ഭാര്യ : ഭാഗം 9

Spread the love

എഴുത്തുകാരി: ആഷ ബിനിൽ

“നീ ഇത് ഇവിടെ ആയിരുന്നെന്റെ കാശി? വിളിച്ചാലും കിട്ടില്ല…” വീട്ടിലേക്ക് വന്നുകയറിയപാടെ മാലതി കാശിയുടെ നേരെ ചോദ്യമെറിഞ്ഞു. അവൻ ഒന്നു പരുങ്ങി. പിന്നെ മനസിൽ തോന്നിയൊരു കള്ളം പറഞ്ഞു: “അത്.. ഒരു കേസിന്റെ കാര്യത്തിന് പോയതാ അമ്മാ. സീനിയർ ഓഫീസേഴ്‌സ് ഒക്കെ ഉള്ളതുകൊണ്ടാ ഫോൺ എടുക്കാൻ പറ്റാത്തത്. നാളെ മുതൽ നാലു ദിവസത്തേക്ക് എവിടെയും പോകുന്നില്ല. ഇവിടെ അമ്മേടെ കൂടെ കാണും. പോരെ?” അവൻ മാലതിയുടെ താടി പിടിച്ചു കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു: “തനു എവിടെ അമ്മേ?” “ആഹ് അവളും കാവ്യയും കൂടിയാ പപ്പടം വറുക്കുന്നത്.”

“പപ്പടം വറുക്കാൻ എന്തിനാ രണ്ടു പേര്?” “അതുപിന്നെ നിന്റെ ഭാര്യക്കും അനിയത്തിക്കും പാചകം നല്ല വശം ആണല്ലോ. അതുകൊണ്ടാ. കിന്നാരം പറഞ്ഞു നിൽക്കാതെ പോയി കുളിക്ക് ചെക്കാ. ഷർട്ടിലൊക്കെ എന്തൊരു അഴുക്കാണ്. നീ കളപറിക്കാൻ എങ്ങാനും ആണോ പോയത്?” അപ്പോഴാണ് കാശി സ്വയം ഒന്നു നോക്കിയത്. ഇട്ടിരിക്കുന്ന ലൈറ്റ് ബ്ലൂ ഷർട്ട് മുഴുവൻ അഴുക്കായിട്ടുണ്ട്. നടന്ന വഴികളിലൊക്കെ ആളുകൾ ഒരു അന്യഗ്രഹ ജീവിയെപ്പോലെ നോക്കിയത്തിന്റെ പൊരുൾ ഇപ്പോഴാണ് മൻസിലായത്. അവൻ ഒന്നും മിണ്ടാതെ മുകളിലേക്ക് പോയി കുളിച്ചു വേഷം മാറി വന്നു.

ഊണുമേശയിൽ എല്ലാവരും ഉത്സാഹത്തിൽ ആയിരുന്നു. തനു നന്നായി തന്നെ അച്ഛനോടും അമ്മയോടും ഒക്കെ ഇടപെടുന്നതിൽ കാശിക്കു സന്തോഷം തോന്നി. അതിനിടയിലാണ് തനുവിന്റെ പൊട്ടിയ ചുണ്ടും കഴുത്തിലെ പാടുകളും മാലതി ശ്രദ്ധിക്കുന്നത്. അവർ കാശിയെ കനപ്പിച്ചു നോക്കി. അവൻ ഒന്നും മിണ്ടാനാകാതെ തല താഴ്ത്തി. “ഇന്ന് വൈകിട്ട് അമ്പലത്തിൽ ഒന്നു പോകേണ്ടതായിരുന്നു. നീ നാട് ചുറ്റാൻ പോയതുകൊണ്ട് അതു നടന്നില്ല. നാളെ രാവിലെ രണ്ടുപേരും കൂടി പോയി വരണം കേട്ടോ? തനു സമ്മതഭാവത്തിൽ തലയാട്ടി. “അവന്മാരെ കാശിയേട്ടൻ എന്തു ചെയ്തു?” രാത്രി കിടക്കാൻ തുടങ്ങുമ്പോഴാണ് തനുവിന്റെ ചോദ്യം.

