Tuesday, January 21, 2025
Novel

മഴപോൽ : ഭാഗം 19

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

പൂർണചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും കീഴിൽ ആാാ നിലാവെളിച്ചത്ത് അവരൊന്നിച്ചുറങ്ങി….. ഗൗരി ഒന്നുടെ ചുരുങ്ങിച്ചേർന്ന് കിടന്നപ്പോൾ കിച്ചു ഉറക്കം ഞെട്ടി…. നോക്കുമ്പോ മോളും അവളും മഞ്ഞുകൊണ്ട് തണുപ്പേറ്റ് അവനോട് ചേർന്ന് കിടക്കുകയായിരുന്നു…

ഗൗരീ…. ഗൗരി… കിച്ചു തട്ടിവിളിച്ചപ്പോൾ അവള് ഞെട്ടിയുണർന്നു….

തണുപ്പ് കൂടുന്നു നമുക്ക് റൂമിൽ കിടക്കാം….

അവളൊന്ന് കണ്ണ് ചിമ്മി സമ്മതമറിയിച്ചു….

അവൻ മോളെയും എടുത്ത് ഗൗരിയുടെ കയ്യും പിടിച്ച് റൂമിലേക്ക് നടന്നു…..

അമ്മൂട്ടിയെ ബെഡിലേക്ക് കിച്ചുവാണ് കിടത്തിയത്…. ഗൗരി കട്ടിലിന്റെ കാലിൽ ചാരി അത് നോക്കി ഇരുന്നു … മോളെ കിടത്തി കിച്ചു റൂമിലെ ലൈറ്റണച്ച് മോൾക്കൊപ്പം കിടന്നു…..

പതിഞ്ഞ വെളിച്ചത്തിൽ ഗൗരിടെ മുഖത്തൊരു നേർത്ത ചിരി വന്നു…. കണ്ണുകൾ തറയിലേക്ക് നീണ്ടു….. തിരിഞ്ഞ് വന്ന് അമ്മൂട്ടിയെ ഒന്ന് മുത്തി….

അവള് നല്ലയുറക്കത്തിലാണ്….. തലയിലൊന്ന് തലോടി തിരിഞ്ഞു നടക്കാനൊരുങ്ങിയതും വലംകയ്യിൽ പിടിവീണു… തിരിഞ്ഞ് ആവേശത്തിൽ കിച്ചുവിനെ നോക്കി…

മോളൊന്ന് ഉറക്കം ഞെട്ടിയതാ…. ഇനിയിപ്പം ശെരിക്ക് ഉറങ്ങുമെന്ന് തോന്നുന്നില്ല താൻ ഇവിടെ മോൾടൊപ്പം കിടന്നോ….
കേൾക്കാനിരുന്നതുപോലെ അധികരിച്ച സന്തോഷത്തിൽ അവൾ അമ്മൂട്ടിക്കിപ്പുറം വന്ന് കിടന്നു … കണ്ണുകളിൽ സന്തോഷം അലതല്ലി…. എപ്പഴോ ഉറക്കത്തിലേക്ക് വഴുതിവീണു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ….. അമ്മേ…..

എന്താടാ ഞാൻ മുറ്റത്തുണ്ട്….
എനിക്ക് ഇറങ്ങാറായി ഇവിടെ എനിക്കൊന്നും തിന്നാനും കുടിക്കാനുമില്ലേ…..????
ദാ വരുവാ….

ഇതെന്താ അച്ചമ്മേം മോളും മാവിൻ ചോട്ടിൽ….??? ശബ്ദം കേട്ട ഭാഗത്തേക്കൊന്ന് ചെന്ന് നോക്കി ചോദിച്ചു കിച്ചു..
അത് പിന്നെ മാവ് പൂത്തിട്ടുണ്ടെടാ… കുറെ മാങ്ങയും ഉണ്ട്….

