഥയാ? കുറച്ച് പഴക്കമുള്ളതാ, ഞാൻ പറയാം . ” എൻറെ അച്ഛനും ആദിയുടെ അച്ഛനും നല്ല സുഹൃത്തുക്കളായിരുന്നു, കുടുംബപരമായും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു, ആദിയുടെ അച്ഛൻ ബിസിനസ്സിൽ ചെറുതായി ഒന്ന് പൊട്ടി കുറച്ച് കഷ്ടപ്പാടുകൾ ഒക്കെ വന്നു നിൽക്കുന്ന സമയത്താണ് പ്രശ്നങ്ങൾ തുടങ്ങിയത്, പൂർവ്വികമായ കുടുംബസ്വത്ത് ഉള്ളതുകൊണ്ട് പുള്ളി അറിയാത്ത ബിസിനസ്സിൽ ഇട്ടു മുഴുവൻ കടം കയറിപ്പോയി.

പിന്നീട് ഒന്നും ഇല്ലാതെ വന്നപ്പോൾ എൻറെ അച്ഛൻ സഹായിച്ചു, ബിസിനസ് തുടങ്ങാൻ കുറച്ച് പണം കടം നൽകി, അതിനു ശേഷം അയാൾക്ക് ആവശ്യമുള്ളതെല്ലാം അച്ഛൻ നൽകി, താമസിക്കാൻ വീട്, അയാളുടെ മകന് എന്റെ സ്കൂളിൽതന്നെ അഡ്മിഷൻ, അങ്ങനെ എല്ലാം, കുറച്ചുകാലം അവർ താമസിച്ചതും ഞങ്ങളുടെ വീട്ടിലായിരുന്നു,ആദിയുടെ അച്ഛൻ ആ ബിസിനസ്സിൽ ശോഭിച്ചു ,അയാൾ വച്ചടി വച്ചടി കയറി ,അപ്പോൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല എന്റെ അച്ഛൻ ആത്മഹത്യയുടെ വക്കിലായിരുന്നു, അയാൾ അച്ഛനെ പറ്റിക്കുകയായിരുന്നു, അപ്പോഴേക്കും എൻറെ അച്ഛനും അമ്മയും ഒരു മുഴം കയറിൽ ജീവനൊടുക്കാൻ തീരുമാനിച്ചു, പക്ഷേ അവിടെയും വിധി ചതിച്ചു,

അമ്മ മാത്രം മരിച്ചു, അച്ഛൻ പകുതിയോളം തളർന്ന് കിടപ്പിലായി, ഇപ്പോഴും കിടപ്പിലാണ്, ഇവിടെ അല്ല വയനാട്ടിൽ തണൽ എന്ന് പറഞ്ഞ ഒരു വൃദ്ധസദനത്തിൽ, അച്ഛനെ കാണാനായി ഞാൻ ഏല്ലാ മാസവും ഞാൻ പോകും, അച്ഛനെ ഓരോ വട്ടം കണ്ടിട്ട് വരുമ്പോഴും എൻറെ മനസ്സിലെ പക കൂടും, ആളുകൾ എല്ലാവരും പറഞ്ഞു അയാളെ അച്ഛനൃ പറ്റിച്ചാണ് ഈ കണ്ടതൊക്കെ നേടിയതെന്ന്, ആളുകളുടെ വായ് അടപ്പിക്കാൻ അനാഥനായ എന്നെ ഏറ്റെടുത്തു സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിച്ചു, അയാളുടെ മകനും എനിക്കും ഒരേ വിദ്യാഭ്യാസം നൽകി,കപട സ്നേഹം ചാലിച്ച വാക്കുകളിലൂടെ എന്നെ അയാളുടെ പക്ഷത്ത് നിർത്താൻ നോക്കി ,പക്ഷേ അപ്പോഴെല്ലാം എൻറെ മനസ്സിലെ പക അണയാതെ തന്നെ കിടന്നു,

