Sunday, December 22, 2024
Novel

കനൽ : ഭാഗം 31

എഴുത്തുകാരി: Tintu Dhanoj

അത് കൊണ്ട് കിച്ചു ആണ് പോയി എല്ലാം ചെയ്ത് കൊടുത്തത്..പൈസയും,ബ്ലഡ് എല്ലാം അറേഞ്ച് ചെയ്തിട്ട് ആണ് അവൻ തിരികെ വന്നത് .” അവിടെ നിന്ന് തിരികെ വന്ന് അധികം താമസിയാതെ ആയിരുന്നല്ലോ അവൻറെ ആക്സിഡന്റ്..പിന്നീട് എനിക്ക് ഒന്നും അറിയില്ലായിരുന്നു..അല്ല ഞാൻ ഒന്നും അന്വേഷിച്ചില്ല..അന്വേഷിക്കാൻ ഉള്ള മാനസികാവസ്ഥ യില് ആയിരുന്നില്ല ഞാൻ.. എപ്പഴോ അവളെന്നെ വിളിച്ചിരുന്നു..പക്ഷേ ഫോൺ എടുത്തിട്ടും എനിക്കൊന്നും പറയാൻ ആയില്ല. ഒന്നും പറയാതെ പൊട്ടിക്കരഞ്ഞു കൊണ്ടു ഞാൻ ഫോൺ വച്ചു..പിന്നീട് ഒരിക്കൽ പോലും അവളെന്നെ വിളിച്ചിട്ടില്ല എന്ന് ഞാൻ കരുതി.

പക്ഷേ എന്റെ ഫോൺ നമ്പർ ഇതിന് ഇടയ്ക്ക് മാറിയ കാര്യം ഞാൻ ഓർത്തിരുന്നില്ല.. ആദ്യം ഞാൻ ജർമനിക്ക് പോകുക. ഒരുവിധം പിടിച്ച് നിൽക്കാൻ ആയാൽ ബാംഗ്ലൂർ എത്തി കല്യാണം നടത്തി അന്ന് തന്നെ തിരികെ പോകുക.അതായിരുന്നു ഞങ്ങളുടെ പ്ലാൻ..പക്ഷേ ഒന്നും നടന്നില്ല..ഒരുപക്ഷേ അവളെ എനിക്ക് തരില്ല എന്ന് ദൈവം തീരുമാനിച്ച് കാണും എന്ന് എനിക്ക് തോന്നി.. പിന്നെ എന്റെ കിച്ചു ഇല്ലാതെ ഒരുവിധ സന്തോഷങ്ങളും സ്വീകരിക്കാൻ മനസ്സും തയ്യാറായില്ല..അവള് പറഞ്ഞത് പോലെ അവളുടെ ബന്ധുക്കളെ പേടിച്ച് ഒരുപക്ഷേ ഇൗ സമയത്തിന് ഇടയിൽ വേറെ ഒരു വിവാഹം കഴിച്ചു കാണും എന്ന് ഞാൻ ഉറപ്പിച്ചു..

പക്ഷേ എന്റെ എല്ലാ ധാരണകളും തെറ്റായിരുന്നു എന്ന് എനിക്ക് ബോധ്യമായത് കഴിഞ്ഞ ദിവസം മാത്രമാണ്..നിങ്ങള് ശ്രദ്ധിച്ചോ എന്ന് എനിക്ക് അറിയില്ല ..അമ്മയെയും കൊണ്ട് നമ്മൾ കഴിഞ്ഞ ദിവസം പുറത്ത് പോയില്ലേ?അവിടെ വച്ച് ഒരു പെൺകുട്ടിയെ ഞാൻ കണ്ടിരുന്നു..അവളെ എനിക്ക് പരിചയം ഉണ്ടല്ലോ എന്ന് ഓർത്ത് നോക്കിയപ്പോൾ ആണ് മനസ്സിലായത്..അത് നീഹാരികയുടെ ബെസ്റ്റ് ഫ്രണ്ട് ആണ് ശ്രേയ. വളരെ കുറച്ച് തവണ മാത്രമേ ഞാനും, ശ്രേയയും തമ്മിൽ കണ്ടിട്ടുള്ളൂ..കാരണം നീഹാരിക ജോലിക്ക് കയറിയതിൽ പിന്നെ അവര് തമ്മിലുള്ള കൂടിക്കാഴ്ചകൾ കുറവായിരുന്നു..എന്നെ പരിചയപ്പെടുത്താൻ ഒരിക്കൽ കണ്ടിരുന്നു..

