Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 15

എഴുത്തുകാരി: അഞ്ജു ശബരി


നവനീത് കൗസ്തുഭത്തിൽ എത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു…

“മറിയാമ്മച്ചി നല്ല കടുപ്പത്തിൽ ഒരു കട്ടനെടുക്കണേ.. ഭയങ്കര ക്ഷീണം.. ”

“മോൻ ഇരിക്ക് ഇപ്പൊ എടുക്കാം… ”

അപ്പോഴാണ് പുറത്ത് നിന്നും ശ്രീനി കയറി വന്നത്..

“നവി.. എപ്പോ എത്തിയെടാ.. എന്തായി ആമിയെ കണ്ടെത്തിയോ… ”

“ഇല്ല… പക്ഷേ ഇപ്പൊ എന്തൊക്കെയോ ഒരു പ്രതീക്ഷയുണ്ട്… എവിടെയാ എങ്ങനാ എന്നൊന്നും അറിയാത്ത അവസ്ഥയിൽ നിന്നും ഏകദേശം അവർ എവിടെയുണ്ടെന്നുള്ള സൂചനയുണ്ടല്ലോ..”

“അതേടാ നമുക്ക് ഒന്നിച്ചു ശ്രമിക്കാം… നീ വിഷമിക്കാതെ ഇരിക്ക്.. ”

“അല്ല ശ്രീനി നീയിപ്പോ എവിടുന്നാ വരുന്നത്… ”

“ഞാൻ വെറുതെ പുറത്തേക്ക്… ”

“എവിടെ നമ്മുടെ ഡോക്ടർ… ”

“ആ എനിക്കറിയില്ല… ”

“എന്താ ശ്രീനി രണ്ടാളും കൂടെ ഒടക്കിയോ.. ”

“ഏയ്‌ അതൊന്നുമല്ല നവി…”

അപ്പോഴേക്കും മറിയാമ്മ ചേട്ടത്തി കാപ്പിയുമായി വന്നു..

“നവി നീ കാപ്പി കുടിക്ക് ഞാൻ ഒന്ന് കിടക്കട്ടെ നല്ല തലവേദന.. ”

ശ്രീനിയുടെ പെരുമാറ്റത്തിൽ സംശയത്തോടെ നവി നോക്കി നിന്നു.. ശ്രീനി മുറിയിലേക്ക് കയറി പോയി..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

നവി രാവിലെ ഫാമിലേക്ക് പോകാനായി റെഡിയായി ബൈക്ക് എടുത്തപ്പോൾ ശ്രീനിയും ഇറങ്ങിവന്നു…

“നവി ഞാനുമുണ്ട്… ”

“ഇന്നെന്താ എന്നോടൊപ്പം നിന്റെ ബൈക്ക് എവിടെ.. ”

“ഓ അത് എന്നും കംപ്ലൈന്റ് ആണെന്ന്.. അത് വിറ്റിട്ട് പുതിയ ഒരെണ്ണം വാങ്ങിക്കണം… ”

ശ്രീനി ഓരോന്ന് പറയുമ്പോഴും നവിയുടെ ശ്രദ്ധ അനുവിന്റെ റൂമിലേക്ക് ആയിരുന്നു…

“ഡാ കോപ്പേ… കുറെ നേരമായി ഞാൻ ഇവിടെ നിന്ന് സംസാരിക്കുന്നു.. നീ ആരെയാ നോക്കുന്നേ… ”

“അല്ലടാ ശ്രീനി നമ്മൾടെ ഡോക്ടറെ ഇന്ന് കണ്ടില്ലല്ലോ… ”

“ഓ അവളെ കണ്ടിട്ട് എന്ത് കിട്ടാനാ…”

“അതെന്താ നിങ്ങൾ തമ്മിലുടക്കിയോ.. ”

“അതിനു സൗഹൃദം ഉണ്ടെങ്കിലല്ലേ പിണങ്ങേണ്ട ആവശ്യമുള്ളൂ… അവൾ ആരാ… വെറുമൊരു ഡോക്ടർ കുറച്ചുനാൾ നമ്മുടെ കൗസ്തുഭത്തിൽ നിൽക്കാനായി വന്നൊരു ഗസ്റ്റ് അത്രമാത്രം..”