അയാളുടെ തലമുറ അറ്റ് പോകണം രവീന്ദ്ര വർമ്മയുടെ തലമുറ ഈ ഭൂമിയിൽ അവശേഷിക്കുവാൻ പാടില്ല, അതിനാൽ ആദി ഇല്ലാതാകണം, അവൻ ഒരു വിവാഹം കഴിക്കാൻ പാടില്ല , അതാണ് എൻറെ ലക്ഷ്യം , അവൻറെ കണ്ണിലെ പക എരിഞ്ഞു , “ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഇതിനു പുറകിൽ ഉണ്ടായിരുന്നു അല്ലേ ? ദത്തൻ ചോദിച്ചു ” ഉണ്ടായിരുന്നു….. അത് പോട്ടെ തനിക്ക് സ്വാതിയുടെ അമ്മ അല്ലായിരുന്നു ഇഷ്ടം പിന്നെ എന്താ അവരെ കല്യാണം കഴിക്കാൻ ശ്രമിക്കാഞ്ഞത്? “ആരു പറഞ്ഞു…? കഴിക്കാൻ ശ്രമിച്ചില്ലെന്ന്, അവളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഞാൻ അവിടേക്ക് ചെന്നത് തന്നെ,

പക്ഷേ ആ വിവാഹത്തിന് അവൾ സമ്മതിച്ചില്ല, പിന്നെ ചേട്ടത്തി നിൽക്കുമ്പോൾ അനിയത്തിയെ കെട്ടിക്കാൻ പറ്റില്ലെന്ന് അവളുടെ അപ്പൻ, പിന്നെ ചേച്ചി മതീന്ന് വിചാരിച്ചു , അവളെ കണ്ടോണ്ടാ ഞാൻ അതിന് സമ്മതിച്ചത് തന്നെ, പക്ഷേ അപ്പോഴേക്കും അവൾ പോയി, പിന്നെ തിരക്കാൻ ഒന്നും പോയില്ല, പിന്നെ അവളെ കാണുന്നത് ഗർഭിണിയായി നാട്ടിൽ വന്നപ്പോൾ ,കുറച്ചുനാൾ കൂടി കഴിയുമ്പോൾ അവളെ എങ്ങനെയെങ്കിലും വിവാഹം കഴിക്കാമെന്ന് ആഗ്രഹിച്ചു,അത്രയ്ക്ക് മോഹമായിരുന്നു അവൾ, ദത്തൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു അപ്പൊൾ ദാ വരുന്നു ഒരുത്തൻ, അവളെം കൊച്ചിനേം കൂടി ഏറ്റെടുത്തോളാം എന്ന് പറഞ്ഞു, പിന്നെ അവനെ ഒതുക്കാനായി ശ്രമം ” അതാരാ ആ മഹാമനസ്കൻ?

വിജയ് ആകാംക്ഷയോടെ ചോദിച്ചു, വേറെ ആരുമല്ല സാറിനെ അന്ന് ഹോസ്പിറ്റലിൽ വന്നു കണ്ടില്ലേ ആ വള്ളി തന്നെ , വേണു ,ഭയങ്കര ഇഷ്ടമാണ് അവന് സീതയെ കല്യാണത്തിന് മുമ്പും അതിനു ശേഷവും, സീത ഗർഭിണിയായി വന്നു നിൽക്കുന്ന സമയത്ത് ഏതാണ്ട് പ്രശ്നത്തിൽ വേണുവിന്റെ ഭാര്യ പിണങ്ങിപ്പോയ സമയം ആയിരുന്നു, ആ സമയത്ത് തറവാട്ടിൽ വന്നു സീതയെ വിവാഹം കഴിക്കാൻ ആലോചിച്ചു .കുഞ്ഞിനെ നോക്കാൻ അവനു കുഴപ്പമില്ല എന്ന് പറഞ്ഞു, പക്ഷേ അവൾ സമ്മതിച്ചില്ല, സ്വാതി ഇല്ലാതെ ഇനി വേറൊരു ജീവിതം വേണ്ട എന്ന് അവൾ തീരുമാനിച്ചു, “ഓഹോ അങ്ങനെ ഒരു കഥ ഇതിൽ ഉണ്ടോ