കാശി ഒന്നു ഞെട്ടി. “ആരെ? എന്തു ചെയ്യാൻ?” തനു ഒന്നും മിണ്ടാതെ ഡ്രോയറിൽ നിന്ന് ബെറ്റാഡിൻ ഓയിന്റമെന്റ് എടുത്ത് കാശിയുടെ കൈകളിലെ കുഞ്ഞുകുഞ്ഞു മുറിവുകളിൽ തേച്ചുകൊടുത്തു. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി. കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ കാശി തല താഴ്ത്തി. “പിന്നെ… അമ്മ തെറ്റിദ്ധരിച്ചു അല്ലെ..?” കാശി മറുപടിയായി അവളെ തന്നോട് ചേർത്തുപിടിച്ചു. “കാശിയേട്ടാ. സത്യത്തിൽ കല്യാണം വേണ്ട എന്ന് പറഞ്ഞെങ്കിലും ആ സമയത്തു ഞാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു ആരുടെയെങ്കിലും ഒക്കെ ഒരു പ്രസൻസ്. ഏട്ടൻ അപ്പോ കൂടെ നിന്നില്ലായിരുന്നു എങ്കിൽ ഞാൻ ചിലപ്പോ ഇപ്പോൾ ജീവനോടെ കാണില്ലായിരുന്നു.

പക്ഷെ അത് സ്വാർഥത ആയി പോയോ എന്നൊരു സംശയം. ഒന്നും വേണ്ടായിരുന്നു എന്നു തോന്നുവാ.” “എന്താ നിനക്കിപ്പോ അങ്ങനെ തോന്നാൻ?” “കാര്യം ഞാൻ അപ്പോൾ കല്യാണത്തിന് സമ്മതിച്ചു. പക്ഷെ അതോടെ കാശിയേട്ടന്റെ സമാധാനം എന്നെന്നേക്കും ആയി പോയില്ലേ? എന്നെങ്കിലും എല്ലാവരും എല്ലാം അറിഞ്ഞാൽ…” “അറിഞ്ഞാൽ അല്ലേ. അത് അപ്പോൾ നോക്കാം. ഇപ്പോ നീ വന്നു കിടക്കാൻ നോക്ക്” കാശി ലൈറ്റ് ഓഫ് ചെയ്യാൻ പോയപ്പോൾ തനു തടഞ്ഞു: “എനിക്കറിയില്ല കാശിയേട്ടാ. എന്നെങ്കിലും നടന്നതെല്ലാം മറക്കാൻ എനിക്ക് കഴിയുമോ എന്ന്. കാശിയേട്ടനോട് കാത്തിരിക്കാൻ പറയാൻ പോലും എനിക്കാവില്ല.

എന്നെങ്കിലും ഒരു നല്ല ഭാര്യ ആകാൻ കഴിയുമോ എന്നും അറിയില്ല..” അവൾ വിതുമ്പിപ്പോയി. കാശി അവളെ ഒന്നുകൂടി തന്നോട് ചേർത്തുപിടിച്ചു നിറുകയിൽ തലോടി: “എനിക്ക് മനസിലാകും തനു. ആഗ്രഹിച്ച കല്യാണം നടക്കാൻ മണിക്കൂറുകൾക്ക് മുമ്പ് തകർന്നുപോയ നിന്റെ മനസ്. ഒന്നിന് വേണ്ടിയും നിന്നെ നഷ്ടപ്പെടുത്താൻ വയ്യാത്തത് കൊണ്ടാ അന്നുതന്നെ കല്യാണം നടക്കണം എന്ന് ഞാൻ വാശി പിടിച്ചത്. എത്ര സമയം വേണമെങ്കിലും നിനക്കെടുക്കാം. മനസുകൊണ്ട് എന്നു നീ പഴയ തനു ആകുന്നോ അന്നേ നമ്മൾ ജീവിതം തുടങ്ങൂ.” തനു പുഞ്ചിരിച്ചു. “ഇപ്പോഴും നല്ല വേദന ഉണ്ടല്ലേ നിനക്ക്.