അതിന് ശേഷം രണ്ടോ ,മൂന്നോ തവണ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ.. അത് കൊണ്ട് തന്നെ അത് ശ്രേയ ആണെന്ന് ഓർത്തെടുക്കാൻ ഞാൻ ഇത്തിരി സമയം എടുത്തു..അവളും എന്നെ തന്നെ ശ്രദ്ധിച്ചിരുന്നു..പക്ഷേ എന്നെയവൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.. അങ്ങനെയാണ് രണ്ടു ദിവസം മുൻപ് എനിക്ക് ശ്രേയയുടെ മെസ്സേജ് വരുന്നത്..എങ്ങനെയൊക്കെയോ ഫേസ്ബുക്കിൽ എന്നെ തപ്പിയെടുത്ത് മെസ്സേജ് അയക്കുക ആയിരുന്നു..എന്ത് കൊണ്ടോ അന്ന് ആ മെസ്സേജ് തുറന്ന് നോക്കാൻ എനിക്ക് തോന്നി. അതിൽ നിറയെ കുറെ പരാതികൾ ആയിരുന്നു..

ഞാൻ നീഹാരികയോട് ചെയ്തത് ചതി ആണെന്നും,എന്നിട്ട് പോലും ഇവിടെ സംഭവിച്ചതെല്ലാം അറിഞ്ഞിട്ട് അവളെനിക്ക് വേണ്ടി കാത്തിരിക്കുക ആണെന്നും,പല പ്രാവശ്യം ഇതൊന്നു പറയാൻ ശ്രേയ വീട്ടിൽ വന്നിരുന്നുവെന്നും ..പക്ഷേ അപ്പോഴെല്ലാം ഞാൻ ആരെയും കാണണ്ട എന്ന് പറഞ്ഞ് മുറിക്ക് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല എന്ന്.. എങ്കിലും ഇതെല്ലാം മാറി ഞാൻ അവളെ അന്വേഷിച്ച് ചെല്ലും എന്ന് പറഞ്ഞ് ,എല്ലാവരോടും മല്ലിട്ട് എനിക്ക് വേണ്ടി മാത്രം ആ പാവം ഇപ്പഴും കാത്തിരിക്കുകയാണെന്ന് കേട്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ ശ്രേയയുടെ കൈയിൽ നിന്ന് നമ്പർ വാങ്ങി ഞാൻ അവളെ വിളിച്ചു..ഒരു കരച്ചിൽ മാത്രം ആയിരുന്നു എനിക്ക് കേൾക്കാൻ കഴിഞ്ഞത്..

തീർക്കട്ടേ എല്ലാ സങ്കടങ്ങളും അങ്ങനെ എങ്കിലും കുറയട്ടെന്ന് കരുതി ഞാനും ഒന്നും ചോദിച്ചില്ല.. കുറെ നാളുകൾക്കു ശേഷം അവളുടെ വിഷമങ്ങളും,സങ്കടങ്ങളും,പരിഭവങ്ങളും എല്ലാം പതിയെ പതിയെ എന്നോട് പറഞ്ഞ് തീർത്തു..അവള് വരുന്നുണ്ട് അടുത്ത ആഴ്ച ഇവിടേയ്ക്ക് ..ശ്രേയയുടെ കുഞ്ഞിനെ കാണാൻ ..അപ്പൊൾ വീണ്ടും ഒരു കൂടിക്കാഴ്ച..പക്ഷേ ഇനി അവശേഷിക്കുന്നത് മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ആണ്.. എങ്കിലും ഇപ്പൊൾ ഞാൻ അതൊന്നും ചിന്തിക്കുന്നില്ല ..ഇനിയെങ്കിലും അവളെ കരയിക്കാതേ കൂടെ കൂട്ടണം.അത് മാത്രമേ എന്റെ ചിന്തയിൽ ഇപ്പോഴുള്ളൂ..

