Monday, November 18, 2024
Novel

കൗസ്തുഭം : ഭാഗം 29

എഴുത്തുകാരി: അഞ്ജു ശബരി

ആമിയും അവളുടെ മടിയിൽ നച്ചുമോളും… ജീവന് ശരീരം തളരുന്നപോലെ തോന്നി.. ഒരാശ്രയത്തിനെന്നോളം അവൻ ചുറ്റിനും നോക്കി.. ജീവൻ നോക്കുന്നത് കണ്ട് ലിബിൻ അടുത്തേക്ക് വന്നു.. “എന്താടാ… നിനക്ക് എന്തെങ്കിലും വേണോ… ” ” എടാ അത് അവൾ… ” ” അവളോ ഏതവൾ… ” “അനാമിക… ” “അനാമികയോ എവിടെ… ” അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും വൈഷ്ണ സ്റ്റേജിലേക്ക് കടന്നുവന്നു… കൈയിലുള്ള താലം വിളക്കിന് മുന്നിൽ വെച്ച് സദസ്സിനെ തൊഴുത്ത് അവൾ മണ്ഡപത്തിലേക്ക് കയറിയിരുന്നു.. എന്നിട്ട് വൈഷ്ണ ജീവനെ നോക്കി ഒന്ന് ചിരിച്ചു…. തിരിച്ച് ജീവനും വൈഷ്ണയ്ക്ക് വിളറിയ ഒരു പുഞ്ചിരി കൊടുത്തു… പിന്നീട് വിവാഹത്തിന്റെ ചടങ്ങുകൾ ഒന്നൊന്നായി തുടങ്ങി..

ജീവന്റെ അനിയത്തി ചൈത്രയും അച്ഛമ്മയും ഒക്കെ അവരുടെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു.. വൈഷ്ണവിയുടെ അച്ഛനും അമ്മയ്ക്കും ജീവന്റെ അച്ഛനും അമ്മയ്ക്കും ജീവൻ ദക്ഷിണ കൊടുത്തു… അതുകഴിഞ്ഞ് വൈഷ്ണവിയും അച്ഛനമ്മമാർക്ക് ദക്ഷിണ കൊടുത്തു… അവർക്കുമുമ്പിൽ മന്ത്രോച്ചാരണങ്ങളുമായിരുന്ന പൂജാരി താലി എടുത്ത് ചന്ദ്രബാബുവിന്റെ കയ്യിൽ കൊടുത്തു.. അപ്പോഴൊക്കെ ജീവന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.. അവൻ ഇടയ്ക്കിടയ്ക്ക് ആമിയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.. ആമി അവന്റെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ ചിരിച്ചു… അവന്റെ ഭയം അവൾ ആസ്വദിച്ചു ചന്ദ്രബാബു താലി നീട്ടിയിട്ട് ജീവൻ അതറിഞ്ഞില്ല അവൻ മറ്റൊരു ലോകത്തായിരുന്നു… അവരുടെ അടുത്തു നിന്ന സുഭദ്ര ജീവന്റെ കയ്യിൽ ഒന്ന് തട്ടിയപ്പോൾ ആണ് ജീവന് സ്വബോധം വന്നത് ജീവൻ വേഗം കൈനീട്ടി താലി വാങ്ങിച്ചു…