“ഞാൻ അനുവിന് വേണ്ടി ഒരു വീട് നോക്കാൻ പറഞ്ഞിട്ടുണ്ട് എത്രയും വേഗം അത് ശരിയാക്കി അവളെ അങ്ങോട്ട് മാറ്റണം ഇനി ഇവിടെ നിർത്തിയാൽ ശരിയാവില്ല… ”

ശ്രീനി നീയൊന്ന് ഇറങ്ങിക്കേ..

നവി പറയുന്നത് കേട്ട് ശ്രീനി ബൈക്കിൽ നിന്നും ഇറങ്ങി നവിയുടെ മുന്നിൽ വന്നു നിന്നു..

“എന്താടാ… ”

“അല്ല ഞാൻ ഇന്നലെ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുകയാ.. നിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരിക്കുന്നു…”

” ഞാൻ വന്നു എന്ന് അറിഞ്ഞിട്ടു പോലും അനുരാധ ഇങ്ങോട്ട് വന്നതേയില്ല.. ഇവിടെ എന്തോ കാര്യമായി നടന്നിട്ടുണ്ട് അതെന്താണെന്ന് പറഞ്ഞിട്ട് നമുക്ക് പോകാം…”

“ആ നടന്നിട്ടുണ്ട്.. അവൾ ശരിയല്ലടാ… നമ്മൾ കരുതിയ പോലെ ഒരു ആളെ അല്ല… എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിച്ചു വെച്ച് നടക്കുവാണ്..”

“ഡാ…ഇതെന്ത് കടങ്കഥയോ.. ശ്രീനി നീ മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയ് ”

ശ്രീനി തലേദിവസം ഹോസ്പിറ്റലിൽ നടന്ന സംഭവങ്ങൾ എല്ലാം നവിയോട് പറഞ്ഞു…

“എന്നിട്ട് ആരാ വന്നത്.. നീ ചോദിച്ചില്ലേ അവളോട്.. ”

“ചോദിച്ചു ആങ്ങള ആണെന്നാണ് പറഞ്ഞത്… ”

“ആങ്ങളയോ…. അവളുടെ സ്വന്തം അങ്ങളയാണെങ്കിൽ ഇതുപോലെ ഇവിടെ വന്ന് ബഹളം വയ്ക്കേണ്ട കാര്യമില്ലല്ലോ.. ”

“അതൊന്നും എനിക്കറിയില്ല ഇന്നലെ ഈ സംഭവം നടന്നതിന് ശേഷം ഞാനവളോട് മാറിമാറി ചോദിക്കുന്നുണ്ട് എന്താ പ്രശ്നം എന്ന്… അപ്പോൾ തുടങ്ങിയ കരച്ചിലാ ഒരു വാക്കുപോലും മിണ്ടാൻ അവൾ തയ്യാറായിട്ടില്ല… ”

“സത്യം പറഞ്ഞാൽ നീ വരുന്നതിന് തൊട്ടുമുൻപ് ഈ കാര്യം പറഞ്ഞ് അനുരാധയോട് ദേഷ്യപ്പെട്ടാ ഞാൻ വീട്ടിലേക്ക് കയറിവന്നത്.. ”

“നിന്റെ മുഖം മാറിയിരിക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി എന്തോ കാര്യമുണ്ടെന്ന് പക്ഷേ ഇത്ര വലിയ ഒരു കാര്യം ആണെന്ന് ഞാൻ അറിഞ്ഞില്ല.. ”

“ഒന്നുമല്ലേലും അഞ്ചാറുമാസം നമ്മളോടൊപ്പം ഒരേ വീട്ടിൽ നല്ലൊരു സുഹൃത്തായി നിന്നതല്ലേ അനു.. നിയുമായി നല്ല കൂട്ടായിരുന്നല്ലോ… ”

“നീ വാ നമുക്ക് അനുവിനോടൊന്ന് സംസാരിച്ചു നോക്കാം.. ഒരുപക്ഷേ അവൾക്ക് നമ്മുടെ സഹായം ആവശ്യമുണ്ടെങ്കിലോ.. ”

“എനിക്ക് വലിയ പ്രതീക്ഷ ഒന്നുമില്ല നീ സംസാരിച്ചു നോക്ക് ഞാൻ കൂടെ വരാം..”