ഹാ… ആയിക്കോട്ടെ ഒന്നു വേഗം വന്നേ എനിക്ക് പോയിട്ട് ഒരു മീറ്റിംഗ് ഉള്ളതാ…
ഗൗരി എവിടെ…..??? ഇന്ന് കണ്ടില്ലാലോ…..
അവളാ മാങ്ങാ പറിക്കണേ…..
എന്നിട്ട് അവിടേം കണ്ടില്ലാലോ….
അവള് മാവിലാ…. ഉഷ ഇഡ്ഡലി പാത്രത്തിലേക്ക് ഇടുമ്പോ ഒഴുക്കൻ മട്ടിൽ പറഞ്ഞു….

എന്ത്……..????? കിച്ചു ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു……
മാവിലോ…??????
ഹാ… നിന്റെ പുന്നാരമോൾക്ക് മാങ്ങ വേണമെന്ന്…. അവള് കുറെ എറിഞ്ഞുനോക്കി… ഒരൊറ്റൊന്ന് പോലും അതിന്റെ ഏഴയലത്തൂടെ പോയില്ലാ….
ലാസ്റ്റ് അവള് അതിന്റെ മണ്ടേല് കേറി…..

അമ്മെന്തൊക്കെയാ ഈ പറയണേ…..
അമ്മയെന്നിട്ട് അതിനെ മാവിൽ കേറാൻ സമ്മതിച്ചോ….??
പേടിക്കാനൊന്നും ഇല്ലെടാ അവള് സുഖാ സുന്ദരമായി കയറി…..

തേങ്ങാക്കൊല… എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ അമ്മേ…. അങ്ങോട്ട് മാറി നിൽക്ക്…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ… മഞ്ഞ…. പച്ച പച്ച പച്ച…. അമ്മൂട്ടി മോളിലേക്ക് നോക്കി തുള്ളിച്ചാടി…

അവൾടൊരു പച്ചയും മഞ്ഞയും നീലയും… അങ്ങോട്ട് മാറി നിൽക്ക്…. കിച്ചു അമ്മൂട്ടിയെ തൂക്കിയെടുത്ത് മാറ്റി വച്ചു….

ഇങ്ങോട്ട് ഇറങ്ങിവാടി….. മരത്തേൽ വലിഞ്ഞു കയറാൻ കണ്ടൊരു പ്രായം….
ആരോട് ചോദിച്ചിട്ടാടി നീ ഇതിന്റെമേലെക്കെടുത്ത് കേറിയത്… അവൻ മുകളിലേക്ക് നോക്കി ഗൗരിയോടായി പറഞ്ഞു….

അത് പിന്നെ….. അമ്മൂട്ടിക്ക് മാങ്ങ വേണമെന്ന് പറഞ്ഞപ്പോ… അവളിത്തിരി ചളിപ്പോടെ പറഞ്ഞു നിർത്തി….

ഈ… പൊടിക്കുപ്പിക്ക് ഒരു കഷ്ണം മാങ്ങക്ക് വേണ്ടിയാണോ നീ ഇതിന്റെമേൽ വലിഞ്ഞുകേറിയത്…. ഇപ്പം ഇറങ്ങിക്കോണം….. ഇങ്ങോട്ട് ഇറങ്ങിവാടി…

മോനെ… അത്…. ഉഷയെന്തോ പറയാൻ തുടങ്ങിയതും കിച്ചുവിന്റെ ഒരു നോട്ടം…….. അത് കണ്ടപ്പോൾ ഒന്നും പറയാതെ തിരിഞ്ഞ് ഉള്ളിലോട്ടു തന്നെ കയറി….

അമ്മേ… മഞ്ഞ മഞ്ഞ… അമ്മൂട്ടി പിന്നെയും മോളിലോട്ട് നോക്കി തുള്ളിച്ചാടാൻ തുടങ്ങി…

മഞ്ഞ… മിണ്ടാതിരുന്നോ അവിടെ…
ഇങ്ങോട്ട് ഇറങ്ങി വാടി….
ഗൗരി ശ്രദ്ധിച്ച് പതിയെ പതിയെ താഴേക്കിറങ്ങി ഇറങ്ങി….

