മഴപോലെ : ഭാഗം 2
നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി
” അച്ചൂ മതിയൊരുങ്ങീത് വന്ന് വല്ലതും കഴിക്കാൻ നോക്ക് ആദ്യ ദിവസായിട്ട് നേരം പോകണ്ട. ”
അടുക്കളയിൽ നിന്നും ശ്രീദേവിയുടെ വിളി കേട്ട് നെറ്റിയിലെ കറുത്ത കുഞ്ഞ് പൊട്ടിന് മുകളിലായി ഒരു മഞ്ഞൾ കുറി കൂടി തൊട്ട് അർച്ചന വേഗം അങ്ങോട്ടോടി.
” വന്നിരുന്ന് കഴിക്ക് പെണ്ണേ സമയം കളയാതെ ”
അടുക്കളയിലേക്ക് കയറി വന്ന അവളെക്കണ്ട് ചൂട് ഇലയട മേശപ്പുറത്തേക്ക് എടുത്ത് വച്ചുകൊണ്ട് ശ്രീദേവി പറഞ്ഞു.
” സമയൊക്കെ ഇഷ്ടം പോലെയുണ്ടെന്റമ്മേ ”
ചിരിയോടെ കസേര വലിച്ചിട്ടിരുന്നുകൊണ്ട് അവൾ പറഞ്ഞു.
” അല്ല അച്ഛനെവിടെ ? ”
ചൂട് ഇലയട ഇലയിൽ നിന്നും അടർത്തി ചൂടൂതി വായിലേക്ക് വച്ചുകൊണ്ട് അവൾ ചോദിച്ചു.
” അച്ഛൻ പറമ്പിലോട്ടിറങ്ങി ”
കറിക്ക് നുറുക്കിക്കോണ്ടിരുന്ന ശ്രീദേവി പറഞ്ഞു.
” മ്മ്മ്… മതിയമ്മേ ഞാൻ പോണു ”
പറഞ്ഞുകൊണ്ട് കഴിപ്പ് നിർത്തി അവൾ വേഗം കയ്യും കഴുകി ധൃതിയിൽ പുറത്തേക്ക് ഓടി.
” ഈ പെണ്ണ് വന്നുവന്ന് ഇപ്പോ ഒരുവക തീറ്റയും കുടിയുമില്ലല്ലോ എന്റെ ദൈവങ്ങളെ ”
അവളുടെ പോക്ക് നോക്കി നിന്നുകൊണ്ട് ആരോടെന്നില്ലാതെ ശ്രീദേവി സ്വയം പറഞ്ഞു. അർച്ചന ബസ്സ്റ്റോപ്പിൽ എത്തിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു.
നല്ല തിരക്കായിരുന്നെങ്കിലും സമയം പോകേണ്ടെന്ന് കരുതി അവളും അതിൽ തന്നെ കയറി.
കോളേജിന് മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ തന്നെ കണ്ടു വലിയ ആർച്ച് വച്ച കോളേജിന്റെ പ്രധാനകവാടം.
ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന കോൺക്രീറ്റ് റോഡിനിരുവശവുമായി നിറയെ പൂത്തുലഞ്ഞ വാകമരങ്ങൾ തണൽ വിരിച്ച് നിന്നിരുന്നു.
രാഷ്ട്രീയ സ്വാധീനം വിളിച്ചോതുന്ന വെള്ള പൂശിയ മതിലുകളിൽ വിദ്യാർത്ഥി നേതാക്കളുടെ ചിത്രങ്ങളും പേരുകളും നിറഞ്ഞിരുന്നു . പല നിറങ്ങളിലുള്ള കൊടി തോരണങ്ങൾ കാറ്റിൽ പാറിക്കളിച്ചിരുന്നു.
” ഫസ്റ്റ് ഇയർ ആണോ ? ”
ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ തന്റെ കലാലയത്തിന്റെ ഓരോ മൂലയും മനസ്സിൽ പകർത്തിക്കോണ്ടിരുന്ന അർച്ചന ആ ചോദ്യം കേട്ട് പെട്ടന്ന് തിരിഞ്ഞ് നോക്കി. പിന്നിൽ പുഞ്ചിരിയോടെ ഒരു പെൺകുട്ടി നിന്നിരുന്നു .
” മ്മ്മ്.. ”
അവളെ നോക്കി പുഞ്ചിരിയോടെ അർച്ചന മൂളി.
” ഞാൻ അമൃത എന്താ പേര് ? ”
സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവൾ ചോദിച്ചു.
” അർച്ചന ”
അവളോടൊപ്പം മുന്നോട്ട് നടക്കുമ്പോൾ അർച്ചന പറഞ്ഞു.
