Saturday, January 18, 2025
Novel

ലയനം : ഭാഗം 15

എഴുത്തുകാരി: ദുർഗ ലക്ഷ്മി

സമയം കുറച്ചധികം എടുത്തു അർജുൻ ജോലി എല്ലാം തീർത്തു ലാപ് അടച്ചു വെച്ച് സീറ്റിൽ നിന്നും എഴുന്നേറ്റു. കിടക്കാൻ ആയി അവൻ ബെഡിൽ ഇരുന്നു എങ്കിലും എന്ത് കൊണ്ടോ അവന് ലെച്ചുവിനെ കാണാൻ ആയി തോന്നി.ഉടനെ തന്നെ അവൻ ഓഫീസ് റൂം ലക്ഷ്യം ആക്കി നടന്നു. റൂമിൽ ലൈറ്റ് കാണാത്തതു ലെച്ചു കിടന്നത് കൊണ്ടാവുമോ എന്ന് കരുതി എങ്കിലും അതിനുള്ള സമയം ആയില്ലല്ലോ എന്ന് കണ്ടു അർജുൻ അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു. “ലെച്ചു….ലെച്ചു…. “,

ആദ്യം വെറുതെ വാതിലിൽ തട്ടി അവൻ വിളിച്ചു എങ്കിലും അകത്തു നിന്ന് അവളുടെ യാതൊരു അനക്കവും കാണാത്തതു കൊണ്ട് അർജുൻ ടെൻഷനോടെ ലെച്ചുവിനെ പേരെടുത്ത് വിളിച്ചു കൊണ്ട് വാതിൽ കുറച്ചു കൂടി ശക്തിയിൽ തട്ടി. അകത്തു കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങി പോയ ലെച്ചു അർജുൻ വിളിച്ചപ്പോൾ ആണ് ഞെട്ടി എഴുന്നേറ്റത്.മുന്നിൽ പരന്ന ഇരുട്ടിൽ അവൾക്ക് പെട്ടെന്ന് ഒന്നും മനസിലായില്ല എങ്കിലും എങ്ങനെയൊക്കെയോ തപ്പി പിടിച്ചു ലെച്ചു വാതിൽ തുറന്നു.

കണ്ണുകൾ ചുവന്നു മുഖം വല്ലാതെ ആയി മുടി പാറി പറന്നു വല്ലാത്ത കോലത്തിൽ വാതിൽ തുറന്ന ലെച്ചുവിനെ കണ്ടു അർജുൻ സത്യത്തിൽ അമ്പരന്നു.അവൾ വീണ്ടും കരഞ്ഞു എന്ന് കണ്ടു അവന് നല്ല ദേഷ്യം വന്നു എങ്കിലും അർജുൻ ഒന്നും മിണ്ടാതെ ലെച്ചുവിനെ തറപ്പിച്ചു ഒന്ന് നോക്കി. “പോയി മുഖം കഴുകി വാ…എന്നിട്ട് മതി ഇനി പഠിപ്പൊക്കെ “,ലെച്ചു ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടു അവളുടെ കൈയിലെ ബുക്കുകൾ വാങ്ങി അർജുൻ ഗൗരവത്തിൽ പറഞ്ഞു.

അത് കേട്ട് ലെച്ചു ഉടനെ തന്നെ ബാത്‌റൂമിലേക്ക് ഓടി.തിരികെ വന്നപ്പോൾ അർജുൻ കട്ടിലിൽ ചാരി കിടന്നു ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. അവനോട് എന്ത് പറയണം എന്ന് ആലോചിച്ചു ലെച്ചു കുറച്ചു നേരം അവിടെ നിന്നു എങ്കിലും അർജുൻ അവളെ മൈൻഡ് പോലും ചെയ്യാതെ അങ്ങനെ തന്നെ ഇരുന്നു. അത് കണ്ടു ലെച്ചു ടേബിളിൽ നിന്ന് ബുക്കുകൾ എടുത്തു പതുക്കെ റൂമിലേക്ക് നടക്കാൻ തുടങ്ങിയതും അർജുന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു. “എങ്ങോട്ടാ ഈ പോകുന്നെ…

ഇന്ന് മുതൽ ഇവിടെ കിടന്നാൽ മതി…നീ അതിന്റെ ഉള്ളിൽ കയറി വാതിൽ അടച്ചാൽ പിന്നെ എന്താ പണി എന്ന് എനിക്ക് ഒരു പിടിയും ഇല്ല.ഒരാവശ്യവും ഇല്ലാതെ കരഞ്ഞു തീർക്കാൻ അല്ല ഞാൻ നിനക്ക് സമയം തന്നത് “, അർജുൻ ഫോണിൽ തന്നെ നോക്കി പറഞ്ഞത് കേട്ട് ലെച്ചു ചെറിയൊരു ഞെട്ടലോടെ അവനെ നോക്കി. “എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്…ആ ബുക്ക്‌ അവിടെ വെച്ച് കിടക്കാൻ നോക്ക്…നാളെ മുതൽ തുടങ്ങാം പഠിക്കാൻ, ഇന്ന് സമയം കുറെ ആയി “,ലെച്ചുവിന്റെ കണ്ണ് തള്ളിയുള്ള നോട്ടം കണ്ടു അർജുൻ ചിരിയോടെ പറഞ്ഞത് കേട്ട് സത്യത്തിൽ ലെച്ചുവിന് ആശ്വാസം തോന്നി.