ഇങ്ങോട്ട് വാടി കുരുത്തം കെട്ടവളേ…. നീയെന്താ വാനരജന്മമോ മാവിന്റെ മണ്ടേലേക്ക് എടുത്ത് കയറാൻ…. അവൻ ഗൗരിയുടെ കയ്യിൽ പിടിച്ചുവച്ചുകൊണ്ട് ചോദിച്ചു…..

അത് അമ്മൂട്ടിക്ക്….
അമ്മൂട്ടിക്ക് തേങ്ങാവേണമെന്ന് പറഞ്ഞാൽ നീ തെങ്ങേൽ കേറുവോടി….??
ഗൗരി പറഞ്ഞു തുടങ്ങുന്നതിനും മുൻപേ കിച്ചുവിന്റെ ചോദ്യം വന്നു….

അമ്മേ… അമ്മൂട്ടി ഗൗരിടെ വിരൽത്തുമ്പിൽ പിടിച്ച് വിളിച്ചു… ഗൗരി കുനിഞ്ഞവളെ എടുത്തു……

ഒരമ്മയും മോളും വന്നേക്കുന്നു… മാങ്ങ വേണമെങ്കിൽ എന്നോട് പറഞ്ഞാമതി ഞാൻ പോയി മേടിച്ചോണ്ട് വരും അല്ലാതെ മാവേല് വലിഞ്ഞുകേറുവല്ല വേണ്ടത്….

അത് ഫുൾ മരുന്നല്ലേ… അതാ ഞാൻ…
ഓ… അതാവും നീ കേറിയത്… അതിനൊക്കെ കയറാൻ ആളെ കിട്ടും… അല്ലാതെ….

പറഞ്ഞു തുടങ്ങുന്നതിനും മുൻപ് പൊടുന്നനെ ഗൗരിയവന്റെ കവിളിൽ ചുംബിച്ച് ഓടികളഞ്ഞു…..

“ഒരാവേശത്തിൽ കേറിപ്പോയതാ എന്റെ കിച്ചുവേട്ടാ…. “ഓടുന്ന കൂട്ടത്തിൽ അവളുച്ചത്തിൽ വിളിച്ചുപറഞ്ഞു….
ഒരുനിമിഷം സ്തംഭിച്ചു നിന്നെങ്കിലും അവന്റെ മുഖത്തൊരു പുഞ്ചിരി നിറഞ്ഞു വന്നു…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഓഫീസിലേക്ക് ഇറങ്ങാൻ നേരത്ത് ഉമ്മറത്ത് അമ്മൂട്ടിയെയും എടുത്ത് നിൽക്കുകയായിരുന്നു ഗൗരി…. നേരത്തെ കളിയായി ഒരാവേശത്തിൽ ചുംബിച്ചതിന്റെ ജാള്യത ആ മുഖത്തു വ്യക്തമായി കിച്ചു കണ്ടു……

അച്ഛേ… മഞ്ഞമാങ്ങ… അമ്മൂട്ടി അവന്റെമേലെക്ക് ചാഞ്ഞ്കൊണ്ട് പറഞ്ഞു….
അത് വേണ്ട അമ്മയോട് മാവിൽ കേറാൻ പറ അമ്മൂട്ടി ….. അവൻ അവള് ചുംബിച്ച കവിളിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു…
ഗൗരിയത് കണ്ട് കണ്ണുകൾ ഇറുക്കിയടച്ചു…..

മോളെ ഗൗരിടെ കയ്യിൽ കൊടുത്ത് കിച്ചു കാറിൽ കയറി പോയി….