“അവളോടുള്ള പ്രേമത്തിന്റെ സ്മാരകമായിട്ടല്ലേ,അവൻ അവളുടെ മോളെ സഹായിച്ചു കൊണ്ട് നടക്കുന്നത്, അതോ കൊച്ചുപെണ്ണ് അല്ലേ വേറെ എന്തെങ്കിലും പ്രതീക്ഷിച്ചാണൊന്ന് അറിയില്ലല്ലോ? പകൽമാന്യൻ ആണ്, “അയാൾ അങ്ങനെ ഒരു കുഴപ്പക്കാരനാണ് എന്നൊന്നും എനിക്ക് തോന്നിയില്ല കണ്ടിട്ട്, “ആയ കാലത്ത് കുറെ ഉഡായിപ്പുകൾ ഒക്കെ കാണിച്ചിട്ടുണ്ട് സാറേ നാട്ടുകാർ പറയുന്നതാണ് എനിക്ക് അതിനെ പറ്റി ഒന്നും ശരിക്ക് അറിയില്ല, എന്നാണെങ്കിലും എനിക്ക് ഭയങ്കര കലിപ്പാ , ഒരിക്കൽ ഒന്ന് മുട്ടിയതാണ്, “ഇതൊക്കെയാണെങ്കിലും തന്റെ വീട് എവിടെയാണ് ശരിക്കും, വീട്ടിൽ ആരുമില്ലേ? ഭാര്യവീട്ടിൽ ആണല്ലോ? “എൻറെ വീട് എന്ന് പറയുന്നത് കൊല്ലത്ത് ആണ് സാറേ,

അമ്മ മരിച്ചിട്ട് ഞാൻ ഞാൻ പിന്നെ അവിടെ പോയിട്ടില്ല, ആകെയുണ്ടായിരുന്ന കുറച്ച് സ്ഥലം അനിയൻ കയ്യടക്കി വെച്ചിരിക്കുകയാണ്, ഞാൻ കേസ് പറഞ്ഞിരിക്കുകയാണ്, ഇനി ഈകേസും കൂട്ടവും ഒക്കെ കഴിഞ്ഞിട്ട് വേണം, “അപ്പോ മൊത്തത്തിൽ തനിക്കൊരു ശരിയായ ബാഗ്രൗണ്ട് അല്ല , “അങ്ങനെ ആയി പോയതാ സാറേ, സേലതൊക്കെ പോയി കഴിഞ്ഞപ്പോൾ നിയന്ത്രിക്കാൻ ആരും ഇല്ലാതെ വന്നപ്പോൾ അങ്ങനെ ആയിപ്പോയി, “ശരി ഞാൻ ഇറങ്ങുവാ, തനിക്ക് ആവശ്യമുള്ള ഒക്കെ ഞാൻ ഇവിടെ എത്തിക്കാം, ഇവിടുന്ന് പുറത്തേക്കിറങ്ങണ്ട , “സാറെ സ്വാതിയുടെ കാര്യം ഏങ്ങനെയാ? ഇനിയിപ്പോ അവിടെ വന്ന് എനിക്ക് നേരിട്ട് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ” ഞാൻ പറഞ്ഞില്ലേ ഞാൻ ഏറ്റു ,

“അതുമതി സാറേ, അയാൾ തല ചൊറിഞ്ഞു ” തനിക്ക് കാശ് വല്ലതും വേണോ? ” എന്തെങ്കിലും കിട്ടിയാൽ കൊള്ളാമായിരുന്നു, വിജയ് പേഴ്സിൽ നിന്ന് രണ്ടായിരത്തിന്റെ മൂന്ന് നോട്ട് എടുത്ത് അയാളുടെ കയ്യിൽ വെച്ച് കൊടുത്തു , “സാറേ വേണമെങ്കിൽ നമുക്ക് ആ ഡോക്ടറെ തട്ടി കളയാം, സാർ കേസ് പറഞ്ഞാൽ മതി എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല , “ആ സ്റ്റേജ് ആയിട്ടില്ലടൊ, ഞാൻ പറയാം, ഇപ്പൊ ഞാൻ പറയുന്നത് കേട്ട് നിന്നാ മതി, എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ തന്നെ ഞാൻ വിളിക്കും, എൻറെ കൂടെ നിന്നാൽ തനിക്ക് ഗുണം ഉണ്ടാവും, കൊല്ലാൻ ആണെങ്കിൽ പിന്നെ എനിക്ക് നേരത്തെ ആകാരുന്നല്ലോ? അതല്ല അയാളുടെ വംശം അറ്റു പോകണം,