ഉടനെ തന്നെ അവൾ ബുക്സ് അവിടെ തന്നെ വെച്ച് ചെറിയൊരു മടിയോടെ അർജുന്റെ അടുത്തേക്ക് ചെന്നു.ഓഫീസ് മുറിയുടെ നിശബ്ദയും ഏകാന്തതയും ലെച്ചു ശരിക്കും മടുത്തു തുടങ്ങിയിരുന്നു.എത്ര പോസിറ്റീവ് ആയി ചിന്തിച്ചാലും ആ മുറിയിൽ കയറുമ്പോൾ മുതൽ അവളെ പൊതിയുന്ന നെഗറ്റീവ് എനർജി സത്യത്തിൽ ലെച്ചുവിന് കീറാ മുട്ടിയായി നിൽക്കവേ ആണ് അറിഞ്ഞോ അറിയാതെയോ അർജുൻ അവളെ വിളിച്ചത്. വിളിച്ചാൽ ലെച്ചു വരുമോ എന്നുള്ള കുഞ്ഞു പേടി അർജുന് ഉണ്ടായിരുന്നു എങ്കിലും ഒരക്ഷരം പോലും മറുത്തു പറയാതെ അവൾ വന്നു കിടക്കുന്നത് കണ്ടു അവൻ അത്ഭുതപ്പെട്ടു.

എന്തൊക്കെയോ ലെച്ചുവിനോട് സംസാരിക്കാൻ തോന്നി എങ്കിലും അതിനെല്ലാം മുന്നേ അർജുൻ ലൈറ്റ് ഓഫ്‌ ചെയ്തു “ലെച്ചു ഞാൻ ഒരു കാര്യം ചോദിച്ചാൽ കരഞ്ഞു കുളം ആക്കരുത്…തന്റെ അച്ഛൻ ആരാ എന്ന് ഇതു വരെ ആരോടും നീ അന്വേഷിച്ചില്ലേ… അല്ല അഗസ്ത്യൻ സാർ അമ്മയുടെ ക്ലാസ്സ്‌മേറ്റ് ആണ് എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ… “, അർജുൻ എന്തെങ്കിലും ഇപ്പോൾ ചോദിക്കും എന്ന് കരുതി തന്നെ ഇരുന്ന ലെച്ചു പക്ഷെ പെട്ടെന്ന് ഉള്ള ആ ചോദ്യത്തിൽ ഒന്ന് പതറി… “ക്ലാസ്സ്‌മേറ്റ് എന്നൊക്കെ പറഞ്ഞാൽ ഇന്നത്തെ പോലെ ഒന്നും അല്ലല്ലോ ഏട്ടാ…

അവർ ഒരു ക്ലാസ്സിൽ ആയിരുന്നു എന്നത് ഒഴിച്ചാൽ അന്ന് അത്ര അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല അവർ തമ്മിൽ “, കുറച്ചു സമയത്തിന് ശേഷം ലെച്ചു പറഞ്ഞു തുടങ്ങിയത് അർജുൻ ശ്രദ്ധയോടെ തന്നെ കേട്ടു. “കുറെ കാലത്തിനു ശേഷം ഒരു മീറ്റിംഗിൽ വെച്ചാണ് അവർ പിന്നെ കണ്ടു മുട്ടുന്നത്…ഒരിക്കൽ വല്ലാത്ത കൊതി തോന്നി ഞാൻ അമ്മയുടെ കോളേജ് ലൈഫിനെ പറ്റി സാറിനോട് ചോദിച്ചു… പക്ഷെ “… പെട്ടെന്ന് ലെച്ചു സംസാരം നിർത്തിയത് കേട്ടു അർജുൻ അറിയാതെ തന്നെ ലൈറ്റ് ഓൺ ചെയ്തു.

അത് കണ്ടു ലെച്ചു ഉടനെ കണ്ണുകൾ മുറുക്കി ചിമ്മി കൈ കൊണ്ട് കണ്ണുകൾ മറച്ചു… “ഓഹ്… സോറി ലെച്ചു…ഞാൻ കരുതി നീ കരയാൻ പോകുവാന്നു… അതാ ലൈറ്റ് ഓൺ ചെയ്തത് “, കള്ളച്ചിരിയോടെ അർജുൻ പറയുന്നത് കേട്ട് ലെച്ചു ചുണ്ട് കോട്ടി എഴുന്നേറ്റിരുന്നു. “അധികം കളിയാക്കുക ഒന്നും വേണ്ട ഏട്ടാ…ഞാൻ അങ്ങനെ കരയുന്ന ആള് ഒന്നും അല്ല… “, മുഖം തിരിച്ചു ലെച്ചു പിണങ്ങി ഇരുന്ന് പറഞ്ഞത് കണ്ടു അർജുൻ ഒന്ന് ചിരിച്ചു. “ആഹ് അതെനിക് അറിയാലോ… എന്റെ കുട്ടിക്ക് കരച്ചിൽ എന്താന്ന് പോലും അറിയില്ല… ആഹ് അത് പോട്ടെ… ബാക്കി കഥ പോരട്ടെ…