ഛേ… ഞാനെന്ത് പണിയാ കാണിച്ചത്… ശ്ശോ… ആകെ നാറി… അവളെന്തൊക്കെയോ പറഞ്ഞു തലയ്ക്കു സ്വയം കിഴുക്കി…

എന്താണ്… ഒറ്റയ്ക്കൊരു സംസാരം ഹ്മ്മ്….??? ഉഷ ചോദിച്ചപ്പോൾ അവൾ അമ്മൂട്ടീയേയുമെടുത്ത് പതിയെ അകത്തോട്ടു വലിഞ്ഞു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നീ സൈൻ ചെയ്തോ….
കിച്ചൂ ഡാ നീ സൈൻ ചെയ്തോന്ന്…. ശരൺ ഉച്ചത്തിൽ അലറിവിളിച്ചു…..

എന്തിനാടാ കിടന്ന് അലറിവിളിക്കണേ ഞാൻ ഇവിടെ നിന്റടുത്ത് തന്നെയില്ലേ….
കുറെ നേരമായി ഞാൻ ഇവിടെ കിടന്ന് വിളിക്കുന്നു…. കവിളും തടവി ഇരിക്കാൻ തുടങ്ങീട്ട് നേരമെത്രയായി…
അവിടെന്താ വല്ല കാക്കയും കാഷ്ടിച്ചു വച്ചിട്ടുണ്ടോ ഇങ്ങനെയിട്ട് തുടയ്ക്കാൻ….

നീ വന്ന കാര്യം പറഞ്ഞിട്ട് പോടാ…..
ദാ… ഈ ഇരിക്കുന്ന പേപ്പേഴ്സ് ഒക്കെ ഒന്നും സൈൻ ചെയ്ത് തന്നാൽ ഈ ശരൺ അങ്ങോട്ട് പൊക്കോളാമേ…..
ദാ കിടക്കുന്നു … കൊണ്ട് പൊ….

ഡാ കിച്ചൂ… കവിളത്തെന്താടാ….. മ്മ്മ് മ്മ്മ്…. എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് കേട്ടോ….. വാതിൽക്കലെത്തി ശരൺ വല്ലാത്തൊരു ആക്കിയ ചുവയോടെ കിച്ചുവിനോട് പറഞ്ഞു….

പറഞ്ഞു തീരലും മേശപ്പുറത്തിരുന്ന പെൻ ഒരെണ്ണം അവന്റെമേലേക്ക് കൃത്യമായി കൊണ്ടു…..

ടാ… ശരൺ ഞാനിന്ന് നേരത്തെ ഇറങ്ങും നീ ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി ക്ലോസ് ചെയ്തേക്ക്….
ഓകൈ… ബോസ്സ്

ആാാ പിന്നെ ഡാ … മാവേല് കേറാൻ പറ്റിയ ആളെ വല്ലോം കിട്ടുവോ….???
ഏഹ്… മാവിലോ…. മാങ്ങാതിന്നാനുള്ള ആളെ നീ ഇത്രപെട്ടെന്ന് ശ്രീനിലയത്ത് സെറ്റാക്കിയോടാ….

ഛീ… ഇറങ്ങിപ്പോടാ എരണംകെട്ടവനേ…
കേൾക്കേണ്ട താമസം ശരൺ ഇറങ്ങിയോടി…….

കിച്ചു പിന്നെയും കവിളിൽ ഒന്നു തലോടി മേശമേൽ ഇരിക്കുന്ന പ്രിയയുടെയും അമ്മൂട്ടീടേം ഫോട്ടോയിലേക്ക് നോക്കി ചിരിച്ചു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അങ്ങോട്ട് മാറിനിൽക്കെന്റെ അമ്മൂട്ടി… അമ്മ നല്ല അടിയങ്ങ് വച്ച് തരുമേ….
മേല് നനഞ്ഞാൽ ഉവ്വാവ് വരൂലേ…..