രണ്ടുപേരുംകൂടി അനുവിന്റെ റൂമിലേക്ക് നടന്നു…

അവർ കുറേനേരം ബെല്ലടിച്ചിട്ടും അനു വാതിൽ തുറന്നില്ല…

ബെല്ലടിക്കുന്ന ശബ്ദം കേട്ട് അടുക്കളയിൽ നിന്നും മറിയാമ്മച്ചേടത്തി ഓടിവന്നു..

“എന്താ മോനെ അവിടെ.. ”

“ചേട്ടത്തി അനുവിനെ കണ്ടോ…?? ”

“ആ അനുമോള് രാവിലെ എന്റെ അടുത്ത് വന്നിരുന്നു എന്തോ അത്യാവശ്യം ഉണ്ട് നാട്ടിലേക്ക് പോകുവാണ് കുറച്ചു ദിവസം കഴിഞ്ഞെ തിരിച്ചു വരൂ എന്ന് പറഞ്ഞു.. എന്നിട്ട് അങ്ങോട്ട് ഇറങ്ങിട്ട് ഒരു അരമണിക്കൂർ ആയിട്ടുണ്ടാവും… ”

“പോയോ… നമ്മളോട് ഒരു വാക്കുപോലും പറയാതെ… “നവി പറഞ്ഞു..

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവൾ ശരിയല്ലന്ന്.. ”

“നമ്മളെ പറ്റിച്ചിട്ട് പോയ അവളെ അങ്ങനെയങ്ങു വിടുന്നത് ശരിയല്ലല്ലോ..”

” ഇവിടെ നിന്നും ഇറങ്ങിട്ട് അരമണിക്കൂർ ആയതേയുള്ളൂ എന്നല്ലേ ചേട്ടത്തി പറഞ്ഞത്.. കൂടിവന്നാൽ ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടാവും…”

“നീ വാ ശ്രീനി എനിക്കവളെ നേരിട്ട് കാണണം.. അവളോട് രണ്ട് വാക്ക് പറയണം… ”

“വേണ്ട നവി..നീ ചുമ്മാ ബസ്റ്റാൻഡിൽ പോയി പ്രശ്നമുണ്ടാക്കേണ്ട അവൾ എവിടെയെങ്കിലും പോട്ടെ എവിടെനിന്നോ വന്നു എവിടെയോ പോകുന്നു.. നമുക്കെന്താ.. ”

“പറ്റില്ല ശ്രീനി… അവൾ ആരാ എന്നൊന്നും നമുക്ക് അറിയില്ല.. ഇവിടെ വല്ല പ്രശ്നമുണ്ടാക്കിയത് മൂങ്ങിയത് ആണെങ്കിലോ… ഇത്രയും നാൾ താമസിച്ചത് നമ്മുടെ വീട്ടിലാണ്… നാളെ നമ്മൾ അതിനു ഉത്തരം പറയേണ്ടിവരും.. ”

“അവളുടെ നാടോ വീടോ.. വീട്ടുകാരെ കുറിച്ചോ ഒന്നും നമുക്കറിയില്ല… അതുകൊണ്ട് അവൾ പോകുന്നതിനു മുമ്പ് അവളെ എനിക്ക് കാണണം സംസാരിക്കണം അത് കഴിഞ്ഞിട്ട് അവൾ പോയാൽ മതി എന്ത് അത്യാവശ്യം ആണെങ്കിലും… ”

നവി ഞാൻ അത്രയും ചിന്തിച്ചില്ല നീ വാ നമുക്ക് പോകാം…

അവർ വേഗം ബസ് സ്റ്റാൻഡിലേക്ക് പോയി…

💮💮💮💮💮💮💮💮💮💮💮💮💮💮💮

രാവിലെ ആയതുകൊണ്ടുതന്നെ ബസ്റ്റാൻഡിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല…

ഇടുക്കിയിലേക്കുള്ള ബസ് കാത്ത് വെയ്റ്റിംഗ് ഷെഡിന്റെ ഒരറ്റത്തുള്ള ബെഞ്ചിന്റെ ഒരു കോണിലിരുന്നു അനുരാധ..

