Monday, November 18, 2024
Novel

ജീവരാധ: ഭാഗം 3

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

തിരിഞ്ഞു നോക്കിയ ആ കാപ്പി കണ്ണുകളെ കണ്ട് അനു ഞെട്ടി… അവൾക്ക് തന്റെ കൈകാലുകൾ തളർന്നു പോകുന്നത് പോലെ തോന്നി..

ചുണ്ടുകൾ വിറച്ചു… അവൾ ജീവനെ അവിടെ പ്രതീക്ഷിച്ചത് ഇല്ലായിരുന്നു..

ഇതെ ഞെട്ടലും അമ്പരപ്പും ജീവന്റെ കണ്ണുകളിലും പ്രകടമായിരുന്നു.. അനു വല്ലാത്തൊരു അവസ്ഥയിലായിരുന്നു… ഒരാശ്രയത്തിനായി അവൾ പ്രിയയെ മുറുകെ പിടിച്ചു.

” എന്തുപറ്റി അനു… ”
പ്രിയ ചോദിച്ചു.

” എടീ നമുക്ക് പോകാം.. എനിക്ക് ചെറിയ ഒരു തലകറക്കം പോലെ… എനിക്കൊന്ന് മുഖം വാഷ് ചെയ്യണം.. നീ വാ… ”

പ്രിയയുടെ കൈയും പിടിച്ചു വേഗത്തിൽ തിരിഞ്ഞു നടക്കുന്ന അനുവിനെ ജീവൻ കണ്ണെടുക്കാതെ നോക്കിനിന്നു. അവന്റെ കണ്ണുകളിൽ അമ്പരപ്പും ദേഷ്യവും വിഷമവും ഒക്കെ പ്രകടമായിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ അവൻ കൈ കൊണ്ട് തുടച്ചു. അവൻ അവർക്ക് പുറകെ പോയി നോക്കുമ്പോഴേക്കും അവർ പോയിരുന്നു.

തിരിച്ചുള്ള യാത്രയിൽ ഒരു കോപ്പി ഷോപ്പിനു മുന്നിൽ പ്രിയ വണ്ടി നിർത്തി.

” നീ ടയേർഡ് അല്ലെ.. വാ നമ്മുക്കൊരു ഒരു കോഫി കുടിക്കാം.. നിനക്കറിയോ ടീ കുടിച്ചാൽ ഒരുമാതിരി കഞ്ചാവ് വലിക്കുന്ന പോലെയാ നല്ല എനർജി കിട്ടും.. ”

” അതിന് കഞ്ചാവ് വലിച്ചാൽ ഉള്ള ഫീൽ എന്താണെന്ന് നിനക്കറിയോ.. ”

“അതില്ല… എന്നാലും എല്ലാരും പറഞ്ഞതൊക്കെ വച്ചു നോക്കുമ്പോ.. ഹോ.. ഞാനൊരു സാഹിത്യഭാവനയിൽ പറഞ്ഞതാ ന്റെ കൊച്ചേ.. ”

അനു പൊട്ടിച്ചിരിച്ചു.

” എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല.. പ്രിയ”
കോഫി കുടിക്കുന്നതിനിടയിൽ ഒരു മങ്ങിയ ചിരിയോടെ അനു പറഞ്ഞു.
ഇതുകേട്ട് കോഫി തൊണ്ടയിൽ കുടുങ്ങി അനു ചുമച്ചു.

” ദ്രോഹീ… നീയെന്താ പറഞ്ഞത്.. അഭിനയം എന്ന ഭ്രാന്തൊക്കെ അവസാനിപ്പിച്ച് മാന്യമായി പഠിച്ചോരു ജോലിക്ക് ശ്രമിക്കുന്ന എന്നെ നീ വീണ്ടും പിരി കേറ്റി ഇവിടെ വരെ കൊണ്ടുച്ചെന്നെത്തിച്ചിട്ട്… ഇപ്പോൾ എന്തുപറ്റിയെടി… ”

” ഏയ് ഒന്നുമില്ല…ചുമ്മാടി..ഞാൻ കാരണം ആരും വേദനിക്കേണ്ട… അല്ലെങ്കിലും ഈ അവസരം എനിക്കെങ്ങനെ വേണ്ടെന്നു വയ്ക്കാൻ പറ്റുo…

മുൻകൂറായി തന്ന പണം മുഴുവൻ അമ്മയുടെ ചികിത്സക്കായി അടച്ചു കഴിഞ്ഞു.. ഇനി അടുത്ത പണം കിട്ടിയാലേ കിഡ്നി ട്രാൻസ്‌പ്ലാന്റഷന് വേണ്ടി സർജറി നടത്താനും കഴിയു..

