Friday, April 26, 2024
Novel

കടലിനക്കരെ : ഭാഗം 1

Spread the love

എഴുത്തുകാരി: സജി തൈപ്പറമ്പ്

Thank you for reading this post, don't forget to subscribe!

ഷാർജ എയർപോർട്ടിലെ റൺവേയിലേക്ക്, ഫ്ളൈറ്റ് ലാൻ്റ് ചെയ്യുമ്പോൾ, അശ്വതിയുടെ മനസ്സിലേക്ക് പലവിധ ചിന്തകൾ കടന്ന് വന്നു. മറ്റ് യാത്രക്കാരോടൊപ്പം പ്രധാന കവാടത്തിലെത്തിയ അവൾ , ഉത്ക്കണ്ഠയോടെ അവിടെ കൂടി നില്ക്കുന്നവരിൽ തൻ്റെ ഭർത്താവിനെ പരതി. പല പേരുകളെഴുതിയ പ്ളക്കാർഡുകളുമായി നിരവധി പേർ അവിടെ തടിച്ച് കൂടിയിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ തൻ്റെ ഭർത്താവ് മാത്രമില്ലെന്ന തിരിച്ചറിവ്, അവളുടെയുള്ളിൽ ആശങ്ക വർദ്ധിപ്പിച്ചു .

എന്താ ഹസ്ബൻ്റിനെ കണ്ടില്ലേ? നെടുമ്പാശ്ശേരിയിൽ നിന്നും അവളുടെയൊപ്പമുയുണ്ടായിരുന്ന സിജോ എന്ന ചെറുപ്പക്കാരൻ ,അടുത്ത് വന്ന് അശ്വതിയോട് ചോദിച്ചു. ഇല്ല കണ്ടില്ല ഉം,ചിലപ്പോൾ എവിടെയെങ്കിലും ബ്ളോക്ക് കിട്ടിക്കാണും, സാരമില്ല അവിടെ പോയിരുന്നോളു, എന്തായാലും പുള്ളിക്കാരൻ വരാതെ തനിക്ക് പോകാൻ കഴിയില്ലല്ലോ ?ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നത്? അവളെ സമാധാനിപ്പിച്ചിട്ട്, കൈയ്യിലുണ്ടായിരുന്ന ട്രോളി ബാഗുമുരുട്ടിക്കൊണ്ട്, അയാൾ നടന്ന് പോയി. ശരിയാണ് അയാൾ പറഞ്ഞത്,

ഇവിടേക്കെന്നല്ല ഇല്ലിത്തറ എന്ന തൻ്റെ കൊച്ചുഗ്രാമം വിട്ട് ,ആകെ പോയിട്ടുള്ളത് തൊടുപുഴ ടൗണ് വരെയാണ് ,അതും പാരലൽ കോളേജിൽ പോകാൻ മാത്രം, മറ്റൊരിടത്തേക്കും ഇത് വരെ പോയിട്ടില്ല,ദൂരെ ഒരു സ്ഥലത്തേക്ക് പോകുന്നത് ഇതാദ്യമായിട്ടാണ് വിസിറ്റേഴ്സ് ലോഞ്ചിലെ തണുത്ത് മരവിച്ച സ്റ്റീൽചെയറിലിരിക്കുമ്പോഴും, അശ്വതി വിയർക്കുന്നുണ്ടായിരുന്നു. അപരിചിതമായ സ്ഥലം ,അറിയാത്ത ഭാഷ സംസാരിക്കുന്നവർ ,ആകെ പരിചയമുണ്ടായിരുന്നൊരു മലയാളിയാണ്, കുറച്ച് മുമ്പ് സംസാരിച്ചിട്ട് പോയത് ,കോള് പോകില്ലെന്നറിഞ്ഞിട്ടും, കൈയ്യിലിരുന്ന മൊബൈലിൽ നിന്നും, അവൾ വെറുതെ ഷൈജുവിൻ്റെ നമ്പരിലേക്ക് ഡയൽ ചെയ്തു,