” ദേ അത് കണ്ടോ സീനിയേഴ്സാണെന്ന് തോന്നുന്നു. പുതിയ പിള്ളേരെ റാഗ് ചെയ്യാനുള്ള ഇരുപ്പാ. ഇവന്മാരിനി എന്തൊക്കെ കോലം കെട്ടിക്കുമെന്ന് ദൈവത്തിനറിയാം. ”
പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ അർച്ചനയുടെ കയ്യിൽ പിടിച്ചുകൊണ്ട് ശബ്ദം താഴ്ത്തി അമൃത പറഞ്ഞു.
അവൾ പറഞ്ഞിടത്തേക്ക് അർച്ചനയും നോക്കി. അവിടെ ബൈക്കുകൾ നിരത്തിവച്ച് ഒരുകൂട്ടം ആൺകുട്ടികൾ ഇരുന്നിരുന്നു.
റാഗിംഗ് ആണെന്ന് അവരുടെ മുന്നിൽ നിന്നിരുന്ന മറ്റുകുട്ടികളുടെ ഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.
” നമുക്ക് അങ്ങോട്ട് നോക്കണ്ട വേഗമങ്ങ് പോകാം ”
അമൃതയുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നുകൊണ്ട് അർച്ചന പറഞ്ഞു. പേടിച്ചുപേടിച്ച് അമൃത അവളുടെ പിന്നാലെ നടന്നു.
” ഹലോ എങ്ങോട്ടാ ചേച്ചിമാരിത്ര തിരക്കിട്ട് അങ്ങനങ്ങ് പോയാലോ ഈ ചേട്ടന്മാരെയൊക്കെ ഒന്ന് പരിചയപ്പെട്ടിട്ട് പോയാൽ പോരെ ? ”
പെട്ടന്ന് അവരുടെ മുന്നിൽ കയറി വട്ടം നിന്നുകൊണ്ട് കൂട്ടത്തിൽ മെലിഞ്ഞ ഒരുത്തൻ ചോദിച്ചു. പെട്ടന്ന് അവരുടെ കാലുകൾ നിശ്ചലമായി. അമൃതയുടെ കൈകൾ കിലുകിലെ വിറക്കാൻ തുടങ്ങി.
” എന്താ മോളുടെ പേര് ? ”
വിറച്ചുകൊണ്ട് നിന്ന അമൃതയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.
” അ… അമൃത ”
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
” മോളുടെയോ ? ”
അർച്ചനയുടെ നേരെ തിരിഞ്ഞുകൊണ്ട് അവൻ ചോദിച്ചു.
” അർച്ചന ”
അവന്റെ മുഖത്തേക്ക് നോക്കാതെ ഇഷ്ടക്കേടോടെ അവൾ പറഞ്ഞു.
” മോൾക്കെന്താ ഒരു ദേഷ്യം പോലെ ? ”
അവളെ അടിമുടി നോക്കി കവിളിൽ പതിയെ തൊട്ടുകൊണ്ട് അവൻ ചോദിച്ചു.
” പെൺകുട്ടികളുടെ ദേഹത്ത് തൊട്ടേ നിനക്ക് സംസാരിക്കാനറിയുള്ളോ ? ”
അവന്റെ കൈ തട്ടി മാറ്റി അവനെ തുറിച്ചുനോക്കിക്കൊണ്ട് ശബ്ദം അല്പം ഉയർത്തി അവൾ ചോദിച്ചു.
” ആഹാ മോളാകെ ദേഷ്യത്തിലാണല്ലോ ഒന്ന് തൊട്ടാലുരുകുന്നതാണോ ഈ ബോഡി എന്നാൽ അതൊന്നറിയണമല്ലോ ”
അവളെയൊന്നുഴിഞ്ഞ് നോക്കിക്കൊണ്ട് അവനെ പിന്നിലേക്ക് മാറ്റി അവൾക്കരികിലേക്ക് വന്നുകൊണ്ട് മറ്റൊരുത്തൻ പറഞ്ഞു. പിന്നെ ഒരു വഷളൻ ചിരിയോടെ അവന്റെ കൈകൾ അർച്ചനയുടെ അരക്കെട്ടിന് നേരെ നീണ്ടുവന്നു.
അവൾ ഭയത്തോടെ പിന്നോട്ട് നീങ്ങി നിരത്തി വച്ചിരുന്ന ബൈക്കുകളിലൊന്നിൽ ഇടിച്ചുനിന്നു. രക്ഷപെടാൻ ഒരു വഴിയും കാണാതെ അവൾ ചുറ്റും നോക്കി. ആ വലിയ മിഴികൾ നീർഗോളങ്ങളായി.