വൈഷ്ണവിയുടെ കഴുത്തിലേക്ക് താലികെട്ടാൻ തുടങ്ങിയപ്പോൾ അവള് താലി തട്ടിയെറിഞ്ഞു എന്നിട്ട് ചാടിയെഴുന്നേറ്റു.. വൈഷ്ണവിയുടെ പെട്ടെന്നുള്ള പ്രവർത്തികൾ കണ്ടു ജീവനും അവിടെ കൂടി നിന്ന എല്ലാവരും പകച്ചു പോയി… ജീവനും മണ്ഡപത്തിൽ എഴുനേറ്റ് നിന്നു… “വൈഷു… നിനക്കെന്താ പറ്റിയത്.. ” ജീവൻ ചോദിച്ചു.. “എന്താ പറ്റിയതെന്ന് തനിക്കറിയില്ല അല്ലെ.. ” വൈഷ്‌ണ ജീവന് നേരെ പൊട്ടിത്തെറിച്ചു.. സ്റ്റേജിൽ എന്താ നടക്കുന്നതെന്ന് മനസ്സിലാവാതെ അവിടെ കൂടിയിരുന്നവരെല്ലാം അടക്കം പറയാൻ തുടങ്ങി… വൈഷ്ണയുടെ പ്രവൃത്തിയിൽ ചന്ദ്രബാബുവിന്‌ ദേഷ്യം വരാൻ തുടങ്ങി.. അയാൾ അവളുടെ നേരെ ചെന്നു.. അപ്പോഴേക്കും വൈഷ്ണയുടെ അച്ഛൻ ബാലചന്ദ്രൻ അയാളെ തടഞ്ഞു.. “അവിടെ നിൽക്ക് ചന്ദ്രാ.. ” “ബാലു നിന്റെ മോൾക്കെന്താ വട്ടാണോ..” “അവർ തമ്മിൽ പറയാനുള്ളത് അവർ തമ്മിൽ തീർക്കട്ടെ…

എന്നിട്ട് നമ്മൾ മുതിർന്നവർ ഇടപെടാം.. ” “എന്റെ കുടുംബത്തിൽ പെണ്ണുങ്ങളല്ല കാര്യങ്ങൾ പറയുന്നത് … ” ചന്ദ്രബാബു പുച്ഛത്തോടെ പറഞ്ഞു.. അയാൾ പറയുന്നത് കേട്ട് ബാലചന്ദ്രൻ ഒന്ന് ചിരിച്ചു… “പെണ്ണുങ്ങളെ അടിച്ചമർത്തുന്നത് ആണത്തമല്ല ചന്ദ്രു… എന്റെ മക്കൾക്ക് എല്ലാ സ്വാത്രന്ത്യവും ഞാൻ കൊടുത്തിട്ടുണ്ട്… നല്ലതും ചീത്തയും അവർക്ക് തിരിച്ചറിയാം.. അവർക്ക് സ്വന്തമായി അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.. അതുകൊണ്ട് അവർ സംസാരിക്കട്ടെ…” സ്റ്റേജിന്റെ ഒരു സൈഡിൽ കുറച്ചു പാട്ടുകാർ പാട്ടുകൾ പാടുന്നുണ്ടായിരുന്നു… വൈഷ്‌ണ അവരോട് ഒരു മൈക്ക് ആവശ്യപ്പെട്ടു… അത് കണ്ടു ചൈത്ര അവളുടെ അടുത്തേക്ക് വന്നു… “വൈഷ്ണെ.. എന്താ നിന്റെ പ്രശ്നം… ഇത്രയും ആളുകളുടെ മുന്നിൽ വെച്ച് ഇങ്ങനെയൊക്കെ കാണിക്കാൻ…. ” “എനിക്ക് സംസാരിക്കാനുള്ളത് ഇത്രയും പേരോടാണ്..

ചൈത്രേച്ചി മിണ്ടാതെ അവിടെ നിൽക്ക്… ” അപ്പോഴേക്കും ഒരാൾ ഒരു മൈക്ക് വൈഷ്ണക്ക് കൊടുത്തു… അവൾ മൈക്കിൽ കൂടി സംസാരിക്കാൻ തുടങ്ങി.. “എന്താണിവിടെ സംഭവിക്കുന്നതെന്ന് ഇവിടെ കൂടിയവർക്കെല്ലാം സംശയമുണ്ടായിരിക്കുമെന്ന് എനിക്കറിയാം… ” “ഒരു നാലു ചുവരിൽ തീർക്കേണ്ട വിഷയം ഇവിടെ ഇത്രയും ആളുകളുടെ മുന്നിലേക്ക് എത്തിച്ചത് മനഃപൂർവ്വമാണ്..” അത്രയും പറഞ്ഞിട്ട് വൈഷ്‌ണ സ്റ്റേജിൽ നിന്നുമിറങ്ങി എന്നിട്ട് അനാമികയുടെ അടുത്തെത്തി… ആമിയെയും കുഞ്ഞിനേയും കൂട്ടികൊണ്ട് തിരിച്ചു സ്റ്റേജിലേക്ക് കയറി വന്നു… കാര്യങ്ങളൊക്കെ കൈവിട്ടു തുടങ്ങി എന്ന് ജീവന് മനസ്സിലായി… ജീവൻ പതിയെ പുറകോട്ട് നടന്നു… അവിടെ കൂടിനിന്നവരൊക്കെ ജീവനെ തടഞ്ഞു.. തനിക്കിനി ഒന്നും ചെയ്യാനാവില്ല എന്ന് നിസ്സാഹയതയോടെ ജീവൻ മനസ്സിലാക്കി.. വൈഷ്‌ണ തുടർന്നു..

