Monday, November 18, 2024
Novel

മഴപോൽ : ഭാഗം 12

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

വണ്ടി ശ്രീനിലയത്ത് നിർത്തിയപ്പോൾ അവള് മോളെയും എടുത്ത് ധൃതിയിൽ അകത്തേക്ക് കയറി…. കിച്ചു കുറച്ചുനേരം കാറിൽ തന്നെ ഇരുന്ന് സ്റ്റിയറിംഗിലായി തലചായ്ച്ചു..

ആഹാ… നിങ്ങളിങ്ങ് എത്തിയോ… ഞാൻ കരുതി ഇന്നും കാണില്ലാന്ന്…
അച്ചമ്മേടെ ചുന്ദരിക്കുട്ടിക്കെന്താ അച്ഛമ്മേനെ കണ്ടിട്ടൊരു കൂസലില്ലാത്തെ…ഉഷ അമ്മൂട്ടിയെ ഗൗരിയുടെ കയ്യിൽനിന്നും വാങ്ങിക്കൊണ്ട് ചോയ്ച്ചു….

മോൾക്ക് ഉറക്കം ഉണ്ട് ഉഷാമ്മേ അതാവും ഒരു ഉഷാറില്ലാത്തെ…. ഇന്നലെ ആണേൽ ഉറങ്ങാനും വൈകി ഇന്ന് ഈ നേരം വരെ ഒരേ കളിയായിരുന്നു അതായിരിക്കും….
എന്നാ മോള് ചെന്ന് ഉറക്കി കിടത്തിക്കോ നാളെ സംസാരിക്കാം… നിങ്ങൾ വല്ലതും കഴിച്ചായിരുന്നോ…??
മ്മ്ഹ് വരുന്ന വഴിക്ക് കഴിച്ചിട്ടാ വന്നത് ഉഷാമ്മേ…
എന്നാ ചെല്ല് കുറുമ്പിയെ കൊണ്ടുപോയി ഉറക്കികൊടുക്ക്….
അച്ഛമ്മയ്ക്ക് ഒരുമ്മതന്നെ പൊന്നേ… ഉഷ അമ്മൂട്ടിയോട് പറഞ്ഞു…
അവള് ഉറക്കച്ചടവിലും ഉഷേടെ കവിളിൽ ചുണ്ടൊന്ന് മുട്ടിച്ചു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വേണ്ടമ്മേ… മോൾക്ക്‌ കുളിച്ചണ്ട… അമ്മൂട്ടി ചിണുങ്ങി…
കുളിക്കണ്ട വാവച്ചിയെ പക്ഷെ മേല് കഴുകണം… പുറത്തൊക്കെ പോയി വന്നതല്ലേ എത്ര അഴുക്കുണ്ടാകും മേല് കഴുകില്യേൽ ഉവ്വാവ് വരൂലേ…?? അപ്പം ഡോക്ടർ സൂചി കുത്തുലെ…?? അത് വേണോ അതോ ഇപ്പം മേല് കഴുകണൊ….???
ചൂജി വേണ്ടാ…. അമ്മൂട്ടി വിടർന്ന കണ്ണുകളോടെ പറഞ്ഞു….