അമ്മയ്ച്ച് വരൂലേ….??? അമ്മൂട്ടി ഉണ്ടക്കണ്ണുകൾ വിടർത്തി ചോദിച്ചു….
അമ്മൂട്ടീ കുഞ്ഞിക്കുട്ടിയല്ലേ…… അങ്ങോട്ട് മാറി നിൽക്ക് അമ്മയിതൊന്ന് പിഴിഞ്ഞ് അയലിൽ വിരിച്ചോട്ടെ….

മോളും…. കയ്യിലിരുന്ന കിച്ചുവിന്റെ ഒരു കർച്ചീഫും പിഴിഞ്ഞുകൊണ്ട് അമ്മൂട്ടി പറഞ്ഞു….
ദാ…
പിഴിഞ്ഞ കർചീഫ് ഗൗരിക്ക് നേരെ നീട്ടിക്കൊണ്ട് അവള് ഗൗരവത്തിൽ പറഞ്ഞു….
ഗൗരി കടിച്ചുപിടിച്ച ചിരിയോടെ അത് വാങ്ങി അയലിൽ വിരിച്ചു…..

തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് കിച്ചുവിന്റെ ഷർട്ട്‌ ബക്കറ്റിൽ നിന്നും എടുക്കുന്ന അമ്മൂട്ടിയെ ആണ്…..

അമ്മേടെ മോള് ആദ്യം പോയി അച്ഛമ്മേടെൽന്ന് ഒരു ഗ്ലാസ്‌ ബൂസ്റ്റ്‌ വാങ്ങി കുടിച്ച് വാ…. അമ്മൂട്ടിയെ തൂക്കിയെടുത്ത് കൊഞ്ചിച്ചുകൊണ്ട് ഗൗരി പറഞ്ഞു…
വിട് വിട് വിട്… അവള് കിടന്ന് കുതറാൻ തുടങ്ങി….

ഗൗരി അവളെ രണ്ട് കൈകൊണ്ടും തൂക്കിയെടുത്ത് അകത്തേക്കുള്ള വാതിലിലേക്ക് വയ്ക്കാൻ നോക്കുമ്പോഴാണ് തങ്ങളെ നോക്കി വാതിൽപ്പടിയിൽ കൈകെട്ടി ചാരി നിന്ന് ചിരിക്കുന്ന കിച്ചുവിനെ കണ്ടത്….

കിച്ചുവേട്ടൻ എപ്പഴാ വന്നേ….??? മോളെ താഴെ ഇറക്കിക്കൊണ്ടവൾ ചോദിച്ചു…
ഞാൻ വന്നിട്ട് കൊറേ നേരായി… നിങ്ങളെ ആരെയും ഉമ്മറത്തേക്ക് കണ്ടില്ല അതാ ഞാൻ ഇങ്ങ് വന്നത്….
അപ്പഴല്ലേ എന്റെമോളെക്കൊണ്ട് താൻ പണിയെടുപ്പിക്കുന്നത് കണ്ടത്….
ഗൗരി ഞെട്ടി കിച്ചുവിനെ നോക്കി…. കണ്ണ് ഒരു നിമിഷം കൊണ്ട് നിറഞ്ഞ് തുളുമ്പാനായി …

ഹേയ് ഞാൻ ചുമ്മാ പറഞ്ഞതാടോ…. വലത് കണ്ണിലൂടെ അപ്പോഴേക്കും ഒരുതുള്ളി കവിളിലേക്ക് ഒലിച്ചിറങ്ങി.. കിച്ചു പിന്നിലൂടെ ചുറ്റിപിടിച്ചവളെ തന്നോട് ചേർത്തു… ഗൗരി നിറഞ്ഞ കണ്ണുമായി അവനെ നോക്കി….
മഴപോലെ നിനക്കെവിടെന്നാ ഇത്രയും കണ്ണീരെന്നാ എനിക്ക് മനസിലാവാത്തത്…. കിച്ചു കളിയായി ചുണ്ട് കടിച്ചുപിടിച്ച് ചിരിച്ചോണ്ട് പറഞ്ഞു….
അവള് കണ്ണുതുടച്ചോണ്ട് കീഴ്ചുണ്ട് പുറത്തേക്കുന്തി പരിഭവത്തിൽ അവനെ നോക്കി…..