“നിങ്ങളോരോരുത്തരും ചിന്തിക്കുന്നുണ്ടാവും ഈ പെൺകുട്ടി ആരാണെന്ന്.. ” “ഒരു കാലത്ത് സമൂഹം ഇര എന്ന പേരിൽ ആയിരുന്നു ഇവളെയും വിളിച്ചത്… ഇവന്റെ കാടത്തത്തിന്റെ ഇര… ” ജീവന്റെ നേരെ കൈചൂണ്ടി കൊണ്ട് വൈഷ്‌ണ പറഞ്ഞു… “കേസ് കൊടുത്താലും കാശിന്റെ അഹങ്കാരം കൊണ്ട് പുല്ലുപോലെ ഇറങ്ങിപ്പോരാൻ കഴിയുമെന്ന് അറിഞ്ഞത് കൊണ്ട് കേസിനും വഴക്കിനും ഒന്നും പോകാതെ ഈ പാവം ഒരു മുറിക്കുള്ളിൽ ഒതുങ്ങി… ” പക്ഷേ അവിടെയും തീർന്നില്ല ആമിയുടെ കഷ്ടപ്പാട്.. “അപ്പോഴേക്കും ഇവന്റെ ക്രൂരതയുടെ സമ്മാനം ഇവളുടെ വയറ്റിൽ ജന്മം കൊണ്ടിരുന്നു… അതാണ് ഈ കുഞ്ഞ്…” “ഇവിടെ കൂടിയിരിക്കുന്ന നിങ്ങളോരോരുത്തരും പറയണം ഇവനെ എന്താ ചെയ്യേണ്ടത്.. ”

“തല്ലിക്കൊല്ലണം ആ @##%%&** മോനെ…. ” ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു… “മോളെ ഇവന്റെ പേരിൽ കേസ് ഫയൽ ചെയ്യാം.. ” കമ്മീഷണർ ആയ വൈഷ്‌ണയുടെ അങ്കിൾ പറഞ്ഞു.. “എന്നിട്ടെന്തിനാ അങ്കിൾ… ഈ പാവത്തിനെ എല്ലാരും കൂടി കടിച്ചു കീറും… കാശെറിഞ്ഞു അവൻ ഇറങ്ങിപ്പോരും… അത് വേണോ.. ” “പിന്നെന്താ മോൾ പറഞ്ഞു വരുന്നത്.. ” “ഇവൻ ചെയ്ത തെറ്റ് ഇവനെക്കൊണ്ട്‌ തന്നെ തിരുത്തിക്കണം.. അതിനാണ് വളരെ മുൻപേ കാര്യങ്ങളൊക്കെ അറിഞ്ഞിട്ടും ഇത് ഈ കല്യാണമണ്ഡപം വരെ എത്തിച്ചത്.. ” വൈഷ്‌ണ പറയുന്നതൊക്കെ കേട്ട് കടലാസ്സ് പോലെ വിളറി വെളുത്തു നിൽക്കുകയായിരുന്നു ജീവൻ “ഈ നിമിഷം ജീവൻ അനാമികയുടെ കഴുത്തിൽ താലി കെട്ടണം.. ” വൈഷ്‌ണ പറയുന്ന ഓരോ വാക്കുകളും കേട്ട് ജീവന്റെ അമ്മയും പെങ്ങളും അപമാനഭാരം കൊണ്ട് തലകുനിച്ചു നിന്നു…