ഗൗരി മോളെ മേല് കഴുകി റൂമിലെത്തുമ്പോൾ കിച്ചു ഷർട്ട്‌ മാറ്റി ടിഷർട്ട്‌ ഇടുകയായിരുന്നു… ഒരു നോക്ക് കണ്ടെങ്കിലും പിന്നീട് ഒരിക്കൽക്കൂടി അവൾ കിച്ചൂനെ നോക്കാൻ മുതിർന്നില്ല…
അവള് മോളെ തോളത്തിട്ട് തട്ടിയുറക്കാൻ തുടങ്ങി…
കിച്ചു ഗൗരിയെമാത്രം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയായിരുന്നു… തന്നെ നോക്കാതിരിക്കാൻ അവള് കാട്ടികൂട്ടുന്ന വെപ്രാളം അവനു മനസിലാകുന്നുണ്ടായിരുന്നു….. ലൈറ്റണച്ച് ബെഡിലായി ചെന്ന് കിടന്നു….
മേല് കഴുകിയതുകൊണ്ടും യാത്ര ക്ഷീണം കൊണ്ടുമാവാം അമ്മൂട്ടി വേഗം ഉറങ്ങി… എന്നിട്ടും കുറച്ച് നേരം ജനലരികിലായി അവളെയും എടുത്ത് താളം ചവിട്ടിനിന്നു ഗൗരി….
സാവധാനം നടന്ന് കിച്ചുവിനരികിലായി മോളെ കിടത്തി… മുന്നിലെ കുറുനിരകൾ നീക്കി നെറ്റിയിലൊരു നനുത്ത മുത്തം നൽകി…… തലയുയർത്തി കിച്ചുവിനെ നോക്കുമ്പോൾ അവനും അവളെതന്നെയായിരുന്നു നോക്കികൊണ്ടിരിക്കുന്നത്….. ഒരുനിമിഷം കണ്ണുകൾ തമ്മിൽ കോർത്തതും ഗൗരി നോട്ടം മാറ്റി കട്ടിലിനടിയിലായി വച്ചിരിക്കുന്ന പായ എടുത്ത് വിരിച്ച് അതിൽ കിടന്നു… കണ്ണുനീർ തലയണയെ നനയ്ക്കുന്നുണ്ടായിരുന്നു………

ഉറങ്ങാനായില്ല….. ജനവാതിലിലൂടെ നിലാവെളിച്ചം മുറിക്കകത്തേക്ക് വരുന്നുണ്ടായിരുന്നു…. സമയം നോക്കിയപ്പോൾ രണ്ടര…. എഴുന്നേറ്റ് ചെന്ന് കിച്ചുവിന്റെയും അമ്മൂട്ടീടെയും അടുത്തിരുന്നു… കണ്ണിമ ചിമ്മാതെ ഇരുവരെയും മാറി മാറി നോക്കി….

ഒന്ന് വിളിച്ചൂടെ കിച്ചുവേട്ടാ… ഇവിടെ നിങ്ങടൊപ്പം കിടന്നെനിക്ക് കൊതി തീർന്നില്ല……. പായ എടുത്ത് നിലത്ത് വിരിച്ച് കിടക്കുന്നത് വരെയും ഞാൻ കാത്തിരുന്നില്ലേ… വെറുതെയെങ്കിലും വിളിക്കുമെന്ന് മോഹിച്ചുപോയി…
എനിക്ക് നിങ്ങളല്ലാതെ വേറാരും ഇല്ലാന്ന് പറഞ്ഞതല്ലേ … എന്നെങ്കിലും എന്നെ മനസിലാക്കാൻ പറ്റുവോ കിച്ചുവേട്ടന്….?? .ഗൗരി പതിഞ്ഞ സ്വരത്തിൽ കിച്ചുവിനെനോക്കി പറഞ്ഞുകൊണ്ടിരുന്നു…… കണ്ണുനീർ കവിൾത്തടത്തെ നനച്ചു തുടങ്ങിയിരുന്നു….
കുറച്ച് നേരംകൂടെ അവനെ നോക്കി കുനിഞ്ഞിരുന്ന് മൂർധാവിൽ ഒന്ന് ചുംബിച്ചു…. തിരിഞ്ഞ് നടന്ന് ചെന്ന് നിലത്തുവിരിച്ച പായയിലായി കിടന്നു…വലതുകൈ മടക്കി ഇരുകണ്ണിനും മുകളിലായി വച്ചു…. എപ്പഴോ ഉറക്കത്തിനു കീഴടങ്ങി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

രാവിലെ പോവേണ്ട നേരമായിട്ടും ഗൗരിയെ കാണാതെ കിച്ചു അസ്വാസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു….
എന്നും തനിക്ക് വേണ്ട സാധനങ്ങളെല്ലാം അവളാണ് എടുത്ത് തരാറ്…. ഇന്ന് മനഃപൂർവം അതെവിടെ ഇതെവിടെ എന്നൊക്കെ ചോദിച്ചെങ്കിലും എല്ലാം അമ്മയാണ് എടുത്ത് തന്നത്…..