എന്നിട്ട് വേണം നമുക്ക് ആ അച്ഛനെ കണ്ടു പിടിച്ചു വന്നു അമ്മക്ക് നല്ല പണി കൊടുക്കാൻ…എനിക്ക് തോന്നുന്നത് ശ്രീദേവി അമ്മയെ പേടിച്ചിട്ട് ആവും അച്ഛൻ എങ്ങോട്ടെങ്കിലും പോയത് എന്നാണ്…അതാണല്ലോ സ്വഭാവം “,അർജുൻ വീണ്ടും കളിയാക്കിയ പോലെ പറഞ്ഞത് കേട്ട് ലെച്ചുവിന്റെ മുഖം ചുവന്നു വന്നു. അവൾ രൂക്ഷമായി കുറച്ചു നേരം അർജുനെ നോക്കി നിന്നപ്പോൾ ആണ് എന്താണ് പറഞ്ഞത് എന്ന ബോധം അവന് വന്നത്.എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്നെ ലെച്ചു മുന്നോട്ട് വന്നു അവന്റെ മുടിയിൽ പിടുത്തമിട്ടപ്പോൾ അർജുൻ ആകെ പെട്ട അവസ്ഥയിൽ ആയി…

“അയ്യോ…ലെച്ചു…സോറി… ഞാൻ അറിയാതെ പറഞ്ഞു പോയതാ…എനിക്ക് വേദന എടുക്കുന്നെടി…മുടി വിട് ലെച്ചു… പ്ലീസ് “,അർജുൻ അവളുടെ കൈ പിടിച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു എങ്കിലും അതൊന്നും വക വെക്കാതെ ലെച്ചു കുറച്ചു കൂടി ശക്തിയിൽ മുടി പിടിച്ചു വലിച്ചു. അവസാനം ഒരു നിവർത്തിയും ഇല്ലാതെ അർജുൻ അവളെ വട്ടം ഇട്ട് പിടിച്ചു മടിയിൽ ബലം ആയി പിടിച്ചു കിടത്തി. ലെച്ചുവിന്റെ കൂർത്ത നോട്ടം കണ്ട അടുത്ത നിമിഷം തന്നെ അർജുന്റെ ഹൃദയം ശക്തമായി ഇടിക്കാൻ തുടങ്ങി എങ്കിലും ലെച്ചു അതൊന്നും ശ്രദ്ധിക്കാതെ അവന്റെ കൈയിൽ മാന്തുകയും പിച്ചുകയും ഒക്കെ ചെയ്ത് കൊണ്ടിരുന്നു.

“എന്റെ പൊന്ന് ലെച്ചു മതിയെടി… ഏട്ടന് വേദന എടുക്കുന്നു… ഭദ്രകാളിയെ പോലെ പെരുമാറാതെ ലക്ഷ്മി ആവു പെണ്ണെ…പ്ലീസ് “,വേദന കൊണ്ട് കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ അർജുൻ ദയനീയമായി പറഞ്ഞത് കേട്ട് ലെച്ചു പതിയെ ശാന്തയായി.. “ഇനി പറ…സാർ എന്താ പറഞ്ഞത്… “,ലെച്ചു പറയാൻ വന്നത് കേൾക്കാൻ ഉള്ള ആകാംഷയിൽ അർജുൻ ചോദിച്ചത് കേട്ട് ലെച്ചു അർജുനെ തന്നെ നോക്കി കുറച്ചു സമയം അങ്ങനെ തന്നെ കിടന്നു. “അവരുടെ പ്രണയവും നമ്മുടേത് പോലെ ആയിരുന്നു ഏട്ടാ…നമ്മൾ പരസ്പരം അറിയാതെ പ്രണയിച്ചപ്പോൾ അവർ രണ്ട് പേരും മറ്റാരും അറിയാതെ ആ ഇഷ്ടം കൊണ്ട് നടന്നു…സാറിന് എന്നല്ല,ആ ബാച്ചിലെ ഒരുവിധം ആളുകളോട് ഒക്കെ സാർ ചോദിച്ചു എന്നാണ് പറഞ്ഞത്…

പക്ഷെ അവർക്കാർക്കും ശ്രീദേവിയുടെ കുഞ്ഞിന്റെ അച്ഛനെ അറിയില്ല… “, ഇടറിയ സ്വരത്തിൽ കേട്ട അന്ന് തന്നെ കുഴിച്ചു മൂടിയ സത്യങ്ങൾ അർജുനോട്‌ പറഞ്ഞപ്പോൾ കരഞ്ഞു പോകാതെ ഇരിക്കാൻ ലെച്ചു പ്രത്യേകം ശ്രദ്ധിച്ചു.. “എല്ലാം പോട്ടെ പെണ്ണെ… നമുക്ക് എപ്പോഴും ഹാപ്പി ആയി ഇരുന്നാൽ മതി…സങ്കടം ഉള്ള കാര്യങ്ങൾ ഒക്കെ പോട്ടെ…”,അർജുൻ അവളുടെ സങ്കടം മനസിലാക്കിയത് പോലെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ട് ലെച്ചുവും അർജുനോട്‌ കുറച്ചു കൂടി ചേർന്നിരുന്നു. “എനിക്ക് സമയം വേണം ഏട്ടാ…മനസ്സിൽ ഞാൻ എന്ന പ്രണയിനിയും ഭാര്യയും മനപ്പൂർവം വിട്ടു കളഞ്ഞ ഒരു പിടി കാര്യങ്ങൾ ഉണ്ട്…