നടത്തത്തിൽ ഒക്കെ അത് കാണാനുണ്ട്” അവൾ ഒന്നും മിണ്ടിയില്ല. കാശിയുടെ കൈകളിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ആദ്യം തൊട്ട പുരുഷനെ പെണ്ണിന് മറക്കാൻ കഴിയില്ല എന്നൊക്കെ എഴുതി പിടിപ്പിച്ചവരെ തനു മനസാലെ പ്രാകി. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ തനുവിന്റെ വിവാഹശേഷം ചെമ്പമംഗലത്ത് കാര്യങ്ങൾ കുറെയൊക്കെ പഴയപടി ആയി തുടങ്ങി. നീലു കാരണം തനു ഇറങ്ങിപോയെങ്കിലും, അവൾക്ക് അപകടം ഒന്നും സംഭവിക്കാത്തതിനാൽ എല്ലാവരും അവളോട് ക്ഷമിച്ചുകഴിഞ്ഞിരുന്നു. തരുണിന്റെയും തനയ്‌യുടെയും ഉള്ളിൽ എരിയുന്ന നേരിപ്പൊട് ആരും കണ്ടില്ല.

എന്തായാലും നീലുവിനോട് അന്നത്തെ സംഭവങ്ങൾക്ക് ശേഷം അവർ അധികം സംസാരിച്ചിട്ടില്ല. മനസു നിറഞ്ഞ് അവളോടൊന്ന് ചിരിക്കാൻ പോലും അവർക്കായില്ല. നീലു ആകട്ടെ, തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടി. എല്ലാത്തിലും ഉപരി അവളെ വേദനിപ്പിച്ചത് താൻ അനാഥയാണെന്ന സത്യം തനുവിനു നേരത്തെ അറിയാമായിരുന്നു എന്നതാണ്. അത് അറിഞ്ഞുകൊണ്ടു തന്നെ അന്നത്തെ തന്റെ പ്രകടനം കണ്ടു നിന്ന തനുവിന്റെ മുൻപിൽ താൻ തൃണം മാത്രമാണെന്ന് അവൾ തിരിച്ചറിഞ്ഞു. അച്ഛനമ്മമാർക്കും വല്യച്ഛനും വല്യമ്മക്കും എല്ലാം ഇപ്പോഴും തന്നെ പഴയതുപോലെ സ്നേഹിക്കാൻ കഴിയുന്നത് തന്നെ വലിയ ആശ്വാസം ആയി അവൾ കണ്ടു.

ഏട്ടന്മാരുടെ മൗനം താൻ അർഹിക്കുന്നത് കൊണ്ട് അവൾ അതിൽ ഒരു പരാതിയും പ്രകടിപ്പിച്ചില്ല. ആരെയും ഇനിയും വിഷമിപ്പിക്കാതെ ഇരിക്കാൻ അവൾ പഴയതുപോലെ ചിരിച്ചും കളിച്ചും വീട്ടിൽ നടന്നു, ഉള്ളിലെ അഗ്നിയെ ഒളിപ്പിച്ചുകൊണ്ട്. വിവാഹശേഷം നാളെയാണ് തനുവിന്റെ വീട്ടുകാർ കാശിയുടെ വീട്ടിലേക്ക് വിരുന്നുപോകുന്നത്. രാത്രി നീലു ഉണ്ണിയപ്പം ഉണ്ടാക്കാൻ അടുക്കളയിൽ കയറി. തനുവിന് ഏറെ ഇഷ്ടമുള്ള പോലെ ധാരാളം തേങ്ങാകൊത്തും എള്ളും ഒക്കെ ചേർത്താണ് അവൾ മാവ് തയ്യാറാക്കിയത്. “നാളെ കൊണ്ടുപോകാൻ ഉള്ളതൊക്കെ വാങ്ങിയല്ലോ.