“നോ.. പറ്റില്ല… ” ജീവൻ ബഹളം വെച്ചു.. “കേട്ടല്ലോ ഇവന് പറ്റില്ലെന്ന്.. ഇനി നിങ്ങളെല്ലാം കൂടി തീരുമാനിക്ക് ഇവനെ എന്ത് ചെയ്യണമെന്ന്.. ” അത് കേട്ടതും വൈഷ്ണയുടെ കൂട്ടുകാരായ കുറച്ചു ആൺകുട്ടികൾ മുണ്ടും മടക്കിക്കുത്തി അവിടേക്ക് ഇരച്ചു കയറി വന്നു.. “വൈഷു.. അവനെ ഞങ്ങൾ മര്യാദ പഠിപ്പിക്കാം ഇങ്ങോട്ട് വിട്.. ” “ബാലു.. നിങ്ങൾക്ക് ഈ വിവാഹത്തിന് താല്പര്യമില്ല എങ്കിൽ അതങ്ങ് പറഞ്ഞു ഒഴിഞ്ഞാൽ പോരായിരുന്നോ.. എന്തിനാ ഞങ്ങളെ ഇങ്ങനെ അപമാനിച്ചത്… ” ചന്ദ്രബാബു ദയനീയമായി ബാലചന്ദ്രനോട് ചോദിച്ചു.. “ഇതൊരു അപമാനം ഒന്നുമല്ല ചന്ദ്രു… നിന്റെ മോന്റെ കുസൃതികൾക്ക് കിട്ടിയ ഒരു സമ്മാനമാണ്… ” ബാലചന്ദ്രൻ ചന്ദ്രബാബുവിനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…

വൈഷ്ണയുടെ കൂട്ടുകാർ തന്റെ ദേഹത്ത് കൈ വെക്കുമെന്ന് ജീവന് മനസ്സിലായപ്പോൾ അവർ പറയുന്നതെന്തും അനുസരിക്കാൻ ജീവൻ തയ്യാറായി… ഇതങ്ങു നേരത്തെ ചെയ്താൽ പോരായിരുന്നോ വെറുതെ അവരുടെ കയ്യുടെ ചൂട് അറിയണമായിരുന്നോ… വൈഷ്ണ ജീവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു.. ” മുഹൂർത്തം കഴിയാറായി… ” പൂജാരി പറഞ്ഞു. “താലികെട്ടുന്നതിനുമുമ്പ് ഒരാളെ കൂടി ഇങ്ങോട്ട് വിളിക്കണം… ” വൈഷ്ണ പറഞ്ഞു.. “അതാരാണെന്ന് മനസ്സിലാകാതെ എല്ലാവരും ചുറ്റും നോക്കി… ” വൈഷ്ണ മൈക്കിൽ കൂടി ഉറക്കെ വിളിച്ചു… “നവനീത്… ” അപ്പോഴേക്കും നവിയും അനുവും അവിടേക്ക് നടന്നു വന്നു … “ഇത് നവനീത്… ഈ നിൽക്കുന്ന ജീവന്റെ ഒരേയൊരു അനിയനാണ്… ” “ഈ നവനീത് ഇല്ലായിരുന്നെങ്കിൽ ഇവന്റെ ചതിയിൽ ഞാനും വീണു പോയേനെ…