എന്തായാലും ഇതെനിക്ക് ചെയ്യണം..
ചെയ്തേപറ്റൂ.. എന്തുണ്ടായാലും അതെനിക്കൊരു ഒരു പ്രശ്നമല്ല… ”

” അനു നീ ആകെ ഡിപ്രഷനിലാണ്… വിവാഹം മുടങ്ങിയതും… അമ്മയുടെ ചികിത്സയും ഒക്കെ നിന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന് എനിക്കറിയാം…

പക്ഷേ നീ എന്തിന് പേടിക്കണം.. എല്ലാം അതിന്റെ മുറക്ക് തന്നെ നടക്കും…”

” നടക്കും നടകണമല്ലോ”

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

” അനുമോളെ.. സമയം ഒത്തിരി വൈകിയല്ലോ ശാന്ത ഇപ്പോൾ വരും… നിങ്ങൾ ഇനി പൊയ്ക്കോളൂ മക്കളെ… ”

അമ്മയുടെ വാക്കുകളാണ് അനുവിനെ കഴിഞ്ഞുപോയ ചിന്തകളിൽനിന്നും മടക്കി കൊണ്ടുവന്നത്. അവൾ അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു യാത്ര പറഞ്ഞ് പ്രിയയോടൊപ്പം ഇറങ്ങി.

മലമുകളിൽ നിന്നുള്ള ഷൂട്ടിംഗ് തീരുന്നതുവരെ എല്ലാവരും അതിനടുത്തുള്ള ഒരു റിസോർട്ടിൽ തന്നെ റൂം എടുത്ത് ആയിരുന്നു താമസം. പ്രിയയും അനുവും ഒരു മുറിയിലയിരുന്നു. തൊട്ടടുത്ത മുറി ഡയറക്ടർ രതീഷ്ന്റെ, അതിന്റെ നേരെ ജീവന്റെ മുറി.

” ജീവൻ കള്ളുകുടിക്കും എന്ന് നിനക്ക് എങ്ങനെ അറിയാം..”
റൂമിലെത്തി ഫ്രഷ് ആയി വന്നപ്പോൾ അനു പ്രിയയോട് ചോദിച്ചു.

” നീയും ഞെട്ടി അല്ലേ…ഞാനും ഞെട്ടിയതാ കേട്ടപ്പോൾ.. അവന് ഒരു ദുശീലം പോലും ഉണ്ടെന്ന് ഞാൻ വിചാരിച്ചതല്ല..

കുറച്ചു മാസം മുന്നേ ജീവിതത്തിലെ വിലപിടിപ്പുള്ള എന്തോ ഒന്ന് നഷ്ടപ്പെട്ടപ്പോൾ തുടങ്ങിയതാണത്രേ… വല്ല തേപ്പോ മറ്റോ ആവും..

എന്നാലും ഇത്ര നല്ലൊരു ചെറുപ്പക്കാരനെ തേച്ചത് ആരാണെന്ന് എനിക്ക് മനസ്സിലാവാത്തത്…”

അനു അതിനു മറുപടിയൊന്നും പറഞ്ഞില്ല.

************************************

രാവിലെ തന്നെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരും നേരത്തെ സൈറ്റിൽ എത്തിയിരുന്നു. കഴിഞ്ഞ രാത്രിയിൽ മങ്ങി വീണ തന്റെ പ്രഭാകിരണങ്ങളെ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവന്ന് സൂര്യനും എത്തിയിരുന്നു.

സൂര്യകിരണങ്ങൾ അനുവിന്റെ മുഖത്തെ രക്തവര്ണ്ണമാക്കുന്നതും… അവളുടെ വിടർന്ന കണ്ണുകളിൽ തട്ടി തിളങ്ങുന്നതും…

അവളുടെ ചുരുണ്ട മുടി കളെ സ്വർണ്ണനിറമാക്കുന്നതും നോക്കിനിൽക്കുകയായിരുന്നു ജീവൻ.