ഇതിനെല്ലാം എനിക്ക് നന്ദി പറയാൻ ഉള്ളത് അമ്മുവിനോടാണ്.. അമ്മുവിനോട് മാത്രം.. അതും പറഞ്ഞ് കണ്ണേട്ടൻ എന്റെ കൈകൾ ചേർത്ത് പിടിച്ചു…എന്റെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു.”എന്തിനാ കണ്ണേട്ടാ എന്നോടൊരു നന്ദി പറച്ചിൽ..ഞാൻ കണ്ണേട്ടന്റെ അനിയത്തി അല്ലേ?അപ്പൊൾ ഇതൊക്കെ എന്റെ കടമായല്ലെ??” ..അത്രയും പറഞ്ഞ് ഞാൻ കണ്ണേട്ടനെ നോക്കുമ്പോൾ കൊച്ചു കുട്ടികളെ പോലെ കണ്ണേട്ടൻ കരഞ്ഞ് തുടങ്ങിയിരുന്നു.. എന്തായാലും ഒരു മഴ പെയ്ത് തോർന്ന പോലെ എനിക്ക് തോന്നി..കാരണം എത്ര നാളുകൾ കൊണ്ടുള്ള സങ്കടങ്ങൾ ആണ് ഒഴുകിപോയത്.ഇനി എങ്ങനെയെങ്കിലും അവരെ തമ്മിൽ ചേർത്ത് വയ്ക്കാൻ വേണ്ടുന്ന കാര്യങ്ങളാണ് ബാക്കിയുള്ളത്.

.അത് കൂടെ നന്നായി തന്നെ പരിഹരിക്കണം.. അത് പക്ഷേ കുറച്ചധികം ദുർഘടം പിടിച്ച പണിയാണ് . അതോർക്കും തോറും എനിക്കെന്തോ ഭയം തോന്നി.വിവാഹം നടത്തി നാട്ടില് നിൽക്കാൻ അവർക്ക് പറ്റില്ല..പക്ഷേ ഇൗ അവസ്ഥയിൽ അച്ഛനെയും,അമ്മയെയും തനിച്ചാക്കി കണ്ണേട്ടൻ പോയാൽ.,അതും ശരിയാവില്ല.. “മാളു ഞാൻ ഏതായാലും ഇപ്പൊൾ പോട്ടെ..അമ്മ അന്വേഷിക്കും. സമയം ഇത്രയും ആയില്ലേ എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.” വീട്ടിലേക്ക് പോരും വഴിക്ക് മുഴുവൻ കണ്ണേട്ടനും,നീഹാരികയും ആയിരുന്നു എന്റെ മനസ്സ് നിറയെ. ..വിധിയുടെ വിളയാട്ടം കൊണ്ട് നഷ്ടമായി എന്നു കരുതിയ പ്രണയം..

വീണ്ടും അതിലേറെ തെളിച്ചത്തോടെ മുന്നിൽ വന്ന് നിൽക്കുന്നു..പക്ഷേ എങ്ങനെ,അത് ചേർത്ത് വയ്ക്കും, .അതിന് ശേഷം വരുന്ന പ്രതിസന്ധികൾ അതെല്ലാം എങ്ങനെ തരണം ചെയ്യാൻ കഴിയും, എന്നെല്ലാം ഓർക്കുമ്പോൾ എന്റെ ധൈര്യം ചോർന്ന് തുടങ്ങിയിരുന്നു.. എല്ലാത്തിനും ഒരു വഴിയുണ്ടാകും എന്ന് ആശ്വാസിച്ച് ഞാൻ അന്നത്തെ ദിവസവും തള്ളി നീക്കി. പിന്നീടുള്ള എന്റെ ദിവസങ്ങൾ മുഴുവൻ ഇത് മാത്രമായി ചിന്ത..എത്ര ചിന്തിച്ചിട്ടും ഒരു വഴികളും കിട്ടാതെയായി.. നാളെ ആണ് നിഹാരിക ഇങ്ങോട്ടേക്കു വരുന്നത് …അവള് പാലക്കാട് വന്നുവെന്ന് കണ്ണേട്ടൻ പറഞ്ഞിരുന്നു ..രണ്ടു ദിവസമായി..അവിടെ ശ്രേയയുടെ കൂടെ രണ്ടു മൂന്ന് ദിവസം നിന്നിട്ട് ഇങ്ങോട്ട് വരാൻ ആണ് പ്ലാൻ ..

കാരണം അവിടെ വച്ച് കാണാൻ നിന്നാൽ ചിലപ്പോൾ ആരെങ്കിലും അറിയുമോന്ന് ഒരു പേടി പോലും.അത് കൊണ്ട് കണ്ണേട്ടൻ ഇവിടെ തന്നെ നിന്നോ.അവര് ഇങ്ങോട്ടേക്കു വരാം എന്ന് പറഞ്ഞു… മാളുവിന്റെ വീട്ടിൽ എല്ലാവരും സന്തോഷത്തിൽ ആണ്..കണ്ണേട്ടൻ ഇത്രേം മാറിയതിൽ,അതിലേറെ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതിൽ എല്ലാം..അച്ഛനും,അമ്മയും മാത്രം അറിഞ്ഞിട്ടില്ല..തിരികെ ചെന്നിട്ട് ഞാൻ വേണം അറിയിക്കാൻ..അതും കണ്ണേട്ടൻ എന്നെ ഏല്പ്പിച്ചു . അവരേതയാലും സമ്മതിക്കാതെ ഇരിക്കില്ല. എന്തോ എനിക്കും അവളെ കാണാൻ ഒരുപാട് ആഗ്രഹം തോന്നി..