നെറ്റിയിലെ മഞ്ഞൾ കുറി വിയർപ്പിൽ കുതിർന്നു. ചുറ്റും നിന്നിരുന്ന എല്ലാവരുടെ കണ്ണുകളും അങ്ങോട്ട് നീണ്ടു.
അമൃത അർച്ചനയുടെ കയ്യിൽ അമർത്തിപ്പിടിച്ചു. അർച്ചനയുടെ മിഴികൾ നിറഞ്ഞു ശരീരം വിറച്ചു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
” ആഹ്….. അമ്മേ… ”
പെട്ടന്ന് അവനിൽ നിന്നും ഒരു നിലവിളി ഉയർന്നു. ഒരു ഞെട്ടലോടെ അർച്ചന കണ്ണുകൾ തുറന്നു. അവളുടെ നേർക്ക് വന്നവൻ തന്റെ വലതുകൈ ഇടതുകൈ കൊണ്ട് അമർത്തിപ്പിടിച്ച് വേദന സഹിക്കാൻ കഴിയാതെ നിലത്തേക്ക് വീണിരുന്നു അപ്പോഴേക്കും. ഒന്നും മനസ്സിലാകാതെ അവൾ അമ്പരന്ന് ചുറ്റും നോക്കി.
” തൊടാൻ പാടില്ലാത്തിടത്തൊക്കെ നീയങ്ങ് തൊടുമോ? ”
ആ ചോദ്യം ചോദിച്ച ആളിലേക്ക് അർച്ചനയുടെ മിഴികൾ നീണ്ടു. ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ധരിച്ച ഒരാൾ. ഭംഗിയായി ചീകി വച്ചിരുന്ന മുടിയിഴകൾ നെറ്റിയിലേക്ക് വീണുകിടന്നിരുന്നു.
ഒരു കയ്യിൽ വാച്ചും മറ്റേ കയ്യിൽ അല്പം വീതിയുള്ള ഒരു ബ്രേസ് ലെറ്റും കഴുത്തിൽ ഒരു സ്വർണചെയ്നും അവൻ ധരിച്ചിരുന്നു.
” എന്തിനാ മോനെ ഗൗതമാ വല്ല പെൺപിള്ളേരുടേം നേരെ ഈ കൈ നീളുന്നേ ? ”
കയ്യിലിരുന്ന ചെറിയ ഇരുമ്പ് കമ്പി കൊണ്ട് ഇടം കൈവെള്ളയിൽ പതിയെ തട്ടിക്കൊണ്ട് അവൻ ചോദിച്ചു.
” ഡാ നീ കൂടുതൽ ഷൈൻ ചെയ്യണ്ട റാഗിങ് ഈ കോളേജിൽ ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ നീയും നിന്റെ ഗ്യാങ്ങും എന്ത് ചെയ്താലും ചോദിക്കാൻ ആരും വരാറില്ലല്ലോ പിന്നെ ഞാനിവളെ തൊട്ടപ്പോൾ നിനക്കിത്ര പൊള്ളാനെന്താ ? ”
തറയിൽ നിന്നും പതിയെ എണീറ്റ് അടി കൊണ്ടകൈ തടവിക്കൊണ്ട് ഗൗതം ചോദിച്ചു.
” ഡാ പുല്ലേ ഞാനും പുതിയ പിള്ളേരെ റാഗ് ചെയ്തിട്ടുണ്ട്. പക്ഷേ സിദ്ധാർദ്ധിന്റെ കൈ ഒരു പെണ്ണിന് നേരെ നീളുന്നത് നീ കണ്ടിട്ടുണ്ടോ.
ഇമ്മാതിരി പരിപാടിയൊക്കെ ഈ ക്യാമ്പസിൽ ഏതവൻ ചെയ്‌താലും അടിയുറപ്പാ.
അതുകൊണ്ട് മോന്റെ ഇമ്മാതിരി കരവിരുതൊക്കെ അങ്ങ് വീട്ടിൽ വച്ചിട്ട് വന്നാൽ മതി അല്ലേൽ ഇതുപോലെ ഓരോന്ന് കിട്ടും ”
അവന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് സിദ്ധാർഥ് പറഞ്ഞു. അപ്പോഴും അർച്ചനയുടെ കണ്ണുകൾ സിദ്ധാർദ്ധിൽ തന്നെയായിരുന്നു.