വിവാഹം കഴിക്കാതെ ഈ ഭൂമുഖത്തെ രവീന്ദ്ര വർമ്മയുടെ തലമുറ നിൽക്കണം ഒന്നും പറ്റിയില്ലെങ്കിൽ നമ്മൾക്ക് എന്തെങ്കിലും ചെയ്യാം അത്രയും പറഞ്ഞ് വിജയ് കാറിലേക്ക് കയറി ******* രാവിലെ പ്രിയ നേരത്തെ ഉണർന്ന് കുളിയൊക്കെ കഴിഞ്ഞ് പത്മയുടെ അടുത്ത് ചെന്ന് അടുക്കളയിൽ ഇരുന്നു, ” എന്താ മോളെ നിൻറെ മുഖത്ത് ഒരു വിഷമം പോലെ, അവർ മകളുടെ തല മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചു, “അമ്മയ്ക്ക് തോന്നുന്നതാ, അവൾ മറുപടി പറഞ്ഞു “അമ്മയ്ക്ക് തോന്നിയതല്ല, ഏതായാലും പത്തിരുപതിയഞ്ച് വർഷമായി നിന്നെ അമ്മ കാണാൻ തുടങ്ങിയതല്ലേ ,

“അമ്മേ എനിക്ക് അമ്മയോടെ ഒരു കാര്യം പറയാനുണ്ട്, അമ്മയോട് പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സിൽ ഇരുന്നത് വിങ്ങും, ” എന്താണെങ്കിലും അമ്മയോട് പറ പ്രിയ, അവൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു, ആദിയുടെ വീട്ടിൽ സ്വാതി വന്നത് അടക്കം, “ഇതിൽ അമ്മ ഒരിക്കലും ആദിയെ കുറ്റം പറയില്ല മോളെ , മോൾ അവനോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല,പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ സൗഹൃദം തന്നെ അവസാനിച്ചേനേ എന്നാണ് അമ്മയ്ക്ക് തോന്നുന്നത്, ആദി നിന്നെ ഒരിക്കലും ആ രീതിയിൽ കാണും എന്ന് എനിക്ക് തോന്നുന്നില്ല, എല്ലാം അറിഞ്ഞപ്പോൾ അവൻറെ മനസ്സിൽ മറ്റൊരു പെണ്ണിനോട് സ്നേഹം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ നീ ചെയ്തത് തന്നെയാണ് ശരി,

“അത് തന്നെയാണ് എൻറെ മനസാക്ഷിക്കും തോന്നിയത്, അതുകൊണ്ട് ഞാൻ അങ്ങനെ ചെയ്തത്, ” മോളെ നമ്മുടെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ, പത്മ അവളെ ആശ്വസിപ്പിച്ചു “പിന്നെ ഒരു നഷ്ടപ്രണയം ഏതോ ഒരു മനുഷ്യൻ്റെ ജീവിതത്തിലും ഉണ്ടാകും, അമ്മ ഒരു കാര്യം പറയട്ടെ,ഇപ്പോഴത്തെ നിൻറെ മാനസികാവസ്ഥയിൽ പറയാൻ പാടില്ല, എങ്കിലും അമ്മ അന്ന് ഒരു കാര്യം പറഞ്ഞത് ഓർക്കുന്നില്ലേ,ഒരു അലൈൻസ് കാര്യം , അവന് കുറേക്കാലമായി നിന്നെ അറിയാം, നിന്നെ ഇഷ്ടമാണ്, അങ്ങനെയാണ് അമ്മയോടും അച്ഛനോടും ഈ കാര്യം പറയുന്നത്,

