കവചം 🔥: ഭാഗം 38
രചന: നിഹ
ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ചാണ് അവൻ അത് പറയുന്നതെന്ന് ആര്യയ്ക്ക് മനസ്സിലായി. ” ആ നായിന്റെ മോൻ കാരണം എന്തെല്ലാം ബുദ്ധിമുട്ടുകളാ നമുക്ക് ഉണ്ടായത്… നമ്മുടെ അന്തസ്സും അഭിമാനവും വച്ചാ അവൻ കളിച്ചത്… നമ്മുടെ അച്ഛന്റെ കിടപ്പിനും അനന്തൻ ഒളിവിൽ കഴിയണ്ടി വന്നതും എല്ലാം.. എല്ലാം അവൻ കാരണമാ… അതിന് എല്ലാം പകരം ചോദിക്കാതെ അവനെ വെറുതെ വിടില്ല….” അവൻ്റെ കണ്ണുകളിൽ രോഹിത്തിനോടുള്ള ദേഷ്യം പ്രതിഫലിക്കുന്നുണ്ടായിരുന്നു. ” കേസിന്റെ കാര്യങ്ങളൊക്കെ എവിടം വരെയായി അനിയേട്ടാ…?” ചെറിയൊരു ആകുലതയോടെ അവൾ തിരക്കി. ”
പുതിയൊരു പോലീസ് ഓഫീസർ വന്നിട്ടുണ്ട്. ആളൊരു മിടുക്കൻ ആണെന്നാ കേട്ടിരിക്കുന്നത്. കേസിന്റെ സത്യാവസ്ഥ തെളിഞ്ഞാൽ ചിലപ്പോൾ കാര്യങ്ങൾ നമുക്ക് അനുകൂലമായിരിക്കും. ഇപ്പോഴത്തെ സ്ഥിതിയിൽ പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റില്ല… ജാമ്യം പോലും കിട്ടാത്ത കേസല്ലേ? അനന്തനും ആതിരയും പിടിക്കപ്പെട്ടാൽ പിന്നെ ഊരി പോരാൻ പാടാ… ഞാനും ചിലതൊക്കെ തീരുമാനിച്ചു വച്ചിട്ടുണ്ട്..” അനിരുദ്ധ് പറയുന്നത് കേട്ടിട്ട് ആര്യക്ക് ഭയം തോന്നി. ഒരുകാലത്ത് വളരെ സമാധാനത്തോടു കൂടി കഴിഞ്ഞിരുന്ന കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തപ്പോൾ അവളുടെ നെഞ്ചിൽ വലിയൊരു കല്ലെടുത്ത് വച്ച ഭാരം തോന്നി.
അനിരുദ്ധിനെ ആരൊക്കെയോ വിളിക്കുന്നതും അവൻ ഫോണിൽ തിരക്ക് പിടിച്ച് സംസാരിക്കുന്നതും പുറത്തേക്ക് പോകുന്നത് നോക്കി ആര്യ അമ്മുവിന്റെ അടുത്ത് കിടന്നു. ♦️♦️🟩🟩♦️♦️🟩🟩♦️♦️🟩🟩♦️♦️🟩 പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ രണ്ടുദിനങ്ങൾ അവരുടെ ജീവിതത്തിലൂടെ ഓടിമറഞ്ഞു. ഓരോ നിമിഷവും ഭയത്തോടു കൂടിയാണ് അവർ മനയിൽ കഴിഞ്ഞുകൂടിയത്. പുറംലോകവുമായുള്ള ബന്ധം ഉപേക്ഷിച്ചത് കൊണ്ട് അനന്തനും ആതിരയും മനയിൽ മാത്രമായി ഒതുങ്ങിക്കൂടി. രാമേട്ടനെയും ദേവകിയെയും അകറ്റിനിർത്തണമെന്ന് ഗൗരി പറഞ്ഞത് ഇടയ്ക്കിടെ ആതിരയുടെ മനസ്സിലൂടെ ഒഴുകി നടന്നു. പല കാര്യങ്ങളും അവർ മറച്ചുവയ്ക്കുന്നുണ്ടെന്ന് ആതിരയ്ക്ക് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ ഗൗരി പറയുന്നതൊക്കെ ശരിയാണെന്ന് അവൾക്കും തോന്നിയിരുന്നു.