പെട്ടന്ന് തിരിഞ്ഞപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന ജീവനെയാണ് അനു കണ്ടത്.. അവളുടെ കണ്ണുകൾ അവനിൽ തന്നെ തറഞ്ഞു നിന്നു…

താനറിയാതെ തന്റെ ഹൃദയം തുടിക്കുന്നത് അനു അറിഞ്ഞു. ജീവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അനു പെട്ടെന്ന് തന്റെ കണ്ണുകൾ പിൻവലിച്ച് അങ്ങ് ദൂരെ മല മുകളിലേക്ക് നോക്കി..

കോടമഞ്ഞ് പൂർണമായും വിട്ടുപോയിട്ടില്ല.. സൂര്യപ്രകാശത്തിൽ അവ വ്യത്യസ്തങ്ങളായ രൂപം ഉണ്ടാക്കുന്നതും അവയ്ക്കിടയിലൂടെ പക്ഷികൾ ഒത്തൊരുമയോടെ കൂട്ടമായി ദൂരേക്ക് പറന്നു പോകുന്നതും അവൾ കൗതുകത്തോടെ നോക്കി നിന്നു.

” ഒക്കെ റെഡി.. അനു റെഡി അല്ലെ… ”

” യെസ് സർ ”

” സ്റ്റാർട്ട്‌… ആക്ഷൻ… ക്യാമറ റോളിങ്ങ് ”

” ഞാനും.. ഞാനും ഒരു പെണ്ണാണ് മഹി.. എനിക്ക് മടുത്തു… എനിക്ക് വയ്യ… സഹിക്കുന്നതിനും ഒരു പരിധിയുണ്ട്…”

” തെറ്റിദ്ധാരണകൾ മാത്രമാണ് ഇന്ന് നമുക്കിടയിൽ ഉള്ളത് നിമ്മി.. പരസ്പരം തിരിച്ചറിയാനും മനസ്സിലാക്കാനും നിൽക്കാതെ വെറും ഈഗോ മാത്രം കൊണ്ട് കളിക്കുകയായിരുന്നു നമ്മൾ രണ്ടുപേരും… ഒന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ നമുക്കിടയിൽ ഉള്ളൂ…”

” ഇത് ശരിയാവില്ല മഹി… ശരീരം കൊണ്ട് ഇത്രയും അടുത്താണെങ്കിലും മനസ്സുകൊണ്ട് നമ്മൾ ബഹുദൂരം അകലെയാണുള്ളത്..

ഇനിയൊരിക്കലും നമ്മൾ തമ്മിൽ ചേരില്ല..ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെയും.”

” നഷ്ടപ്പെട്ടതോർത്ത് ദുഃഖിച്ചിട്ട് പിന്നെ ഒരു കാര്യവുമില്ല നിമ്മി… ദൈവമായിട്ട് ഒന്നിച്ചതാണ് നമ്മളെ.. ഒരു വാശി പുറത്ത് എല്ലാം അവസാനിപ്പിച്ചാൽ ചിലപ്പോൾ പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമാകണമെന്നില്ല…

നമ്മൾ തമ്മിൽ ഇപ്പോഴും പ്രണയമുണ്ടെന്ന്….. നമ്മുടെ മനസുകൾ ഇപ്പോഴും ഒന്നാകാനാണ് ആഗ്രഹിക്കുന്നതെന്ന്..

നിന്റെ കണ്ണുകളും നിന്റെ ഹൃദയമിടിപ്പും എന്നോട് പറയുന്നുണ്ട്…”

മഹി സിനിമയിലെ നായകനും നിമ്മി നായികയും…!!
യഥാർത്ഥ ജീവിതത്തിലെ ജീവനും അനുരാധയും ക്യാമറയ്ക്ക് മുന്നിൽ മഹിയും നിമ്മിയുമായി ആടിത്തിമിർക്കുകയാണെങ്കിലും അവർ പറയുന്ന ഓരോ ഡയലോഗിനും അവരുടെ കണ്ണുകൾ നിറയുന്നതും ഹൃദയമിടിപ്പ് കൂടുന്നതും ശരീരം വിറ കൊള്ളുകയും ചെയ്യുന്നത് അവർ പച്ചയായ ജീവിതത്തിലെ ജീവനും അനുവും ആയതു കൊണ്ടായിരുന്നു.