അവൾ ഫോൺ എടുത്തു നൗഫലിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…

“ഹലോ അനു…”

“ഇക്കാ..”

“എന്താ മോളെ ഇത്ര രാവിലെ തന്നെ..എന്തുപറ്റി നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നു സുഖമില്ലേ…”

“ഇക്കാ?.. ഞാൻ നാട്ടിലേക്ക് വരുവാ… ”

“നാട്ടിലേക്കൊ.. എന്തിനാ.. എന്തിനാ ഇത്ര വേഗം ഇങ്ങോട്ട് വരുന്നത്..”

“ഇക്കാ.. ഇന്നലെ ഹോസ്പിറ്റലിൽ ഏട്ടൻ വന്നിരുന്നു…”

“അവൻ എങ്ങനെ അവിടെ എത്തി.. നീ എവിടെയാണെന്ന് നമ്മുക്ക് കുറച്ചുപേർക്ക് മാത്രം അറിയാവുന്ന കാര്യമല്ലേ…”

“അത് കണ്ടുപിടിക്കാൻ ആണോ ചേട്ടാ അത്ര പാട്… ഞാൻ ആദ്യം വർക്ക് ചെയ്ത ആശുപത്രിയിൽ ചെന്ന് അന്വേഷിച്ചിട്ടുണ്ടാവും ഞാൻ എങ്ങോട്ടാണ് ട്രാൻസ്ഫർ വാങ്ങി പോയതെന്ന്.. ”

“അവിടെ ആരോടും നീ ഒന്നും പറഞ്ഞിട്ടില്ല എന്നല്ലേ പറഞ്ഞത്…”

“ഞാനായിട്ട് പറയേണ്ട കാര്യമില്ലല്ലോ അല്ലാതെ തന്നെ അറിയാൻ പറ്റില്ലെ ..”

“അത് ശരിയാ ഞാൻ അത് ചിന്തിച്ചില്ല..”

“എനിക്കിവിടെ നിൽക്കാൻ വയ്യ ഇക്കാ… സ്വന്തം കൂടെപ്പിറപ്പാണ് ഇതുപോലെ വന്ന് പ്രശ്നമുണ്ടാക്കിയത് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…”

“ഇവിടെ വന്നപ്പോൾ മുതൽ എന്റെ കൂടെ നിന്ന് എല്ലാ കാര്യത്തിനും എന്നെ സപ്പോർട്ട് ചെയ്ത ശ്രീനി പോലും എന്നെ വിശ്വസിക്കുന്നില്ല…”

“എനിക്കിനി വയ്യ ഇവിടെ നിൽക്കാൻ ഞാൻ രണ്ടാഴ്ച ലീവ് എടുത്തിട്ടുണ്ട് അടുത്ത് വരുന്ന ബസ്സിൽ കയറി ഞാൻ നാട്ടിലേക്ക് വരും…”

“നിനക്ക് പറ്റില്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല അവിടെ നില്ക്കാൻ പറ്റുമെങ്കിൽ പിടിച്ചുനിൽക്കണം നിന്നെ നാട്ടിലെത്തിക്കാൻ വേണ്ടിയിട്ടാണ് അവൻ പ്രശ്നമുണ്ടാക്കുന്നത്..”

“അവിടെ വന്ന് നിന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവനറിയാം നീ വീട്ടിലെത്തിയാൽ ഇവിടെ എല്ലാവർക്കും അറിയാം നിങ്ങൾ സഹോദരങ്ങളാണെന്ന് നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റെ ഇടയിലേക്ക് തടയിടാൻ ആരും വരത്തില്ല..”

“അതുപോലെതന്നെ കാശുള്ളവന്റെ കൂടെ പോലീസും നിയമവും ഒക്കെ ഉണ്ടാവുകയുള്ളൂ… സാരമില്ല നീ പോരേ ബാക്കി വരുന്നത് വെച്ചു നോക്കാം..”