അതൊക്കെ പൊടി തട്ടി എടുക്കാൻ എനിക്ക് കുറച്ചു സമയം തരണം…”, അപ്രതീക്ഷിതമായി ലെച്ചുവിൽ നിന്നും വന്ന വാക്കുകൾ കേട്ട് അവളെ ചുറ്റി പിടിച്ചിരുന്ന അർജുന്റെ കൈ അയഞ്ഞതും ലെച്ചു അവന്റെ മുഖം കൈക്കുള്ളിൽ എടുത്തു നെറ്റിയിൽ ഉമ്മ വെച്ച് എഴുന്നേറ്റു കിടന്നതും എല്ലാം ഒരു ഞൊടിയിൽ കഴിഞ്ഞത് പോലെ ആണ് അർജുന് തോന്നിയത്. കാറ്റിൽ ഒഴുകി നടക്കുന്ന അപ്പുപ്പൻ താടി പോലെ ഭാരം ഇല്ലാതെ അർജുൻ ബെഡിൽ വീഴുമ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞു പോയ ആശ്വാസത്തിൽ ആയിരുന്നു ലെച്ചുവും…

അന്ന് രാവിലെ തന്നെ ഇന്ദു അമ്മ വന്നു വിളിച്ചപ്പോൾ ആണ് ലെച്ചു എഴുന്നേറ്റത്…അർജുൻ അപ്പോഴും നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു.അവനെ ഉണർത്താതെ പതുകെ എഴുന്നേറ്റു വാതിൽ തുറക്കാൻ ആയി ലെച്ചു നടന്നപ്പോഴും അവളുടെ നോട്ടം 4 മണി എന്ന് കാണിക്കുന്ന ക്ലോക്കിൽ തന്നെ ആയിരുന്നു. “എന്താ അമ്മേ ഇത്ര നേരത്തെ “,വാതിൽ തുറന്നു കൊണ്ട് ലെച്ചു ചോദിച്ചത് കേട്ട് ഇന്ദു അമ്മ ഒന്ന് ചിരിച്ചു. “എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല മോളെ…ഇന്ന് പോകുന്ന കാര്യം ആലോചിച്ചു സന്തോഷം കൊണ്ട് എനിക്ക് വയ്യ…അമ്മുവും രാവിലെ തന്നെ എഴുന്നേറ്റു അടുക്കളയിൽ ഉണ്ട്…സോറി മോളെ….

അവിടെ ഇരുന്നിട്ട് ഒരു സുഖം കിട്ടാത്തത് കൊണ്ട് മോളെ വിളിക്കാൻ വന്നതാ ഞാൻ “,ലെച്ചുവിന്റെ ഉറക്കം പോയല്ലോ എന്ന് ആലോചിച്ചു സങ്കടത്തോടെ അമ്മ പറയുന്നത് കേട്ട് ലെച്ചു അമ്മയുടെ കവിളിൽ ഒന്ന് നുള്ളി… “ഓഹോ…അതായിരുന്നോ സംഭവം…ഞാൻ ഇപ്പോൾ കുളിച്ചിട്ട് വരാം ട്ടോ…എന്നിട്ട് വേഗം തന്നെ നമുക്ക് പോകാം…”,ലെച്ചു ചിരിയോടെ പറഞ്ഞത് കേട്ട് സന്തോഷത്തോടെ ഇന്ദു അമ്മ തിരികെ പോയപ്പോൾ എവിടെ നിന്നോ ഒരുന്മേഷം ലെച്ചുവിനെ പൊതിഞ്ഞു. അവൾ വേഗം തന്നെ കുളി കഴിഞ്ഞു വന്നു ഒന്ന് രണ്ടു ജോഡി ഡ്രെസ്സുകളും മറ്റും എടുത്തു വെക്കുന്ന സമയം ആണ് അർജുൻ ഉണർന്നത് “നീ പോകുവാണോ പെണ്ണെ…

പോവേണ്ട ലെച്ചു…എനിക്ക് വയ്യ നീ ഇല്ലാതെ 2 ദിവസം… “,കണ്ണ് തുറന്നപ്പോൾ തന്നെ ബാഗ് പാക്ക് ചെയുന്ന ലെച്ചുവിനെ കണ്ടു ബെഡിൽ എഴുന്നേറ്റു ഇരുന്നു അർജുൻ പറഞ്ഞത് കേട്ട് അവൾ അവന്റെ അടുത്തേക്ക് പോയിരുന്നു. “എന്താണ് ഏട്ടാ ഇതു…രാവിലെ തന്നെ ടിക്ക് ടോക്ക് ഡയലോഗും കൊണ്ട് ഒക്കെ…പ്രായം എത്രയായി എന്നാ വിചാരം… കുറച്ചു പക്വത കാണിച്ചൂടെ നിങ്ങൾക്ക് “, എന്തോ കാര്യം ആയി പറഞ്ഞു സമാധാനിപ്പിക്കാൻ ആയി ആണ് ലെച്ചു വന്നത് എന്ന് കരുതി പ്രതീക്ഷയോടെ ഇരുന്ന അർജുനെ കളിയാക്കി കൊണ്ട് അവൾ പറഞ്ഞത് കേട്ട് അർജുൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു ലെച്ചുവിനെ തള്ളി മാറ്റി ബാത്‌റൂമിലേക്ക് പോയി.

