Saturday, January 18, 2025
Novel

കടലിനക്കരെ : ഭാഗം 3

എഴുത്തുകാരി: സജി തൈപ്പറമ്പ്

ഹോസ്പിറ്റലിൻ്റെ വിശാലമായ പാർക്കിങ്ങ് ഏരിയയിൽ കാറ് ഒതുക്കി നിർത്തുമ്പോൾ അശ്വതിയുടെ ഹൃദയം പട പട മിടിക്കുന്നുണ്ടായിരുന്നു. നജീബ് ,തിരക്കേറിയ എൻക്വയറി ഡെസ്കിലെ സ്റ്റാഫിനോട് , വിവരങ്ങൾ ആരായുമ്പോഴും, അത് തൻ്റെ ഭർത്താവ് ആയിരിക്കരുതേ എന്നാണ് അശ്വതി പ്രാർത്ഥിച്ചത്. വരൂ നമുക്ക് ഐസിയുവിലേക്ക് ചെല്ലാം, ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നയാളുടെ ഡീറ്റൈൽസ് ഒന്നും ഇവർക്ക് അറിയില്ല ,ആക്സിഡൻറുണ്ടായ സമയത്ത് മലയാളത്തിലെന്തോ സംസാരിച്ചതിൽ നിന്നുമാണ് അതൊരു മലയാളിയാണെന്ന് തിരിച്ചറിഞ്ഞത് ,

അതിന് ശേഷം അയാളുടെ ബോധം നഷ്ടപ്പെട്ടു ഇനി, അശ്വതി വേണം ആളെ ഐഡൻറിഫൈ ചെയ്യാൻ ഡോക്ടറുടെ പെർമിഷനോടെ ഐസിയുവിലേക്ക് കയറുമ്പോൾ അശ്വതിയുടെ ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെട്ടു കൂടെ വന്ന നഴ്സ് ചൂണ്ടിക്കാണിച്ച ബെഡ്ഡിലേക്ക് അവൾ ആശങ്കയോടെ നോക്കി അല്ല ഇതല്ല ഇതെൻ്റെ ഭർത്താവല്ല ആശ്വാസത്തോടെ അവൾ സ്വയം പിറുപിറുത്തു വേഗം തന്നെ, ഐ സി യു വി ന് വെളിയിലിറങ്ങി സിജോയോടും, നജീബിനോടും വിവരം പറഞ്ഞ് ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ തൻ്റെ ഭർത്താവിൻ്റെ തിരോധാനം ഒരു ചോദ്യചിഹ്നമായി അവളുടെ ചിന്തകളെ ചുട്ട് പൊള്ളിച്ചു.

പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ ആ ദിവസവും കടന്ന് പോയി. പിറ്റേന്ന്, അശ്വതി നേരത്തെ എഴുന്നേറ്റു, തലേ ദിവസം ഹോസ്പിറ്റലിൽ നിന്ന് തിരിച്ച് വരുന്ന വഴി ,സൂപ്പർ മാർക്കറ്റിൽ കയറി ,അത്യാവശ്യം വേണ്ട പലവ്യഞ്ജനങ്ങളൊക്കെ, സിജോയെക്കൊണ്ടവൾ വാങ്ങിപ്പിച്ചിരുന്നു ,തനിക്ക് സംരക്ഷണവും ,സഹായവും ചെയ്യുന്നയാൾക്ക് ,രുചിയുള്ള ആഹാരമെങ്കിലും വച്ച് കൊടുക്കണമെന്ന് അവൾ തീരുമാനിച്ചിരുന്നു. സിജോ കമ്പനിയിൽ പോകുന്നതിന് മുമ്പ് ,അശ്വതി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി ടേബിളിൽ കൊണ്ട് വച്ചു. താനും കൂടെയിരിക്ക്, നമുക്കൊരുമിച്ച് കഴിക്കാം വേണ്ട സിജോ,