പിന്നെ നീ എന്തിനാ ഇപ്പോ ഇതുണ്ടാക്കുന്നത്?” അവിടേക്ക് വന്ന ഗീത ചോദിച്ചു. “അതെല്ലാം ഇരുന്നോട്ടെ അമ്മേ. ഞാനുണ്ടാക്കുന്ന ഉണ്ണിയപ്പം അവൾക്ക് വലിയ ഇഷ്ടമാണ്. ഇത് കൂടി കൊണ്ടുപോകാലോ” “അല്ലെങ്കിലും തനുവിന് കഴിക്കാൻ അല്ലാതെ ഒന്നും ഉണ്ടാക്കാൻ അറിയില്ലല്ലോ. ആ കാര്യത്തിൽ ഒക്കെ ഇവളാണ് മിടുക്കി. പേടിക്കാതെ കെട്ടിച്ചയക്കാലോ. തനുവിന്റെ കാര്യത്തിൽ മാലതി എന്ത് വിചാരിക്കുമോ എന്തോ” നീലുവിന്റെ തലയിൽ തലോടിക്കൊണ്ടു സുമിത്ര വ്യാകുലപ്പെട്ടു. ഗീത അവരെ ആശ്വസിപ്പിച്ചു: “അത് സാരമില്ല ഏടത്തി. അവള് പഠിക്കുകയായിരുന്നല്ലോ. ഇത്ര പെട്ടന്നൊരു കല്യാണം നമ്മളും പ്രതീക്ഷിച്ചില്ലല്ലോ.” “ഞാൻ ഇത്രേയൊക്കെ ചെയ്തിട്ടും നിങ്ങൾക്കൊക്കെ എന്നെയിങ്ങനെ സ്നേഹിക്കാൻ എങ്ങനെയാ പറ്റുന്നത് വല്യമ്മേ?”

നീലു അവരുടെ നേരെ തിരിഞ്ഞു. സുമിത്ര പുഞ്ചിരിച്ചുകൊണ്ട് അവളെ തന്നോട് ചേർത്തുനിർത്തി. “നീ ഞങ്ങളുടെ സ്വന്തം അല്ല എന്നറിഞ്ഞുകൊണ്ട് തന്നെയാ ഞങ്ങൾ സ്നേഹിച്ചത്. ആ സ്നേഹം ഇപ്പോഴും അതുപോലെ ഉണ്ട്. പിന്നെ തനുവിനോട് നിനക്കൊരു കുഞ്ഞു കുശുമ്പ് ഉണ്ടായി എന്നറിഞ്ഞപ്പോ വിഷമം തോന്നി. അവൾ ഇവിടുന്ന് ഇറങ്ങി പോകുക കൂടി ചെയ്തതോടെ ഞങ്ങളൊക്കെ അപ്പോഴത്തെ വിഷമത്തിൽ നിന്നോട് എന്തൊക്കെയോ പറയുകയും ചെയ്തു. എന്നുവച്ചു നീ ഞങ്ങളുടെ കുട്ടി അല്ലാതെ ആകില്ലല്ലോ” “അല്ലെങ്കിൽ തന്നെ ഈ കുശുമ്പോക്കെ നമ്മൾ പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുളതാ മോളെ. ഏടത്തിക്ക് മൂന്നു പിള്ളേര് ഉണ്ടല്ലോ. എനിക്കാണെങ്കിൽ ഒരാള് പോലും ഇല്ല.