പ്രതീക്ഷിച്ച പോലെ തന്നെ യാതൊരു റിപ്ളേയുമില്ല. ഇവിടെയെത്തിയാൽ, ഇവിടുത്തെ സിം വാങ്ങി ഫോണാലിടണമെന്ന്, അദ്ദേഹം പറഞ്ഞിരുന്നത് അശ്വതിയോർത്തു. പക്ഷേ ,എല്ലാത്തിനും അദ്ദേഹം വന്നാലേ നടക്കു അപ്പോഴാണ്, സിജോയെക്കുറിച്ച് അവൾ ചിന്തിച്ചത് ,അയാൾ ഫ്ളൈറ്റിൽ വച്ച് തന്നെ ഇവിടുത്തെ സിം മാറ്റിയിടുന്നത് താൻ കണ്ടതാണ് ,എന്നിട്ട് അയാളുടെ ഫോണിൽ നിന്ന് ഷൈജുവേട്ടനെ വിളിക്കാൻ തനിക്കൊന്ന് തോന്നിയില്ലല്ലോ? താനെന്തൊരു മണ്ടിയാണ്, നേരം കഴിയുന്തോറും അവളുടെയുള്ളിൽ ഭയാശങ്കകൾ വർദ്ധിച്ചു. ഒരു സഹായത്തിനായി , മലയാളിമുഖമുള്ള ആരെങ്കിലുമുണ്ടോയെന്ന്, അവൾ ചുറ്റിനും കണ്ണോടിച്ച് നോക്കി.

ഇരിപ്പുറയ്ക്കാതെ അവളെഴുന്നേറ്റ് , വാഹനങ്ങൾ വന്ന് യാത്രക്കാരെ ഇറക്കി പോകുന്ന, മെയിൻ പാസേജിലേക്കിറങ്ങി നിന്നു. അപ്പോഴാണ് മനസ്സിനൊരാശ്വാസമെന്നോണം അവളാ കാഴ്ച കണ്ടത്, കുറച്ച് ദൂരെ കാർ പാർക്കിങ് ഏരിയയിൽ നിന്ന്, തൻ്റെ നേരെ നടന്ന് വരുന്ന സിജോയെ കണ്ടപ്പോൾ ,അവളങ്ങോട്ട് വേഗം ചെന്നു. സോറി പെങ്ങളെ, അപരിചതമായൊരു സ്ഥലത്ത് നിങ്ങളെ തനിച്ചാക്കി, ഞാൻ പോകാൻ പാടില്ലായിരുന്നു ,നിങ്ങളുടെ ഭർത്താവ് വരുന്നത് വരെയെങ്കിലും, ഞാൻ വെയിറ്റ് ചെയ്യേണ്ടതായിരുന്നെന്ന് ,കുറച്ച് ദൂരം പോയിക്കഴിഞ്ഞപ്പോഴാണ് എനിക്കോർമ്മ വന്നത് , ഇത് വരെ ആളെത്തിയില്ലല്ലേ? ഇല്ല സിജോ, എനിക്കാ ഫോണൊന്നു തരുമോ ?ഞാനൊന്ന് വിളിച്ച് നോക്കട്ടെ ഓഹ് വൈ നോട്ട്?

ഇന്നാ വിളിച്ച് നോക്ക് അയാളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി, ഷൈജുവിനെ വിളിച്ചു. അത് സ്വിച്ച് ഓഫാണെന്നറിഞ്ഞപ്പോൾ, അവൾക്ക് സങ്കടം വന്നു. അദ്ദേഹത്തിനറിയാവുന്നതല്ലേ? താനിങ്ങോട്ട് ഒറ്റയ്ക്കാണ് വരുന്നതെന്നും ,തനിക്കിവിടം അപരിചിതമാണെന്നും , അദ്ദേഹത്തെ കണ്ട് മുട്ടുന്നത് വരെ, തനിക്ക് കോണ്ടാക്ട് ചെയ്യാൻ മറ്റാരുമില്ലെന്നുമൊക്കെ ,എന്നിട്ടും… അവളുടെ കണ്ണുകൾ ഈറനണിയുന്നതും ,ചുണ്ട് വിതുമ്പുന്നതും സിജോ കണ്ടു. കരയാതെ പെങ്ങളെ ,നമുക്ക് കുറച്ച് കൂടി നോക്കാം, എന്തായാലും അയാൾ വരാതിരിക്കില്ലല്ലോ?എനിക്കേതായാലും, പോയിട്ട് അത്യാവശ്യമൊന്നുമില്ല,