കൈവിട്ടു പോയ വാക്കുകൾ ആലോചിച്ചു ഇനി ഒരു കാര്യവും ഇല്ല എന്ന് അവന്റെ പ്രവർത്തി കണ്ട ലെച്ചുവിന് ഉടനെ മനസിലായത് കൊണ്ട് അർജുൻ തിരികെ വരുന്നതിനു മുന്നേ ലെച്ചു താഴേക്ക് ചെന്നു. കാര്യം കുറച്ചു സങ്കടം ആയി എങ്കിലും അർജുന്റെ പിണക്കം എങ്ങനെ മാറ്റാം എന്ന് ആലോചിച്ചു കൊണ്ട് നടന്ന ലെച്ചു കൃത്യം ആയി ചെന്നു പെട്ടത് പ്രാർത്ഥന കഴിഞ്ഞു വന്ന അമ്മമ്മയുടെ മുന്നിൽ ആയിരുന്നു. അമ്മമ്മയെ കണ്ട ഉടനെ തന്നെ ലെച്ചു വഴിയിൽ നിന്ന് സൈഡിലേക്ക് മാറി തല കുനിച്ചു നിന്നു. “നീ അമ്മുനെ പരീക്ഷ എഴുതിക്കാൻ കൊണ്ട് പോകാം എന്ന് പറഞ്ഞോ “,

അവളുടെ മുന്നിൽ നിന്ന് കൊണ്ട് പെട്ടെന്ന് അമ്മമ്മ ചോദിച്ചത് കേട്ടു ലെച്ചു തല ഉയർത്തി അവരെ ഒന്ന് നോക്കി. “ഞാൻ മാത്രം അല്ല,അമ്മയും ഉണ്ടല്ലോ “, ഒട്ടും പേടിക്കാതെ ഉള്ള ലെച്ചുവിന്റെ മറുപടി കേട്ട് അമ്മമ്മയുടെ മുഖം മാറി. “അവൾക്ക് എങ്ങോട്ടെങ്കിലും പോണം എങ്കിലും അഭി കൊണ്ട് പൊയ്ക്കോളും…അതിനിടയിൽ നീ എന്തിനാ ഇങ്ങനെ ആവശ്യം ഇല്ലാത്ത ഓരോന്നിന് പോകുന്നത് “,അമ്മമ്മ വീണ്ടും ദേഷ്യത്തോടെ ചോദിച്ചത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു. “അഭി ഏട്ടന് നേരം ഇല്ലാത്ത കാര്യം അമ്മമ്മ അറിഞ്ഞില്ലേ…അത് കൊണ്ടല്ലേ ഇത്തിരി ഇല്ലാത്ത ആ പൊടി കുഞ്ഞിനേയും കൊണ്ട് 3 പെണ്ണുങ്ങൾക്ക് പോകേണ്ടി വന്നത് “,

എത്ര മറക്കാൻ നോക്കിയിട്ടും പറ്റാതെ വന്ന പുച്ഛം അത് പോലെ പ്രകടിപ്പിച്ചു കൊണ്ട് ലെച്ചു പറഞ്ഞപ്പോൾ കുറച്ചു സമയം അമ്മമ്മക്ക് ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയായി. “ഏട്ടത്തി പരീക്ഷക്ക് വേണ്ടി നല്ലത് പോലെ പഠിച്ചിട്ടുണ്ട്.പരീക്ഷ എഴുതണം എന്ന് ഏട്ടത്തിക്ക് നല്ല ആഗ്രഹവും ഉണ്ട്…ഇനി ആര് എന്ത് പറഞ്ഞാലും ഞങ്ങൾ ബാംഗ്ലൂർ പോയിരിക്കും “,അമ്മമ്മ വീണ്ടും ഓരോന്ന് പറയാൻ തുടങ്ങുന്നു എന്ന് കണ്ടു ലെച്ചു ആ സംസാരം അങ്ങനെ നിർത്തി അടുക്കളയിലേക്ക് നടക്കുമ്പോൾ അമ്മമ്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

മനസ്സിൽ എന്തൊക്കെയോ വിഷമം തോന്നി എങ്കിലും ലെച്ചു അതൊക്കെ മാറ്റി വെച്ച് അടുക്കളയിൽ എത്തിയപ്പോൾ പതിവിലും ആവേശത്തോടെ അമ്മയും ഏടത്തിയും വലിയ പണിയിൽ ആയിരുന്നു. കുറച്ചു എന്തൊക്കെയോ സംസാരിച്ചു ലെച്ചുവും എല്ലാം തീർക്കാൻ അവർക്കൊപ്പം കൂടിയപ്പോൾ വിചാരിച്ചതിലും നേരത്തെ എല്ലാം ചെയ്ത് കഴിഞ്ഞു ഒരുങ്ങാൻ ആയി അമ്മയും ഏട്ടത്തിയും റൂമിലേക്ക് പോയി. അത് കണ്ടു ലെച്ചുവും ഒട്ടും സമയം കളയാതെ റൂമിലേക്ക് നടക്കുന്നതിന് മുന്നേ തന്നെ അർജുനെയും കൊണ്ട് പ്രിയ താഴേക്ക് വന്നിരുന്നു.