അതിനിടയിൽ തനുവിനെ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ എനിക്കു ഏടത്തിയോട് ഒരു അസൂയയൊക്കെ തോന്നിയിരുന്നു. അല്ലെ ഏടത്തി?” ഗീത സുമിത്രയോട് ചോദിച്ചു. അവർ ചിരിച്ചു: “പിന്നല്ലാതെ. അതു ഇപ്പോൾ ആലോചിക്കുമ്പോ ഒരു തമാശയായി തോന്നുവാ. നീയും തനുവും ഒരു പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോ ഇതൊക്കെ ആലോചിച്ചു ചിരിക്കും മോളെ..” എത്ര ലഘുവായി ആണ് അവർ കാര്യങ്ങളെ കാണുന്നത് എന്നു നീലു ആലോചിച്ചു. ഈ അമ്മയുടെ മകളുടെ സ്വഭാവം അങ്ങനെ ആയതിൽ നീലുവിന് അത്ഭുതം ഒന്നും തോന്നിയില്ല. താരയും രാജീവും തൻവിമോളേയും കൊണ്ട് രാവിലെ തന്നെ ചെമ്പമംഗലത്തെത്തി.

പത്തുമണിക്കാണ് കാശിയുടെ വീട്ടിലേക്ക് ഇറങ്ങാൻ തീരുമാനിച്ചിരുന്നത്. ഒമ്പതര ആയിട്ടും നീലു ഒരുങ്ങാതെ റൂമിൽ ചടഞ്ഞുകൂടി ഇരിക്കുന്നത് കണ്ട താര അവിടേക്ക് ചെന്നു അവളെ നിർബന്ധിച്ചു കൂടെ കൂട്ടി. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ രാവിലെ തനുവും കാശിയും അമ്പലത്തിലേക്ക് തിരിച്ചു. കാശിയുടെ ബുള്ളറ്റിൽ ചേർന്നിരുന്നു പോകുമ്പോൾ തനു വീണ്ടും ഓർമകളിലേക്ക് പോയി. മുൻപും പോയിട്ടുണ്ട് ഇതുപോലെ. പക്ഷെ അന്നൊന്നും ഇല്ലാത്തൊരു അവകാശം ഇപ്പോൾ തനിക്കുണ്ട്: കാശിയുടെ ഭാര്യാപദവി. പക്ഷെ ശരീരം കൊണ്ടും മനസുകൊണ്ടും കാശിയിൽ നിന്നും ഒരു വിളിപ്പാട് അകലെ പോലും താൻ എത്തിയിട്ടില്ലല്ലോ എന്നവൾ ഓർത്തു.

പതിനൊന്ന് മണിക്ക് മുന്നേ തനുവിന്റെ വീട്ടുകാർ ചെറുതുരുത്തിയിലെ കാശിയുടെ വീട്ടിൽ എത്തിയിരുന്നു. ഉള്ളിലെ ദുഃഖങ്ങൾ ഒന്നും ആരെയും അറിയിക്കാതെ അവരിരുവരും സന്തോഷം അഭിനയിച്ചു നിന്നു. തനുവിന്റെ ശരീരത്തിലെ മുറിപ്പാടുകൾ കാണുന്ന കണ്ണുകൾ തനിക്ക് നേരെ നീങ്ങുന്നത് കാശി അറിയുന്നുണ്ടായിരുന്നു. എല്ലാത്തിനും മറുപടി എന്നോണം അവൻ ഒരു പുഞ്ചിരിയണിഞ്ഞു. എല്ലാം അറിഞ്ഞിട്ടും തരുണും തനയ്യും ഒന്നും ചെയ്യാനാകാതെ നിന്നു. ഊണു കഴിഞ്ഞ് എല്ലാവരും വട്ടം കൂടിയിരുന്ന് സംസാരിക്കുമ്പോൾ സീത നീലുവിനോട് ഒരു പാട്ട് പാടാൻ പറഞ്ഞു. അവർക്ക് പണ്ടേ അവളെ ജീവനാണ്. മറ്റുള്ളവരും അവരെ പിന്താങ്ങി.