എന്നാൽ അവരുടെ സഹായത്തിന് മാറ്റാരും ഇല്ലാത്തതുകൊണ്ട് അവരെ പൂർണമായും ഒഴിവാക്കാനും അവർക്ക് കഴിഞ്ഞില്ല. ദേവകി ….. ദേവകി….. മുറിയിൽ ദേവകിയെ കാണാത്തത് കൊണ്ട് രാമൻ അവളെ വിളിച്ച് അടുക്കളയിലേക്ക് പോയി . അടുക്കളയിൽ ദേവകി പാചകത്തിന്റെ തിരക്കിലായിരുന്നു. ” നീ ഇവിടെ ഉണ്ടായിരുന്നോ…? എന്താ ദേവകി ഉണ്ടാക്കുന്നത് …?”” രാമൻ പാത്രത്തിലേക്ക് നോക്കി കൊണ്ട് അവളോട് ചോദിച്ചു. അവൾ ഉണ്ടാക്കുന്ന വിഭവം കണ്ടപ്പോൾ രാമന്റെ കണ്ണ് നിറഞ്ഞു വന്നു. മീനുവിന് ഒരുപ്പാട് ഇഷ്ട്ടമാണ് പായസം . ഒരു സദ്യ തന്നെ ദേവകി ഒരുക്കുന്നുണ്ടായിരുന്നു. ദേവകിയും കണ്ണുനിറച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്.
പായസത്തിന് ഉപ്പ് എന്നപോലെ രണ്ടു തുള്ളി കണ്ണുനീർ അതിലേക്ക് പൊഴിഞ്ഞുവീണു. ദേവകി… ഇട മുറിഞ്ഞ ശബ്ദത്തിൽ വേദനയോടെ രാമൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. രാമേട്ടന്റെ നെഞ്ചിലേക്ക് ചാരിയതും ദേവകി നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു. അവളുടെ കണ്ണുനീർ കണ്ട് നിൽക്കാൻ രാമന് കഴിഞ്ഞില്ല. അവളെ ഓരോന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും ദേവകിയുടെ സങ്കടം മാറുന്നുണ്ടായിരുന്നില്ല. അവളെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോഴും രാമന്റെ നെഞ്ചിൽ ഒരു നേരിപ്പോട് നീറുന്നുണ്ടായിരുന്നു. ” ഈ ലോകത്തിലെ ഏറ്റവും നിർഭാഗ്യവതിയായ അമ്മ ഞാനാണ്… ദൈവം എനിക്ക് രണ്ട് കുഞ്ഞുങ്ങളെയും തന്നില്ല… ഇത്രയും ശാപം പിടിച്ച ഒരു ജന്മം ആണല്ലോ ദൈവമേ നീ എനിക്ക് തന്നത്….”
ദേവകി മനസ്സു നീറി സ്വയം പറഞ്ഞു കൊണ്ടിരുന്നു. ” നിനക്ക് ഞാനില്ലേ…? നമുക്ക് നമ്മൾ മാത്രം മതി ദേവകി…. നീ ഇങ്ങനെ കരഞ്ഞാൽ മീനൂട്ടിക്ക് സങ്കടമാകുട്ടോ… അവളെല്ലാം കാണുന്നുണ്ട്.. മോളുടെ ആത്മാവിന് ശാന്തി കിട്ടണ്ടേ? നീ കരയരുത്… നമ്മൾ സന്തോഷമായിട്ട് ഇരുന്നാൽ മാത്രമേ അവൾക്ക് ശാന്തി കിട്ടു…” രാമൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ മുറിയിലേക്ക് കൊണ്ടുപോയി. അപ്പോഴും ദേവകിയുടെ മനസ്സിൽ കുഞ്ഞിൻ്റെ ഓർമ്മകൾ മാത്രമായിരുന്നു . ഒരമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറം സങ്കടങ്ങൾ ഒള്ളിൽ ഒതുക്കി ജീവിച്ചവളാണ് ദേവകി. 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
” ഇത് വരെ ആ ഗുരുസ്വാമി വന്നില്ലല്ലോ … ദിവസങ്ങൾ വെറുതെ പോകുവല്ലേ… ? എങ്ങനെ പോയാൽ എപ്പോഴാ നമുക്കിവിടെ നിന്നും പോകാൻ പറ്റുന്നത്..??” ആതിരയുടെ സ്വരത്തിൽ പരിഭവം കലർന്നു. ” ഉടനെ വരാമെന്നല്ലേ പറഞ്ഞത് ? നമ്മൾ ധൃതി കൂട്ടിട്ട് കാര്യമില്ല … ഇതിനൊക്കെ ഓരോ വിധികളും രീതികളും കാണും .. നിസ്സാര കാര്യമൊന്നും അല്ലല്ലോ… ? നമ്മളോട് മേടിക്കാൻ പറഞ്ഞ സധനമൊക്കെ മേടിച്ചിട്ടുണ്ട്… അതുകൊണ്ട് എപ്പോൾ വന്നാലും കുഴപ്പമില്ല.. ഇനി വരുമ്പോൾ ബാക്കി നോക്കാം…” അനന്തൻ പറയുന്നതിൽ കാര്യമുണ്ടെന്ന് അറിയാം എങ്കിലും അവളുടെ മനസ്സ് ഒരുപ്പാട് മുന്നോട്ട് സഞ്ചരിക്കുന്നു. പുതിയ വീട്ടിലേയ്ക്ക് താമസം മാറണം കുഞ്ഞിയെയും ഗൗരിയെയും തിരികെ വിളിച്ചുകൊണ്ട് വരണം.