ലെച്ചുവിനെ കണ്ടതും പ്രിയ അർജുന്റെ കൈയിൽ ഒന്ന് കൂടെ മുറുക്കെ പിടിച്ചു.പ്രിയയുടെ ആ പ്രവർത്തി അർജുന് ഇഷ്ടപ്പെട്ടില്ല എങ്കിലും നേരത്തെ ഉണ്ടായ ദേഷ്യം കാരണം അവൻ കാര്യം ആയി ഒന്നും പ്രതികരിച്ചില്ല. അവരുടെ ചെയ്തികൾ കണ്ടു ലെച്ചുവിന്റെ മുഖം മാറും എന്നൊക്കെ കരുതി ഇരുന്ന അർജുനും പ്രിയയും അവരെ നോക്കി പുഞ്ചിരിക്കുന്ന ലെച്ചുവിനെ കണ്ടു ചെറുതായി ഒന്ന് അമ്പരന്നു. “ഏട്ടൻ പോകാറായോ…ഭക്ഷണം എടുത്തു വെക്കാം ഞാൻ…പ്രിയ ഏട്ടന്റെ കൂടെ ആണോ പോകുന്നത് “,മുഖത്തുള്ള ചിരിയിൽ ഒരു തരി പോലും മങ്ങൽ ഇല്ലാതെ ലെച്ചു ചോദിച്ചത് കേട്ട് അറിയാതെ തന്നെ അർജുൻ പ്രിയ മുറുക്കി പിടിച്ചിരുന്ന കൈ വലിച്ചെടുത്തു ലെച്ചുവിന്റെ കൂടെ നടന്നു.

താൻ ഒരു പ്രശ്നം ആയി ലെച്ചു വിചാരിക്കുന്നതെ ഇല്ലല്ലോ എന്ന് ഓർത്തു പ്രിയക്ക് ഒരേ സമയം ദേഷ്യവും വിഷമവും നാണക്കേടും ഒക്കെ തോന്നിയപ്പോൾ ഇതെന്തു ജീവി എന്ന പോലെ ലെച്ചുവിനെ ഇടക്കിടെ നോക്കി ഭക്ഷണം കഴിക്കുകയായിരുന്നു അർജുൻ. “അതെ…നിങ്ങൾ ഇങ്ങനെ നോക്കി അത്ഭുതപ്പെടുക ഒന്നും വേണ്ട…എനിക്ക് ഏട്ടനെ നല്ല വിശ്വാസം ആണ്…അവൾ ഒന്ന് പിടിച്ചാൽ മാറി പോകുന്ന മനസ്സ് ഒന്നും അല്ല ഇതെന്ന് എനിക്ക് നല്ലത് പോലെ അറിയാം “,അർജുന് നേരെ ചായ നീട്ടി ലെച്ചു പറഞ്ഞത് കേട്ട് അവൻ ചമ്മിയ ചിരി ചിരിച്ചു.

“നല്ലത് പോലെ സൂക്ഷിക്കണം…എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണം,ഏത് സമയം ആയാലും…പിന്നെ ഹാൻഡ് ബാഗിൽ കാർഡ് വെച്ചിട്ടുണ്ട്…നമ്പർ വാട്ട്‌സ് ആപ്പിൽ അയച്ചിട്ടുണ്ട്… “,പെട്ടെന്ന് എന്തോ ഓർത്ത് അർജുൻ പറഞ്ഞത് കേട്ട് ലെച്ചു തല കുലുക്കി… ഭക്ഷണം എടുത്തു കൊടുത്തു അവളും അർജുന്റെ അടുത്ത് തന്നെ ഇരുന്നു.ഉടനെ തന്നെ അവൻ ലെച്ചുവിന്റെ കൈയിൽ മുറുക്കി പിടിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി. എന്നും വളരെ വേഗം കഴിച്ചു എഴുന്നേൽക്കുന്ന അർജുന് അന്ന് ഭക്ഷണം ഇറങ്ങാത്തത് പോലെ തോന്നി…

ഒരാഴ്ച കൊണ്ട് ലെച്ചു അവനും ആയി അത്ര അധികം അടുത്തിരുന്നു.അവൾക്കും അതെ അവസ്ഥ ആയിരുന്നു എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അർജുനെ യാത്രയാക്കാൻ ലെച്ചു അവന്റെ കൈയും പിടിച്ചു പുറത്തേക്ക് നടന്നു. “ചുമ്മ എന്നെ കരയിപ്പിക്കാതെ പോകാൻ നോക്ക് ഏട്ടാ…2 ദിവസത്തെ കാര്യം അല്ലെ ഉള്ളൂ…”,മുറ്റത്തു നിന്ന് വീണ്ടും വീണ്ടും തിരിഞ്ഞു കളിക്കുന്ന അർജുനെ തള്ളി കാറിൽ കയറ്റി ലെച്ചു പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ കാർ എടുത്തു പോകുമ്പോൾ ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ അപ്പോഴേക്കും അമ്മയും മറ്റും പുറത്തേക്ക് വന്നത് കണ്ടു ലെച്ചു കണ്ണുകൾ തുടച്ചു വേഗം അകത്തേക്ക് കയറി.