അപ്പോൾ പോലും കാശിയുടെയോ തനുവിന്റെയോ ഒരു നോട്ടം തന്റെ നേരെ വീഴാത്തത് അവളെ ദുഃഖിപ്പിച്ചു. എങ്കിലും അവൾ മനോഹരമായി പാടി: “പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടിപുഴയില് വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയണോരാളെ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ………………” അവൾ പാടി നിർത്തുമ്പോഴേക്കും എല്ലാവരും ആവേശത്തോടെ കയ്യടിച്ചു. തനുവിന്റെ മുഖവും അല്പം തെളിഞ്ഞു. നീലു പല തവണ അവരോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും രണ്ടാളും ഒഴിഞ്ഞു മാറി. കാശിയുടെ കാര്യത്തിൽ അവൾക്ക് വലിയ വേദന തോന്നിയില്ല.

പക്ഷെ ഏട്ടന്മാരുടെയും തനുവിന്റെയും മൗനം അവളെ കീറിമുറിച്ചു. പിറ്റേന്ന് ചെമ്പമംഗലത്തെക്ക് ചെല്ലാൻ തനുവിനെയും കാശിയെയും ക്ഷണിച്ചിട്ടാണ് എല്ലാവരും മടങ്ങിയത്. നാളെ വീട്ടിൽ വരുമ്പോൾ എല്ലാം സംസാരിച്ചു പരിഹരിക്കാം എന്ന് നീലു ഉറപ്പിച്ചു. “കാശിയേട്ടാ, ഞാനൊരു കാര്യം ചോദിക്കട്ടെ?” രാത്രി കട്ടിലിൽ തനിക്കരികിൽ വന്നിരുന്ന തനുവിനെ കാശി ഒന്നു നോക്കി. “എന്തോ കുരുത്തക്കേട് ആണെന്ന് മസിലായി. ചോദിച്ചോ” തനു ഒരു ചമ്മിയ ചിരി ചിരിച്ചു: “അതല്ല.. കാശിയേട്ടൻ എപ്പോഴെങ്കിലും നീലുവിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?”

“അയ്യേ.. ഭാര്യയുടെ സഹോദരിയെ ഓർത്തിരിക്കാൻ ഞാൻ അത്തരക്കാരൻ അല്ല.. നഹീ ഹേ.. ” കാശിയുടെ പ്രത്യേക ഈണത്തിലുള്ള സംസാരം കേട്ട് തനു അവനെ കൂർപ്പിച്ചു നോക്കി. “ശരി. നീ പറ. എന്താ ഇപ്പോ എന്റെ തനുവിന് അറിയേണ്ടത്?” “അതിപ്പോ.. നീലു സുന്ദരിയല്ലേ. നല്ലഗോതമ്പിന്റെ നിറം, നിറയെ പീലി ഉള്ള കണ്ണ്, കവികളൊക്കെ പറയുന്നത് പോലെ ചോര തൊട്ടെടുക്കാവുന്ന ചുണ്ട്, ഡാൻസർ ആയതുകൊണ്ട് നല്ല ബോഡി ഷേപ്പും ഉണ്ട്. പോരാത്തതിന് പാട്ടുകാരിയും. പിന്നെ നന്നായി കുക്കിങ് ചെയ്യും…

എല്ലാം കൊണ്ടും എന്നെക്കാളും ഒരുപടി മുന്നിൽ അല്ലെ അവൾ. എന്നിട്ടും കാശിയേട്ടൻ എന്താ എന്നെ തിരഞ്ഞെടുത്തത്?” കാശി പൊട്ടിചിരിച്ചുപോയി. “എന്നെ എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത് ചേട്ടാ എന്ന് ചോദിക്കാതെ ഏതെങ്കിലും ഒരു ഭാര്യയോ കാമുകിയോ ഈ ഭൂമുഖത്ത് ഉണ്ടാകുമോ മഹാദേവാ..!” കാശിയുടെ ആ തമാശ ആസ്വദിക്കാൻ തനുവിനായില്ല. അവൾ അവന്റെ മറുപടിക്കായി കാതോർത്തു.

തുടരും-

ഭാര്യ : ഭാഗം 8

-

-

-

-

-