നാളത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറിയാൽ മതി അവളെ സമാധാനിപ്പിച്ച് കൊണ്ട് അയാൾ കൂടെ നിന്നു. നിമിഷങ്ങൾ കൊഴിഞ്ഞ് വീണുകൊണ്ടിരുന്നു. ആ കാത്തിരിപ്പ് പിന്നീട് മിനിട്ടുകളും കഴിഞ്ഞ് മണിക്കൂറുകളായപ്പോൾ, സിജുവിൻ്റെ മനസ്സിലും ഒരു പന്തികേട് തോന്നി തുടങ്ങി. ഇതിനിടയിൽ പല പ്രാവശ്യം ഷൈജുവിൻ്റെ ഫോണിലേക്ക് ഡയൽ ചെയ്തെങ്കിലും, നിരാശയായിരുന്നു ഫലം, അപ്പാഴും സ്വിച്ചോഫ് എന്ന മറുപടി തന്നെയായിരുന്നു. ഫ്ളൈറ്റിൽ നിന്ന് ഒന്നും കഴിച്ചില്ലല്ലോ? വിശക്കുന്നുണ്ടാവും, വരു ,നമുക്ക് ക്യാൻറീനിൽ പോയി സ്നാക്ക്സ് എന്തേലും വാങ്ങി കഴിക്കാം സിജോ, അവളോട് പറഞ്ഞു.

വേണ്ട സിജോ ,എനിക്ക് വിശപ്പും ദാഹവുമൊന്നുമില്ല, അദ്ദേഹത്തിന് എന്ത് പറ്റിയതാവും, ഓർത്തിട്ടെനിക്കൊരു സമാധാനവുമില്ല ഹേയ്, അങ്ങനെ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട, എന്തെങ്കിലും അത്യാവശ്യം വല്ലതുമുണ്ടായിക്കാണും, അല്ല ഇവിടുത്തെ ഏത് കമ്പനിയിലാണെന്നാ പറഞ്ഞത്? അതൊന്നും എന്നോട് പറഞ്ഞിട്ടില്ല, ഒരു മാസം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം ,പിറ്റേന്ന് തന്നെ ഇവിടുന്ന് വിളിച്ചിട്ട് ഉടനെ തിരിച്ചെത്തണമെന്ന് പറഞ്ഞ് ഫോൺ വന്നത് കൊണ്ട്, അദ്ദേഹമന്ന് രാത്രി തന്നെ, എന്നെ എൻ്റെ വീട്ടിൽ കൊണ്ടാക്കിയിട്ട്, ഇങ്ങോട്ട് തിരിച്ച് വന്നിരുന്നു, പിന്നെ ഞാനുമായി ഫോണിൽ മുന്നോ നാലോ പ്രാവശ്യമേ സംസാരിച്ചിട്ടുള്ളു,

പലപ്പോഴും അത്യാവശ്യം ചില കാര്യങ്ങൾ മാത്രം പറഞ്ഞ്, ഫോൺ കട്ട് ചെയ്തിരുന്നത് കൊണ്ട്, ഞങ്ങൾക്ക് വിശദമായിട്ടൊന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല, രണ്ട് ദിവസം മുമ്പാണ്, വിസയുടെ കോപ്പിയും ടിക്കറ്റും വീടിനടുത്തുള്ള ഒരു ഇൻ്റർനെറ്റ് കഫേയിലേക്ക് അയച്ചിട്ടുണ്ടെന്നും, അവിടെ ചെന്ന് പ്രിൻ്റ് ഔട്ടെടുത്ത് ഇന്നത്തെ ഫ്ളൈറ്റിൽ കയറി വരണമെന്നും പറഞ്ഞ് വിളിച്ചത് ,ഫ്ളൈറ്റ് ലാൻറ് ചെയ്യുമ്പോൾ ,അദ്ദേഹം ഇവിടെയുണ്ടാവുമെന്ന് ഉറപ്പ് പറഞ്ഞത് കൊണ്ട്, കൂടുതലായൊന്നും ഞാൻ ചോദിച്ചുമില്ല അദ്ദേഹത്തിൻ്റ വീട്ടുകാരോട് ചോദിച്ചാൽ അറിയാൻ പറ്റില്ലേ? ഇല്ല ,എന്നെ യാതയാക്കാൻ വന്നപ്പോൾ, ഒരു ഉറപ്പിന് ഞാൻ അവരോട് ചോദിച്ചിരുന്നു,