ചെല്ല്… ഇനി മാവേല് വലിഞ്ഞു കേറാൻ നിൽക്കണ്ട ഞാൻ മാങ്ങ മേടിച്ചോണ്ട് വന്നിട്ടുണ്ട്…. പോയി മോൾക്കെടുത്ത് കൊടുക്ക്…. എന്നിട്ട് നീയും കഴിച്ചോ രണ്ടെണ്ണം.. കരഞ്ഞതിന്റെ ക്ഷീണം അങ്ങോട്ട് മാറിക്കോട്ടെ…

അവൻ വീണ്ടും കളിയാക്കി പറഞ്ഞു…….
ബ്വേ…. കളിയാക്കല്ലേ… അങ്ങോട്ട് മാറി നിൽക്ക്… അവള് കിച്ചുവിന്റെ നെഞ്ചിൽ പിടിച്ചു ചെറുതായി ഒന്ന് തള്ളി…..

ശൂ…ശൂ…. എനിക്കൊന്ന് അങ്ങോട്ടേക്ക് വരാമോ ആവോ….
ശബ്ദം കേട്ടവർ ഞെട്ടിപിടഞ്ഞുമാറി…

ദയേ… നീയോ.. നീയിതെപ്പോ വന്നു…

ഞാൻ വന്നപ്പോ ഉമ്മറത്തെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു അപ്പൊ പിന്നെ ഞാനിങ്ങ് കയറിപ്പോന്നു….

ഹാളിൽ എത്തിയപ്പോ ഈ കുറുമ്പി ആ ബൗളിൽ ഇരിക്കുന്ന ഗോൾഡ് ഫിഷിന് ഡോറേടെ പ്രയാണം പറഞ്ഞു കൊടുക്കുന്നത് കണ്ടു…. അപ്പം ഞാനിങ്ങ് എടുത്തോണ്ട് വന്നു അല്ലേടി കുറുമ്പീ… ദയ അമ്മൂട്ടിടെ നെറ്റിയിൽ നെറ്റിമുട്ടിച്ചോണ്ട് പറഞ്ഞു….

ദയ വന്ന കാലിൽ നിൽക്കാതെ ഇരിക്ക്… കിച്ചുവത് പറഞ്ഞപ്പോൾ ദയ കേൾക്കാത്തതുപോലെ ഗൗരിയേയും കൂട്ടി നടന്നു… കിച്ചുവിന്റെ മുഖം വാടി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നീയെടുത്ത് കഴിക്കെടി… കിച്ചുവേട്ടൻ ഇപ്പം കൊണ്ടോന്നതാ… അമ്മൂട്ടിക്ക് മാങ്ങാക്കഷ്ണം വായേല് വച്ചുകൊടുക്കുമ്പോൾ ദയയോട് ഗൗരി പറഞ്ഞു…..

അയ്യാ അവൾടൊരു കിച്ചുവേട്ടൻ… എന്നതാ കൊച്ചേ നീ അവനെ വീഴ്ത്തിയോ…??? ദയ വല്ലാത്തൊരു ഭാവത്തിൽ കളിയായി ചോദിച്ചു….

ഡീ ജന്തു.. മിണ്ടാതിരുന്ന് തിന്നിട്ട് പോ.. എന്റെ മോളിരിക്കുന്നത് കണ്ടില്ലേ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അച്ഛേ….
കഴിച്ചോ അച്ഛെടെ വാവാച്ചി മാങ്ങ….??
മ്മ്… മഞ്ഞ മാങ്ങ..
ആഹാ… മഞ്ഞ മാങ്ങയാണോ കഴിച്ചേ…?? അമ്മൂട്ടിയെ മടിയിലേക്ക് ഇരുത്തിക്കൊണ്ട് കിച്ചു ചോദിച്ചു…

അച്ഛേ….
എന്തോ….
മോൾക്ക് പച്ച.. പച്ച വേണം…
പച്ച വേണ്ടടാ പുളിക്കും അത് കേട്ടതും അമ്മൂട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി….