ഒന്ന് വന്ന് കാണാൻ അമ്മ പറഞ്ഞു , മോളെ ഒന്ന് കണ്ടു നോക്കൂ, ഇഷ്ടമായില്ലെങ്കിൽ നമുക്ക് സ്റ്റോപ്പ് ചെയ്യാം , “അങ്ങനെ ഒരു പെണ്ണ് കാണൽ ഒന്നും എനിക്ക് നിന്ന് തരാൻ പറ്റില്ല, ” അങ്ങനെ ഒരു പെണ്ണുകാണൽ ഒന്നും വേണ്ട, നിങ്ങൾ രണ്ടുപേരും മാത്രം നിനക്ക് എവിടെയാണ് ഇഷ്ടം എന്ന് പറഞ്ഞാൽ അവിടെ ,വീട്ടിൽ വച്ച് വേണ്ട ,പുറത്തെവിടെയെങ്കിലും വച്ച്, “അങ്ങനെയാണെങ്കിൽ ഒരു കൈ നോക്കാം, “അതുമതി പത്മയ്ക്ക് ഉത്സാഹമായി “പിന്നെ ഒരു കാര്യം എനിക്ക് ഇഷ്ടമായില്ലെങ്കിൽ അത് അവിടെ തന്നെ സ്റ്റോപ്പ് ചെയ്യണം,അല്ലാതെ എന്നെ ഫോഴ്സ് ചെയ്യരുത് , “നിന്നെ പണ്ടുമുതലേ ഞാനോ അച്ഛനോ എന്തെങ്കിലും കാര്യത്തിന് ഫോഴ്സ് ചെയ്തിട്ടുണ്ടോ?

അപ്പൊ പിന്നെ നിൻറെ ലൈഫിലെ ഏറ്റവും ഇംപോർട്ടഡ് ആയ കാര്യത്തിന് ഞങ്ങൾ നിന്നെ ഫോർസ്സ് ചെയ്യുമോ? ഇഷ്ടമല്ലെങ്കിൽ വേണ്ട ,ജസ്റ്റ് ഒന്ന് കണ്ടു നോക്ക്, “ശരി സമ്മതിച്ചു, എവിടെ വെച്ച് കാണണമെന്ന് ഞാൻ ആലോചിച്ചിട്ട് പറയാം “മതി പക്ഷേ ഒരുപാട് വെെകരുത് ” ഇല്ല അവൾ അവർക്കൊരു ഉമ്മ നൽകി റൂമിലേക്ക് പോയി പത്മയുടെ ഹൃദയം നിറഞ്ഞു , ***** സ്വാതി രാവിലെ ഉണർന്ന് കുളികഴിഞ്ഞ് പൂജാമുറിയിൽ നിലവിളക്ക് കത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാർവതിയമ്മ അവിടേക്ക് വന്നത് ” മോൾ ഇത്ര രാവിലെ എഴുന്നേൽക്കുമോ? “ഉവ്വ് അമ്മേ, അത് കുറെ വർഷങ്ങളായി ഉള്ള ശീലമാണ്, ” ഇപ്പോഴത്തെ പെൺകുട്ടികൾ ആരും ഇത്ര നേരത്തെ ഉണരാറില്ല, അതുകൊണ്ടാ അമ്മ ചോദിച്ചത്,

പൂജാമുറിയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം രണ്ടുപേരും പൂജാ മുറി വിട്ടിറങ്ങി, പാർവതി അമ്മ നേരെ അടുക്കളയിലേക്ക് പോയി, സ്വാതി അവരെ അനുഗമിച്ചു, അവർ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് കാപ്പി ഉണ്ടാക്കാനായി തുടങ്ങി “ഞാൻ എന്താണ് അമ്മേ ചെയ്യേണ്ടത്? സ്വാതി അവരോട് ചോദിച്ചു ” ഒന്നും ചെയ്യേണ്ട മോളെ, ഇവിടെ ജോലിക്ക് ആളൊക്കെ ഉണ്ടായിരുന്നു, എല്ലാവരേം ഞാന് പറഞ്ഞു വിട്ടതാ, ഇവിടെ എനിക്ക് ചെയ്യാവുന്ന ജോലികൾ അല്ലെ ഉള്ളു, ആരെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞിരിക്കാൻ ഉണ്ടെങ്കിൽ പെട്ടെന്ന് ജോലികളൊക്കെ തീരും, മോളെവിടെ ഇരുന്ന് എന്നോട് സംസാരിച്ചാൽ മതി, ആദി കാപ്പി കുടിക്കാനായി താഴേക്കിറങ്ങി വരുകയുള്ളൂ, അവൻ നേരത്തെ ഉണരും,

രാവിലെ കുളി ഒക്കെ കഴിഞ്ഞ് താഴെ ഇറങ്ങി വരും, കുട്ടിക്കാലം മുതലുള്ള ശീലങ്ങൾ,ആക്സിഡന്റിന് മുൻപ് നേരത്തെ എഴുന്നേറ്റ് കുളിച്ച് ജോഗിങ് ഒക്കെ പോകുമാരുന്നു ഇപ്പൊൾ അതൊന്നുമില്ല, പെട്ടെന്ന് ആദി രാവിലെ അവളോടൊപ്പം ജോഗിങിന് പോകുന്ന കാര്യം ഓർമയിൽ തെളിഞ്ഞു, “മോൾ എന്താണ് ഓർത്തുകൊണ്ട് ഇരിക്കുന്നത്, ചൂടുള്ള ഫിൽറ്റർ കോഫി പകർന്ന് അവൾക്ക് നൽകി കൊണ്ട് പാർവതി അമ്മ ചോദിച്ചു, ” വെറുതെ പഴയ കാര്യങ്ങളൊക്കെ അവൾ മറുപടി പറഞ്ഞു കുറേനേരം അടുക്കളയിൽനിന്ന് പാർവതി അമ്മയോട് ഓരോന്നൊക്കെ പറഞ്ഞും ചെറിയ ചെറിയ സഹായങ്ങൾ ഒക്കെ ചെയ്തും അവൾ കുറേ സമയം ചിലവിട്ടു ,

“മോൾക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ നമുക്ക് വൈകുന്നേരം പുറത്ത് പോകാം, “എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും വാങ്ങാൻ ഇല്ല അമ്മേ “അതൊന്നും പറഞ്ഞാൽ പറ്റില്ല നമുക്ക് പോകണം, എനിക്ക് കുറെ സാധനങ്ങൾ നിനക്ക് വാങ്ങി തരാൻ ഉണ്ട്, അവർ ഉത്സാഹത്തോടെ പറഞ്ഞു, വീണ്ടും കുറെ സമയങ്ങൾക്ക് ശേഷം ആണ് ആദി താഴെ ഇറങ്ങി വന്നത്, പാർവ്വതിയമ്മ അവന് കോഫീ നൽകി, അവൻ കോഫിയും കൊണ്ട് വെളിയിലേക്ക് ഇറങ്ങി, അവിടെ പൂന്തോട്ടത്തിൽ ചെടി നനച്ചുകൊണ്ട് പിന്തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെ കണ്ടു,

അവൾ തിരിഞ്ഞു നിൽക്കുന്നതിനാൽ അവളുടെ മുഖം അവന് വ്യക്തമായിരുന്നില്ല, അവൻ കുറെ നേരം അവളെ തന്നെ നോക്കി നിന്നു, ഇതായിരിക്കും അമ്മാവൻറെ മകൾ എന്നും പറഞ്ഞ് ഇവർ ഇന്നലെ കൂട്ടിക്കൊണ്ടുവന്നത്, എന്ന് അവൻ മനസ്സിൽ ആലോചിച്ചു , സ്വാതി പുറം തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ നിൽക്കുന്ന ആദിയെയാണ് കണ്ടത് , സ്വാതിയെ കണ്ടതും അവൻ ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.. (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 27