പിന്നെ അധികം വൈകാതെ ഭക്ഷണം കഴിച്ചു അവർ റെയിൽ വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.അമ്മു ഇറങ്ങുമ്പോൾ അമ്മമ്മയോട് യാത്ര പറഞ്ഞു എങ്കിലും അമ്മമ്മ വലിയ മൈൻഡ് ഒന്നും കാണിക്കാത്തത് അവൾക്ക് നല്ല വിഷമം ഉണ്ടാക്കി എങ്കിലും ലെച്ചു അതൊക്കെ മാറ്റി എടുത്തു. നേരത്തെ തന്നെ ബുക്ക്‌ ചെയ്തത് കൊണ്ട് അധികം കഷ്ടപ്പെടാതെ അവർക്ക് സീറ്റും മറ്റും കിട്ടി. കാർത്തു മോള് നല്ല ഉറക്കം ആയത് കൊണ്ട് ഒരു പ്രശ്നവും ഇല്ലാതെ തന്നെ അവർ അവരുടെ ബാംഗ്ലൂർ യാത്ര ആരംഭിച്ചു. “ഞാൻ ആദ്യം ആയി ആണ് ട്രെയിനിൽ ഇത്ര ദൂരം പോകുന്നത്…

അമ്മയോ “,ഓപ്പോസിറ്റ് ഉള്ള വിന്ഡോ സീറ്റുകളിൽ ഇരുന്ന് അമ്മു അമ്മയോട് ചോദിച്ചത് കേട്ട് അമ്മയുടെ മുഖം ചെറുതായി ഒന്ന് വാടി. “ഞാൻ ആദ്യം ആയിട്ടാ ട്രെയിനിൽ തന്നെ….”,അമ്മ പറഞ്ഞത് കേട്ട് അമ്മുവും ലെച്ചുവും ഒരു പോലെ അമ്പരന്ന് പരസ്പരം നോക്കി… “അപ്പോൾ നമ്മൾ പോകാൻ തീരുമാനിച്ചത് നന്നായി ഇല്ലേ അമ്മേ… നമുക്ക് അടിച്ചു പൊളിക്കാം “, അമ്മക്ക് ചെറുതായി വിഷമം വന്നു എന്ന് കണ്ടു വിഷയം മാറ്റാൻ ആയി ലെച്ചു അങ്ങനെ പറഞ്ഞു എങ്കിലും കുറച്ചു നേരത്തേക്ക് ചെറിയൊരു നിശബ്ദത അവിടെയാകെ പരന്നു.

എന്നാൽ പതുകെ പതുകെ അമ്മയുടെയും അമ്മുവിന്റെയും മുഖത്തു മാറി മാറി വരുന്ന അത്ഭുത ഭാവങ്ങൾ ഏറ്റവും കൂടുതൽ ആവേശം കൊടുത്തത് ലെച്ചുവിനാണ്. ഒരു വേള കുറെ പഠിച്ചിട്ടും ജോലി ചെയ്തും ഒക്കെ ദിവസങ്ങൾ ഒരു പോലെ കളയുന്നതിനും എത്രയോ നല്ലതാണ് വേണ്ട പെട്ടവരുടെ ചെറിയ ചെറിയ മോഹങ്ങൾ നടത്തി കൊടുക്കാൻ ദിവസങ്ങൾ ചിലവഴിക്കുന്നത് എന്ന് അവൾക്ക് തോന്നി. ഇടക്ക് കാർത്തു മോള് ഉണർന്നു കരയാൻ തുടങ്ങി എങ്കിലും ലെച്ചു അവളെ അമ്മുവിന് കൊടുക്കാതെ കരച്ചിൽ ഒക്കെ മാറ്റി എടുത്തു.

ആവിശ്യം ഇല്ലാത്ത ഒരു കുഞ്ഞു സംസാരം പോലും അമ്മയുടെയും അമ്മുവിന്റെയും ശ്രദ്ധ മറ്റും എന്ന് തോന്നി അതിന് പോലും മുതിരാതെ ലെച്ചു ആ രണ്ട് ജോഡി കണ്ണുകളിൽ തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളെ നോക്കി ഇരുന്നു ഇരുട്ട് വീണിട്ടും ഉറങ്ങാൻ മടിക്കുന്ന ബാംഗ്ലൂർ നഗരത്തിന്റെ ഏറ്റവും തിരക്കേറിയ റെയിൽ വേ സ്റ്റേഷനിൽ ലെച്ചു ആണ് ആദ്യം ഇറങ്ങിയത്…യാത്രയുടെ ക്ഷീണം നല്ലത് പോലെ ഉണ്ടെങ്കിലും വിചാരിച്ചത് എന്തോ നേടി എടുത്ത സന്തോഷത്തിൽ അമ്മയും അമ്മുവും ലെച്ചുവിനെ പിന്തുടർന്ന് ഇറങ്ങി. വഴി വിളക്കുകൾ കൊണ്ട് സമൃദ്ധമായ തിരക്കെറിയ റോഡിൽ തൊട്ട് തൊട്ട് നിൽക്കുന്ന കടകളും മറ്റും കണ്ടു അമ്മയുടെ കണ്ണുകൾ പുറത്തു ചാടും എന്ന സ്ഥിതിയായി…