അയ്യോ കരയണ്ട അച്ഛ പറിച്ച് തരാലോ…
അവൻ മോളെ സമാധാനിപ്പിച്ചു…
ബഹളം കേട്ട് അങ്ങോട്ട് വന്ന ദയയും ഗൗരിയും അത് കണ്ട് ചിരിച്ചു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അച്ഛേ… അമ്പടെ.. അമ്പടെ…. അമ്മൂട്ടി മാങ്ങയ്ക്ക് കല്ലെറിയുന്ന കിച്ചുവിനോട് ഓരോ മാങ്ങയും ചൂണ്ടിക്കാട്ടി തുള്ളിച്ചാടി പറഞ്ഞോണ്ടിരുന്നു….
ഭാഗ്യത്തിന് ഒരെണ്ണം പോലും മാങ്ങയ്ക്ക് കൊണ്ടില്ല…
ദയയും ഗൗരിയും ചിരി അടക്കി പിടിച്ചിരുന്നു….

ഡാ… കിച്ചൂ….
ഓ കെട്ടിയെടുത്തോ…. ആളെ കിട്ടിയോടാ…
ഇതാടാ കൊണ്ടുവന്നിട്ടുണ്ട്… ചേട്ടാ ആ കാണുന്ന മാവാ…. ശരൺ അയാൾക്ക് കാണിച്ചുകൊടുത്തു….

ശരമാമാ…. അമ്മൂട്ടി ഓടിപോയി അവന്റെ കൈകളിലേക്ക് കയറി…
അവൻ അയാൾ പറിച്ചിട്ടൊരു പച്ചമാങ്ങ അമ്മൂട്ടിക്ക് കൈകളിൽ വച്ചുകൊടുത്തു…

കിച്ചു… ദയയ്ക്കരികിലേക്ക് നടന്ന് ചെന്ന് അവൾക്കൊരു പച്ചമാങ്ങ നീട്ടി… അവൻ മാപ്പെന്ന രീതിയിൽ മുഖം ചുളിച്ച് കണ്ണിറുക്കി കാണിച്ചു…. അവള് ചിരിച്ചോണ്ടത് കയ്യിലേക്ക് വാങ്ങി….. കിച്ചു ദയേടെ തലയിൽ ചെറുതായൊന്നു കിഴുക്കി…

നോട്ടം ചെന്ന് നിന്നത് ഗൗരിയിലാണ്…. ചിരിച്ചോണ്ട് അവൾക്കടുത്തേക്ക് നടന്നുച്ചെന്ന് അവൾക്കും കൊടുത്തു ഒരു മാങ്ങ…. ഗൗരി ഒരു ചെറുചിരിയോടെ അത് കൈനീട്ടി വാങ്ങിച്ചു….

ഡാ മോനെ കിച്ചൂ… അവളെക്കൊണ്ട് നീയിനി എന്നാ ഒരുകൊട്ടയ്ക്കുള്ള മാങ്ങ തീറ്റിക്കുന്നെ….. ശരൺ ചോദിക്കേണ്ട താമസം അടുത്തിരുന്ന മാങ്ങ തിരിഞ്ഞോടുന്ന ശരണിന്റെ നടുമ്പുറത്ത് തന്നെ കൊണ്ടു….

ദയയും ശരണും അമ്മൂട്ടിയും ഉച്ചത്തിൽ ചിരിച്ചു….
ഗൗരിടെ തലതാഴ്ന്നു……കിച്ചു ഗൗരിയെ നോക്കിക്കാണുകയായിരുന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18