Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 2

എഴുത്തുകാരി: അഞ്ജു ശബരി


ഗവണ്മെന്റ് വെറ്റിനറി ഹോസ്പിറ്റൽ അണക്കര…

മുന്നിലുള്ള ബോർഡ് കടന്നു അനുരാധ അകത്തേക്ക് കയറി…

“ജീവാ വേഗം വാ… ” ജീവനെ വിളിച്ചു കൊണ്ട് പ്രദീപ്‌ പുറത്തേക്കിറങ്ങി വന്നു…

“ഡോക്ടർ അല്ലെ… ”

“അതെ… എന്തേ എന്നെ കണ്ടിട്ട് ഡോക്ടറെ പോലെ തോന്നുന്നില്ലേ… ”

“അയ്യോ അതല്ല മാഡം അനുരാധ എന്ന് പേര് കേട്ടപ്പോൾ ഒരു മധ്യവയസ്‌ക ആയിരിക്കും എന്ന് കരുതി… അതാണ് ഞാൻ.. ”

അതിന് മറുപടി ആയി അനുരാധ ഒന്ന് ചിരിച്ചു..

“മാഡം.. ഞാൻ പ്രദീപ്‌… ഇത് ജീവൻ .. ഞങ്ങളിവിടുത്തെ അറ്റൻഡർമാർ ആണ്… ”

“പ്രദീപേട്ടാ… അങ്ങനെ വിളിക്കാമല്ലോ അല്ലെ.. ”

“അയ്യോ അതിനെന്താ… ഇവിടെ എല്ലാവരും അങ്ങനെ തന്നെയാ വിളിക്കുന്നെ.. ”

“ഇവിടെ വേറാരൊക്കെ ഉണ്ട്?? ”

“ഓഹ് അങ്ങനെ ഒരുപാട് ആളുകൾ ഒന്നുമില്ല ഡോക്ടറെ… ഞങ്ങൾ രണ്ടാളും പിന്നെ അടിക്കാനും തുടക്കാനും ഒക്കെ വരുന്ന ഒരു തമിഴത്തി പെണ്ണ് അല്ലി… അത്രയൊക്കെ ഉള്ളു പേര് മാത്രമേ വലുതുള്ളു സൗകര്യങ്ങൾ ഒക്കെ കുറവാണ്… ”

“അതുകൊണ്ട് തന്നെ ഇവിടെ വരുന്നവർ ആരും അധിക കാലം ഇവിടെ നിൽക്കാറില്ല… ”

“പക്ഷേ എനിക്കിവിടം ഇഷ്ടമായി… ”

“പുറമെ നിന്നുള്ള സൗന്ദര്യം മാത്രമേ ഉള്ളു ഡോക്ടറെ.. താമസിച്ചു തുടങ്ങുമ്പോഴാണ് ഓരോരോ ബുദ്ധിമുട്ട് തോന്നുന്നത്… ”

“മ്മ്… ”

“അനു.. ഈ സാധനങ്ങൾ ഇറക്കേണ്ടെ..”

“ആഹ് ഇക്കാ വേണം… അതെ പ്രദീപേട്ടാ എനിക്ക് താമസിക്കാൻ എങ്ങനെയാ.. ”

“അതിന് ചെറിയൊരു പ്രശ്നമുണ്ട് ഡോക്ടറെ… ”

“എന്താ എന്ത് പറ്റി… ”

“ഡോക്ടർക്ക് താമസിക്കാനായി തയ്യാറാക്കിയ വീടിന്റെ മേലേക്ക് ഒരു മരം വീണു മേൽക്കൂര തകർന്നു കിടക്കുവാ … ”

“അയ്യോ ഇനിയിപ്പോ എന്ത് ചെയ്യും ”

“ഡോക്ടർ വിഷമിക്കേണ്ട… വേറൊരു വീട് ശരിയാവാൻ ഒരു രണ്ട് ദിവസത്തെ സാവകാശം വേണം അത് വരെ വേറൊരു സൗകര്യം ഒരുക്കിട്ടുണ്ട്… ”

“അതെവിടെ?? ”

“ഡോക്ടർ വരു.. ഞാനും കൂടെ വരാം… ”

**************
“ശ്രീനി സാർ… ”
“എന്താ പ്രമോഷ്.. ”

“എനിക്കൊരു കാര്യം പറയാനുണ്ടാരുന്നു… ”

“താൻ പറയെടോ.. ടെൻഷൻ ആകാതെ..”