അന്നത്തെ ഷൂട്ടിങ് കഴിഞ്ഞ് സ്റ്റെപ്പുകൾ കയറി റിസോർട്ടിലെ റൂമിലേക്ക് ഒറ്റയ്ക്ക് നടക്കുകയായിരുന്നു അനു..

ഈ സമയം പുറത്ത് നിന്ന് ഡയറക്ടരോട് കിന്നരിക്കുകയാണ് പ്രിയ. വല്ലാത്ത ക്ഷീണം ഉണ്ടായതിനാൽ അനു അവളെ കാത്തുനിൽക്കാതെ റൂമിലേക്ക് നടന്നു. സ്റ്റെപ്പുകൾ കയറുന്നതിനിടയിൽ ആണ് ജീവൻ എതിരെ വരുന്നത് അനു കണ്ടത്.

സെക്കന്റ്‌ ഫ്ലോറിലേക്ക് കയറുന്ന ആ ഇടവഴിയിൽ അവർ രണ്ടുപേരും അല്ലാതെ വേറെയാരും ഉണ്ടായിരുന്നില്ല.

അവനെ ശ്രദ്ധിക്കാതെ താഴേക്ക് നോക്കി നടന്നു കയറുകയായിരുന്നു അനു. സ്റ്റെപ്പ് ഇറങ്ങിവന്ന ജീവൻ അനുവിന് കുറുകെ കൈ ചുമരിൽ വച്ച് തടഞ്ഞു നിന്നു.

” അനു… എനിക്ക് അല്പം സംസാരിക്കാനുണ്ട്..”

” എനിക്കൊന്നും സംസാരിക്കാൻ ഉള്ള ജീവൻ.. വഴി മാറു എനിക്ക് പോണം”

” മാസങ്ങളായി ഞാൻ നിന്നെ അന്വേഷിക്കാത്ത സ്ഥലമില്ല അനു… എങ്ങോട്ടാണ് യാതൊരു കാരണവുമില്ലാതെ നീ ജീവിതത്തിൽ നിന്നും ഒളിച്ചോടി പോയത്… നിനക്ക് വേണ്ടി ഞാൻ എവിടെയെല്ലാം തിരഞ്ഞെന്നോ…

എല്ലാം നിന്നോട് തുറന്നു പറയാൻ ഇരുന്നതാണ് ഞാൻ.. അപ്പോഴാണ്…”

” ഇനി ഒന്നും പറഞ്ഞിട്ടും ചെയ്തിട്ടും കാര്യമില്ല ജീവൻ എല്ലാം കഴിഞ്ഞു പോയതാണ് ഞാൻ ഇനി അതിനെ കുറിച്ച് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ല…

എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് ഞാൻ ദയവുചെയ്ത് ഇനി എന്നെ പഴയതൊന്നും ഓർമ്മ പെടുത്തരുത്…”

” നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ… ഞാൻ പറഞ്ഞില്ലേ എല്ലാം നിന്നോട് തുറന്നു പറയാൻ ഇരുന്നത് ആയിരുന്നു അപ്പോഴേക്കാണ് നിന്റെ ഈ ഒളിച്ചോട്ടം..”

” പ്ലീസ്… ഒന്നു മാറി ജീവൻ എനിക്ക് പോണം… ദയവുചെയ്ത് പഴയ കാര്യങ്ങൾ ഒന്നും ഇനി എന്നെ ഓർമ്മപ്പെടുത്തരുത്..ഈ തുറന്നു പറച്ചിൽ കൊണ്ട് ഇനി ഒരു നേട്ടവും ഇല്ലാലോ… ഇവിടെ ജീവനും അനുവുമില്ല മഹിയും നിമ്മിയുമാണ്..

സ്ക്രീനിലെ ആട്ടം കഴിയുന്നതുവരെ അതങ്ങനെ തുടരാം…. അല്ലാതെ പഴയ ജീവനും അനുവും ഇനി ഒരിക്കലും ഇല്ല…”

ഇത്രയും പറഞ്ഞവൾ അവന്റെ കൈ തട്ടിമാറ്റി അവനെ കടന്ന് പോകാൻ ശ്രെമിച്ചപ്പോൾ ജീവൻ അവളുടെ കയ്യിൽ പിടിച്ചുവലിച്ച് ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്തു.അവളുടെ ഇടംകയ്യിൽ ജീവന്റെ കൈ മുറുകി.