ഇറങ്ങാൻ നേരവും കുറേനേരം നോക്കി…
അമ്മൂട്ടീ അച്ഛ പോവാണ് ട്ടോ…. കുറച്ച് ഉറക്കെ തന്നെ വിളിച്ചുപറഞ്ഞു… അമ്മൂട്ടിടെ കൂടെ എന്നത്തേയും പോലെ ഗൗരിയെ പ്രതീക്ഷിച്ചെങ്കിലും അമ്മൂട്ടി മാത്രാമാണ് വന്നത്….
ഓടി വന്ന് ടീപ്പോയിൽ കയറി നിന്ന് കിച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു….

അച്ഛേ….
അറിയാം ഡയറി മിൽക്കല്ലേ…
അല്ല കിൻന്തർ ജോയ്…
അയ്യടാ… ആദ്യം അത് പോയി പറയാൻ പഠിച്ചിട്ട് വാ എന്റെമോൾ… കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു….
ശേഷം മോളെയും എടുത്ത് കാറിനടുത്തേക്ക് നടന്നു……

നീയെന്താ കിച്ചു പോണില്ലേ…?? കാറിനടുത്ത് നിന്ന് തിരിഞ്ഞ് കളിക്കുന്ന കിച്ചുനോട് ഉഷ ചോദിച്ചു….
ഹാ ഇറങ്ങാൻ തുടങ്ങുവായിരുന്നു അമ്മൂട്ടിയെ ഉഷേടെ കൈകളിലേക്ക് കൊടുത്തുകൊണ്ട് ഒന്നൂടെ അവൻ നാലുഭാഗത്തേക്കും നോക്കി…

കാർ ഗേറ്റ് കടന്ന് പോകുന്നത് നടുമുറിയിലെ ജനാല വിടവിലൂടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ഗൗരി…. ചുണ്ടിലൊരു കുസൃതി ചിരിയും ഉണ്ടായിരുന്നു…..

എന്നെ കാണണമെങ്കിൽ എന്നെ വിളിച്ചാപ്പോരേ ഈ കടുവയ്ക്ക്…. ശ്.. കിച്ചുവേട്ടന് നാക്ക് ചെറുതായി കടിച്ചുകൊണ്ടവൾ തിരുത്തി പറഞ്ഞു….

എന്താണ് ഒറ്റയ്ക്ക് നിന്നൊരു വർത്താനം…?? പിന്നിൽ നിന്ന് ഉഷാമ്മയാണ്…
അത്… പിന്നേ… ഒന്നൂല്യ ചമ്മിയ മുഖത്തോടെ ഗൗരി പറഞ്ഞു….
അവിടൊരുത്തൻ നിന്ന് തിരിയുന്നു, ഇവിടെ നീ നിന്ന് തിരിയുന്നു രണ്ടിനും ഒന്നിച്ചു നിന്നാപ്പോരേ…?? എന്തെ വഴക്കായോ…??
ഏയ് ഇല്ലാ ഉഷാമ്മേ…. അവള് നിലത്തേക്ക് നോക്കികൊണ്ട് ധൃതിയിൽ തിരിഞ്ഞ് അടുക്കളവശത്തേക്ക് നടന്നു……
ഉഷ അവളുടെ കളികൾ കണ്ട് ചിരിച്ചോണ്ട് നിന്നു….

അച്ഛമ്മേ…
ന്തോ….
എന്തിനാ ചിരിച്ചണെ…???….
എന്റെ ചിരിയും നോക്കികൊണ്ട് നിൽക്കാതെ നീ നിന്റെ അച്ഛേടേം അമ്മേടേം പിണക്കം മാറ്റാൻ നോക്കെന്റെ ചുന്ദരിക്കോതേ…. അമ്മൂട്ടിടെ നെറ്റിയിൽ നെട്ടിമുട്ടിച്ചുകൊണ്ട് ഉഷ പറഞ്ഞു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഇപ്പം ഇന്നെനിക്ക് ഈ ഫയൽ ക്ലിയർ ചെയ്ത് തന്നിരിക്കണം….
ഇന്നിവിടന്ന് ഇറങ്ങുന്നേന് മുൻപ് ഇതെന്റെ ടേബിളിൽ കാണണം…. പറഞ്ഞത് മനസിലായല്ലോ…… കിച്ചു ഉച്ചത്തിൽ പറഞ്ഞു..