“നമ്മുടെ പച്ചക്കറിയുമായി പോയ വണ്ടി ആക്‌സിഡന്റ് ആയി.. ”

“എന്താ?? എപ്പോ?? എവിടെ വെച്ച്?? ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ?? ”

“ആർക്കും കാര്യമായി ഒന്നും സംഭവിച്ചില്ല… പക്ഷെ… “”

“എന്ത് പക്ഷെ.. മനുഷ്യനെ ടെൻഷൻ ആക്കാതെ താൻ കാര്യം പറയെടോ ”

“നമ്മുടെ ലോഡ് മുഴുവനും നാശമായി… പുറകെ വന്ന വണ്ടികൾ കയറി പച്ചക്കറികൾ മുഴുവനും ചതഞ്ഞു അരഞ്ഞു പോയി… ”

“എന്റെ ദൈവമേ… എത്ര രൂപയുടെ മുതലാണെന്ന് അറിയുമോ… നവി ഇതറിഞ്ഞോ.. ”

“ഇല്ല… ”

“എന്താ പറയാഞ്ഞത്.. ”

“അത് പിന്നെ നവി സാർ അറിഞ്ഞാൽ…”

“അവനെന്തു പറഞ്ഞാലും കേൾക്കണം… ആ വണ്ടിക്ക് പോകുന്നതിന് മുൻപേ ചെറിയ കംപ്ലയിന്റ് ഉണ്ടാരുന്നല്ലോ.. അതെടുക്കേണ്ട വേറെ വണ്ടി വാടകയ്ക്ക് എടുത്തു പോകാൻ അവൻ പറഞ്ഞതല്ലേ.. ”

“അത് കേൾക്കാതെ നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്തിട്ട്… എനിക്കൊന്നും പറയാനില്ല പ്രമോഷ്… ബാക്കി അവൻ പറയും.. വാ എന്റെ കൂടെ.. ”

“ശ്രീനി… എന്താ ഇവിടെ.. ”

“അത് പിന്നെ നവി.. ”

“എന്താ കാര്യം.. ആരെങ്കിലും ഒന്ന് പറയുമോ ”

“അത് പിന്നെ സാർ നമ്മുടെ വണ്ടി… ആക്‌സിഡന്റെ ആയി…പച്ചക്കറികൾ ഒക്കെ നാശമായി പോയി… ”

അത് കേട്ട് നവി ശ്രീനിയെ ഒന്ന് നോക്കി…

“എനിക്കൊന്നും പറയാനില്ല.. ആ വണ്ടി എടുക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞതാ ആ വണ്ടിയുടെ ക്ലച് പോകാറായി ഗിയർ വീഴുന്നില്ല എന്ന്… ഇപ്പൊ എന്തായി… ഒന്നും രണ്ടുമല്ല അമ്പതിനായിരം രൂപയാണ് പോയത് അറിയുമോ … ”

നവി പറയുന്നത് കേട്ട് പ്രമോഷ് മിണ്ടാതെ നിന്നു…

“ഉള്ള സമ്പാദ്യം മുഴുവനും എടുത്ത് കെട്ടിപൊക്കിയതാ ഇത്… എല്ലാവരും കൂടെ ഇല്ലാതാക്കിക്കൊ… ”

“നവി.. പോട്ടെ… ആക്‌സിഡന്റ് അല്ലെ അല്ലാതെ മനഃപൂർവം അല്ലല്ലോ.. ”

“ശ്രീനി.. ഹൈറേഞ്ച് ആണ്… ഗിയർ വീഴാത്ത വണ്ടിയുമായി ഇറങ്ങേണ്ട എന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ പോയതല്ലേ… ”

“സാർ അന്നേരം വണ്ടിക്ക് കുഴപ്പമില്ലാരുന്നു.. ”

പ്രമോഷ് ഇടയിൽ കയറി പറഞ്ഞു…

നവി അവനെ ഒന്നു നോക്കി അതോടെ അവൻ മിണ്ടാതെ നിന്നു…

ഞാൻ പോവ്വാ ഇവിടെ ഇരുന്നാൽ എനിക്ക് ആകെ ദേഷ്യം വരും

” നിൽക്ക് നവി നീ തനിച്ചു പോകേണ്ട ഞാനും വരാം… ”

***************

“കൗസ്തുഭം…. ”

എന്ന പേരെഴുതിയ ഒരു പഴയ കെട്ടിടത്തിന് മുന്നിൽ പ്രദീപ് ബൈക്ക് നിർത്തി…

പുറകെ നൗഫലിന്റെ കാറും… അതിൽ നിന്നും അനുരാധ പുറത്തേക്കിറങ്ങി…

“കൌസ്തുഭം… ” അനുരാധ പതിയെ പറഞ്ഞു..