” ഇയാള് ക്ലാസ്സിൽ പൊക്കോ അവനിനി ഒന്നിനും വരില്ല പേടിക്കണ്ട ”
അവിടുന്ന് തിരിഞ്ഞുനടക്കാൻ തുടങ്ങിയ സിദ്ധാർഥ് പെട്ടന്ന് അർച്ചനയുടെ നേരെ നോക്കി പറഞ്ഞു. ഒരു ഞെട്ടലോടെ അർച്ചന തല കുലുക്കി.
” ഡീ വാ പോകാം ”
പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് അമൃത പറഞ്ഞു.
” ആ ചേട്ടൻ പൊളിയാ അല്ലേ ? ”
മുന്നോട്ട് നടക്കുമ്പോൾ അമൃത വീണ്ടും ചോദിച്ചു .
” പിന്നെ ഭയങ്കര പൊളിയല്ലേ ഒരുത്തന്റെ കയ്യും തല്ലിയൊടിച്ചിട്ട് പൊളിയാ പോലും ”
നടക്കുന്നതിനിടയിൽ അർച്ചന പറഞ്ഞു.
” നീയെന്ത് സാധനമാടി അങ്ങേര് വന്നില്ലാരുന്നേൽ ഇപ്പൊ കാണാരുന്നു പൊന്നുമോൾടെ ഈ ജാടയൊക്കെ ”
അമൃതയത് പറയുമ്പോൾ അർച്ചന വെറുതെയൊന്ന് ചിരിച്ചു. അവളോടങ്ങനെ പറഞ്ഞെങ്കിലും ക്ലാസ്സിലിരിക്കുമ്പോഴും അർച്ചനയുടെ മനസ്സ് മുഴുവൻ ആ സംഭവമായിരുന്നു.
പുറത്തിറങ്ങിയപ്പോഴൊക്കെയും സ്വയമറിയാതെ അവളുടെ മിഴികൾ സിദ്ധാർദ്ധിനെ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ പിന്നീട് അവനെ ഒരിടത്തും കാണാനുണ്ടായിരുന്നില്ല.
ആദ്യ ദിവസമായത് കൊണ്ട് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും പരസ്പരം പരിചയപ്പെട്ടും ക്യാമ്പസ് ചുറ്റിനടന്ന് കണ്ടുമൊക്കെ സമയം കടന്ന് പോയി.
പലരും പലയിടത്തുനിന്ന് വന്നവർ ആണെങ്കിലും എല്ലാവരും വളരെപ്പെട്ടന്ന് തന്നെ കൂട്ടായി കഴിഞ്ഞിരുന്നു.
” വന്ന് കേറിയതേ ഒരു കോളിളക്കം സൃഷ്ടിച്ചല്ലോ അച്ചൂ നീ ”
കാന്റീനിൽ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോൾ വിദ്യ ചിരിയോടെ ചോദിച്ചു.
” അതിന് ഞാനെന്ത് ചെയ്തെന്നാ ഞാനിതിനിടയ്ക്ക് പെട്ടുപോയതല്ലേ ”
അർച്ചനയുടെ ചോദ്യം കേട്ട് എല്ലാവരും ഒരുമിച്ച് ചിരിച്ചു.
” പൊന്നുമോളേ കോളേജിലെ രണ്ട് മെയിൻ ഗ്യാങ്ങുകളെയാ വന്ന ദിവസം തന്നെ നീ തമ്മിൽ തല്ലിച്ചത്. തല്ലുകൊണ്ട ഗൗതം ലോകഫ്രോഡാണെന്നാ കേൾക്കുന്നത് .നിന്നെയിനി അവന്റെ കയ്യിൽ കിട്ടിയാൽ എടുത്തുടുത്തുടുക്കും ”
അടുത്തിരുന്ന രശ്മിയും പറഞ്ഞു.
” പേടിപ്പിക്കാതെഡീ ശവീ ”
കയ്യിലിരുന്ന ചായ ഒറ്റവലിക്ക് അകത്താക്കിക്കൊണ്ട് അർച്ചന പറഞ്ഞു.
” അല്ല നീയെന്തിനാ പേടിക്കുന്നെ അവൻ വീണ്ടും വന്നാലും രക്ഷിക്കാൻ സാക്ഷാൽ സിദ്ധുവേട്ടനില്ലേ. എന്റെ ബലമായ സംശയം ഒറ്റ നോട്ടത്തിൽ നീയങ്ങേരുടെ ഹൃദയകവാടം തള്ളിത്തുറന്ന് അകത്ത് കയറി. അല്ലേൽ ഒരു ജൂനിയർ പെണ്ണിനെ റാഗ് ചെയ്തേന് ഒരു പാവത്തിന്റെ കൈ തല്ലിയൊടിക്കണോ ”
അർച്ചനയെ നോക്കി ഒരു കള്ളച്ചിരിയോടെ അമൃത പറഞ്ഞു.