ഓ നാശം…… കിച്ചുവിന്റെ ക്യാബിനിൽ നിന്ന് ഇറങ്ങുകയായിരുന്നു അർച്ചന…
എന്താ അച്ചുമോളെ എന്ത്പറ്റി…??
മാങ്ങാത്തൊലി ഇനി എന്തോന്ന് പറ്റാനാ…. അയാൾക്കെന്താ ഭ്രാന്താണോ…??? ഓരോ ദിവസം ഓരോന്ന് ഒപ്പിച്ച് വച്ച് വന്നിട്ട് ഇവിടെ കിടന്ന് എന്റെ മെക്കിട്ട് കേറും കടുവ….
ഓഹോ ഇന്നും കലിപ്പിലാണോ…??
ആണോന്ന് നേരിട്ട് പോയങ്ങ് ചോയ്ച്ചാമതി ശരൺ ഒന്ന് മാറിക്കെ എനിക്ക് പോയിട്ട് പണിയുണ്ട്…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്താണ് അച്ചുവേ നിന്റെ പ്രണയ നായകൻ നിന്നെ പിടിച്ചടിച്ചോ…?? ഇല്ലാലെ…? ഭാഗ്യം….
ദേ പൂജ എന്നെക്കൊണ്ടതികം പറയിക്കാതെ നീയൊന്ന് പോയെ….
നിനക്കെന്തിന്റെ കേടാടി അച്ചു..?? ഏത് നേരവും കടിച്ച് കീറാൻ വരുന്ന അങ്ങേരെയാണോ നീ പ്രേമിക്കാൻ പോണേ…??? നിന്നേ പിടിച്ചു ഭിത്തിയിൽ ഇട്ടടിച്ച് പേസ്റ്റ് ആക്കും ആ കടുവ….

മോളെ പൂജെ… ഞാനിപ്പം കേൾക്കുന്നത് ശാന്തമായ മനോഹരമായ കാര്യങ്ങളൊന്നും അല്ലാലോ…. ഇതൊക്കെ എനിക്ക് ഇപ്പം സഹിക്കാൻ പറ്റുന്നുണ്ടെങ്കിൽ അങ്ങേരെ കെട്ടിയാലും സഹിക്കാം… ഇപ്പം ഇത് കേൾക്കുമ്പോ വെറും 35000 അല്ലേ കിട്ടുന്നത് എന്നാലേ അങ്ങേരെ കെട്ടിയാൽ ശ്രീനിലയം ഗ്രൂപ്പ്‌ മൊത്തം എന്റെ കയ്യിൽ കിട്ടും സൊ ഞാനതങ്ങ് സഹിക്കും മനസിലായോ….???
ഇപ്പെന്റെ മോള് പോവാൻ നോക്ക് ചേച്ചിക്ക് കുറെ പണിയുണ്ട്… ഇതൊക്കെ ചെയ്ത് തീർത്ത് അങ്ങേരുടെ മനസ്സിൽ കയറിപ്പറ്റണം അതോണ്ട് ചെല്ല് പോവാൻ നോക്ക്….
നീ നന്നാവില്ലെടി ഒന്ന് കൊണ്ടാലേ നീയൊക്കെ നന്നാവൂ… വൈകാതെ തന്നെ അതങ്ങ് കിട്ടിക്കോളും….
ഓ ആയിക്കോട്ടെ മാഡം… അർച്ചന ചിരിച്ചുകൊണ്ട് ടേബിളിൽ വെച്ച കൈകളിൽ താടിയൂന്നി ഇരുന്ന് കൊണ്ട് പറഞ്ഞു……

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചൂ….
ദേ ശരണേ.. നീ പൊക്കെ… ഞാൻ ഒന്നാമത് നല്ല മൂഡിലല്ല….
എന്തെ പെങ്ങള് പിണങ്ങിയോ നിന്നോട്…..??
അവള് പിണങ്ങിയാൽ എനിക്കെന്താ…?? എനിക്കൊരു കോപ്പും ഇല്ലാ… നീയൊന്ന് പോയെ…
അപ്പം പിണങ്ങി… എന്താ കാര്യം നീ വല്ലതും ചെയ്തോ….?? ശരൺ ഒരു വഷളൻ ചിരിയോടെ ചോദിച്ചു…
ഇറങ്ങി പോടാ പട്ടി ഒന്ന്…