അവളുടെ എപ്പോഴും പിടച്ചുകൊണ്ടിരിക്കുന്ന കണ്ണുകളിലെക്ക് ഉറ്റുനോക്കി.. അവന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ താഴേക്ക് നോക്കി ഒരു നിമിഷം തറഞ്ഞു നിന്നു..

അവളുടെ നെഞ്ച് ശക്തിയിൽ ഉയരുകയും താഴുകയും ചെയ്തു… ഒരു നിമിഷം കഴിഞ്ഞ് സ്വബോധത്തിലേക്ക് വന്ന അവൾ ,ജീവൻ ശക്തമായി പിടിച്ചിരിക്കുന്ന കൈ വിടുവിപ്പിക്കാൻ ശ്രെമിച്ചു… അവൾ കൂടുതൽ ശക്തിയോടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി…

” അനു… നീ എന്തറിഞ്ഞിട്ടാണ് ഈ ദേഷ്യപ്പെടുന്നത്.. ഞാൻ പറഞ്ഞതല്ലേ നീ വിചാരിച്ചതും കരുതിയതും ഒക്കെ തെറ്റാണെന്ന്…

നമ്മൾ ഒരു മനസ്സായി ജീവിക്കേണ്ടവർ ആയിരുന്നു.. അപ്പോൾ എല്ലാം സത്യവും ആദ്യമേ നിന്നോട് തുറന്നു പറയണമായിരുന്നു..പറഞ്ഞില്ല.. അന്നെനിക്ക് സാഹചര്യങ്ങൾ കൊണ്ട് അതു പറ്റുമായിരുന്നില്ല… !!!

അതെന്റെ തെറ്റുതന്നെ സമ്മതിക്കുന്നു… എന്നാൽ തെറ്റ് തിരുത്താൻ എനിക്കൊരു അവസരം പോലും തന്നില്ല… അതിനു മുന്നേ നീ….. !!!

നിന്നെ തേടാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ലായിരുന്നു അനു.. നീയില്ലാതെ.. നിന്നെ ഒന്ന് കാണുകപോലും ചെയ്യാതെ…

ഈ മാസങ്ങൾ ഞാൻ എങ്ങനെ കഴിച്ചുകൂട്ടി എന്ന് നിനക്കറിയോ… എന്റെ ഹൃദയം വെറും പാറ പോലെ ആയിരുന്നു.. ആരോടാ എന്താ പറയേണ്ടത്.. ചെയ്തത് എന്നൊന്നും എനിക്ക് പോലും ഒരു ഊഹവും ഇല്ലായിരുന്നു…

ഒരു ഭ്രാന്തനെ പോലെയായിരുന്നു ഞാൻ… എനിക്കില്ലാത്ത ദുശീലങ്ങൾ ഒന്നും ഇല്ലായിരുന്നു ഈ കാലങ്ങളിൽ…ഞാൻ സിനിമയൊക്കെ പണ്ടേ വിട്ടിരുന്നു..

നശിച്ചിരുന്നു ഞാൻ….ആയിടക്കാണ് പുതിയ നായികയുടെ ഫോട്ടോയും കഥയുമായി രതീഷ് എന്നെ കാണാൻ എത്തുന്നത്… നിനക്ക് വേണ്ടി മാത്രമാണ് ഞാൻ ഇവിടെ എത്തിയത്… എല്ലാം.. എല്ലാം പറഞ്ഞു.. തീർക്കാൻ… എനിക്ക് നീ ഇല്ലാതെ എങ്ങനാ……. !!!!!

” അനൂ……!!!!!”
പ്രിയയുടെ വിളിയാണ് അനുവിനെ ഞെട്ടിയുണർത്തിയത്…. !!

ജീവൻ പറഞ്ഞതൊന്നും മനസ്സിലാകാതെ…. ഒന്നും വിശ്വസിക്കാനാകാതെ… ശ്വാസം പോയ അവസ്ഥയിൽ തറഞ്ഞു നിൽക്കുകയായിരുന്നു..