നവിയാണ് എന്നോട് എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞത്… ” ഇത്രയും വേണമായിരുന്നു എന്നുള്ള രീതിയിൽ സുഭദ്ര നവിയെ നോക്കി.. നവി ആരുടെയും മുഖത്തേക്ക് നോക്കാൻ പോയില്ല.. മുഹൂർത്തം തീരുന്നതിനു മുമ്പ് ജീവൻ അനാമികയുടെ കഴുത്തിൽ താലിചാർത്തി… പെങ്ങളുടെ സ്ഥാനത്ത് നിന്ന് താലി മുറുക്കേണ്ട ചൈത്ര മടിച്ചു നിന്നപ്പോൾ അനുരാധ അവരുടെ പുറകിൽനിന്നും താലി മുറുക്കി കൊടുത്തു… നച്ചു മോള് നവിയുടെ കൈയിലായിരുന്നു.. ആ കാഴ്ച കണ്ട് കണ്ണ് നിറഞ്ഞ് സ്റ്റേജിന് മുമ്പിൽ തന്നെ അയ്യരും ഭാര്യയും നിൽക്കുന്നുണ്ടായിരുന്നു.. ജീവൻ ആമിയുടെ കഴുത്തിൽ താലി കെട്ടിയതിന് പുറമേ തന്നെ വൈഷ്ണയുടെ കഴുത്തിൽ അവരുടെ വീട്ടുകാർ മുൻപേ തന്നെ കണ്ടുപിടിച്ചു വെച്ചിരുന്ന മറ്റൊരു പയ്യൻ താലിചാർത്തി…

ചടങ്ങ് കഴിഞ്ഞ് അനുഗ്രഹം വാങ്ങുന്നതിനായി ജീവനും അനാമിക യും അച്ഛന്റെയും അമ്മയുടെയും കാൽക്കൽ വീണു… സുഭദ്ര അവരെ അനുഗ്രഹിച്ചു അപ്പോഴും ചന്ദ്രബാബു അനങ്ങാതെ പാറപോലെ നിന്നു… എല്ലാം കഴിഞ്ഞില്ലേ ഇനി എന്തിനാ അവിടെ നിൽക്കുന്നത് വാ പോവാം.. ചന്ദ്രബാബു അമ്മയോടും ഭാര്യയോടും മകളോടും ആയി പറഞ്ഞു.. അതുകേട്ട് സുഭദ്ര ജീവനും അനാമികയുടെയും അടുത്ത് ചെന്നു… “വാ മക്കളെ നമുക്ക് വീട്ടിലേക്ക് പോകാം…” എല്ലാവരും കൂടി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിപ്പോൾ ചന്ദ്രബാബുവിന്റെ മുന്നിലേക്ക് നവനീത് കയറി തടഞ്ഞു നിന്നു… പോകുന്നതിനു മുമ്പ് എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്.. ഇനി എന്താ നിനക്ക് വേണ്ടത്.. ചന്ദ്രബാബു ദേഷ്യത്തോടെ ചോദിച്ചു.. “ആമിയെ നിങ്ങളോടൊപ്പം വിട്ടാൽ നാളെ അവൾ ജീവനോടെ ഉണ്ടാകുമോ എന്നൊരുറപ്പുമില്ല…

ജീവന്റെ താലി ആമിയുടെ കഴുത്തിൽ വീണപ്പോൾ മുതൽ ഇവൾ എന്റെ ഏട്ടത്തിയമ്മ ആണ്… ” “എന്റെ ഏട്ടത്തിയമ്മയെയും അവരുടെ കുഞ്ഞിനേയും ഞാൻ കൊണ്ടുപോകുന്നു… ഒരു അനിയന്റെ സ്ഥാനത്തു നിന്ന് ഞാൻ നോക്കും… ഇവരെ സംരക്ഷിക്കും…” “ഏട്ടത്തി വാ പൊവ്വാം.. ” അത് കേട്ട് ആമി നവിയുടെ അടുത്തേക്ക് ചെന്നു… ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ചൈത്രയുടെ ഭർത്ത്രു വീട്ടുകാർ ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോയി ഒപ്പം ചൈത്രയും.. എല്ലാം തകർന്ന് എല്ലാവരുടെയും മുമ്പിൽ അപമാനിതനായി നിൽക്കുന്ന സമയത്താണ് ചന്ദ്രബാബുവിന്റെ മാനേജർ അയാൾക്ക് അടുത്തേക്ക് ഓടി വന്നത്… “സാർ..” “എന്താ..” “എല്ലാം നഷ്ടപ്പെട്ടു…” അയാൾ പറയുന്നത് കേട്ട് ചന്ദ്രബാബു അയാളെ സംശയത്തോടെ നോക്കി… “കേസിന്റെ വിധി വന്നു… കമ്പനികൾ എല്ലാം അനുരാധക്കും അക്ഷയ്ക്കും വിട്ടു കൊടുക്കാൻ കോടതി ഉത്തരവിട്ടു…