” ഓഹോ മനസിലാക്കിക്കളഞ്ഞല്ലോ ന്റെ കാണിപ്പയൂരേ… ”
അവളെ നോക്കി മുഖം വക്രിച്ചുകൊണ്ട് അർച്ചന പറഞ്ഞു. അത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
” വാ പോകാം ഇനിയിവിടിരുന്നാൽ ഇവൾ എന്നേം അങ്ങേരെയും കൂടി കെട്ടിച്ച് ഞങ്ങളെ കുളു മണാലിക്ക് ഹണിമൂണിനും വിടും ”
പറഞ്ഞുകൊണ്ട് അർച്ചന എണീറ്റ് പുറത്തേക്ക് നടന്നു.
” ഡീ അച്ചൂ കുളു മണാലിയൊക്കെ എന്ത് വല്ല പാരിസിലും ആക്കെഡീ ഹണിമൂൺ ”
അമൃത വീണ്ടും പറഞ്ഞു. അവരോടൊപ്പം സംസാരിച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോഴും സിദ്ധുവിനെ ഒന്നുകൂടി കാണണമെന്ന തോന്നൽ അവളിൽ ശക്തിപ്പെട്ടുകൊണ്ടിരുന്നു.
” അമ്മേ ആളൊരു കില്ലാടിയാട്ടോ എന്തൊരടിയാ അടിച്ചേ അവന്റെ കയ്യൊടിഞ്ഞിട്ടുണ്ടാവും ”
വൈകുന്നേരം അടുക്കളയിൽ ശ്രീദേവിക്കരികിലായി ഇരുന്ന് കോളേജിലെ വിശേഷങ്ങൾ പറയുന്നതിനിടയിൽ അർച്ചന പറഞ്ഞു.
” എന്റച്ചൂ നീയിതുതന്നെ എത്രാമത്തെ തവണയാ എന്നോട് പറയുന്നത് ? ”
തേങ്ങ ചിരവിക്കോണ്ടിരുന്ന ശ്രീദേവി അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.
” ശ്ശെടാ അമ്മയപ്പോ അവിടെ വേണമായിരുന്നു ആരായാലും അവനിട്ട് രണ്ട് പൊട്ടിച്ചുപോകും “.
അവൾ വീണ്ടും പറഞ്ഞു.
” നീ തല്ക്കാലം ആരെയും പൊട്ടിക്കാൻ പോണ്ട വെറുതെ ആവശ്യമില്ലാത്ത പ്രശ്നങ്ങളിൽ ചെന്ന് ചാടാതെ മര്യാദക്ക് പോയി പഠിച്ചിട്ടിങ്ങ് പോന്നാൽ മതി ”
ശ്രീദേവി പറഞ്ഞു.
” ശ്ശെടാ ഈ അമ്മേടെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ അവന്മാരെ റാഗ് ചെയ്യാൻ ചെന്നതാണെന്ന് ”
ചിരകിവച്ച തേങ്ങ വാരി വായിലിട്ടുകൊണ്ട് അർച്ചന പറഞ്ഞു.
” പെണ്ണേ തേങ്ങ വാരി തിന്നരുത് കല്യാണത്തിന് മഴ പെയ്യും ”
അവളുടെ കൈത്തണ്ടയിൽ പതിയെ കൊട്ടി ചിരിച്ചുകൊണ്ട് ശ്രീദേവി പറഞ്ഞു.
” അത് സാരല്ല്യന്റെ ദേവൂട്ടി ഞാൻ വല്ല മാർച്ച് മാസത്തിലും കല്യാണം കഴിച്ചോളാം അപ്പൊ മഴ പെയ്യില്ലാട്ടോ ”
പറഞ്ഞുകൊണ്ട് വീണ്ടും ഒരുപിടി തേങ്ങ കൂടി വാരിക്കൊണ്ട് അവൾ പുറത്തേക്ക് ഓടി.
” ഈ പെണ്ണിന്റെയൊരു കാര്യം ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ വിചാരം ”
ശ്രീദേവി സ്വയം പറഞ്ഞു. പുറത്തേക്ക് വന്ന അർച്ചന പതിയെ ഉമ്മറത്തെ കസേരയിലേക്കിരുന്നു. അവളുടെ ഉള്ളിലൂടെ കോളേജിൽ നടന്ന സംഭവങ്ങളോരോന്നും കടന്ന് പോയി.
സിദ്ധുവിന്റെ മുഖമോർത്തപ്പോൾ അവളുടെ അധരങ്ങളിലൊരു ചെറു പുഞ്ചിരി വിടർന്നു.
( തുടരും… )