ഞാൻ പിന്നെ കഴിച്ചോളാം ,എനിക്കൊന്ന് ഫ്രഷാകാനുണ്ട് എന്നാൽ ശരി, ഉച്ചയ്ക്ക് ഞാൻ കഴിവതും നേരത്തെ വരാം, ഇന്ന് നമുക്ക് ഇവിടുത്തെ ബീച്ചിലും പാർക്കിലുമൊക്കെ ഒന്ന് പോയി നോക്കാം, എവിടെയെങ്കിലും വച്ച് ഷൈജുവിനെ കാണാതിരിക്കില്ല ഉം അത് വേണം , എങ്ങനെയെങ്കിലും അദ്ദേഹത്തെ കണ്ടെത്തണം, എന്നാലേ എനിക്ക് സമാധാനമാവു ,ഇനി അഥവാ എന്തെങ്കിലും ദുരുദ്ദേശത്താൽ എന്നെ മനപ്പൂവ്വം ചീറ്റ് ചെയ്യാൻ ശ്രമിച്ചതാണെങ്കിൽ ,പിന്നെ എനിക്ക് ഇവിടെ തങ്ങാൻ താല്പര്യമില്ല ,സിജോയെ ബുദ്ധിമുട്ടിക്കാൻ നില്ക്കാതെ ഞാൻ തിരിച്ച് പൊയ്ക്കോള്ളാം ,അത് വരെ നിങ്ങളെന്നെ ഒന്ന് സഹായിക്കണം, ഹേയ് എന്താടോയിത്, താൻ നെർവ്വസാകാതെ,

നമുക്ക് വഴിയുണ്ടാക്കാം , ഞാനെന്തായാലും പോയിട്ട് വരാം യാത്ര പറഞ്ഞ് സിജോ പോയപ്പോൾ, അശ്വതി അകത്ത് കയറി ഭദ്രമായി കതകടച്ച് കുറ്റിയിട്ടു. ഉച്ചകഴിഞ്ഞ് പാർക്കിലും ബീച്ചിലുമൊക്കെ തൻ്റെ ഭർത്താവിനെ തിരഞ്ഞ് നടന്നെങ്കിലും, അശ്വതിക്ക് പ്രതീക്ഷിച്ച പോലെ, അയാളെ കണ്ടെത്താനായില്ല , ഇരുൾ വീണ നിരത്തുകളിൽ, നിയോൺ ബൾബുകൾ വെളിച്ചം വിതറിയപ്പോൾ, അന്നത്തെ തിരച്ചിലവസാനിപ്പിച്ച് നിരാശയോടെയവൾ, സിജോയോടൊപ്പം ഫ്ളാറ്റിലേക്ക് മടങ്ങി. മൂന്നാം ദിവസം കമ്പനിയിൽ നിന്നും സിജോ വന്നത്, അശ്വതിയെ ഞെട്ടിക്കുന്ന ഒരു വാർത്തയുമായിട്ടാണ്.

ഞാൻ പറയുന്നത് സംയമനത്തോടെ വേണം, താൻ ഉൾക്കൊള്ളാൻ എന്താണെങ്കിലും പറയു സിജോ, എന്തും നേരിടാൻ ഞാനെൻ്റെ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു അശ്വതീ.. ഞാനിന്ന് ഇവിടുത്തെ ഒരു പ്രമുഖ ഷോപ്പിങ്ങ് മാളിലെ എൻ്റെ ഒരു സുഹൃത്തിനെ കണ്ടിരുന്നു ,അവനെ ഞാൻ അശ്വതി തന്ന ഷൈജുവിൻ്റെ ഫോട്ടോ കാണിച്ചു ,അത് കണ്ടയുടനെ അവന് ആളെ മനസ്സിലായി, ഷൈജു ഇടയ്ക്കിടെ അവിടെ ചെല്ലാറുണ്ടായിരുന്നു, അത് മറ്റൊന്നുമല്ല ആ മാളിലെ സെയിൽസ് മാനേജരായ ശ്രീലങ്കക്കാരിയുമായി അയാൾക്ക് അടുപ്പമുണ്ടായിരുന്നു, കഴിഞ്ഞയാഴ്ച അവരെ അബുദാബിയിലെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോൾ,