പാർട്ട്ണർഷിപ്പിൽ അല്ലാതെ നമ്മൾ തുടങ്ങിയ കോളേജും സ്കൂളും ടെക്സ്ടൈൽസും അങ്ങനെ എല്ലാം… ” “അതെന്താ അങ്ങനെ അത് ഞാനായിട്ട് തുടങ്ങിയതല്ലേ അതെന്തിനാ അവർക്ക് വിട്ടു കൊടുക്കുന്നത് ” ” സാർ ഇതിനൊക്കെയുള്ള മൂലധനം എന്ന് പറയുന്നത് ശിവദാസന്റെയാണ് അതിനുള്ള തെളിവുകൾ അനുരാധ ഹാജാരാക്കി….” തന്റെ കാൽക്കീഴിൽ ഉള്ള മണ്ണ് പൂർണമായും ഒലിച്ചു പോകുന്നത് മനസ്സിലാക്കി ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി ചന്ദ്രബാബു നിന്നു.. പൂർണ്ണമായും പരാജിതനായ അയാളുടെ മുന്നിൽ കയ്യും കെട്ടി ഒരു വിജയിയെ പോലെ അനുരാധ നിന്നു… “നിങ്ങളുടെ ഈ പരാജയം കാണാനാണ് ഞാനിത്രയും കഷ്ടപെട്ടത്.. എന്റെ അച്ഛനോട് ചെയ്തതിനൊക്കെ നിങ്ങൾ ഒന്നൊന്നായി അനുഭവിക്കാൻ പോകുന്നതേയുള്ളു അങ്കിളേ… ” അവരുടെ മുന്നിൽ കൂടി നവിയും അനുവും ആമിയും കുഞ്ഞും എല്ലാവരും ഒരുമിച്ച് ഇറങ്ങിപ്പോയി… മറ്റുള്ളവരുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ചന്ദ്രബാബുവും പുറത്തേക്കിറങ്ങി കൂടെ ബാക്കിയുള്ളവരും…

🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇 കോടതിവിധി അറിഞ്ഞ് ഏറ്റവും കൂടുതൽ സന്തോഷിച്ചത് ബെന്നിയാണ്… “അനി… ഞാൻ എങ്ങനെയാണ് എന്റെ സന്തോഷം ആഘോഷിക്കേണ്ടത്… നമുക്കൊരു പാർട്ടി വെച്ചാലോ..” “ബെന്നിച്ചായാ.. ഇപ്പൊ അതൊന്നും വേണ്ട…ആദ്യം സന ശിവദാസന്റെ മകളാണെന്ന് തെളിയിക്കണം അതിന് നമുക്ക് കോടതിയിൽ ഒരു ഹർജി സമർപ്പിക്കാം… ” “കോടതി വിധി വരട്ടെ… സന അക്ഷയയുടെ സഹോദരി ആണെന്ന് തെളിയുമ്പോൾ ആ കാരണം പറഞ്ഞു നമുക്ക് ഡിവോഴ്സ് വാങ്ങാം… അങ്ങനെയായാൽ സ്വത്തുക്കൾ നമ്മുടെ കയ്യിലിരിക്കും” “അക്ഷയയെ നമുക്ക് ഒഴിവാക്കാം… അതിനു ഒരു ആക്‌സിഡന്റ് പോരെ.. ” അനി ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. ബെന്നി അത് അനുകൂലിച്ചു.. 🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓 കോടതി ഉത്തരവ് കയ്യിൽ കിട്ടിയ ഉടൻ തന്നെ അക്ഷയ് കമ്പനിയിലേക്ക് പോയി ചാർജെടുത്തു…