ടാ.. കിച്ചൂ… നീ വീട്ടിലേക്ക് ചെല്ല്… ഗൗരിയെ ഒന്ന് കണ്ടിട്ട് വാ… നിന്റെ ഈ മൂഡൊക്കെ ഒന്ന് മാറും… എണീക്ക് പോയിട്ട് വാടാ… ശരൺ കിച്ചുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
കിച്ചുവിന്റെ മുഖത്തൊരു ആശ്വാസം നിഴലിച്ചു….
എന്തെ നീ പെങ്ങളോട് വല്ലതും പറയേം ചെയ്യേമ് ചെയ്തോ…??
ഒന്നും പറഞ്ഞിട്ടൂല്യ ചെയ്തിട്ടൂല്യ അതാണ് പ്രശ്നം കിച്ചു ശരൺ കേൾക്കാതെ പറഞ്ഞു….
എന്താടാ നീയെന്തെങ്കിലും പറഞ്ഞോ….??
ഞാൻ പോയിട്ട് വരാമെന്നു പറയുവായിരുന്നു….
എന്നാ അങ്ങനെയാവട്ടെ പോയി വാ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മൂട്ടീ… അകത്തേക്ക് ചെന്നിരിക്ക് മോളെ വെയിൽ കൊള്ളണ്ട… അമ്മ ഈ നനഞ്ഞ തുണിയൊക്കെ വിരിച്ചിട്ടിട്ട് അങ്ങോട്ട് വന്നേക്കാം… ഗൗരിയുടെ സാരി തുമ്പിൽ പിടിച്ചു വട്ടമിട്ടു നടക്കുകയായിരുന്നു അമ്മൂട്ടി….
ഗൗരി ഒന്നുടെ ദേഷ്യത്തിൽ പറഞ്ഞതും അവള് ഓടിപോയി.. തിരിഞ്ഞുനിന്ന് അമ്മൂട്ടി ഓടിപോകുന്നത് ഗൗരി ചെറുചിരിയോടെ ഒന്ന് നോക്കി… പിന്നേ അയലിലേക്കായി ശ്രദ്ധ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഉഷാമ്മേ… മോളെവിടെ…?? തുണി വിരിച്ച് കഴിഞ്ഞ് മോളെ നോക്കിയിട്ട് കാണാത്തതോണ്ട് ഗൗരി ഉഷയോട് ചോദിച്ചു….
നിന്റെ കൂടെ അല്ലായിരുന്നോമോളെ ഉണ്ടായിരുന്നത്….
ഇല്ലാ ഉഷാമ്മേ വെയിൽ കൊള്ളാണ്ടാന്നും പറഞ്ഞു ഞാനിങ്ങോട്ട് പറഞ്ഞു വിട്ടതാണല്ലോ….. ഗൗരിയ്ക്കും ഉഷയ്ക്കും ടെൻഷൻ ആവാൻ തുടങ്ങി….

അമ്മൂട്ടീ….. മോളേ…. ഗൗരി കരഞ്ഞുകൊണ്ട് വിളിച്ച് എല്ലായിടത്തും നോക്കി…
ഉഷയും കരയാൻ തുടങ്ങിയിരുന്നു….
മോളേ… എവിടെയാ മോളേ അമ്മേനെ പേടിപ്പിക്കല്ലേ… ഇങ്ങ് വാ അമ്മൂട്ടി…..ഗൗരി ഉച്ചത്തിൽ ആർത്തുവിളിച്ചു….

മ്മാ.. മ്മാ…
ശബ്ദം കേട്ട് ഓടിപോകുമ്പോ കണ്ടത് സ്വിമ്മിംഗ് പൂളിൽ വീണ് ജീവനായി പിടയുന്ന അമ്മൂട്ടിയെ ആണ്… ഒരു നിമിഷം സമനില തെറ്റുന്നതുപോലെ തോന്നി….
ഉഷാമ്മേ…. അവൾ ആർത്തു വിളിച്ചു…
ഓടിപ്പോയി എങ്ങനെയൊക്കെയോ സ്വിമ്മിംഗ് പൂളിൽ നിന്നും അമ്മൂട്ടിയേ വലിച്ചു കേറ്റി….
തുരുതുരെ ചുംബിച്ചു…. മ്മാ.. ന്നുള്ള വിളിമാത്രം കേൾക്കാം…
ഉഷാമ്മേ.. എന്റെമോള് … ഗൗരി കരഞ്ഞുകൊണ്ടിരുന്നു….
ഒന്നുമില്ല ഗൗരി കുറച്ച് വെള്ളം കുടിച്ചതാ നീയിങ്ങനെ പേടിക്കാതെ… ഉഷ അമ്മൂട്ടിടെ വയറിൽ അമർത്തി കൊണ്ടിരുന്നു…….. വെള്ളം കളയുമ്പോഴായിരുന്നു കിച്ചുവിന്റെ കാർ ശ്രീനിലയത്തെത്തിയത്….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്താമ്മേ… എന്താ മോൾക്ക്‌…?? നനഞ്ഞിരിക്കുന്നു ഗൗരിയേയും സോഫയിൽ തളർന്നു കിടക്കുന്ന അമ്മൂട്ടിയെയും നോക്കി അവൻ ആധിയോടെ ചോദിച്ചു….