പക്ഷേ അവർക്കും ഷാർജയിലാണെന്നല്ലാതെ, കൂടുതലൊന്നുമറിയില്ലായിരുന്നു ഓഹ് അത് ശരി, അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ, ഇനിയിപ്പോൾ, അദ്ദേഹത്തെ എങ്ങനെയെങ്കിലും കണ്ട് പിടിച്ചേ മതിയാവു സാഹചര്യം കുറച്ച് റോങ്ങാണെന്നൊരു സംശയം, സിജോയുടെ മനസ്സിൽ തോന്നി തുടങ്ങി, കുറച്ച് നാളുകളായി താനും ചില ന്യൂസുകൾ കേട്ടിരുന്നു, ഇവിടെയുള്ള ചില മലയാളികളുൾപ്പെടെയുള്ള ചെറുപ്പക്കാർ, നാട്ടിൽ ചെന്ന് വിവാഹം കഴിച്ചിട്ട് ,ഉടനെ തിരിച്ചെത്തും ,എന്നിട്ട് ഭാര്യക്ക് ടിക്കറ്റും ,വിസിറ്റിങ്ങ് വിസയും അയച്ചുകൊടുത്ത്, ഇങ്ങോട്ട് തിരിച്ച് വിളിക്കും ,

പക്ഷേ അവരെ ആരും എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാൻ വരില്ല, ഹസ്ബൻ്റിനെ കാണാതെ എയർപോർട്ടിൽ അലഞ്ഞ് തിരിയുന്ന ,അന്യ രാജ്യത്ത് നിന്ന് വരുന്ന സ്ത്രീകളെ, ചില തീവ്രവാദ സംഘടനകളുടെ ഏജൻ്റുമാർ, സഹായഹസ്തവുമായി സമീപിക്കുകയും, ഭർത്താവിൻ്റെ കൂട്ടുകാരാണെന്നും, കൂട്ടിക്കൊണ്ട് പോകാൻ വന്നതാണെന്നും പറഞ്ഞ് ,അവരുടെ ഒളിത്താവളങ്ങളിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നുണ്ടെന്ന, ആ വാർത്ത സിജോയുടെ മനസ്സിൽ കിടന്ന് നീറിപ്പുകഞ്ഞു. പെങ്ങളേ.. നേരമിരുട്ടിത്തുടങ്ങി ,ഇനിയും ഇവിടെ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, നമുക്ക് തല്ക്കാലം എൻ്റെ ഫ്ളാറ്റിലേക്ക് പോകാം ,

എന്നിട്ട് ഇവിടുത്തെ എഫ് എം റേഡിയോയിൽ വിളിച്ച്, നമുക്ക് ഒരു അനൗൺസ് ചെയ്യിക്കാം, ഇത് പോലെയൊരു യുവതി, ഭർത്താവിൻ്റെ നിർദ്ദേശപ്രകാരം ഷാർജയിലെത്തിയിട്ടുണ്ടെന്നും, എൻ്റെ കൂടെ ഫ്ളാറ്റിലുണ്ടെന്നും, പറഞ്ഞ്, ഫ്ലാറ്റിൻ്റെ അഡ്രസ്സും തൻ്റെ ഡീറ്റെയിൽസും കൊടുക്കാം ,അപ്പോഴെന്തായാലും തൻ്റെ ഭർത്താവ് അത് കേട്ട്, തന്നെ കൂട്ടിക്കൊണ്ട് പോകാൻ എൻ്റെ ഫ്ളാറ്റിലേക്ക് വന്ന് കൊള്ളും ,അല്ലാതെ ഇവിടുത്തെ പോലീസിലറിയിച്ചാൽ, ചിലപ്പോൾ കുറെ ഫോർമാലിറ്റികളൊക്കെയുണ്ടാവും, അതിന് നമ്മുടെ കുറെ സമയവും പണവുമൊക്കെ ചിലവാക്കേണ്ടി വരും ഒരു പക്ഷെ,