അടുത്ത ദിവസം തന്നെ അവർ നിളയുടെ വില്ലാ പ്രോജക്ട് ആയ ബ്ലൂ സഫയറിലേക്ക് പോയി… അവിടെ അടച്ചിട്ടിരുന്ന അവരുടെ വീട് തുറന്നു അവിടെ താമസം ആരംഭിച്ചു… അതിനോടൊപ്പം ചേർന്നു കിടക്കുന്ന മറ്റൊരു വീടും കൂടി എടുത്തു.. അവിടേക്ക് ആമിയെയും കുടുംബത്തെയും കൊണ്ടുവന്നു… അനുരാധയ്ക്കും കുടുംബത്തിനുമൊപ്പം നൗഫലും ഉമ്മയും നാദിയയും ഉണ്ടായിരുന്നു.. ഒരു കഷ്ടകാലം വന്നപ്പോൾ കൂടെയുണ്ടായിരുന്നു നൗഫലിനേയും കുടുംബത്തിനെയും നല്ല കാലം വന്നപ്പോൾ കൈവിടാൻ അനുവിന് തോന്നിയില്ല.. അനുവിന്റെ തീരുമാനത്തോട് പൂർണ യോജിപ്പ് ആയിരുന്നു അക്ഷയ്ക്കും.. അക്ഷയ് നിർബന്ധിച്ച് നൗഫലിന് കമ്പനിയിൽ തന്നെ ഒരു ജോലി കൊടുത്തു.. നവിയും ശ്രീനിയും അവരോടൊപ്പം ഉണ്ടായിരുന്നു… ആദ്യദിവസം തന്നെ ബെന്നിയെയും കുടുംബത്തിനെയും അക്ഷയ് അവരുടെ വില്ലയിൽ നിന്നും ഇറക്കി വിട്ടു…

സ്വത്തുക്കളെല്ലാം സനയുടെ ആണെന്നുള്ള ചിന്തയിൽ ഡി എൻ എ ടെസ്റ്റ് റിസൾട്ട് കിട്ടിയിട്ട് തിരികെ വരാം അതുവരെ ഒരു പ്രശ്നത്തിന് ഇല്ല എന്ന് കരുതി ബെന്നിയും അവിടുന്ന് ഇറങ്ങി.. നവിയോടുള്ള സ്നേഹം കൊണ്ട് ചന്ദ്രബാബുവിനെയും കുടുംബത്തെയും അവിടെ നിന്ന് ഇറക്കിവിടാനായി അക്ഷയ്യും അനുവും തുനിഞ്ഞില്ല അടുത്തടുത്ത വീടുകളിൽ ആയിരുന്നതിനാൽ അനുവും ആമിയും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു… അവരെപ്പോഴും അങ്ങോട്ടുമിങ്ങോട്ടും പോവുകയും ഒരുമിച്ചു കൂടുകയും നച്ചു മോളുടെ കൂടെ കളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു… അവരോടൊപ്പം വീട്ടുകാരും കൂടുമായിരുന്നു… ഇടയ്ക്കിടയ്ക്ക് നവിയും ശ്രീനിയും അവിടെ വരുമായിരുന്നു ഇതൊക്കെ ഒരു മതിലിനപ്പുറം തന്റെ വീട്ടിൽ നിന്ന് നോക്കി കാണാൻ മാത്രമേ സുഭദ്രയ്ക്കും അച്ഛമ്മയ്ക്കും കഴിഞ്ഞുള്ളൂ… അങ്ങനെയിരിക്കെ ഒരു ദിവസം സുഭദ്ര ആരും കാണാതെ ആമിയുടെ വീട്ടിലെത്തി.. അവിടെ മുറ്റത്തു നിന്ന് കളിക്കുന്ന നക്ഷത്ര മോളേ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി.. അത് കണ്ടുകൊണ്ടാണ് ആമി പുറത്തിറങ്ങി വന്നത്..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28