“പ്രദീപേട്ടാ ഇത്.. ”

“ഇതൊരു ഹോംസ്റ്റേയ് ആണ് ഡോക്ടർ… വേറൊരു വീട് ശരിയാവുന്ന വരെ.. കൂടിവന്നാൽ ഒരാഴ്ച… ഡോക്ടർക്കുള്ള താമസം ഇവിടെയാണ് തയ്യാറാക്കിയത്.. ”

“ഡോക്ടർ വരൂ… ”

“മറിയാമ്മ ചേട്ടത്തി… ”

പ്രദീപ്‌.. ചേട്ടത്തിയെ വിളിച്ചു കൊണ്ട് പുറത്ത് തൂങ്ങിക്കിടക്കുന്ന മണിയടിച്ചു…

കുറച്ചു സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ചേട്ടത്തി ഇറങ്ങി വന്നു…

“ചേട്ടത്തി അവരാരുമില്ലേ ഇവിടെ… ”

“ഉണ്ട് ഞാൻ വിളിക്കാം..”

“ഇതാണ് ഞാൻ പറഞ്ഞ ഡോക്ടർ.. മാഡത്തിന്റെ റൂം തയ്യാറാണോ.. ”

“അതൊക്കെ എപ്പോഴേ റെഡിയാക്കി വെച്ചേക്കുവാ… ”

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ശ്രീനി ഇറങ്ങി വന്നു…

“ആരാ പ്രദീപേട്ടാ ഇത്‌… ”
“ശ്രീനി ഇതാ ഞാൻ പറഞ്ഞ ഡോക്ടർ.. ”

“ഹായ് ഞാൻ ശ്രീനിധ്.. ” ശ്രീനി അനുവിന് ഹസ്തദാനം നൽകി..

“ഞാൻ അനുരാധ… ”
“ഡോക്ടർ ഇവിടെ ആദ്യമായാണോ.. ‘”

“അതെ… ”
“ഇഷ്ടായോ ഇവിടൊക്കെ.. ”

അതിന് മറുപടിയായി അനുവൊന്നു ചിരിച്ചു…

“ചേട്ടത്തി ആ വീടിന്റെ താക്കോൽ ഇങ്ങെടുത്തേ.. ”
“ഇതാ കുഞ്ഞേ.. ”

ശ്രീനി അവരെയും കൂട്ടികൊണ്ട് പൂട്ടിക്കിടന്ന ചെറിയ ഒരു വീട്ടിലേക്ക് പോയി..

കയ്യിലിരുന്ന താക്കോൽ കൊണ്ട് വാതിൽ തുറന്നു…

“ഇതാണ് ഡോക്ടർക്ക് വേണ്ടി തയ്യാറാക്കിയ വീട്… രണ്ടു മുറിയും ഹാളും ബാത്റൂമും അടുക്കളയും ഉണ്ട്…”

“ഇവിടെ വരുന്ന ഗസ്റ്റിനു ഒക്കെ ഞങ്ങളാണ് ആഹാരം തയ്യാറാക്കുന്നത് ഡോക്ടർക്ക് എങ്ങനെയാ ഞങ്ങൾ റെഡിയാക്കണോ അതോ… ”

“ഒരാഴ്ച അല്ലേയുള്ളു എനിക്കും കൂടെ ഫുഡ് തയ്യാറാക്കിക്കോ… ”

“ഇക്കാ എന്റെ ബാഗൊക്കെ.. ”
“അതൊക്കെ ഞാനെടുത്തു വെച്ചോളാം അനു.. ”

“ഡോക്ടർ… ”
“ശ്രീനി എന്നെയിങ്ങനെ ഡോക്ടർ എന്നൊന്നും വിളിക്കേണ്ട… അനു എന്ന് വിളിച്ചോളൂ… ”

“എങ്കിൽ അതാവും നല്ലത്.. ഈ ഡോക്ടർ എന്ന് വിളിക്കുമ്പോൾ വല്ലാത്തൊരു അകലം തോന്നും… ”

“അനുവിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോടോ ചേട്ടത്തിയോടോ ചോദിക്കാൻ മടിക്കരുത്.. ”

“തീർച്ചയായും.. ചോദിക്കാം ശ്രീനി.. ”

“ശരി.. എങ്കിൽ നിങ്ങളിവിടൊക്കെ ചുറ്റി കാണ് ഞാൻ ചെല്ലട്ടെ… ”

***************

നിറയെ മുന്തിരി കുലകൾ വിളഞ്ഞു പഴുത്തു കിടക്കുന്നു…

നവി അതിന്റെ ഇടയിൽ കൂടെ ഓരോന്നും സൂക്ഷ്മമായി നോക്കി നടന്നു…

പെട്ടെന്നാണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത്…

നവി ഫോണെടുത്തു നോക്കി…

ഡിസ്പ്ലേയിൽ ആ പേര് കണ്ടപ്പോൾ അവൻ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിൽ ഇട്ടിട്ട് കൗസ്തുഭം ലക്ഷ്യമാക്കി നടന്നു…

തുടരും…

കൗസ്തുഭം : ഭാഗം 1