അനു… അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും അവന്റെ കൈ അയഞ്ഞു വരുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…

അവൻ എന്താണ് പറഞ്ഞു വരുന്നത് എന്നവൾക്ക് മനസിലായില്ല… എന്നാൽ അവൻ പറഞ്ഞത് മുഴുവൻ അവളുടെ ഹൃദയത്തെ ചുട്ടെരിക്കാൻ പാകത്തിന് ഉള്ളവയായിരുന്നു…

സ്റ്റെപ്ന് താഴെ അവരെ ഇരുവരെയും നോക്കി അന്തംവിട്ടു നിൽക്കുകയായിരുന്നു പ്രിയയും രതീഷും..പ്രിയ വിളിച്ചത് കേട്ടതും അനു ജീവനിൽ നിന്ന് ഞെട്ടിമാറി..

ഇത്രയും നേരം ചേർന്നുനിന്ന ചൂട് വിട്ടുപോകുന്നത് അവളറിഞ്ഞു..ജീവൻ കൈകൾ വിട്ടവളേ സ്വാതന്ത്രയാക്കി സ്റ്റെപ്പിറങ്ങി താഴേക്കു നടന്നു…

താഴെ തന്നെ നോക്കി നിൽക്കുന്ന പ്രിയയെയും രതീഷ്നെയും ശ്രെദ്ധിക്കാതെ അവൻ പുറത്തേക്ക് നടന്നു…

പ്രിയ അനുവിന്റെ കൈ പിടിച്ച് റൂമിലേക്ക് നടന്നു..അവളെ കട്ടിലിൽ ഇരുത്തി.. അവളുടെ കുനിഞ്ഞിരിക്കുന്ന മുഖം പൊക്കി തന്റെ നേരെയാക്കി…

അനു പെട്ടന്ന് അവളെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു…പ്രിയ ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച് മുടിയിൽ തലോടി..

കരച്ചിൽ ഒന്നടങ്ങിയപ്പോൾ പ്രിയ അനുവിനോട് ചോദിച്ചു.

” എന്താ… എന്താ നടന്നത് അനു…. !!!!
ജീവനും നീയും തമ്മിൽ…. !!! ”

അനു ഒന്നും മിണ്ടിയില്ല…

” അനു… ഇത്രയും നാളും നമ്മൾ ഫ്രണ്ട്സ് എന്നത്തിലുപരി കൂടപ്പിറപ്പുകളെ പോലെയാ കഴിഞ്ഞത്…

നമ്മൾ പരസ്പരം അറിയാത്ത രഹസ്യങ്ങൾ ഉണ്ടെന്ന് തൊന്നുന്നില്ല..എന്തും… ഏതും ഒരുമിച്ചായിരുന്നു…

ആ ബന്ധത്തെ കരുതി ചോദിക്കുവാ..നീ എന്നോടെന്തെങ്കിലും മറച്ചു വെക്കുന്നുണ്ടോ…

ജീവനെ കാണുമ്പോൾ എല്ലാം നിന്റെയും അവന്റെയും മുഖത്തെ ഭാവം ഞാൻ ശ്രെദ്ധിക്കാറുണ്ട്… നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ…”

പ്രിയ ചോദിച്ചു നിർത്തിയതും… അവൾ പൊട്ടിക്കരഞ്ഞു.

” ഞാൻ പറയാം…എല്ലാം പറയാം….ജീവനെ ഞാൻ ആദ്യമായി കാണുന്നത് അന്ന് നിന്നെ കൂട്ടി ഫ്ലാറ്റിൽ പോയപ്പോൾ അല്ല…

എനിക്ക് അവനെ മുന്നേ അറിയാം.. വെറും ഒരു പരിചയംമാത്രമല്ല ഞങ്ങൾ തമ്മിൽ… !!

ഒരു കാലത്ത് അവൻ എന്റെ എല്ലാമായിരുന്നു..എന്റെ ശ്വാസഗതി വരെ അവന്റെ നേർക്കായിരുന്നു…

എന്റെ ഹൃദയമിടിക്കുന്നത് അവനുവേണ്ടി ആയിരുന്നു…. !!! എന്നാൽ ഇന്നവൻ മറ്റൊരു പെണ്ണിന്റെ കഴുത്തിലെ താലിയുടെ അവകാശിയാണ്… !! ”

” അനൂ…!! ”

 

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2