കേസിൻ്റെ കാര്യത്തിൽ പുതിയ മാറ്റങ്ങൾ വരണം ഇതൊക്കെയായിരുന്നു അവളുടെ മനസ്സിലെ ചിന്തകൾ. ” ദേ ചേച്ചി വരുന്നുണ്ടല്ലോ…” ദൂരെ നിന്നും നടന്നു വരുന്ന ദേവകിയെ ആതിര അനന്തന് കാണിച്ചു കൊടുത്തു. കൈയിൽ ഒരു തൂക്കു പാത്രവുമായി നടന്നു വരുന്ന അവരെ അവനും ശ്രദ്ധിച്ചു. ദേവകി പതിയെ നടന്ന് അവരുടെ അടുത്തേയ്ക്ക് വന്നു . അവർ കൊടുത്ത പുഞ്ചിരിക്ക് പകരമായി ചിരിക്കാൻ ശ്രമിച്ചുവെങ്കിലും അതിൽ വിഷാദം കലർന്നിരുന്നു. . ” ഇതെന്താ ചേച്ചി …” തനിക്ക് നേരെ നീട്ടിയ പാത്രം വാങ്ങിക്കൊണ്ട് ആതിര ദേവകിയുടെ നേരെ നോക്കി. ” കുറച്ച് പായസമാ …” അത് പറയുമ്പോൾ ദേവകിയുടെ മനസ്സിൽ സങ്കടത്തിന്റെ നീരുറവ പൊട്ടി പുറപ്പെട്ടിരുന്നു. ” എന്താ ചേച്ചി വിശേഷിച്ച്. .. ? പിറന്നാളോ , വാർഷികമോ അങ്ങനെ എങ്കിലും …”
അനന്തൻ സന്തോഷത്തോടെ അന്വേഷിച്ചു. ” പിറന്നാളാ… മോളുടെ …” കണ്ണ് കോണിൽ രൂപപ്പെട്ട മിഴിനീർ അവർ കാണാതെ ദേവകി തടഞ്ഞു വച്ചു. ഒരു നിമിഷം രണ്ടാളും വല്ലാത്ത ഭാവത്തോടെ നിന്നു. അവരുടെ കുട്ടി മരിച്ചുപോയെന്ന് മുന്നേ രാമൻ സൂചിപ്പിച്ചത് കൊണ്ട് അനന്തന് അത് അറിയാമായിരുന്നു. മറ്റൊരു അവസരത്തിൽ അനന്തൻ പറഞ്ഞ് ആതിരക്കും അത് അറിയാം. അതുകൂടാതെ ദേവകിയുടെ വീട്ടിൽ പോയപ്പോൾ നേരിട്ട് അവരുടെ അവസ്ഥ അവൾ കണ്ടതാണല്ലോ . ദേവകിയോട് ഒന്നും ചോദിക്കാൻ ആതിരക്കും അനന്തനും തോന്നിയില്ല. അവരുടെ മൗനം ഭേദിച്ചുകൊണ്ട് ദേവകി തന്നെ സംസാരിച്ചു. ” പാൽപ്പായസമാ… മോൾക്ക് വല്ല്യ ഇഷ്ടമായിരുന്നു…” ചേച്ചി മോൾക്ക് എന്താ പറ്റിയേ..? അവൾ എങ്ങനാ….?”
ആതിര പകുതിയിൽ നിർത്തി. അനന്തൻ അവളെ നോക്കി. അവനും അറിയാൻ ആഗ്രഹിച്ച ഒരു ചോദ്യമായിരുന്നു ആതിര ചോദിച്ചത്. പക്ഷേ ദേവകിയ്ക്കു സങ്കടമാകുമെന്ന് രണ്ടാൾക്കും അറിയാം. ചോദിക്കണ്ടെന്ന് വിചാരിച്ചതാണ് എങ്കിലും അറിയാതെ അവൾ ചോദിച്ചു പോയി. ” അത് …. അത് … മോൾ….” ദേവകി നിന്ന് പതുങ്ങി. പറയണോ വേണ്ടയോയെന്ന് ദേവകി പലവട്ടം ആലോചിച്ചു. ” മീനു… മോള്….” ദേവകി മറുപടി ഒന്നും പറയാത്തത് കൊണ്ട് അനന്തനും ആതിരയും പരസ്പരം നോക്കി . ” ചേച്ചി … ഞാൻ വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ … ദേവേച്ചിക്ക് പറയാൻ ഇഷ്ടമല്ലെങ്കിൽ പറയണ്ട.. അതോർത്ത് സങ്കടപ്പെടുകയും വേണ്ട…” ആതിര അത് പറഞ്ഞപ്പോൾ ദേവകിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൾ സൂക്ഷ്മമായി നിരീക്ഷിച്ചു.