ഈ പെൺകുട്ടിയെ തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ, ചിലപ്പോൾ പോലീസ് കസ്റ്റഡിയിൽ വെയ്ക്കുമെന്ന ആശങ്ക, സിജോയ്ക്കുണ്ടായിരുന്നു. അയാൾ പറഞ്ഞ ഉപായത്തോട് അശ്വതിക്ക് യോജിപ്പ് തോന്നിയെങ്കിലും ,എന്ത് വിശ്വസിച്ച്, ഒരു പുരുഷൻ്റെയൊപ്പം അയാളുടെ റൂമിലേക്ക് ചെല്ലുമെന്ന ചിന്ത അവളിൽ പിരിമുറുക്കമുണ്ടാക്കി. ഒരന്യപുരുഷനോടൊപ്പം, എങ്ങിനെ അയാളുടെ ഫ്ളാറ്റിലേക്ക് ചെല്ലുമെന്നായിരിക്കും, അശ്വതിയിപ്പോൾ ചിന്തിക്കുന്നത് അത് സ്വാഭാവികം ,അശ്വതിയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, പക്ഷേ ഈയൊരവസരത്തിൽ, അശ്വതി എന്നെ വിശ്വസിച്ചേ മതിയാകു, അല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നും നമ്മുടെ മുന്നിലില്ല അയാൾ നിസ്സഹായതയോടെ പറഞ്ഞപ്പോൾ, മറ്റ്മാർഗ്ഗമില്ലാതെ ബാഗുമെടുത്ത് തോളിലിട്ട് കൊണ്ട്, അശ്വതി അയാളെ അനുഗമിച്ചു.

ടാക്സിഡ്രൈവറുമായി, സിജോ മുൻസീറ്റിലിരുന്ന്, അറബിയിൽ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നത് കേട്ട്, പരിഭ്രമത്തോടെയവൾ പിന്നിലെ സീറ്റിൽ തളർച്ചയോടെയിരുന്നു. വീട്ടിലിപ്പോൾ, അച്ഛനും അമ്മയുമൊക്കെ താനിവിടെയെത്തിയിട്ട് തിരിച്ച് വിളിക്കുന്നതും പ്രതീക്ഷിച്ചിരുന്നിട്ട്, ഇത് വരെ തൻ്റെ കോള് കാണാത്തത് കൊണ്ട്, അദ്ദേഹത്തിൻ്റെ ഫോണിലേക്കും വിളിച്ചിട്ടുണ്ടാവും, അത് സ്വിച്ച് ഓഫാണെന്നറിയുമ്പോൾ, അവരാകെ ഭയന്നിട്ടുണ്ടാവും,

വെറുതെയെന്തിനാ അവരെ കൂടി തീ തീറ്റിക്കുന്നത് , അങ്ങനെ ചിന്തിച്ച് കൊണ്ട് അശ്വതി ,സിജോയുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങിയിട്ട് വീട്ടിലേക്ക് വിളിച്ചു . താനിവിടെയെത്തിയെന്നും, അദ്ദേഹവുമായി റൂമിലേക്ക് പോകുവാണെന്നും, നാളെ വിളിക്കാമെന്നും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു. തിരക്കേറിയ നിരത്തിലൂടെ ടാക്സി ഇഴഞ്ഞ് നീങ്ങുമ്പോൾ, വിശപ്പും ദാഹവും, ഒപ്പം മാനസിക സമ്മർദ്ദവും കൂടി അവളുടെ ശരീരത്തെ ആകെ തളർത്തിക്കളഞ്ഞു.

തുടരും