അവരെ എയർപോർട്ടിലേക്ക് കാറിൽ കൊണ്ട് പോയത് എൻ്റെയീ സുഹൃത്തായിരുന്നു, അന്നവരെ കാത്ത്, ഷൈജു എയർപോർട്ടിൽ നില്പുണ്ടായിരുന്നെന്നും , ഷൈജുവും അവരോടൊപ്പം വിമാനത്താവളത്തിനകത്തേക്ക് കയറി പോകുന്നത് കണ്ടെന്നുമാണ് ,അവൻ എന്നോട് പറഞ്ഞത്, അങ്ങനെയെങ്കിൽ, അയാൾ ആ ശ്രീലങ്കക്കാരിയോടൊപ്പം, ഇപ്പോൾ അബുദാബിയിലെ ഏതെങ്കിലും ഫ്ളാറ്റിലുണ്ടാവും, നമുക്ക് വേണമെങ്കിൽ നാളെ അവിടെ വരെ പോകാം വേണ്ടാ … വേണ്ട സിജോ, ഇനി എനിക്കയാളെ കാണേണ്ട, ഇത് വരെ അയാൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞിട്ടുണ്ടാവുമോ എന്നായിരുന്നു എൻ്റെ ഉത്ക്കണ്ഠ,

എന്നെ വഞ്ചിക്കുകയായിരുന്നെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല , മറ്റൊരുത്തിയോടൊപ്പം മനസ്സും ശരീരവും പങ്ക് വച്ച അയാളെ ,എനിക്കിനി ആവശ്യമില്ല, അതിന് വേണ്ടി ഒരു നിമിഷം പോലും ഇവിടെ ചിലവഴിക്കാൻ എനിക്കാഗ്രഹവുമില്ല, എനിക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങണം, പക്ഷേ, പ്രായമായ എൻ്റെ അച്ഛനോടും അമ്മയോടും ഞാനെന്ത് സമാധാനം പറയും ? അശ്വതി അയാളുടെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു. കൂൾ ഡൗൺ അശ്വതി.. തനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന് കരുതി സമാധാനിക്കു ,നമുക്ക് നിയമപരമായി മുന്നോട്ട് പോകാം, എന്നിട്ട് നഷ്ടപരിഹാരത്തിന് കേസ്സ് കൊടുക്കാം എന്തിനാ സിജോ വെറുതെ,

എനിക്ക് നഷ്ടപ്പെട്ട എൻ്റെ ജീവിതത്തെക്കാൾ വലുതല്ലല്ലോ കുറെ പണവും സ്വർണ്ണവുമൊക്കെ? എടുത്തോട്ടെ, എല്ലാം അയാൾ എടുത്തോട്ടെ, ഞാനെല്ലാം ഈശ്വരന് മുന്നിൽ സമർപ്പിക്കുവാണ്, എന്നെ ചതിച്ചതിൻ്റെ ശിക്ഷ, ദൈവം അവന് കൊടുത്ത് കൊള്ളും, സിജോ എനിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരു സഹായം ചെയ്ത് തരണം, ഇത് വരെ ചിലവായതെല്ലാം, ഞാൻ സിജോയുടെ അക്കൗണ്ടിലേക്ക് ഇട്ട് തരാം ഹേയ് ,താനങ്ങനെയൊന്നും ഇപ്പോൾ ചിന്തിക്കേണ്ട ,പോകാനുള്ള സൗകര്യങ്ങളൊക്കെ, ഞാൻ ശരിയാക്കിത്തരാം, പക്ഷേ താനിപ്പോൾ നാട്ടിലേക്ക് ചെന്നാൽ, തൻ്റെ ജീവിതം ഇങ്ങനെയൊക്കെ ആയിപ്പോയെന്നറിയുമ്പോൾ,