ഡ്യൂട്ടിക്ക് ചെന്നിട്ടും മനസ്സ് ശാന്തമാക്കാൻ പറ്റുന്നില്ല..എന്തൊക്കെയോ അസ്വസ്ഥതകൾ പിടികൂടിയ പോലെ. വലിയ തിരക്ക് ഇല്ലാതിരുന്നത് കൊണ്ട് കിട്ടുന്ന സമയം ഒക്കെ ഇതിനെക്കുറിച്ച് തന്നെയായി ആലോചന. “ലക്ഷ്മി കുറച്ച് ചൂട് വെള്ളം വേണം .. ..ലക്ഷ്മി..” കിരണിന്റെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. “എന്താ ,എന്താ പറഞ്ഞേ”. ..എന്ന് ചോദിച്ച് ഞാൻ കിരണിന്റെ മുഖത്തേക്ക് നോക്കി..താൻ ഏത് ലോകത്ത് ആണ് ലക്ഷ്മി..കുറെ നേരം ആയി ഞാൻ കാണുന്നു..ഇൗ ചിന്തിച്ചുള്ള ഇരിപ്പ്..” “അത് അത് പിന്നെയൊന്നും ഇല്ല..സോറി എന്താ വേണ്ടതെന്ന് ഒന്നുടെ പറഞാൽ? “.. അത് മുഴുവൻ പറയാതെ ഞാൻ നിർത്തി. ..

“ലക്ഷ്മി.,ഞാൻ ഒരു കാര്യം പറയട്ടെ തന്നോട്, എന്നെ സ്നേഹിക്കാൻ വയ്യ,കല്യാണം കഴിക്കാൻ വയ്യ ,,..അതെല്ലാം ശരി സമ്മതിച്ചു. പക്ഷേ നമുക്ക് നല്ല ഫ്രണ്ട്സ് ആയിക്കൂടെ? എന്നെയൊരു നല്ല ഫ്രണ്ട് ആയി എങ്കിലും കണ്ടൂടെ?”.. കിരണിന്റെ ചോദ്യം കേട്ട് എനിക്കെന്തോ ഹൃദയം മുറിയും പോലെ തോന്നി..അയാളുടെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ ശരിയാണ്..ഞാൻ ശത്രുവിനെ പോലെ പെരുമാറുമ്പോൾ എത്ര വിഷമം കാണും..എന്തായാലും ഫ്രണ്ട്സ് ആകാം. “ഫ്രണ്ട്സ് ഒക്കെയാകം..പക്ഷേ ചില കണ്ടീഷൻസ്‌ ഉണ്ട്..അതൊക്കെ സമ്മതമാണെങ്കിൽ മാത്രം”..അത്രയും പറഞ്ഞ് ഞാൻ നോക്കുമ്പോൾ അമ്പരപ്പോടെ എന്നെ നോക്കി നിൽക്കുകയാണ് കിരൺ.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ കിരൺ പറഞ്ഞു..”എല്ലാ കണ്ടിഷൻസും സമ്മതിച്ചു .”

“അത് വേണ്ട ആദ്യം എല്ലാം കേൾക്കൂ” എന്ന് പറഞ്ഞു ഞാൻ ഓരോന്നായി പറഞ്ഞു തുടങ്ങി.. “ഫ്രണ്ട്സ് ആയാൽ പിന്നെയോരിക്കലും എന്നോട് ഇഷ്ടമാണ് ,പ്രണയമാണ് എന്നെല്ലാം പറയാൻ പാടില്ല..” “കിരണിന്റെ ഒരു പ്രവർത്തികളിലും എനിക്ക് അങ്ങനെ തോന്നാൻ ഇടയാക്കരുത്..” “പിന്നെ ആരു ചോദിച്ചാലും നമ്മൾ ഫ്രണ്ട്സ് മാത്രം.അതിൽ കൂടുതൽ ഒന്നും പറയാൻ പാടില്ല”.. “ഫ്രണ്ട്സ് ആണെന്നും പറഞ്ഞ് ഞാൻ പറയാതെ എന്റെ പേഴ്സണൽ കാര്യങ്ങളിൽ കൈ കടത്താനോ, ഉപദേശിക്കാൻ വരികയോ അരുത്.. സമ്മതമാണോ?” “നൂറു വട്ടം സമ്മതം..”എന്നും പറഞ്ഞു കിരൺ കൈ എന്റെ നേരെ നീട്ടി ..ഞാൻ പകരം കൈ കൂപ്പി കാണിച്ചു..