അത് മോനെ സ്വിമ്മിംഗ് പൂളിൽ… ഉഷ എന്തുപറയണമെന്ന് അറിയാതെ കുഴങ്ങി….
ഗൗരിടൊപ്പം ആയിരുന്നു മോള്…. പറഞ്ഞു തുടങ്ങുമ്പോഴേക്കും……
കവിളിൽ ശക്തമായ അടികൊണ്ട് നിലത്ത് വീണ് കഴിഞ്ഞിരുന്നു ഗൗരി…. ഒരുനിമിഷം ഒന്നും മനസിലാക്കാൻ ആയില്ല അവൾക്ക്….
കിച്ചുവേട്ടാ… ഞ…ഞാനൊന്നും….
മിണ്ടിപ്പോകരുത് നീ…. ഇറങ്ങിക്കോണം ഇവിടെനിന്നും എങ്ങോട്ടാണെന്ന് വച്ച പൊയ്ക്കോ ഇനി പോകാനൊരിടം ഇല്ലേൽ പോയി ചത്തു തുലയ്….
കേട്ടതൊന്നും വിശ്വസിക്കാനായില്ല ഗൗരിക്ക്…. നിർവികാരയായി നിലത്തുനിന്നും എഴുന്നേറ്റ് ചാരി ഇരുന്നു…..

മോനെ……..
അമ്മയൊന്നും മിണ്ടിപ്പോവരുത്….കിച്ചു കണ്ണിൽ ചുവപ്പോടെ പറഞ്ഞു…..

മ്മാ…. കണ്ണ് തുറന്ന അമ്മൂട്ടി നേരിയ ശബ്ദത്തിൽ വിളിച്ചു….
ഇരുന്നിടത്ത് നിന്ന് ഗൗരി എഴുന്നേറ്റ് ഓടി വന്നു… മോളേ അമ്മൂട്ടീ….

തൊട്ട് പോവരുതെന്റെ മോളേ ഇങ്ങോട്ട് മാറി നിൽക്കെടി… കിച്ചു ഗൗരിയെ പിടിച്ചുതള്ളി…. തലച്ചെന്ന് അടുത്തായി വച്ചിട്ടുള്ള ടീപ്പോയിൽ ഇടിച്ചു….
ഗൗരി കണ്ണുകളുയർത്തി കിച്ചുവിനെ നോക്കി… അവന്റെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.. കയ്യിലെ ഞെരമ്പുകളൊക്കെ തെളിഞ്ഞു കാണാം….

“മ്മാ….” അമ്മൂട്ടി വീണ്ടും വിളിച്ചപ്പോൾ ഗൗരി വീണിടത്തുനിന്നും പിന്നെയും എഴുന്നേറ്റു വന്നു….
മോളേ… അവള് വിതുമ്പിക്കൊണ്ട് വിളിച്ചു അടുത്തേക്ക് പോകാനഞ്ഞതും കൈകളിൽ ബലമായി പിടി വീണിരുന്നു….

വിട് കിച്ചുവേട്ടാ… എന്നെ വിട്… ഞാനൊന്നെന്റെ മോൾടടുത്ത് പൊക്കോട്ടെ പ്ലീസ്….. പിടിച്ചു വലിച്ചു റൂമിനകത്തായി അവളെക്കൊണ്ട് തള്ളി അവൻ തിരിഞ്ഞുനിന്ന് വാതിലിന്റെ കൊളുത്തിട്ടു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11