അമ്മു ആവട്ടെ ആ വൈകിയ വേളയിലും യാതൊരു പ്രശ്നവും ഇല്ലാതെ റോഡിൽ നടക്കുന്ന സ്ത്രീകളെ ആണ് ശ്രദ്ധിച്ചത്. “അതെ,ഇപ്പോൾ കഷ്ടപ്പെട്ടു നോക്കേണ്ട രണ്ടു പേരും… നാളെ എക്സാം കഴിഞ്ഞു ഇതൊക്കെ വീണ്ടും കാണേണ്ടതാ നമുക്ക് “,എന്താണ് നോക്കേണ്ടത് എന്ന് ആലോചിച്ചു കിളി പോയ പോലെ നടക്കുന്ന അമ്മയോടും അമ്മുവിനോടും ലെച്ചു അത് പറഞ്ഞപ്പോൾ ഒരുവേള ഇന്ന് തന്നെ എല്ലാം കണ്ടല്ലോ എന്ന് പറയാൻ തോന്നി അവർക്ക്. എങ്കിലും യാത്രയുടെ ക്ഷീണം തളർത്തിയത് കൊണ്ടും കാർത്തു മോള് ഉണർന്നത് കൊണ്ടും വേഗം തന്നെ അവർ ഒരു ടാക്സി വിളിച്ചു ഹോട്ടലിലെക്ക് പോയി.

അർജുൻ നേരത്തെ തന്നെ ഹോട്ടൽ എല്ലാം ബുക്ക്‌ ചെയ്തത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ അവർ റൂമിൽ എത്തി. ഭക്ഷണം നേരത്തെ വാങ്ങി വെച്ചത് കൊണ്ട് ഫ്രഷ് ആയി വന്ന ഉടനെ തന്നെ അവർ ഭക്ഷണം കഴിച്ചു. അമ്മയെയും അമ്മുവിനെയും നിർബന്ധ പൂർവ്വം കിടത്തി ഉറക്കി ലെച്ചു പതിയെ ഫോണും ആയി ഹോട്ടലിന്റെ വിശാലമായ ബാൽക്കണി തുറന്നു പുറത്തിറങ്ങി. വീശി അടിച്ച പാതിരാ കാറ്റിൽ അറിയാതെ തന്നെ ലെച്ചുവിന് അർജുന്റെ ഓർമ വന്നപ്പോൾ തന്നെ അവന്റെ കാൾ ലെച്ചുവിനെ തേടി എത്തി… “ഹലോ… ഏട്ടാ… “,ചെറു ചിരിയോടെ ലെച്ചു അവനെ വിളിച്ചു…

“വയ്യ പെണ്ണെ എനിക്ക് ഇതു… നീ കളിയാക്കിയാലും വേണ്ടില്ല…ഇതെന്താ എനിക്ക് മാത്രം ഇങ്ങനെ “,തളർച്ച ബാധിച്ചതു പോലെ ഉള്ള അർജുന്റെ സംസാരം കേട്ട് ലെച്ചുവിന് സങ്കടം വന്നു… “സാരില്ല ഏട്ടാ…നമ്മുടെ ഏട്ടത്തിക്ക് വേണ്ടി അല്ലെ…ഏട്ടന് അറിയോ ഇന്ന് ട്രെയിനിൽ കയറിയപ്പോൾ മുതൽ ഇപ്പോൾ ഈ നിമിഷം വരെ അമ്മയും ഏട്ടത്തിയും കണ്ണുകൾ അറിയാതെ പോലും ചിമ്മിയിട്ടില്ല…ഒരുപക്ഷെ ഏട്ടന്റെ സ്വപ്നം ആയ ആ എക്സാം എനിക്ക് കിട്ടിയാൽ പോലും ഇപ്പോൾ ഈ നിമിഷം ഞാൻ അനുഭവിക്കുന്ന സന്തോഷം എനിക്ക് കിട്ടില്ല..

ചിറകുകളെ വെട്ടി മാറ്റാതെ എന്നെ പറക്കാൻ വിടുമ്പോൾ എന്റെ സ്വന്തം ആയവർക്ക് എങ്കിലും ചിറകുകൾ ഉണ്ട് എന്ന് കാണിച്ചു കൊടുക്കേണ്ടത് എന്റെ കടമയല്ലേ ഏട്ടാ…അത് മാത്രം ആലോചിച്ചാൽ മതി…വിഷമം ഒക്കെ തന്നെ പൊയ്ക്കോളും ട്ടോ “, സന്തോഷവും ആവേശവും നിറഞ്ഞ വാക്കുകൾ ലെച്ചു പോലും അറിയാതെ പുറത്തേക്ക് വന്നത് കേട്ട് അർജുന് സന്തോഷം തോന്നി എങ്കിലും എന്തോ ഒരു വിഷമം അവനെ അലട്ടി. പക്ഷെ അതിനെ പറ്റി ഒന്നും അവളോട് പറയാതെ അർജുൻ വേഗം തന്നെ ഫോൺ വെച്ചു.

സമയം ഒരുപാട് കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ ലെച്ചു ബാംഗ്ലൂർ നഗരത്തിന്റെ ഭംഗി ആസ്വദിച്ചു നിൽക്കേ ഏറ്റെടുത്ത ജോലിയുടെ പകുതി ഭംഗിയായി ചെയ്ത സന്തോഷത്തിൽ അവളുടെ മനസ്സ് നിറഞ്ഞിരുന്നു. എന്നാൽ കാതങ്ങൾക് ഇപ്പുറം അർജുൻ ഉറക്കം ഇല്ലാത്ത അവന്റെ ആദ്യ രാത്രി എങ്ങനെ തള്ളി നീക്കും എന്ന ആലോചനയിൽ ആയിരുന്നു

(തുടരും )

ലയനം : ഭാഗം 14