” മോള്… അവൾ…. അവള് മുങ്ങി മരിച്ചതാ…” ” അല്ല… അവൾ അങ്ങനെയല്ല… ആ.. അതെ അവള് മുങ്ങി …” പറഞ്ഞതിനെ തിരുത്തിക്കൊണ്ട് ദേവകി വീണ്ടും പറഞ്ഞു. പിന്നെയും ആദ്യം പറഞ്ഞത് തന്നെ പറയാൻ വന്ന് അത് പൂർത്തീകരിക്കാതെ നിർത്തി. ദേവകി എന്തൊക്കെയോ ഒളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആതിരക്കും അനന്തനും മനസ്സിലായി. അവരുടെ പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും അത് ആർക്കും മനസ്സിലാക്കാൻ കഴിയുന്നതായിരുന്നു. നേർത്ത ശബ്ദത്തിൽ ദേവകി പറഞ്ഞപ്പോൾ അവളുടെ നിറഞ്ഞ കണ്ണ് പെയ്തിരുന്നു. ” അയ്യോ… ചേച്ചി …. ചേച്ചി കരയുവാണോ…?” അനന്തൻ അത് ചോദിച്ചിട്ട് ആതിരയെ നോക്കി. നിനക്ക് ഇതിൻ്റെ വല്ല ആവശ്യമുണ്ടായിരുന്നോ എന്നാണ് ആ നോട്ടത്തിൻ്റെ അർത്ഥമെന്ന് അറിയാവുന്നത് കൊണ്ട് ആതിര കണ്ണുകൾ അവനിൽ നിന്നും പിൻവലിച്ചു .
” ഏയ് …. എനിക്ക് കുഴപ്പമൊന്നുമില്ല..” ദേവകി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു. ” ചേച്ചി … സോറി ഞാൻ സങ്കടപ്പെടുത്തി അല്ലേ…?” ” മോള് വിഷമിക്കണ്ട … എനിക്ക് കുഴപ്പമില്ല … പോകാനുള്ളത് പോയില്ലേ? ഞാൻ വീട്ടിലേയ്ക്ക് പോകുവാ … രാമേട്ടൻ തനിച്ചാ….” ദേവകി തിരിച്ചു പോകാനായി തിടുക്കം കൂട്ടി . അവർ എന്തെങ്കിലും പറയുന്നതിന് മുന്നേ അവരെ നോക്കാതെ ദേവകി ഇറങ്ങി നടന്നു. ” ആതീ… നീ എന്തിനാ ചേച്ചിയോട് അങ്ങനെ ചോദിച്ചത് ..?” അനന്തൻ അവളെ നോക്കി. ” ഏട്ടാ … അവർ എന്തൊക്കെയോ നമ്മളിൽ നിന്നും മറച്ചുവയ്ക്കുന്നുണ്ടല്ലോ ഒന്നും തുറന്നു പറയാതെ… കുഞ്ഞിന് എന്താ പറ്റിയെന്ന് ആരോട് ഒന്നും തുറന്നു പറയുന്നില്ല… എന്തെങ്കിലും പറയുമോന്ന് അറിയാൻ ചോദിച്ചതാ…,” ” ചേച്ചി പറഞ്ഞത് സത്യമാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ആതീ…?”
” ഇല്ല … ചേച്ചി എന്തൊക്കെയോ നമ്മളിൽ നിന്നും മറക്കുന്നുണ്ട്. കുഞ്ഞിന്റെ മരണം ആണെങ്കിൽ പോലും… ചേച്ചി അത് പറയുമ്പോൾ ചേച്ചിയുടെ പെരുമാറ്റത്തിൽ നിന്നും പറഞ്ഞത് കള്ളമാണെന്ന് ഉറപ്പാണ്..” ദേവകിയുടെ അപ്പോഴത്തെ ഭാവവും പെരുമാറ്റവും സംസാരവുമൊക്കെ മനസ്സിൽ ഓർത്ത് ആതിര പറഞ്ഞു. അനന്തനും അത് തന്നെയായിരുന്നു അഭിപ്രായം. ” അവർ എന്താ നമ്മളിൽ നിന്നും മറച്ചുവയ്ക്കുന്നത് ?എന്തിനുവേണ്ടി? എന്തായിരിക്കും…? ” അനന്തന്റെ വാക്കുകൾ അവർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലകൊണ്ടു.… തുടരും….