“ശരി ഇപ്പൊൾ ഞാൻ പോകുവാ പ്രിയ തനിച്ചാണ്”അത്രയും പറഞ്ഞ് കിരൺ നടന്നു നീങ്ങി. എനിക്കും എന്തോ ഒരു ആശ്വാസം തോന്നി.. വെറുതെ ഒരാളെ ശത്രുസ്ഥാനത്ത് കാണണ്ടല്ലോ..അങ്ങനെ ഓരൊന്നോക്കെ ചിന്തിച്ച് ആ ദിവസം പോയതെ അറിഞ്ഞില്ല… പിറ്റേദിവസം ഞാൻ ഓഫ് പറഞ്ഞിരുന്നു..അത് കൊണ്ട് ഡ്യൂട്ടി ഇല്ല.ഉച്ച ആകുമ്പോൾ അവരെത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് തന്നെ മാളുവിന്റെ വീട്ടിൽ നിന്നും ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് പുറത്ത് പോകാം എന്ന് തീരുമാനിച്ചിരുന്നു.. രാവിലെ എഴുന്നേറ്റ് കുളിച്ചു..”അമ്മെ ഞാൻ മാളുവിന്റെ വീട്ടിൽ വരെ പോയി വരാം..

അവിടയല്ലേ ഇന്ന് എല്ലാവർക്കും ഭക്ഷണം..ഒന്ന് പോയി സഹായിച്ചിട്ട് വരാം..” . “ശരി മോള് ചെല്ല്..ഞാൻ ഇവിടെ അമ്മയ്ക്ക് കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വച്ചിട്ട് വരാം..അമ്മു കാപ്പി കുടിക്കാൻ വരുമോ?ഞാൻ എന്തേലും ഉണ്ടാക്കണോ” അമ്മയുടെ ചോദ്യത്തിന്” വേണ്ടമ്മാ ഞാൻ അവിടെ നിന്ന് കഴിക്കാം..”എന്നും പറഞ്ഞ് ഞാൻ ഇറങ്ങി.. അവിടെ എത്തുമ്പോൾ ഒരു ഉത്സവത്തിന് ഉള്ള പ്രതീതി .എല്ലാവരും തിരക്ക്..”നീ വന്നോ ,വാ,കുറെ പണിയുണ്ട് .”എന്നും പറഞ്ഞു മാളു എന്നെ കൂട്ടിക്കൊണ്ടു പോയി.. “മാളുവേ അമ്മു കഴിച്ചോയെന്നൂ ചോദിച്ചോ നീ ?പണി കൊടുക്കും മുൻപ്..”അമ്മയുടെ ചോദ്യം കേട്ട് അവളെന്നെ നോക്കി.. “അയ്യോ ഞാൻ അതോർത്തില്ല..നീ വാ കഴിക്ക് എന്ന് പറഞ്ഞു അവള് ഭക്ഷണം എടുത്ത് തന്നു.

അത് കഴിച്ചിട്ട് ഞങ്ങൾ വേഗം പണികൾ തുടങ്ങി. സദ്യ ആക്കാം എന്നായിരുന്നു കരുതിയത് .അപ്പോഴാണ് കണ്ണേട്ടൻ പറഞ്ഞത്..ബിരിയാണി ഉണ്ടാക്കാം,അവൾക്ക് ഭയങ്കര ഇഷ്ടമാണെന്ന്..അങ്ങനെ ബിരിയാണി ഉണ്ടാക്കാൻ ഉറപ്പിച്ചു .. ഇതിനിടയ്ക്ക് രണ്ടു ,മൂന്ന് തവണ കണ്ണേട്ടൻ നീഹാരികയെ വിളിച്ചു.. ആ മുഖത്തെ സന്തോഷം കാണുമ്പോൾ പോയ സന്തോഷം എല്ലാം ഒന്നായി തിരികെ വന്ന പോലെ.. എനിക്ക് സന്തോഷമായി..പകുതി കടമകൾ ,അമ്മു പൂർത്തിയാക്കി കിച്ചുവേട്ടാ. എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് കണ്ണേട്ടന്റെ സന്തോഷങ്ങളിൽ പങ്ക് ചേർന്നു ഞാൻ..

തുടരും…

കനൽ : ഭാഗം 30