അച്ഛനും അമ്മയ്ക്കും അത് സഹിക്കാൻ കഴിയുമോ ? ഞാൻ പറയുന്നത്, താനിങ്ങോട്ട് രണ്ട് മാസത്തേയ്ക്കല്ലേ വന്നിരിക്കുന്നത് ,ഏതായാലും അത് വരെ ഇവിടെ നില്ക്ക്, അതിനുള്ളിൽ നമുക്ക് പതിയെ അച്ഛനേയും അമ്മയേയും, കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം അത് വരെ ഞാനിവിടെ സിജോയെ ബുദ്ധിമുട്ടിച്ച് കൊണ്ട് എങ്ങനെ കഴിയും അങ്ങനെയൊരു കോംപ്ലക്സുണ്ടെങ്കിൽ, എൻ്റെ സിഇഓ യോട് പറഞ്ഞ്, തനിക്കവിടെ തല്ക്കാലം പാർട്ട്ടൈം ജോബ് എന്തേലും ശരിയാക്കാം, വലിയ ശബ്ബളമൊന്നുമുണ്ടാവില്ല, തനിക്കിവിടെ തനിച്ചിരിക്കുമ്പോഴുള്ള ബോറടി ഒന്ന് മാറിക്കിട്ടും ,അത്ര തന്നെ സിജോ പറഞ്ഞതിനോട് ,മനസ്സില്ലാ മനസ്സോടെയവൾ സമ്മതം മൂളി.

രണ്ട് ദിവസത്തിന് ശേഷം അശ്വതിയും, സിജോയോടൊപ്പം കമ്പനിയിൽ പോകാൻ തുടങ്ങി. ദിവസങ്ങൾ കടന്ന് പോയി. പതിയെ പതിയെ, അശ്വതിയിൽ മാറ്റങ്ങൾ വന്ന് തുടങ്ങി ,ഇടയ്ക്കിടെ നാട്ടിലേക്ക് വിളിച്ച് ,അച്ഛൻ്റെയും അമ്മയുടെയും സുഖവിവരങ്ങൾ അന്വേഷിക്കും ,ഷൈജുവിനെക്കുറിച്ച് അവർ ചോദിക്കുമ്പോൾ, ജോലിക്ക് പോയിരിക്കുവാണെന്ന് കളവ് പറയും എൻ്റെ വിസാ കാലാവധി അവസാനിക്കാറായി ഒരു ദിവസം അത്താഴം കഴിക്കുമ്പോൾ, അശ്വതി സിജോയെ ഓർമ്മിപ്പിച്ചു. ഉം, എനിക്കോർമ്മയുണ്ട്, ഞാൻ നാളെത്തന്നെ പോയി ടിക്കറ്റ് ബുക്ക് ചെയ്യാം അല്ലാ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ?

എനിക്കീ കമ്പനിയിൽ സ്ഥിരമായിട്ടൊരു ജോലി തരപ്പെടുത്താൻ സിജോയ്ക്ക് കഴിയുമോ? അതെന്താ, തനിക്കപ്പോൾ നാട്ടിൽ പോകണ്ടെ? നാട്ടിൽ പോയാലും, എനിക്കിനി ജീവിക്കാൻ മറ്റ് മാർഗ്ഗമൊന്നുമില്ലല്ലോ? പ്രായമായ മാതാപിതാക്കളെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ ?എനിക്കിനി സ്വന്തം കാലിൽ നില്ക്കണം, അതാണ് എൻ്റെ ഇപ്പോഴത്തെ ലക്ഷ്യം ഉം നല്ല തീരുമാനമാണ് ,കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും, ഒരു ലേബർ വിസ നമുക്ക് സംഘടിപ്പിക്കാം ,നാളെ തന്നെ ഞാൻ എംഡിയെ കണ്ട്, കാര്യങ്ങൾ സംസാരിക്കാം അശ്വതി മാറുകയായിരുന്നു, ഗ്രാമീണതയുടെ നിഷ്കളതയിൽ ഒതുങ്ങി ജീവിച്ചിരുന്ന അവൾ, തൻ്റേടവും കരുത്തുമുള്ള സ്ത്രീയായി പുനർജ്ജനിക്കുകയായിരുന്നു.

തുടരും

കടലിനക്കരെ : ഭാഗം 1

കടലിനക്കരെ : ഭാഗം 2