“ഇക്കാ ഞാൻ വെക്കുവാണ് ഇടുക്കിയ്ക്കുള്ള ബസ് വരുന്നുണ്ട്…”

ഇടുക്കി ബോർഡ് വെച്ച ഒരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് കടന്നു.

അനു വേഗം എഴുന്നേറ്റ് തന്റെ ബാഗെടുത്ത് തോളിലിട്ടു നടന്നു..

ബസ്സിലേക്ക് കാലു വച്ചതും അവളുടെ കയ്യിൽ ഒരു പിടുത്തം വേണം…

അവൾ തിരിഞ്ഞു നോക്കി നവനീത് ആയിരുന്നു അത് ..

നവി വേഗം അനുവിനെ പിടിച്ചു താഴെ ഇറക്കി..

“നവി എന്തായിത്…”

“എങ്ങോട്ടാ ഡോട്ടറെ ആരോടും പറയാതെ..”

“ആരോടും പറയാതെ ഒന്നുമല്ല ഞാൻ മറിയാമ്മച്ചേടത്തിയോട് വിവരങ്ങളൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നു..”

“മറിയാമ്മച്ചേടത്തിയേ കാണാൻ കൗസ്തുഭത്തിൽ വന്നപ്പോൾ തൊട്ടടുത്ത മുറികളിൽ ഞാനും ശ്രീനിയും ഉണ്ടായിരുന്നു ആരോടെങ്കിലും ഒരു വാക്ക് പറഞ്ഞിട്ട് പോകാമായിരുന്നു…”

“അത് നവി ഞാൻ… ഇന്നലെ യാത്ര കഴിഞ്ഞു വന്നില്ലേ ഉറങ്ങട്ടേ ശല്യപ്പെടുത്തേണ്ട എന്ന് കരുതി…”

അപ്പോഴേക്കും ബസ് സ്റ്റാർട്ടായി..

“നവി ബസ് എടുക്കുന്നു ഞാൻ പോയിട്ട് വന്നിട്ട് വിവരങ്ങളൊക്കെ പറയാം…”

“അനുരാധ എങ്ങും പോകുന്നില്ല… ആദ്യം നീ ആരാ ഏതാ എന്നുള്ള കാര്യങ്ങളൊക്കെ പറഞ്ഞിട്ട് പോയാ മതി… ആർക്കറിയാം നീ പോയി കഴിയുപ്പോൾ വല്ല പോലീസുകാരും നിന്നെ അന്വേഷിച്ചു വരത്തില്ല എന്നുള്ളത്…”

നവിയുടെ സംസാരം കേട്ട് അനുരാധ തറഞ്ഞു നിന്നു…

“അതെ കയറുന്നുണ്ടോ..”

കണ്ടക്ടർ ബസിൽ നിന്നും തല പുറത്തേക്കിട്ടു ചോദിച്ചു

“ഇല്ല ചേട്ടാ വണ്ടി എടുത്തോ.. ”

ശ്രീനി കണ്ടക്ടറോട് പറഞ്ഞു..

അനു കൈകൾ രണ്ടും പിണച്ച് കെട്ടി നവിയുടെ മുൻപിലേക്ക് തിരിഞ്ഞു നിന്നു…

“പോലീസ് അന്വേഷിച്ചു നടക്കുന്ന ഒരു പെരുംകള്ളി ഒന്നുമല്ല ഞാൻ… നവിക്ക് എന്താ അറിയേണ്ടത് നിങ്ങൾക്ക് അറിയാൻ ഉള്ളതെല്ലാം പറഞ്ഞിട്ടെ അനുരാധ ഇവിടെനിന്ന് പോകുന്നുള്ളൂ…”

അനുവിന്റെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ നവി ഒന്ന് പകച്ചു…

“ശ്രീനി ഒരു ഓട്ടോ വിളിക് നമുക്ക് കൗസ്തുഭത്തിലേക്ക് പോകാം… ”

ശ്രീനി വിളിച്ച ഓട്ടോയിൽ നവിയും അനുവും കയറി പുറകെ ബൈക്കുമായി ശ്രീനിയും കൗസ്‌തുഭത്തിലേക്ക് യാത്രയായി..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14